Home –  Archive
Monthly Archives: Nov 2008

താണ്ഡവം

കേള്‍ക്കാനില്ലേയെന്‍ ഹൃദയരോദനം
അപശബ്ദങ്ങള്‍ ഉയരുന്നതും?
പൊട്ടിയ തന്ത്രികള്‍
ഞാനെങ്ങിനെ മുറുക്കിക്കെട്ടും?
മീട്ടാനാകുമോ ഇനിയും?
നഷ്ടമായോരെന്‍ സ്വപ്നങ്ങളെ
ഇനിയുമെനിയ്ക്കാകുമോ ഒന്നു
വാരിയെടുത്താശ്ലേഷിയ്ക്കാന്‍?

പിടയുന്ന ജീവനുകളുടെ,
ഒഴുകുന്ന ചോരയുടെ ,
പുകയുന്ന തീയിന്റെ,
അലറുന്ന തോക്കുകളുടെ,
നിസ്സഹായതയുടെ
നിസ്സംഗതയുടെ
നിഷ്ക്കളങ്കതയുടെ
തടവുകാരി ഞാനിന്നു
ഒന്നുറക്കെ കരയാ‍ന്‍ മോഹം
ഒന്നു സ്വാന്തനമേകാനും മോഹം
ആശ്വസിപ്പിയ്ക്കാനും
ആശ്വസിയ്ക്കപ്പെടാനും മോഹം.

എനിയ്ക്കു ശ്വാസം മുട്ടുന്നു
ഒരല്പം ശുദ്ധവായു കിട്ടാനായ്
എന്റെ മസ്തിഷ്കം ഇരുളുന്നു
എന്റെ കൈകാലുകള്‍ തളരുന്നു
ഇരുട്ടു മുറിയ്ക്കുള്ളിലെ
എന്റെ വിങ്ങുന്ന മനാസ്സു കാണുന്നില്ലേ?
എനിയ്ക്കു പേടിയാവുന്നു
ഒന്നു തുറക്കാമോ ഈ വാതിലുകള്‍?

പകനിറഞ്ഞ മനസ്സുകള്‍
പുക നിറഞ്ഞ മന്ദിരങ്ങള്‍
എവിടെയെല്ലാമോ ഉയരുന്ന
അമര്‍ത്തിപ്പിടിച്ച വിതുമ്പലുകള്‍
എനിയ്ക്കു ഭ്രാന്തു പിടിയ്ക്കുന്നു
ഒരുപാടു താളപ്പിഴകള്‍
ഏച്ചുകൂട്ടാനാകാത്ത വിള്ളലുകള്‍
എന്റെ അസ്തിത്വത്തെ
ഞാന്‍ തന്നെ അവിശ്വസിയ്ക്കുന്നു

ഇതോ ഞാന്‍ കണ്ട സ്വര്‍ഗ്ഗം?
ഇതോയെന്റെ അഭിമാനസാരം?
എന്റെ മുറുകിയ വിശ്വാസങ്ങള്‍
എന്നെ കൊഞ്ഞനം കുത്തുന്നുവോ?
വയ്യ, ഇവിടം വിട്ടോടാനും
എല്ലാം മറന്നു, എന്നെ മറന്നു
എന്തിനായ് ഒരു നെട്ടോട്ടം?
ഞാന്‍ ഒന്നു നിന്നോട്ടേ,
ഒന്നു പെറുക്കിയെടുത്തു
ഒന്നു കൂട്ടിവച്ചു നോക്കി
ഓര്‍മ്മകളുടെ പശകൊണ്ടു
ഓട്ടകളടച്ചോട്ടെ?
പൊട്ടിയ തന്ത്രികള്‍ക്കു വീണ്ടും
പുതിയ നാദം കൊടുത്തോട്ടേ?
കേള്‍ക്കാനായി വരുമോ നിങ്ങള്‍?
ഓര്‍ക്കാനായി സ്വപ്നങ്ങളും
നേര്‍ത്ത വിരലുകളാല്‍
ഞാനൊന്നു കൂട്ടി മീട്ടട്ടേ?
എന്നിലെയെന്നെ ഞാന്‍
ഒന്നു കണ്ടെത്താന്‍ ശ്രമിയ്ക്കട്ടെ

ചോരയൊലിപ്പിയ്ക്കുന്ന മുംബൈ

പൊട്ടുന്ന തോക്കുകള്‍തോളിലേന്തും

പുത്തന്‍തലമുറ, കണ്ണടച്ചു

ചുറ്റിനും തീപ്പുക തുപ്പിയപ്പോ

ളൊട്ടുമേ വെന്തില്ലയോയവര്‍തന്‍മനം.

കഷ്ടം! മതാന്ധതയോ, മനസ്സിന്നുള്ളിലാ

യിട്ടു നിറച്ച പകയോയറിയില്ല

ഒട്ടും നിനയ്ക്കാത്ത കാര്യത്തിനായിട്ടു

ചുട്ടുകരിഞ്ഞവര്‍‍, കര്‍മ്മഫലമിതോ?

ഒട്ടായി ഭീതി പരത്തുവാനെങ്കിലും

നഷ്ടങ്ങള്‍ നീളെപ്പരത്തിടുവാനായി

കൂര്ത്തമുനകള്‍  നഗരമാതാവിന്റെ

മാര്‍ത്തടം നോക്കിക്കണക്കു തീര്‍ക്കുന്നവര്‍

തീര്‍ത്തുമീ നാടിന്നതന്യര്‍‍, പറഞ്ഞിടാം

ഓര്‍ക്കുവാന്‍ പോലുമീ മക്കള്‍ക്കതായിടാ

കൊച്ചുകുരങ്ങനെക്കൊണ്ടു ചുടുചോറ

തൊട്ടു മാന്തിപ്പതിന്നാരെന്തിനായിടാം?

ഇഷ്ടസ്വപ്നങ്ങള്‍ തന്‍സാക്ഷാത്കരണമ

തൊട്ടു മോഹിച്ചതോ, സ്വത്തു മോഹിച്ചതോ

എന്തിനായിന്നിവരിന്നു ചെയ്വൂയിദം

ഭിന്നമായ് വന്നിതോ മണ്ണും മനുഷ്യനും?

മുംബൈയിലെ ചേരികള്‍

 

          മറ്റു നഗരങ്ങളെപ്പോലെതന്നെ ഏറ്റവുംധികം ഇവിടുത്തെ നിവാസികളെ അലട്ടുന്ന പ്രശ്നം തലയ്ക്കു മുകളിലൊരു കൂര തന്നെ എന്നു പറഞ്ഞല്ലൊ?  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ പൊങ്ങി വന്നുകൊണ്ടിരിയ്ക്കുന്ന പടുകൂറ്റന്‍ സൌധങ്ങള്‍ കുറച്ചൊന്നുമല്ല. നഗരത്തിന്റെ മുഖഛായ തന്നെ മാറിയതായി തോന്നുകയാണു. പരിചിതമായ വഴികള്‍ പോലും അപരിചിതമാക്കുന്ന തരത്തിലാണു പലതും.. അതിനു മാറ്റുകൂട്ടാനായി തലങ്ങും വിലങ്ങും പൊങ്ങി വരുന്ന  ഫ്ലൈ ഓവറുകളും ബ്രിഡ്ജുകളും. പണ്ടു മുംബൈയുടെ മുഖമുദ്ര ചാളുകളെന്നറിയപ്പെടുന്ന ഇത്തരം കൂരകളായിരുന്നു. ചാളുകള്‍ എന്നുവച്ചാല്‍ മണ്ണില്‍ ടിന്നും തകരവുമൊക്കെ കെട്ടിമറച്ചുണ്ടാക്കിയ കൊച്ചുകൂരകള്‍. ഇവ ചേരികള്‍ സൃഷ്ടിച്ചു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരായിരിയ്ക്കും ഇവിടുത്തെ അന്തേവാസികളില്‍ പലരും. അല്ലാത്തവരും കാണും. മുംബൈയുടെ ജനസംഖ്യയുടെ ഒരു നല്ല ശതമാനം, ഒരു പക്ഷേ പകുതിയിലേറെ ആള്‍ക്കാര്‍,  ഇതില്‍ പെടുന്നു. ആകെയൂള്ള ഭൂവിഭാഗത്തിന്റെ 5 ശതമാനത്തോളം സ്ഥലത്താണു ഇത്രയുമേറെപ്പേര്‍ താമസിയ്ക്കുന്നതെന്നോര്‍ക്കുമ്പോള്‍ ജനസാന്ദ്രത ആലോചിയ്ക്കാവുന്നതേയുള്ളൂ. (ലോകജനതയുടെ ആറിലൊന്നു താമസിയ്ക്കുന്നതു ചേരികളിലാണു. അപ്പോള്‍ ഇതൊരു അദ്ഭുതമേയല്ല. ഇതിനിയും കൂടാനേ സാദ്ധ്യതയുമുള്ളൂ)

 

       

       മുംബൈയിലെ  ധാരാവി  ഏഷ്യയിലെ ഏറ്റവും വലിയ ചേരി ആയി അറിയപ്പെടുന്നു. ഇവിടെ പലതരത്തിലുള്ള ചെറുതും വലുതുമായ വ്യവസായശാലകള്‍ ഉണ്ടു. കുടില്‍ വ്യവസായങ്ങള്‍ ഉണ്ടു. തോല്‍ക്കച്ചവടത്തിന്റെ കേന്ദ്രമാണിവിടം. അതുകൊണ്ടു തന്നെ തുകല്‍ സാധനങ്ങള്‍  ഉണ്ടാക്കി കയറ്റുമതി ചെയ്യല്‍ തന്നെ മുഖ്യ ബിസിനസ്സു. ഇവിടെ ഇല്ലാത്ത ബിസിനസ്സുകള്‍ ചുരുക്കമെന്നു വേണമെങ്കില്‍ പറയാം. മുതല്‍ മുടക്കിന്റെ കുറവും, തൊഴിലാളികളുടേയും അസംസ്കൃത വസ്തുക്കളുടേയും  ലഭ്യതയുമൊക്കെ ഇതിനു കാരണമാകാം..നഗരത്തിനു ഇവര്‍ ചെയ്യുന്ന സേവനം കുറച്ചൊന്നുമല്ല. ലോകത്തിന്റെ കണ്ണില്‍ അദ്ഭുതം വിടര്‍ത്തുന്ന ഒരു സത്യമാണു മുംബൈയിലെ ഇത്തരം  സ്ഥലങ്ങള്‍.. ഇതുപോലെ പല സ്ഥലങ്ങളും മുംബൈയില്‍ ഉണ്ടു.

 

 

        എന്താണു മുംബൈയില്‍ ഇത്രയുമധികം ചേരികള്‍ വരാന്‍ കാരണം? ഒരു കാന്തം പോലെ വ്യത്യസ്തമായ മേഖലയിലെ ആള്‍ക്കാരെ ആകര്‍ഷിച്ചുവലിച്ചെടുക്കുന്നു ഈ  മഹാനഗരി. രാജ്യത്തിന്റെ കച്ചവടകേന്ദ്രം, ബോളിവുഡ് സിനിമയുടെ സാന്നിദ്ധ്യം എന്നിവയൊക്കെത്തന്നെയാവാം കാരണം. തൊഴില്‍ കിട്ടാന്‍ ഒരു വിഷമവും ഇല്ല. തൊഴില്‍ സ്വന്തമായി ചെയ്യുന്നവര്‍ക്കും ആവാം. സ്വന്തക്കാരേയും കൂട്ടുകാരെയും നാട്ടുകാരേയുമെല്ലാം സഹായിയ്ക്കുകയെന്ന സാമൂഹിക സേവനം കൂടിയായപ്പോള്‍ പ്രവാഹം നിലയ്ക്കാത്തതായി. ചേരികള്‍ പെരുകി വന്നു.  നഗരം തിരക്കേറിയതായി.  ഇതിന്റെയെല്ലാം ഫലം സാധാരണക്കാരനേയും ബാധിയ്ക്കാതിരിയ്ക്കില്ലല്ലോ? ജീവിതച്ചിലവിന്റെ ആധിക്യം വീടു ഒരു സ്വപ്നമാക്കി മാറ്റിയപ്പോള്‍ ഇടത്തരക്കാരനും ഇത്തരം ചാളുകളെത്തന്നെ ആശ്രയിക്കേണ്ടി വന്നു. നമുക്കു ചുറ്റും എന്നപോലെ ഏതു സ്ഥലത്തും ചാളുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പടുകൂറ്റന്‍ സൌധങ്ങള്‍ക്കു തൊട്ടു തന്നെ ചാളുകളും എന്ന വിരോധാഭാസം ഒരു പക്ഷേ ഇവിടെ മാത്രമേ കാണാന്‍ കഴിഞ്ഞെന്നു വരൂ. അത്തരം സൌധങ്ങളില്‍ താമസിയ്ക്കുന്നവരെ ആശ്രയിച്ചു കഴിയുന്നവരായ ഒരുകൂട്ടം ആള്‍ക്കാര്‍ ഉണ്ടായി. അവരുടെ വീട്ടുജോലിക്കാരികള്‍, ധോബി, ഡ്രൈവര്‍, പാല്‍ക്കാരന്‍, പ്ത്രക്കാരന്‍, പച്ചക്കറിക്കാരന്‍….നീണ്ട ലിസ്റ്റു തന്നെ കാണും. താമസ പ്രശ്നം രൂക്ഷ്മായതോടെ ഫാക്ടറിത്തൊഴിലാളികള്‍, ഓഫീസുജോലിക്കാര്‍ തുടങ്ങിയവരും ഇവിടെത്തന്നെ ചേക്കേറി. എന്തിന് പറയുന്നു, ആര്‍ക്കും അവിടെ താമസിയ്ക്കാമെന്നായി, ചേരിയുടെതായ അന്തരീക്ഷം സഹിയ്ക്കാമെങ്കില്‍. ഏതു തരക്കാരേയും അവിടെ കണ്ടാല്‍ അദ്ഭുതം തോന്നാതായി.

 

 

      സര്‍ക്കാരിനു കണ്ടില്ലെന്നു നടിയ്ക്കാനാകാത്ത വിധം ചേരികള്‍ വളര്‍ന്നപ്പോള്‍ വോട്ടര്‍പ്പട്ടിക ലക് ഷ്യമാക്കിയാണെങ്കിലും പല പദ്ധതികളും നിലവില്‍ വന്നു,.അവയില്‍ പലതും പരാജയപ്പെട്ടു അത്ര രൂക്ഷമായിരുന്നു കുടിവെള്ളം, വൈദ്യുതി, ടോയ് ലറ്റുകള്‍ എന്നിവയുടെ അഭാവം. 2001ല്‍ ബില്‍ഡറ്മാരുമായി സഹകരിച്ചു 1995നു മുന്‍പു വോട്ടര്‍പ്പട്ടികയില്‍ പേരുള്ള എല്ലാ ചേരി നിവാസികള്‍ക്കും അവരുടെ സ്ഥലത്തിനു പകരമായി  പുതിയ ഫ്ലാറ്റുകള്‍ നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതാണിപ്പോള്‍ ഇവിടെ നടന്നുകൊണ്ടിരിയ്ക്കുന്നതു. പുനരധിവാസം. ബില്‍ഡര്‍മാര്‍ സന്തോഷത്തില്‍ തന്നെ. പരന്നു കിടക്കുന്ന വിസ്തൃതമായ സ്ഥലം മുഴുവനും ചിലവില്ലാതെ ചുളുവില്‍  കിട്ടും. ഒന്നോ രണ്ടോ കെട്ടിടങ്ങളിലായി എല്ലാവരേയും അധിവസിപ്പിച്ചാല്‍ ബാക്കി ഫ്ലാറ്റുകല്‍ മുഴുവനും മാര്‍ക്കറ്റ് വിലയ്ക്കു പുറത്തുള്ളവര്‍ക്കു വില്‍ക്കാം. കെട്ടിടനിര്‍മ്മാണത്തിനു ഭൂമി കുറഞ്ഞുകൊണ്ടെയിരിയ്ക്കുകയും ഭൂമി പൊന്‍ വിലയ്ക്കു വില്‍ക്കപ്പെടുകയും ചെയ്യുന്ന സമയത്തു അവര്‍ക്കു ഇതില്‍ക്കൂടുതലായി എന്തു വേണം? സര്‍ക്കാരിനും സന്തോഷം. ചേരികള്‍ മാഞ്ഞുപോകുന്നു, നഗരത്തില്‍ നിന്നും. നഗരത്തിന്റെ മുഖച്ചായ സുന്ദരമാകുന്നു.

 

   

     പറഞ്ഞില്ലല്ലോ, ഇപ്പോള്‍ എന്റെ വീട്ടുവേലക്കാരിയും, എന്റെ ധോബിയും, പാല്‍ക്കാരനും, പത്രക്കാരനും പച്ചക്കറിക്കാരനും ഒക്കെ ഫ്ലാറ്റുകളില്‍ താമസിയ്ക്കുന്നു. അവര്‍ക്കു വെളളവും വെളിച്ചവും മറ്റു പ്രാഥമിക ആവശ്യങ്ങള്‍ക്കൊന്നിനും തന്നെ കുറവില്ല. പക്ഷേ അവരുടെ ജീവിത നിലവാരം ഉയര്‍ന്നു. ഒപ്പം അവരുടെ ജീവിതച്ചിലവും. അതു പ്രതിഫലിച്ചതെവിടെയാണെന്നറിയേണ്ടേ? വേലക്കാരിയുടെ ശമ്പളം, ധോബിയുടെ ബില്‍, പത്രക്കാരന്റെ ബില്‍, പച്ചക്കറിയുടെ വില, പാലിന്റെ വില എന്നിവയൊക്കെ അവരോടൊപ്പം തന്നെ ഉയര്‍ന്നു. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യം. മറ്റൊന്നും കൂടി, ജന സാന്ദ്രത. പുനരധിവാസകേന്ദ്രങ്ങള്‍ക്കു സമീപം തന്നെ പണിതുയര്‍ത്തുന്ന മാളുകള്‍, പുതിയ കെട്ടിടങ്ങള്‍ എന്നിവ അതാതു പ്രദേശങ്ങളിലെ തിക്കും തിരക്കും കൂടുതലാവാനും കാരണമായി.  ശരിയാണു, മുംബൈയുടെ മുഖച്ഛായ  മാറിക്കൊണ്ടേയിരിയ്ക്കുന്നു…….

 

 

 

 

 

 

 
 
 

 

 

 

മുംബൈയിലെ ഫുട്പാത്തുകളും തെരുവുവാണിഭക്കാരും

 

 

 

                                                                                                                                                                                                                                                                                     ഇവിടം ഇവിടം സംഭവ വികാസങ്ങളുടെ കേന്ദ്രം.  ഇവിടെ ജനനങ്ങള്‍  നടക്കുന്നു, മരണങ്ങളും.   വിക്കലുകളും വാങ്ങലുകളും വിലപേശലുകളും ഇവിടെ  നടക്കുന്നു, പലതരത്തിലുളളവ ,  ജീവിതത്തിന്റെയും ശരീരത്തിന്റെയുമടക്കം.  ഇവിടെ സ്വപ്നങ്ങള്‍ പങ്കു വെക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്യുന്നു.  ഒരു ചാണ്‍വയറിന്റെ വിശപ്പുസഹിയ്ക്കാനാകാത്തവനു  ചുരുണ്ടു കൂടാന്‍ ഇവിടെ ഇടം ലഭിയ്ക്കുന്നു. കുടുംബത്തില്‍  നിന്നും നിഷ്ക്കാസിതരായവര്‍,  മനസ്സിന്റെ സമനിലതെറ്റിയവര്‍  എല്ലാം ഇവിടെ അഭയം തേടുന്നു.  വിശപ്പിന്റെ വിളി സഹിയ്ക്കാനകാതെ സ്വന്തം ശരീരത്തിലെ മാംസം കാമഭ്രാന്തന്മാര്‍ക്കു കാഴ്ച വെച്ചു ജീവിയ്ക്കുന്ന നഗര സന്തതികളെ ഇവിടെക്കാണാം.  യാചക മാഫിയ തന്നെ ഇവിടെയുണ്ടു. അവരെ ഭരിയ്ക്കാനെത്തുന്ന കിരീടം ചൂടാത്ത രാജാക്കന്മാരേയും ഇവിടെക്കാണാം.   ഇവിടെ ഭക്ഷണം പാകം ചെയ്യപ്പെടുന്നു, വില്‍ക്കപ്പെടുന്നു.  കൈ നിറയെ കാശില്ലാത്തതിനാല്‍  ഹോട്ടലില്‍  കേറാനാകാത്തവര്‍ക്കു ഇതൊരു പറുദീസ തന്നെ ഇവിടെ ഏറ്റവും പുതിയ തരം തുണിത്തരങ്ങള്‍ ചുരുങ്ങിയ വിലയില്‍  വില്‍ക്കപ്പെടുന്നു.  ചെരുപ്പുകള്‍,  ഷൂസുകള്‍ ഒക്കെ  തുച്ഛമായ വിലയ്ക്കു കിട്ടും.  പുസ്തകപ്രേമികളുടെ പ്രിയപ്പെട്ട സ്ഥലം.  ബാര്‍ബര്‍ ഷോപ്പുകള്‍ ഇവിടെയുണ്ടു.  തയ്യല്‍ക്കാരന്‍  ഇവിടെയുണ്ടു.  എന്തിനു പറയുന്നു,  മൊട്ടുസൂചിമുതല്‍  ഏറ്റവും പുതിയ ഇലക്ട്രോണിക് സാധനം വരെ ഇവിടെ ലഭ്യം.  ഇതാണു മുംബയിലെ ഫുട്പാത്തുകള്‍.. ഇവിടുത്തെ അനേകായിരങ്ങളുടെ വയറ്റുപിഴപ്പിനും രാത്രിതല ചായ്ക്കാനുമുള്ള അഭയകേന്ദ്രം.

 

 

            ജോലി ലഭിയ്ക്കാനിവിടെ വിഷമമില്ല. . പക്ഷേ തല ചായ്ക്കാന്‍ ഇടം കിട്ടാനാണുവിഷമം. കുടുംബ സഹിതമാണെങ്കില്‍  പറയാനുമില്ല . കിട്ടുന്നതിന്റെ വലിയൊരുഭാഗം കൊടുത്തു പലരും ഒരു കൂര സംഘടിപ്പിയ്ക്കുമ്പോള്‍  അതിനും കഴിയാത്തവര്‍ ഫുട്പാത്തില്‍   അഭയം തേടുന്നു.  പിന്നെ അതു അവരുടെ വീടായി മാറുന്നു.  വളരെക്കുറച്ചു സാധനസാമഗ്രികളുമായി ഫുട്പാത്തില്‍  തന്നെ ഭക്ഷണം വെച്ചുണ്ടാക്കി അവിടെത്തന്നെ കിടന്നുറങ്ങുന്നു.   യാചകരോ, മനസ്സിന്റെ സമനിലതെറ്റിയവരോ ഒക്കെ ഇവിടെയുണ്ടാകും.  തണുപ്പുകാലത്തും മഴക്കാലത്തും വളരെ ശോചനീയമാണു ഇവരുടെ സ്ഥിതി.   

 

 

       ഇനിയത്തെ കൂട്ടര്‍,  കച്ചവടക്കാര്‍.. പച്ചക്കറി മുതല്‍ വീട്ടാവശ്യത്തിനുള്ള എന്തും ഇവിടെ വിറ്റഴിയ്ക്കപ്പെടുന്നു.  ഷോപ്പു തുടങ്ങാനോ അതു കൊണ്ടു നടത്താനോ ചിലവു വേണ്ടാ.  മിക്കവാറും സ്വന്തമായി ഫുട്പാത്തില്‍  ഒരു പ്രത്യേകസ്ഥലം തിരഞ്ഞെടുത്തു സ്ഥിരം അവിടെത്തന്നെ ഇരുന്നു കച്ചവടം ചെയ്യുന്നവരാണധികം. മറ്റാരും ആ സ്ഥലം കയ്യേറാന്‍  വരില്ല., അഥവാ സമ്മതിയ്ക്കില്ല. വാങ്ങുകയും വില്ക്കുകയും ചെയ്യുന്നതിനിടയില്‍  മറ്റു ചിലവുകള്‍ ഇല്ലാത്തതിനാല്‍  ഇത്തരക്കാര്‍ക്കു നല്ലവണ്ണം സമ്പാദിയ്ക്കാനാകുന്നു.  ഭക്ഷണം വില്‍ക്കുന്ന കൊച്ചുതട്ടുകടകള്‍  ഇവിടെസുലഭം.  ഭക്ഷണം ഉണ്ടാക്കുന്നതും അതു കഴിയ്ക്കുന്നതും  ഒക്കെ ഫുട്പാത്തില്‍  തന്നെ.  സാധാരണക്കാരന്റെ വിശപ്പിനോടൊപ്പം കീശയുടെ തൂക്കം കൂടി നോക്കിയുള്ള കച്ചവടം.  സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങള് ഉണ്ടാക്കുന്ന പല കടകളും ഇക്കൂട്ടത്തിലുണ്ടു.

 

 

      രാത്രിയുടെ മറവില് ഇത്തരം സ്ഥലങ്ങളില്‍  പലതും അസാന്മാര്‍ഗ്ഗിക വൃത്തികള്‍ക്കായും ഉപയോഗിയ്ക്കപ്പെടുന്നു. അണിഞ്ഞൊരുങ്ങി ആണുങ്ങളുടെ ശ്രദ്ധയാകര്‍ഷിയ്ക്കാനായി  വേശ്യകള്‍  കാത്തുനില്‍ക്കുന്നതും ഇവിടെത്തന്നെ. രാത്രി തല ചായ്ക്കാന്‍, രാവിലത്തെ പ്രഭാതകര്‍മ്മങ്ങള്‍ക്കു, കുളിയ്ക്കാന്‍  എല്ലാം ഇവിടെയാകാം. ഒരു കൂസലുമില്ലാതെ ഒരല്പം നീങ്ങി നിന്നു കുളിയ്ക്കാനോ വസ്ത്രം മാറാനോ ഇവിടെ ജീവിയ്ക്കുന്നവര്‍ക്കു മടിയില്ല. വേറെ വഴിയില്ല തന്നെ.

 

     പേടി…അതു അവര്‍  മറന്നിരിയ്ക്കുന്നുവെന്നു തോന്നുന്നു.  കാരണം, ഓടിക്കൊണ്ടിരിയ്ക്കുന്ന വാഹനങ്ങളും, ഓടിച്ചിട്ടുപിടിയ്ക്കുന്ന പോലീസുകാരും പണം ചോദിച്ചെത്തുന്ന ഗുണ്ടകളും ഒക്കെ അവര്‍ക്കു സുപരിചിതരാണല്ലോ.  അപകടങ്ങള്‍ അവര്‍ക്കു പുത്തരിയുമല്ല. ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യത ഇത്തരക്കാരെ കാണുമ്പോഴാണു ശരിയ്ക്കും മനസ്സിലാക്കാന്‍  കഴിയുന്നതു.

 

 

     നഗരത്തിന്റെ ഫുട്പാത്തുകള്‍ പലപ്പോഴും വളരെ അദ്ഭുതകരമായ ദൃശ്യങ്ങള്‍  കാണിച്ചുതരാറുണ്ടു.  പതിവുപോലെ രാവിലെ നടക്കാനിറങ്ങിയതായിരുന്നു. രാവിലത്തെ തിരക്കുള്ള സമയമായതിനാള്‍ ഫുട്പാത്തിലൂടെ നടക്കുകയായിരുന്നു.  ഫുട്പാത്തില്‍ അരികിലായി സുഖമായി കിടന്നുറണുന്ന ഒരു മനുഷ്യനെ കണ്ടു.  അയാളുടെ കയ്യിലിരുന്നിരുന്ന ഒരു മൊബൈല് ചാര്‍ജര് കണ്ടപ്പോള്  അല്പം വിരോധാഭാസമായിത്തോന്നി.  വൈകീട്ടു ഷണ്മുഖാനന്ദ ഹാളില്‍  ശങ്കര്‍  മഹാദേവനും ഉസ്താദഷീദ് ഖാനും ചേര്‍ന്നു കര്‍ണ്ണാടക-ഹിന്ദുസ്താനി ജുഗല്‍ബന്‍ദി കാണാന് പോയിരുന്നു.  സന്ധ്യാസമയത്തെ കച്ചവടത്തിരക്കുള്ള സമയം.  മിക്കവാരും റോഡരികുകളും ഫുട്പാത്തുകളും സാധനങ്ങളെക്കൊണ്ടും ആള്‍ക്കാരേക്കൊണ്ടും നിറഞ്ഞിരിയ്ക്കുന്നു.  വിവിധ സാമഗ്രികള്‍ കൊണ്ടു എല്ലായിടവും നിറഞ്ഞിട്ടുണ്ടു.   പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വാങ്ങാന്‍ ഏറെ തിരക്കു.  ഈ കാഴ്ച്കകള്‍ കണ്ടാണു പോയതു.  തിരിച്ചു 10 മണിയ്ക്കു ശേഷം മടങ്ങുമ്പോള്‍  പലസ്ഥലത്തും കച്ചവടം നിര്‍ത്തി ആള്‍ക്കാറ് പോയതിനുശേഷമുള്ള ഫുട്പാത്തുകള്‍ കണ്ടു, അത്ഭുതം തോന്നി.  പോകുമ്പോള്‍  കണ്ട ഫുട്പാത്തേ  അല്ലെന്നു തോന്നി.  കച്ചവടമെല്ലാം നിര്‍ത്തി സാധനങ്ങളൊക്കെ  കെട്ടിപ്പൊതിഞ്ഞു വച്ചിരിയ്ക്കുന്നു.  പലരും പലസ്ഥലത്തും ചുരുണ്ടുകൂടിക്കിടക്കുന്നു. ഭക്ഷണം കഴിയ്ക്കുന്നു  ചിലര്, കുളിയ്ക്കുന്നു, ചിലര്.  മുടിവെട്ടല് –ഷേവിംഗ് അപ്പോഴും നടക്കുന്നുണ്ടു. എങ്കിലും തിരക്കുളള സമയത്തെ കാഴ്ച്ചകളും ഇതും തമ്മിലുള്ള അന്തരം വളരെയേറെ തന്നെയെന്നു തോന്നി.

 

 

             തണുപ്പുകാലങ്ങളിള്‍ പലരും ഇത്തരം തെരുവുനിവാസികള്‍ക്കു  സൌജന്യമായി കമ്പിളിപ്പുതപ്പുകള്‍  നല്‍കുന്നതു കണ്ടിട്ടുണ്ടു.  ഒരു സുഹൃത്തു, പഴയ പാ‍ന്റ്സും ഷര്‍ട്ടുകളുമെല്ലാം നന്നായി കേടുപാടുകള് തീര്‍ത്തു കഴുകി, ഇസ്തിരിയിട്ടു കാറില്‍  വെയ്ക്കും.  ആവശ്യക്കാരെന്നു തോന്നുന്നവര്‍ക്കു എടുത്തു വിതരണം ചെയ്യും. ഒരിയ്ക്കല്‍  ഇതു കാണാനിടയായ എനിയ്ക്കു അദ്ദേഹത്തോടു വളരെ ബഹുമാനം തോന്നുകയും  മനസ്സു കൊണ്ടു സ്വയം അങ്ങനെ  ചെയ്യണമെന്നു തീരുമാനിയ്ക്കുകയും ചെയ്തു.  ഇതിലേറെ അദ്ഭുതപ്പെട്റ്റ മറ്റൊരു സംഭവം പറയാം.. എന്റെ ജന്മദിനം പ്രമാണിച്ചു കുട്ടികളുടെ നിര്‍ബന്ധപ്രകാരം പുറത്തു  ഭക്ഷണത്തിനായി പോയി.  ഒരല്പം മുന്തിയ ഭക്ഷണശാല.  മക്കള്‍  തന്നെ  ഓര്‍ഡര്‍ ചെയ്തുകൊണ്ടിരുന്നതു ഒന്നിനു ശേഷം ഒന്നായി.  ഭക്ഷണം ആവശ്യാനുസരണം മാത്രം വാങ്ങാനും വേറുതെ ബാക്കിയാക്കി കളയരുതെന്നുമുള്ള എന്റെസ്ഥിരം പല്ലവി ചിരിച്ചുകൊണ്ടവര്‍  കേട്ടില്ലെന്നു നടിച്ചപ്പോള്‍  അടുത്തിരിയ്ക്കുന്ന ഭര്‍ത്താവിനോടു  ആവലാതി  പറയാനേ എനിയ്ക്കായുള്ളൂ.  പാത്രങ്ങളില്‍  പലതിലും കുറേയേറെ ബാക്കി. സങ്കടം  വന്നു. എച്ചില്‍ ആക്കിയിട്ടുപോലുമില്ല. ഇത്ര വലിയ ഹോട്ടലല്ലേ, എങ്ങിനെ പറയും ബാക്കിയുള്ളതു പായ്ക്കു ചെയ്തു തരാന്‍? പക്ഷേ ബില്ലു പേ  ചെയ്തു തിരിച്ചുവരുമ്പോള്‍  മകന്റെ കൈയില്‍ വൃത്തിയായി പാ‍യ്ക്കുചെയ്ത പൊതി.  എല്ലാം കൂടുതല്‍  ഓര്‍ഡര്‍ ചെയ്തതിന്റെ കാരണം അപ്പോഴാണു മനസ്സിലായതു.  സിഗ്നലിനടുത്തു ഫുട്പാത്തില്‍  നിന്നിരുന്ന ഒരു ബാലന്റെ  കൈയ്യില്‍  ആ പൊതി കൊടുത്തപ്പോള്‍  ആരുടെ മുഖത്താണു കൂടുതല്‍  സന്തോഷമെന്നു  മനസ്സിലാക്കാന്‍  കഴിഞ്ഞില്ല.  കൊടുക്കുന്നതിന്റെയും കിട്ടുന്നതിന്റേയും സന്തോഷം. പണ്ടു കൊച്ചുകുട്ടികളായിരുന്ന കാലത്തു ഞാന്‍  പഠിപ്പിച്ചശീലം. സ്വയം അഭിമാനം തോന്നി, ഒപ്പം പുതിയ തലമുറയെക്കുറിച്ചു അഭിമാനവും. ഇതാ ഈ ഫുട്പാത്തുകളിലെ മറ്റൊരു കൊടുക്കല്‍-വാങ്ങലിനു ഞാന്‍ സാക്ഷിയാകുന്നു. .

 

    അങ്ങിനെ വാങ്ങലുകളും വിക്കലുകളും, കൊടുക്കലും , വാങ്ങലുമൊക്കെ യായി മുംബൈ ഫുട്പാത്തുകള്‍ സജീവമായിത്തന്നേയിരിയ്ക്കുന്നു..ഇവരെ കുടിയിറക്കുകയെന്ന ഭഗീരഥപ്രയത്നവുമായി ഗവണ്മെന്റും. അതിനായി മഹാനഗരപാലിക പ്രത്യേകം ആള്‍ക്കാരെ നിയുക്തമാക്കുകയും ചെയ്തിട്ടൂണ്ടു. പലപ്പോഴും ഇവരെ ആട്ടിയോടിയ്ക്കുകയും ഇവരുടെ കച്ചവടസാധനങ്ങല്‍പെറുക്കിക്കൊണ്ടുപോകുകയും ചെയ്യാറുണ്ടു.  പിഴയൊടുക്കി ചിലപ്പോള്‍ സാധനങ്ങള്‍ തിരികെ കിട്ടും. വീണ്ടും പഴയ സ്ഥലത്തു തന്നെ അവര്‍ തിരിച്ചെത്തുന്നതാണു കാണാറു പതിവു.  കച്ചവടക്കാര്‍ക്കു വേണ്ടി പ്രത്യേകമായി  സ്ഥലമുണ്ടാക്കി അവരെ അങ്ങോട്ടു മാറ്റുകയെന്ന സര്‍ക്കാരിന്റെ ആശയവും സ്വീകാര്യ്മായിട്ടില്ല. ഒന്നു തീര്‍ച്ച,  ഫുട്പാത്ത്കളിലെ കച്ചവടക്കാരെ മാറ്റുന്നതു സാധാരണ മുംബൈ നിവാസികള്‍ക്കു തന്നെയാണു കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുക. മിനിറ്റു സൂചിയുടെ ചലനത്തിനൊത്തു ജീവിയ്ക്കുന്ന അവര്‍ക്കെവിടെ സമയം പ്രത്യേക സ്ഥലണ്‍ഗളില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍. അവര്‍ക്കു വഴിവക്കു തന്നെ എളുപ്പം. 2.25 ലക്ഷത്തോളം വരുന്ന വഴിവാണിഭക്കാരെയെല്ലാം  പുനരധിവസിപ്പിയ്ക്കുകയെന്നതും ചില്ലറ കാര്യമല്ല. എല്ലാവര്‍ക്കും വീടു എന്ന സ്വപ്നവുമായി തഴെക്കിടയിലുള്ളവര്‍ക്കായി പല പദ്ധതികളും സര്‍ക്കാര്‍ ചെയ്തു വരുന്നുണ്ടു. ഇവയൊക്കെ പ്രാവര്‍ത്തികമാകുമെന്നാരുകണ്ടു? അഥവാ ആകുകയാണേങ്കില്‍ തന്നെ എന്നു? ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ഇവ അവശേഷീയ്ക്കുന്നു.

പാടാതെ പോയ ഈണം

വെറുതെയിരുന്നൊരു സന്ധ്യയിലോര്‍ത്തുപോ-
യൊരു കൊച്ചു പാട്ടിന്റെയീണം
അറിയാതെയെന്നോ മനസ്സു തന്റെ-
യറയൊന്നില്‍ സൂക്ഷിച്ചൊരീണം.

വരികള്‍ മറന്നതു സത്യം ,ചില-
വരകള്‍ മനസ്സിലുണ്ടെന്നാല്‍
അറിയാതെ മൂളിയതെന്തേ-
യെനിയ്ക്കറിയില്ലതിന്‍ വരിയൊന്നും

ഗതകാല സ്വപ്നങ്ങളൊന്നില്‍പ്പോലു –
മൊരുവേളയും വരാത്തീണം
ഒരു മിന്നല്‍ പോലെന്‍ മനസ്സില്‍ വന്നി-
തൊരു നിമിഷം ഞാന്‍ പകച്ചു.

എവിടെയിരുന്നിത്ര നാളും ? എനി-
യ്ക്കറിയില്ല യെന്റെ മനസ്സും!
മനമേ നീയെത്ര സങ്കീര്‍ണ്ണം! മര്‍ത്ത്യ-
നറിവുള്ളവനാരു ചൊല്‍വൂ?

ഉത്തരം

ഉത്തരം

അറിഞ്ഞില്ലയെന്നു നടിച്ചതല്ലേ നീ
അറിഞ്ഞു നീയെല്ലാമറിഞ്ഞെന്നു ഞാനു-
മറിഞ്ഞു, കിനാവെന്റെയൊപ്പം പകുത്തി-
ട്ടറിഞ്ഞില്ലയെന്നു നടിച്ചു, മൊഴിക-
ളതിന്‍ രോഷമെന്നെത്തളര്‍ത്തിയതെന്നു-
മറിഞ്ഞെന്‍ ദിനങ്ങളെ യെണ്ണുന്ന നേര-
മലിഞ്ഞൊട്ടുപോകാനനുവദിച്ചില്ലേ?
അതിന്‍ ശേഷമെന്തേ നിനക്കെന്റെയോര്‍മ്മ?
അതെന്തേ നിറഞ്ഞിന്നു നില്‍പ്പൂ മനസ്സില്‍?
തെളിയ്ക്കാന്‍ മറന്നൊരാ ചിത്രത്തെയോര്‍ത്തു
കുതിയ്ക്കുന്നതെന്തേ, മറക്കാന്‍ ശ്രമിയ്ക്കൂ….

മണ്ണിന്റെ മക്കള്‍

മണ്ണിന്റെ മക്കള്‍

മഹാനഗരി തന്‍ ഞെട്ട-
ലഹോ കാരണമോതിടാം
പരക്കെപ്രാണഭീതിയ്ക്കും
ധരിയ്ക്കൂ സത്യമുണ്ടെടോ!

മണ്ണിന്റെ മക്കള്‍ തന്‍ വാദം
വിണ്ണോര്‍ക്കും പുതുതല്ല കേള്‍!
പണ്ടു പാണ്ടവപുത്രര്‍ക്കാ-
യുണ്ടായ് ദൂതു പുരത്തിനായ്.

കണ്ടവര് വന്നു തന്‍ ഗേഹം
സ്വന്തമാക്കിടുമെങ്കിലോ,
മിണ്ടിടുന്നതു തെറ്റാണോ,
ഇണ്ടലിന്നതിനല്ലെടോ!

താനിരിയ്ക്കേണ്ട ദിക്കൊന്നില്‍
താന്‍ തന്നെയിരിയ്ക്കണം
താനിരുന്നില്ലയെങ്കില്‍ കേള്‍
നായയും വന്നിരുന്നിടും.

ഭഗവാന്‍ കൃഷ്ണനും പണ്ടു
ചോദിച്ചു, പാതി രാജ്യവും
ഇല്ലെങ്കില്‍ പഞ്ചദേശങ്ങള്‍,
ഒന്നെങ്കില്‍ ഒന്നു മാത്രവും.

ഇല്ലയെന്നുള്ളതൊന്നല്ലേ,
നല്ലതിന്നായതെങ്കിലും,
അന്നു യുദ്ധത്തിലെത്തിച്ചു
ഇന്നും തുടരുന്നു, ഹാ!

ഇവിടെപ്പക്ഷെയിന്നെല്ലാം
പൊടി കണ്ണില്‍പ്പറത്തലായ്
ലക് ഷ്യമൊന്നൊന്നതേ മാത്രം
കിട്ടണം വോട്ടു, കേട്ടിടൂ.

വരേണ്ടേയിവിടെയാരും?
വരാറില്ലേ വിരുന്നുകാര്?
മഹാനഗരിയെത്തീര്‍ത്ത
മഹാരഥര്‍,മറന്നുവോ?

കൂട്ടായ്മക്കൊരു നേരായി
ക്കാ‍ട്ടാനേറെയതില്ലയോ?
കാട്ടീടാനാകുമോയെങ്കില്‍
നാട്ടിന്‍ നേട്ടമതൊറ്റയായ്.

വിരലഞ്ചുമതൊന്നിച്ചാല്‍
വിരളം വാ‘ക്കസാധ്യ‘വും
വിരലൊറ്റയ്ക്കു നിന്നീടില്‍
കഴിയില്ലൊരു കാര്യവും

അയല്‍ക്കാരനു നിന്നൊപ്പം
വളരാന്‍ വഴിയേകിടൂ
അവര്‍ നിന് സോദരര്‍, കേള്‍ക്കൂ
അതല്ലേ നന്മയോതുക.

മണ്ണും വിണ്ണുമതൊന്നൊന്നു,
ഒന്നുമല്ലിഹ മര്‍ത്ത്യനും,
ഒന്നാ‍മോ കുന്നി തന്നൊപ്പം
കൂട്ടിടാനോ, കുറയ്ക്കുവാന്‍?

(മുംബൈയില്‍ അശാന്തി പരത്താനിടയാക്കിയ സന്ദര്‍ഭങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ എഴുതിയതാണു. കൂടുതല്‍ വിവരങ്ങള്‍ക്കു കണിക്കൊന്ന മഗസിനിലെ ‘മുംബൈ അശാന്തിയുടെ നിഴലില്‍” എന്ന എന്റെ ലേഖനം വായിയ്ക്കുക.www.kanikkonna.com (മുംബൈജാലകം….വീക്കിലി കോളം)

സാക്ഷാത്കാരം

ചിതറിക്കിടക്കുന്ന മുത്തുകളെ-
യൊരുദിനം ഞാനോര്‍ത്തു വാരിവെയ്ക്കാന്‍
ചരടില്ലെനിയ്ക്കിന്നു കോര്‍ത്തിടാനായ്
ഒരു ഡപ്പിയില്ലിട്ടു വച്ചിടാനായ്
അറിയില്ല തെല്ലുമലങ്കാരമായ്
അണിയിയ്ക്കുവാനെന്റെ ദേവനേയും
ഒരു നിമിഷം ഞാന്‍ മയങ്ങി നിന്നോ?
ഒരുപാടു സ്വപ്നങ്ങളോടിയെത്തി
ഒടുവിലാ സ്വപ്നച്ചരടുകളാ-
ലൊരുസുന്ദരമാല്യമിന്നു തീര്‍ത്തു
ഒരുപാടുമുത്തുകള്‍ കോര്‍ത്തു ഞാനു-
മതിമോഹനമാക്കിയെന്റെ മാല്യം
വിറയേറുമെന്‍ കൈകളാലെ നിന്നെ-
യണിയിയ്ക്കുവാനായ് ശ്രമിച്ച നേരം
തരളമെന്‍ ചിത്തമതെന്തിനായോ
കരയുന്നിതാനന്ദമായിരിയ്ക്കാം.

ഉടഞ്ഞ കണ്ണാടി

ഉടയുന്ന കണ്ണാടിയുടെ ശബ്ദം
ഒരു നിമിഷത്തിന്റെ മൌനത്തിനെ
നിര്‍ദ്ദയം കീറിമുറിച്ചപ്പോള്‍
കരയാനെനിയ്ക്കായില്ലല്ലോ?

കണ്ണാടിയ്ക്കെന്തു വേദന?
കണ്ണാടിയ്ക്കെന്തു വികാരം?
ഉടഞ്ഞെങ്കില്‍ ചേതമാര്‍ക്കു?
ഉടമയ്ക്കു മാത്രം തന്നെ.

ഉടമയ്ക്കണിഞ്ഞൊരുങ്ങണ്ടേ?
ഉടയാടയുടെ ഭംഗി നോക്കണ്ടേ?
കരയാനെവിടെ നേരം?
കരഞ്ഞാല്‍ പോവില്ലേ ഭംഗി?

ഉയരങ്ങളിലെത്താനെന്നും
പലതും കളയേണ്ടിവരും
കളയാമീ ചില്ലുകളെല്ലാം
കയറട്ടെയതിന്‍പുറമേറി.

നിറമേറിയ സ്വപ്നങ്ങളുമാ-
യൊരുപുതുപുത്തന്‍ കണ്ണാടി
അതു നല്‍കാനാളുമനേകം
മറവിയ്ക്കു മനസ്സു കൊടുക്കാം.

 

 

ഉടയും കണ്ണാടിതൻ ശബ്ദമൊന്നറിയാതെ-
യൊരു മൌനത്തെക്കീറിമുറിയ്ക്കേ, മനസ്സിലും
കരയാനെനിയ്ക്കൊട്ടും കഴിഞ്ഞില്ലല്ലോ, എന്റെ
വ്യഥയാ കണ്ണാടിയ്ക്കിന്നളന്നീടുവാനാമോ?

അറിയില്ലനുകമ്പ, യാർദ്രത ഞാനിത്രയും
ദിനമെത്രയോ നേരം നിനക്കൊത്തിരുന്നിട്ടും
പറഞ്ഞ പരിഭവം, നടിച്ച വികാരങ്ങ-
ളിവയൊന്നുമേ നിനക്കറിയാൻ കഴിഞ്ഞില്ലേ?

ഉടമ ഞാനേറ്റവുമഹങ്കാരത്താലെന്നു-
മളന്നെന്നെത്തന്നെയും, നിന്നിലെ വിശ്വാസത്താൽ
നിറഞ്ഞ പ്രതീക്ഷകളീവിധം തകരുമെ-
ന്നറിഞ്ഞില്ലല്ലോ, ചേതമെനിയ്ക്കേയുള്ളെന്നാണോ?

ഒരുങ്ങാൻ, ഉടയാട തൻ ഭംഗി നോക്കീടാനും
നിനക്കു മുന്നിൽ നിന്നു, ചിരിയ്ക്കാൻ പഠിച്ചൂ ഞാൻ
കരച്ചിൽ മറന്നോ ഞാൻ, നേരമില്ലല്ലോ, ഭംഗി
കരഞ്ഞാൽ കുറഞ്ഞീടുമെന്ന പേടിയാലാകാം.

കളയട്ടെയീ ചില്ലിൻ കഷണങ്ങൾ ഞാൻ ദൂരെ
ഇവയെൻ സ്വപ്നത്തിൽ ചീളുകളാണെങ്കിലും
ഉയരം താണ്ടാനായി പലതുമിതുപോലെ
കളയേണ്ടതായ് വരും, പൊട്ടിയില്ലെന്നാകിലും.

ഇനിയുമൊരു പുത്തൻ കണ്ണാടി തരുമത്രേ
നിറമേറിയ പലേ സ്വപ്നങ്ങളെനിയ്ക്കായി?
മറവിയ്ക്കേകാം മനം ചില വേള,യെന്നാലും
ഉടയാത്തതായെന്തു കണ്ടെത്താൻ കഴിഞ്ഞീടും?

 

ഞാന്‍ ചുട്ട അപ്പം

ഞാന്‍ ചുട്ട അപ്പം

കാര്യമറിയാനാരുമില്ല
കാരണമേ അറിയേണ്ടു
കാരണമില്ലാതെ കാര്യമോ
കാര്യമില്ലാതെ കാരണമോ
ഉണ്ടാവാനാവില്ലല്ലോ
അതാരുമെന്തേ ഓര്‍ക്കാഞ്ഞതു?

പൊടിയുയര്‍ത്തിയ കാറ്റും
പുതുമണമേകിയ കാറ്റും ഒന്നു തന്നെ
ഉയര്‍ത്തിയതും നീ തന്നെ
താഴ്ത്തുന്നതും നീ തന്നെ
കാരണമേ അറിയേണ്ടൂ
കാര്യമാര്‍ക്കുമറിയണ്ടാ.

ചേരേണ്ട ചേരുവകള്‍ ചേര്‍ത്തു
നേരായ വിധികളോടെ
മനസ്സും ചിന്തകളുമൊപ്പമാക്കി
ഞാനപ്പം ചുട്ടില്ലേ?
മധുരിയ്ക്കുന്നുവെന്നു പറഞ്ഞു ചിലര്‍
മനോഹരമെന്നു മറ്റു ചിലര്‍
സ്വാദിഷ്ടമെന്നായി ചിലര്‍
ആളേറെ വന്നില്ലെ രുചിയ്ക്കാന്‍?

കാരണമെനിയ്ക്കറിയില്ല
കാര്യം ഞാനറിഞ്ഞെങ്കിലും
എന്റെ അപ്പമെന്തേ ചീത്തയായി
എന്നു ചൊല്ലാനും ചിലരായി?
എന്റെ ചേരുവകളില്‍ മായമുണ്ടെന്നും
എന്റെ ചെയ്തികളില്‍ ചായലുണ്ടെന്നും
ആരാണ് പറഞ്ഞതു?
ഞാനെന്നും ഞാന്‍ തന്നെ, യെങ്കില്‍
എന്റെ കണക്കോ തെറ്റി?
എന്റെ പാത്രം മാറിപ്പോയോ?
എന്റെ ഏകാഗ്രത നഷ്ടമായോ?
കാര്യം പലര്‍ക്കുമറിയാം
കാരണവും അറിയാം
പാത്രമറിഞ്ഞു വേണമല്ലോ ദാനം.

ഞാനിനിയും ഉണ്ടാക്കും അപ്പം
എന്റെ സ്വന്തം പാത്രത്തില്‍ തന്നെ
ചേരുവകള്‍ മാറ്റാനും
കേടുവന്നെന്നു പറയാനും
എന്റെ ഏകാഗ്രതയെ ഞാന്‍ കുരുതി കൊടുക്കില്ല
എന്റെ കണക്കുകളും തെറ്റിയ്ക്കില്ല
കാര്യമെന്തെന്നാര്‍ക്കുമറിയില്ലല്ലോ
കാരണമല്ലേ അവര്‍ അന്വേഷിയ്ക്കാ