Skip to content

Monthly Archives: January 2010

അർജ്ജുന ചിന്തകൾ

യുദ്ധകാഹളമുയർന്നീടുവാൻ അതിദൂര-
മില്ല ഞാനശാന്തനാണെന്തു ഞാൻ ചെയ്തീടേണ്ടു?
എൻ ശിരസ്സിലായ് വച്ച ഭാരം ഞാനറിയുന്നി-
തെൻ കുലമെൻ വാളിന്റെ ശക്തിയിൽ താനോ ഭദ്രം?
കൃഷ്ണനെക്കാണാ,മെന്റെ തലയിൽ ചുമത്തിയ-
തൊക്കയുമവനുടെ പണിതന്നെയല്ലയോ,
എന്നുമാത്രമേ നിനച്ചുള്ളു , പള്ളിമെത്തയി-
ലന്നുറക്കവും നടിച്ചെന്നെയോർത്തിരുന്നതു-
മൊന്നുമേയറിഞ്ഞില്ല , ശിരസ്സിന്നരികിലായ്
നിന്നിടുമക്ഷമനാം കൌരവൻ , ദുര്യോധനൻ
വന്നതെന്തിനായിടാം, ചിന്തിയ്ക്കെ ക്കണ്ണും തുറ-
ന്നെന്നെ നോക്കിയ ശൌരി,മന്ദമായ് ചിരിച്ചല്ലോ?
വന്നതു ദുര്യോധനൻ മുന്നവേയോതീ ഞാനു -
മന്നു നീ ചിരിച്ചതിൽ പൊരുളുമറിഞ്ഞില്ല
വന്നിടും വിപത്തിൽ ഞാൻ നിന്നെ മാത്രമേവേണ്ടു-
വെന്നുര ചെയ്തീടവേ, യെണ്ണുവാനൊടുങ്ങാത്ത
നിൻ പട ദുര്യോധനൻ തന്നിലായർപ്പിയ്ക്കവേ,
നിന്നിൽ ഞാൻ കണ്ടൂ ജയം, സുരക്ഷ, സവ്വസ്വവു-
മെങ്കിലും കഴിഞ്ഞില്ല നേർക്കുനേർ [...]

ജാംബവാൻ

 

“ഹനുവിൻ ഇടത്തുഭാഗത്തിനായ് ക്ഷതം വന്നു
ഹനുമാനെന്നായ് മാറി നിന്റെ നാമധേയവും
അഞ്ജനാപുത്രാ, വായുനന്ദനാ നിനക്കാകാ
സ്വന്തമാം ബലം തിരിച്ചറിയാൻ കേട്ടീടുക
പണ്ടു നീ വെറും കൊച്ചു ശിശുവായൊരുകാലം
കണ്ടു സൂര്യനെ വിണ്ണിൽ, പഴമെന്നോർത്തായിടാം
പറിയ്ക്കാൻ , ഭക്ഷിച്ചീടാൻ കുതിച്ചൂ, കുറച്ചല്ല
തികച്ചും മുന്നൂറല്ലോ യോജന മേലോട്ടായി
ഒരൽ‌പ്പം പോലും സൂര്യ  താപമന്നേറ്റില്ലോർക്ക
വിറച്ചു പോയിന്ദ്രനും, ഭയകോപങ്ങൾ മൂലം
ഒടുക്കം വജ്രായുധം വേണ്ടി വന്നല്ലോ നിന്നെ
തടുക്കാൻ, താഴെ വീണു താടിയെല്ലതും പൊട്ടി.
മാരുതപുത്ര! മൂന്നുലോകവും നിന്നച്ഛന-
ന്നാകവേ ചലനമൊട്ടില്ലാതെ സ്തംഭിപ്പിച്ചു
വായുദേവനാം നിന്റെ ജനകൻ മൂലം നിന-
ക്കേകി ബ്രഹ്മാവീ വരം:“ആയുധത്താലേ നിന-
ക്കാകില്ല മരണമതാരൊക്കെ നിനയ്ക്കിലും”
തന്റെ ചെയ്തിതൻ പശ്ചാത്താപത്താൽ [...]