Home –  Yathravivaranangal
Category Archives: Yathravivaranangal

മുംബൈ പൾസ്-40

ഒന്നു നാട്ടിൽ‌പ്പോയാൽ ഇങ്ങു തിരിച്ചെത്താൻ മനസ്സെന്തേ കൊതിയ്ക്കുന്നത് എന്നു തോന്നാറുണ്ട്. ഇത്രയ്ക്കും ആകർഷണം സൃഷ്ടിയ്ക്കാൻ നഗരത്തിനു  കഴിയുന്നതെന്തു കൊണ്ടാകാം, അറിയില്ല. പക്ഷേ വിട്ടു നിന്നാൽ തിരിച്ചെത്തി നഗരത്തുടിപ്പിലലിയുന്നതു വരെ ഒരു നഷ്ടബോധം  വിടാതെ പിന്തുടരുന്നു. ഒരു പക്ഷേ ഈ നഗരിയുമായി  അറിയാതെ തന്നെ പറയാനാകാത്ത എന്തോ ഒരടുപ്പം ഉടലെടുക്കുന്നതിനാലാണോ? നഗരത്തിന്റെ തിരക്കിലൂടെയുള്ള ഓട്ടത്തിൽ സ്വന്തം ജീവിതത്തെ കൂട്ടിയിണക്കുമ്പോൾ കിട്ടുന്ന ഉൾപ്പുളകം ഇത്രയക്കധികമാകാൻ കാരണം അതിജീവനത്തിന്നയുള്ള തൃഷ്ണ തന്നെയോ? അതോ നാട്ടിലെത്തിയാൽ മനസ്സിൽ വേരുറയ്ക്കുന്ന നഷ്ടബോധത്തിന്റെ ചിന്തകളെ പിഴുതെറിയാനായി ബോധപൂർവ്വം നടത്തുന്ന ഒരു ഒളിച്ചോട്ടമോ? എന്തായലും എന്റെ നഗരമേ, നീയെന്നെ വല്ലാതെ വ്യാമോഹിപ്പിച്ചുകൊണ്ട് നിന്നിലേയ്ക്കു തന്നെ വലിച്ചടുപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നത് ഞാനറിയുന്നു.

പ്രവാസി മനസ്സിൽ കുളിരു പകരാനെന്നോണം അവിടേയുമിവിടെയുമായി കാണാനാകുന്ന പച്ച വിരിച്ച നെൽ‌പ്പാടങ്ങൾ , പള്ളിപ്പെരുനാളുകളും വേലകളും കൊണ്ട് ശബ്ദമുഖരിതമായ  നാട്ടിൻ പുറങ്ങൾ, സുഖ ശീതളമായ കാലാവസ്ഥ. മനസ്സുകൊണ്ട് നാടിനെ കൂടുതൽക്കൂടുതൽ ഇഷ്ടപ്പെട്ടു പോകുന്ന സമയം തന്നെ. പക്ഷേ ബേവറെജ് ഷോപ്പുകൾക്കു മുന്നിൽ സന്ധ്യാസമയങ്ങളിൽ കാണാവുന്ന നീണ്ട ക്യൂ മനസ്സിൽ അസ്വസ്ഥത തന്നെയാണ് സൃഷ്ടിയ്ക്കുന്നത്. പലപ്പോഴും ചിന്തിയ്ക്കാറുണ്ട്, സമ്പൂർണ്ണ സാക്ഷരതയുടെ അഭിനന്ദനങ്ങളേറ്റു വാങ്ങിയ കൊച്ചു കേരളത്തിന് ഇങ്ങിനെയും ഒരു വിധി വരാനെന്താകും കാരണമെന്ന്. പ്രവാസിയുടെ മനസ്സിൽ വരച്ചിടപ്പെട്ട വർണ്ണചിത്രങ്ങൾക്കു മേൽ പടർന്നു കയറുന്ന കറുത്ത മഷി കണ്ട് നാട് ഒരു വേദനയായി ഉള്ളിൽ അള്ളിപ്പിടിയ്ക്കുന്ന ചിന്താവേളകൾ നമുക്കുണ്ടാകാനിവ കാരണമാകുന്നു. ഒപ്പം തിരിച്ചു വന്ന് നഗരത്തിന്റെ മിടിപ്പേറ്റു വാങ്ങാനായി തിടുക്കവുമേറുന്നു. ഒരു തരം തൃശങ്കു സ്വർഗ്ഗത്തിൽ‌പ്പെട്ടവരുടെ അവസ്ഥയിലല്ലേ നമ്മളിപ്പോഴെന്നു തോന്നിപ്പോകുകയാണ്. ഒരേ സമയത്തു തന്നെ സ്വന്തം നാടും ഈ നഗരിയും നമുക്കു പ്രിയമേറിയതായി മാറുന്നുവെന്നതാണ് സത്യം.

നഗരവിശേഷങ്ങളിൽ അദ്നാൻ പത്രാവാലയുടെ കൊലപാതകത്തിന്റെ വിധി എല്ലാവരേയും ഞെട്ടിയ്ക്കുന്നവിധത്തിലുള്ളതു തന്നെയെന്നതിൽ സംശയമില്ല..നാലര വർഷം മുൻപ് അദ്നാനെ കഴുത്തു ഞെരിച്ചു കൊന്ന കുറ്റമാരോപിച്ചു അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന നാലുപേരേയും കോടതി തക്ക തെളിവുകളുടെ കുറവിനാൽ വെറുതെ വിട്ടപ്പോൾ  നീതിന്യായത്തിലെ വിശ്വാസം തന്നെ നഷ്ട്പ്പെട്ട പ്രതീതിയായിരുന്നു നഗരവാസികൾക്കെല്ലാം തന്നെ. നിയമത്തിന്റെ പഴുതുകൾ കണ്ടെത്തി രക്ഷപ്പെടാൻ കുറ്റവാളികൾക്കു സാധിച്ചപ്പോൾ  പത്രാവാലാകുടുംബത്തിനൊപ്പം നമുക്കും രോഷം തോന്നിപ്പോകുന്നു. കുറ്റാന്വേഷണത്തിൽ സ്കോട്ട്ലാൻഡ് യാർഡിനു കിടപിടിയ്ക്കുമെന്നഹങ്കരിയ്ക്കുന്ന മുംബൈ പോലീസിന്റെ കുറ്റാന്വേഷണത്തിലെ അനാസ്ഥ തന്നെയല്ലേ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരമുണ്ടാക്കിക്കൊടുത്തത്?

നഗരത്തിലെ ഓട്ടോറിക്ഷകളിലെല്ലാം ഫിബ്രവരി പകുതിയോടെ ഇ-മീറ്റർ നിർബന്ധമാക്കുമെന്ന വാർത്ത ഏറെ ആശ്വാസകരം തന്നെ. ഒരിയ്ക്കലെങ്കിലും ഓട്ടോറിക്ഷക്കാരുടെ തട്ടിപ്പുകൾക്കിരയാകാത്തവർ നഗരത്തിലുണ്ടാകില്ല. എന്തായാലും ഓട്ടോറിക്ഷകൾ പതിവായി ഉപയോഗിയ്ക്കുന്നവർ ദീർഘശ്വാസം വിടുന്നുണ്ടാകും, ഇനിയെങ്കിലും ഓട്ടോറിക്ഷക്കാരുമായി അടിപിടി കൂടേണ്ടി വരില്ലല്ലോ എന്നോർത്ത്.നഗരത്തിലെ ഒരു ലക്ഷത്തിലധികം ഓട്ടോ റിക്ഷകളിൽ ഈ സംവിധാനം നടപ്പിലാക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിയ്ക്കുന്നതിന്നായി അൽപ്പം കാലതാമസമെടുത്തെന്നു വരാമെന്നു മാത്രം. മുബെ മഹാനഗരത്തിൽ ഈ സംവിധാനം എത്രയോ മുൻപു തന്നെ വരേണ്ടതായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ കേരളത്തിലും എത്തിച്ചേരാൻ പോകുന്നുവെന്ന വാർത്ത നമുക്കെല്ലാം വളരെയേറെ സന്തോഷം തരുന്ന ഒന്നു തന്നെ. ഒരൽ‌പ്പം നീണ്ടൊരു വെക്കേഷനിൽ നാട്ടിൽ‌പ്പോകുമ്പോൾ പ്രഭാതത്തിലെ ടൈംസ് പേപ്പർ വായന മുടങ്ങുന്നത് നമുക്കെന്നും വിഷമം തോന്നിപ്പിയ്ക്കാറുണ്ടല്ലോ? ഇപ്പോഴിതാ ടൈംസും മാതൃഭൂമിയു കൈ കോർത്തു പിടിച്ച് വിലയിൽ ഇളവോടു കൂടിയ വായനാസുഖം നമുക്കായൊരുക്കുന്നു. കൂടിയ സാക്ഷരതാനിരക്കും കുറഞ്ഞ ജനപ്പെരുപ്പ നിരക്കും ഉണ്ടായിട്ടു കൂടി തെക്കേ ഇന്ത്യയിൽ മറ്റു പലസ്ഥലങ്ങളിലും സ്ഥാനമുറപ്പിച്ച ടൈംസിന് കേരളത്തിലെത്താൻ ഇത്രയും കാലം എടുക്കേണ്ടി വന്നതെന്തു കൊണ്ടാണാവോ? എന്തായാലുംകേരളത്തിലെ 10 പ്രമുഖ സിറ്റികളിൽ ഈ പേപ്പർ ലഭ്യമാകുമെന്നതിൽ നമുക്കു സന്തോഷിയ്ക്കാം. നമ്മുടെ നാട്ടിലെ വെക്കേഷനുകൾ കൂടുതൽ ഹൃദ്യമാക്കാൻ ഇതിനു കഴിഞ്ഞെന്നും വരാം.

നഗരത്തിലെ കുട്ടികളിലും മാതാപിതാക്കളിലും ദിനം പ്രതി ടെൻഷൻ കൂട്ടിക്കൊണ്ട് പരീക്ഷാക്കാലങ്ങൾ വന്നണയുകയായല്ലോ. ഒരു പക്ഷേ മാതാപിതാക്കളായിരിയ്ക്കും ഇവിടെ കുട്ടികളേക്കാൾ കൂടുതൽ ആകംക്ഷാഭരിതരായി മാറുകയെന്നു തോന്നുന്നു. ഈ വർഷം ഫെബ്രുവ രി 21ന് എച്ഛ് എസ് സിയുടേയും  മാർച് ഒന്നിന് എസ് എസ് സിയുടേയും പരീക്ഷകൾ തുടങ്ങുകയാണ്. വിദ്യാഭ്യാസ കാലഘട്ടത്തിലെ ഈ കടമ്പ ഏറ്റവും ഉയർന്ന മാർക്കോടെ കടക്കാനായുള്ള ശ്രമങ്ങളുടെ അവസാന ഘട്ടം സ്വാഭാവികമയും ടെൻഷൻ നിറഞ്ഞതായി മാറാതിരിയ്ക്കില്ല. മറ്റു മഹാനഗരികളായ ഡെൽഹി, കൊൽക്കത്ത, ചെന്നൈ, ബാംഗളൂർ എന്നിവിടങ്ങളിലേക്കാൾ കമ്മേഴ്സ്യൽ ക്യാപിറ്റലായ മുംബൈ നഗരിയിലെ വിദ്യാർത്ഥികൾ കൂടുതൽ  ടെൻഷൻ ഉള്ളവരാണെന്നാണ് ഈയിടെ നടത്തിയ സർവ്വേയിൽ കണ്ടെത്താനായത്.അവസാന തയ്യാറെടുപ്പുകളിൽ മുഴുകിയിരിയ്ക്കുന്ന ഈ കുട്ടികളുടെയും മാതാപിതാക്കളുടെയും ടെൻഷൻ മുംബെയുടെ പൾസിനെ ക്രമാതീതമായി ഉയർത്തുന്നു. അവരുടെ ചുണ്ടുകളിലെ പ്രാർത്ഥനകൾ നമുക്കും ഏറ്റുവാങ്ങാം. ആശംസകൾ നേരാം.

ബൃഹദ് മുംബൈ മുനിസിപ്പൽ കോർപ്പററേഷന്റെ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥിലിസ്റ്റിന്റെ അവസാന ഘട്ടം  നഗരത്തിലുടനീളം ചലനങ്ങൾ സൃഷ്ടിയ്ക്കുന്നുണ്ട്.സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിലെ  പ്രശ്നങ്ങൾ പാർട്ടികൾക്കുള്ളിൽ വിടവുകൾ സൃഷ്ടിയ്ക്കുന്നുവോ? ആരു ഭരണത്തിൽ വന്നാലും സാധാരണക്കാരനായ മുംബൈറ്റിയ്ക്കൊരു പ്രാർത്ഥന മാത്രം. മുടങ്ങാത്ത ശുദ്ധമായ കുടിവെള്ളവും ആരോഗ്യപരിപാലനവും  വിദ്യാഭ്യാസ സൌകര്യങ്ങളുമെങ്കിലും തരാൻ ഇവർക്കു കഴിഞ്ഞെങ്കിൽ എന്ന്. നഗരത്തെ സൌന്ദര്യവൽക്കരിയ്ക്കുകയോ ജീവിതനിലവാരം കൂട്ടുകയോ ചെയ്യണമെന്ന മോഹത്തിലധികം പൊട്ടിത്തകർന്ന പൈപ്പുകൾക്കിടയിലൂടെ വന്നെത്തുന്ന കുടിവെള്ളത്തിൽ അഴുക്കുജലം കലരാതിരിയ്ക്കാൻ മുൻസിപ്പാലിറ്റി ശ്രദ്ധിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനെ. മറ്റു പല ലോകരാഷ്ട്രങ്ങളിലേതു പോലെ വൃത്തിയും ഭഗിയുമേറിയ റോഡുകളും പരിസരങ്ങളും  മുംബൈ നഗരിയ്ക്കൊരിയ്ക്കലും സ്വപ്നം കാണാൻ പോലുമാകില്ലെന്ന് തോന്നാറുണ്ട്. മാലിന്യങ്ങൾ കൂടിക്കിടന്നു ഈച്ചയാർക്കുന്ന വഴിയോരക്കാഴ്ച്ചകൾ നമുക്കെന്നും കണ്ടുകൊണ്ടേയിരിയ്ക്കാം.ഇവിടെ പുതിയ നേതാക്കൾ വന്നും പൊയ്ക്കൊണ്ടിരിയ്ക്കുമെങ്കിലും മുംബൈനഗരത്തിന്റെ പ്രശ്നങ്ങൾ  പഴയതു പോലെ തന്നെ തുടർന്നു കൊണ്ടെയിരിയ്ക്കും എന്നും നമുക്കറിയാവുന്നത് തന്നെ.

മനസ്സിന് അൽ‌പ്പം സന്തോഷം തരുന്ന കേരളത്തെക്കുറിച്ചുള്ള വാർത്തയിൽ ജന്മമെടുക്കുന്ന കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും നല്ല സ്ഥലമായി കേരളത്തിനെയും ഗോവയേയും ചൂണ്ടിക്കാട്ടിയിരിയ്ക്കുന്നു. ശിശു മരണ നിരക്കിന്റെ കുറവാണിതിനു കാരണം. (ഇൻഫന്റ് മോർട്ടാലിറ്റി റേറ്റ്) . ജനിയ്ക്കുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മാത്രമാവില്ല മറ്റുപല സംസ്ഥാനങ്ങളിലും ശിശു മരണനിരക്ക് കൂടുന്നതിനുള്ള കാരണമെന്നും നമുക്കറിയാവുന്നതാണ്.  ആൺകുഞ്ഞിനായുള്ള അദമ്യ മായ മോഹം വരുത്തി വയ്ക്കുന്ന ക്രൂരകൃത്യങ്ങളും കേരളത്തിൽ കുറവു തന്നെ.

നഗരത്തിൽ പകലിന് ചൂടു കൂടിത്തുടങ്ങിയിരിയ്ക്കുന്നു. തണുപ്പുകാലം വിട പറയാൻ തയ്യാറായി നിൽക്കുന്നു. വേനൽ  ഇങ്ങെത്താറായി.ദൈനം ദിന ജീവിതത്തിന്റെ പ്രശ്നങ്ങളിൽ മാത്രം കണ്ണും നട്ടിരിയ്ക്കുന്ന മുംബൈറ്റി കാലത്തിന്റെ ഒഴുക്കിനെപ്പോലും കാണുന്നില്ലെന്നുണ്ടോ? അതോ നഗരത്തിന്റെ ഒഴുക്കിനൊത്തുള്ള കുതിപ്പിൽ സ്വന്തം ചലനത്തെപ്പോലും മറക്കാൻ പഠിയ്ക്കുകയാണോ? കടന്നുപോയ വഴികളെ ഒന്നു പിന്തിരിഞ്ഞു നോക്കുമ്പോൾ കാലത്തിന്റെ ഒഴുക്കിന്റെ ശക്തിയെക്കുറിച്ചോർത്തു അത്ഭുതം തോന്നിപ്പോകും. ഇവിടെ നഗരത്തിന്റെ ഭാഗമായി ഒഴുകുന്നതിലെ സുഖം മറ്റെവിടെയും കിട്ടില്ലെന്ന സത്യവും നമുക്കറിയാനാകുന്നു. പ്രിയപ്പെട്ട നഗരമേ, ആരേയും ഒരേപോലെ യാതൊരുവിധ വ്യത്യാസവും കൂടാതെ സ്വീകരിയ്ക്കാനുള്ള നിന്റെ കഴിവു തന്നെയാണ് ഞങ്ങളെ നിന്നിലേയ്ക്കാകർഷിയ്ക്കുന്നത്. നന്ദി, ഐ ലവ് യൂ മുംബൈ…

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

റിപ്പബ്ലിക് ദിനാശംസകൾ… മുംബൈ പൾസ്-39

എത്ര വേഗമാണു സമയം കടന്നു പോകുന്നത് എന്നു തോന്നിപ്പോകുകയാണു. നവവത്സരം എത്തിയതിന്റെ ആഘോഷധ്വനി അവസാനിച്ചതേയുള്ളൂ, ഇത എത്തിക്കഴിഞ്ഞല്ലോ റിപ്പബ്ലിക് ദിനം. രാജ്യത്തിന്റെ അറുപത്തി മൂന്നാമത്തെ റിപ്പബ്ലിക് ദിനം. ലൈവ് ടെലെകാസ്റ്റ്  ടെലിവിഷനിലൂടെ കാണുമ്പോൾ മനസ്സുകൊണ്ട് പലപ്പോഴും അഭിമാനം തോന്നാറുണ്ട്.രാഷ്ട്രീയപരമായ പല അഭിപ്രായവ്യത്യാസങ്ങളും മറന്ന് നാടിനെക്കുറിച്ചഭിമാനം കൊള്ളാനായുള്ള ഒരു ദിനം.എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ1

കഴിഞ്ഞ ദിവ്സം മുംബൈ നഗരിയിൽ മുംബൈ കവികളെക്കുറിച്ച് ഒരു ചർച്ച നടന്നു. മുംബൈ കവിതകളിലെ നെല്ലും പതിരും അവലോകനം ചെയ്യലായിരുന്നു ചർച്ചാവിഷയം. വിശിഷ്ടതിഥിയായി മലയാൾ സിനിമാ ഗാന രംഗത്തെ അറിയപ്പെടുന്ന രചയിതാവ് ശ്രീ ചുനക്കര രാമൻ കുട്ടി ആയിരുന്നുവെന്നത്  ചർച്ചയ്ക്കു ആകർഷണമേകി. എങ്കിലും ഒരു വർക്കിംഗ് ഡേയിൽ ഇത്തരം പരിപാടികൾ വരുമ്പോൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിക്കിടക്കന്ന കവിതാപ്രേമികളിൽ സന്തോഷം കുറയാൻ കാരണമാകുന്നു. വൈകിയെത്താനും വരാതിരിയ്ക്കാനും  സാധ്യതകൾ കൂടുന്നു.

കാവ്യ വിഷയത്തിലും ആവിഷ്ക്കാരരീതിയിലും മികച്ചു നിൽക്കുന്ന കവിതകൾക്ക് ആസ്വാദനതലത്തിൽ മുൻനിരയിലെത്താനാകുന്നു.പാരമ്പര്യവഴികളിൽ നിന്നുള്ള വ്യതിയാനവും ആനുകാലികവും സാമൂഹികപ്രസക്തവുമായ വിഷയങ്ങളും പ്രതിപാദ്യവിഷയമായി മാറിക്കൊണ്ടിരിയ്ക്കുന്നു. നീട്ടിച്ചൊല്ലാനാകുന്ന താളവൃത്ത നിബന്ധമായ കവിത പിൻ നിരയിലേയ്ക്ക് നീങ്ങിക്കൊണ്ടെയിരിയ്ക്കുന്നു. സാഹിത്യം പൊതുവേയും കവിത പ്രത്യേകിച്ചും   കാലത്തിന്റെ സ്പന്ദനത്തിന്റെ ശബ്ദം തന്നെയാണല്ലോ?  കാലത്തിന്റെ മാറ്റം അപ്പോൾ കവിതയിലും പ്രതിഫലിയ്ക്കാതിരിയ്ക്കുന്നതെങ്ങിനെ? കവിതാസ്വാദകരിൽ എന്നും പഴമയെ കൈവിടാനുള്ള മടിയും പുതിയതിനെ  സശയം കലർന്ന ദൃഷ്ടിയോടേ വീക്ഷിയ്ക്കലും കണ്ടു വരുന്നു. ഇതു തന്നെയല്ലേ മനുഷ്യജീവിതത്തിലും നടക്കുന്നത്? കാലത്തിനൊത്തു മാറാതിരിയ്ക്കാനാകുന്നുമില്ല, പാരമ്പര്യങ്ങളെ പാടെ മറക്കാൻ മടിയും. എന്തായാലും കവിതാചർച്ചയിൽ പങ്കെടുക്കാനായി പല വിധത്തിലും ബുദ്ധിമുട്ടുകൾ സഹിച്ചു തന്നെ എത്തിക്കൂടിയവർ നഗരത്തിന്റെ തിക്കിലും തിരക്കിലും നാം കൂടെക്കൂട്ടുന്ന  സാഹിത്യപ്രേമത്തെ എടുത്തു കാട്ടാനുതകി. നല്ലൊരു കവിതാസയാഹ്നവും വിശിഷ്ടാതിഥിയായ ശ്രീ ചുനക്കര രാമൻ കുട്ടിയുടെ ഹൃദ്യമായ പ്രസംഗവും “വരം” എന്ന കവിതയുടെ ആലാപനവും സദസ്സിനെ വല്ലാതെ ആകർഷിച്ചു. നാഴികമണിയുടെ സൂചിയിൽ കണ്ണു നട്ടിരിയ്ക്കാൻ മാത്രം പഠിച്ച നമ്മൾ ഒരു നിമിഷം നിൽക്കാനും സമയത്തിനോടഭ്യർത്ഥിച്ചുവോ എന്നു തോന്നിപ്പോയി.

നഗരത്തിൽ ഈ വർഷം തണുപ്പുകാലം അൽ‌പ്പം നീണ്ടേയ്ക്കാമെന്നും മാർച്ചു വരെ നല്ല സുഖകരമായ കാലാവസ്ഥ പ്രതീക്ഷിയ്ക്കാമെന്നും കാലാവസ്ഥ നിരീക്ഷകർ കണക്കു കൂട്ടുന്നു. ഇതിനപ്പുറം വരുന്ന വേനൽക്കാലവും ഇതു പോലെ മുംബെയിലെ താമസം കൂട്ടാൻ ശ്രമിയ്ക്കുമോ എന്ന ഭീതി നഗരവാസികൾക്കില്ലാതില്ല. എന്തായാലും തണുപ്പിന്റെ ഹൃദ്യതയെ കഴിയുന്നത്ര മുതലെടുക്കാൻ നഗരത്തിന്റെ ഹൃദയഭാഗങ്ങളിലും പ്രാന്തങ്ങളിലുമായി നടക്കുന്ന കലാ സാംസ്കാരിക പരിപാടികൾ വഴിയൊരുക്കുന്നു. കേളിയുടെ മുഴക്കം അവസാനിച്ചതേയുള്ളൂ, ഇതാ ഡൊംബിവിലിയിൽ ഗുഡ് നൈറ്റ് സൂര്യ ഫെസ്റ്റിവൽ തുടങ്ങുകയായല്ലോ? കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 27 മുതൽ 31 വരെ നടത്തപ്പെടുന്ന ഈ കേരള ഫെസ്റ്റിവലിൽ  മലയാളത്തനിമ വിളിച്ചോതുന്ന കഥകളി, പറയൻ തുള്ളൽ, മോഹിനിയാട്ടം,ചാക്യാർ കൂത്ത്, പാവക്കഥകളി,ശീതങ്കൻ തുള്ളൽ, നങ്ങ്യാർ കൂത്ത് എന്നിവയ്ക്ക് പുറമേ നാടൻ കലകളായ പുള്ളുവൻ പാട്ടു, നന്തുണ്ണിപ്പാട്ട്,പൂതൻ, തിറ എന്നീ വേഷങ്ങൾ കെട്ടിയാടൽ എന്നിങ്ങനെ വൈവിധ്യമേരിയ ഒട്ടനവധി കലാരൂപങ്ങൾ കാണാനാകും. തീർച്ചയായും മുംബൈ മലയാളിയ്ക്കു അഭിമാനിയ്ക്കാൻ വക നൽകുന്ന ഒന്നുതന്നെ. ഡോംബിവിലി പാണ്ടുരംഗവാടിയിലെ മോഡൽ ഇംഗ്ലീഷ് സ്കൂൾ ആണു വേദി.

ഫിബ്രവരി ഇനിയും കൂടുതൽ ആകർഷകമായ സമ്മാനങ്ങളുമായി നമ്മെ കാത്തിരിയ്ക്കുന്നു. നാദോപാസനയുടെ ഒമ്പതാമത് വാർഷിക സംഗീതോത്സവം ഫിബ്രവരി മൂന്നു മുതൽ അഞ്ചുവരെ നടക്കുന്നത് ഡോംബിവിലി പൊന്നു ഗുരുവായൂരപ്പൻ അമ്പലത്തിനു സമീപത്തായുള്ള മാഡ്വി ഇംഗ്ലീഷ് സ്കൂളിൽവച്ചാണ്. നാമസങ്കീർത്തനം,ജി.രഘുനാഥിന്റെ പുല്ലാംകുഴൽ കച്ചേരി,കൊച്ചു പ്രതിഭകളുടെ കച്ചേരികൾ, ശ്രീ ശങ്കരൻ നമ്പൂതിരിറ്റ്യുടെ കച്ചേരി,ഹരികഥാകാലക്ഷേപം , ദിലീപ് കുമാറിന്റെ കച്ചേരി എന്നിങ്ങനെ അത്യധികം ഹൃദ്യമായ ഒരു വിരുന്നു തന്നെയാണു നാദോപാസന നഗരത്തിലെ സംഗീതപ്രേമികൾക്കായി ഒരുക്കിയിരിയ്ക്കുന്നത്. തണുപ്പേരിയ ജനുവരി-ഫിബ്രവരി മാസങ്ങൾ തന്നെയാണ് ഇത്തരം കലാ-സംഗീതവിരുന്നുകൾക്ക് പറ്റിയ സമയം എന്നു തോന്നാറുണ്ട്. നേർത്ത തണുപ്പിലൂടെ അരിച്ചെത്തുന്ന സംഗീത വീചികൾ ശരിയ്ക്കും മനസ്സിനെ തോട്ടുണർത്താൻ പ്രേരകമാകുന്നു. നമുക്ക് ആ അനുഭൂതികൾക്കായി കാത്തിരിയ്ക്കാം.

എങ്കിലും  ചിലപ്പോൾ തോന്നിപ്പോകുന്നു, മലയാളിയുടെ ഗൃഹാതുരത മറ്റുള്ളവരെ അപേക്ഷിച്ചു ഒരൽ‌പ്പം കൂടുതലാണോ എന്ന്. രാജ്യത്തിന്റെ അല്ലെങ്കിൽ ലോകത്തിന്റെ തന്നെ ഏതു കോണിലെത്തിയാലും അവിടെ തന്റെ കൊച്ചു കേരളത്തിന്റെ ഒരു പതിപ്പ് സൃഷ്ടിയ്ക്കുന്നതിനുള്ള അവന്റെ വ്യഗ്രത മറ്റെന്താണ് സൂചിപ്പിയ്ക്കുന്നത്? ഒരൽ‌പ്പം മാറി നിന്നു നോക്കുമ്പോൾ ഒരു പക്ഷേ പല വസ്തുക്കളും കൂടുതൽ ആകർഷകമായിത്തോന്നുന്നതു പോലെ. ഉള്ളിന്റെയുള്ളിലെ ഒരു നഷ്ടബോധത്തിനെ പുതിയതായുള്ള വെട്ടിപ്പിടുത്തങ്ങൾക്കൊന്നിനും തന്നെ നീക്കാനാകില്ലെന്ന സത്യം തന്നെയല്ലേ ഇത്?

തണുപ്പുകാലം സമ്മാനിയ്ക്കുന്ന ശാപൺഗളെയും നഗരവാസിയ്ക്കു മറക്കാനാകില്ല. പലതരം അസുഖങ്ങൾ വിട്ടുപോകാതെ നമ്മെ പിടിക്കൂടുന്നു. ആസ്തമക്കാർക്കേറെ ബുദ്ധിമുട്ടുകൾ നൽകുന്ന സമയം ഇതു തന്നെ. പോരാഞ്ഞിട്ടിതാ ഈ വർഷം മരുന്നുകൾ കൊണ്ടും  തടുക്കാൻ കഴിയാത്ത ക്ഷയരോഗാണുക്കൾ നഗരത്തിൽ വിളയാട്ടം തുടങ്ങിയിരിയ്ക്കുന്നു. വളരെയേറെ ഗൌരവപൂർണ്ണമായിത്തന്നെ കാണേണ്ടുന്ന ഈ സ്ഥിതിവിശേഷം എത്രയും വേഗം നിർമ്മാഞ്ജനം ചെയ്യുന്നതിനായുള്ള ഗവണ്മെണ്ടിന്റിന്റെ ശ്രമൺഗൾ വിജയിയ്ക്കുക തന്നെ വേണം. നിയന്ത്രണാതീതമാകുന്നതിനു മുൻപേ അതിനു കഴിയുകയും വേണം. ഇപ്പോൾ വിരലിലെണ്ണാവുന്നവയാണെങ്കിലും വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു ഭീതിദമായ അന്തരീക്ഷം സൃഷ്ടിയ്ക്കാൻ ഈ രോഗത്തിന് കഴിഞ്ഞെന്നു വരാം. എന്തായിരിയ്ക്കാം ഇതിനു കാരണമെന്നും ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു. നഗരത്തിന്റെ ശോചനീയമായ ശുചിത്വക്കുറവിനു നേരെത്തന്നെയാണൊ ഇത്തരം അസുഖങ്ങളും വിരൽ ചൂണ്ടുന്നത്?

മറ്റു പല വിദേശ രാജ്യങ്ങളേയും പോലെ  ഒരു കാലത്തും ശുചിത്വത്തിന് പ്രാധാന്യം കൊടുക്കുവാൻ നമുക്കു കഴിയില്ലെന്നുണ്ടോ? നോർവീജിയൻ ചൈൽഡ് കെയർ സർവീസ് ഇന്ത്യൻ എൻ. ആർ. ഐ. ദമ്പതികളിൽ നിന്നും അവരുടെ കൊച്ചു കുഞ്ഞുങ്ങളെ അടർത്തി മാറ്റിയതിനു പിന്നിൽ അവർ കാരണമായിക്കണ്ടതീ ശുചിത്വക്കുറവു തന്നെയാണെന്നതു മറക്കാനാകില്ല. നമ്മുടെ കണ്ണിൽ അതു സ്നേഹാ‍ധിക്യം മാത്രമാണെങ്കിലും. കുട്ടിയെ കൂടെക്കിടത്തുന്നതും പ്രത്യേകം കിടയ്ക്ക കൊടുക്കാത്തതും അവർ തെറ്റായി കാണുന്നു. കൈ കൊണ്ടു ഭക്ഷണം കൊടുക്കുന്നത് ശുചിതത്തിന്റെ കുറവും, നിർബന്ധിയ്ക്കലും. കാല ദേശങ്ങൾക്കനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ നാം  പലപ്പോഴും നിർബന്ധിതരായിത്തീരുന്നു. കൂടുതൽ പച്ചയാർന്ന മേച്ചിൽ‌പ്പുറങ്ങൾ തേടിയിറങ്ങുന്ന പ്രവാസിയ്ക്കു കിട്ടുന്ന മറ്റൊരു ശിക്ഷ തന്നെയാണിത്. ‘ചേരയെത്തിന്നുന്ന നാട്ടിൽ ചെല്ലുമ്പോൾ നടുത്തുണ്ടം“ എന്നു പറയുന്നത് ശരി തന്നെ, അല്ലേ?

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

നഗരം വിസ്മയമേകുമ്പോൾ-മുംബൈ പൾസ്-37

mutt.JPGനഗരം അതിന്റെ  മടക്കുകളിൽ പലയിടത്തുമായി നമുക്കായി പല അതിശയങ്ങളും ഒളിച്ചു വയ്ക്കുന്നു.  അതു കണ്ടെത്തുമ്പോൾ പലപ്പോഴും നാമൊരു  കൊച്ചു കുട്ടിയുടെ മനസ്സുമായി അതിലേയ്ക്കാകർഷിയ്ക്കപ്പെടുന്നു. ഇത്രയും കാലം നഗരത്തിന്റെ ഭാഗമായി ജീവിച്ചിട്ടും ഇതുവരെ ഇതു കണ്ടെത്താനായില്ലെന്ന സത്യം നഗരത്തിന്റെ നിഗൂഡതകളിലേയ്ക്ക് വിരൽ ചൂണ്ടുന്നു. ഇതു പോലെ ഇനിയുമെത്രയോ അറിയപ്പെടാത്ത കാര്യങ്ങൾ ഈ നഗരത്തിനു നമ്മോട് പറയാനുണ്ടാകുമെന്ന പരമാർത്ഥം നഗരത്തെ കൂടുതൽ വിസ്മയം നിറഞ്ഞതാക്കി മാറ്റുന്നു. ഒരു പക്ഷേ നിങ്ങൾക്കെല്ലാം തന്നെ പലപ്പോഴും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു വരാം.

മംഗലാപുരത്തിന്നടുത്തുള്ള കുക്കി സുബ്രഹ്മണ്യക്ഷേത്രത്തെക്കുറിച്ചു മുൻപ് വായിച്ചിട്ടുണ്ട്. സൌത് കനറയിലെ ഈ അമ്പലം സ്ഥിതിചെയ്യുന്നത് കുമരപർവ്വതത്തിൽ നിന്നുത്ഭവിച്ച് അറബിക്കടലിനെ പുണരുന്ന ധാരാനദിയുടെ തീരത്താണ്. താരകാസുര നിഗ്രഹത്തിനുശേഷം  ഭക്തജനങ്ങളൂടെ ആഗ്രഹപ്രകാരം സുബ്രമണ്യസ്വാമി ഇവിടെ  വാഴുന്നുവെന്നും ഗരുഡന്റെ ശല്യത്താൽ  ഭയഭീതനായ വാസുകിയുടെ പ്രാർത്ഥനകേട്ട ശ്രീപരമേശ്വരൻ രക്ഷയ്ക്കായി സുബ്രമണ്യസ്വാമിയെ സദാ കൂടെ നിർത്തിയതാണെന്നുമെല്ലാം ഈ അമ്പലത്തെക്കുറിച്ച് ഐതിഹ്യമുണ്ട്.സർപ്പദോഷം നീങ്ങാനും വിട്ടുമാറാത്ത കുഷ്ടരോഗം തുടങ്ങിയ അസുഖങ്ങൾ നീങ്ങാനുമുള്ള പ്രാർത്ഥനകളോടെ പരിഹാരാർത്ഥം പൂജകൾക്കായി ഭക്തർ ഇവിടെയെത്തുന്നു.ഈ അമ്പലത്തിന്റെ ഒരു ശാഖയാണു ചെമ്പൂർ ഛേഡ്ഡാ നഗറിൽ എനിയ്ക്കു കാണാനായത്.

ഒരു ബന്ധുവിന്റെ ക്ഷണമനുസരിച്ച്  ഒരു സ്വകാര്യച്ചടങ്ങിൽ സംബന്ധിയ്ക്കാനായാണ് ഞാൻ ചെമ്പൂരിലെ ഈ അമ്പലത്തിൽ എത്തിയത്. ഗേറ്റ് കടന്ന്  അകത്തു ചെന്നാലുടൻ തന്നെ  അഴികളിട്ട കൊച്ചു അമ്പലത്തിന്നകത്തായി അഞ്ചു തലകളോടു കൂടിയ സർപ്പരാജാവ്. മന്ത്രോച്ചാരണങ്ങൾ മുഴങ്ങുന്നു. അമ്പലത്തിനു   തൊട്ടു മുന്നിലായി അതിമനോഹരമായി വർച്ചിരിയ്ക്കുന്ന കളം.വർണ്ണങ്ങളുടെ  മനോഹാരിതയും മന്ത്രങ്ങളുടെ സംഗീതധ്വനിയും ഭക്തിയുടെ പാരമ്യതയും  കൂടിച്ചേന്ന അന്തരീക്ഷം.  പെട്ടെന്നു മനസ്സിൽ അറിയിയ്ക്കാനാവാത്ത എന്തെല്ലാമോ  ഭാവങ്ങൾ ഉണർന്നതുപോലെ. ആദ്യമായാണ് ഇത്രയും വലിയൊരു  നാഗപ്രതിഷ്ഠയും  അമ്പലവും കാണാനിടയായത്. തൊഴുതു പുറത്തു കടന്നപ്പോൾ അവിടെ പലവ്യിിദ്യിധ വഴിപാടു പൂജകളും നടക്കുന്നതായി കണ്ടു. അതിൽ പങ്കുകൊള്ളുന്നതിന്നായി ഒട്ടേറെ ഭക്തജനങ്ങളും വന്നെത്തിയിട്ടുണ്ട്. മുകളിൽ ഒന്നാമത്തെ നിലയിലായിട്ടാണ് ലക്ഷ്മീ നരസിംഹമൂർത്തിയുടെ അമ്പലം. സർവ്വം വെള്ളിമയം.വിഗ്രഹങ്ങളും പൂജാപാത്രങ്ങളും മണ്ഡപവുമെല്ലാം തന്നെ.  ഇവിടത്തെ പൂജയിലും പങ്കെടുക്കാനായി. പ്രത്യേകതാളത്തിലുള്ള കൊട്ടും മണിയടിയും മന്തോച്ചാരണങ്ങളും നിറഞ്ഞ അന്തരീക്ഷം തികച്ചും ഭക്തിസാന്ദ്രമായിത്തോന്നി. മുംബെയിലാണിതെന്ന വസ്തുത തൽക്കാലം മറന്നു പോയി. ഹരിദ്വാറിലെ ശിവാനന്ദാശ്രമത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  നാഗരാജപ്രതിമയ്ക്കു മുന്നിൽ കൂപ്പുകൈകളോടെ നിൽക്കുമ്പോൾ കേട്ട അലൌകികമായ ദീപാരാധനയുടെ  താളദ്ധ്വനി ഒരു നിമിഷം മനസ്സിലേയ്ക്കോടിയെത്തിയതുപോലെ തോന്നി. എല്ലാ നഗദൈവങ്ങൾക്കും മുന്നിൽ നിന്നാൽ ഇങ്ങനെത്തന്നെ തോന്നുമോ, ആവോ?

രണ്ടാമത്തെ നിലയിൽ ഭഗവത സപ്താഹം നടക്കുന്നതിന്റെ അലയൊലികൾ താഴോട്ടേയ്ക്കും ഒഴുകിയെത്തുന്നു. സപ്താഹത്തിൽ പങ്കെടുക്കുന്നതിനായി ഒട്ടേറെപ്പേർ വന്നും പോയിക്കൊണ്ടിരിയ്ക്കുന്നു. ഒരേ സമയം മൂന്നു സ്ഥലങ്ങളിലായി നടക്കുന്ന ഭഗവത്പൂജകൾ  മനസ്സിൽ ഭക്തിയുണർത്തി.   ലക്ഷ്മീ നരസിംഹസ്വാമിയുടെ അമ്പലത്തിലെ പൂജയ്ക്ക ശേഷം ദീപാരാധനത്തട്ടിലെ പ്രകാശം മനസ്സിലും പകർന്നപോലെ . പൂജയ്ക്കു ശേഷം കിട്ടിയ  തീർത്ഥം മനസ്സിനെയും കുളിർപ്പിച്ചതായിത്തോന്നി.

ഹാളിൽ നിൽക്കുമ്പോൾ ജനലിലൂടെ തണുത്ത കാറ്റ് അരിച്ചെത്തുന്നുണ്ടായിരുന്നു. പുറത്തെ വിശാലമായ മൈതാനത്തിൽ കുട്ടികൾ  ക്രിക്കറ്റ് കളിയ്ക്കാനായും മറ്റും ഉപയോഗിയ്ക്കുന്നു. എന്റെ കുട്ടികളും പരിശീലനത്തിന്നായി പലവട്ടം ഇവിടെ വന്നിട്ടുണ്ടെന്നറിഞ്ഞു. തനി നാടൻ അന്തരീക്ഷം . ഒരു നിമിഷം നാട്ടിലെത്തിച്ചേർന്നോ  എന്നു സംശയിച്ചുപോയി. താഴെ കോമ്പൌണ്ടിൽ കണ്ട കൊച്ചു കിണറും മുറ്റവും നാടിനെ അനുസ്മരിപ്പിച്ച.നഗരത്തിൽ സാധാരണ കാണാനാകാത്ത ദൃശ്യങ്ങൾ നമ്മിൽ ആശ്ചര്യമുളവാക്കുന്നു.

മുംബെയുടെ ഇതര ഭാഗങ്ങളെയപേക്ഷിച്ചു നോക്കുമ്പോൾ  ഛെഡ്ഡാ നഗറും പരിസരവും  യാതൊരുവിധ മാറ്റങ്ങൾക്കും അടിമപ്പെട്ടിട്ടില്ലെന്നു കാണാനായി .തൊട്ടപ്പുറത്തുകൂടു കടന്നു പോകുന്ന ഹൈ വേ വലുതായിക്കഴിഞ്ഞിരിയ്ക്കുന്നു.  പുതിയ ഫ്ലൈ ഓവറുകളും  സ്കൈ വാക്കുകളും വരുത്തിയ മാറ്റങ്ങൾ ഇങ്ങോട്ട് ബാധിച്ചിട്ടില്ല റീഡവലപ്പ്മെന്റെ ജ്വരം പിടിപെടാത്തതും ഈ ഭാഗത്തിന്റെ ഭംഗിയെ നിലനിർത്തി. വഴിയുടെ ഇരുപുറവും കാൽനട യാത്രക്കാർക്കു തണൽ നൽകി നിറയെ പൂക്കളും ഇലകളും നിറഞ്ഞ മരങ്ങൾപുഞ്ചിരി തൂകി നിൽക്കുന്നത് കണ്ടപ്പോൾ മുംബെ നഗരത്തിലെ അപൂർവ്വമായ ഈ കാഴ്ച്ച മനസ്സിൽ  ശരിയ്ക്കും സന്തോഷം നിറച്ചു.

മുംബൈ മാറ്റങ്ങൾക്കധീനപ്പെട്ടുകൊണ്ടേയിരിയ്ക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾ ഇവിടെ വരുത്തിയ മാറ്റങ്ങൾ പുരോഗതിയുടേതെന്നാണ് കണക്കാക്കപ്പെടുന്നതെങ്കിലും പലപ്പോഴും ഉള്ളിലൊരൽ‌പ്പം ദു:ഖമാണ്  കൊണ്ടുവരുന്നതെന്നു തോന്നാറുണ്ട്. മുംബെയുടെ ഒരുവിധം ഒഴിഞ്ഞ സ്ഥലങ്ങളെല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞിരിയ്ക്കുന്നു . തുറന്ന ആകാശവും കുറേശ്ശെയായി നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കയാണ്. തലങ്ങും വിലങ്ങും പൊങ്ങിയും നിവർന്നും കാണപ്പെടുന്ന ഫ്ളൈ ഓവറുകളും പ്രധാന പാതകളും  നഗരത്തിന്റെ ഞരമ്പുകൾ പോലെ എഴുന്നു നിൽക്കുന്നു. ഉയരങ്ങൾ തേടാൻ ഇവിടെയെത്തപ്പെടുന്നവരെപ്പോലെത്തന്നെ ദിനം പ്രതി  കെട്ടിടങ്ങൾ മുകളിലേയ്ക്കായുയരുമ്പോൾ അപൂർവ്വമായി കാണപ്പെടുന്ന ഇത്തരം കാഴ്ച്ചകൾ നഷ്ടപ്പെടാതിരുന്നെങ്കിൽ എന്നു മനസ്സ് കൊതിച്ചു പോകുകയാണ്.

നഗരത്തിന്റെ മുഖഭാവം മാറുന്നതു കാണാനെന്തു ഭംഗിയാണെന്നോ? പകലിന്റെ അദ്ധ്വാനഭാരം വിയർപ്പൊഴുക്കുന്ന നഗരമുഖത്തിന്റെ തിടുക്കം കലർന്ന ഗതി നമുക്കേറെ പരിചിതം തന്നെ. സന്ധ്യയുടെ ഭംഗിയിൽ മയങ്ങി നിൽക്കാനാകാതെ ചേക്കേറാനുള്ള തത്രപ്പാടിലെ  ഓട്ടവും നമുക്കു സുപരിചിതം. അങ്ങാടിത്തിരക്കൊഴിഞ്ഞ് ബാക്കി വരുന്ന വാണിഭങ്ങൾ കെട്ടിപ്പൂട്ടുന്ന കച്ചവടക്കാരെ രാത്രി വൈകുന്ന വേളയിൽ കാണുമ്പോൾ അറിയാതെ മനസ്സ് അവരുടെ ഒരു ദിനത്തിന്റെ കാഠിന്യത്തിന്റെ കണക്കുകൾ കൂട്ടുന്നു. ശരിയാണ്, മറ്റുള്ളവർക്ക് വെളിച്ചമേകാനായി സ്വയമുരുകിത്തീരുന്ന മെഴുകുതിരികൾ!

തണുപ്പിന് ശക്തി കൂടി വരുന്നു. രാവിലെ മൂടൽമഞ്ഞിന്നിടയിലൂടെ അരിച്ചെത്തുന്ന സൂര്യരശ്മി ദേഹത്ത് പതിയ്ക്കുമ്പോഴെന്തു സുഖം. മുംബൈയിലെ തണുപ്പ്  സുഖകരമായ ഒന്നു തന്നെ.  നനുത്ത കാറ്റും തണുപ്പും വൈകുന്നേരങ്ങളിലെ നടത്തത്തിന് സുഖം കൂട്ടുന്നു. തണുപ്പകാലത്തിന്റെ ഈ ഹൃദ്യത നഗരത്തിന്റെ വിവിധഭാഗങ്ങളിലായി   ദിനം പ്രതി നടക്കുന്ന ഒട്ടേറെ സംഗീത പരിപാടികൾക്ക് കൊഴുപ്പേറ്റുന്നു. നരിമാൻ പോയന്റിലെ എക്സ്പിരിമെന്റൽ തിയറ്ററിൽ നടക്കുന്ന രാമായണ’ ടോക് ആൻഡ് ഡാൻസ് ഷോ പുതുമയിയന്ന വിധം കലാരംഗത്തെ പരീക്ഷണ കുതുകികളെ ശരിയ്ക്കും ആകർഷിച്ചു കാണും. നഗരം മാരത്തോൺ ഓട്ടത്തിന്നായി ചൂടു പിടിച്ചു വരുന്നു. മുംബൈ മാരത്തോൺ പല പ്രത്യേകതകളും നിറഞ്ഞ ഒന്നു തന്നെയാണ്.മുംബെ നൽകുന്ന ഈ വിസ്മയത്തിന്നായും നമുക്ക് കാത്തിരിയ്ക്കാം….

നവവത്സരത്തിൽ മുംബൈ ഉത്സാഹത്തിമിർപ്പിൽ (മുംബൈ പൾസ്-36)

2012ന് സുസ്വാഗതം! എല്ലാവർക്കും നവവത്സരാശംസകൾ!  നഗരിയിൽ ഈ വർഷം സമാധാനവും സന്തോഷവും കൊണ്ടു വരട്ടെ! ഉത്സാഹത്തിമിർപ്പിലെ മുംബെയുടെ മുഖച്ചായ മനസ്സിൽ ഒട്ടേറെ പ്രതീക്ഷകളാണുയർത്തുന്നത്. വൈവിധ്യമാർന്നവിധത്തിലാണ് മുംബൈ നിവാസികൾ പുതിയ വർഷത്തിനെ എതിരേറ്റത്. അടുത്ത സുഹൃത്തുക്കളും  ബന്ധുക്കളും പരിചയക്കാരുമെല്ലാം ഏതെല്ലാം വിധത്തിൽ പുതുവർഷരപ്പുലരിയെ എതിരേറ്റെന്നതെന്നു നോക്കുമ്പോളതു മനസ്സിലാക്കാനാകുന്നു. ഒന്നു മനസ്സിലാക്കാനായി, പലരും മറ്റെല്ലാം മറന്ന് പുതിയ വർഷത്തിന് ഹൃദ്യമായ വരവേകി.

എങ്ങിനെയുണ്ടായിരുന്നു പുതുവത്സരപ്പിറവി ആഘോഷിയ്ക്കൽ എന്ന് പലരോടായി ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം കേൾക്കാം. “ഞങ്ങൾ വളരെ അടുത്ത ചില കൂട്ടുകാരൊത്ത് ലോണവാലയിലായിരുന്നു. നല്ല രസമായിരുന്നു.” ‘ഗോവയിലായിരുന്നു, സുഹൃത്തുക്കൾക്കൊത്ത്..” “ ഫാമിലിയുമൊത്ത് ഹിമാചലിൽ…” “വീട്ടിൽത്തന്നെ, കുടുംബമൊത്ത് ആഘോഷിച്ചു” “ ഓഫീസ് പാർട്ടിയുണ്ടായിരുന്നു, വിത് ഫാമിലി.” “ബീച്ചിൽ, കൂട്ടുക്ലാരൊത്ത്..” “രാവിലെ സിദ്ധിവിനായക് അമ്പലത്തിൽ‌പ്പോയി പ്രാർത്ഥിച്ചു…” “പതിവുള്ള ടിട് വാല ദർശനം മുടക്കിയില്ല, സന്തോഷം തോന്നി.”“ പാർട്ടിയും ഡാൻസും….ശരിയ്ക്കും എൻ ജോയ് ചെയ്തു..” നഗരത്തിലെ തിരക്കിൽ നിന്നും ഓഫീസ് ജോലിയുടെ മടുപ്പിൽ നിന്നും സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നും താൽക്കാലികമായൊരു  മോചനം- അതാണു നഗരവാസികളെസ്സംബന്ധിച്ചിടത്തോളം  നവവത്സരത്തിന്റെ ആഗമനം നൽകുന്നത്. അറിയാതെയെങ്കിലും ചുണ്ടിലൊരു പ്രാർത്ഥനയും കാണും, “ഈശ്വരാ…പുതിയ വർഷം സാമ്പത്തികമായും വ്യക്തിപരമായും നല്ലതാവണേ…”

പലരും അടുപ്പിച്ചു കിട്ടുന്ന അവധി ദിവസങ്ങളെ ഉപയോഗപ്പെടുത്തി നാട്ടിലേയ്ക്കുള്ള ഒരു യാത്ര കഴിഞ്ഞു തിരിച്ചെത്തിയവരാകാം. കൃസ്തുമസ്- ന്യൂ ഇയർ സമയം വിദേശ യാത്രകൾക്കായി ഉപയോഗപ്പെടുത്തുന്നവരും നഗരത്തിലെ സമ്പന്നർക്കിടയിൽ ധാരാളം. ചെറിയ ഗ്രൂപ്പുകളായി പിക്നിക് സ്പോട്ടുകളിൽ ഒത്തു ചേരുന്നവരാണ് കൂടുതലായിക്കാണുന്നത്. ഇവയിൽ ഓഫീസ് ഗ്രൂപ്പുകളും സുഹൃത് സംഘങ്ങളും ബന്ധുക്കളും എല്ലാം ഉൾപ്പെടുന്നു. ജൂഹുവിലെ കടൽത്തീർത്തുള്ള ഒരു ഹോട്ടലിന്റെ മട്ടുപ്പാവിലെ ഞങ്ങളുടെ ന്യൂ ഇയർ പാർട്ടി ഏറെ രസകരമായിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും ഒട്ടനവധി ഗെയിംസും പാട്ടും നൃത്തവുമെല്ലാം ചേർന്ന് സമയം കടന്നു പോയതറിഞ്ഞില്ല. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു ന്യൂ ഇയർ ഈവ് തണുപ്പു കുറഞ്ഞതായിരുന്നുവെങ്കിലും കടലിന്നുള്ളിൽ നിന്നും അറിച്ചെത്തിയ കാറ്റ് ചെവിയിൽ കിന്നാരം പറഞ്ഞപ്പോൾ ഒരൽ‌പ്പം തണുപ്പ് തോന്നാതിരുന്നില്ല. വൈവിദ്ധ്യമേറിയ  സ്നാക്സും ഭക്ഷണവുമെല്ലാം തണുപ്പിനെയകറ്റാൻ സഹായിച്ചു. താഴെ ജുഹു കടൽ‌പ്പുറം കാണാനാകാത്തവിധം ജനബാഹുല്യം നിറഞ്ഞതായിക്കണ്ടു. അവരിൽ എല്ലാത്തരക്കാരേയും കാണാനായി, പ്രായം ചെന്നവരും, മദ്ധ്യവയസ്ക്കരും, ചെറുപ്പക്കാരും , കുട്ടികളും, ശിശുക്കളുമെല്ലാം. പണക്കാരും  ഇടത്തരക്കാരും പാവങ്ങളും എല്ലാം കൂട്ടത്തിൽക്കാണുമെന്നു തോന്നി.അധികം പേരും സ്വറ്റർ, ഷാൾ എന്നിവയാൽ തണുപ്പിനെയകറ്റാൻ നോക്കുന്നുണ്ട്.ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ ആകാശത്തിൽ വർണ്ണ രാജികൾ വിതറിയ അമിട്ടുകളുടെ ഭംഗി നോക്കി നിൽക്കുമ്പോൾ മനസ്സു കൊണ്ടു ഒരു കുട്ടിയായി മാറുന്നപോലെ തോന്നി. തുറന്ന നീലാകാശവും ഇടയ്ക്കിടേ മിന്നിമിന്നിക്കടന്നുപോകുന്ന വിമാനങ്ങളും  ആരെല്ലാമോ പറത്തിവിടുന്ന ബലൂണുകളും പൊട്ടിവിരിയുന്ന അമിട്ടുകളും തന്ന കാഴ്ച്ച  ഏറെ നയന മനോഹരം തന്നെയായിരുന്നുവെന്നു പറയാതെ വയ്യ.

തിരക്കു എന്നെ വല്ലാതെ ഭയപ്പെടുത്തുന്നതായി തോന്നി.പക്ഷേ കനത്ത പോലീസ് സന്നാഹം എവിടെയും കാണാനായി. ജുഹുവിലും പരിസരത്തും മാത്രമല്ല,വരുമ്പോഴും പോകുമ്പോഴും വഴിയിലുടനീളം നിരനിരയായിക്കണ്ട പോലീസ്,ട്രാഫ്ഫിക്കിനെ നിയന്ത്രിയ്ക്കുന്നതിലും അപകടങ്ങൾ ഒഴിവാക്കാനും ഇത്തവണ കൂടുതൽ ശ്രദ്ധിയ്ക്കുന്നുണ്ടെന്നു തോന്നി.ഇന്നലത്തെ പത്രത്തിൽ കൂടി ഒരു ആക്സിഡന്റിനെപ്പറ്റി കണ്ടിരുന്നുവല്ലോ? ഓരോ വർഷവും പുതുവത്സരാഘോഷത്തിന്നിടയിൽ ധാരാളം ആക്സിഡന്റുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.വഴിയരികുകളിൽ ഹൈഡ്രജൻ ബലൂൺ വീർപ്പിച്ച് വിൽക്കുന്നവരുടെ തിരക്ക്. വഴിവക്കിലെ കടകളെല്ലാം   തന്നെ വർണ്ണദീപങ്ങളാൽ അലങ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഹോട്ടലുകളെല്ലാം തന്നെ പ്രകാശത്തിൽക്കുളിച്ചും തിരക്കാർന്നതുമായി കാണപ്പെട്ടു. പല നക്ഷത്ര ഹോട്ടലുകളിലും സിനിമാതാരങ്ങളെ നൃത്തത്തിന്നായി കൊണ്ടു വരുന്നു. തൊട്ടടുത്ത മറ്റൊരു ഹോട്ടലിൽ മല്ലികാ ഷെരാവത് നൃത്തം ചെയ്യുമെന്ന പരസ്യം കണ്ടിരുന്നു. ഇതുപോലെ തന്നെ പേരു കേട്ട പല പാട്ടൂകാരും ഈയവസരത്തിൽ ബുക്ക് ചെയ്യപ്പെടുന്നു. അമിതമായ തുക കൊടുത്ത് ഇവരെയെല്ലാം കൊണ്ടു വരുന്നതിനു പുറകിൽ കൂടുതൽ ആൾക്കാരെ ഈ സമയത്ത് അങ്ങോട്ടാകർഷിയ്ക്കുകയെന്ന ഉദ്ദേശം തന്നെയാണ് ഉള്ളത്.

കനത്ത പോലീസ് സുരക്ഷാ സന്നാഹം കൊണ്ടു തന്നെയായിരിയ്ക്കാം, ഇത്തവണ പലപ്പോഴും മുൻപുണ്ടായിട്ടുള്ളതുപോലെ സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ, പൂവാലശല്യം എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടതായിക്കണ്ടില്ല. ആക്സിഡന്റ് ഉണ്ടാകാതിരിയ്ക്കാൻ പാർട്ടിയ്ക്ക് പോകുന്നവർ പ്രത്യേകം ഡ്രൈവർമാരെ കൊണ്ടു വരുന്നതിനായി പോലീസ് പ്രത്യേകം ആഹ്വാനം ചെയ്തത് പലരും കണക്കിലെടുത്തിട്ടുണ്ടെന്നു തോന്നി. പ്രൈവറ്റ് കാറുകൾക്കൊപ്പം ധാരാളം വാടകവാഹനങ്ങളും കാണപ്പെടാൻ ഇതു തന്നെയാകാം കാരണം.. സാധാരണക്കാരുടെ വാഹനമാ‍യ ഓട്ടോ റിക്ഷകൾ നിരത്തിലൂടെ ഇടതടവില്ലതെ നിറഞ്ഞൊഴുകിയിരുന്നു. സാധാരണക്കാരും ഈയവസരം വേണ്ടവിധം ആഘോഷിയ്ക്കാൻ താൽ‌പ്പര്യം കാണിയ്ക്കുന്നുവെന്നാണല്ലോ ഇതു കാണിയ്ക്കുന്നത്. നഗരി മൊത്തത്തിൽ ഇളകി മറിയുന്നു, പുതുവത്സരപ്പിറവി കൊണ്ടുവരുന്ന നല്ല നാളുകൾക്കായുള്ള മോഹവും മനസ്സിലേറ്റി.

ഇന്നു ഹോട്ടലുകൾ രാവിലെ 5 മണിവരെ തുറന്നിരിയ്ക്കും. പാർട്ടി കഴിഞ്ഞു തിരികെ വീട്ടിലെത്തുമ്പോൾ രാത്രി രണ്ടര. മുന്നിലെ റോഡിൽ പാൽ വണ്ടി എത്തിക്കഴിഞ്ഞിരുന്നു. ഇന്നു നഗരിയ്ക്ക് ഒട്ടും ഉറക്കമില്ലാത്ത രാത്രി തന്നെ. രാവിലെ മുതൽ ഫോൺ വിളികളും സന്ദേശങ്ങളും അലസമായ ഞായറാഴ്ച്ച ദിവസത്തിന് ഹൃദ്യത കൂട്ടി.വൈകീട്ട് സാഹിത്യവേദിയിൽ രാജേന്ദ്രൻ കുറ്റൂരിന്റെ കവിത അവതരണത്തിന് പോയത് നല്ലൊരനുഭവമായി. പുതുവർഷത്തിൽ പല സാഹിത്യപ്രേമികളെ കാണാനും കവിതകളാസ്വദിയ്ക്കാനും കഴിഞ്ഞതും എല്ലാവരേയും നേരിൽ ആശംസിയ്ക്കാൻ കഴിഞ്ഞതും  നല്ല കാര്യമായിത്തോന്നി.പല സുഹൃത് സന്ദർശനങ്ങളാലും ദിവസങ്ങൾ ധന്യമായപ്പോൾ നഗരജീവിതത്തിന്റെ മടുപ്പ് അൽപ്പനേരത്തേയ്ക്കെങ്കിലും വിട്ടൊഴിഞ്ഞെന്ന ആശ്വാസം മനസ്സിനു കുളുർമ്മയേറ്റി.

മുംബൈ മുൻസിപ്പാലിറ്റി കൂടുതൽ ക്രൂരതകാണിയ്ക്കുകയാണോ അതോ കൂടുതൽ കർത്തവ്യനിരതരാകുകയാണോ എന്നു സംശയം തോന്നുന്നുവല്ലോ? ബിൽഡിംഗ് ഗേറ്റിനു പുറത്തായി ഫ്രൂട്ട്സ് വിൽക്കുന്ന വയസ്സനിതാ പഴക്കുട്ടകൾ എല്ലാമെടുത്ത് ബിൽഡിംഗിനുള്ളിലേയ്ക്ക് വരുന്നു. പുറത്ത്  കടന്നപ്പോഴാണ് മനസ്സിലായത്, വടാപാവ് വിൽക്കുന്ന സ്റ്റാൾ മുഴുവനും തകർക്കപ്പെട്ടിരിയ്ക്കുന്നു. റോഡിനിരുവശവുമുള്ള എല്ലാ താൽക്കാലിക കച്ചവടക്കാരുടേയും സാധനസാമഗ്രികളെല്ലാം നിരനിരയായി നിർത്തിയിട്ടിട്ടുള്ള  മുൻസിപ്പൽ ട്രക്കുകളിലേയ്ക്കു  വലിച്ചെറിയപ്പെടുന്നുണ്ട്.എല്ലാ സാധനങ്ങളും നഷ്ടപ്പെട്ട പാവം കച്ചവടക്കാരെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത സങ്കടം തോന്നി. പുതുവത്സരത്തിന്റെ തുടക്കം തന്നെ  ഇവർക്കിത്രമാത്രം സങ്കടകരമാകേണ്ടിയിരുന്നില്ല. സ്വന്തം പ്രതിബിംബം നന്നാക്കാനുള്ള ബൃഹദ്  മുംബേ മുനിസിപൽ കോർപ്പറേഷന്റെ   വർഷാരംഭത്തിൽ തന്നെയുള്ള ശ്രമം ശ്ലാഘനീയം തന്നെയെങ്കിലും അന്നന്നത്തെ അപ്പത്തിനുവേണ്ടി ബുദ്ധിമുട്ടുന്നവരുടെ കഷ്ടപ്പാടുകൾ കൂടി അവർ മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. ആശംസിയ്ക്കാം, നഗരിയിലെ അദ്ധ്വാനിയ്ക്കുന്ന സാധാരണക്കാരനും ഈ വർഷം കഷ്ടപ്പാടുകൾ കുറഞ്ഞതായി മാറട്ടേയെന്ന്…..

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

മുംബൈ പൾസ്-33 ഗ്രഹണം ഓഹരി വിപണിയിലും

misc.pics 129.JPGനഗരത്തിൽ വീക്ഷിയ്ക്കാനായ കഴിഞ്ഞയാഴ്ച്ചയിലെ പരിപൂർണ്ണ ചന്ദ്രഗ്രഹണം ഒരു ദൃശ്യവിരുന്നായിരുന്നുവെന്നു പറയാം. സൂര്യഗ്രഹണത്തെക്കുറിച്ചും ചന്ദ്രഗ്രഹണത്തെക്കുറിച്ചും രാഹുകേതുക്കളെക്കുറിച്ചും ഉള്ള കഥകൾ തലമുറകളിലേയ്ക്ക് പകരാനായുള്ള  ഒരവസരം തന്നെയാണ് ഇത്തരം പ്രതിഭാസങ്ങൾ എന്ന് തോന്നാറുണ്ട്. ശാസ്ത്ര സത്യങ്ങളിലധിഷ്ഠിതമായ വിശ്വാസങ്ങൾക്കൊരിത്തിരി നിറപ്പകിട്ടേകാൻ പ്രകൃതിയൊരുക്കുന്ന വേള. അടുത്ത പരിപൂർണ്ണചന്ദ്രഗ്രഹണം ഇന്ത്യയിൽ 2018ൽ ആയിരിയ്ക്കുമെന്നാണ് കണക്കു കൂട്ടൽ. നമ്മെ സംബന്ധിച്ചിടത്തോളം ഗ്രഹണങ്ങൾ പൊതുവേ  ശ്രദ്ധിയ്ക്കപ്പെടുന്നത് അവ നമ്മുടെ ഗ്രഹനിലയെ ഏതെങ്കിലും തരത്തിൽ സ്വാധീനിയ്ക്കുമ്പോഴാണല്ലോ? അവ നല്ല തരത്തിലും ചീത്ത തരത്തിലുമാവാം. നമ്മുടെ നക്ഷത്രത്തെയത് ബാധിയ്ക്കുകയാണെങ്കിൽ അമ്പലത്തിൽ പ്രത്യേക വഴിപാടുകൾ ചെയ്തും മറ്റു പ്രതിവിധികൾ ചെയ്തും മനസ്സിനു ശാന്തി വരുത്തുവാൻ നാം ശ്രദ്ധിയ്ക്കുന്നു.. സൂര്യഗ്രഹണം കൂടുതലായും പൊതുജീവിതത്തിനെ ബാധിയ്ക്കുമ്പോൾ ചന്ദ്രഗ്രഹണം അൽ‌പ്പം കൂടി വ്യക്തിഗതമായി ബാധിയ്ക്കുമെന്നാണ് വിശ്വാസം. ഗ്രഹണ സമയത്ത് പുറത്തിറങ്ങരുത്, ഭക്ഷണം കഴിയ്ക്കരുത് തുടങ്ങി ഒട്ടേറെ ചട്ടവട്ടങ്ങൾ ഇന്നും പലരും പാലിച്ചു വരുന്നതായിക്കാണാം. ഗ്രഹണം കഴിഞ്ഞുള്ള കുളി അന്ധകാരത്തിന്റെ മാലിന്യത്തിൽ നിന്നും വെളിച്ചത്തിന്റെ നൈർമ്മല്യത്തിലേയ്ക്കുള്ള ഒരു പുതിയ കാൽ വെയ്പായി കണക്കാക്കപ്പെടുന്നു.

ചന്ദ്രഗ്രഹണം കഴിഞ്ഞെങ്കിലും ഓഹരിവിപണിയിലെ ഗ്രഹണം തുടരുന്നു,അഥവാ  തുടങ്ങിയതേയുള്ളൂ എന്ന് പറയാം. എന്നാണാവോ ഇനിയാ രാഹു-കേതുക്കളിൽ നിന്നുമൊരു വിടുതലും പൂർവാധികമായ തിളക്കവും കാണാനാകുക? ഇവിടെയിപ്പോൾ  പൊതു ജീവിതത്തേയും വ്യക്തികളേയും പ്രത്യക്ഷമായോ പരോക്ഷമായോ ഒരുപോലെ ബാധിച്ചിരിയ്ക്കുന്ന ഓഹരി വിപണിത്തകർച്ചയുടെ ഗ്രഹണക്കുടുക്കിലാണിന്ന് നമ്മൾ. ഇതിനെന്തു പ്രതിവിധിയാണാവോ വേണ്ടി വരിക? ദിനം തോറൂം ഇൻഡെക്സ്താഴോട്ടിറങ്ങുന്നത് നമ്മെ ഭ്രാന്തരാക്കുന്ന വിധത്തിലാണ്.ഇവിടെയും രാഹു-കേതുക്കൾ  നമ്മെ വിടാതെ പിന്തുടരുകയാണോ? തകർച്ചയുടെ അലയൊലികൾ കുറേശ്ശെയായെത്താൻ തുടങ്ങുമ്പോഴേ ഇതിൽ നിന്നു തലയൂരാൻ ശ്രമിച്ചാലും രക്ഷയില്ലെന്നു തോന്നാറുണ്ട്. സംഭവിയ്ക്കാനുള്ളത് സംഭവിച്ചേ തീരൂ എന്നൊക്കെ പറയുന്നത് ശരിയായിരിയ്ക്കാമെന്നു തോന്നും. പിന്നെ അതിൽ നിന്നും തലയൂരാനായുള്ള പരിശ്രമങ്ങൾ സൂര്യചന്ദ്രന്മാരുടെ പരാക്രമങ്ങൾ പോലെ തന്നെ. ഒന്നൂരിക്കിട്ടിയാലുണ്ടല്ലോ, പിന്നെ ഗ്രഹണം കഴിഞ്ഞ  സൂര്യനേയോ ചന്ദ്രനേയോ പോലെയൊരു തിളക്കമുണ്ട്. മറന്നേ പോകും, കഴിഞ്ഞ ഗ്രഹണത്തിന്റെ പീഢകൾ. പക്ഷേ അടുത്ത ഗ്രഹണം എന്നാണാവോയെന്ന ചിന്ത മനസ്സിന്റെയൊരു കോണിൽ എന്നും കിടപ്പുണ്ടാവുമെന്നു മാത്രം.അതു കൊണ്ടു തന്നെയാണല്ലോ ഓഹരി വിപണി ശരിയ്ക്കും അപകടമേഖല തന്നെ എന്ന് പറയുന്നതും. ഒന്നുകൂടി, ഇവിടെ സൂര്യചന്ദ്രഗ്രഹണങ്ങളിലേതു പോലെ പ്രവചനവും അസാധ്യമാണല്ലോ. പറയാറുണ്ട്, ഷെയർ മാർക്കറ്റിൽ തെറ്റായ കാരണത്താൽ ശരിയും ശരിയായ കാരണത്താൽ തെറ്റുമായി മാറാവുന്ന നിഗമനങ്ങൾ  നമുക്കു മുന്നിൽത്തീർക്കുന്ന ലോകം പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകളിൽനിന്നും പലപ്പോഴും വ്യത്യസ്തമായിരിയ്ക്കുമെന്ന്. പലപ്പോഴും ഊഹങ്ങളും അഭ്യൂഹങ്ങളും ആറാമിന്ദ്രിയത്തിന്റെ താക്കീതുകളും നമുക്കു ചെവിക്കൊള്ളേണ്ടി വരുന്നു. ശാന്തമായ സമുദ്രം ഒരു നല്ല നാവികനെ സൃഷ്ടിയ്ക്കില്ലല്ലോ? കാറ്റും കോളും പേമാരിയുമൊക്കെ വന്നാലേ, അനുഭവം ഗുരുവായി അവനു പിൽക്കാലത്ത് തുണയ്ക്കെത്തൂ. പക്ഷേ ഭയന്നു കടലിലേയ്ക്കെടുത്തു ചാടാനുള്ള  പ്രവണതയെ തടയാനുള്ള മനക്കരുത്ത് അവനു കൈമുതലായുണ്ടാവുക തന്നെ വേണം. കഴിഞ്ഞ പ്രാവശ്യത്തെ വിപണിത്തകർച്ചയിൽ ഒട്ടേറെപ്പേർ മുബൈയിലടക്കംആത്മഹത്യ ചെയ്യാനിടയായിട്ടുള്ളത് ഓർമ്മയുണ്ടല്ലോ. ഇത്തരം ദാരുണമായ സംഭവ വികാസങ്ങൾ പലപ്പോഴും പിടിവിട്ടുപോകുന്ന മനസ്സിന്റെ നൈമിഷികമായ ദൌർബല്യങ്ങങ്ങളുടെ പരിണതഫലം തന്നെയാണ്. ഒരു തകർച്ചയ്ക്കപ്പുറം ഒരുയർച്ച ഉണ്ടാകാതെ വയ്യെന്ന ശുഭാപ്തി വിശ്വാസം മുറുകെപിടിച്ചാൽ തന്നെയേ ഇത്തരക്കാർക്ക് പിടിച്ചു നിൽക്കാനാവൂ. You don’t own stocks. Stocks own you എന്നു പറയാറുണ്ടല്ലോ? അതു പോലെ തന്നെ കളിയ്ക്കു തയ്യാറായി ഗോദയിലിറങ്ങുന്നവൻ കളിയുടെ നിയമങ്ങളും ജയ-പരാജയസാധ്യതകൾ അറിഞ്ഞു വയ്ക്കുന്നതിനൊപ്പം തന്നെ എപ്പോൾ കളി നിർത്തണമെന്നു കൂടി അറിഞ്ഞിരിയ്ക്കണം.

രൂപയുടെ മൂല്യത്തകർച്ച വല്ലാത്ത ആശങ്കയ്ക്കിടയാക്കുന്നുവെന്നത് സത്യം തന്നെ. ഒരു ഡോളറിന്  53.71 രൂപ  എന്നതിൽ നിന്നും 58 വരെയെത്താമെന്ന സൂചന ഏറെ പരിഭ്രാന്തിയ്ക്കിടയാക്കിയിട്ടുണ്ട്.രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി ഇത്രയും താഴ്ന്നതും ഡോളറിനു കരുത്തേറിയതും വിദേശ നിക്ഷേപകർ ഇന്ത്യൻ മാർക്കറ്റിൽ നിന്നും പിൻ വലിയുന്നതും വിപണിയെ പ്രതികൂലമായി ബാധിയ്ക്കാതെ വയ്യല്ലോ?

സാധാരണക്കാരനെസ്സംബന്ധിച്ചിടത്തോളം നഗരത്തിലെ ജീവിതം കൂടുതൽ ദുസ്സഹമായിത്തുടങ്ങിയിരിയ്ക്കുന്നു.  ജീവിതച്ചിലവിൽ വരുന്ന കുതിച്ചു കയറ്റം വരുമാനത്തിലധികമാകുമ്പോൾ മനസ്സമാധാനം നഷ്ടമാകുന്നു. പിടിച്ചു നിൽക്കാനാകാത്ത അവസ്ഥയിലേയ്ക്കാണിതു പോകുന്നത്. പാൽ, വെള്ളം, ഇലക്ട്രിസിറ്റി, വാടക, ബാങ്കിലെ വീട് ലോൺ , പെട്രോൾ, പലചരക്ക് , പച്ചക്കറി,സ്കൂൾ ഫീസ്, യാത്രച്ചിലവ് ,വേലക്കാരിയുടെ ശമ്പളം എന്നു തുടങ്ങി ഏതു വിഭാഗത്തിലേയും ചിലവ് ഉയർന്നു കൊണ്ടേയിരിയ്ക്കുന്നു. അതിനനുസരിച്ച വരുമാനത്തിന്റെ  ഉയർച്ചയുടെ അഭാവം അവന്റെ കുടുംബജീവിതത്തിന്റ്റെ ഭദ്രതയെ തകർക്കുന്നു. നഗരവാസികൾ അസന്തുഷ്ടരാകതെങ്ങനെ? കാത്തിരുന്നു കിട്ടുന്ന നാട്ടിലെയ്ക്കുള്ള യാത്രപോലും ആസ്വാദകകരമല്ലാതാകാൻ ഇതു കാരണമാകുന്നു. മഹാനഗരത്തിലെ സാധാരണക്കാരന്റെ ജീവിതം അൽ‌പ്പം കൂടി ദുരിതം കുറഞ്ഞതായിരുന്നെങ്കിൽ  എന്നു അറിയാതെ മോഹിച്ചു പോകുകയാണ്. മറ്റു മെഗാ സിറ്റികളിലും മുംബേനഗരിയിലും ഉള്ള നഗരജീവിതത്തിലെ സുഖ സൌകര്യങ്ങളെ താരതമ്യം ചെയ്തു ടൈംസ് ഓഫ് ഇന്ത്യ ഐ.എം.ആർ. ബി. നടത്തിയ സർവേ പഠനത്തിൽ വെള്ളം, വെളിച്ചം(ഇലക്ട്രിസിറ്റി) , നിയമമേഖല എന്നിവയിൽ മുംബൈ ഏറ്റവും ഉയർന്നമാർക്കു നേടിയപ്പോൾ പ്രാദേശിക ഭരണത്തിൽ ഏറെ പിന്നാക്കമാണെന്നു കാണാനായി. ഇതു  തന്നെയാണല്ലോ നഗരവസികൾക്കിങ്ങനെ സഹിയ്ക്കാൻ കാരണമകുന്നത്.  ഇത്രയൊക്കെയായിട്ടും മനസ്സിലും കണ്ണിലും  സ്വപ്നങ്ങളുമായി ഇന്നും ഇവിടേയ്ക്കൊഴുകുന്നവർ കുറവല്ലല്ലോ. ഏറ്റവും കൂടുതൽ പ്രവാസികളെത്തുന്ന സ്ഥലമെന്ന പട്ടം  ഡെൽഹിയ്ക്കായി കൈമാറിയിട്ടും നേട്ടങ്ങൾക്കായുള്ള സ്വപ്നങ്ങൾ നെയ്യുമ്പോൾ മഹാലക്ഷ്മിയുടെ  ആവാസസ്ഥാനമായി കണക്കാക്കുന്ന മുംബൈ തന്നെ ഇപ്പോഴും കൂടുതൽ ആകർഷകമാകുന്നതെന്നു കാണാം.ഇവിടുത്തെ ജീവിതം ആകാംക്ഷകളും ആശങ്കകളും നിറഞ്ഞതായി മാറിയിരിയ്ക്കുന്നു. ജീവിതച്ചിലവ് കൂടുതൽ, സിവിക് സെൻസ്സും വൃത്തിയും  കുറവ്, തുറന്ന സ്ഥലങ്ങളുടേയും മൈതാനങ്ങളുടേയും ശുദ്ധവായുവിന്റേയും കുറവ് , തിരക്കു കൂടിയ റോഡുകൾ , പാർപ്പിട സൌകര്യത്തിലെ പ്രശ്നങ്ങൾ എന്നു തുടങ്ങി മഹാനഗരിയ്ക്കു ഒട്ടേറെ കറുത്തമാർക്കുകൾ സർവേയിൽ കിട്ടുകയുണ്ടായി. ആസൂത്രണങ്ങളുടെ അഭാവമല്ല, കഴിവില്ലായ്മയുമല്ല ഇവിടത്തെ പ്രശ്നങ്ങൾക്കു കാരണമാകുന്നത് . മുംബൈ  നഗരം ഒരുപക്ഷേ വിചാരിച്ചതിലധികം വേഗത്തിൽ വളർന്നതിനാലാണോ ഇതു സംഭവിച്ചത്?  എന്നു തോന്നുന്നില്ല.ഇന്നിപ്പോൾ ഇവിടെ നടക്കുന്ന പല യോജനകളും  കടലാസ്സിൽ നിന്നും സാധാരണക്കാരനിലേയ്ക്കെത്തിപ്പെടാൻ എടുക്കുന്ന കാലവിളംബം തന്നെയായിരിയ്ക്കാം ഇതിനു പുറകിൽ.

ഒന്നു പറയാതെ വയ്യ. മുംബെ നഗരിയുടെ തനതായ സംസ്ക്കാരത്തിനു കാര്യമായ വ്യതിയാനങ്ങൾ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നു.  ഈ മാറ്റം  സമൂഹത്തിന്റെ എല്ലാത്തുറകളിലും വ്യക്തമാണു താനും. അതു സാധാരണക്കാരനായ നഗരവസികളെ ബാധിയ്ക്കുമ്പോഴേ നാം അതിന്റെ ആഴം മനസ്സിലാക്കുന്നുള്ളൂവെന്നു മാത്രം. മൂന്നു രൂപയ്ക്കു പകരമായി 10 രൂപ നോട്ടു കൊടുത്ത ചെറുബാലികയെ നിഷ്ക്കരുണം ബസ്സിൽ നിന്നും ഇറക്കിവിടുന്ന സംസ്ക്കാരം നഗരിയ്ക്ക് തികച്ചും അന്യമായ ഒന്നു തന്നെ. വളർച്ചയിലെ ഘട്ടങ്ങളിൽ മാറുന്ന മുഖപ്രകൃതിയ്ക്കൊപ്പം നഗരം കാണിയ്ക്കുന്ന ഇത്തരം മുഖഭാവങ്ങൾ വളർച്ചയെന്ന ഗ്രഹണത്തിന്റെ പാർശ്വഫലം മാത്രമെന്നു നമുക്കാശ്വസിയ്ക്കാം, തൽക്കാലം. മറവിൽ നിന്നും പുറത്തെത്തുന്ന തിളക്കമാർന്ന നല്ല നാളെയ്ക്കായി നമുക്കു കാത്തിരിയ്ക്കാം, അല്ലേ?   ‘Be not afraid of growing slowly, be afraid only of standing still’  എന്ന ചൈനീസ് പഴമൊഴി നമുക്ക് ഒരാശ്വാസമായിക്കാണാം.

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

മുംബൈ പൾസ്-31 (ജഹാംഗീർ ആർട്ട് ഗാലറിയും മനീഷ് മാർക്കറ്റും)

ഇന്നു മുംബെയിലെ ജഹാംഗീർ ആർട്ട് ഗാലറിയിൽ പ്രശസ്തനായ ഒരു മലയാളി ചിത്രകാരനായ ശ്രീ എം. നാരായണൻ നമ്പൂതിരിയുടെ“Scream of Solittude” എന്ന പേരോടു കൂടിയ പ്രദർശനം ആസ്വദിയ്ക്കാനിടയായി. ഇദ്ദേഹം കൽക്കത്തയിൽ പ്രശസ്തമായ  വിക്റ്റോറിയാ മെമ്മോറിയൽ  ഹാളിൽ റെസ്റ്റോറേഷൻ ഡിപ്പാർട്ടുമെന്റിൽ ക്യൂറേറ്റർ ആയി  ആർട് റെസ്സറക്ഷൻ നടത്തി വരുന്നു.  ഞങ്ങൾ കൽക്കത്തയിൽ താമസിയ്ക്കുന്ന കാലത്തു പലപ്പോഴും വിക്ടോറിയ മെമ്മോറിയൽ സന്ദർശിയ്ക്കുന്ന സമയത്ത് ഇദ്ദേഹത്തെ കാണാനും പരിചയപ്പെടാനുമിടയായിട്ടുണ്ട്. ഫോർട്ട് ഏരിയയിൽ കാലാഘോഡയിൽ സ്ഥിതി ചെയ്യുന്ന ഈ ആർട്ട് ഗാലറിയിലേയ്ക്ക് പോകുന്ന സമയം വഴിയരികിലായി ഫുട്പാത്തിൽ നിരനിരയായിവച്ചിരിയ്ക്കുന്ന പുസ്തകങ്ങൾ എന്നെ മാടി വിളിയ്ക്കുന്നതായിത്തോന്നി. ഒരു നിമിഷം അവയെന്നെ വർഷങ്ങൾക്കു പുറകിലേക്യ്ക്കു കൂട്ടിക്കൊണ്ട് പോയതു പോലെ തോന്നി. മനസ്സിന്റെ ആകർഷണത്തിനു കടിഞ്ഞാണിടാൻ ശ്രമിച്ചു  കൊണ്ടു മുന്നോട്ട് നടക്കുമ്പോഴും മനസ്സ് അവയിൽ ഉടക്കി നിൽക്കുന്നതു പോലെത്തന്നെ തോന്നി. വർഷങ്ങൾക്കു മുൻപായി ഓഫീസ് ആവശ്യത്തിന്നായി ദിവസവും ഈ ഏരിയയിൽ വരുമായിരുന്നു. തിരിച്ചു പോകുന്ന സമയത്തു ദിവസവും കുറച്ചു സമയം ഫുട്പാത്തിലെ പുസ്തകങ്ങൾക്കിടയിൽ ചിലവിടാറുള്ളതോർമ്മ വന്നു. ഇന്ന് എന്റെ പുസ്തക  അലമാരിയിൽ ഇരിയ്ക്കുന്ന  പല പുസ്തകങ്ങളും ശേഖരിയ്ക്കപ്പെട്ടത് ഇത്തരം സ്ഥലങ്ങളിൽ നിന്നും തന്നെ.

കലാപ്രേമികളുടെ അറിവിനായി ശ്രീ നാരായണൻ നമ്പൂതിരിയെക്കുറിച്ചൊരൽ‌പ്പം. ബറോഡയിലെ എം.എസ്. യൂണിവേർസിറ്റിയിൽ നിന്നും അപ്പ്ളൈഡ് ആർട്ട്സിൽ ഡിപ്ലോമ, ന്യൂഡെൽഹിയിലെ നാഷണൽ മ്യൂസിയത്തിലെ റെസ്റ്റോറേഷൻ ഡിപ്പാർട്ടുമെന്റിൽ പരിശീലനം എന്നിവയ്ക്കു ശേഷം 1989 മുതൽ കൽക്കത്തയിലെ പ്രസിദ്ധമായ വിക്ടോറിയ ഹാളിൽ ഓയിൽ പെയിന്റിംഗിലെ ടെക്നികൽ റെസ്റ്റോറർ ആയി ഇദ്ദേഹം പ്രവർത്തിച്ചു വരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള പ്രസിദ്ധ ഗാലറികളിൽ ഇദ്ദേഹത്തിന്റെ സോളൊ എക്സിബിഷനുകൾ നടന്നിട്ടുണ്ട്.

ശ്രീ നാരായണൻ നമ്പൂതിരിയുടെ ചിത്രങ്ങൾ ജഹാംഗീർ ആർട്ട് ഗാലറിയിലെ ഒന്നാം നിലയിലെ ഹിർജി ഹാളിൽ ആണ് പ്രദർശിയ്ക്കപ്പെട്ടിരുന്നത്. നവംബർ 22 മുതൽ-28 വരെ. സ്പെഷ്യലായി ഉണ്ടാക്കിയിരിയ്ക്കുന്ന ഹാൻഡ് മെയ്ഡ് പേപ്പറിലെ വാട്ടർ കളർ പെയിംറ്റിംഗുകൾ(18“*26“) അവയുടെ തീമുകളാലും നിറക്കൂട്ടുകളുടെ ഭംഗിയാലും ഹാളിൽ പ്രവേശിച്ചപ്പോൾ പെട്ടെന്നു തന്നെ ശ്രദ്ധയിൽ‌പ്പെട്ടു. അവയുടെ കാഴ്ച്ചയിലെ യൂണിഫോമിറ്റിയും അന്തർലീനമായ തുടർച്ചയുടെ ഭാവവും ആസ്വാദകരെ കൂടുതൽ ആകർഷിച്ചുകാണും. അബോധ മനസ്സിന്നുള്ളിലെവിടെയോ നിന്നും അറിയാതെ പുറത്തു ചാടിയ  അപൂർണ്ണമായ ചിന്താശകലങ്ങളിലെ കൂട്ടുകാരെന്നപോൽ അവ്യക്തമായ മനുഷ്യരൂപങ്ങളും പാമ്പും കിളിയുമെല്ല്ലം കുട്ടിക്കാലത്തിന്റെ ഓർമ്മകളിലൂടെ ചിത്രങ്ങളിൽ സന്നിവേശിപ്പിയ്ക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം വിജയിച്ചിട്ടുണ്ടെന്നു നിസ്സംശയം പറയാം.മരങ്ങൾ നിറഞ്ഞു നിൽക്കുന്ന പാമ്പിൻ കാവുകൾ മനസ്സിൽ‌പ്പതിപ്പിച്ച ദൃശ്യങ്ങൾ അറിയാതെ പൊന്തി വന്നു നിറങ്ങളിൽക്കുളിച്ചു നിൽക്കുന്നതു പോലെ.ആരാധന തോന്നി, സത്യത്തിനേയും മിഥ്യകളെയും ഉള്ളിലുറങ്ങിക്കിടക്കുന്ന യാഥാർത്ഥ്യങ്ങളുടെ തനിമയിയന്ന രൂപങ്ങളേയും ഇത്രമാത്രം ആകർഷകമാക്കി കാൽ‌പ്പനികത്വത്തിന്റെ പരിവേഷമണിയിച്ച് നിറച്ചാർത്തുകളുടെ തിളക്കത്തിൽ ജീവൻ കൊടുക്കാൻ കഴിയുന്ന ആ പ്രത്യേക കഴിവിൽ. കളർ ടോണുകളും സ്ട്രോക്കുകളും അവയിലൂടെ ഉരുത്തിരിയുന്ന അവ്യക്തത നിറഞ്ഞ ഒട്ടേറെ രൂപങ്ങളും ഭാവനയുടെ മിഴിവിനാൽ  കലാകാരന്റെ കഴിവിനെ വിളിച്ചോതുന്നവ തന്നെ. ചിത്രങ്ങൾക്കൊന്നിനും പ്രത്യേകമായി പേർ കൊടുത്തിട്ടില്ല.അദ്ദേഹത്തിന്റെ തന്നെ പ്രിയപ്പെട്ട ചിത്രമായ പഴയ രീതിയിൽ വസ്ത്രം ധരിച്ച അവ്യക്തമായ സ്ത്രീരൂപം പല ആംഗിളുകളിൽ നിന്നായി നോക്കുമ്പോഴും കൂടുതൽക്കൂടുതൽ ആകർഷകമായിത്തോന്നി. വാട്ടർകളർ  ഈ ചിത്രകാരന്റെ എക്സ്പ്രഷൻ രീതിയ്ക്കു തികച്ചും അനുയോജ്യം തന്നെ എന്നു തോന്നി.

ആർട്ട് ഗാലറിയിലെ താഴത്തെ നിലയിൽ അക്രിലിക് കാൻവാസുകളിലെ ‘phantoms of physicality'( ആർട്ടിസ്റ്റ് ചിരു ചക്രവർത്തി) നിറക്കൂട്ടുകളുടെ മിഴിവാൽ ശ്രദ്ധേയമായി. തീവണ്ടികളും കപ്പലുകളും വിവിധതരം മനോഹരമായ നഗരക്കാഴ്ച്ചകളുമായി CANVASഒരുക്കിയ  ആർട്ടിസ്റ്റ് സുരേഷ് ഭോസലെ,ലാളിത്യമേറിയതും ഇളം നിറങ്ങളുടെ സങ്കലനത്താൽ ഹൃദ്യവുമായ പ്രകൃതിദൃശ്യങ്ങൾ  കാൻവാസിൽ സൃഷ്ടിച്ച ആർട്ടിസ്റ്റ് സി.എൻ. പാട്ടീൽ,കടും നിറങ്ങളുടെ വർണ്ണപ്പകിട്ടിനാൽ ചാരുത നിറയ്ക്കാനായ ചിത്രങ്ങളുമായി ആർട്ടിസ് നിതിൻ എന്നിവരും കണ്ണുകൾക്കും മനസ്സിന്നും നൽകിയ വിരുന്നുകൾ ഏറെ കുളിർമ്മയേറിയവ തന്നെയായിരുന്നു.

കുളിർമ്മയേറിയ ഈ ദൃശ്യങ്ങൾ നമുക്കേകിയ മഹാനഗരിയുടെ അധികം ദൂരെയല്ലാത്ത മനീഷ് മാർക്കറ്റിൽ അപ്പോഴും തീ പൂർണ്ണമായണഞ്ഞിരുന്നില്ല.  വെള്ളിയാഴ്ച്ചരാത്രി മുതൽ കത്തിയെരിയുന്ന   മനീഷ് മാർക്കറ്റും സര -സഹാര കോമ്പ്ലെക്സും തിരിച്ചുപോരുമ്പോൾ ബ്രിഡ്ജിനു മുകളിൽ നിന്നും കാണാനായി. പലപ്പോഴും മനീഷ് മാർക്കറ്റ് സന്ദർശിയ്ക്കാനിടയായിട്ടുണ്ട്. നഗരിയിലെ പ്രസിദ്ധമായ ക്രാഫോർഡ് മാർക്കറ്റിനടുത്തുള്ള ഈ ഹോൾ സെയിൽ മാർക്കറ്റിലെ 500ൽ‌പ്പരം കടകളാണ് കത്തി നശിച്ചത്. ഈ വൻ അഗ്നി ബാധ അട്ടിമറിയാണെന്നും   സംശയിയ്ക്കപ്പെടുന്നു. ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾക്കൊപ്പം ലക്ഷക്കണക്കിനു രൂപയും കത്തി നശിച്ചുവെന്നാണറിയാൻ കഴിഞ്ഞത്. കടകൾക്കൊപ്പം എത്ര കച്ചവടക്കാരുടെ മനസ്സിലേയ്ക്കും ഈ തീ പടർന്നു കാണും? മൊത്തം100 കോടിയുടെ  നഷ്ടമാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

മുംബൈ പൂരത്തിന്റെ സ്പെഷ്യൽ എപ്പിസോഡുമായി  എൻ.കെ. ഹോംസിന്റെ‘ആംചി മുംബൈ‘ യുടെ പ്രക്ഷേപണം കൈരളി ടി.വി. യിൽ ,ഈയാഴ്ച്ച തുടങ്ങിയത് നഗരവാസികളെ അഭിമാനഭരിതരാ ക്കിയിരിയ്ക്കുന്നു.മുംബൈ മലയാളികളൊന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ഈ പരിപാടിയ്ക്കു നല്ല വരവേൽ‌പ്പാണ് കിട്ടിയിരിയ്ക്കുന്നത്  .എന്‍ കെ ഹോംസ് ആംചി മുംബൈ എല്ലാ ഞായറഴ്ച്ചകളിലും രാവിലെ എട്ടു മുപ്പതിനായിരിയ്ക്കും പ്രക്ഷേപണം നടത്തുക. മുംബൈ നഗരത്തെക്കുറിച്ചും ഇവിടത്തെ വിശിഷ്ട വ്യക്തികളെക്കുറിച്ചും പ്രതിഭകളെക്കുറിച്ചും നഗരിയ്ക്കകത്തും പുറത്തുമുള്ളവർക്ക് ഒർപോലെ  അറിയാനുള്ളൊരു സുവർണ്ണാവസരം കൂടിയാണിത്.കാണാൻ മറക്കണ്ട.

വൃശ്ചികത്തിന്റെ ആഗമനം വിളിച്ചോതുന്നവിധം നഗരത്തിന്റെ ഏതു ഭാഗത്തും  അയ്യപ്പഭക്തന്മാരെ കാണാനാകുന്നു. ശബരിമല സീസൺ പ്രമാണിച്ചാവാം പ്രകൃതിയും ഒരല്പ്പം മാറിയിരിയ്ക്കുന്നുവോ?പ്രഭാതങ്ങൾക്കൊരൽ‌പ്പം തണുപ്പ് തോന്നിത്തുടങ്ങിയിരിയ്ക്കുന്നു.നമ്മളെയൊക്കെസ്സംബന്ധിച്ചിടത്തോളം ഈ  സമയം ഗൃഹാതുരത്വത്തിന്റെ കൂടിയാണെന്നു തോന്നും. വൃശ്ചികക്കാറ്റിന്റെ അകമ്പടിയോടെ ഉറച്ചു വരുന്ന തണുപ്പിൽ കുളിച്ചീറനായി വരുന്ന അയ്യപ്പഭക്തന്മാർ കേരളത്തിന്റെ ഗ്രാമവീഥികളെ ശരണം വിളികളാൽ ഭക്തിയുടെ കുളിരണിയിയ്ക്കുന്ന സമയമാണല്ലോ ഇത്. ഇത്തവണ  വൃശ്ചികം ഒന്നിന് നാട്ടിൽ പ്പോയി ഗുരുവായൂരപ്പദർശനം നടത്താനായി . ഏകാദശി പോലീസ് വിളക്കു ദിവസമായിരുന്നു.എണ്ണാനാകാത്തത്ര വലിയ വിളക്കുകൾ നിരനിരയയി വച്ചിരിയ്ക്കുന്നു. വല്യമ്പലത്തിൽ വരിവരിയായി കെട്ടുംനിറയ്ക്കുവേണ്ട സാധനസാമാഗ്രികളുമായി അയ്യപ്പന്മാരെ കെട്ടു നിറയ്ക്കാൻ സഹായിയ്ക്കുന്ന പെരിയസ്വാമിമാരും  ഭക്തിപൂർവം അവർക്കു മുന്നിലായി കുളീച്ചീറനായി കറുത്തവസ്ത്രം ധരിച്ച അയ്യപ്പന്മാരും . അനൌൺസുമെന്റുകൾ തമിഴും തെലുങ്കും കന്നഡയും മലയാളവും ഇംഗ്ലീഷുമായി ഒഴുകി വരുന്നു. അമ്പലത്തിനു പുറത്തു മഞ്ഞുളാൽ വരെയും തിരക്കാണ്. അന്യഭാഷക്കാരാണു അധികമെന്നു കണ്ടു. വിദേശീയരും ധാരാളം.ഇതെല്ലാം കാണുമ്പോൾ വല്ലപ്പോഴും വന്നു പോകുന്ന നമുക്കെല്ലാം ഒരു അപരിചിതത്വം തോന്നിത്തുടങ്ങുന്നുവോ? ഗുരുവായൂർ നിന്നും തിരികെ വരുമ്പോൾ പണ്ടു പഠിച്ച ശ്രീ കൃഷ്ണാ കോളേജ് സ്റ്റോപ്പെത്തിയപ്പോൾ കോളേജ് ഒന്നു കാണാൻ മോഹം. കാർ കോളേജ് ഗെയിറ്റിനുള്ളീലേയ്ക്കെടുത്ത് കോമ്പൌണ്ടിലൊക്കെയൊന്നു ചുറ്റിച്ചു പുറത്തേയ്ക്കിറങ്ങുമ്പോൾ ഗ്രൌണ്ടിൽ ക്രിക്കറ്റ് കളിയ്ക്കുന്നവരിൽ ഒട്ടേറെപ്പേർ കൌതുകത്തോടെ നോക്കുന്നു…പ്രവാസിയുടെ ഈ ഗൃഹാതുരത്വത്തിനെക്കുറിച്ചിപ്പോൾ അവർക്കെന്തു മനസ്സിലാകാൻ?

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

മുംബൈ പൾസ്-30( സുരക്ഷയുടെ ആകുലതകളുമായി….)

പലപ്പോഴും ചുറ്റും കണ്ണോടിയ്ക്കുമ്പോൾ തന്നെ മനസ്സിലാക്കാനാകുന്നു, നഗരത്തിന്റെ വൈചിത്ര്യം. നമ്മെ ജീവിയ്ക്കാനും മുന്നോട്ടു നീങ്ങാനും നഗരി പ്രാപ്തരാക്കുന്നുവെന്ന തിരിച്ചറിവ്  നമ്മെ നഗരത്തോട് കൂടുതലായടുപ്പിയ്ക്കുന്നു. നഗരജീവിതം ശരിയ്ക്കും  അനുഭവങ്ങളിലൂടെ നമ്മെ പാഠങ്ങൾ പഠിപ്പിയ്ക്കുന്നു. പ്രതിബന്ധങ്ങളെ നേരിടാൻ കരുത്തരാക്കുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് നടക്കാൻ പോയി തിരിച്ചു വരുമ്പോൾ   പതിവുപോലെ നാളികേരം , ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവ വാങ്ങാനായി പതിവു കടയിലെത്തി. ഇപ്പോഴിവിടെ  അവ മാത്രമല്ല,എല്ലാത്തരം ഫ്രെഷ് ആയ പച്ചക്കറികളും സുഭിക്ഷം. പണ്ടിവിടെ ഉരുളക്കിഴങ്ങ്, ഉള്ളി , നാളികേരം എന്നിവ മാത്രമേ കിട്ടിയിരുന്നുള്ള. ഇപ്പോഴത്തെ പയ്യന്റെ അച്ഛനായിരുന്നു അന്നു കട നടത്തിയിരുന്നത്. മദ്ധ്യവയസ്ക്കനായ അയാൾ യാതൊരു വിധ ഉത്തരവാദിത്വവും കൂടാതെ ക്രിക്കറ്റും കളിച്ചു നടന്നിരുന്ന 10-12 വയസ്സുള്ള മകനെ പലപ്പോഴും ശകാരിയ്ക്കുന്നതും കാണാനിടയായിട്ടുണ്ട്. ഒരിയ്ക്കൽ  നാട്ടിൽ‌പ്പോക്കിന്റെ ചെറിയൊരു ഇടവേളയ്ക്കു ശേഷം വന്നപ്പോൾ കടയിലിരിയ്ക്കുന്ന പയ്യനും ചുവരിൽ തൂങ്ങുന്ന അവന്റെ അച്ചന്റെ ഫോട്ടോയുമാണെന്റെ കണ്ണിൽ‌പ്പെട്ടത്. ഞാൻ ഫോട്ടോയിൽ നോക്കുന്നതു കണ്ടപ്പോൾ ഒന്നും ചോദിയ്ക്കാതെ തന്നെ അവൻ കണ്ണിൽ വെള്ളം നിറച്ചു ഗദ്ഗദം പൂണ്ടു പറഞ്ഞതിൽ പലതും എനിയ്ക്കു മനസ്സിലാക്കാനായില്ല. പക്ഷെ അവിടെ പോകുമ്പോഴെല്ലാം മനസ്സിന്നൊരു ചെറിയ വിങ്ങൽ തോന്നിയിരുന്നു. ഉരുളക്കിഴങ്ങും സബോളയും നാളികേരവും നിറഞ്ഞ ചാക്കുകെട്ടുകൾ പോലെ ജീവിതഭാരം മുഴുവനും അവന്റെ തലയിൽ വച്ചു തന്നെയോ ആ പിതാവു കടന്നു പോയത്? നിസ്സഹായതയുടെ കറുത്ത രേഖകൾ അവന്റെ മുഖത്തു നിഴലിയ്ക്കുന്നതു പോലെ. കാലം ആർക്കും കാത്തു നിൽക്കില്ലല്ലോ? ഇന്നവൻ പഴയ മെലിഞ്ഞ പയ്യനല്ല. ആജാനബാഹുവായ സദാ പ്രസന്ന വദനനായ ചെറുപ്പക്കാരനാണ്. കട വെറും പെട്ടിക്കടയെങ്കിലും നല്ല ബിസിനസ്സ്. അടുത്തു തന്നെ ഹോട്ടലുകളും, ചൈനീസ് സെന്ററും മാളുകളും വന്നതു കണ്ടപ്പോൾ തന്റെ ഇത്തിരി സ്ഥലത്ത് ഏറ്റവും ഡിമാൻഡുള്ള പച്ചക്കറികൾ, സാലഡ് ഐറ്റങ്ങൾ ബ്രോക്കോളി വരെ അവൻ കരുതി വയ്ക്കുന്നു. പഴയ നിസ്സഹായാവസ്ഥയ്ക്കു പകരം മുഖത്ത് കാണുന്ന കോൺഫിഡൻസ് ഏറെ ശ്രദ്ധേയം. കടയിൽ വരുന്നവരോടുള്ള പെരുമാറ്റവും ഹൃദ്യം തന്നെ. കറ്റയിലെത്തിയ ഏതോ പതിവു കസ്റ്റമറോട് ആരുടേയോ അസുഖം മാറിയില്ലേ, ആസ്പത്രിയിൽ  പോയില്ലേ കാണാൻ എന്നു തുടങ്ങിയ അവന്റെ ചോദ്യങ്ങൾ കേട്ടപ്പോൾ വിചാരിച്ചു, മിടുക്കനായിരിയ്ക്കുന്നു ഇവൻ.  കച്ചവടത്തിന്റെ ട്രേഡ് സീക്രട്ടുകൾ ഇവൻ പഠിച്ചു കഴിഞ്ഞല്ലോ? അല്ലെങ്കിലും മേലനങ്ങി പണിയെടുക്കാൻ തയ്യാറുള്ള  ആരേയും ഈ നഗരം ഒരിയ്ക്കലും നിരാശരാക്കിയിട്ടില്ലല്ലോ? ആംചി മുംബൈ…..!

ശരിയാണ് , നാം അനുഭവത്തിൽ നിന്നെങ്കിലും പഠിയ്ക്കാതെങ്ങനെ? അന്ധേരി അംബോളിയിൽ ഒരു ഹോട്ടലിൽ  നടന്ന വാക്കുതർക്കവും അതിനെത്തുടർന്നുണ്ടായ അടിപിടിയും രണ്ടു യുവാക്കളുടെ ജീവനെയാണ് നഷ്ടപ്പെടുത്തിയത്. ഇത്തരം അവസരങ്ങളിലെ പോലീസിന്റെ അനാസ്ഥ നഗരത്തിൽ ചർച്ചാവിഷയമായിക്കഴിഞ്ഞിരിയ്ക്കുന്നു.   കണ്ടില്ലെന്നു നടിച്ചിരുന്നാൽ ശരിയല്ലെന്ന വിചാരം പലർക്കുമുണ്ടെങ്കിലും ആരും മിണ്ടാതിരിയ്ക്കുകയായിരുന്നു. ഇപ്പോഴെങ്കിലും ഹരാസ്മെന്റിനെതിരായുള്ള  ഒരു കാമ്പേൻ തുടങ്ങിവയ്ക്കാനും പോലീസ് സഹായം ഏതു നേരവും ലഭ്യമാകണമെന്ന ഡിമാൻഡ് ഉയർന്നതും   നന്നായി. പലപ്പോഴും എവിടെയും ഇതു തന്നെയാണല്ലോ സംഭവിയ്ക്കുന്നത്?.എന്തെങ്കിലും സംഭവിയ്ക്കാനായി നാം കാത്തിരിയ്ക്കുന്നു, ഒരു ‘വൈക് അപ്‘ കോളിനെന്നോണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ  24 മണിക്കൂറും പോലീസ് സഹായം ലഭ്യമാകുന്നത് നഗരത്തിലെ അക്രമങ്ങളെ കുറയ്ക്കാൻ ഉതകാതിരിയ്ക്കില്ല.

നഗരത്തിൽ അക്രമം ഏറുന്നുവോ? സ്ത്രീകളുടെ സുരക്ഷ ഇവിടെയും പ്രശ്നമായിത്തുടങ്ങിയോ?  നഗരം വളരുന്തോറും നമുക്കന്യമായിക്കൊണ്ടിരിയ്ക്കുന്നു. നഗരത്തിന്റെ ക്രമാതീതമായ  വളർച്ച അപരിചിതത്വത്തെ ക്ഷണിച്ചു വരുത്തുന്നു. പത്രത്തിന്റെ താളുകളിൽ കാണുന്ന കൊല, റേപ്, തട്ടിപ്പറികൾ, കൊള്ളയടിയ്ക്കലെന്നിവ നമ്മുടെ മനസ്സിൽ പഴയതുപോലെ നടുക്കം വരുത്താതിരിയ്ക്കുന്നതിന്റെ കാരണം അതിന്റെ ആധിക്യം തന്നെയാണല്ലോ?. വെറും കാഴ്ച്ചക്കാരായി മാറുന്നുവോ പോലീസും? പോലീസ് മാത്രം മതിയോ?ഇവിടെ നമുക്കാവശ്യം പൊതു ജനത്തിന്റെ കൂടി സഹകരണമാണ്. പഴയതുപോലെ നിർവികാരരായി, മൂകസാക്ഷികളായി  നോക്കിനിൽക്കാതെ പൊതുജനം ഒറ്റക്കെട്ടായാൽ അക്രമത്തെ ഒട്ടെങ്കിലും നേരിടാനാകും.എന്തായാലും നഗരവാസികൾ ഒരു പ്രതിഷേധ പ്രകടനത്തിന്നു തയ്യാറായിക്കഴിഞ്ഞു. എന്താണിവിടെ ചെയ്യേണ്ടതായിട്ടുള്ളത്?എന്തെങ്കിലും മാറ്റങ്ങൾ കൈവരിയ്ക്കാനാകുമോ? നമുക്കു കാത്തിരുന്നു കാണാം.

The Wave” (Die welle) എന്ന ഇന്നലെ കണ്ട ജർമ്മൻ സിനിമ ഇക്കാരണങ്ങൾ കൊണ്ടെല്ലാമായിരിയ്ക്കാം എന്റെ മനസ്സിൽ വല്ലാത്ത അസ്വസ്ഥതകൾ സൃഷ്ടിച്ചത്. 2008 ൽ ഡെന്നിസ് ഗാൻസെൽ ഡയരക്റ്റ് ചെയ്ത ഈ സിനിമ വളരെപ്പെട്ടെന്ന്  ഹിറ്റ് ആയി മാറിയിരുന്നു.ഒരേ ലക്ഷ്യത്തിന്നായി ഒറ്റക്കെട്ടായി പൊരുതുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പരിണതഫലങ്ങളും വളരെ തന്മയത്വം നിറഞ്ഞ രീതിയിൽ കാണിയ്ക്കാനായിരിയ്ക്കുന്നു. കഥയുടെ ഒഴുക്ക് എന്നെ അത്ഭുതപ്പെടുത്തി. എവിടെയും സ്വാഭാവികത നിറഞ്ഞു നിൽക്കുന്നു. കാൽപ്പനികത്വം തീരെയില്ലാത്ത ചിത്രം. ഉദ്വേഗത നില നിർത്തുന്ന അവസാനം. ഒരൽ‌പ്പം മനസ്സിനു കനം കൂട്ടിയ നിമിഷങ്ങൾ സിനിമയുടെ വിജയം തന്നെയല്ലാതെ മറ്റെന്താണ്?

വീട്ടുവേലക്കാർ നമുക്കു തരുന്ന തലവേദന കുറച്ചൊന്നുമല്ല, നഗരത്തിൽ. അവരെ ആശ്രയിയ്ക്കുന്നവർക്കാണെങ്കിലോ അവരുടെ എന്തൊക്കെ തെറ്റുകൾ കണ്ടാലും പൊറുത്തു സന്തോഷിപ്പിയ്ക്കാനേ നേരം കാണൂ. ഒരു ദിവസം വേലക്കാരി വന്നില്ലെങ്കിൽ അവരുടെ സകല കാര്യങ്ങളും അപകടത്തിലാവും. എന്നാൽ സ്വന്തം വേലക്കാരി തന്റെ വീട്ടിൽ നീന്നും സ്വർണ്ണമടക്കം മോഷണം ചെയ്തെന്നറിഞ്ഞിട്ടും അവളെ പിരിച്ചു വിടാൻ തയ്യാറാകാത്ത  കൊളാബയിലെ ഒരു വീട്ടമ്മയെക്കുറിച്ച് പത്രത്തിൽ വായിയ്ക്കുകയുണ്ടായി. അത്ഭുതം തോന്നിയില്ലെന്നതാണ് വാസ്തവം. കാരണം നല്ല വേലക്കാരികളെ കിട്ടുക എന്നതു തന്നെ ദുഷ്ക്കരമായിരിയ്ക്കെ കിട്ടിയവർ വിട്ടുപോയാലുള്ള അവസ്ഥയെക്കുറിച്ചവർക്കു ചിന്തിയ്ക്കാൻ വയ്യ. അതിലും ഭേദം ചിലതെല്ലാം കണ്ടില്ലെന്നു നടിയ്ക്കലാണെന്നിവർ കരുതുന്നു. വേലക്കാരിയുടെ മക്കളുടെ സ്കൂൾ ഫീസ്, പുസ്തകങ്ങൾ എന്നിവ കൊടുക്കുന്നതിനൊപ്പം അവർക്കായി ഇൻഷൂറൻസ്  അടയ്ക്കുക , വലിയതുക ഒന്നിച്ചായി അടിയന്തിരാവശ്യങ്ങൾക്കായി കടം കൊടുക്കുക എന്നിങ്ങനെ വേലക്കാരി വിട്ടു പോകാതിരിയ്ക്കാനായി  പല വഴികളും ഇവർ കണ്ടെത്തുന്നു. ഇവരും തങ്ങളുടെ ഡിമാൻഡ് മനസ്സിലാക്കിക്കൊണ്ടിരിയ്ക്കുന്നതിനാൽ ഏതെല്ലാം വിധത്തിൽ കിട്ടാവുന്ന ആനുകൂല്യങ്ങൾ അടിച്ചെടുക്കാനാവുമെന്ന് നോക്കുന്നു. ഇത്തരക്കാർ പോലീസ് വെരിഫിക്കേഷന്റെ അതിരുകൾക്കുള്ളിൽ വരാത്തതിനാൽ എന്തു പ്രവൃത്തികൾ ചെയ്യാനും മടിയ്ക്കുന്നില്ല.  നഗര സുരക്ഷയെ  തീർച്ചയായും ബാധിയ്ക്കുന്ന ഒന്നു തന്നെ ഇത്. നമ്മുടെ സുരക്ഷ തന്നെ നഗരിയുടെയും സുരക്ഷ. ഓരേ നഗരവാസിയും ഇതോർക്കേണ്ടതാണ്.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വിവിധദിനങ്ങളിലായാഘോഷിയ്ക്കുന്ന ‘ ചിൽഡ്രൻസ്’ ഡെ” നാമാഘോഷിയ്ക്കുന്നത്  കുട്ടികളുടെ പ്രിയംകരനായ ചാച്ചാ നെഹ്രുവിന്റെ ജനമദിനമായ നവംബർ 14 നാണല്ലോ?.  ഭാവിയുടെ തുടിപ്പുകളായ നഗരിയിലെ കുഞ്ഞുങ്ങൾക്കെല്ലാം ചിൽഡ്രൻസ് ഡേ ആശംസകൾ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

മുംബൈ പൾസ്-29 (ഭേരിയുടെ സംഗീതസമന്വയം-2011)

നഗരത്തിലെ ഞായറാഴ്ച്ചകൾ സംഭവബഹുലമായിത്തീരുന്നു, ഈയിടെയായിട്ട്. പക്ഷെ ഒരേ ദിവസം തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ  സംഗീത-സാഹിത്യ കലാസാംസ്ക്കാരിക സമ്മേളനങ്ങൾ നടക്കുമ്പോൾ എവിടെയ്ക്കാണ് മനസ്സ് അധികം ചായുന്നതെന്നു പറയാനാവില്ല. ഒരേ സമയം എല്ലായിടത്തുമെത്തുവാൻ മനം കൊതിയ്ക്കുന്നു. സബർബൻ സന്ദർശനങ്ങൾ പലപ്പോഴും ദൂരക്കൂടുതനിലാൽ വേണ്ടെന്നു വയ്ക്കപ്പെടുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച സാഹിത്യവേദിയിൽ ഡോക്ടർ പുഷ്പാംഗദൻ ‘കവിതകളിലെ മുക്തിപ്രസ്ഥാനസ്വാധീനങ്ങൾ: ഒരു പ്രതിവാദം’ എന്ന പ്രബന്ധം അവതരിപ്പിയ്ക്കുമെന്നറിഞ്ഞപ്പോൾ അത് അത്യധികം ആകർഷകമായിത്തോന്നി. പക്ഷേ അതെ ദിവസം തന്നെ ‘ഭേരി’യുടെ സംഗീത സമന്വയം-2011 ആണെന്നറിഞ്ഞപ്പോൾ ശരിയ്ക്കും ത്രിശങ്കു സ്വർഗ്ഗത്തിലായപോലെ . രണ്ടിനും പോകാൻ മോഹം. ഏതു വേണ്ടെന്നു വയ്ക്കും? സംഗീതം എന്നും കൂടുതൽ ആകർഷണമെകുന്നുവെന്നത് സമ്മതിയ്ക്കാതെ വയ്യ. അതിനാൽ പലപ്പോഴും അതിനു മുൻ ഗണന കിട്ടുന്നുവെന്നതും ശരി തന്നെ.  ഡോക്ടർ പുഷ്പ്പാംഗദന് ആശംസകളറിയിച്ച് ഭേരിയുടെ പരിപാടിയ്ക്കായി തിരിയ്ക്കുമ്പോൾ മനസ്സിൽ ഭേരിയുടെ പഴയ സദസ്സുകൾ അറിയാതെ ഓടിയെത്തുകയായിരുന്നു. ഒപ്പം തന്നെ ആസ്വാദ്യജനകമാകുമെന്നുറപ്പുള്ള ഒരു സംഗീതവിരുന്നിനായി മനസ്സു തുടിയ്ക്കാൻ തുടങ്ങി.

ഭേരി സംഗീത സമന്വയം-2011.  ഒരു കൂട്ടം സംഗീതപ്രേമികളുടെ  സംരംഭമായ  ഭേരിയുടെ ഒമ്പതാമത്തെ അരങ്ങിൽ കഥകളി സംഗീതത്തിന്റേയും കർണ്ണാടകസംഗീതത്തിന്റെയും ഒരു സമന്വയമാണൊരുങ്ങിയത്. ഇത്തവണ സ്ഥലം ഡോംബിവിലിയിലെ മോഡൽ ഇംഗ്ലീഷ് സ്കൂൾ. കഴിഞ്ഞ ഫെബ്രുവരിയിൽ  ഡോംബിവിലി റോട്ടറി ക്ലബ് ഹാളിൽ ശ്രീ വിഷ്ണുദേവിന്റെ കച്ചേരി കേൾക്കാനും സാധിച്ചിരുന്നു. സംഗീതലോകത്ത് വളർന്നുകൊണ്ടിരിയ്ക്കുന്ന യുവപ്രതിഭകൾക്കു ഭേരി നൽകുന്ന പ്രോത്സാഹനം  അഭിനന്ദനീയം തന്നെ. നവംബർ ആറിനു വൈകീട്ട് 4 മണിമുതൽ 9 മണിവരെ നീണ്ടു നിന്ന ഈ സംഗീതോത്സവത്തിനു തുടക്കമിട്ടത് വിവേക് നമ്പൂതിരിയുടെ പുല്ലാങ്കുഴൽ വായനയായിരുന്നു. ഈ യുവ ഗായകന്റെ  ‘ആഹിർ ഭൈരവി‘യിലെ ‘പിബരേ രാമരസ’വും ‘ഹിന്ദോള’ത്തിൽ ത്യാഗരാജകീർത്തനമായ ‘സാമജവരഗമന’യും തോടി രാഗത്തില്‍‘തായേ യശോദ ഉന്തൻ ആയർകുലത്തുദിന്ത‘ യും  പ്രത്യേകം ശ്രദ്ധയാകർഷിച്ചു. ‘കണ്ണന്  എന്റെ അവിൽ‌പ്പൊതി ” എന്ന സി.ഡിയുടെ മുംബെയിലെ പ്രകാശന കർമ്മം ശ്രീ കുന്നം വിഷ്ണു ശ്രീ ശ്രീകാന്ത് നായർക്കു നൽകിക്കൊണ്ട് നിർവ്വഹിയ്ക്കുകയുണ്ടായി.ഇതിനുശേഷമാണ് കലാമണ്ഡലം ഗിരീശനും  രെജു നാരായണനും കൂടി സംഗീതവിരുന്നൊരുക്കിയത്.  പുതുമയിയന്ന പരീക്ഷണങ്ങൾ ഭേരിയുടെ പ്രത്യേകതയാണ്. ശ്രീ ഗിരീശനൊത്ത്  ശ്രീരാഗ് വർമ്മയായിരുന്നു ഏറ്റു പാടാൻ. എസ്.ആര്‍. ബാലസുബ്രഹ്മണ്യം (വയലിന്‍), കെ.എന്‍. വെങ്കിടേശ്വരന്‍ (മൃദംഗം), അനില്‍ പൊതുവാള്‍ (ചെണ്ട), പരമേശ്വരന്‍ (മദ്ദളം) എന്നിവരായിരുന്നു പക്കമേളത്തിൽ വിരുന്നിനു കൊഴുപ്പേകിയവർ. ഗിരീശനാണ് തോടയത്തിലെ രാഗമാലികയിലെ വന്ദനശ്ലോകത്തിലൂടെ സമന്വയത്തിനു തൂടക്കം കുറിച്ചത്. രെജു നാരായണന്റെ ഗണേശസ്തുതിയും തൊട്ടു പുറകിലെത്തി. മാധവ ജയ ശൗരേ’എന്ന കഥകളിപ്പദം (നാട്ടുകുറിഞ്ഞി)കഥകളിയുടെ ലോകത്തെ ഓർമ്മിപ്പിച്ചപ്പോൾ ‘മാ മവസത വരദേ’ യിലൂടെ രെജു നാരായണൻ നമ്മെ കർണ്ണാടക സംഗീതലോകത്തേയ്ക്കു തിരിച്ചെത്തിച്ചു.  യദുകുലകാംബോജിയിൽ ശ്രീ ഗിരീശൻ (സുന്ദരാശൃണുകാന്താ…) ശൃംഗാരരസപ്രാധാന്യത്തോടെ പാടിയപ്പോൾ ശ്രീ രെജു നാരായണൻ ഭക്തിരസത്തിന് പ്രാധാന്യം കൊടുത്ത്  അതേ രാഗമാലപിച്ചു ( കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ….).  ‘മറിമാന്‍ കണ്ണി’ വിസ്തരിച്ചപ്പോഴാകട്ടെ ‘അഖിലാണ്ഡേശ്വരി’ യിലൂടെ ഭക്തിരസമാണ് രെജു നാരായണന്‍ പകര്‍ന്നു നല്‍കിയത്.  അഠാണയിൽ ‘കാലിണ കൈ തൊഴുന്നേൻ”, ‘ബാലകനകമയ ..” എന്ന കീർത്തനം,ആഹിർ ഭൈരവിയിൽ മാനവേന്ദ്രകുമാര പാലയ “ എന്ന പദം, അഷ്ടപദിയിൽ  ‘സാവിരഹേ തവദീനാ കൃഷ്ണാ’ , മുഖാരിയിൽ സന്താനഗോപലത്തിലെ ‘വിധി കൃത വിലാസ” മെന്നിവ  സദസ്സിന്റെ കർണ്ണപുടങ്ങൾക്കാനന്ദമേകി.ആനന്ദഭൈരവിയിൽ സാധാരണ കേട്ടു പഴക്കമുള്ള പൂതനാമോക്ഷത്തിലെ  ‘ സുകുമാരാ…നന്ദകുമാരാ’ എന്ന വാത്സല്യഭാവമുതിർക്കുന്ന വരികൾ സദസ്സിന്റെ അപേക്ഷയെ മാനിച്ചു ശ്രീ ഗംഗാധരനാശാൻ പണ്ടൊരിയ്ക്കൽ പാടിയതുപോലെ കാപ്പിയിൽ ഗിരീശന്റെ ശബ്ദത്തിലൂടെ ഉയർന്നപ്പോൾ സദസ്സിനത് ഏറെ കൌതുകമായിക്കാണും, പലരും ആനന്ദ ഭൈരവിയിൽത്തന്നെയാകും ഇതു കേൾക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നതെങ്കിൽക്കൂടി. ഇത്തരം പരീക്ഷണങ്ങൾ  പലപ്പോഴും സംഗീതത്തിന്റെ പുതിയ മേഖലകൾ തേടുന്നവർക്കൊരു ഹരം തന്നെയാകും, തീർച്ച. മാത്രമല്ല, ആസ്വാദനത്തിന്റെ മുഴുവൻ മേന്മയാൽ തിളങ്ങിയ സദസ്സ് നഗരത്തിന് പുറത്തു നിന്നെത്തിയ കലാകാരന്മാരെ ഏറെ സന്തോഷിപ്പിച്ചതായും കണ്ടു. അവസാനത്തെ ഭൈരവി രാഗത്തിലെ വിസ്താരം കീചകവധത്തിലെ ‘കണ്ടിവാർകുഴലി”യും ത്യാഗരാജകീർത്തനമായ ‘ലളിതേ ശ്രീ പ്രബുദ്ധേ’യുമായിരുന്നു.അഞ്ചു മണിക്കൂർ നീണ്ടു നിന്ന ഈ പരിപാടിയിൽ സമയം എത്രവേഗം കടന്നുപോയെന്ന് ആരുമറിഞ്ഞില്ലെന്നത് തീർച്ചയായും പ്രോഗ്രാമിന്റെ മേന്മ തന്നെ. നമുക്കഭിമാനിയ്ക്കാം, നഗരത്തിലെ വിരസമായ ജീവിതത്തിന്നിടയിലും ഇത്തരം മുഹൂർത്തങ്ങളൊരുക്കാനും ആസ്വദിയ്ക്കാനുമുള്ള സന്മനസ്സു നമുക്ക് നഷപ്പെട്ടിട്ടില്ല എന്നതിൽ….

ചർച്ചയിൽ പങ്കെടുക്കാനായില്ലെങ്കിലും  സാഹിത്യവേദിയിൽ ഡോക്ടർ പുഷ്പാംഗദൻ എഴുതി ചർച്ച ചെയ്യപ്പെട്ട  ലേഖനം സാഹിത്യവേദിയുടെ ബ്ലോഗിൽ നിന്നും വായിയ്ക്കാൻ കഴിഞ്ഞു.

“വാക്കുകൾ പ്രകൃതിയെപ്പോലെ ,സ്വന്തം അന്തരാത്മാവിനെ പകുതി തുറന്നു കാട്ടുന്നു ,പകുതി ഒളിപ്പിയ്ക്കുന്നു “ എന്ന ടെന്നിസൺ വാക്കുകളെ ഉദ്ധരിച്ചു തുടങ്ങുന്ന ലേഖനം  ആധുനിക എഴുത്തുകാരുടെ പല വാദങ്ങളേയും  ജീവിതവീക്ഷണങ്ങളേയും കുറിച്ചുള്ള  അന്വേഷണമാണ്. ശ്രീ സച്ചിദാനന്ദന്റെ ലേഖനങ്ങളെ ആധാരമാക്കിയാണീ പഠനം നടത്തിയിരിയ്ക്കുന്നത്. നല്ലൊരു ചർച്ചയ്ക്കു ഈ ലേഖനം വഴി തെളിയിച്ചെന്നതിൽ മുംബൈ സാഹിത്യവേദിയ്ക്ക് തീർച്ചയായും അഭിമാനിയ്ക്കാം.

((http://sahithyavedimumbai.blogspot.com/)

നഗരത്തിന്നഭിമാനിയ്ക്കാൻ ഇതാ മറ്റൊരവസരം കൂടി. മുംബൈ പൂരം -2011 ഇങ്ങെത്താറായല്ലോ? നഗരിയൊന്നാകെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന നിമിഷം .നവംബർ 11 മുതൽ 13 വരെ നടക്കാനിരിയ്ക്കുന്ന ഈ വിസ്മയക്കാഴ്ച്ചകൾ തൃശ്ശൂർ പൂരത്തിന്റെ മാതൃകയിലുള്ളതായിരിയ്ക്കുംഎന്നാണറിയാൻ കഴിഞ്ഞത്. നെറ്റിപ്പട്ടം കെട്ടിയ അഞ്ച് ആനകളും പഞ്ചവാദ്യവും മേളവും തായമ്പകയും കുടമാറ്റവും നമ്മിൽ    കേരളത്തിലെത്തിച്ചേർന്ന പ്രതീതി സൃഷ്ടിയ്ക്കാതിരിയ്ക്കില്ല, തീർച്ച. കേരളം മഹാരാഷ്ട്രയ്ക്കായൊരുക്കുന്ന ഈ അപൂർവ്വ വിരുന്നിൽ നയനാനന്ദകരമായതും കേരളത്തനിമയാർന്നതുമായ 35ൽ പരം പാരമ്പര്യകലാരൂപങ്ങളും കാണാനാകും. കേരള ഫുഡ് ഫെസ്റ്റിവൽ സ്റ്റാളുകൾ കൂടുതൽ പേരെ ഇങ്ങോട്ടാകർഷിയ്ക്കാതിരിയ്ക്കില്ല. ലക്ഷക്കണക്കിനാൾക്കാരെയാണ് സംഘാടകർ പ്രതീക്ഷിയ്ക്കുന്നത്. അതിനുതകും വിധത്തിലുള്ള വിപുലമായ സജ്ജീകരണങ്ങളിൽ മുഴുകിയിരിയ്ക്കയാണവർ.  എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ഭംഗിയോടെ നടക്കുന്നതിനായി.

ഇന്ത്യൻ സംഗീതലോകത്തിന് മറ്റൊരു പ്രതിഭയുടെ നഷ്ടം കൂടി. കവിയും ഗായകനും സിനിമാസംവിധായകനുമെല്ലാമായ ഭൂപൻ ഹസാരിക കഴിഞ്ഞ ദിവസം ഏറെക്കാലത്തെ അസുഖങ്ങൾക്കു ശേഷം നമ്മെ വിട്ടു പിരിഞ്ഞപ്പോൾ അത് ഇന്ത്യൻ സിനിമാരംഗത്തിനു വലിയൊരു നഷ്ടം തന്നെയായി മാറി.  ദാദാസാഹിബ് ഫാൽക്കെ അവാർഡ്,സംഗീതനാടക അക്കാദമി പുരസ്ക്കാരം,അസ്സാം രത്ന അവാർഡ്, പത്മഭൂഷൺ , മികച്ച സംഗീതജ്ഞനുള്ള അവാർഡ്  എന്നിവയയെല്ലാം ലഭിച്ച ഇദ്ദേഹത്തിന്റെ വിയോഗം സംഗീതാസ്വാദകരുടെ മനസ്സിൽ ദു;ഖമുണർത്താതിരിയ്ക്കില്ല. എങ്കിലും  ‘രുദാലി‘യിലെ ‘ദിൽ ഹും ഹും കരെ..ഘബരായേ‘ എന്ന ഗാനവും ‘ വൈഷ്ണവ ജനതോ…..തേനേ കഹി യേ‘ എന്ന ഗാനവും ഓർക്കുമ്പോഴെല്ലാം അദ്ദേഹം നമ്മുടെ മനസ്സിൽ ഓടിയെത്താതിരിയ്ക്കില്ല. സംവിധായകന്റെ  മേലങ്കിയണിഞ്ഞ് അസ്സാമിലെ ചലച്ചിത്ര രംഗത്തും ഇദ്ദേഹം തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.  നഗരിയുടെ തുടിപ്പായി മാറിക്കഴിഞ്ഞിരുന്ന ഈ മഹദ് പ്രതിഭയുടെ വിയോഗത്തിൽ മുംബൈ ഹൃദയപൂർവ്വം ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നു.

അപ്പോഴിനി പൂരപ്പറമ്പിൽ കാണാമെന്നാവും പലരും പരസ്പ്പരം കണ്ടു പിരിയുമ്പോൽ പറയുന്നുണ്ടാവുക , അല്ലേ? പൂരം ലോഗോ പറയുന്നതുപോലെത്തന്നെ പറയട്ടെ, Mumbai Pooram a Nostalgic journey to KERALA

www.mumbaipooram.com LET’S GO!!!!!!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)


മുംബൈ പൾസ്-28

ഈദ് മുബാരക്!

വാരത്തിന്റെ തുടക്കം തന്നെ മുംബേയുടെ പൾസ് ഉയർത്തിക്കൊണ്ടാണല്ലോ? ദീപാവലിപ്പടക്കത്തേക്കാളധികം ശക്തിയോടെ മിടിയ്ക്കുന്ന മനസ്സുമായി അങ്ങു ദൂരെ ദെൽഹിയിലെ ഗ്രേറ്റ് നോയ്ഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ഫോർമുലാ വൺ റേസ് ടെലിവിഷനിൽ വീക്ഷിയ്ക്കുമ്പോൾ ഒപ്പം നമ്മളും മനസ്സുകൊണ്ടെങ്കിലും റേസ് ചെയ്യുന്നതായി തോന്നി.രാജ്യത്തിന്നേറെ അഭിമാനമേകിയ ആദ്യത്തെ ഗ്രാൻഡ് പ്രി. തൽക്കാലം പല കുറവുകളേയും  മറന്ന് നോക്കിയാൽ ലോക രാഷ്ട്രങ്ങൾക്കിടയിൽ നമുക്കു മറ്റൊരു  നേട്ടം കൂടി. ദെൽഹിയിൽ പോയി ഈ ഇന്ത്യൻ ഗ്രാൻഡ് പ്രി നേരിൽ  കണ്ട    മത്സരപ്രേമിയായ ഒരു സുഹൃത്ത് പറഞ്ഞത് ആ അനുഭവത്തെ വാക്കുകളാൽ വർണ്ണിയ്ക്കാനാവില്ലെന്നാണ്. രോമകൂപങ്ങൾ എഴുന്നു നിന്ന ഉദ്വേഗതയുടെ നിമിഷങ്ങൾ. ചെവികളിൽ കാറുകളുടെ സീൽക്കാരത്തിനൊത്തു തുടിയ്ക്കുന്ന സ്വന്തം ഹൃദയത്തിന്റെ മിടിപ്പുകളുതിർക്കുന്ന പെരുമ്പറ മുഴക്കം.  അനുഭവിച്ചുതന്നെ അറിയണമെന്നത് സത്യം. കഷ്ടി ഒരു ലക്ഷത്തോളം ജനങ്ങൾ ക്ലോസ് റേഞ്ചിൽ ഇവ കണ്ടിരുന്നപ്പോൽ ഇങ്ങ് മുംബൈ നഗരിയിൽ , ഞായറാഴ്ച്ചയുടെ ആലസ്യത്തിൽ, നല്ലൊരു ഉച്ചഭക്ഷണം കൺപോളകൾക്കു കനം കൂട്ടവേ, 3 മണി മുതൽ രണ്ടു മണിക്കൂർ സമയം എങ്ങനെ ഒറ്റയിരുപ്പിൽ ടെലിവിഷനിൽ കണ്ണും നട്ട് ഇരുന്നെന്നാലോചിച്ചപ്പോൾ അത്ഭുതം തോന്നി. ഡെൽഹിയിൽ അപ്പോൾ എന്തായിരുന്നിരിയ്ക്കണം സ്ഥിതി?നഗരത്തിലെ ഉന്നതരായ   കാർ മത്സരപ്രേമികളിൽ നല്ലൊരുഭാഗം ദെൽഹിയിലെത്തിക്കാണും, തീർച്ച. സമൂഹത്തിലെ ക്രീം ലേയേർഡ് ആയവർ പ്രത്യേകിച്ചും. നമ്മുടെ രാജ്യത്തിന്നിത് പുതിയൊരു തുടക്കം തന്നെയാണല്ലോ?   തുടക്കം മുതലേ ലീഡ്  നേടിയ സെബാസ്റ്റ്യൻ വെട്ടൽ വിജയിച്ചതിൽ അത്ഭുതം തോന്നിയില്ല. ഉദ്വേഗത നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച ഹാമിൽട്ടൺ-മാസ്സ ക്ലാഷിൽ മാസ്സ്യ്ക്ക് പെനാൽറ്റി കിട്ടിയപ്പോൾ വിഷമം തോന്നി. റേസ് തീരും വരെയും എന്റെ ചുണ്ടിലും പ്രാർത്ഥനയായിരുന്നു, ആർക്കും അപകടമൊന്നും വരുത്തല്ലേയെന്ന്. ഒരു കാർ റേസിംഗ് മത്സരപ്രേമിയ്ക്കും  മറക്കാനാവില്ലല്ലോ 1994 ലെ സാൻ മറീനോ ഗ്രാൻഡ് പ്രിയിലെ ഫോർമുല വൺ മത്സരത്തിന്നിടയിൽ കൊല്ലപ്പെട്ട അയെർട്ടൺ സെന്നയെ? വേൾഡ് ക്ലാസ്സ് സ്പോർട്ട്സ് രംഗത്ത് തുടക്കം കുറിയ്ക്കുമ്പോൾ യാതൊരുവിധ കുഴപ്പങ്ങളും കൂടാതെ അതിനു കഴിഞ്ഞെന്നും ഇന്ത്യയ്ക്കഭിമാനിയ്ക്കാം. മാത്രമല്ല, മത്സരാർത്ഥികളിൽ പലർക്കും ഈ  സർക്യൂട്ട് ഏറെ പ്രിയംകരമായിത്തീർന്നുവെന്ന  വെളിപ്പെടുത്തലും അഭിമാനത്തിന് വകനൽകുന്നു. ഇന്ത്യയുടെ സ്വന്തം കാർത്തികേയൻ നാരായൺ പതിനേഴാമനായി മാത്രമേ എത്തിയുള്ളൂവെങ്കിലും നമുക്കഭിമാനം തന്നെ.

ഫോർമുല വണ്ണിനെപ്പോലെ തന്നെ  ഇന്ത്യയിലെ സിനിമാപ്രേമികളൊന്നടങ്കം പ്രതീക്ഷയോടെ കാത്തിരുന്ന ഷാരുഖ് ഖാന്റെ  റ-വൺ കാണാനായുള്ള ദീർഘകാലത്തെ കാത്തിരിപ്പിനും ഈ വാരം അവസാനം കുറിച്ചു. മീഡിയ കവറേജിനാൽ ഈ ചിത്രം പ്രേക്ഷകരിൽ അത്രമാത്രം കൌതുകം വളർത്തിയിരുന്നല്ലോ? എന്നാൽ ‘ബോഡീഗാർഡ്” ന്റെ കളക്ഷനെ വെട്ടിയ്ക്കുമെന്ന വാദം ഫലവത്തായില്ല. വിചാരിച്ചതുപോലെ  ഫോർമുലാ വണ്ണിനെപ്പോലെ റാ-വണ്ണിന് ജനഹൃദയങ്ങളെ പിടിച്ചടക്കാൻ  കഴിഞ്ഞില്ലെന്നതാണ് സത്യം. മുംബൈ നിവാസികളെ ഇതൽ‌പ്പം നിരാശരാക്കാതിരുന്നിട്ടുണ്ടാവില്ല.

തിരക്കൊഴിഞ്ഞ പൂരപ്പന്തൽ പോലെയുണ്ടിപ്പോൾ സിറ്റി. ദീപാവലി കഴിഞ്ഞാൽ എന്നും അങ്ങിനെയേ തോന്നാറുള്ളൂ. കഴിഞ്ഞ ഒരു മാസക്കാലത്തെ എല്ലായിടത്തുമുള്ള തിക്കും തിരക്കും  ഇനിയൽ‌പ്പം കുറയും. കടകളിൽ ഷോപ്പിംഗ് കുറവ്.  പക്ഷേ, ആഘോഷങ്ങൾ മുഴുവനായില്ല,ഇതാ വരുകയായല്ലോ ബക്രീദ്. പരമശക്തനായ അല്ലാഹുവിൽ വിശ്വസിയ്ക്കുന്നവർക്ക് ത്യാഗത്തിന്റേയും കാരുണ്യത്തിന്റേയും അനുഷ്ഠാനദിനസന്ദേശവുമായി. ബലി സൂചിപ്പിയ്ക്കുന്നത് സർവ്വശക്തനു മുന്നിലായുള്ള  പൂർണ്ണ സമർപ്പണം തന്നെയാണല്ലോ?ഇസ്ലാം എന്ന പദത്തിന്റെ ശരിയായ അർത്ഥവും അതു തന്നെ! ഹജ്ജിന്റെ സ്വപ്നവുമായി പുണ്യനാട്ടിലെത്താൻ കൊതിയ്ക്കുന്ന മനസ്സോടെ കാത്തിരിയ്ക്കുന്നവരുടെ കഥയായ ‘ആദാമിന്റെ മകൻ അബു’ എന്ന പടം രണ്ടു ദിവസ്ം മുൻപു മാത്രമാണു കണ്ടത്. സലീം അഹമ്മദിന്റെ ഈ കഥ ദേശീയ-സംസ്ഥാനപുരസ്ക്കാരങ്ങൾ നേടിയതാണല്ലോ? ഓസ്ക്കാറിനും എൻട്രിയായി ഈ വർഷം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഈ സിനിമയിൽ  അത്തർ വിറ്റു നടക്കുന്ന അബുവിന്റെ റോളിൽ സലീം കുമാർ ഏരെ ശ്രദ്ധിയ്ക്കപ്പെട്ടു. സാധാരണക്കാരനു സ്വപ്നം കാണാനാവാത്ത ഹജ്ജ് യാത്രയ്ക്കായി  കൊതിച്ചതും വിധി അതിനെ മാറ്റി മറിച്ചതും ശരിയ്ക്കും മനസ്സിൽ തട്ടിയ രംഗങ്ങളാണ്. ഈ വർഷം ഒരു ലക്ഷത്തിലേറെപ്പേരാണ് ഇന്ത്യൻ ഹജ്ജ് കമ്മറ്റി മുഖാന്തിരം പുണ്യനാട്ടിലെത്തി തീർത്ഥാടനം നടത്തുന്നത്. തീർത്ഥാടനത്തിന്റെ ഭാഗമായി മക്കയിലെ ക്വബാ ചുറ്റുന്ന വിശ്വാസികളുടെ തിരക്ക് പടങ്ങളിലും ടി.വി.യിലും കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. ഇതിനു തന്നെയല്ലേ ജനസമുദ്രം എന്നു പറയുന്നത്?

മറ്റൊരു ഉത്തരേന്ത്യൻ ഫെസ്റ്റിവൽ കൂടി നവംബർ മാസത്തിന് തുടക്കമിട്ടു, നഗരത്തിൽ. ബീഹാറികൾ പ്രത്യേകിച്ചും പ്രാധാന്യം കൊടുക്കുന്ന  ഛട് പൂജ സൂര്യദേവനെ ആരാധിയ്ക്കലാണ്. കാർത്തികമാസത്തിലെ ശുക്ല ഷഷ്ഠി അഥവാ സൂര്യഷഷ്ഠിയിലെ വ്രതവും പൂജയും ജീവധാരയുടെയും ഊർജ്ജത്തിന്റേയും  ഓജസ്സിന്റേയും  ദൈവമായ സൂര്യഭഗവാനോടുള്ള നന്ദിപറയലും അഭിവൃദ്ധിയ്ക്കും ആരോഗ്യത്തിനുമായുള്ള പ്രാർത്ഥനകളുമാണ്. ഛട എന്നാൽ ആറാം ദിവസം , കാർത്തിക മാസത്തിലെ. പക്ഷേ ഇതിന്  രശ്മികളുടെ കൂട്ടം  അല്ലെങ്കിൽ സമൂഹം എന്നു കൂടി അർത്ഥമുണ്ടല്ലോ? ഭൂവാസികൾ ഒന്നിച്ചുകൂടി സൂര്യരശ്മികളാൽ ഭൂമിയിലെ ജീവനെ നിലനിർത്തുന്നതിനു ഊർജ്ജത്തിന്റെ സ്രോതാവായ സൂര്യനെ സ്തുതിച്ച് ഇനിയും ഞങ്ങളെ ഇതുവിധം ഇനിയും രക്ഷിയ്ക്കണെ എന്നപേക്ഷിയ്ക്കുകയാണ്. എത്ര സുന്ദരമായ സങ്കൽ‌പ്പം, അല്ലേ? അസ്തമയ സൂര്യനോടാണീ പ്രാർത്ഥന. ദിനം മുഴുവനും നീണ്ടു നിൽക്കുന്ന വ്രതത്തിനെ തുടർന്ന് മുംബെയിലെ ജുഹു ബീച്ചിൽ നടക്കുന്ന പുണ്യസ്നാനവും ഈ കൂട്ട പ്രാർത്ഥനയും പൂജയും  ഇവിടത്തെ അധികാരികൾക്കെന്നും തലവേദനയാണ്. ലക്ഷക്കണക്കിനാളുകൾ  ഇവിടെയൊത്തു ചേരുകയും സ്നാനം ചെയ്യുകയും ചെയ്യുന്നതിനാൽ കനത്ത സുരക്ഷാനടപടികൾ എടുക്കേണ്ടി വരുന്നു. ഈ വർഷം ഈ തിരക്കിനിടയിൽ ബീച്ചിൽ ഒരു  സുഖപ്രസവം  നടന്നതായും  പത്രത്തിൽ വായിയ്ക്കുകയുണ്ടായി. നഗരം നമ്മെ അമ്പരപ്പിയ്ക്കുന്നു. ഇവിടത്തെ കാഴ്ച്ചകൾ നമുക്കെന്നും അത്ഭുതമേകുന്നവ തന്നെ.

ആശങ്കയ്ക്കിടയാക്കുന്ന ഒന്നാണു നഗരത്തിൽ എൻസിഫാലിറ്റിസ് കേസുകൾ നഗരത്തിൽ കൂടുന്നുവെന്ന വാർത്ത തലച്ചോറിനേയും ഞെരമ്പുകളെയും ബാധിയ്ക്കുന്ന ഈ രോഗം കഴിഞ്ഞ മൂന്നു വർഷക്കാലത്തിന്നിടയിൽ അത്രയേറെ വർദ്ധിച്ചത് എന്തുകൊണ്ട് ആരുടേയും ശ്രദ്ധയിൽ പെട്ടില്ല? മലേറിയാ നിർമ്മാർജ്ജനത്തിന്നെടുക്കുന്നതു പോലെ ഇത്തരം വൈറൽ രോഗങ്ങളെ പ്രതിരോധിയ്ക്കുന്നതിൽ അധികാരികൾ ഇനിയെങ്കിലും ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. നഗരത്തിൽ ആത്മഹത്യാനിരക്ക് കഴിഞ്ഞ ഒരു വർഷത്തിലായി 13% വളർന്നെന്ന കണക്കും നമ്മെ ഭയപ്പെടുത്തുന്നു. മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിതരീതിയുടെ ഇരകൾ എന്നല്ലാതെ മറ്റെന്തു പറയാൻ?

സഹനത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകളുണർത്തി വന്നണയുന്ന ബലി പെരുന്നാൾ ദിനത്തിൽ സർവ്വശക്തൻ എല്ലാവർക്കും സന്തോഷവും സമാധാനവും നൽകട്ടേ! ഈദ് മുബാരക്!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

മുംബൈ പൾസ്-27

ഐശ്വര്യപൂർണ്ണമായ നാളുകൾക്കായി……..

നഗരത്തിന് ഹൃദയഹാരിയായ പലമുഖങ്ങളുമുണ്ട്. നേർത്ത മഞ്ഞിന്റെ മൂടുപടവുമണിഞ്ഞ നഗരത്തിന്റെ പുലർകാലത്തെ മുഖം ഏറെ പ്രത്യേകതകൾ നിറഞ്ഞത് തന്നെയാണ്. നിദ്രാലസ്യത്തിന്റെ പിടിയിൽ നിന്നും പുറത്തു വന്ന് ദൈനികകൃത്യങ്ങളിൽ മുഴുകുന്ന നഗരവാസികൾ, വഴിയരികിലെ നിരത്തിയിട്ടിരിയ്ക്കുന്ന ഓട്ടോകൾ, അവയെ തുടച്ചും മിനുക്കിയും ജീവൻ കൊടുത്തും പുതിയദിനത്തെ വരവേൽക്കുന്ന സാരഥികൾ,റോഡരുകിലെ തട്ടുകടകളിലെഏറിക്കൊണ്ടിരിയ്ക്കുന്ന തിരക്ക്,പത്രവിതരണം നടത്തുന്ന പയ്യന്മാർ, സൈക്കിളിൽ പാൽ പാത്രവുമായി മണിയടിച്ചു പോകുന്ന പാൽക്കാരൻ ഭയ്യമാർ, തിരക്കു കുറഞ്ഞ റോഡിലൂടൊഴുകുന്ന  ബെസ്റ്റ് ബസ്സുകൾ,  ആൾക്കാർ ഏറിക്കൊണ്ടിരിയ്ക്കുന്ന ബസ്സ്റ്റോപ്പുകൾ, രാവിലും പകലിലും ഒരേപോലെ തിരക്കേറുന്ന റെയിൽ വേ സ്റ്റേഷൻ പരിസരങ്ങൾ.പ്രഭാതക്കാഴ്ച്ചകൾ കണ്ട് മനസ്സിൽ നഗരത്തിന്റെ സ്കെച്ചുകൾ വിരചിച്ച് അലസമായ ഒരു ഒഴിവു ദിനത്തിൽ ഹൈവേയിലൂടെ അതിരാവിലെയുള്ള ഒരു ലോംഗ് ഡ്രൈവ്  ഒരു അനുഭവം തന്നെ.

മാറുന്ന നഗരമുഖച്ഛായ പലപ്പോഴും ട്രാഫിക്കിന്റെ തീക്ഷ്ണതയിൽ നമ്മുടെ ശ്രദ്ധയിൽ‌പ്പെടാറില്ലെന്നതാണ് സത്യം. ഒരു പക്ഷേ ഇത്തരം  ഒരു യാത്ര നമുക്ക്   അമ്പരപ്പിയ്ക്കുന്ന ദൃശ്യങ്ങളാകും പലപ്പോഴും നൽകുന്നത്. ഓരോയിടങ്ങളിലും പുതിയ കെട്ടിടങ്ങളും ഫ്ലൈ ഓവറുകളും  സൃഷ്ടിയ്ക്കുന്ന പുതിയ മുഖച്ഛായ അത്രമാത്രം പ്രത്യേകതകൾ നിറഞ്ഞവ തന്നെ . അവ സൃഷ്ടിയ്ക്കുന്ന വ്യതിയാനം  ഉൾക്കൊള്ളുന്ന ചുറ്റുപാടുകളിലെ വർദ്ധിച്ചുകൊണ്ടിരിയ്ക്കുന്ന തിരക്കിനെക്കുറിച്ച് നാം പലപ്പോഴും ബോധവാന്മാരായിരുന്നില്ലെന്നു തോന്നും. ഇത്രയും ചെറിയ കാലയളവിൽ ഇത്രയുമധികം മാറ്റങ്ങൾ നാം പ്രതീക്ഷിയ്ക്കാത്തതിനാലാവാം. അതോ നഗരത്തിന്റെ വളർച്ച നാമറിയാതെ പോകുന്നുവോ? പ്രത്യേകിച്ചും ഈയിടെ നഗരം വളരുന്നത് മുകളിലേയ്ക്കാണല്ലോ?

ഞായറാഴ്ച്ചയുടെ ആലസ്യത്താലാകാം, നഗരം ഉണർന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ.  6 മണിയ്ക്കു അന്ധേരി നിന്നും പുറപ്പെട്ട് മീരാറോഡ് അയ്യപ്പക്ഷേത്രം വരെ.ഹൈവേയിലൂടെ പോകുമ്പോൾ വഴിയിലുടനീളം ഇരു ഭാഗത്തുമായുള്ള ഫ്ലാറ്റുകളിലെ ബാൽക്കണികളിൽ നിന്നും  വിവിധ വർണ്ണങ്ങളിലെ  ദീപാവലി വിളക്കുകൾ  കണ്ണിനു വിരുന്നേകി. നഗരം എത്ര ഉത്സാഹത്തോടെയാണ് ദീപാവലിയെ എതിരേൽക്കുന്നത്.പ്രകാശപൂരിതമായ പ്രഭാതങ്ങളും  സന്ധ്യകളും പൊന്നിൽക്കുളിച്ച് ഐശ്വര്യദേവതയെ എതിരേൽക്കാനൊരുങ്ങി നിൽക്കുന്നു. മഹാനഗരം ലക്ഷ്മീദേവിയുടെ ആവാസസ്ഥാനം തന്നെയാണല്ലോ?പുതുവർഷം ഐശ്വര്യ സമ്പൂർണ്ണമായിത്തന്നെ തുടങ്ങാൻ എല്ലാവരും കൊതിയ്ക്കുന്നു .

മീരാറോഡിലെ അതിമനോഹരമായ അയ്യപ്പക്ഷേത്രം.മുൻപൊരിയ്ക്കൽ അവിടെ പോയിട്ടുണ്ട്. അന്ന് എണ്ണത്തോണിയിലിട്ടു കണ്ട കൊടിമരം ഇന്നിതാ മനോഹരമായി ഗാംഭീര്യത്തോടെ തലയുയർത്തിനിൽക്കുന്നു. ഒക്ടോബർ 26 മുതൽ നവംബർ 2  വരെ ഇവിടെ സപ്താഹമാണ്. നല്ല ഭക്തിസാന്ദ്രമായ അന്തരീക്ഷം.  വ്രതം നോറ്റു കെട്ടുനിറച്ചെത്തുന്ന  ഭക്തർക്ക് കയറാനായുണ്ടാക്കിയ പതിനെട്ടാം പടികൾ ! ഇതിന്റെ പണി പൂർത്തിയായിട്ടില്ലെന്നു തോന്നുന്നു. ഇവിടത്തെ  ദർശനം കഴിഞ്ഞ് നേരെ  പ്രഭാദേവിയിലേയ്ക്ക്. നഗരത്തിന്റെ വിഘ്നഹർത്താവായ  സിദ്ധിവിനായക ദർശനത്തിന്നായി. പലരും പതിവായി ഏറെ ദൂരെ നിന്നും പോലും വഴിപാടായി കാൽനടയായിപ്പോലും വന്നെത്തുന്ന ദിവ്യ സന്നിധി. നഗരത്തിലെ ഭക്തരുടെ സങ്കടങ്ങളേറ്റു വാങ്ങി വിഘ്നങ്ങൾ തീർക്കുന്ന ഭക്ത വത്സലൻ.   ഒട്ടും തിരക്കില്ലാത്ത ദിവസം. 15 മിനിറ്റിൽ  ദർശനം നടത്താനായപ്പോൾ അത്ഭുതം തോന്നി.  മാട്ടുംഗയിലെ അംബാഭവനിലെ കാപ്പിയുടെ കൊതിയൂറുന്ന മണം ഓർമ്മയിലോടിയെത്തിയപ്പോൾ വേണ്ടെന്നു വയ്ക്കാനായില്ല. നഗര ജീവിതത്തിലെ  കൊച്ചു കൊച്ചു സന്തോഷങ്ങൾ! മുംബൈ നഗരിയുടെ തുടിയ്ക്കുന്ന മുഖങ്ങൾ!

വിടരുന്ന  പ്രഭാതത്തിന്റെ വശ്യതയിയന്ന തിരക്കൊഴിഞ്ഞ നഗരം പ്രത്യേകത നിറഞ്ഞതായി തോന്നി. ദാദർ ചൌപ്പാത്തി ബീച്ചും സീ-ലിങ്കിന്റെ ദൂരവീക്ഷണവും കണ്മുന്നിലൂടെ ഓടിമറയുമ്പോൾ മനസ്സിലും ഓളങ്ങൾ അലയടിയ്ക്കുന്നുവോ? മാഹിം മുതൽ ശിവാജിപാ‍ർക്ക് വരെ  റോഡിലുടനീളം  തൂക്കിയ വലുതും ചെറുതുമായ കടും നിറമിയന്ന ദീപാവലി ലാന്റെൺസ് നഗരത്തിന്റെ ദീപാവലിയാഘോഷങ്ങളുടെ ഹരത്തിനെ വെളിപ്പെടുത്തുന്നവ തന്നെയായിത്തോന്നി.  ഒരുങ്ങിക്കഴിഞ്ഞല്ലോ നഗരിയാകെ, കാത്തിരിയ്ക്കുന്ന ദീപാവലിയ്ക്കായി. മനസ്സും ഒരുങ്ങിക്കഴിഞ്ഞെന്നു തോന്നി, ലക്ഷ്മീ ദേവിയ്ക്കു സുസ്വാഗതമോതാനായി.

ദീപാവലിയുടെ  മിഴിവിലാണ് നഗരം. ആകപ്പാടെയൊരു ഉത്സവപ്രതീതി ഏതു മുക്കിലും മൂലയിലും കാണാം. ബാൽക്കണികളിലെല്ലാം തന്നെ ഒറ്റയായും കൂട്ടമായും മിന്നി നിൽക്കുന്ന വർണ്ണദീപങ്ങൾ ദൂരെ നിന്നും കാണാനെന്തു രസം! ഫ്ലാറ്റുകൾക്കു മുന്നിലായി വിവിധ വർണ്ണങ്ങളാൽ രചിതമായ രംഗോളികളും അവയ്ക്കു മുന്നിൽ കത്തിച്ചു വച്ചിരിയ്ക്കുന്ന  മൺചെരാതുകളുമെല്ലാം മനസ്സിലും സന്തോഷത്തിന്റെ  തിരിവെട്ടം പകരുന്നതുപോലെ. ഇത്തവണ  നഗരത്തിന്റെ പലഭാഗങ്ങളിലും പടക്കം പൊട്ടിയ്ക്കലിന്റെ തീക്ഷ്ണത താരതമ്യേന കുറഞ്ഞിട്ടുണ്ടെന്ന് തോന്നി. സമ്മാനങ്ങൾ കൈമാറലിനു കുറവില്ലെന്നു തോന്നുന്നു. ധൻ തേരാ പ്രമാണിച്ചു സ്വർണ്ണ നാണയങ്ങളുടെ  വിൽ‌പ്പന ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ വളരെ അധികം  ആണെന്നാണറിവ്. കുതിച്ചു കൊണ്ടിരിയ്യ്ക്കുന്ന സ്വർണ്ണ വില ഇനിയും മേലോട്ടു പോകുമെന്ന റിപ്പോർട്ട് പലർക്കും ഒരു സ്വർണ്ണ നിക്ഷേപത്തിൽ താൽ‌പ്പര്യം വളർത്താനുതകുന്നത്  തന്നെ. രാജ്യത്തുടനീളം ദീപാവലി സമയത്ത് സ്വർണ്ണത്തിന് ഡിമാൻഡ് കൂടുന്നതിനാൽ വില സ്വാഭാവികമായും കൂടാതെ വയ്യല്ലോ? ഇത്തവണ അതൽ‌പ്പം ഉയർന്നെന്നു മാത്രം.

ദീപാവലി മുറാത്ത് ട്രേഡീംഗ് സെഷൻ ശനിയാഴ്ച്ച വൈകിട്ട് 4.45 മുതൽ 6 മണിവരെ പതിവുള്ള  ആയിരുന്നു. പുതിയ വ്യാപാര വർഷമായ സംവത് 2068 തുടക്കം കുറിയ്ക്കാനായി മുഹൂർത്ത ട്രേഡിംഗ് നടത്തുമ്പോൾ ഇക്കുറി നഗരത്തിലെ ഓഹരി വ്യാപാരികളൊന്നടങ്കം  ആകാംക്ഷാഭരിതരായിരുന്നു. വിപണി വിചാരിച്ചതുപോലെ ഉയർന്നു കണ്ടില്ല. നഷ്ടങ്ങളുടേതായ  കഴിഞ്ഞ വർഷത്തെ പിന്നിട്ടൊരു പുതിയ തുടക്കം കുറിയ്ക്കാനിരുന്ന പലർക്കും വിപണിയിലെ ചെറിയതെങ്കിലുമായ ഉയർച്ചയെ ശുഭാപ്തിവിശ്വാസത്തോടെ തന്നെയേ കാണാനായുള്ളൂ. പോയ വർഷം ഏറെ തകർച്ചകളുടേതായിരുന്നല്ലോ? നേട്ടങ്ങളുടേതായ ഒരു നല്ല വർഷത്തിന് തുടക്കം കുറിച്ചെന്ന് നമുക്കാശിയ്ക്കാം.

കവി  മുല്ലനേഴിയുടെ വിടപറയൽ മലയാള സിനിമയ്ക്ക് മറ്റൊരു  വലിയ നഷ്ടം തന്നെയെന്ന് പറയാതെ വയ്യ. ‘ഇന്ത്യൻ റുപ്പി” മുംബേയിൽ വന്നാൽ കാണണമെന്നു മുൻപ് തന്നെ ആഗ്രഹിച്ചിരുന്നതാണ്. അതിലെ ‘ഈ പുഴയും സന്ധ്യകളും” എന്ന പാട്ടു കേട്ടപ്പോൾ കാണാൻ തിടുക്കമേറിയെന്നതും വാസ്തവം. പാട്ടിലെ കവിത കണ്ടറിഞ്ഞ എന്റെ കുട്ടികൾ അവരുടെ മലയാളികളല്ലാത്ത സംഗീതപ്രേമികളാ ചില സുഹൃത്തുക്കൾക്കായി  അവ ഫോർവേർഡ്  ചെയ്യുമ്പോൾ ലിറിക്സിനൊപ്പം അതിന്റെ ഇംഗ്ലീഷ് വിവർത്തനം കൂടി ഞാൻ എഴുതിക്കൊടുക്കുകയുണ്ടായി. അത്രമാത്രം ആ പാട്ട് ഹൃദ്യമായിത്തോന്നി. പക്ഷേ ശനിയാഴ്ച്ച 6 മണിയുടേ ഷോയ്ക്കായി വെള്ളിയാഴ്ച്ച  ഓൺലൈൻ ആയി ടിക്കറ്റു ബുക്കുചെയ്യുമ്പോൾ മനസ്സിലുണ്ടായിരുന്ന സന്തോഷം സാറ്റർഡേ രാവിലെ അതിലെ പാട്ടുകൾ എഴുതിയ കവി മുല്ലനേഴിയുടെ മരണവാർത്തയറിഞ്ഞപ്പോൾ സങ്കടമായി മാറി. തിയേറ്ററിൽ സ്ക്രീനിൽ ഗാനരചന മുല്ലനേഴി എന്നെഴുതിക്കണ്ടപ്പോൾ മനസ്സിൽ അറിയാതൊരു വിങ്ങൽ. അടുത്തിടയായി പല തവണ കാണാനും സംസാരിയ്ക്കാനും കഴിഞ്ഞിരുന്നതിനാൽ വിശ്വസിയ്ക്കാൻ തന്നെ പ്രയാസം തോന്നി.കഴിഞ്ഞ ജുണിൽ കണ്ടപ്പോൾ പോലും അദ്ദേഹം  എത്ര ഉത്സാഹത്തിലായിരുന്നു എന്നോർത്തു പോയി.. മുല്ലനേഴി മാഷിന് നിറകണ്ണുകളോടെ മുംബേയുടെ ആദരാഞ്ജലികൾ!

രഞ്ജിത്തിന്റെ  ‘ഇന്ത്യൻ റുപ്പി‘ ഗോരേഗാവ് ഒബെറൊയ് മാളിൽ. നല്ല പടം. നല്ല ഒഴുക്കുള്ള , തന്മയത്വമിയന്ന കഥ. സുന്ദരമായ ഡയലോഗുകളും, കഥാഖ്യാനരീതിയും .തിലകൻ, പൃഥ്വിരാജ്,ജഗതി- മൂന്നുപേരും അഭിനയത്തിന്റെ മിഴിവിൽ തിളങ്ങി. ചിത്രത്തിലുടനീളം കാണാനായ ടിനി ടോം സ്പ്പോർട്ടിംഗ് റോളിൽ കഴിവ് കാണിച്ചു. മുല്ലനേഴി  മാഷിന്റെ അകാലവിയോഗം പാട്ടു കേൾക്കവേ കണ്ണുകളെ നനയിച്ചു. രഞ്ജിത്തിന്റെ ‘തിരക്കഥ’ യും ഈയിടെ കണ്ടിരുന്നു.  മനസ്സിനെ ആർദ്രമാക്കിയ മറ്റൊരു പടം. ഇനിയും ഇത്തരം നല്ല പടങ്ങൾ മലയാളത്തിന് മുതൽക്കൂട്ടാവട്ടേ!

ദീപാവലിത്തിരക്കിലും അടുപ്പിച്ചായിക്കിട്ടിയ അവധിദിനങ്ങളുടെ ചിലവഴിയ്ക്കലിലും ആഹ്ലാദിയ്ക്കുന്ന നഗരത്തിലെ കൂട്ടുകാർക്കെല്ലാം ഐശ്വര്യപൂർണ്ണമായ നാളുകൾക്കായി ആശംസകൾ! മഹാനഗരിയെ ലക്ഷ്മീ ദേവി മനസ്സ് തുറന്നനുഗ്രഹിയ്ക്കട്ടേ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)