Home –  Archive
Monthly Archives: Oct 2008

മുംബൈ അശാന്തിയുടെ നിഴലില്‍

മുംബൈ  അശാന്തിയുടെ നിഴലില്‍

 

             മഹാനഗരത്തിനു ഉറക്കമില്ലെങ്കിലും ഉറക്കം
നഷ്ടപ്പെടുന്നെന്നു പറയാന്‍  കാരണങ്ങള്‍ പൊതുവേ കുറവായിരുന്നു അടുത്തകാലം
വരേയും.. സുരക്ഷിതത്വത്തിനെന്നും  രാജ്യത്തു ഒന്നാം സ്ഥാനമുണ്ടായിരുന്നു.
 സ്ത്രീകള്‍ക്കു ഏതുസമയവും തനിയെ എവിടെയും പേടിയ്ക്കാതെ പോവാനൊക്കുമെന്ന
വിശ്വാസമുണ്ടായിരുന്നു. സ്ത്രീകള്‍ എവിടെയും ബഹുമാനിയ്ക്കപ്പെട്ടിരുന്നു.
 സാധാരണ മുംബൈറ്റിയുടെ ഏറ്റവും വലിയ ഈ വിശ്വാസങ്ങളാണു ഇപ്പോള്‍
തകര്‍ന്നുകൊണ്ടിരിയ്ക്കുന്നതു. കുറ്റം പറയാനാവില്ല, വളര്‍ച്ചയുടെ
ലക്ഷണമാണിതു. പലതരത്തിലുള്ള വിശ്വാസങ്ങളോടുകൂടിയ  പല മതക്കാരും
സംസ്ഥാനക്കാരും ഇവിടം സ്ഥിരതാമസത്തിനായി തിരഞ്ഞെടുത്തപ്പോള്ള്‍ ഇവിടുത്തെ
സംസ്കാരം മാറാതിരിയ്ക്കുന്നതെങ്ങനെ?  ആ മാറ്റം പല കാര്യങ്ങളിലും
പ്രതിഫലിച്ചു, നല്ലതായും ചീത്തയായും. നല്ല വശങ്ങള്‍ ജീവിത നിലവാരത്തിനെ
ഉയര്‍ത്തിയപ്പോള്‍ ചീത്ത വശങ്ങള്‍ ആശങ്കകളുടെവിത്തുകളാണു മനസ്സില്‍
പാകിയതു.  സാധാരണ മുംബൈറ്റിയുടെ മനസ്സമാധാനം നഷ്ടപ്പെട്ടപ്പോള്‍
മഹാനഗരത്തിനും അശാന്തി തോന്നിത്തുടങ്ങി.

     ഇന്നലെ രാത്രി ഊണും കഴിഞ്ഞു ഒരു നല്ല സിനിമയും കണ്ടു സ്വസ്ഥമായി
ഉറങ്ങിയതാണു. അതിരാവിലെ ഒരു കുടുംബസുഹൃത്തിന്റെ ഫോണ്‍.

   ”ഒന്നു പുറത്തേയ്ക്കു നോക്കൂ, ഓട്ടോയും ബസ്സുമൊക്കെ ഓടുന്നുണ്ടോ?”

   ‘എന്തു പറ്റി? സമരമാണോ?”

 ജനാലയുടെ പാളികള്‍ തള്ളിനീക്കുന്നതിനിടയില്‍  ഞാന്
ചോദിച്ചു.തൊട്ടുമുന്നില്‍ റോഡാണു.  സുഹൃത്തിന്റെ വീടു അല്പം
ഉള്ളിലായതിനാല്‍ റോഡുകാണാനാകില്ല.: പുറത്തു ഒറ്റയും തെറ്റയുമായി
ഓട്ടോകളും ബസ്സുകളും ഓടുന്നുണ്ടു. വിവരം പറഞ്ഞപ്പോഴാണു സുഹൃത്ത് കാര്യം
പറഞ്ഞതു.

  “ഇന്നു അതി രാവിലെ രാജ് താക്കറെയെ അറസ്റ്റു ചെയ്തു”

    മനസ്സു ഒന്നു നടുങ്ങി. ഈശ്വരാ…ഇനി എന്തൊക്കെ പൊല്ലാപ്പാണാവോ
ഉണ്ടാവാന്‍ പോകുന്നതു? ഓഫീസില്‍ പോകുന്നവര്‍ക്കെല്ലം പ്രശ്നം..
പൊതുജനത്തിന്റെ പ്രതികരണത്തിന്റെ ശക്തി പലവട്ടം, അനുഭവിച്ചിട്ടുള്ളവരാണു
പലരും. സമൂഹവിരുദ്ധര്‍ക്കു വിളയാടാനാവുന്ന ഒരു അവസരം കൂടി. എന്തായാലും
അതിരാവിലെയായതു നന്നായി. ലീവ് എടുക്കാവുന്നവര്‍ക്കു ആവാമല്ലോ?
ദീപാവലിയ്ക്കായി കരുതി വച്ച ഒരു ലീവു പോയിക്കിട്ടി.  പൊതുവെ എല്ലാവരും
ഒരു കരുതലില്‍ ആണു ഈയിടെയായി.  ഇന്നു കാറുകളും വളരെക്കുറച്ചേ പുറത്തു
കണ്ടിരുന്നുള്ളൂ.  ബസ്സുകളിലാണെങ്കിലോ, വളരെക്കുറച്ചുപേര്‍ മാത്രം.
ഓഫീസുകളില് ഹാജര് വളരെ കുറവു.  കടകളെല്ലാം അടഞ്ഞുകിടന്നു.  അധികം
പേരുംവീടിനകത്തു തന്നെ സമയം കഴിച്ചുകൂട്ടി.
            മണ്ണിന്റെ മക്കള്‍ക്കുവേണ്ടിയുള്ള വാദവും,
ഉത്തരേന്ത്യക്കാരോടുള്ള പ്രതിഷേധവുമായി മഹാരാഷ്ട്ര നവനിര്‍മ്മാണസഭ.
അതിന്റെ തലവനായി രാജ് താക്കറേ.  ശിവസേനയുടെ പുതിയ നായകനായി
ബാല്‍താക്കറെയുടെ മകന് ഉദ്ധവ് താക്കറെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍
പുറത്തായ രാജ് ഉണ്ടാക്കിയ പാര്‍ട്ടി ജനപിന്തുണ നേടാനായി കാട്ടിക്കൂട്ടിയ
കാര്യങ്ങളാണു ഇപ്പോള്‍ അറസ്റ്റില് എത്തിയിരിയ്ക്കുന്നതു.  അതും
പബ്ലിസിറ്റിയുടെ മറ്റൊരു മുഖം.  ആകെ 3 കേസുകളാണു രാജിന്റെ പേരില്‍.
ഉത്തരേന്ത്യക്കാര്‍ക്കെതിരെ പ്രകോപനമുണര്‍ത്തുന്നരീതിയില്‍
സംസാരിച്ചതിനും,റെയില് വേ പരീക്ഷ എഴുതാന്‍ വന്ന അന്യ സംസ്ഥാനക്കാരെ അതിനു
സമ്മതിയ്ക്കാതെ ദേഹോപദ്രവം ചെയ്തതിനുമായി. ഒരു ഉദ്യോഗാര്‍ത്ഥി
മരിയ്ക്കുകയും ചെയ്തു.  തന്നെ അറസ്റ്റുചെയ്താല്‍  തിരിച്ചടി കിട്ടുമെന്ന
ഭീഷണിയും.  എന്തായാലും അറസ്റ്റും ചെയ്തു, ജാമ്യവും കിട്ടിയില്ല.  നാളെ
വീണ്ടും കല്യാണില്‍ കോര്‍ട്ടില്‍ ഹാജരാക്കും. എല്ലാവരും വളരെ
ആശങ്കയിലാണു.  നാളെ എന്താവും ഇനി കഥ?  ഇനി ഒരു ലീവും കൂടിയോ?  ഇതാണു
സാധാരണക്കാരന്റെ പ്രതികരണം.

          മുംബൈയില് അരക്ഷിതത്വത്തിന്റെ അലകള്‍
വീശിത്തുടങ്ങിയിട്ടുണ്ടു.  പല തരത്തില്‍.  ഷെയര് മാര്‍ക്കറ്റിന്റെ
പൊട്ടിത്തകര്‍ച്ച പല കുടുംബങ്ങളേയും കടുംകയ്യിലേയ്ക്കുപോലും
നയിയ്ക്കുന്നു.   ഉള്ള നിക്ഷേപം മുഴുവനും നഷ്ടപ്പെട്ടവര്‍ , കടമെടുത്തു
വീടു വാങ്ങി തിരിച്ചടയ്ക്കാനാവാതെ വിഷമിയ്ക്കുന്നവര്‍ ഒക്കെ
കൂടിക്കൊണ്ടിരിയ്ക്കുന്നു.  ഇന്നത്തെ പേപ്പറിലും ഉണ്ടു ഒരു കുടുംബം
ആത്മഹത്യ ചെയ്ത കാര്യം.  കഴിഞ്ഞയാഴ്ച ഒരു മലയാളി കുടുംബമാണു  ആത്മഹത്യ
ചെയ്തതു.  എല്ലാത്തിനും സാമ്പത്തികം തന്നെ കാരണം.  ഗ്ലോബല് റിസഷന്‍
എല്ലാമേഖലയിലും പ്രതിഫലിച്ചു കാണാന്‍ തുടങ്ങിയിട്ടുണ്ടു.  ബി.പി.ഓ. കള്‍
പലതും പൂട്ടിക്കഴിഞ്ഞു.  പ്രസിദ്ധകമ്പനികള്‍ പലതും പുതിയ ആള്‍ക്കാരെ
എടുക്കുന്നില്ലെന്നു മാത്രമല്ല, പലരേയും പിരിച്ചു വിടുകയും ചെയ്തു.
ജെറ്റ്-കിംഗ് ഫിഷര്‍ വിമാനക്കമ്പനികള്‍ ഒന്നായപ്പോള്‍ അതു ഏറ്റവുമധികം
ബാധിച്ചതു ജോലിക്കാരെ തന്നെ.  വലിയതുക കടമെടുത്തു കൊടുത്തു ഏവിയേഷന്‍
രംഗത്തെ കനത്ത ശമ്പളമുള്ള ജോലിയ്ക്കായി പരിശീലനം നേടുന്ന വലിയൊരു വിഭാഗം
മുഴുവന്‍ മറ്റേതെങ്കിലും ജോലി നേടാനുള്ള ശ്രമത്തിലാണു. അവരെല്ലാം തന്നെ
ആശങ്കാഭരിതരാണു .  മഹാനഗരം അശാന്തമാണു.  എല്ലാം പ്രശ്നങ്ങള്‍ തന്നെ!
ഭീകരപ്രവര്‍ത്തനങ്ങളും ബോംബുമൊക്കെ തല്‍ക്കാലം മറന്നാല്‍ക്കൂടി.
ആരേയുംവിശ്വസ്യ്ക്കാനാവില്ല.   ഒന്നിനും സ്ഥിരതയില്ല.   അക്രമങ്ങളും കൂടി
വരുന്നു.

  മുംബൈ മാറിക്കഴിഞ്ഞു. മഹാനഗരത്തിനെ നന്മകള്‍ക്കൊപ്പം ശാപങ്ങളും
പേറിക്കൊണ്ടു.   മനസ്സമാധാനം മുംബൈറ്റിക്കു
നഷ്ടമായിക്കൊണ്ടിരിയ്ക്കുന്നു.  ഇന്നിനും നാളെയ്ക്കുമപ്പുറം
ചിന്തിയ്ക്കാനാകുന്നില്ല.  ഒരു പൊരി വീണാലിവിടെ ആളിപ്പിടിയ്ക്കും, അതു
ഇവിടെ എല്ലാവര്‍ക്കും നന്നായറിയാം.  അതാണല്ലോ എല്ലാവരും ഇത്രയേറെ
കരുതലോടെയിരിയ്ക്കാനും കാരണം.  അവസാനം കിട്ടിയ വാര്‍ത്തയനുസരിച്ചു
നാലുപേര്‍  കൊല്ലപ്പെട്ടിട്ടുണ്ടു. ആയിരക്കണക്കിനുപേര്‍  അറസ്റ്റു
ചെയ്യപ്പെട്ടിട്ടുണ്ടു. ബസ്സുകള്‍ , ഓട്ടോകളെല്ലാം
കത്തിയ്ക്കപ്പെട്ടിട്ടുണ്ടു.  കല്യാണ്‍ പോലെയുള്ള പല സ്ഥലങ്ങളിലും
കര്‍ഫ്യൂ പ്രഖ്യാപിയ്ക്കപ്പെട്ടിട്ടുണ്ടു.  മുംബൈ ഊന്നുവിരലുകളില്‍
നിന്നു പ്രാര്‍ത്ഥിയ്ക്കുകതന്നെയാണു

മുംബയിലെ ആരാധനാലയങ്ങള്‍-3

മുംബയിലെ ആരാധനാലയങ്ങള്‍ 3

 

മൌണ്ടു മേരി ചര്‍ച്ചു, ബാന്ദ്രhttp://www.alphonsa.net/St.Alphonsa.htm

http://misteaq.blogspot.com/2006/09/come-september-and-streets-of-bandra.htmlhttp://www.aseemn.org/posts/a-journey-from-goregaon-to-mount-mary-church-bandstand/

 

ഭാരതത്തില്‍ നിന്നും ആദ്യമായി ഒരു  വിശുദ്ധ. . കുടമാളൂരിലെ ആര്‍പ്പൂക്കരയില്‍ 1910 ആഗസ്റ്റ് മാസം 10നു മുട്ടത്തുപാടത്തുവീട്ടില്‍ ജനിച്ചു 7- മത്തെ വയസ്സില്‍ തന്നെ  കര്‍ത്താവിനെ മണവാളനായി സ്വീകരിച്ചു  തന്റെ വളരെ ഹൃസ്വമായ ജീവിതം മുഴുവനും പീഡിതരുടെ പ്രതീകമായി ജീവിച്ചു 1946 ജൂലായ് 28നു ഭരണങ്ങാനത്തു കര്‍ത്താവില്‍ വിലയം പ്രാപിച്ച സിസ്റ്റര്‍ അല്‍ഫോന്‍സയെ സൈന്റു അല്‍ഫോന്‍സയാക്കി ഇന്നു വാഴ്ത്തപ്പെട്ട സന്തോഷത്തിലാണു ഇന്ത്യയിലെ ക്രിസ്ത്യന്‍ ജനത  മുഴുവനും. മുംബൈയ്ക്കും അഭിമാനം കൊള്ളാന്‍ വകയുണ്ടു. കാരണം  ഇന്ത്യയിലെ ആദ്യത്തെ പുണ്യവാനായി പ്രഖ്യാപിയ്ക്കപ്പെട്ടതു മുംബയിലെ വസായ് എന്ന സ്ഥലത്തെ സൈന്റ് ഗോണ്‍സാലോ ഗാര്‍ഷ്യ ആയിരുന്നുവല്ലോ? 1556 ല്‍ ജനിച്ചു,1597 ല്‍ കൊല്ലപ്പെട്ടു, ഏകദേശം 250 വര്‍ഷങ്ങള്‍ക്കുശേഷം 1892ല്‍ വിശുദ്ധനായി പ്രഖ്യാപിയ്ക്കപ്പെട്ടു സൈന്റ് ഗോണ്‍സാലോ ഗാര്‍ഷ്യ. ഈ സന്തോഷാവസരത്തില്‍ മുംബയിലെ ക്രൈസ്തവ ദേവാലയങ്ങളെക്കുറിച്ചുതന്നെയാകട്ടെ ഈ എത്തിനോട്ടം.

 

   ബാന്ദ്ര ഫെയര്‍ എന്നു കേട്ടുകാണും, ഇല്ലേ?

 

മുംബൈയുടെയും മുംബൈയ്നിവാസികളുടെയും മനസ്സില്‍ ഒരേപോലെ സ്ഥാനം പിടിച്ച വെസ്റ്റേണ്‍ മുംബൈയിലെ മൌന്‍ടു മേരി ചര്‍ച്ചിലെ ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ഒരു പെരുന്നാള്‍ സമയമാണിതു. ജാതിമതഭേദമില്ലാതെ , ധനികരും ദരിദ്രരും ഒരേപോലെ ദര്‍ശനത്തിനെത്തുന്ന സ്ഥലം. സെപ്തംബര്‍ മാസത്തിലാണു ഈ പെരുന്നാള്‍ കൊണ്ടാടുന്നതു. ഈ വര്‍ഷം ഇതു സെപ്തംബര്‍ 15 മുതല്‍ 22 വരെയായിരുന്നു. ഏകദേശം ഒര്‍ ഗോവന്‍ കാര്‍ണ്ണിവലിന്റെ അന്തരീക്ഷമാണു  ഈ ദിവസങ്ങളില്‍ ഇവിടെ സൃഷ്ടിയ്ക്കപ്പെടുന്നതു. ഗുരുവായൂര്‍ അമ്പലത്തില്‍ ചെന്നാല്‍ നമ്മള്‍ ആള്രൂപം നടയ്ക്കല്‍ വെയ്ക്കുന്നതു പോലെ ഇവിടെ മെഴുകു കൊണ്ടു നിര്‍മ്മിതമായ വിശുദ്ധമേരിയുടെ ആള്രൂപം, കൈ, കാല്‍, ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവ പ്രാര്‍ഥനയുടെ ആവശ്യകതയനുസരിച്ചു വഴിപാടായി വെയ്ക്കുന്നു, അന്നേ ദിവസം പള്ളിയുടെ ഒരു കിലോമീറ്റര്‍ അകലെ നിന്നു വരെ മെഴുകുതിരി വില്‍ക്കുന്നവരുടെ ലഹളയാണു. മുട്ടിപ്പായി പ്രാര്‍ത്തിച്ചാല്‍ ഫലം കിട്ടുമെന്ന വിശ്വാസമാണു ഇവിടുത്തെ ഭക്തരുടെ തിരക്കു ഇത്രയേറാന്‍ കാരണം. ആനുഗ്രഹത്തിനായി പ്രാര്ത്ഥിയ്ക്കാന്‍ വരുന്നവരുടെയും അനുഗ്രഹം കിട്ടിയതിലെ നന്ദി കാണിയ്ക്കാനായെത്തുന്നവരുടേയും തിരക്കു .മുംബൈയ്ക്കു പുറത്തുനിന്നുപോലും ഭക്തര്‍ ഇവിടെയെത്തുന്നു.

 

  

     മുംബൈയിലെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ ആരാധനാലയങ്ങളില്‍ ഒന്നാണിതു. 1640 ല്‍ ആണു ഇതു പണിയിയ്ക്കപ്പെട്ടതു. കഥകള്‍ പലതുമുണ്ടു ഇവിടത്തെ പ്രതിഷ്ഠയെക്ക്രിച്ചു..മുന്‍പു പ്രതിഷ്ഠിയ്ക്കപ്പെട്ട വിഗ്രഹത്തിന്റെ കയ്യിലെ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ എന്തോ വസ്തു  മോഷ്ടിയ്ക്കപ്പെട്ടപ്പോള്‍ കയ്യും കേടുവരുത്തി. ഒരു മുക്കുവനു സ്വപ്നദര്‍ശനം കിട്ടിയത്രേ, കടലില്‍ നിന്നും കിട്ടുന്ന വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കാനായി. അതനുസരിച്ചു അന്വേഷണാര്‍ത്ഥം കിട്ടിയ വിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടെങ്കിലും ആദ്യവിഗ്രഹം തന്നെ കേടുപാടുകള്‍ തീര്‍ത്തു കയ്യില്‍ ഒരു കുഞ്ഞിനേയുമേന്തുന്ന രൂപത്തില്‍ വീണ്ടും പ്രതിഷ്ഠിയ്ക്കപ്പെടുകയാണുണ്ടായതാണത്രേ! ഇതിനെല്ലാം രേഖകളും ബാന്ദ്ര സൈന്റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍  ഉണ്ടത്രേ! എന്തായാലും എല്ലാമതത്തില്‍ പെട്ടവരും ഇവിടെയെത്തി പ്രാര്‍ഥിയ്ക്കുന്നു. തുടര്‍ച്ചയായി 9 ആഴ്ച്ച വന്നു മുട്ടിപ്പായി പ്രാര്‍ത്ഥിയ്ക്കുന്നവരുമുണ്ടു. ചുറ്റുപാടുമുള്ള മഹാരാഷ്ട്രീയന്‍ വിശ്വാസികള്‍ക്കു മാത് മൌലിയാണീ പുണ്യവാളത്തി. അറബിക്കടലിന്റെ തീരത്തെ സന്ധ്യയുടെ മുഴുവനും സൌന്ദര്യവും സൂര്യാസ്തമനത്തിന്റെ സമയത്തു ദര്‍ശിയ്ക്കാനകുന്ന തരത്തിലാണു ഈ പള്ളി നിലകൊള്ളുന്നതു. വിഭിന്ന മതക്കാരെങ്കിലും ഒരേവിശ്വാസത്തോടുകൂടി ഇവിടെയെത്തുന്ന മനുഷ്യര്‍ മുംബൈ മഹാനഗരിയുടെ മറ്റൊരു സൌന്ദര്യത്തിന്റെയും മുഖമാണൊയെന്നു ഇതു കാണുമ്പോള്‍ തോന്നിപ്പോകും. ഇവീടെ ഒന്നില്‍ക്കൂടുതല്‍ സംസ്കാരങ്ങളും ഒന്നില്‍ക്കൂടുതല്‍ മതവിശ്വാസങ്ങളും ഒരു പുതുമയേയല്ല. ടൂറിസ്റ്റുകളുടെ ആകര്‍ഷണമായും ഈ സ്ഥലം വളര്‍ന്നുകൊണ്ടിരിയ്ക്കുന്നു.

മുംബൈയിലെ ആരാധനാലയങ്ങള്‍-2

മുംബൈയിലെ ജാമ മസ്ജിദും ഹാജി അലി ദര്‍ഘയും

 

    http://mumbai.clickindia.com/travel/jamamasjid.htmlവിഭിന്നമതവിശ്വാസികള്‍ സഹിഷ്ണുതയോടെ http://www.world66.com/asia/southasia/india/maharashtra/mumbai/lib/galleryഒത്തൊരുമിച്ചു ജീവിയ്ക്കുന്ന മുംബൈയിലെ നിവാസികള്‍ക്കു നവരാത്രിയും , ക്രിസ്തുമസ്സും ഈദും എല്ലാം ഒരേപോലെത്തന്നെ ഉത്സവങ്ങളുടെ നാളുകളാണു.. ജന്മാഷ്ടമിയും, ഗണപതിയും, ഓണവുമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ രംസാന്‍ നൊയമ്പിന്റെ നാളുകള്‍ അവസാനിയ്ക്കുന്നതിനെ ക്കുറിയ്ക്കുന്ന ചാന്ദ്ര ദര്‍ശനവുമായി  ഈദു എത്തിക്കഴിഞ്ഞല്ലോ! ഈയവസരത്തില്‍ മുംബൈ നഗരത്തിലെ മുസ്ലിം ആരാധനാലയങ്ങളില്‍ ഏറ്റവും പഴയതായ ജമ മസ്ജിദിനെക്കുറിച്ചും ഹാജി അലി ദര്‍ഘയെക്കുറിച്ചുമാവട്ടെ ഈ ജാലകക്കാഴ്ച്ച. എല്ലാര്‍ക്കും ഈദ് മുബാരക്!

 

 

     തെക്കന്മുംബൈയില്‍ ക്രാഫോര്‍ഡ് മാര്‍ക്കറ്റിനരികെ കല്‍ബാദേവിയിലാണു ജമ മസ്ജിദ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നതു . ഏറ്റവും പഴക്കമേറിയ പള്ളിയാണിതെന്നു പറയാം. പണ്ടു ഇതു  സ്ഥിതിചെയ്തിരുന്നതു ഡോംഗ്രി എന്ന സ്ഥലത്തായിരുന്നുവത്രേ. പിന്നീടു ഇതു എസ്പ്ലനേഡിലേയ്ക്കു മാറ്റപ്പെട്ടുവെങ്കിലും ഗവര്‍ണര്‍ വില്യം ഹോണ്‍ബിയുടെ കല്പനപ്രകാരം 1770 ല്‍  ഫോര്‍ട്ട് ഏരിയയില്‍ നിന്നു വീണ്ടും മാറ്റപ്പെടുകയും ഇന്നത്തെ സ്ഥലത്തു പുതിയതായി നിര്‍മ്മിയ്ക്കപെടുകയും ചെയ്തുവെന്നാണു ചരിത്രം. 1775ല്‍ ഇതിന്റെ പണി തുടങ്ങിയെങ്കിലും അവസാനിച്ചതു 1802 ല്‍ ആണു. കല്ലിലും ഇഷ്ടികയിലും തീര്‍ത്ത ദീര്‍ഘചതുരത്തിലുള്ള കെട്ടിടവും  അതിന്റെ ചുറ്റുമായുള്ള രണ്ടുനിലയിലയായുള്ള ഭാഗവും കൂടിച്ചേര്‍ന്നതാണു മസ്ജിദ്. കിഴക്കുന്ഭാഗത്തെ കവാടത്തിനടുത്തായി ഒരു കുളവും അതിനോടു ചേര്‍ന്നു പള്ളിയെ താങ്ങി നിര്‍ത്തുന്ന കരിങ്കല്‍കവാടങ്ങളുമുണ്ടു.

 

  

പള്ളിയുടെ ഭരണം 3 കൊല്ലത്തിലൊരിയ്ക്കല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാല്‍ രൂപീകൃതമായ ട്രസ്റ്റിന്റെ കീഴിലാണു. മുശവിര്‍ എന്നറിയപ്പെടുന്ന കൊക്നി മുസ്ലിം ജമ അത്ത് സമുദായത്തില്‍ പെടുന്നവരാണു ട്രസ്റ്റു മെംബര്‍മാരായി തിരഞ്ഞെടുക്കപ്പെടാന്‍  അര്‍ഹതയുള്ളവര്‍. 

 

 

    ഹാജി അലി………കടലിനു നടുവിലായി ഒരു മുസ്ലിം സുഫി വിശുദ്ധനായുള്ള    ആരാധനാലയം. കരയില്‍ നിന്നും നടന്നുപോകാനായി വഴി.  കാണുമ്പോള്‍ തന്നെ വളരെയധികം ശ്രദ്ധയാകര്‍ഷിയ്ക്കുന്ന ഒരു പുണ്യസ്ഥലമാണിതു. എന്തോ ഒരു ദൈവീകത മുറ്റിനില്‍ക്കുന്നതുപോലെ. ഈ സ്ഥലത്തിന്റെ പ്രത്യേകതയെന്തെന്നാല്‍ വേലിയിറക്ക സമയത്തു മാത്രമേ ഇവിടം ദര്‍ശിയ്ക്കാനാവൂ എന്നതാണു. മറ്റു സമയങ്ങളില്‍ 500 അടിയെങ്കിലും കടലിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഈ ദര്‍ഘയിലേയ്ക്കുള്ള വഴി വെള്ളത്തിലാണ്ടിരിയ്ക്കുമെന്നതാണു കാര്യം. അതേപോലെത്തന്നെയാണു നല്ല മഴ,യും കാറ്റുമുള്ള സമയത്തും. എന്താണു ഈ ദര്‍ഘയുടെ പ്രാധാന്യം? ധനികനും അള്ളാവില്‍ അടിയുറച്ച വിശ്വാസിയുമായിരുന്ന ഒരു കച്ചവടക്കാരന്റെ ശവകുടീരമാണിതു. 1431ലാണത്രേ ഇതു നിര്‍മ്മിയ്ക്കപ്പെട്ടതു. വോര്‍ളി കടല്‍ത്തീരത്തിന്നടുത്തായി മഹാലക്ഷ്മി എന്ന സ്ഥലത്തു മഹാലക്ഷി റെയ്സ് കോഴ്സിനു മുന്‍പിലായാണു ഇതു സ്ഥിതി ചെയ്യുന്നതു. ഹാജി അലി എന്ന പേരില്‍ത്തന്നെയാണു ഇപ്പോള്‍  ഈ ചുറ്റുപാടു അറിയപ്പെടുന്നതു.. പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹസാഫല്യം കിട്ടുമെന്ന വിശ്വാസത്താല്‍ എല്ലാ മതക്കാരും ഒരുപോലെ സന്ദര്‍ശിയ്ക്കുന്ന സ്ഥലമാണിതു. വ്യാഴം , വെള്ളി എന്നീ ദിവസങ്ങളില്‍ 40,000 ത്തോളം ആളുകള്‍ ഇവിടം സന്ദര്‍ശിയ്ക്കുന്നുവെന്നാണു കണക്ക്.

 

      ഹസ്രത് ഹാജി അലി എന്ന ധനികന്‍ ജീവിതത്തിലെ എല്ലാ സുഖസൌകര്യങ്ങളും ത്യജിച്ചു മെക്കയിലേയ്ക്ക് യാത്ര തിരിച്ചു. വഴിയില്‍ വെച്ചു മരിച്ച അദ്ദേഹത്തിന്റ് ശരീരം ഇവിടെവന്നു അടിഞ്ഞുവത്രെ! ഇവിടെവെച്ചു അദ്ദേഹം മുങ്ങി മരിയ്ക്കുകയാണുണ്ടായതെന്നും ചിലര്‍ പറയപ്പെടുന്നു. എന്തായാലും വിശ്വാസികള്‍ക്കു പ്രിയപ്പെട്ടതായി മാറിയ ഈ സ്ഥലം രൂപ ഭംഗി കൊണ്ടും നിര്‍മ്മാണശൈലി കൊണ്ടും കൂടി ശ്രദ്ധേയമായി മാറി. 4500 ഓളം മീറ്റര്‍ സ്ഥലത്തു, 85 അടി ഉയരത്തില്‍ ഗോപുരത്തോടുകൂടിയ ഈ കെട്ടിടത്തിന്റെ മാര്‍ബ്ബിള്‍ തൂണുകളില്‍ പച്ച, മഞ്ഞ, നീല നിറണ്‍ഗളില്‍ ചില്ലുകഷ്ണങ്ങല്‍ പാകി മനോഹരമാക്കിയിരിയ്ക്കുന്നു. അള്ളാവിന്റെ 99 തിരുനാമങ്ങളും ഈ മാര്‍ബിള്‍ ചിത്രത്തൂണുകളില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടു.തൂവെള്‍ല നിറമുള്‍ല കെട്ടിടത്തിനു ഒറ്റ താഴികക്കുടം മാത്രമേയുള്ളൂ. പള്ളിയ്ക്കകത്താണു വെള്ളിയില്‍ നിര്‍മ്മിച്ച പ്രത്യേക കൂടിനകത്തായി ദര്‍ഘ. അതിനു മുകളിലായി ചുവപ്പും പച്ചയും നിറങ്ങളുള്ള പുതപ്പുകൊണ്ടു മൂടിയ ഹാജി അലിയുടെ ശവകുടീരം കാണാം..വിശാലമായ അങ്കണവും പള്ളിയ്ക്കുണ്ടു. പള്ളിയ്ക്കകത്തു സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രാര്‍ത്ഥിയ്ക്കാനായി വേറെ വേറെ സ്ഥലങ്ങളുണ്ടു.

 

       ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഈ ദര്‍ഘ കാണാനാകും. മുംബൈ കാണാനെത്തുന്നവരൊക്കെ ഇവിടെയും സാധാരണ പോകാറുണ്ട്. കടല്‍ത്തിരകളുടെ ശക്തിയാ‍ല്‍  കേടുപാടുകള്‍ വന്നു പലപ്രാവശ്യവും അറ്റകുറ്റപ്പണികള്‍ തീര്‍ത്തെങ്കിലും ഇപ്പോള്‍ കാര്യമായ ഒരു പുനരുദ്ധാരണം നടത്തിയേ പറ്റൂ എന്നനിലയിലായിട്ടുണ്ടു. ടാജ്മഹല്‍ പോലെ തൂവെള്ള മാര്‍ബിളില്‍ പണിയാനും ആലോചനകള്‍ നടന്നു വരുന്നു. എന്തായലും വിശ്Wആസികളുടേയും അല്ലാത്തവരുടേയും മനസ്സില്‍ ഒറെപോലെ പ്രതിഷ്ഠ നേടിയ സ്ഥലമാണിതെന്നു പറയാതെ

മുംബൈയിലെ പ്രധാന ആരാധനാലയങ്ങള്‍-1

മുംബാദേവി മന്ദിര്‍

http://bhabha.org/_wsn/page4.html

നാനാജാതിമതസ്ഥര്‍ ഒരുമിച്ചു താമസിയ്ക്കുമ്പോള്‍ അവരുടെയൊക്കെ ആരാധനാലയങ്ങളും അവിടെ കാണാതെ വരില്ലല്ലോ? മുംബയിലെ സ്ഥിതിയും മറിച്ചല്ല. ഇവിടെ എല്ലാ തരത്തില്‍ പെട്ടവരുടേയും ആരാധനലയങ്ങളുണ്ടു. നഗരത്തിന്റെ തിക്കിലും തിരക്കിലും ജീവിത വിജയത്തിനായുള്ള നെട്ടൊട്ടത്തിന്നിടയില്‍ മനസ്സമാധാനം കണ്ടെത്താന്‍ നാമെല്ലാം എത്തിച്ചേരുന്നതു ഇഷ്ടദൈവങ്ങളുടെ മുന്‍പിലാണല്ലോ?

ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളെക്കുറിച്ചു പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നതു മുംബാദേവി മന്ദിര്‍ ആണു. പണ്ടു നാം മുംബൈ എന്ന ഈ നഗരത്തിനെ ബോംബേ എന്നാണല്ലോ വിളിച്ചിരുന്നതു. പോര്‍ച്ചുഗീസുകാരുടെ വരവിനു മുന്‍പത്തെ നാമധേയമായ മുംബൈയിലേക്കു തന്നെ പിന്നീടതു മാറ്റപ്പെടുകയാണുണ്ടായതു.( 1534ല്‍ അവര്‍ ഇവിടെ കോളനി സ്ഥാപിച്ചപ്പോള്‍ ‘‘ഗുഡ് ബേ‘ എന്നര്‍ത്ഥം വരുന്ന ബോം ബേ എന്നിതിനെ വിളിച്ചു.) മുംബൈ എന്ന നാമം, ഇവിടുത്തെ സകല ഐശ്വര്യങ്ങള്‍ക്കും കാരണഭൂതയായി ഇവിടുത്തുകാര്‍ കാണുന്ന മുംബാദേവിയില്‍ നിന്നുമാണു കിട്ടിയതു. മുംബാ എന്നു വച്ചാല്‍ മഹാ അംബ. അല്ലെങ്കില്‍ ആയി( അമ്മ എന്നതിന്റെ മാറാഠി വാക്കു) സര്‍വ്വശക്തയായ ദേവി. ഇവിടത്തെ അഗ്രികളുടേയും (കടലിനു സമീപദേശങ്ങളിലെ കണ്ടങ്ങളില്‍ വെള്ളം വറ്റിച്ചു ഉപ്പുണ്ടാക്കി വിറ്റു ഉപജീവനം നടത്തുന്നവര്‍), കോളികളുടേയും (മുക്കുവര്‍) വിളിപ്പുറത്തെത്തുന്ന ശക്തിരൂപിണി. പത്തഞ്ഞൂറു കൊല്ലത്തെയെങ്കിലും പഴക്കം കാണും ഈ അമ്പലത്തിനു. തെക്കന്‍ മുംബൈയില്‍ സ്വര്‍ണ്ണത്തിന്റേയും ഇരുമ്പിന്റേയും തുണികളുടെയും വ്യാപരകേന്ദ്രമായ ബുലേശ്വര എന്ന സ്ഥലത്താണിതു സ്ഥിതി ചെയ്യുന്നതു. ഈ ദേവിയുടെ സാന്നിധ്യമാണു മുംബയെ സമ്പന്നമാക്കിയതെന്നു പറയപ്പെടുന്നു. (മുംബ എന്ന ഒരു സ്ത്രീയാല്‍ പ്രതിഷ്ഠിയ്ക്കപ്പെട്ടതിനാല്‍ മുംബയുടെ ദേവി എന്ന അര്‍ത്ഥത്തില്‍ മുംബാദേവി ആയതാണെന്നും കേട്ടിട്ടുണ്ടു.)

ബോംബയുടെ ഉല്‍പ്പത്തിയെക്കുറിച്ചു കേട്ടുകാണുമല്ലോ? 7 ദ്വീപുകള്‍ കൂട്ടിച്ചേര്‍ത്താണു ഇതു ഉണ്ടാക്കിയിട്ടുള്ളതു. കൊളാബ, മസഗോണ്‍, ഓള്‍ഡ് വുമണ്‍സ് ഐലണ്ടു, വഡാല, മാഹിം, പരേല്‍, മാട്ടുംഗ-സയണ്‍ എന്നിവയാണവ. അതു പഴയ ബോംബെ. പിന്നീടു ഗ്രേറ്റര്‍ ബോംബേ ഉണ്ടാക്കിയപ്പോള്‍ വീണ്ടും കൂട്ടിച്ചേര്‍ക്കലുകളുണ്ടായി. കടലില്‍ നിന്നും മണ്ണിട്ടുനികത്തി ഭൂമിയാക്കിമാറ്റിയ നരിമാന്‍ പോയന്റ് പോലെയുള്ള സ്ഥലങ്ങളുമുണ്ടായി. ടൂറിസ്റ്റുകള്‍ക്കായി കാണാന്‍ അത്ര അധികം സ്ഥലങ്ങളൊനഗരത്തിലില്ല. എങ്കിലും തീര്‍ത്ഥാടനക്കാരും ദൈവവിശ്വാസികളും എന്നല്ല ഒരുവിധം മുംബൈദര്‍ശനത്തിനെത്തുന്ന എല്ലാവരുംതന്നെ മുംബാദേവി അമ്പലത്തില്‍ വന്നു ദര്‍ശനം നടത്തിപോകുന്നതു പതിവാണു.

ബുലേശ്വരിലാണു ഈ അമ്പലമെന്നു പറഞ്ഞല്ലോ. എന്നാല്‍ 1737 ല്‍ ഈ അമ്പലം ആദ്യമായി നിര്‍മ്മിയ്ക്കപ്പെട്ടതു ബോറിബുന്ദര്‍ എന്ന സ്ഥലത്താണു. ഇന്നു വി.ടി, അഥവാ ഛത്രപതി ശിവജി ടെര്‍മിനസ് സ്ഥിതിചെയ്യുന്ന സ്ഥലത്തു. പിന്നീടാണു ബൂലേശ്വറിലേയ്ക്കു മാറ്റപ്പെട്ടതു. കാഴ്ച്ചയിലോ, വലുപ്പത്തിലോ മറ്റു സവിശേഷതകളാലോ ഈ അമ്പലത്തിനു കേമത്തം അവകാശപ്പെടാനായി ഒന്നുമില്ല, ഇവിടത്തെ മറ്റു പല ആരാധനാലയങ്ങളുമായി താരതമ്യം ചെയ്യപ്പെടുമ്പോള്‍. ഒരുപക്ഷേ ആശ്രയിച്ചാല്‍ മുംബദേവി കൈവിടില്ലെന്ന ഇവിടുത്തുകാരുടെ കറയറ്റ വിശ്വാസമായിരിയ്ക്കാം ഈ അമ്പലത്തിനെ ഇത്രയും പ്രസിദ്ധമാക്കുന്നതു. അതിന്റെ പിന്നിലൊരു ഐതിഹ്യവുമുണ്ടു. തലമുറകളായി കൈമാറിക്കൊണ്ടിരിയ്ക്കുന്ന മുംബര്‍ക്ക എന്ന രാക്ഷസന്റെ കഥ.. രാക്ഷസന്റെ നിരന്തരമായ പീഡനം കൊണ്ടു പൊറുതിമുട്ടിയ ജനങ്ങളുടെ പ്രാര്‍ത്ഥനകേട്ടു ബ്രഹ്മാവിനാല്‍ സൃഷ്ടിതയായ ദേവി രാക്ഷസനെ തോല്‍പ്പിച്ചു ഭക്തരെ രക്ഷിച്ചു. അടിയറവു പറഞ്ഞ രാക്ഷസന്റെ അപേക്ഷാനുസരണം ദേവി ആ പേരില്‍ അറിയപ്പെടുന്നു. ആ രാക്ഷസനാല്‍ നിര്‍മ്മിതമായിരുന്നത്രേ ആദ്യത്തെ ക്ഷേത്രം. എട്ടുകൈകളും, ചുവന്ന മുഖവുമുള്ള ശക്തിയുടെ മൂര്‍ത്തീമദ്ഭാവമായ ഇവിടുത്തെ വിഗ്രഹത്തെ ഭൂമീദേവിയുടെ പ്രതീകമായാണു ഇവിടുത്തുകാര്‍ കാണുന്നതു. വിഗ്രഹത്തിന്റെ മറ്റൊരു പ്രത്യേകത വായയുടെ അഭാവമാണു. വാഹനം പുലി. പക്ഷേ തൊട്ടുതന്നെ പ്രതിഷ്ഠിച്ചിട്ടുണ്ടു മയിലിന്റെ പുറത്തു അന്നപൂര്‍ണ്ണാദേവിയെ..എന്തായാലും മുംബൈയുടെ മുഴുവനും സമ്പത്സ്മൃദ്ദ്ധിയുടെ കാരണഭൂതയായാണു ഈ കുലദേവതയെ ഇവിടുത്തുകാര്‍ കാണുന്നതു .സ്വര്‍ണ്ണക്കച്ചവടത്തിന്റെ കേന്ദ്രമായ സാവേരീബസാര്‍, പ്രിന്‍സെസ് സ്റ്റ്രീറ്റ്, ബുലേശ്വര്‍ മാര്‍ക്കറ്റ്എന്നിവയും കച്ചവടസിരാകേന്ദ്രങ്ങളായ സി.പി ടാങ്ക് മാര്‍ക്കറ്റ്, ക്രാഫോര്‍ഡ് മാര്‍ക്കറ്റ് എന്നിവയും അടുത്തുതന്നെയാണു. കച്ചവടങ്ങളിലൂടെ നഗരത്തിനെ സമ്പന്നമാക്കുന്നതിനാലാണല്ലൊ മുംബയെ രാജ്യത്തിന്റെ കമ്മേഴ്സിയല്‍ കാപിറ്റല്‍ എന്നു വിളിയ്ക്കുന്നതും..

പ്രസിദ്ധമായ മറ്റുപല അമ്പലങ്ങളും ഇവിടെയുണ്ടു. എന്നാലും എപ്പോഴെങ്കിലും മുംബൈ സന്ദര്‍ശിയ്ക്കുമ്പോള്‍ ഐശ്വര്യദായികയായ മുംബാദേവിയുടെ ദര്‍ശനവും ചെയ്യുമല്ലോ? നാളികേരം, പൂക്കള്‍, ചന്ദനത്തിരി, മധുരം ഒക്കെ സമര്‍പ്പിയ്ക്കാം, കൂട്ടത്തില്‍ മുംബൈ മാര്‍ക്കറ്റിന്റെ തിരക്കും കാണാം..

മുംബൈ കണ്ട നവരാത്രി

മുംബൈ കണ്ട  നവരാത്രി

 http://onlybombay.blogspot.com/2007/10/navratri-in-mumbai.html

നവരാത്രിയുടെ തിരക്കിലായിരുന്നു, ഞാന്‍. അതാ ഇവിടെ പതിവുപോലെയെത്താന്‍ ഇത്തിരി വൈകിയതു, കേട്ടൊ. പിന്നെ വരുമ്പോള്‍ നിങ്ങള്‍ക്കൊക്കെ പറഞ്ഞു തരികയും വേണമല്ലോ, മുംബൈയിലെ നവരാത്രി ആഘോഷങ്ങളെക്കുറിച്ചു. എല്ലാം മറന്നു മുംബെയ്നിവാസികള്‍ പാടി ആടി നൃത്തഗാനങ്ങളിലലിഞ്ഞു മുഴുകുന്ന ദിനങ്ങളെക്കുറിച്ചു. എന്താണു നവരാത്രിയെന്നും അതിന്റെ പ്രസക്തിയെന്തെന്നുമൊക്കെ.

 

  കന്നി മാസത്തിലെ വെളുത്തപക്ഷത്തിലെ പ്രതിപദം മുതല്‍ നവമി വരെ ഒമ്പതു ദിവസങ്ങളാണു നവരാത്രി…ഒമ്പതു രാത്രങ്ങള്‍, അജ്ഞതയുടെ തമസ്സിനെ മനസ്സില്‍ നിന്നും ദൂരീകരിയ്ക്കാനായി ശക്തിയുടെ മൂര്‍ത്തീമദ്ഭാവമായ പ്രകൃതിയെ സന്തോഷിപ്പിച്ചു ആരാധിയ്ക്കുന്ന ഒമ്പതു നാളുകള്‍. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ കര്‍മ്മത്തിന്റെയും ഓജസ്സിന്റേയും പ്രതിരൂപിണിയായ പാര്‍വതിയേയും, പിന്നീടുള്ള മൂന്നു ദിവസങ്ങളില്‍ ഐശ്വര്യത്തിന്റെയും സമ്പത്തിന്റേയും പ്രതിനിധിയായ ലക്ഷ്മീദേവിയേയും അവസാനത്തെ മൂന്നുനാളുകളില്‍ വിദ്യയുടെയും അറിവിന്റേയും നാഥയായ സരസ്വതിയേയുമാണു ആരാധിയ്ക്കുന്നതു. ഇവര്‍ മൂന്നുപേരും ചേര്‍ന്ന രൂപമാണു പ്രകൃതി അഥവാ ശക്തി. ശക്തിയുടെ 9 ഭാവങ്ങളുടെ ദേവിമാരായ ഭദ്രകാളി, അംബ, അന്നപൂര്‍ണ്ണ, സര്‍വമംഗള, ഭൈരവി, ചണ്ഡിക, ലളിത, ഭവാനി, മൂകാംബിക എന്നീ രൂപങ്ങളില്‍ ഓരോരോ ദിവസങ്ങളിലായി ആരാധിയ്ക്കുന്നവരുമുണ്ടു. ശക്തിസ്വരൂപിണിയാണു ദുര്‍ഗ്ഗയെങ്കില്‍ , പ്രാണസ്വരൂപിണിയാണു ലക്ഷ്മി, സരസ്വതി വാഗ് ദേവതയും. ഈ ദിവസങ്ങളില്‍ മൂന്നുപേരും ആരാധിയ്ക്കപ്പെടുന്നു.

 

  http://onlybombay.blogspot.com/2007/10/mumbai-bargirls-and-navratri.html മുംബൈ എന്ന മഹാനഗരം ഗുജരാത്തിലെ ഗര്‍ബയും ദാണ്ട്യരാസും, ഉത്തരേന്ത്യയിലെ രാമലീലയും, കര്‍ണ്ണാടകയിലെ ദസറയും, ബംഗാളിലെ ദുര്‍ഗ്ഗാപൂജയും മലയാളിയുടെ സരസ്വതീപൂജയും വിദ്യാരംഭവും ഒക്കെ ആഘോഷിയ്ക്കുന്നു. പക്ഷേ മഹാനഗരത്തിനെ മുഖരിതമാക്കുന്നതു ഗര്‍ബയും ദാണ്ട്യാ‍രാസും തന്നെ. ഗുജറാത്തിന്റെ തനതായ നൃത്തശൈലി  മഹാരാഷ്ട്രക്കാര്‍ക്കും  പ്രിയങ്കരം തന്നെ. കളിയ്ക്കുന്നവരില്‍ എല്ലാവരും കാണും. ഹരം പിടിപ്പിയ്ക്കുന്ന പാട്ടും അതിനൊത്ത താളച്ചുവടുകളും മിന്നിത്തിളങ്ങുന്ന മനോഹരമായ വേഷവിധാനങ്ങളും, പങ്കെടുക്കുന്ന യുവതീയുവാക്കളുടെ പ്രസരിപ്പുമൊക്കെ കണ്ടാല്‍ കളിയ്ക്കാനറിയാത്തവര്‍ പോലും അറിയാതെ ചുവടുവച്ചുപോകും. ദേവിയുടെ മനോഹരമായ വിഗ്രഹമോ പടമോ വച്ചു പൂജിച്ചു അതിനു മുന്‍പിലായാണു നൃത്തം ചെയ്യുന്നതു. നഗരത്തിന്റെ വിവിധഭാഗങ്ങളിലായി മുക്കിലും മൂലയിലുമായി ഇത്തരം പൂജപ്പന്തലുകള്‍ ഉയരുന്നു. പ്രത്യേകമായി ലൈറ്റും, പാട്ടും കൊട്ടും ഒക്കെക്കാണും. വളരെ വിപുലമായ രീതിയില്‍ ടിക്കറ്റുവെച്ചു പ്രവേശനം നടത്തുന്ന സ്ഥലങ്ങളില്‍ പാടാനായി വളരെ പ്രസിദ്ധരായ പാട്ടുകാര്‍ വരുന്നു. ബോളിവുഡ്ഡിലെ പാട്ടുകാരെക്കൂടാതെ ഗര്‍ബ പാടാന്‍ മാത്രം പ്രത്യേകം പേരുകേട്ട ഫാല്‍ഗുനി പഥക്, പിങ്കി-പ്രീതി എന്നിവരെയൊക്കെയാണു എറ്റവും പ്രധാനമായ രംഗങ്ങളിലെത്തുന്നതു. കൊട്ടിന്റെയും പാട്ടിന്റെയും താളത്തിനൊത്തുള്ള അതിമനോഹരമായ ചലനമേറിയ നൃത്തശൈലി നമ്മെ മറ്റൊരു മാസ്മരിക ലോകത്തേത്തെത്തിയ്ക്കുന്നു. ഒന്നു കൂട്ടത്തില്‍ കൂടിയാലോ എന്നുവരെ തോന്നിപ്പോകു ന്ന നിമിഷങ്ങള്‍. താളാത്മകമായ പാട്ടിനൊത്തുള്ള പരമ്പരാഗത ശൈലിയിലെ ചുവടുകള്‍ വെച്ചുള്ള നൃത്തത്തിനു കൊടുക്കുന്നതിനുമൊപ്പം  പ്രാധാന്യം വേഷവിധാനത്തിനുമുണ്ടു.  നിറങ്ങളുടെയും അലങ്കാരങ്ങളുടെയും ഒര്‍ വര്‍ണ്ണപ്രപഞ്ചമാണിവിടെ സൃഷ്ടിയ്ക്കപ്പെടുന്നതു. മാസങ്ങള്‍ക്കുമുന്‍പുതന്നെ വേഷവിധാനങ്ങളും തയ്യാറാക്കി നര്‍ത്തകര്‍ കാത്തിരിയ്ക്കുമെങ്കില്‍  പാട്ടുകാരും, കൊട്ടുകാരും എല്ലാം തയ്യാറെടുപ്പില്‍ തന്നെ. പാട്ടിനൊത്തുള്ള ദൃതതാളചലനങ്ങള്‍ക്കും ദിവസങ്ങളോളം റിഹേര്‍സല്‍ വേണ്ടി വരുന്നു .നൃത്തസ്നേഹികളുടെ ഏറ്റവും പ്രിയങ്കരമായ ദിനങ്ങളാണിവ.

 

 ഹൌസിങ് സൊസൈറ്റികളിലെ കോമ്പൌണ്ടുകളും , മൈതാനങ്ങളുമെല്ലാം ഇത്തരം പൂജകള്‍ക്കും നൃത്തവേദികള്‍ക്കുമായി ഇവിടെ ഉപയോഗപ്പെടുത്തുന്നു. പല സ്ഥലങ്ങളിലും, ഏറ്റവും നല്ല നര്‍ത്തകര്‍ക്കും, വേഷത്തിനും സമ്മാനങ്ങള്‍ കൊടുക്കുക പതിവുണ്ടു. പരമ്പരാഗതമായ രീതിയും ചുവടും താളവും നിലനിര്‍ത്താനുള്ള ശ്രമം കണ്ടുവരുന്നു.പഴയ രീതിയിലെ ദാണ്ടിയ (കോല്‍) ഉപയോഗിച്ചുള്ള കളി സ്ഥലപരിമിതിയും അപകടസാദ്ധ്യതയും പരിഗണിച്ചു കുറഞ്ഞിട്ടുണ്ടെങ്കിലും പുതിയ ചുവടുകളും ശൈലികളും ഓരോ വര്‍ഷവും  ഉണ്ടായി വരുന്നുണ്ടു. തിക്കും തിരക്കും മറ്റു അപകടസാധ്യതകളും പരിഗണിച്ചു ഈ വര്‍ഷം പ്രമുഖര്‍ പങ്കെടുക്കുന്ന ഒരു നൃത്തവേദി ഒന്നരക്കോടി രൂപ്യ്ക്കാണു ഇന്‍ഷുര്‍ ചെയ്തിരുന്നതു. മുംബൈ ഒന്നടങ്കം ഈ ദിവസങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു. എല്ലാം മറന്നു ഒന്നാടിത്തിമര്‍ക്കാന്‍, കൂട്ടത്തില്‍ കര്‍മ്മരംഗത്തു വിളങ്ങാനും, സമ്പത്തു വര്‍ദ്ധിയ്ക്കാനും, വിദ്യനേടാനുമായി ദേവിയുടെ  അനുഗ്രഹം നേടാനും.

സരസ്വതിദേവിയോടു…………..

 

http://www.exoticindiaart.com/product/OR01/

 

ദേവീ കനിഞ്ഞു നോക്കിടുകെന്നെയൊന്നു-

വേഗം, മനസ്സിലെഴുന്നെള്ളിയിരിയ്ക്ക നിത്യം

പാവം മനുഷ്യനു വിജയത്തിനു രക്ഷനീയേ

മൂകം ഭവിയ്ക്കുമേ ഭൂവിതു നിന്നഭാവാല്‍.

 

നേരായതു ചൊല്ലാനും

കേടായതു മാറ്റാനും

പാടായതു ചെയ്‌വാനും

കൂടായതു നോക്കാനും

മേടായതു ചുറ്റാനും

കാടായതു കാണാനും

വീടായതുണര്‍ത്താനും

നാടായതു നിര്‍ത്താനും

നേരായ് നിന്‍ തുണ വേണേ

ചോടായ് നിന്‍ പദമാണേ

കാക്കും നിന്‍ ദയയാണേ

 നോക്കും നിന്‍ മിഴിയാണേ

കരുണയ്ക്കായ് കനിയണമേ

കണികാണാന്‍ കഴിയണമേ

കവിതകളതു പൊഴിയണമേ

കഥകള്‍ പുതുചിന്തകളാ-

യകമലരില്‍ വിരിയണമേ

മണിയോലും തവ വാക്കിന്‍

നിനദം ഒരു വീണയിലായ്

അതിലലലിയാന്‍ കഴിയണമേ

അനുഭൂതികളേകണമേ

ഒരുവാക്കിലുമപഹാസ്യവു,

മൊരു തെറ്റിയ ചിന്തയതും

പരനെപ്രതി കുറവോലും

ചെറുവാക്കുകള്‍ പറയല്ലേ

ഒരു മന്ഥരയാക്കല്ലേ,

ഒരു ശകുനിയെ തീര്‍ക്കല്ലേ

നറുസ്നേഹമതോലും

മമവാക്കുകളെന്നും

മമ നിര്‍മ്മലചിത്ത-

ത്തനിമുദ്രകളയി-

ട്ടൊഴുകട്ടേയെന്നും

മമനാവില്‍ നിന്നും

അതിനായ് തുണയേകൂ

മമ ദേവീയെന്നും

കരതാ‍രിലെഴും നിന്‍

മണിവീണയില്‍നിന്നി-

ന്നുയരും സ്വരമെന്നെ

പദമാലകളാല്‍ നല്ലൊ-

മാല്യം തീര്‍ക്കാന്‍,

തവ വിഗ്രഹമൊന്നില്‍

അണിയിയ്ക്കാന്‍, നല്‍കൂ

വരമൊന്നിതു ദേവി, വരവാണീ വേഗം!