കണക്കെടുപ്പുകൾ

കാലപുസ്തകത്തിന്റെ താ‍ളുകൾ മറിയുന്നു
ഞാനെന്തേ മടിയ്ക്കുന്നു, കണക്കൊന്നെടുക്കുവാൻ?
ഇരുളിൻ കറുപ്പേന്തും ഹൃദയങ്ങളെയ്തീടും
ശരവർഷത്തിൽപ്പോലും ചിരിയ്ക്കാൻ ശ്രമിയ്ക്കുന്നൂ?

നിഴലും പ്രകാശവും കൂടെയെപ്പൊഴും, നേരിൻ
വഴി താണ്ടീടാൻ മാത്രം തുനിഞ്ഞെന്നോർത്തീടുന്നു
എൻ നിഴൽ മറച്ചെന്നോ നിന്നെ, യെൻ വഴികളി-
ളെന്തിനായ് മുള്ളീവിധം വിതയ്ക്കാൻ ശ്രമിയ്ക്കുന്നൂ?

പാടുവാനനുവദിച്ചെന്നുമെൻ ഹൃദയത്തിൻ
താളത്തെ നിനക്കൊപ്പം പങ്കു വച്ചതു തെറ്റോ?
ഞാനോർമ്മച്ചെപ്പിന്മൂടി മുറുക്കെയടയ്ക്കുവാൻ
താമസിച്ചെന്നോ, വയ്യ വേദനയസഹ്യം താൻ!

പറയാൻ കഴിയാത്ത വേദന മഥിയ്ക്കവേ-
യറിയാതെ കൈ വിട്ട വാക്കുകൾ മറന്നീടാം
അവ വന്നിടും വഴി കണ്ടില്ലെങ്കിലും ലക്ഷ്യ-
മതുമാത്രം നീയെന്തേ പിന്നെയും കണ്ടീടുന്നു?

ഇനിയും തയ്യാറാക്കൂ കുറ്റപത്രങ്ങൾ, കൈച്ചാർ-
ത്തവയിൽ‌പ്പതിപ്പിയ്ക്കും നേരമെങ്കിലുമോർക്ക.
വഴിയിലിനിയും നാം കൂട്ടിമുട്ടിടാ, മപ്പോൾ
പറയേണ്ടതെന്തെന്നുമോതുക, മടിയ്ക്കാതെ.

കാട്ടുവാത്ത്-മേരി ഒളിവർ (Wild Goose- Mary Oliver)

 
കാട്ടുവാത്ത്-മേരി ഒളിവർ

നീ നന്മയെഴുന്നവനാകണമെന്നൊന്നുമില്ല,
പശ്ചാത്താപവിവശനായി മരുഭൂമിയിൽ നൂറോളം മൈൽ ദൂരം
നിന്റെ മുട്ടുകാലിൽ സഞ്ചരിയ്ക്കണമെന്നുമില്ല.
അനുവദിയ്ക്കുകമാത്രം ചെയ്യുക,
നിന്റെ ശരീരത്തിലു സ്നിഗ്ദ്ധമായ ആ ചൈതന്യം എന്തുചെയ്യാനിഷ്ടപ്പെടുന്നുവോ
അത് ചെയ്യാനായി മാത്രം.

നിന്റെ ഇച്ഛാഭംഗങ്ങൾ എനിയ്ക്കൊത്തു പങ്കു വയ്ക്കൂ,
ഞാൻ നിനക്കൊത്തെന്റേതും പങ്കിടാം.
ലോകം അതിന്റെ പാട്ടിനു മുന്നേറിക്കോട്ടെ
സൂര്യനും, സ്ഫടികസദൃശമായ മഴത്തുള്ളികളും,
പുൽമേടുകളും, മരക്കൂട്ടങ്ങളും,
പർവ്വതപ്രദേശങ്ങളും, പുഴകളും
പ്രകൃതിദൃശ്യങ്ങളിൽ ഉടനീളമൊഴുകട്ടെ!
ഇതിനിടയിലൊരു കാട്ടുവാത്ത്
സ്വച്ഛനീലിമയാർന്ന ആകാശത്തിന്നുയരങ്ങളിലൂടെ
കൂടണയാൻ പറന്നോട്ടെ!

നീ ആരോ ആകട്ടെ,
എത്രയോ ഏകാകിയാവട്ടെ,
ലോകം മുഴുവനായിത്തന്നെ നിന്റെ സങ്കൽ‌പ്പത്തിനു പാത്രമാകവെ
ഒരു കാട്ടുവാത്തിനെപ്പോലെ
പരുഷമായി, ആവേശപൂർവ്വം നിന്നെ വിളിയ്ക്കുകയാണ്
അചേതനങ്ങൾക്കിടയിലെ നിന്റെ സ്ഥാനത്തെ
വിളംബരം ചെയ്തുകൊണ്ട്.

 

 

“WILD GEESE”
by Mary Oliver

“Tell me about your despair, yours, and I will tell you mine…”

 

You do not have to be good.
You do not have to walk on your knees
For a hundred miles through the desert, repenting.
You only have to let the soft animal of your body
love what it loves.
Tell me about your despair, yours, and I will tell you mine.
Meanwhile the world goes on.
Meanwhile the sun and the clear pebbles of the rain
are moving across the landscapes,
over the prairies and the deep trees,
the mountains and the rivers.
Meanwhile the wild geese, high in the clean blue air,
are heading home again.
Whoever you are, no matter how lonely,
the world offers itself to your imagination,
calls to you like the wild geese, harsh and exciting —
over and over announcing your place
in the family of things.

ഞാനൊരു പുസ്തകം തുറന്നു….I opened a book (Julia Donaldson)

 

 

 

For my Book-lover Friends …

My attempt of malayalam translation
I opened a book
(Julia Donaldson)

ഞാനൊരു പുസ്തകം തുറന്നു….
(ജൂലിയ ഡൊണാൾഡ്സൺ)
((മലയാളം പരിഭാഷ-ജ്യോതിർമയി ശങ്കരൻ)

ഇനിയാർക്കുമൊന്നെന്നെക്കണ്ടെത്താൻ കഴിയില്ല-
യൊരുപുസ്തകം തുറന്നുള്ളിലാണ്ടിടുന്നു ഞാൻ
എന്നിരിപ്പിടം, ഗേഹ, മെൻ വീഥി, നഗരവു-
മെന്റെ ലോകത്തെത്തന്നെപ്പുറകോട്ടാക്കീടുന്നു.

മേലങ്കിയണിഞ്ഞങ്കത്തട്ടിൽത്തെന്നിവീണല്ലോ
ആവോളം നുകർന്നല്ലോ മാസ്മരമാമൌഷധം
വ്യാളികൾക്കൊപ്പം യുദ്ധം ചെയ്തു ഞാൻ, ഭുജിച്ചല്ലോ
രാജാവിന്നൊപ്പം, കടൽത്തട്ടിനെപ്പുണർന്നല്ലോ.

തുറന്നോരപ്പുസ്തകം കൂട്ടുകാരെത്തന്നല്ലോ
സുഖ-ദുഃഖങ്ങളവർക്കൊത്തു പങ്കു വച്ചല്ലോ
അവർ തൻ വഴിത്താര തന്നിലെക്കുണ്ടും കുന്നും
വളവും താണ്ടിസ്സൌഖ്യമണഞ്ഞീടും നാൾ വരെ.

തീർത്തു ഞാനിപ്പുസ്തകം, പുറത്തെത്തി, യിപ്പോഴോ
തീർത്തുമേയൊളിപ്പിയ്ക്കാനവില്ലാ മേലങ്കിയാൽ
എന്നിരിപ്പിടം, ഗേഹമെല്ലാമിന്നതുപോലെ-
ത്തന്നെ,യെന്നാലോയുള്ളിലുണ്ടല്ലോയിപ്പുസ്തകം.

“I opened a book and in I strode.
Now nobody can find me.
I’ve left my chair, my house, my road,
My town and my world behind me.
I’m wearing the cloak, I’ve slipped on the ring,
I’ve swallowed the magic potion.
I’ve fought with a dragon, dined with a king
And dived in a bottomless ocean.
I opened a book and made some friends.
I shared their tears and laughter
And followed their road with its bumps and bends
To the happily ever after.
I finished my book and out I came.
The cloak can no longer hide me.
My chair and my house are just the same,
But I have a book inside me.”
– Julia Donaldson

ശരശയ്യ

ഒരു വര വരച്ചിടൂ, കൂട്ടിനായെത്തിടും

പലരിവിടെ, പലവിധ നിറങ്ങളെ ക്കാട്ടുവാൻ,

ചിതറിടും വാക്കിനാൽ ചിത്രം വരയ്ക്കുവാൻ,

കഥകൾ കേൾപ്പിയ്ക്കാൻ, കവിതയൊഴുക്കുവാൻ.

 

മടിയരുത്  ഹൃദയം തുറക്കാൻ, മടുപ്പിനു

വിട പറയാനും, തുടക്കങ്ങളെപ്പൊഴും

പതിയെയായാലും തുടക്കങ്ങ,ളപ്പുഴു-

പ്പിറവി ശലഭത്തിനനിവാര്യമെന്നപോൽ.

 

വരകൾ പലതിതുവിധമെനിയ്ക്കു ചുറ്റും, വന്നു

നിറയുന്നു,വെൻ നെടുവീർപ്പും കരച്ചിലും,

കുതറിയോടും സ്വപ്നജാലവും,  ബന്ധങ്ങ-

ളറിയാതെ തീർക്കുന്ന ബന്ധനവും,, കഥ-

യറിയാതെയോതുന്ന ജൽപ്പനവും, മൃദു-

കരലാളനങ്ങളും, സ്വാന്തനവും, സ്നേഹ-

മൊഴുകുന്ന വാക്കും, മനസ്സിൽ നിറയുന്ന

ചെറിയൊരാശങ്ക, ഭയം, ഭീതി, ഭക്തിയും

ഹൃദയത്തുടിപ്പും , ദയയും, കരുണയു-

മപമാനവും, വെറുപ്പിൻ കറുപ്പോലുന്ന

കളികളും ഹാ! മൂടിടുന്നെന്നെ,യദൃശ്യമാം

വിരുതു തെളിയു,ന്നിതോ ജീവിതമോർക്കുകിൽ!

 

 

,

 

 

ഗതകാലത്തിലേയ്ക്കൊരു നീന്തൽ

പകൽ യാത്ര ചൊല്ലിടാനൊരുങ്ങുന്നേരത്തെന്റെ

പഴയ വീടോർമ്മയിൽ വന്നതെന്തിനാണാവോ?

അരികെ സ്ഫടികത്തിൻ സമമായ് ജലം നിറ-

ഞ്ഞൊരു നൽക്കുളമുള്ളതെങ്ങനെ മറക്കുവാൻ?

 

 

പതിവായ് കുളിയ്ക്കുന്ന കുളവും, പടവുക-

ളിറങ്ങിച്ചെല്ലും നേരമെന്റെ പാദങ്ങൾക്കെന്നും

കുളിരിൽ‌പ്പൊതിഞ്ഞീടുമിക്കിളി നൽകീടുന്ന

ജലവും , പരിഭ്രമിച്ചങ്ങുമിങ്ങുമായ് നീന്തീ-

ട്ടുടനെയുടൽ വെട്ടിച്ചാഴത്തെസ്പർശിച്ചിട്ട-

ങ്ങുയർന്നു നീന്തീടുന്ന ചെറുമത്സ്യക്കൂട്ടവും

 

മനസ്സിൽച്ചിത്രം പോലെ നിറമാർന്നിരിയ്ക്കുന്നൂ.

 

അടക്കം പറഞ്ഞെത്തും കുളിയ്ക്കാനായെന്നുടെ

കളിക്കൂട്ടുകാർ, കളം കലക്കും വിധം നീന്തി-

ത്തുടിയ്ക്കേയുയരുന്ന ശബ്ദവീചികൾ, മനം

തുറക്കേ  പങ്കിട്ടൊരു രഹസ്യങ്ങളൊക്കെയും

എനിയ്ക്കു കേൾക്കാനാകുന്നിന്നുമേ നിറഞ്ഞൊരീ

കുളത്തിൻ വക്കത്തെത്തിയൊന്നു കാതോർക്കും നേരം.

 

മനസ്സു തുടിയ്ക്കുന്നു, കണ്ണുകൾ നിറയുന്നു

മുഖങ്ങൾ തിരനോട്ടം നടത്താൻ തുനിയുന്നു

ജലത്തിൽ പ്രതിഫലിച്ചീടുന്നൂ നിറച്ചാർത്തെൻ

കനക്കും ഹൃദയത്തിൽ നിഴൽ നൃത്തം ചെയ്യുന്നു

വിളിയ്ക്കുന്നുവോ  എന്നെയാരോ , ഞാൻ ഭയക്കുന്നു

പിടിച്ചോ മതിഭ്രമം, കാലത്തിൻ സമ്മാനമായ്  ?

 

 

മതചിന്തകൾ

 

ഉടലിനും വേണ്ട മതം
ഉടയോനും വേണ്ട മതം
കടലിലെ തിരകള്‍ കരയെത്തേടുമ്പോലെ
മനസ്സിലെ ചിന്തകള്‍ ഈശ്വരിനലിയുമ്പോള്‍
അറിയാതെവിടെയോ ചിതറിവീണ മുത്തുകളെ
പലരായി പലവിധത്തില്‍ പെറുക്കിക്കൂട്ടി
മതമെന്നൊരോമനപ്പേരുമിട്ടു
ഈശ്വരിനലിയാനുള്ള വഴിതേടിയപ്പോള്‍
അടിയുണ്ടാക്കാനാളുണ്ടായതും
തടയാന്‍ വന്നവന്റെ തടികേടായതും
ഉടലിനും ഉടയോനും വേണ്ടാത്ത മതത്തിന്നാണെങ്കില്‍
ഉടയോന്‍ തന്നെ തന്ന ഉടല്‍
ഉടലെന്നും തേടുന്ന ഉടയോന്‍
രണ്ടും ഒന്നു തന്നെ
പിന്നെന്തിനായ് ഉടലിനൊരു മതം?
ഉടയോന്‍ തന്നെ മതം.

പൂവേ…പൂവേ..

പൂവേ…പൂവേ…

പുലർകാലത്തിൽ മഞ്ഞു തുള്ളികളേന്തിക്കൊണ്ടു

വിരിഞ്ഞു ചിരിതൂകും പനിനീർപ്പൂവെന്നോടായ്

ഒരു സുപ്രഭാതത്തിൻ സന്ദേശമറിയിയ്ക്കേ

മനമെന്തിനോ പൂവായ് വിടരാൻ കൊതി പൂണ്ടു.

പറക്കും ശലഭത്തിൻ വരവിൻ പ്രതീക്ഷകൾ

കനക്കേ, സമ്മാനമായ് നൽകിടാൻ കൈക്കുമ്പിളിൽ

നിറച്ചു പരാഗരേണുക്കളും വഹിച്ചു നീ

നിനയ്ക്കുന്നാരേ, കാറ്റിൽ‌പ്പടർത്തീ സുഗന്ധവും.

എനിയ്ക്കു തരിയ്ക്കില്ലെൻ കൈകളൊട്ടിറുത്തു നിൻ

കനത്ത പ്രതീക്ഷ്യ്ക്കു മങ്ങലേൽ‌പ്പിയ്ക്കാനെന്നാൽ

ശരിയ്ക്കും ഭയമുള്ളിൽ തോന്നുന്നു ,കുസൃതികൾ

ഇറുത്തീടുമോ നിന്നെ, വിടർത്തീടുമോയിതൾ?

കൊതിയ്ക്കുന്നൂ നിൻ മുഖം കണ്ടിടാനെന്നാകിലും

എനിയ്ക്കാവില്ലോതിടാം നിൻ രക്ഷയെന്നും കാക്കാൻ

മറച്ചീടാമോ നിന്റെ സൌന്ദര്യമൊന്നെൻ പൂവേ

ശരിയ്ക്കും ഭയാനകമീലോകം, മനുഷ്യനും.

ഖലിൽ ജിബ്രൻ

 

ജിജ്ഞാസയോ?
ഓ..അത് ജ്ഞാനത്തിന്റെ ആരംഭമാണ്.

“സത്യം കണ്ടെത്തി എന്നു പറയല്ലേ..
പകരം പറയാം…
ഞാൻ ഒരു സത്യം കണ്ടെത്തി “എന്ന്.

“സ്വാതന്ത്ര്യമില്ലാത്ത ജീവിതമുണ്ടല്ലോ
ജീവനില്ലാത്ത ശരീരം പോലെയാണത്.”

“എന്തൊക്ക്യാ കുട്ടീ ഈ പറേണതൊക്കെ?“
“അയ്യോ…ഞാൻ പറഞ്ഞതൊന്നുമല്ല , ഇതൊക്കെ.”
“”പിന്നെ? പിന്നാരു പറഞ്ഞതാ…?”

“ആഹഹ…അറിയാൻ ജിജ്ഞാസയുണ്ടല്ലേ? , പറയാം.
ഖലീൽ ജിബ്രൻ”
“അതാരാ.. ന്നിനി ചോദിയ്ക്കല്ലേ“
നിന്റെ ഹൃദയത്തെ നിന്റെ ജീവിതത്തിലെ
ദൈനന്ദിനമായ അത്ഭുതസംഭവങ്ങളിൽ നിന്നും
മാറ്റി നിർത്താൻ നിനക്കാവുമെങ്കിൽ,
]നിന്റെ വേദന നിന്റെ സന്തോഷത്തേക്കാളൊട്ടും
തന്നെ വിഭ്രമക്കുറവുള്ളതായിതോന്നുകയില്ല“

എന്നു പറഞ്ഞവൻ തന്നെ.

ഇനിയും ജിജ്ഞാസയോ?

ജിജ്ഞാസു

ഒരു ജിജ്ഞാസു വസിച്ചീടുന്നോയെന്നുള്ളിലും

ഇനിയും വിടാത്തൊരു കൌമാരക്കാലത്തെപ്പോൽ

വിടരുന്നോ കൌതുകം,  കാലത്തിൻ കണക്കുക-

ളിനിയും പരിശോധിച്ചീടുവാനെല്ലായ്പ്പോഴും.

 

കൊഴിഞ്ഞങ്ങനെ പോയ കാലത്തിൻ വഴികളി-

ലെഴുതപ്പെട്ടോ ശരി, തെറ്റിന്റെ വഴികളെ

യറിയാതെ ഞാൻ സ്വന്തമാക്കിയോ പലപ്പോഴു-

മിനിയും തിരുത്തുവാൻ ബാക്കിയുണ്ടായിടുമോ?

 

 

തെറ്റിനെശ്ശരിയാക്കാൻ തെറ്റെന്തെന്നറിയേണ്ടേ?

ശരികൾ ശരിയെന്നതാരു നിർണ്ണയം ചെയ്യും?
നാളത്തെക്കഥയെന്തിന്നറിയാൻ കൊതിയ്ക്കുന്നു ,

നാളെകൾ മാറ്റത്തിനു മാത്രമായ് വന്നീടവേ?

 

ഇന്നിനെപ്പേടിയ്ക്കാനും പേടിയിലലിയാനു-

മൊന്നു ഞാൻ പഠിയ്ക്കവേ, ശങ്കകളുണരുന്നു

എൻ വഴി ഞാൻ തേടണമെങ്കിലുമെൻ ചുറ്റുമായ്

വന്നിടും പ്രതിബന്ധമൊക്കെ നേരിടാനാമോ?

 

മനസ്സിൽ വടംവലി മുറുകേ വീണ്ടും മോഹ-

മറിയാനീ യാത്ര തൻ പൊരുളും ലക്ഷ്യങ്ങളും

അറിയില്ലറിയില്ല, യീവഴിത്താരയ്ക്കങ്ങേ-

ത്തലയ്ക്കലെനിയ്ക്കെന്തു കാത്തിരിയ്ക്കുന്നെന്നതും.

 

മനസ്സിൽ നിറയുമീ ജിജ്ഞാസ മാത്രം മതീ-

ദിനത്തിന്നൂർജ്ജത്തിനായ്, മുന്നോട്ടു നയിയ്ക്കുവാൻ

ദിനങ്ങൾ കുതിയ്ക്കുന്നു, ലക്ഷ്യങ്ങൾ ദൂരേ നിന്നു

കൊതിപ്പിയ്ക്കുന്നൂ വീണ്ടുമെന്നിലെ ക്കൌമാരത്തെ.

 

 

 

 

 

 

 

 

സ്മൃതിഗാനം

അകലത്തങ്ങു മറഞ്ഞൊരു  നേരം

മനമിന്നൊരു കടലായ് മാറി

അക്കടലിൻ തിരകൾക്കൊപ്പം

ഒരു ഗാനം പാടുന്നൂ ഞാൻ

വ്രണിതം , വ്യഥനിറയുന്നേറ്റം

വിരഹാർദ്രം മാമകചിത്തം!

 

അലതല്ലും തിരകളെനിയ്ക്കായ്-

പ്പലതാളമൊരുക്കാൻ നോക്കീ

വരിയൊക്കെ മറന്നൂ പാടാൻ

ഇനിയാവില്ലെന്നുമറിഞ്ഞൂ

 

അറിയാതെയടുക്കാനാകാ-

മകലാൻ പണിയെന്നതറിഞ്ഞു.

 

പല ചിന്തകളെത്തി കുരുക്കാൻ

വലനെയ്തോ ചുറ്റിനുമായി?

കര തേടുവതിന്നു തുടിയ്ക്കും

കടൽ ഭീഷണികേട്ടു മടുത്തോ?

വിടപറയും നേരമറിഞ്ഞൂ

 

ചുമരില്ലിനി, ചിത്രത്തിന്നായ്

ഇനി വയ്യൊരു വട്ടം വീണ്ടും

കരയാനായില്ല കരുത്തും.

 

പതറുന്ന മനസ്സേ , പാഠം

പലതുണ്ടു പഠിയ്ക്കാനായി

ശരിയല്ലിതു തെറ്റുകളാർക്കും

വരുമെന്നതുമോർക്കുകയെന്നും.

പഴി ചാരുകയല്ലെന്നാലും

പല പരിഭവമുണ്ടു മനസ്സിൽ

സമയത്തൊരു മുന്നറിയിപ്പും

തരുവാൻ നീ വന്നില്ലല്ലോ?

 

കരയുന്ന മനസ്സേ മൌനം

തുടരുന്നിതു ശരിയല്ലല്ലോ

ഇനിയെന്നെപ്രതി നീ വീണ്ടും

കുരിശൊട്ടു ചുമന്നീടേണ്ടാ

 

ഇനിയില്ലൊരു മോഹമെനിക്കെൻ

പ്രണയം വിടപറയും നേരം

മമജീവിതമിന്നു നിനയ്ക്കിൽ

സ്മൃതിഗാനം മാത്രം, ശൂന്യം.