Home –  Archive
Monthly Archives: Jan 2011

ശവപ്പറമ്പുകൾ

അങ്ങാടികളെ നമുക്കിനി ശവപ്പറമ്പാക്കാം

കാത്തിരിയ്ക്കാം ഇവിടെ നമുക്ക്

മനസ്സിൽ അഗ്നിയുമായെത്തുന്നവരെ

ഒരു പിടിക്കനലിനായി

മാഫിയകളുടെ കരാളഹസ്തങ്ങൾ

മുറുകെപ്പിടിച്ചിരിയ്ക്കുന്ന ഫണലുകളിലൂടെ

നമുക്കു ചോർത്താമല്ലോ ഇന്ധനത്തെ

ഖാണ്ഡവദഹനവുമാകാം

കടലാസുകൾ കഥ പറഞ്ഞോട്ടെ

കഥകേട്ടു ഉടുതുണി മുറുക്കി വിശപ്പു മറന്ന്

ജനം ഉറങ്ങിക്കോട്ടെ

ഉറങ്ങാൻ മണ്ണെണ്ണ  വിളക്കിന്റെ ആവശ്യമില്ലല്ലോ?

ഉണർന്നവനും ഓർമ്മിയ്ക്കാനിടയില്ലല്ലോ

മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കുകൾ

പരത്തിയ പ്രകാശങ്ങളെ

നമുക്കഭിമാനിയ്ക്കാം നേട്ടങ്ങളിൽ

രാജ്യം പുരോഗമിയ്ക്കുകയണല്ലോ?

മേടക്കാറ്റിനോട്………….

ഒരുകുലമഞ്ഞപ്പൂക്കൾ തേടി

അരിച്ചെത്തുന്ന മേടക്കാറ്റേ…

നിനക്ക് മഞ്ഞിൽമണം നഷ്ടമായോ?

ചിരിയ്ക്കാനും മറന്നതെന്തേ?

ആർക്കോവേണ്ടിയെന്നോണം

വസന്തമെത്തിയെന്ന് പാടുമ്പോൾ

കുയിലുകൾക്കെന്തേ ദു:ഖം?

മഞ്ഞപ്പൂക്കളെ കാണാഞ്ഞോ?

പ്രകൃതിയുടെ പുഴുക്കുത്തേറ്റ മുഖം

ഇനിയുമൊരു നരകാസുരനെത്തേടുന്നോ?

നന്മകൾ നഷ്ടപ്പെട്ട ആസുരതാണ്ഡവം,

കാലം മറക്കാത്ത യുദ്ധങ്ങൾ,

ഉഗ്രതപത്താൽ വിജയക്കൊടി പാറിയ

രാവണന്റെ ലങ്കയിലെ അശോകവനിയിൽ

ഇരുട്ടിൽ വിടരുന്ന മഞ്ഞപ്പൂക്കളിൽ തട്ടി

രാവണന്മാരെത്തേടിയെത്തുന്ന

ശീതക്കാറ്റിന്റെ മർമ്മരത്തിലും

ദു:ഖത്തിന്റെ  വിതുമ്പലുകൾ

സേതുകടന്നെത്തുന്ന രാമനെ

കാണാനാവാഞ്ഞോ?

ഇനിയും കാണാൻ കൊതിച്ച

ഗരുഡാരൂധനായ ദേവന്റെ

മഞ്ഞപ്പട്ടിന്റെ നിറത്തെ വെല്ലുന്ന

കൊന്നപ്പൂക്കളും തേടി

ഞങ്ങൾക്കായി സമൃദ്ധിയും  ഐശ്വര്യവും തേടി

മേടക്കാറ്റേ നീ എവിടെപ്പോയി?

പുഴുക്കുത്തേറ്റ പ്രകൃതിയിവിടെ വിലപിയ്ക്കുകയാണ്

നീ കൊണ്ടു വരുന്ന മഞ്ഞപ്പൂക്കൾക്കായി…

എന്താണെന്നറിയില്ല,

മേടപ്പിറപ്പെത്താറായിട്ടും
കൊന്നകൾക്കു പൂക്കാൻ മടിയായിരിയ്ക്കുന്നു
പച്ചപ്പു തേടിയെത്തിയവർക്കെന്തേ
മഞ്ഞയെ ഉൾക്കൊള്ളാനാകുന്നില്ലേ?
ആശയെ  ഉണർത്താൻ  വന്നെത്തുന്നവ,
ആശങ്കകൾക്കും കാരണമാവുന്നോ?
എനിയ്ക്കും  മഞ്ഞയെ പേടി, കാരണം
മരണത്തിന്നും ഭീകരതയ്ക്കും
രോഗത്തിനും ലോലചിത്തന്നും
മഞ്ഞ മേലങ്കിയാണല്ലോ പലപ്പോഴും കാണപ്പെടുന്നത്.
അസൂയ വളം വയ്ക്കുന്ന
വഞ്ചനയുടെ നിറവും മഞ്ഞ തന്നെ
അപകടത്തിന്റെ ചുവപ്പിനെ
അരികിലേയ്ക്കെത്തിയ്ക്കാനും
മഞ്ഞ മടിയ്ക്കുന്നില്ല.
കൊന്നപ്പൂവേ ..നീ ക്ഷമിച്ചാലും
ഹരിതാഭ നിറയ്ക്കുന്ന ഐശ്വര്യവും തേടി
പുതുമയുടെ, ആരോഗ്യത്തിന്റെ വഴിതേടി
പ്രകൃതിയുടെ മടിത്തട്ടിൽ
ഞങ്ങളൊന്നിരുന്നോട്ടേ!
ജീവന്റെ നിറവുമായി പ്രകൃതി നിന്നോട്ടെ.

വർണ്ണനൂലുകൾ-20

നിങ്ങളുടെ മനസ്സിൽ ഒരു വർണ്ണനൂലിഴ സൃഷ്ടിയ്ക്കാൻ ചിലർക്കു എതാനും ദിവസങ്ങളുടെ പരിചയം മാത്രം മതിയാകും. വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും അവർ തീർക്കുന്ന ഈ ഇഴകൾ ജീവിതത്തിൽ പിന്നീടൊരിയ്ക്കൽ‌പ്പോലും നാമവരെ കണാനിട വരുന്നില്ലെങ്കിൽക്കൂടി നമ്മുടെ മനസ്സിൽ പുതുമയാർന്നു തന്നെ നിലനിർത്തുന്നതിനുള്ള ഇവരുടെ കഴിവു ഒന്നു വേറെ തന്നെ.ഒരു മിന്നൽ പോലെ നമ്മുടെ സ്മൃതിപഥത്തിൽ പലപ്പോഴും വന്നെത്തി നോക്കുന്ന ഇത്തരം ഓർമ്മകളിൽ പലതും അത്യന്തം ഹൃദ്യമാർന്നവ തന്നെയാകാം. .

അസ്ഗർ ഇത്തരമൊരു കഥാപാത്രമാണ്.ഒറീസായാത്രയിൽ  താമസിയ്ക്കാനിടയായ ഭുവനേശ്വറിലെ ആ ഗസ്റ്റ് ഹൌസും പ്രത്യേ കതരത്തിൽ യൂണിഫോമണിഞ്ഞ അസ്ഗർ എന്ന കെയർ ടെക്കറും പലപ്പോഴും മനസ്സിലോടിയെത്താറുണ്ട്,മനസ്സിൽ സുഖദമായ പല ഓർമ്മകളും ഉണർത്തിക്കൊണ്ടു തന്നെ.

എന്റെ കസിന്റെ ഒഫീഷ്യൽ ഗസ്റ്റ് ഹൌസിലെ ‘ആൾ -ഇൻ-ആൾ” ആയ അസ്ഗർ ഒരൊന്നാന്തരം കുക്ക് കൂടി ആണു. നന്നായി ആഹാരം പാചകം ചെയ്യാനും ഊൺ മേശ സെറ്റ് ചെയ്യാനും മാത്രമല്ല,ഊൺ മേശയിലെ

സംഭാഷണങ്ങളെ രസകരമാക്കാനും അസ്ഗറിനു പ്രത്യേക മിടുക്കാണ്..കസിന്റെ ക്ഷണമനുസരിച്ച് ഒറീസാ സന്ദർശനാർത്ഥം ഭുവനേശ്വറിലെത്തിയ എന്നെയുംകുടുംബത്തേയും സ്വീകരിയ്ക്കാനും സത്കരിയ്ക്കാനും അസ്ഗർ കാണിച്ച ശുഷ്കാന്തി ഞങ്ങളെത്തന്നെ അത്ഭുതപ്പെടുത്തി.മുറിയിലെ സൌകര്യങ്ങൾ ശരിയാക്കുന്നതിലും കുട്ടികളുടെ ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി അതിനൊത്തു ഉണ്ടാക്കിക്കൊടുക്കുന്നതിലും അസ്ഗറിനു വേവലാതിയായിരുന്നു. ഒറീസയെക്കുറിച്ചും ഭുവനേശ്വറിനെക്കുറിച്ചും ഒട്ടനവധി രസകരമായ കാര്യങ്ങൾ അയാൾ ഞങ്ങളുമായി പങ്കിട്ടു. ഒരോ ദിവസവും കാണാൻ പോകേണ്ട സ്ഥലങ്ങൾ തീരുമാന്യ്ക്കുന്ന സമയത്തു അസ്ഗറും അതിൽ പങ്കു കൊള്ളുകയും വേണ്ട വിധത്തിൽ എല്ലാം കാണിച്ചു തരാനായി ഡ്രൈവർകം ഗൈഡ് ആയ കുള്ളനായ ഒറീസക്കാരനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടു പേരും ദിവസങ്ങൾക്കകം തന്നെ കുട്ടികൾക്കു പ്രിയപ്പെട്ടവരായിത്തീർന്നതിൽ അത്ഭുതം തോന്നിയില്ല.തിരിച്ച് കൽക്കത്തയിലേയ്ക്കു പോവും വരെ ഞങ്ങളുടെ ഓരോ ആവശ്യവും മുങ്കൂട്ടി കണ്ടറിഞ്ഞു ചെയ്തു തന്നിരുന്ന അസ്ഗറെ പിരിയുമ്പോൾ ഞങ്ങളുടെ കണ്ണുകളും അയാളുടെ കണ്ണുകളും ഒരേപോലെ നിറഞ്ഞിരുന്നു. ഭുവനേശ്വർ, പുരി ,കൊണാർക് യാത്രയിലെ മധുരിയ്ക്കുന്ന പല ഓർമ്മകൾക്കും സുന്ദരദൃശ്യങ്ങൾക്കും അനുഭവങ്ങൾക്കുമൊപ്പം അങ്ങിനെ അസ്ഗറും ഒരു സുഖദമായ ഓർമ്മയായി മനസ്സിൽ തങ്ങി.

അസ്ഗർ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല.എന്റെ കസിനാണെങ്കിൽ വളരെ മുൻപു തന്നെ ഭുവനേശ്വർ വിടുകയും ചെയ്തു. ഇനി ഞങ്ങൾ അയാളെ കാണാൻ യാതൊരു വിധ ചാൻസുമില്ല. പക്ഷെ കണ്ണടച്ചു വിചാരിച്ചാലുടൻ പുഞ്ചിരിതൂകി ബഹുമാനപൂർവ്വം മേംസാബ് എന്ന വിളിയോടെ ഒരൽ‌പ്പ്ം മുന്നോട്ടു കുനിഞ്ഞു നിൽക്കുന്ന അസ്ഗറെ മനസ്സിൽ കാണാനാകുന്നു. ഇയാൾ ഞങ്ങളുടെയൊക്കെ മനസ്സിൽ ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നു, തീർച്ച

ദീപാവലി സമയത്ത് ഭുവനേശ്വറിലെ ആ ഗസ്റ്റ് ഹൌസിന്റെ നാലുഭാഗത്തുമുള്ള മതിലുകൾക്കു മുകളിലും എന്റെ കുട്ടികൾക്കൊത്ത് നിരനിരയായി മെഴുകുതിരികൾ കത്തിച്ചു വെച്ചും കമ്പിത്തിരിയും മത്താപ്പും പടക്കവുമൊക്കെ അവർക്കൊത്തു കത്തിച്ചും.അവരുടെ മനസ്സിലും ആഹ്ലാദത്തിന്റെ വർണ്ണശബളിമ നിറയ്ക്കാനും അതു നിലനിർത്താനും അസ്ഗർ , നിനക്കായല്ലോ? ഒരിയ്ക്കൽക്കൂടി നിനക്കു നന്ദി പറയട്ടേ!

വർണ്ണനൂലുകൾ-19

കാന്തിഭായ് ഞങ്ങളുടെ ഗ്രോസറിക്കടക്കാരനായിരുന്നു, മാളുകൾ മുംബെയിൽ സർവ്വാധിപത്യം സ്ഥാപിയ്ക്കുന്നതിനു മുൻപ് .ഞങ്ങളുടെ  മാത്രമല്ല, അടുത്തുള്ള ഒട്ടനവധി കെട്ടിടങ്ങളിലെ താമസക്കാർക്കൊക്കെയും. അടുത്തൊന്നും മറ്റുവലിയ കടകൾ ഇല്ല. ഇവിടെയാണെങ്കിൽ ഗ്രോസറിയ്ക്കു പുറമേ അത്യാവശ്യം പ്ലാസ്ടിക് സാധനങ്ങൾ, പൂജാസാധനങ്ങൾ, സ്കൂൾ സ്റ്റേഷനറി ഒക്കെ കിട്ടും താനും . അപ്പോൾപ്പിന്നെ അവിടത്തെ തിരക്കു ഊഹിയ്ക്കാനാകുമല്ലോ?. രാവിലെ 8മണിയോടെ കടതുറന്നാൽ രാത്രി 11.30 -12വരെ തിരക്കു തന്നെ!
കാന്തിഭായിയുടെ പ്രത്യേകത പറഞ്ഞില്ലല്ലോ?രാവിലെ 8മണിയ്ക്കു കാണുമ്പോഴും രാത്രി 11 മണിയ്ക്കു കാണുമ്പോഴും കാന്തിഭായിയുടെ പ്രസന്നഭാവവും ചിരിയും ഒരേപോലെ.കറുത്തു തടിച്ചു വട്ടമുഖവും കുറ്റിമുടിയുമുള്ള കാന്തിഭായി സാമാന്യത്തിലധികം വലുപ്പം തോന്നിയ്ക്കുന്ന ഒരു പഴയ സൈക്കിളിൽ ഞങ്ങളുടെ വീടിന്നു മുന്നിലൂടെ കടന്നുപോകുന്നതു കാണാറുണ്ടു. പരിചയക്കാർക്കൊക്കെ പൊതുവായി തലയാട്ടി ചിരിച്ചൊരു അഭിവാദ്യം. ഞങ്ങളുടെ ബിൽഡിംഗിൽ നിന്നും നാലടിനടന്നാലൊരു വളവുതിരിഞ്ഞാൽ കാന്തിഭായിയുടെ കടയായി. കട തുറന്നാൽ പൊടിതട്ടൽ , പിന്നെ പൂജ. ഏതോ കുലഗുരുവിന്റെ ഫോട്ടൊ വച്ചിരിയ്ക്കുന്നതു കാണാം. പൂജയ്ക്കിടയിൽ  കടയിൽ വന്നെത്തുന്നവരോടു പതിഞ്ഞ സ്വരത്തിൽ ‘ ഏക് സെക്കന്റ്….എക് സെക്കന്റ് “ എന്നു പറയുമ്പോൾ ഭഗവാനോടാണോ അയാൾ പറയുന്നതെന്നു പലപ്പോഴും എനിയ്ക്കു തോന്നിയിട്ടുണ്ടു. കാരണമുണ്ട്, ഭഗവാനോടു കാണിയ്ക്കുന്ന അതേ ഭവ്യത തന്നെ ഇയാൾ തന്റെ കസ്റ്റമേർസിനോടും കാണിയ്ക്കുന്നു എന്നതു തന്നെ!
അധികം പേരും ഒന്നിച്ചു വീട്ടുസാധനങ്ങൾ ഫോൺ വഴി ഓർഡർ ചെയ്യും. അതനുസരിച്ചു കാന്തിഭായി അവ അവരുടെ വീട്ടിലെത്തിച്ചു കൊടുക്കും. കഴിയുന്നത്ര വേഗത്തിൽ തന്നെ. ഇത്രയധികം കസ്റ്റമേഴ്സിൽ ആരു വിളിച്ചാലും അയാൾ ശബ്ദം കൊണ്ടു അവരെ തിരിച്ചറിഞ്ഞു ഫ്ലാറ്റ് നമ്പറും ബിൽഡിംഗ് നമ്പറും മനസ്സിലാക്കും. ആയിരം രൂപയുടെ സാധനങ്ങളായാലും ഒരു പാക്കറ്റ് ബ്രേഡ് ആയാലും വീട്ടിലെത്തിച്ചു തരും. കൃത്യമായി പറ്റുവിവരം എഴതിയിടുന്ന കാന്തിഭായി ആരെങ്കിലും തരാനുള്ള പൈസയെക്കുറിച്ചു ചോദിയ്ക്കുന്നതിനു മുൻപേ പറയും”പൈസ കോൻ പൂച്ഛാ, അപ്ന ദൂക്കാൻ സമഝ് ലോ” . കാന്തിഭായിയ്ക്കു നന്നായറിയാം, പൈസ വഴിപോലെ വരുമെന്നു, അതു തന്നെ! ഒരു    ചെറിയ സാധനം വാങ്ങാൻ വരുന്ന സധാരണക്കാരനും, സ്റ്റൈലിൽ ഡ്രെസ്സ് ചെയ്തു കാറിൽ വന്നു സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു അല്ലെങ്കിൽ വാങ്ങിപ്പോകുന്നവനും കാന്തി ഭായിയ്ക്കു  സമം തന്നെ!  സദാ ചിരിച്ച മുഖം അൽ‌പ്പം ഉയർത്തി വൈകുന്നതിലെ ക്ഷമാപണത്തോടെ സാധനങ്ങൾ തരുന്ന കാന്തിഭായിയോടു ആർക്കും കയർക്കാൻ തോന്നാറില്ല.  കാന്തിഭായ് ദ റിയൽ മാനേജ്മെന്റ് ഗുരു എന്നാണു ഞങ്ങളൊക്കെ കളിയാക്കി പറയുന്നത്.സ്കൂൾ വിട്ടു കുട്ടികളേയും കൊണ്ട് വരുന്ന ഭാര്യയുടെ ഉറക്കെയുള്ള ശബ്ദത്തിലും ഇയാൾക്കു ദേഷ്യപ്പെട്ടു കണ്ടിരുന്നില്ല. ഐസ്ക്രീം പെട്ടി തുറന്നു ഐസ്ക്രീം എടുക്കുന്ന മകളോട്  ഈ തണുപ്പിൽ ഐസ്ക്രീം കഴിയ്ക്കേണ്ടെന്നു പറഞ്ഞതും “ബച്ചി ഹൈ നാ, ഖാനേ ദോ” എന്ന ഭാര്യയുടെ വാക്കുകൾ കേട്ടു അങ്ങനെത്തന്നെയെന്നു തലയാട്ടുന്ന ആളാണ് കാന്തിഭായ് . മറ്റൊരു മുഖഭാവം ഇയാൾക്കു പറ്റില്ലെന്നായിട്ടുണ്ടോ എന്നു തോന്നിപ്പോകും.
തനിയ്ക്കു പറ്റുന്നവിധത്തിൽ ആരെയും സഹായിയ്ക്കുവാനും കാന്തിഭായി സദാ സന്നദ്ധനാണ്. വീടു വാങ്ങൽ, വിൽക്കൽ, പുതിയ വാടകക്കാരെ തേടൽ, പുതിയ വാടകവീടു അന്വേഷിയ്ക്കൽ—-എന്തായാലും കാന്തിഭായി അറിയാതെ നടക്കാറുമില്ലല്ലോ?. ഇവിടെ നിന്നു താമസം മാറ്റി പുതിയ സ്ഥലത്തെത്തിയ ഞങ്ങൾ കാന്തിഭായിയെ ശരിയ്ക്കും മിസ് ചെയ്യുമെന്നോർത്തിരുന്നു. പക്ഷേ പുതിയസ്ഥലത്തെ സദാ തല ആട്ടിക്കൊണ്ടേയിരിയ്ക്കുന്ന ദുർബലനായ വയസ്സൻ കടയുടമ പലകാര്യങ്ങളിലും കാന്തിഭായി തന്നെ. ശരിയാണ് അസഹിഷ്ണുത നിറഞ്ഞ നഗരജീവിതത്തിൽ ഇത്തരം കാന്തിഭായികളെ പലയിടത്തും നമുക്കു കാണാനാവുന്നു, ഇതേ പോലെ വർണ്ണനൂലുകളായി. അവർ സമൂഹത്തിന്റെ ആവശ്യമായ അവിഭാജ്യ ഘടകങ്ങൾ തന്നെ! കഴിയുന്നതും മറ്റുള്ളവരെ സന്തോഷിപ്പിച്ചും സഹായിച്ചുമുള്ള ജീവിതം നയിയ്ക്കുന്നവർ. കാര്യം നേടാൻ പലപ്പോഴും പലരും ഇതുപയോഗിയ്ക്കാറുള്ളതുമാണല്ലോ?
ഇപ്പോഴിതോർക്കാൻ കാരണമുണ്ടു.  കമ്പ്യൂട്ടറിന്റെ മോണിട്ടർ റിപ്പെയർ ചെയ്തു തന്ന പയ്യൻ ഇതുവരെ പൈസ വാങ്ങാനെത്തിയില്ല. എന്തു ചിലവെന്നും പറഞ്ഞില്ല. ‘ശരി പിന്നീടാവട്ടെ, അപ്നാ ഹീ ദൂക്കൻ ആണല്ലോ “എന്നു ഇത്തവണ ഞാനാണു പറഞ്ഞു പോയത്. പതിവായി സാരി വാങ്ങുന്ന കടയിൽനിന്നും സാരി വാങ്ങുമ്പോൾ വിലപേശുന്നതിനിടയ്ക്കു   ഇന്നലെ എന്റെ വായിൽ നിന്നും ഇതേ വാക്കുകൾ വീണിരുന്നല്ലോ? അപ്പോൾ ‘കാന്തിഭായി സിൻഡ്രം‘ എന്നെയും പിടികൂടിക്കഴിഞ്ഞല്ലോ?

കാന്തിഭായ് ഞങ്ങളുടെ ഗ്രോസറിക്കടക്കാരനായിരുന്നു, മാളുകൾ മുംബെയിൽ സർവ്വാധിപത്യം സ്ഥാപിയ്ക്കുന്നതിനു മുൻപ് .ഞങ്ങളുടെ  മാത്രമല്ല, അടുത്തുള്ള ഒട്ടനവധി കെട്ടിടങ്ങളിലെ താമസക്കാർക്കൊക്കെയും. അടുത്തൊന്നും മറ്റുവലിയ കടകൾ ഇല്ല. ഇവിടെയാണെങ്കിൽ ഗ്രോസറിയ്ക്കു പുറമേ അത്യാവശ്യം പ്ലാസ്ടിക് സാധനങ്ങൾ, പൂജാസാധനങ്ങൾ, സ്കൂൾ സ്റ്റേഷനറി ഒക്കെ കിട്ടും താനും . അപ്പോൾപ്പിന്നെ അവിടത്തെ തിരക്കു ഊഹിയ്ക്കാനാകുമല്ലോ?. രാവിലെ 8മണിയോടെ കടതുറന്നാൽ രാത്രി 11.30 -12വരെ തിരക്കു തന്നെ!കാന്തിഭായിയുടെ പ്രത്യേകത പറഞ്ഞില്ലല്ലോ?രാവിലെ 8മണിയ്ക്കു കാണുമ്പോഴും രാത്രി 11 മണിയ്ക്കു കാണുമ്പോഴും കാന്തിഭായിയുടെ പ്രസന്നഭാവവും ചിരിയും ഒരേപോലെ.കറുത്തു തടിച്ചു വട്ടമുഖവും കുറ്റിമുടിയുമുള്ള കാന്തിഭായി സാമാന്യത്തിലധികം വലുപ്പം തോന്നിയ്ക്കുന്ന ഒരു പഴയ സൈക്കിളിൽ ഞങ്ങളുടെ വീടിന്നു മുന്നിലൂടെ കടന്നുപോകുന്നതു കാണാറുണ്ടു. പരിചയക്കാർക്കൊക്കെ പൊതുവായി തലയാട്ടി ചിരിച്ചൊരു അഭിവാദ്യം. ഞങ്ങളുടെ ബിൽഡിംഗിൽ നിന്നും നാലടിനടന്നാലൊരു വളവുതിരിഞ്ഞാൽ കാന്തിഭായിയുടെ കടയായി. കട തുറന്നാൽ പൊടിതട്ടൽ , പിന്നെ പൂജ. ഏതോ കുലഗുരുവിന്റെ ഫോട്ടൊ വച്ചിരിയ്ക്കുന്നതു കാണാം. പൂജയ്ക്കിടയിൽ  കടയിൽ വന്നെത്തുന്നവരോടു പതിഞ്ഞ സ്വരത്തിൽ ‘ ഏക് സെക്കന്റ്….എക് സെക്കന്റ് “ എന്നു പറയുമ്പോൾ ഭഗവാനോടാണോ അയാൾ പറയുന്നതെന്നു പലപ്പോഴും എനിയ്ക്കു തോന്നിയിട്ടുണ്ടു. കാരണമുണ്ട്, ഭഗവാനോടു കാണിയ്ക്കുന്ന അതേ ഭവ്യത തന്നെ ഇയാൾ തന്റെ കസ്റ്റമേർസിനോടും കാണിയ്ക്കുന്നു എന്നതു തന്നെ!അധികം പേരും ഒന്നിച്ചു വീട്ടുസാധനങ്ങൾ ഫോൺ വഴി ഓർഡർ ചെയ്യും. അതനുസരിച്ചു കാന്തിഭായി അവ അവരുടെ വീട്ടിലെത്തിച്ചു കൊടുക്കും. കഴിയുന്നത്ര വേഗത്തിൽ തന്നെ. ഇത്രയധികം കസ്റ്റമേഴ്സിൽ ആരു വിളിച്ചാലും അയാൾ ശബ്ദം കൊണ്ടു അവരെ തിരിച്ചറിഞ്ഞു ഫ്ലാറ്റ് നമ്പറും ബിൽഡിംഗ് നമ്പറും മനസ്സിലാക്കും. ആയിരം രൂപയുടെ സാധനങ്ങളായാലും ഒരു പാക്കറ്റ് ബ്രേഡ് ആയാലും വീട്ടിലെത്തിച്ചു തരും. കൃത്യമായി പറ്റുവിവരം എഴതിയിടുന്ന കാന്തിഭായി ആരെങ്കിലും തരാനുള്ള പൈസയെക്കുറിച്ചു ചോദിയ്ക്കുന്നതിനു മുൻപേ പറയും”പൈസ കോൻ പൂച്ഛാ, അപ്ന ദൂക്കാൻ സമഝ് ലോ” . കാന്തിഭായിയ്ക്കു നന്നായറിയാം, പൈസ വഴിപോലെ വരുമെന്നു, അതു തന്നെ! ഒരു    ചെറിയ സാധനം വാങ്ങാൻ വരുന്ന സധാരണക്കാരനും, സ്റ്റൈലിൽ ഡ്രെസ്സ് ചെയ്തു കാറിൽ വന്നു സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു അല്ലെങ്കിൽ വാങ്ങിപ്പോകുന്നവനും കാന്തി ഭായിയ്ക്കു  സമം തന്നെ!  സദാ ചിരിച്ച മുഖം അൽ‌പ്പം ഉയർത്തി വൈകുന്നതിലെ ക്ഷമാപണത്തോടെ സാധനങ്ങൾ തരുന്ന കാന്തിഭായിയോടു ആർക്കും കയർക്കാൻ തോന്നാറില്ല.  കാന്തിഭായ് ദ റിയൽ മാനേജ്മെന്റ് ഗുരു എന്നാണു ഞങ്ങളൊക്കെ കളിയാക്കി പറയുന്നത്.സ്കൂൾ വിട്ടു കുട്ടികളേയും കൊണ്ട് വരുന്ന ഭാര്യയുടെ ഉറക്കെയുള്ള ശബ്ദത്തിലും ഇയാൾക്കു ദേഷ്യപ്പെട്ടു കണ്ടിരുന്നില്ല. ഐസ്ക്രീം പെട്ടി തുറന്നു ഐസ്ക്രീം എടുക്കുന്ന മകളോട്  ഈ തണുപ്പിൽ ഐസ്ക്രീം കഴിയ്ക്കേണ്ടെന്നു പറഞ്ഞതും “ബച്ചി ഹൈ നാ, ഖാനേ ദോ” എന്ന ഭാര്യയുടെ വാക്കുകൾ കേട്ടു അങ്ങനെത്തന്നെയെന്നു തലയാട്ടുന്ന ആളാണ് കാന്തിഭായ് . മറ്റൊരു മുഖഭാവം ഇയാൾക്കു പറ്റില്ലെന്നായിട്ടുണ്ടോ എന്നു തോന്നിപ്പോകും.തനിയ്ക്കു പറ്റുന്നവിധത്തിൽ ആരെയും സഹായിയ്ക്കുവാനും കാന്തിഭായി സദാ സന്നദ്ധനാണ്. വീടു വാങ്ങൽ, വിൽക്കൽ, പുതിയ വാടകക്കാരെ തേടൽ, പുതിയ വാടകവീടു അന്വേഷിയ്ക്കൽ—-എന്തായാലും കാന്തിഭായി അറിയാതെ നടക്കാറുമില്ലല്ലോ?. ഇവിടെ നിന്നു താമസം മാറ്റി പുതിയ സ്ഥലത്തെത്തിയ ഞങ്ങൾ കാന്തിഭായിയെ ശരിയ്ക്കും മിസ് ചെയ്യുമെന്നോർത്തിരുന്നു. പക്ഷേ പുതിയസ്ഥലത്തെ സദാ തല ആട്ടിക്കൊണ്ടേയിരിയ്ക്കുന്ന ദുർബലനായ വയസ്സൻ കടയുടമ പലകാര്യങ്ങളിലും കാന്തിഭായി തന്നെ. ശരിയാണ് അസഹിഷ്ണുത നിറഞ്ഞ നഗരജീവിതത്തിൽ ഇത്തരം കാന്തിഭായികളെ പലയിടത്തും നമുക്കു കാണാനാവുന്നു, ഇതേ പോലെ വർണ്ണനൂലുകളായി. അവർ സമൂഹത്തിന്റെ ആവശ്യമായ അവിഭാജ്യ ഘടകങ്ങൾ തന്നെ! കഴിയുന്നതും മറ്റുള്ളവരെ സന്തോഷിപ്പിച്ചും സഹായിച്ചുമുള്ള ജീവിതം നയിയ്ക്കുന്നവർ. കാര്യം നേടാൻ പലപ്പോഴും പലരും ഇതുപയോഗിയ്ക്കാറുള്ളതുമാണല്ലോ?ഇപ്പോഴിതോർക്കാൻ കാരണമുണ്ടു.  കമ്പ്യൂട്ടറിന്റെ മോണിട്ടർ റിപ്പെയർ ചെയ്തു തന്ന പയ്യൻ ഇതുവരെ പൈസ വാങ്ങാനെത്തിയില്ല. എന്തു ചിലവെന്നും പറഞ്ഞില്ല. ‘ശരി പിന്നീടാവട്ടെ, അപ്നാ ഹീ ദൂക്കൻ ആണല്ലോ “എന്നു ഇത്തവണ ഞാനാണു പറഞ്ഞു പോയത്. പതിവായി സാരി വാങ്ങുന്ന കടയിൽനിന്നും സാരി വാങ്ങുമ്പോൾ വിലപേശുന്നതിനിടയ്ക്കു   ഇന്നലെ എന്റെ വായിൽ നിന്നും ഇതേ വാക്കുകൾ വീണിരുന്നല്ലോ? അപ്പോൾ ‘കാന്തിഭായി സിൻഡ്രം‘ എന്നെയും പിടികൂടിക്കഴിഞ്ഞല്ലോ?

വർണ്ണനൂലുകൾ-18

പലപ്പോഴും അവ്യക്തമായി നമ്മുടെ മനസ്സിലോടിയെത്തുന്ന രൂപങ്ങളുണ്ടാകാം. എവിടെയെന്നോർമ്മയില്ലെങ്കിലും എവിടെയൊ കണ്ടു മറന്ന മുഖങ്ങൾ എന്നു നമുക്കു തോന്നുന്നതും അതുകൊണ്ടാകാം. ചിലപ്പോൾ അവ നമ്മെ മറ്റൊരു ലോകത്തേയ്ക്കു തന്നെ കൂട്ടിക്കൊണ്ടു പോകും. ഹൃദ്യമായ ഗതകാല സ്മരണകൾ നമ്മിലുണർത്താൻ ആർക്കെങ്കിലും കഴിഞ്ഞാൽ നാം അവരെ വീണ്ടും വീണ്ടും ഓർക്കാൻ ഇഷ്ടപ്പെടും. കാലത്തിന്റെ കുത്തൊഴുക്കിൽ മനസ്സിലെ രൂപങ്ങൾക്കു മാറ്റം സംഭവിച്ചേയ്ക്കാമെങ്കിലും അവയുണർത്തുന്ന വികാരങ്ങൾക്കു രൂപമാറ്റം സംഭവിയ്ക്കണമെന്നില്ല. അത്തരമൊരു വ്യക്തിയെക്കുറിച്ചാണിന്നെഴുതുന്നത്. അദ്ദേഹത്തിന്റെ ശരിയായ രൂപമെനിയ്ക്കിപ്പോൾ അവ്യക്തമാണു താനും.
“പട്ടരുമാഷു വന്നിട്ടുണ്ട്”  കുട്ടിക്കാലത്തു പലപ്പോഴും ഇതു കേട്ടാലുടനെ  ഞാൻ ഓടി പൂമുഖത്തെത്താറുണ്ടു. എന്നും ഞങ്ങൾ കുട്ടികളിൽ കൌതുകമുണർത്തുന്ന ഒരാളായിരുന്നു അദ്ദേഹം. എന്തെങ്കിലുമൊക്കെക്കാണും കയ്യിൽ പുതുതായിട്ടു, കുട്ടികൾക്കായി. കണ്ടാലോ ആജാനബാഹു. വേഷമാണെങ്കിൽ കോട്ടും ഷർട്ടും പാന്റും. ചിലപ്പോൾ ഒരു ബ്രിട്ടീഷ് തൊപ്പിയും കാണും.  തോളത്തെ സഞ്ചിയിൽ നിന്നും പുറത്തു വരുന്ന സാധനങ്ങളെല്ലാം തന്നെ ഞങ്ങളിൽ ആശ്ചര്യം വിടർത്താറുണ്ടു. കുട്ടികൾക്കായുള്ള ഭാഗ്യക്കുറി ടിക്കറ്റ് അതിൽ സമ്മാനമായി കിട്ടുന്ന ചൊക്കലേറ്റ്, പെൻസിൽ, റബ്ബർ തുടങ്ങിയതെല്ലാം അവ്യക്തമായി ഓർമ്മയുണ്ടു. അച്ഛനുമായി സംസാരിയ്ക്കുമ്പോൾ ഉപയോഗിയ്ക്കുന്ന ഇംഗ്ലീഷ് വാചകങ്ങൾ, അനുഭവകഥകൾ എന്നിവയൊക്കെ ഞങ്ങൾ കുട്ടികൾക്കേറെ പ്രിയമായിരുന്നു. ഒന്നും വിടാതെ അടുത്തിരുന്നു കേൾക്കും.
മിക്കവാറും അതിരാവിലെയാണു പട്ടരു മാഷെത്താറ്. റിട്ടയർ ആയതിനാൽ പ്രത്യേകിച്ചു ജോലിയൊന്നുമില്ല. കുടുംബം എന്നു പറയാനായി ആരുമുണ്ടെന്നു തോന്നിയില്ല. പട്ടാംബിയിലോ മറ്റോ ആണത്രെ ജനിച്ചു വളർന്ന സ്ഥലം. ജീവിതത്തിന്റെ അധികം ഭാഗവും കഴിച്ചുകൂട്ടിയതിനാലാവാം റിട്ടയർ ആയ ശേഷവും ഇവിടം വിട്ടു പോകാൻ മടി. ബ്രാഹ്മണ ഗൃഹങ്ങളിൽ മാത്രം പോകും എന്തു ഭക്ഷണം കൊടുത്താലും ഇഷ്ടമാണ്. ഊണിനു വൈകിയെത്തുന്ന ദിവസങ്ങളിൽ അടുക്കളയിൽ ചോറില്ലെങ്കിൽ ചക്കയോ മാങ്ങയോ എന്തും മതി.ഞങ്ങൾക്കിതെല്ലാം വലിയ അത്ഭുതം തന്നെയായിരുന്നു.വർത്തമാനം, ഊണ്, മുറുക്കൽ, കുട്ടികളെ കളിപ്പിയ്ക്കൽ, കഥ പറയൽ, പാഠകം പറച്ചിൽ ഒക്കെയായി  അന്നവിടെക്കൂടി അടുത്ത ദിവസംഅതിരാവിലെ ഇറങ്ങും, അടുത്ത ബ്രാഹ്മണഗൃഹത്തിലേയ്ക്ക്. എല്ലാവർക്കും പട്ടരുമാഷെ ഇഷ്ടമായിരുന്നു.
മാഷ് ഒരു പ്രൈമറി സ്കൂളിലെ അദ്ധ്യാപകനായിരുന്നു. സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപത്തെ കഥയാണ്. സ്കൂൾ വിസിറ്റിനു വന്ന എഡ്യൂക്കേഷൻ ഓഫീസർ ക്ലാസ് പരിശോധനയ്ക്കായി വന്നപ്പോൾ അദ്ദേഹത്തെ ശ്രദ്ധിയ്ക്കാതെ മാഷ് ക്ലാസ്സെടുക്കൽ തുടർന്നുവത്രെ! സായിപ്പിനു അൽ‌പ്പം ദേഷ്യം വരാതിരുന്നില്ല. പക്ഷേ ക്ലാസ്സ് കഴിഞ്ഞു വന്ന മാഷോടു എക്സ്പ്ലനേഷൻ ചോദിച്ചപ്പോൾ പറഞ്ഞ മറുപടി കേട്ടു സായിപ്പു കൈ കൊടുത്തുവത്രേ! തന്റെ ഡ്യൂട്ടി ക്ലാസ്സെടുക്കലാണെന്നും അതിനായാണു വേതനം പറ്റുന്നതെന്നും മറ്റു കാര്യങ്ങൾ അതിനു ശേഷം മാത്രമെന്നുമായിരുന്നു മാഷുടെ മറുപടി. എന്തു ധൈര്യം, അല്ലേ? മാഷു വരാതായതിനുശേഷമാണു ഈ കഥ കേട്ടതെങ്കിലും ഉള്ളീൽ മാഷെക്കുറിച്ചു ബഹുമാനം കൂടിയതായി തോന്നി.
മറ്റൊരു കഥയും കേട്ടിട്ടുണ്ട്. നാട്ടിൽ രൂപീകരിച്ച ദേശീയ കലാവേദിയുടെ പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ചു പട്ടരു മാഷ് മുങ്കൈയ്യെടുത്തു സർക്കാർ ഗ്രാന്റിനായി പ്രധാനമന്ത്രിയ്ക്കയയ്ച്ച നിവേദനത്തിന്റെ കഥ. ഫലം ഉണ്ടായില്ലെങ്കിലും നാട്ടുകാർക്കു മുന്നിൽ അദ്ദെഹത്തിന് ആദരണീയനാകാൻ ഇതു സഹായിച്ചുവെന്നതു സത്യം.
എനിയ്ക്കായി ഇദ്ദേഹം പ്രത്യേകിച്ചെന്തെങ്കിലും ചെയ്തിട്ടുള്ളതായി ഓർക്കുന്നില്ല. പിന്നെയെന്തേ ഇദ്ദേഹത്തെ കൂടെക്കൂടെ ഓർമ്മവരാൻ എന്നു ഞാൻ ചിന്തിയ്ക്കാറുണ്ട്. ഒരു പക്ഷെ കടന്നു പോയ  മറ്റൊരു കാലഘട്ടത്തിന്റെ പ്രതീകമായി അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിനാലാകാം. ബാല്യത്തിന്റെ കൌതുകം ഉണർത്തിയിരുന്ന അദ്ദേഹത്തിലൂടെ എന്റെ ബാല്യസ്മരണകളെ തിരിച്ചു പിടിയ്ക്കാനുള്ള ശ്രമത്തിലായിരിയ്ക്കാം.ശരിയ്ക്കു പറഞ്ഞാൽ എപ്പോഴാണദ്ദേഹം വരാതായതെന്നോ എന്നാണു മരിച്ചു പോയതെന്നോ ന്നും ഓർമ്മ തോന്നുന്നില്ല. കാരണം ഒരു പക്ഷെ വലുതായിത്തുടങ്ങിയപ്പോൾ ആ ബാല്യകാല കൌതുകം എനിയ്ക്കു നഷ്ടപ്പെട്ടിട്ടുണ്ടാകാം. പക്ഷേ പിന്നീടെന്നോ ഓർമ്മ വന്നപ്പോൾ അദ്ദേഹത്തിന്റെ സ്വതന്ത്രമായ ജീവിതരീതിയെക്കുറിച്ചോർത്തു എനിയ്ക്കു അസൂയ തോന്നിയിട്ടുണ്ടു. അങ്ങനെ ജീവിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നോർത്തു മോഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചു ചുമതലകളോ ലക്ഷ്യങ്ങളൊ ഇല്ലാതെ സ്വയം ആസ്വദിച്ചു ജീവിച്ച ഒരു ജീവിതം.തീർച്ചയായുമിതൊരു വർണ്ണനൂലുതന്നെ എന്നെനിയ്ക്കു തോന്നിപ്പോകുന്നു.

പലപ്പോഴും അവ്യക്തമായി നമ്മുടെ മനസ്സിലോടിയെത്തുന്ന രൂപങ്ങളുണ്ടാകാം. എവിടെയെന്നോർമ്മയില്ലെങ്കിലും എവിടെയൊ കണ്ടു മറന്ന മുഖങ്ങൾ എന്നു നമുക്കു തോന്നുന്നതും അതുകൊണ്ടാകാം. ചിലപ്പോൾ അവ നമ്മെ മറ്റൊരു ലോകത്തേയ്ക്കു തന്നെ കൂട്ടിക്കൊണ്ടു പോകും. ഹൃദ്യമായ ഗതകാല സ്മരണകൾ നമ്മിലുണർത്താൻ ആർക്കെങ്കിലും കഴിഞ്ഞാൽ നാം അവരെ വീണ്ടും വീണ്ടും ഓർക്കാൻ ഇഷ്ടപ്പെടും. കാലത്തിന്റെ കുത്തൊഴുക്കിൽ മനസ്സിലെ രൂപങ്ങൾക്കു മാറ്റം സംഭവിച്ചേയ്ക്കാമെങ്കിലും അവയുണർത്തുന്ന വികാരങ്ങൾക്കു രൂപമാറ്റം സംഭവിയ്ക്കണമെന്നില്ല. അത്തരമൊരു വ്യക്തിയെക്കുറിച്ചാണിന്നെഴുതുന്നത്. അദ്ദേഹത്തിന്റെ ശരിയായ രൂപമെനിയ്ക്കിപ്പോൾ അവ്യക്തമാണു താനും.“പട്ടരുമാഷു വന്നിട്ടുണ്ട്”  കുട്ടിക്കാലത്തു പലപ്പോഴും ഇതു കേട്ടാലുടനെ  ഞാൻ ഓടി പൂമുഖത്തെത്താറുണ്ടു. എന്നും ഞങ്ങൾ കുട്ടികളിൽ കൌതുകമുണർത്തുന്ന ഒരാളായിരുന്നു അദ്ദേഹം. എന്തെങ്കിലുമൊക്കെക്കാണും കയ്യിൽ പുതുതായിട്ടു, കുട്ടികൾക്കായി. കണ്ടാലോ ആജാനബാഹു. വേഷമാണെങ്കിൽ കോട്ടും ഷർട്ടും പാന്റും. ചിലപ്പോൾ ഒരു ബ്രിട്ടീഷ് തൊപ്പിയും കാണും.  തോളത്തെ സഞ്ചിയിൽ നിന്നും പുറത്തു വരുന്ന സാധനങ്ങളെല്ലാം തന്നെ ഞങ്ങളിൽ ആശ്ചര്യം വിടർത്താറുണ്ടു. കുട്ടികൾക്കായുള്ള ഭാഗ്യക്കുറി ടിക്കറ്റ് അതിൽ സമ്മാനമായി കിട്ടുന്ന ചൊക്കലേറ്റ്, പെൻസിൽ, റബ്ബർ തുടങ്ങിയതെല്ലാം അവ്യക്തമായി ഓർമ്മയുണ്ടു. അച്ഛനുമായി സംസാരിയ്ക്കുമ്പോൾ ഉപയോഗിയ്ക്കുന്ന ഇംഗ്ലീഷ് വാചകങ്ങൾ, അനുഭവകഥകൾ എന്നിവയൊക്കെ ഞങ്ങൾ കുട്ടികൾക്കേറെ പ്രിയമായിരുന്നു. ഒന്നും വിടാതെ അടുത്തിരുന്നു കേൾക്കും.മിക്കവാറും അതിരാവിലെയാണു പട്ടരു മാഷെത്താറ്. റിട്ടയർ ആയതിനാൽ പ്രത്യേകിച്ചു ജോലിയൊന്നുമില്ല. കുടുംബം എന്നു പറയാനായി ആരുമുണ്ടെന്നു തോന്നിയില്ല. പട്ടാംബിയിലോ മറ്റോ ആണത്രെ ജനിച്ചു വളർന്ന സ്ഥലം. ജീവിതത്തിന്റെ അധികം ഭാഗവും കഴിച്ചുകൂട്ടിയതിനാലാവാം റിട്ടയർ ആയ ശേഷവും ഇവിടം വിട്ടു പോകാൻ മടി. ബ്രാഹ്മണ ഗൃഹങ്ങളിൽ മാത്രം പോകും എന്തു ഭക്ഷണം കൊടുത്താലും ഇഷ്ടമാണ്. ഊണിനു വൈകിയെത്തുന്ന ദിവസങ്ങളിൽ അടുക്കളയിൽ ചോറില്ലെങ്കിൽ ചക്കയോ മാങ്ങയോ എന്തും മതി.ഞങ്ങൾക്കിതെല്ലാം വലിയ അത്ഭുതം തന്നെയായിരുന്നു.വർത്തമാനം, ഊണ്, മുറുക്കൽ, കുട്ടികളെ കളിപ്പിയ്ക്കൽ, കഥ പറയൽ, പാഠകം പറച്ചിൽ ഒക്കെയായി  അന്നവിടെക്കൂടി അടുത്ത ദിവസംഅതിരാവിലെ ഇറങ്ങും, അടുത്ത ബ്രാഹ്മണഗൃഹത്തിലേയ്ക്ക്. എല്ലാവർക്കും പട്ടരുമാഷെ ഇഷ്ടമായിരുന്നു.മാഷ് ഒരു പ്രൈമറി സ്കൂളിലെ അദ്ധ്യാപകനായിരുന്നു. സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപത്തെ കഥയാണ്. സ്കൂൾ വിസിറ്റിനു വന്ന എഡ്യൂക്കേഷൻ ഓഫീസർ ക്ലാസ് പരിശോധനയ്ക്കായി വന്നപ്പോൾ അദ്ദേഹത്തെ ശ്രദ്ധിയ്ക്കാതെ മാഷ് ക്ലാസ്സെടുക്കൽ തുടർന്നുവത്രെ! സായിപ്പിനു അൽ‌പ്പം ദേഷ്യം വരാതിരുന്നില്ല. പക്ഷേ ക്ലാസ്സ് കഴിഞ്ഞു വന്ന മാഷോടു എക്സ്പ്ലനേഷൻ ചോദിച്ചപ്പോൾ പറഞ്ഞ മറുപടി കേട്ടു സായിപ്പു കൈ കൊടുത്തുവത്രേ! തന്റെ ഡ്യൂട്ടി ക്ലാസ്സെടുക്കലാണെന്നും അതിനായാണു വേതനം പറ്റുന്നതെന്നും മറ്റു കാര്യങ്ങൾ അതിനു ശേഷം മാത്രമെന്നുമായിരുന്നു മാഷുടെ മറുപടി. എന്തു ധൈര്യം, അല്ലേ? മാഷു വരാതായതിനുശേഷമാണു ഈ കഥ കേട്ടതെങ്കിലും ഉള്ളീൽ മാഷെക്കുറിച്ചു ബഹുമാനം കൂടിയതായി തോന്നി.മറ്റൊരു കഥയും കേട്ടിട്ടുണ്ട്. നാട്ടിൽ രൂപീകരിച്ച ദേശീയ കലാവേദിയുടെ പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ചു പട്ടരു മാഷ് മുങ്കൈയ്യെടുത്തു സർക്കാർ ഗ്രാന്റിനായി പ്രധാനമന്ത്രിയ്ക്കയയ്ച്ച നിവേദനത്തിന്റെ കഥ. ഫലം ഉണ്ടായില്ലെങ്കിലും നാട്ടുകാർക്കു മുന്നിൽ അദ്ദെഹത്തിന് ആദരണീയനാകാൻ ഇതു സഹായിച്ചുവെന്നതു സത്യം.എനിയ്ക്കായി ഇദ്ദേഹം പ്രത്യേകിച്ചെന്തെങ്കിലും ചെയ്തിട്ടുള്ളതായി ഓർക്കുന്നില്ല. പിന്നെയെന്തേ ഇദ്ദേഹത്തെ കൂടെക്കൂടെ ഓർമ്മവരാൻ എന്നു ഞാൻ ചിന്തിയ്ക്കാറുണ്ട്. ഒരു പക്ഷെ കടന്നു പോയ  മറ്റൊരു കാലഘട്ടത്തിന്റെ പ്രതീകമായി അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിനാലാകാം. ബാല്യത്തിന്റെ കൌതുകം ഉണർത്തിയിരുന്ന അദ്ദേഹത്തിലൂടെ എന്റെ ബാല്യസ്മരണകളെ തിരിച്ചു പിടിയ്ക്കാനുള്ള ശ്രമത്തിലായിരിയ്ക്കാം.ശരിയ്ക്കു പറഞ്ഞാൽ എപ്പോഴാണദ്ദേഹം വരാതായതെന്നോ എന്നാണു മരിച്ചു പോയതെന്നോ ന്നും ഓർമ്മ തോന്നുന്നില്ല. കാരണം ഒരു പക്ഷെ വലുതായിത്തുടങ്ങിയപ്പോൾ ആ ബാല്യകാല കൌതുകം എനിയ്ക്കു നഷ്ടപ്പെട്ടിട്ടുണ്ടാകാം. പക്ഷേ പിന്നീടെന്നോ ഓർമ്മ വന്നപ്പോൾ അദ്ദേഹത്തിന്റെ സ്വതന്ത്രമായ ജീവിതരീതിയെക്കുറിച്ചോർത്തു എനിയ്ക്കു അസൂയ തോന്നിയിട്ടുണ്ടു. അങ്ങനെ ജീവിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നോർത്തു മോഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചു ചുമതലകളോ ലക്ഷ്യങ്ങളൊ ഇല്ലാതെ സ്വയം ആസ്വദിച്ചു ജീവിച്ച ഒരു ജീവിതം.തീർച്ചയായുമിതൊരു വർണ്ണനൂലുതന്നെ എന്നെനിയ്ക്കു തോന്നിപ്പോകുന്നു.