Monthly Archives: November 2010

അഹംഭാവം

Posted by & filed under കവിത.

കാലമേ പറയൂ നിന്നൊഴുക്കിൽ   മറന്നോ ഞാൻ സ്നേഹിയ്ക്കാനെന്നെത്തന്നെ, കാണുവാൻ സ്വപ്നങ്ങളും? അറിഞ്ഞില്ലല്ലോ നല്ല നാളുകൾ  കൊഴിഞ്ഞതും നിറച്ചാർത്തേറും സ്വപ്നജാലങ്ങൾ മങ്ങുന്നതും ഉറക്കെപ്രതിഷേധ വാക്കുകൾ മുഴക്കാനും എനിയ്ക്കൊട്ടറിയുവാനായില്ലെ,ൻ പാദങ്ങൾക്കു വിലക്കായിരുമ്പിന്റെ ചങ്ങല കണ്ടില്ല, ഞാൻ നിനച്ചെൻ കർത്തവ്യങ്ങളാണിവ ,ചെയ്തീടണം. പരക്കെപ്പലവിധഭാരങ്ങൾ ചുമക്കുമ്പോൾ ശരിയ്ക്കുമാനന്ദത്താൽ തുള്ളി ,ഞാനറിഞ്ഞന്നും എനിയ്ക്കും ജീവിയ്ക്കുവാൻ ജീവിതമൊന്നേ മാത്രം, പകുക്കിൽ മധുരവുമൊട്ടു കൂടിടും നൂനം. മറക്കാൻ പഠിച്ചു ഞാനെങ്കിലും മനസ്സിന്റെ മണിച്ചെപ്പിലായ് കാത്തു സൂക്ഷിച്ചെൻ സ്വപ്നങ്ങളെ ഒരിയ്ക്കൽ വരും കാലമെന്നെയും തേടീട്ടപ്പോൾ പുറത്തേയ്ക്കെടുത്തിടാമോർത്തതു ശരി […]

നവംബറിലെ മഴ

Posted by & filed under കവിത.

സ്വാഗതമോതുവതെങ്ങിനെ, നീവരും നാളു കഴി,ഞ്ഞിങ്ങു തെറ്റിയോ നിൻ വഴി? കാലത്തിനൊക്കാതെ വന്നതെന്താകിലും നൂനം ശരിയായി വന്നിടാ, ചൊല്ലിടും രാവിന്നവസാനയാമം കൊഴിയവേ ദ്യോവിൽ‌പ്പരക്കും വെളിച്ചം മനസ്സിലും മോഹം വിടർത്തുന്നനേരം കറുത്തൊരാ മേഘങ്ങളെക്കണ്ടു വിസ്മയിച്ചൊട്ടു ഞാൻ. നേരമല്ലാത്തൊരീ നേരത്തു വന്നെത്തു- മീമഴയെക്കെന്താണു കാരണമോർക്കവേ ഒട്ടു തണുപ്പാർന്നിളം കാറ്റു വീശുന്നു നിശ്ചയമീമഴ പെയ്തിടും ശക്തിയിൽ ഒക്കെ വരും  വിപരീതമായേതൊരു ശക്തികൾക്കാമീ പ്രകൃതിയെ മാറ്റുവാൻ കഷ്ടകാലം കലി കാലമതെത്തിയോ? ഒട്ടാ പ്രളയജലം നമ്മെ മൂടുമോ?

ചുവപ്പുപരവതാനി

Posted by & filed under കവിത.

രാജരാജനെഴുന്നള്ളുന്നു ചുവപ്പു പരവതാനി വിരിയ്ക്കൂ.. എവിടെ അലങ്കരിച്ച തേരുംകുതിരയും? എതിരേൽക്കാൻ താലമേന്താൻ എവിടെ പെൺകൊടികൾ? രാജവീഥിയിൽ വർഷിയ്ക്കാൻ പൂക്കളെവിടെ? സുഗന്ധദ്രവ്യങ്ങളും ചന്ദനലേപനവും കൊണ്ടുവരൂ ശ്രദ്ധിയ്ക്കണം, വരുന്നതു ചക്രവർത്തിയാണ് പടയാളികൾ ചുറ്റും വേണം ശത്രുവിനു ചിരിയ്ക്കാനിടകൊടുക്കരുത് രാജന്റെ മനസ്സു വ്യാകുലപ്പെടാതിരിയ്ക്കാൻ നല്ലദൃശ്യങ്ങൾ മാത്രം ഒരുക്കുക വൈകൃതങ്ങളേയും അസത്യങ്ങളേയും വെണ്ണീറിനടിയിൽ പൂഴ്ത്തണം കാണേണ്ടവ മാത്രം കണ്ടോട്ടെ ഇന്നു കഴിഞ്ഞിട്ടല്ലേ നാളെയെത്തുള്ളൂ തെറിയ്ക്കാനുള്ള തലകൾ അതുവരെ ഒന്നുയർത്തിപ്പിടിച്ചോട്ടെ!

ദീപാവലി ആശംസകൾ!!

Posted by & filed under കവിത.

ദീവാളിയെത്തുന്നിതാനന്ദപൂർവ്വം ദീപം കൊളുത്തട്ടെ, യൈശ്വര്യമെത്താൻ ഈ നാടുതൻ മുക്കു മൂലകളെല്ലാ- മാദീപമൊന്നാൽ പ്രകാശിച്ചിടട്ടേ. എങ്കിലും സന്ദേഹമെന്നും മനസ്സിൽ എന്തിനായിട്ടിത്ര ദീപം? എന്നുമിരുണ്ട മനുഷ്യ മനസ്സിൽ ചെല്ലുമോയൊന്നിതിൻ വെട്ടം? കല്ലായ മർത്ത്യമനസ്സൊന്നതിൽ തെല്ലില്ല നന്മ തൻ വെട്ടം എല്ലാം തനിയ്ക്കെന്ന മോഹം., പിന്നെ ഉള്ളവൻ താനെന്ന നാട്യം അജ്ഞത തൻ കൂരിരുട്ടിൽ നിന്നും ഇക്ഷണം മോചിതരാകാൻ ഒറ്റമാർഗ്ഗം മാത്രമെന്നും, മനം വിജ്ഞാമൊന്നാൽ നിറയ്ക്കൂ വന്നിടട്ടേ ലക്ഷ്മി നിത്യം, രാമനെന്നുമയോദ്ധ്യപൂകട്ടേ, നിന്നിടട്ടേ കൃഷ്ണനാമം, മനം തന്നിൽ പ്രകാശം പരത്തി. .