Home –  ചിത്രം വിചിത്രം
Category Archives: ചിത്രം വിചിത്രം

ചിത്രം വിചിത്രം-2 (ജെ.കെ. റോളിംഗ്)

ലോകമെമ്പാടുമുള്ള ഹാരിപോട്ടർ ഫാൻസിനേറെ സുപരിചിതമായ ഒരു നാമധേയം. ജോ എന്ന പേരിൽ വിളിയ്ക്കപ്പെടുന്ന ജോവന്ന എന്ന ഈ കഥാകാരി തുറന്നു തന്ന മാസ്മരിക ലോകം കുട്ടികൾക്കൊപ്പം വലിയവർക്കും പ്രിയംകരമായി മാറിയപ്പോൾ ഇവരുടെ നാമധേയം ഫോർബസ് ബുക്കിൽ ലോകത്തെ ഏറ്റവും പണക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുകയായിരുന്നു. ശരിയ്ക്കും പറഞ്ഞാൽ വിശ്വസിയ്ക്കാനാകാത്ത ഒരു ‘റാഗ്സ് ടു റിച്ചസ് ‘ കഥ തന്നെയായി മാറി ഇവരുടെ ജീവിതം.

 

ജെ.കെ റോളിംഗ് എന്ന പേരിൽ എഴുതുന്ന ഇവർ ഒരു സ്ത്രീയാണെന്നറിഞ്ഞതു തന്നെ പിന്നീടാണ്. ഒരു പക്ഷേ ഒരു സ്ത്രീ എഴുതിയതാണെന്നറിഞ്ഞാൽ പലരും അതു വായിയ്ക്കാൻ തന്നെ തയ്യാറായില്ലെങ്കിലോ എന്ന ഭയമായിരുന്നു ഇങ്ങനെ ഒരു തൂലികാനാമം സ്വീകരിയ്ക്കാൻ അവരെ പ്രേരിപ്പിച്ചത്. ഹാരിപോട്ടർ പരമ്പരയിലെ 7 പുസ്തകങ്ങൾ അവരുടെ ജീവിതത്തെത്തന്നെ മാറ്റി മറിയ്ക്കാൻ തക്കവണ്ണം ലോക ശ്രദ്ധ നേടിയപ്പോൾ ഒരു പക്ഷേ അവരെടുത്ത തീരുമാനം നല്ലതായെന്നു തന്നെയാണ് തോന്നിയത്.

 

ഹാരി പോട്ടർ സീരീസ്സിലെ 7 പുസ്തകങ്ങളും ഞാൻ പലവട്ടം വായിച്ചവയാണ്. പലതും കിട്ടാനായി ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ട്. അച്ചടി പുസ്തകം ലഭ്യമാകുന്നതിനു മുൻപെ തന്നെ ഇ-ബുക്ക് ആയും വായിച്ചിട്ടുണ്ട്. ഇനിയും എത്ര പ്രാവശ്യം വായിച്ചാലും എനിയ്ക്കു മടുപ്പു വരുകയുമില്ല. ഞാൻ മാത്രമല്ല, എല്ലാ ഹാരിപോട്ടർ പുസ്തകപ്രേമികളും പറഞ്ഞേയ്ക്കാവുന്ന വാക്കുകൾ തന്നെയാണിവ. എന്താണീ പുസ്തകങ്ങൾ ഇത്രയും ഹൃദ്യമായിത്തീരാൻ കാരണം? ഈ ഏഴു പുസ്തകങ്ങളും അത്യധികം ആകർഷകമായ സിനിമകളായി മാറാനും എന്താവും കാരണം? എത്രയോ മാന്ത്രിക നോവലുകൾ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും ഒരിയ്ക്കലും കിട്ടാനാവാത്ത ഈ വായന ജെ.കെ. റോളിംഗിന്റെ എഴുത്തിന്റെ സവിശേഷതയെത്തന്നെയല്ലേ ചൂണ്ടിക്കാണിയ്ക്കുന്നത്?

 

ഹാരിപോട്ടർ സീരിസുകളിലൂടെ ഇവർ ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങൾക്കുമുന്നിൽ തുറന്ന മാന്ത്രിക ലോകം കുഞ്ഞുങ്ങൾക്കൊപ്പം തന്നെ വലിയവരേയും ആകർഷിച്ചുവെന്നതാണ് സത്യം. മനുഷ്യ മനസ്സുകളിൽ ഉറങ്ങിക്കിടക്കുന്ന സാക്ഷാത്കരിയ്ക്കാനാക്കത്ത സ്വപ്നങ്ങളാണിവിടെ ഇവരുടെ പേനയിലൂടെ നമുക്കു മുന്നിലായെത്തുന്നത്. ഹാരി പോട്ടറും സുഹൃത്തുക്കളുമായി സ്വയം മാറാൻ കൊതിച്ച നമ്മളിലെ കുഞ്ഞ് മനസ്സുകളിൽ വേണ്ടത്ര നിറപ്പകിട്ടോടെ മാന്ത്രിക ലോകം വരച്ചിടാനും ഇവർക്കു കഴിഞ്ഞു. ഹാരി പോട്ടർ കഥയുടെ കഥാതന്തു ഇവരുടെ മനസ്സിൽ പൊട്ടി മുളച്ചതും വളരെ ആകസ്മികമയിട്ടായിരുന്നു. ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ മനസ്സിലുദിച്ച ഹാരിയെന്ന മന്ത്രവാദ വിദ്യാർത്ഥിയായ കഥാപാത്രത്തിനെ ചുറ്റിപ്പറ്റി അവർ നെയ്തെടുത്ത അത്ഭുതലോകം ഇത്രമാത്രം വായനക്കാർക്ക് ഹൃദ്യമയിത്തീരുമെന്ന് അവർ ഒരിയ്ക്കൽ‌പ്പോലും ചിന്തിച്ചുകാണില്ല, തീർച്ച.

 

6 വയസ്സുമുതൽ ജോ എഴുത്തു തുടങ്ങിയിരുന്നു. മുയലിനെപ്പറ്റിയെഴുതിയ ആദ്യകഥ കൊച്ചുകുട്ടികളുടെ ഭാവനയിൽ നിറങ്ങൾ പകർത്തുന്നവിധം ഹൃദ്യമായിരുന്നു. മാന്ത്രികകഥകൾ എഴുതാനും അനുജത്തിയുമായി അവ പങ്കു വയ്ക്കാനും കുട്ടിക്കാലം മുതലേ ജോവിനു കൌതുകമുണ്ടായിരുന്നു.പിന്നീട് വായനയുടെ ലോകം മുന്നിലെത്തിയപ്പോൾ പല എഴുത്തുകാരും ഇവർക്കു പ്രിയപ്പെട്ടവരായി മാറി. ചുറ്റുപാടും നടക്കുന്ന സംഭവവികാസങ്ങളും ആൾക്കാരും അവരുടെ മനസ്സിൽ കഥയും കഥാ പാത്രങ്ങളുമായി രൂപം പ്രാപിയ്ക്കാൻ തുടങ്ങി. മനസ്സിൽ കഥകളെഴുതി വച്ചെങ്കിലും അവയെ കടലസ്സിൽ പകർത്താൻ കാലതാമസം വന്നിരുന്നു. സ്വന്തം ജീവിതത്തിലെ പല അനുഭവങ്ങളും എഴുത്തിനെ തീക്ഷ്ണമാക്കുന്നതിനു ഇവർക്കു സഹായകമായി. അച്ചനമ്മമാർ നഷ്ടപ്പെട്ട ഹാരി പോട്ടറുടെ മനോ നില സ്വന്തം അമ്മയുടെ അകാല മരണത്തിൽ ദു:ഖിതയായ റോളിംഗിനു വളരെ കൃത്യമായി പകർത്താനായത് അതു കൊണ്ടു തന്നെയാകാം. ഇവരുടെ ഭാവനയുടെ മിഴിവ് കഥയിലുടനീളം പ്രതിഫലിയ്ക്കുന്നു.

 

ഹാരി പോട്ടർ പുസ്തകങ്ങൾ ഒട്ടനവധി വിവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. മന്ത്രവാദം ആഭിചാരം തുടങ്ങി പല ചീത്ത ആചാരങ്ങളേയും ഈ പുസ്തകങ്ങൾ പ്രോത്സാഹിപ്പിയ്ക്കുന്നുവെന്ന ആരോപണം പല മത വിഭാഗക്കരിൽ നിന്നും ഉയർന്നിരുന്നു. അതേ പോലെ തന്നെ ഈ പുസ്തകത്തിനെ വർഗ്ഗീയപരവും രാഷ്ട്രീയപരവുമായ പല നിലപാടുകളും ചൂണ്ടിക്കാട്ടി അധിക്ഷേപിയ്ക്കാനും പലരും മുതിർന്നിരുന്നു. സാമൂഹിക ജീവിതത്തിന്റെ പല തുടിപ്പുകളും കണ്ടെയ്ക്കാമെങ്കിലും ശരിയ്ക്കും ആസ്വദിയ്ക്കാനാകുന്ന ഒരു മാന്ത്രിക നോവൽ മാത്രമാണിതെന്ന അംഗീകാരം ഇതിന്നു ലഭിച്ച വായനക്കാരുടെ എണ്ണം തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ? പിന്നീടിവയെല്ലാം തന്നെ ചലച്ചിത്രങ്ങളായി നമുക്കു മുന്നിലെത്തിയപ്പോഴും ആസ്വാദകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. എന്തു തന്നെയായാലും പുസ്തകമെഴുത്തിലൂടെ ഇത്രയധികം ധനം സമ്പാദിച്ച മറ്റ് എഴുത്തുകാർ കുറവായിരിയ്ക്കും. വളരെ ചെറിയ പ്രായത്തിൽ തന്നെ കഥയെഴുതനുള്ള വാസന ഇവരിൽ പ്രകടമായിരുന്നെങ്കിലും അത് പിന്നീട് ഇത്രയും വലിയൊരു സിദ്ധിയായി മാറുമെന്നാരും കരുതിക്കാണില്ല. മാത്രമല്ല, ജീവിയ്ക്കുന്നതിനായി സോഷ്യൽ സെക്യൂരിറ്റിയെ ആശ്രയിച്ചിരുന്ന ഒരു എഴുത്തുകാരി വെറും അഞ്ചു വർഷം കൊണ്ട് ഫോർബസ് മാസികയിലെ ഏറ്റവും ധനികരുടെ ലിസ്റ്റിൽ കടന്നു കൂടിയെന്നത് തികച്ചും വിസ്മയകരമായ ഒരു കാര്യം തന്നെയാണല്ലോ? അവരുടെ കഥകളിൽ നിറഞ്ഞു നിൽക്കുന്ന മായാജാലങ്ങൾ ജീവിതത്തിലും പ്രകടമായ മാറ്റങ്ങൾ വരുത്തിത്തീർത്തുവോ എന്നു നമുക്കു സംശയം തോന്നിപ്പോകുന്നവിധം ഉള്ള വളർച്ചയായിരുന്നു ഇവരുടേത്.

 

സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾക്കെതിരെ പോരാടുന്നതിനായി ഇവർ പല ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായ പങ്കാളിയാണ്. മൾട്ടിപ്പിൾ സ്ക്ലെളോരിസ് പിടിപെട്ടു മരിച്ച തന്റെ അമ്മയുടെ ഓർമ്മയ്ക്കായി ഇതിനുള്ള പല റിസർച്ച് പ്രോജക്റ്റുകൾക്കും സഹായത്തിന്നയിവർ മുങ്കൈ എടുക്കുന്നുണ്ട്. ഹാരിപോട്ടർ കഥകൾ നിലനിൽക്കുന്നിടത്തോളം ഇവരും ഓർമ്മിയ്ക്കപ്പെടാതിരിയ്ക്കില്ല. ജെ കെ റോളിംഗ് എന്ന കഥകാരി അത്രമാത്രം മിഴിവാർന്ന കഥയും കഥാപാത്രങ്ങളുമാണല്ലോ നമുക്കു സമ്മാനിച്ചിട്ടുള്ളത്. ഇനിയുമിനിയും വായിയ്ക്കാനുള്ള ദാഹം മനസ്സിൽ നിലനിർത്താനുതകുന്നവിധത്തിൽ തന്നെ.

ചിത്രം വിചിത്രം-1(എനിഡ് ബ്ലിട്ടൺ)

ചിലപ്പോൾ സത്യത്തിന്റെ മുഖം നമുക്ക് അരോചകമായി മാറുന്നു. മനസ്സിൽ വരച്ചിടപ്പെട്ട ചിത്രങ്ങളെ മാറ്റി വരയ്ക്കേണ്ടിവരുമ്പോൾ അറിയാത്തൊരു വിഷമം നമ്മെ സ്വാധീനിയ്ക്കുന്നു. മിന്നുന്നതെല്ലാം പൊന്നല്ലെന്ന് പഴമക്കാർ നമുക്ക് പറഞ്ഞു തന്നിട്ടുണ്ടെങ്കിലും. പുറം ലോകത്തിന്റെ പകിട്ടിൽ പലപ്പോഴും മൂടപ്പെടുന്ന സത്യങ്ങൾ ജീവിത യാഥാർത്ഥ്യങ്ങൾ തന്നെ. ഒരു കുട്ടിയുടെ കണ്ണിലൂടെ കാണുന്ന അത്ഭുതങ്ങൾ നിറഞ്ഞ അതേ ലോകത്തെ വ്യത്യസ്തമായ രീതിയിലാണല്ലോ മുതിർന്നവർ കാണുന്നത്. പലപ്പോഴും ഈ കണ്ടെത്തലുകൾക്കായുള്ള വിളംബം നമ്മെ അമ്പരപ്പുകളിലേയ്ക്ക് നയിയ്ക്കുന്നുവെന്നു മാത്രം.

ലോകമെമ്പാടുമുള്ള കുട്ടികൾക്ക് പ്രിയംകരമായ 800ൽ അധികം പുസ്തകങ്ങളെഴുതിയ എനിഡ് ബ്ലിട്ടൻ എന്ന എഴുത്തുകാരിയുടെ യഥാർത്ഥ നിറം കഴിഞ്ഞ ദിവസം വായിയ്ക്കാനിടയായപ്പോൾ സത്യത്തിൽ ദു:ഖമാണ് തോന്നിയത്. ദി ഫേമസ് ഫൈവ്,അഡ്വെഞ്ചർ സീരീസ്,സീക്രട്ട് സെവൻ, നോഡി ബുക്കുകൾ,സീക്രട്ട് സീരീസ്, ഫാമിലി സീരീസ്, സർക്കസ് സീരീസ്, മിസ്റ്ററി സീരീസ്, വിഷിങ് ചെയർ സീരീസ്…….എന്നിങ്ങനെ അവരുടെ എത്രയെത്ര പുസ്തകങ്ങൾ ലോകമെമ്പാടുമുള്ള ബാലഹൃദയങ്ങളിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു. എന്റെ കുട്ടികൾ ചെറുതായിരുന്നപ്പോൾ അവർക്കു  വായിയ്ക്കാനായുള്ള പുസ്തകങ്ങൾ തിരയുമ്പോഴാണ് ആദ്യമായി ഞാൻ എനിഡ് ബ്ലിട്ടൺ പുസ്തകങ്ങൾ കാണാനിടയായത്. അവരുടെ പുസ്തകങ്ങൾ ഓരോന്നും വായിയ്ക്കുംതോറും ഞാനും കുട്ടികൾക്കൊപ്പം അവരുടെ ആരാധികയായി മാറി. ഞാൻ കുട്ടികൾക്കായി വാങ്ങിയവയും അവർക്കു പലരിൽ നിന്നും സമ്മാനമായി കിട്ടിയതുമായ ഒട്ടനവധി എനിഡ് ബ്ലിട്ടൺ ബുക്കുകൾ ഇന്നും എന്റെ പുസ്തക അലമാരയിൽ കാണാം. സത്യത്തിൽ  ഈ കഥാകാരിയെക്കുറിച്ചെനിയ്ക്കു അസൂയപോലും തോന്നിയിരുന്നെന്നു പറയാം. കഴിഞ്ഞ ദിവസത്തിൽ ഒരു ബന്ധുവിന്റെ കുട്ടിയുടെ ജന്മദിനത്തിൽ ഞാൻ സമ്മാനിച്ചത് ചോക്കളെറ്റിനൊപ്പം വിഷിംഗ് ചെയർ സീരീസിന്റെ പൂർണ്ണമായ സെറ്റ് ആയിരുന്നു.അവരുടെ എല്ലാ കൃതികളും കണക്കിലെടുക്കുകയാണെങ്കിൽ 10900 ചെറുകഥകളും കവിതകളും നാടകങ്ങളുമായുണ്ടെങ്കിലും പലവയും ആവർത്തനങ്ങളായതിനാൽ  7500 ആയേ കണക്കാക്കപ്പെടുന്നുള്ളൂ. അതു തന്നെ അവിശ്വസനീയമായ ഒരു  നേട്ടമാണല്ലോ?

ഇംഗ്ലീഷ് കഥാപുസ്തകങ്ങൾ വായിയ്ക്കുന്നവരെല്ലാം തന്നെ ഇവരുടെ ഏതെങ്കിലുമൊക്കെ കഥകൾ വായിയ്ക്കാതിരുന്നിട്ടുണ്ടാവില്ല.നിഷക്കളങ്കത നിറഞ്ഞു നിൽക്കുന്ന  കുട്ടിക്കാലത്തിന്റെ മാസ്മരികത, കുടുംബബന്ധങ്ങളുടെ ഊഷ്മളത,  സാഹസികത, കെട്ടുകഥകൾക്ക് വർണ്ണം പകരുന്ന വിധത്തിലായ് വിവരിച്ചിരിയ്ക്കുന്ന കഥാ പശ്ചാത്തലം എന്നിവയാൽ വായിച്ചവരുടെയെല്ലാം മനസ്സിനെ കവർന്നെടുക്കുവാൻ ഇവരുടെ കഥകൾക്കു കഴിഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളെ മനസ്സിലേറ്റാനും അവയുമായി താദാത്മ്യം പ്രാപിയ്ക്കാനും വലിയവർ പോലും മോഹിച്ചുപോകും വിധം അവയ്ക്കു മിഴിവേകാനുള്ള ഇവരുടെ കഴിവ് പ്രത്യേകം ശ്രദ്ധേയം തന്നെ. ചുമതലകളും വിഷമങ്ങളും ദു:ഖവുമില്ലാത്ത സാഹസികതയും ഉത്സാഹവും കൌതുകവും  നിറഞ്ഞ ആഹ്ലാദഭരിതമായ കുട്ടിക്കാലത്തിന്റെ മാധുര്യം ഓരോ കഥകളിലും നിറഞ്ഞു നിൽക്കുന്നത് കാണാം.

എന്താണിവരെചുറ്റിപ്പറ്റിയുള്ള വിവാദം എന്ന് നോക്കാം.1897 മുതൽ 1968 വരെയാണിവരുടെ ജീവിതകാലം. നല്ലൊരു പിയാനിസ്റ്റും അദ്ധ്യാപികയുമായിരുന്നു ഇവർ. ഇവരെ അഗാധമായി സ്നേഹിച്ചിരുന്ന പബ്ലിഷറായ  ആദ്യ ഭർത്താവായ ഹ്യൂഗ് തന്നെയാണ് എഴുത്തിന്റെ ലോകത്തേയ്ക്ക് അവരെ കൊണ്ടു വന്നത്. എന്നാൽ പത്തൊൻപത് വർഷത്തെ വിവാഹജീവിതത്തിന് ശേഷം അത് വിവാഹമോചനത്തിലേയ്ക്കെത്തി. അവഗണയും മറ്റു പലരുമായുൾല ബന്ധങ്ങളും അതിനു കാരണമായി. വിവാഹമോചനശേഷവും അവർ അദ്ദേഹത്തെ വെറുതെ വിട്ടില്ല. പ്രതികാരമെണ്ണോണം തന്റെ അകഥകളിലൂടെ അദ്ദേഹത്തെ അവർ കളിയാക്കിയിരുന്നു. പബ്ലിഷിംഗ് രംഗത്ത് അദ്ദേഹത്തിന് ജോലിയും സ്ഥിരതയും കിട്ടാതിരിയ്ക്കാനായി കരുക്കൾ നീക്കിയിരുന്നു. അവരുടെ രണ്ടുപെണ്മക്കളെ കാണാൻ പോലും അനുവദിച്ചിരുന്നില്ല. പെണ്മക്കളിൽ മൂത്തവളോട് കൂടുതൽ ഇഷ്ടവും ഇവർ പ്രകടിപ്പിച്ചിരുന്നു. മനസ്സുകൊണ്ടൊരു കുട്ടിയെന്നവിധമുള്ള പ്രവർത്തികളിൽ മുഴുകിയിരുന്ന ഇവർ കുട്ടികളെ ഇഷ്ടപ്പെട്ടിരുന്നില്ല താനും. കഥകളിൽ എഴുതിയിരുന്നതിനു നേരെ വിപരീതമെന്നോണം കുട്ടികൾ ശബ്ദമുണ്ടാക്കുന്നതിനെപ്പോലും ഇവർ പരാതിപ്പെട്ടിരുന്നു. ഹൃദയ ശൂന്യയായ അമ്മയെന്നാണ് മകൾ പോലും വിധിയെഴുതിയത്. ഇതൊക്കെ കൂടാതെ കുട്ടികളുടെ ആയയുമായി വേഴ്ച്ച, ലെസ്ബിയനിസം, നഗ്നയായി ടെന്നീസ് കളിയ്ക്കൽ തുടങ്ങി  ആരോപണങ്ങൾ ഉയർന്നു വന്നപ്പോൾ അതു വരെ സമൂഹത്തിലും കുഞ്ഞു മനസ്സുകളിലും അവരെക്കുറിച്ചുണ്ടായ പഴയ രൂപത്തിന് മാറ്റം സംഭവിയ്ക്കാതിരുന്നെങ്കിലേ അത്ഭുതമുള്ളൂ. ബി ബി സി യുടെ ഇവരെക്കുറിച്ചുള്ള ആത്മ കഥാംശം നിറഞ്ഞ പരിപാടിയിലൂടെയാണ് ഇതിനേക്കുറിച്ചെല്ലാം ലോകം കൂടുതലായറിയാൻ ഇടയായത്.

കുട്ടികളുടെ മനസ്സിൽ ഇത്രയേറെ സന്തോഷം വിടർത്താൻ കഴിഞ്ഞിരുന്ന ആ അമ്മയ്ക്ക് സ്വന്തം മക്കളെ സ്നേഹിയ്ക്കാനായില്ല. സ്വാർത്ഥതയും വഞ്ചനയും  പ്രതികാരദാഹവും തന്നിഷ്ടവും അവരെ കീഴടക്കി.എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്?എനിഡിന് 12 വയസ്സുള്ളപ്പോൾ അച്ഛൻ  അമ്മയെ ഉപേക്ഷിച്ചത് അവളുടെ മാനസികമായ വളർച്ചയെ ബാധിച്ചിരിയ്ക്കാമെന്നും മനസ്സു കൊണ്ട് ഒരു സന്തോഷപൂർണ്ണമായ സങ്കൽപ്പ ലോകം തീർത്ത് അതിനുള്ളിൽ സ്വയം ഒതുങ്ങിക്കൂടാൻ അവൾ ശ്രമിച്ചതുമായിരിയ്ക്കാമെന്നാണ് കണ്ടെത്തൽ. ഒർ പക്ഷേ അത് ശരിയായിരിയ്ക്കാം,സ്വന്തം മക്കളെ മക്കളായിക്കാണാൻ പോലും കഴിയാതെ, സ്നേഹസമ്പന്നനായ ഭർത്താവിനെ അവഗണിച്ചും  ഉപദ്രവിച്ചും സ്വന്തം ഇഷ്ടത്തിന്നൊന്നൊത്തു കഴിയുമ്പോൾ മനസ്സിലെ പഴയ വ്രണങ്ങളുടെ വേദനയെ അവൾ മറക്കാൻ ശ്രമിച്ചിരുന്നിരിയ്ക്കണം.

ഇതൊക്കെയാണെങ്കിലും ഒന്നു തീർച്ച, ഈ അപവാദങ്ങളൊന്നും തന്നെ അവരുടെ പുസ്തകങ്ങളെ ബാധിയ്ക്കില്ല. അതെല്ലാം ചിന്തിയ്ക്കാൻ കഴിയുന്ന മുതിർന്നവരുടെ തലവേദന മാത്രമായിരിയ്ക്കും. ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങൾക്കവരുടെ പുസ്തകങ്ങൾ എന്നും പ്രിയപ്പെട്ടതായിത്തന്നെതുടരും. കാരണം ആ ഭാവനാലോകത്തിൽ വിഹരിയ്ക്കാൻ ആരാണ് കൊതിയ്ക്കാതിരിയ്ക്കുക? പ്ലം കേക്കും ,ജിഞ്ജർ ബീറും, ബണ്ണും, ജെല്ലിയും , പുഡ്ഡിംഗ്സുമൊക്കെ നിറഞ്ഞ വൈകിയ രാത്രികളിലെ പാർട്ടികളും സാഹസികത നിറഞ്ഞ പിക്നിക്കുകളും വർണ്ണനകളും നമ്മുടെ മനസ്സിലും വരയ്ക്കുന്ന ചിത്രങ്ങളുടെ വർണ്ണാഭ നമ്മെയും സന്തോഷഭരിതരാക്കുന്നുവെന്നതൊരു സത്യം തന്നെയാണല്ലോ?

(Published in www.koottam.com)