Monthly Archives: February 2008

തിരിച്ചുവരൂ…..

Posted by & filed under കവിത.

സഖേ, വിഷണ്ണരായ് കാത്തിരിപ്പിന്നു നിന്‍ സുഖവും പാര്‍ത്തു ചുറ്റുമൊട്ടേറെയായാളുകള്‍ ഉയര്‍ന്നു പൊങ്ങീടുമീ ഗദ്ഗദമമര്‍ത്തി ഞാ- നൊരുവട്ടവും കൂടി പ്രാര്‍ത്ഥിപ്പൂ നിനക്കായി. വിടരാന്‍ തുടങ്ങീടുമൊരു മൊട്ടതാം നിന്നെ കൊഴിയാനനുവദിയ്ക്കില്ല ഞാന്‍,മനം ചുട്ടി- തരികെയിരിയ്ക്കും നിന്‍ പ്രിയനെപ്പാര്‍ത്തീടുമ്പോ- ളറിയാതെന്റെ കണ്ണും നിറയുന്നല്ലോ,കഷ്ടം! മധുരക്കിനാവുകള്‍ മനസ്സില്‍ നിറച്ചു നീ കതിര്‍മണ്ഡപമേറിയല്പ നാളുകള്‍ മുന്‍പു സുഖ സുന്ദരസ്വപ്ന മോഹങ്ങള്‍ പ്രിയനുമായ് പകുക്കാന്‍ തുടങ്ങുമ്പോളെന്തിതേ ദു:ഖം വന്നൂ? ഭവിച്ചതെന്തേയാര്‍ക്കുമറിവില്ലെന്നാകിലും, സഹിയ്ക്ക വയ്യ, നിന്റെയബോധമാമീ നില വിളിയ്ക്കുന്നുവല്ലോയിന്നെല്ലാരും ചുറ്റും നിന്നു തിരിച്ചു വരൂ,നിന്നെ കാംക്ഷിപ്പൂ പ്രിയരെല്ലാം! […]

പുനപ്രതിഷ്ഠ

Posted by & filed under കവിത.

തടയുന്നില്ല നിന്റെ പോക്കിനെ ഞാനെങ്കിലും മടിയുണ്ടോതാന്‍ സഖീ,മറക്കാനേതും വയ്യ കരളിന്‍ മണിച്ചെപ്പിലൊളിച്ചിത്രയും നാള്‍ ഞാ- നെരിയുന്നല്ലോ,വെച്ചു കാത്തൊരീ കനവുകള്‍. അറിവിന്‍ വെളിച്ചവും തേടി നാമെത്തിച്ചേര്‍ന്ന മറുനാടിന്റെയായോരീവിദ്യാക്ഷേത്രത്തിങ്കല്‍ അറിയാതെന്നോ ഞാനും കൊളുത്തിയിക്കൈത്തിരി യൊരു വെട്ട,മെന്‍ സ്വപ്നക്ഷേത്രവും പണിതു ഞാന്‍! സുവര്‍ണ്ണമിയലുന്നോരിപ്രതിഷ്ഠയ്ക്കു ഞാനെന്‍ സുഖവും ദു:ഖങ്ങളുമൊന്നൊന്നായ് നേദിച്ചില്ലേ? സതതം സഹചാരിയായിടാന്‍ ക്ഷണിച്ചില്ലേ? സകലം മറന്നാത്മ സൌഹ്രുദം കൊതിച്ചില്ലേ? പറയൂ സഖീ,തെറ്റു ഞാനെന്തു ചെയ്തു,ക്രൂര- മറിക നിന്റെ മൌന,മെവിടെപ്പോകുന്നു നീ ഒരുവാക്കോതാന്‍ നേരമില്ലയോ,തകര്‍ന്നിടു- മൊരു ഗോപുരം,പക്ഷെ പ്രതിഷ്ഠയതേവിധം!

ജയിയ്ക്കാനായ്…..

Posted by & filed under കവിത.

ഈ യാത്രയൊരു തുടക്കം കുറിയ്ക്കുന്നു, എവിടെയോ കണ്ടുമറന്ന മുഖങ്ങളെ പുതുമയുടെ മുഖംമൂടിയിലൂടെ കാണാന്‍ ഒരു പരിചയപ്പെടലിന്റെ സൌഖ്യത്തോടൊപ്പം ഒരു വിരസതയുടെ മാന്ദ്യമകറ്റലില്‍ സമയത്തിന്റെ കുതിപ്പിന്റെ ശക്തികൂട്ടാന്‍ അന്യോന്യമോതുന്ന വാക്കുകള്‍ക്കാക്കം കൂട്ടി വീണ്ടും മറക്കാനായ് പിരിയാന്‍ വേണ്ടി. കണ്ടുമുട്ടലുകള്‍ ആകസ്മികമെങ്കിലു അവയുണര്‍ത്തിടുമോര്‍മ്മകള്‍ പരിചിതം വലിയ്ക്കുന്നു, പിറകോട്ടു വീണ്ടും ഒരിത്തിരി സമ്മിശ്രമാം ഭാവങ്ങളില്‍! എനിയ്ക്കെന്തോ നഷ്ടമായെന്നു ഞാനറിയുന്നു എങ്കിലുമതു ഞാന്‍ വക വെയ്ക്കില്ല എനിയ്ക്കു നേട്ടങ്ങളുമുണ്ടേറെയേറെ അതു വകവെയ്ക്കുകയാണെനിയ്ക്കേറെയിഷ്ടം!

ചാരുദത്തന്‍

Posted by & filed under കഥ.

ചാരുദത്തനു ഉറങ്ങാനാകുന്നില്ല. എന്താണു കാരണമെന്നറിയില്ല. രണ്ടു ദിവസമായി. രാത്രിയടുക്കുംതോറും അയാള്‍ക്കീയിടെ ഭയമാണു.ഉറക്കം വരാഞ്ഞിട്ടല്ല, ഉറങ്ങാന്‍ മോഹവുമുണ്ടു, പറ്റുന്നില്ലെന്നു മാത്രം! ചാരു, അങ്ങിനെയാണല്ലൊ കൂട്ടുകാര്‍ അവനെ വിളിയ്ക്കാറു പതിവു,ഒരല്പം അസ്വസ്ഥനല്ലെന്നു പറയാനാവില്ല. ഒക്കെ തെറ്റിയിട്ടാണല്ലൊ അവന്റെ എല്ലാ കാര്യങ്ങളും ഈയിടേയായിട്ടു?അവന്റെ ഉറ്റകൂട്ടുകാരനെന്ന നിലയ്ക്കു എല്ലാവരേക്കാളുമധികം അവനെക്കുറിച്ചു എനിയ്ക്കറിയാവുന്നതാണു.എന്തോ കുഴപ്പമുണ്ടെന്നു ആദ്യം മനസ്സിലാക്കിയതും ഞാന്‍ തന്നെയാണല്ലോ? ചാരുവിന്റെ ജീവിതത്തില്‍ താളക്കേടുകള്‍ക്കു സ്ഥാനമില്ലായീരുന്നതിനാല്‍ അപൂര്‍വമായിക്കണ്ട ഈ ഭാവമാറ്റം എന്നെയും തെല്ലൊന്നമ്പരപ്പിച്ചു.ഒന്നു നോക്കിയാല്‍ അതു കണ്ടെത്താന്‍ ഞാന്‍ പലപ്പോഴും ശ്രമിച്ചിരുന്നുവെന്നതൊരു സത്യം മാത്രം. […]

മഴത്തുള്ളി

Posted by & filed under കവിത.

ഒരു ചെറിയ മഴത്തുള്ളിതന്‍ നിപതനത്തില്‍ ഒരായിരമാശതന്‍ തുടിപ്പുകള്‍! കറുത്ത മേഘക്കഷണമായ നാള്‍ മുതല്‍ മനസ്സിലാശിച്ച മോക്ഷത്തിന്‍ മന്ത്രണം. ഒരുപിടിയാവിയായുയര്‍ന്നതും, ഒരു കാറ്റിന്‍പാട്ടൊത്തു ചലിച്ചതും, ഒരുപാടു കൂട്ടരൊത്തു രമിച്ചതും ഒരു സ്വപ്നം മാത്രമതായി മാറിയോ? അകലെയുയര്‍ന്ന കുന്നിനെ നോക്കി അനുരാഗവിവശയായതും ഒരുനാളൊരുനാള്‍ കണ്ടുമുട്ടുമോര്‍- ത്തതിനായ് കാത്തതുമോര്‍മ്മ മാത്രമായ്. ഒടുവില്‍ സമയം സമാഗത- മതു നേരമിതൊന്നുമോര്‍ത്തിടാന്‍ ക്ഷണനേരവുമില്ല,യെപ്പൊഴോ ഒരു വന്‍തുള്ളിയതായി മാറിയോ? കനമേറി നിലത്തുവീഴ്കവെ നിലവിട്ടൊന്നു പകച്ചിതെങ്കിലും ഒരുവേള തനിയ്ക്കു മുന്നിലായ് ഇരുള്‍ നീങ്ങി, വെളിച്ചമായിതോ?