മേഷാദി
മേഷാദിയെത്തും നേരമാഹ്ലാദം നിറയുന്നു
വേഷങ്ങളണിഞ്ഞിടൂ ,യാത്രയ്ക്കു സമയമായ്
നല്ലൊരു തുടക്കമതെന്തിന്നും കരണീയ-
മെന്നല്ലോ പണ്ടുള്ളവർ പഠിപ്പിച്ചു തന്നതും.
വിഷവമടുത്തീടിൽ വിഷു വന്നെത്തീടുന്നു
കണി – സദ്യകൾക്കു നാമൊരുക്കം കൂട്ടീടുന്നു
കണികാണണം, നല്ല തുടക്കമറിയുന്നു
അതിനായ് വേണ്ടുന്നവയൊന്നൊന്നായ്ത്തേടീടുന്നു
അറിയൂ വിഷു പിറന്നാളല്ലോ ജഗത്തിനും
കണിയായ്ക്കിട്ടീ പഞ്ചഭൂതങ്ങളറിഞ്ഞിടൂ
ഇന്ദ്രിയങ്ങളഞ്ചിന്റെ സൃഷ്ടിയ്ക്കും ഭോഗത്തിനു-
മൊന്നു കാരണമവ തന്നെ പഞ്ചഭൂതങ്ങൾ!
തുടക്കം മുതലേ നാം പ്രകൃതിയ്ക്കേകീ നന്ദി
കലർപ്പില്ലാതെയെന്നുമമ്മ പോൽ രക്ഷിപ്പവൾ
നിറഞ്ഞ സമൃദ്ധിയ്ക്കായ്, വന്നിടും നാളിന്നായും
മനസ്സിൽ പ്രാർത്ഥിയ്ക്കാനായ് വിഷുവന്നെത്തീടുന്നു
വിഷുവാ വിശ്വാസത്തിൻ, നന്ദി തൻ നാളാണല്ലോ
അറിവിൻ, നിറവിന്റെ സത്യമൊന്നതിനൊപ്പം
അറിയാത്തവയ്ക്കുള്ള ഭയത്തെക്കളയുന്നു
വരുമാ നാളിൻ ശുഭവിശ്വാസങ്ങളാലാവാം.
ചാരുത നിറഞ്ഞിടും കണിയോർമ്മകൾ തരും
മാനസം നിറയെ സൽച്ചിന്തകൾ വിരിയിയ്ക്കും
ഭദ്രദീപത്തിൽ തിളങ്ങീടുന്ന [...]