Skip to content

Daily Archives: July 3rd, 2010

കൊളുത്താത്ത പന്തങ്ങൾ

ഒരാ ട്ടിൻ പറ്റത്തെപ്പോലെ
ശബ്ദമുണ്ടാക്കി മുട്ടിയുരുമ്മി
മുൻ നിരയിലെ ചലനത്തിനൊത്തു
ഇരുട്ടിലേയ്ക്കു..
ഇവിടെ വഴിയില്ല,
വഴി തെളിയിയ്ക്കാനായി
വടി പിടിച്ച ആട്ടിടയനുമില്ല
മുന്നിലെ ആളനക്കം
എനിയ്ക്കറിയാനാകുന്നില്ല
പിന്നിലോ
നോക്കാനെനിയ്ക്കു ഭയമാണു
മുന്നോട്ടു നീങ്ങാനെനിയ്ക്കാവും
ആ പന്തമൊന്നു കത്തിയ്ക്കാമോ?
ഹേ കാവൽക്കാരാ……
എനിയ്ക്കറിയാം നിങ്ങളിവിടെ
എവിടെയോ ഉണ്ടെന്നു
നിങ്ങളുടെ വശം പന്തമുണ്ടെന്നും
എനിക്കവ്യക്തമായോർമ്മയുണ്ടു.
നിശ്ശബ്ദതയുടെ കാഠിന്യം
എന്നെ ഭ്രാന്തു പിടിപ്പിയ്ക്കുന്നു
കാറ്റുമൂളുന്ന തുളകളിൽ നിന്നും
തിളച്ചു മറിയുന്ന ദ്രാവകം
എന്റെ മേൽ വീഴാതിരിയ്ക്കട്ടെ
എന്ന പ്രാർത്ഥനയാണെന്റെ ചുണ്ടുകളിൽ
അടച്ചിടപ്പെട്ട ചതിക്കുഴികളെന്നെ
അവസരം കാത്തിരിയ്ക്കുന്ന
നരഭോജികൾക്കു വലിച്ചെറിയാതിരിയ്ക്കട്ടെ
എന്നു മാത്രമാണെന്റെ മനസ്സിൽ
നരച്ചീറുകളുടെ സീൽക്കാരശബ്ദം
അടുത്തു വരുന്നല്ലോ?
ഇരുട്ടിന്റെ കരാളഹസ്തങ്ങൾ
ഇനിയുമിനിയും മുറുകും മുൻപായ്
ഹേ! കാവൽക്കാരാ…
നിന്റെ കത്തിച്ച പന്തത്തിന്റെ പ്രകാശത്തിനായി മാത്രം
യാചിയ്ക്കുകയാണു…..