Home –  Archive
Monthly Archives: Nov 2011

അഞ്ചാംഭാവം-11(അമ്മമാർ അശരണരും അനാഥരുമാകുമ്പോൾ…..)

അശരണരും ഉപേക്ഷിയ്ക്കപ്പെട്ടവരുമായ അമ്മമാരെ സഹായിയ്ക്കുന്നതിനായി ബോബെ പബ്ലിക് ട്രസ്റ്റ് ആക്റ്റ് 1950 നു കീഴിൽ രൂപീകരിയ്ക്കപ്പെട്ട മലയാളം ഫൌണ്ടേഷനിൽ നിന്നും വന്ന ഈ-മെയിൽ എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു. മുംബെയിലെയല്ല, മറിച്ച് കേരളത്തിലെ അമ്മമാരെ സഹായിയ്ക്കുന്ന കാര്യമായിരുന്നു അതിൽ പരാമർശിച്ചിരുന്നത്.ഒരു തുടക്കമെന്ന നിലയിൽ ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള മറ്റു ചാരിറ്റബിൾ ഇൻസ്റ്റിസ്റ്റ്യൂഷനുകൾക്കുമൊത്തു പ്രവർത്തിയ്ക്കുന്ന ഈ സംഘടന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളിക്കൂട്ടായ്മകളിലൂടെ ഇത്തരം സഹായം ആവശ്യമുള്ളവരെ കണ്ടെത്താൻ ശ്രമിയ്ക്കുകയാണ്.ഇങ്ങനെ കണ്ടെത്തിയ അർഹതയുള്ളവർക്കായി ഓരോ മാസവും നിശ്ചിതമായ ഒരു ചെറിയ തുക കൊടുക്കുവാനും ഇവർ തുടങ്ങിക്കഴിഞ്ഞു. ഏറെ പ്രശംസാർഹമായ ഈ ശ്രമത്തിനു പുറകിലുള്ള നല്ല മനസ്സുകൾ നമ്മെ സന്തോഷിപ്പിയ്ക്കുന്നു. ഒരു ദിവസം ഒരു രൂപയെങ്കിലും ഇത്തരം പ്രവർത്തനങ്ങൾക്കായി ആർക്കും മാറ്റി വയ്ക്കാവുന്നതേയുള്ളൂ എന്ന ഇവരുടെ ചൂണ്ടിക്കാട്ടലുകളും ഏറെ ശ്രദ്ധയാകർഷിയ്ക്കുന്നതു തന്നെ.

മറ്റൊരു കൂട്ടം അമ്മമാരുടെ എണ്ണം കൂടി കേരളത്തിൽ ഈയിടെയായി വർദ്ധിച്ചുകൊണ്ടിരിയ്ക്കുന്നതായി കാണുന്നു. അവർക്കാവശ്യം പണമല്ല. സാമ്പത്തികമായി അവർക്ക് ബുദ്ധിമുട്ടില്ലെങ്കിലും ഉറ്റവരും ബന്ധുക്കളും ഉപേക്ഷിയ്ക്കപ്പെടുന്ന ഇത്തരക്കാർക്ക് ജീവിതത്തിന്റെ അവസാനനാളുകളിൽ വളരെയേറെ യാതനകൾ അനുഭവിയ്ക്കേണ്ടി വരുന്നു. പണം കൊടുത്താലും കിട്ടാൻ കഴിയാത്ത സ്നേഹബന്ധങ്ങൾക്കു വേണ്ടിയാണിവർ യാചിയ്ക്കുന്നത്. അവരുടെ തന്നെ ചെയ്തികളുടെ ഫലമാകാം, അഥവാ മറ്റു പലരുടെയും കള്ളക്കളികൾക്കു കൂട്ടു നിൽക്കാഞ്ഞതിലാകാം. എന്തായാലും സഹോദരങ്ങളും മക്കളുമെല്ലാം ഉണ്ടായിട്ടു കൂടി നാട്ടുകാരുടെ കാരുണ്യത്തിനു വഴിപ്പെടേണ്ടി വരുന്ന ഇത്തരം അമ്മമാർ തകർന്നുകൊണ്ടിരിയ്ക്കുന്ന നമ്മുടെ സാമൂഹികവ്യവസ്ഥിതികളുടെ അനന്തരഫലത്തെ ചൂണ്ടിക്കാട്ടുന്നവ തന്നെ.

പക്ഷേ ഇതിലെല്ലാമേറെ എന്നെ ചിന്തിപ്പിച്ചതു മറ്റൊന്നായിരുന്നു. ഇങ്ങനെയൊരു ഗതികേടിനെ കേരളത്തിനു നേരിടേണ്ടി വരുന്നതിലെ സാംഗത്യം. അഭ്യസ്തവിദ്യരും ബുദ്ധിജീവികളും സാക്ഷരതയിൽ മുന്നിൽ നിൽക്കുന്നവരെന്നു ഇന്ത്യ മുഴുവനുമറിയപ്പെടുന്നവരുമായ കേരളീയർക്കീ ഗതികേടെങ്ങിനെ വന്നു? നമ്മുടെ സംസ്ക്കാരത്തിലും ഇഴയടുപ്പമുള്ള കുടുംബ ബന്ധങ്ങളിലും ഊറ്റം കൊണ്ടിരുന്നവരാണല്ലോ നമ്മൾ? അതു തകരുന്നതു കാണുമ്പോൾ ഇവിടെ ആർക്കും വിഷമം തോന്നുന്നില്ലേ?ഇതിനൊരറുതി വരുത്തുന്ന കാര്യത്തെക്കുറിച്ചാരും ചിന്തിയ്ക്കുന്നില്ലേ? ന്യൂക്ലിയർ കുടുംബങ്ങളായി മാറിയെങ്കിലും ബന്ധങ്ങൾ നിഷ്ക്കരുണം വലിച്ചെറിയാവുന്നതല്ലെന്ന് ഭവിഷ്യത്തുക്കളിലൂടെ നമ്മൾ അറിഞ്ഞു തുടങ്ങിയിരിയ്ക്കുന്നു. അങ്ങു ദൂരെയിരുന്നു കേരളത്തെപ്രതി അഭിമാനം പൂണ്ടിരുന്നവർക്കു, നാളികേരത്തിന്റെ നാട്ടിൽ എനിയ്ക്കും നാഴിയിടങ്ങഴി മണ്ണുണ്ടെന്നഭിമാനിച്ചിരുന്നവർക്ക്, ഇന്നു കേരളത്തിന്റെ സ്ഥിതിയോർക്കുമ്പോൾ ലജ്ജയാണു തോന്നുന്നത്. അവഗണിയ്ക്കപ്പെടുന്ന അമ്മമാർ അവരുടെ ശ്രദ്ധയിൽ പെടാനും അതായിരുന്നിരിയ്ക്കാം കാരണം.

അതുകൊണ്ടു തന്നെയാകാം പണ്ട് കേരളത്തിനു പുറത്തോ ഇന്ത്യയ്ക്കു പുറത്തോ ജോലി ചെയ്തിരുന്നവർ അവസാനകാലം കഴിച്ചു കൂട്ടാൻ കേരളത്തിൽ എത്തിയിരുന്നത് പോലെ ഇന്നത്തെ പ്രവാസികൾ അതിനു തയ്യാറാകാത്തത്. നാട്ടിൽ പകൽ പോലും സുരക്ഷിത്ത്വമില്ലെന്ന ഒരു ചിന്ത അവരിൽ ഉരുത്തിരിഞ്ഞു കഴിഞ്ഞിരിയ്ക്കുന്നു. എല്ലാം വിറ്റുപെറുക്കി അന്യ സംസ്ഥാനത്ത് കുടിയേറാൻ അവരെ പ്രേരിപ്പിയ്ക്കുന്നതിനും ഇതു തന്നെ കാരണം. ഒരു പക്ഷേ മലയാളം തീരെയറിയാത്ത മലയാളികളുടെ സംഖ്യ കൂടിക്കൊണ്ടേയിരുന്നുവെന്നും വരാം.ശിഥിലമായിക്കൊണ്ടിരിയ്ക്കുന്ന കുടുംബബന്ധങ്ങൾക്ക് ഇത് മറ്റൊരു കനത്ത ആഘാതമാവാം.

അമ്മ – നിർവച്ചിയ്ക്കാനാവാത്ത ഒരു പ്രതിഭാസമായിട്ടേ എന്നും അവരെ നമുക്കു കാണാനാകൂ. കുടുംബത്തിന്റെ നെടുന്തൂണിളകിയാൽ വീഴ്ച്ച തന്നെ ഫലം. തമാശരൂപത്തിലാണെങ്കിൽ‌പ്പോലും ഹിന്ദി സിനിമയിലെ ഡയലോഗ് ഓർമ്മ വരുന്നു: ‘മേരെ പാസ് മാ ഹൈ’. അമ്മയ്ക്കു മുന്നിൽ മറ്റെന്തും നിഷ്പ്രഭമെന്ന ഈ ചിന്ത ഭാരതീയത്വത്തിന്റെ പ്രതീകമായിരുന്ന നാളുകൾ നമുക്കിനി ഓർമ്മയിൽ മാത്രം.ഇവിടെ അമ്മമാരും ജീവിതത്തിന്റെ ചതുരംഗക്കളികളിലെ കരുക്കൾ മാത്രം. സ്വയം നീങ്ങാനും നീക്കാനും അവർക്ക് കഴിയുന്നതു വരെ അവർക്കും കളികളിൽ ഭാഗഭാക്കാവാം.

പക്ഷേ ഒന്നു തീർച്ച, വീഴ്ച്ച ഇവിടെ അനിവാര്യം.ഉറ്റവരോ ബന്ധുക്കളോ ഇല്ലാത്തവരാണ് അനാഥരും അശരണരും ആയിത്തീരുന്നത്. പണ്ടത്തെക്കാലത്തെല്ലാം അത്തരക്കാരെ എന്നും സമൂഹം ഉൾക്കൊണ്ടിരുന്നു. ആരുമില്ലെങ്കിലും എല്ലാവരുമുണ്ടെന്ന ചിന്ത അവരിലുണർത്തും വിധം സമൂഹത്തിൽ അവർക്കും വില കൊടുക്കപ്പെട്ടിരുന്നു. സാമ്പത്തികമായ സഹായങ്ങളും അവർക്ക് അപ്രാപ്യമായിരുന്നില്ല. ഇന്ന് എല്ലാവരും ഉണ്ടായിട്ടുകൂടി അമ്മമാർ ഈ ഗതിയിലെത്തുമ്പോൾ പരിതപിയ്ക്കാനേ കഴിയുന്നുള്ളൂ. അനാഥാലയങ്ങളോ ഓൾഡ് ഏജ് ഹോമുകളോ ഇതിനൊരു പരിഹാരമായി മാറുമെന്നു തോന്നുന്നുണ്ടോ?മാറേണ്ടത് ഇവിടത്തെ മനുഷ്യരുടെ മനസ്സാക്ഷിയാണല്ലോ? സാമൂഹ്യപരിഷ്ക്കർത്താക്കന്മാരുടെ അഭാവം ഇവിടെ കാണാനാകുന്നു.

ആരാണ് ഇവിടെ തെറ്റുകാർ ?കുടുംബത്തിലെ അനൈക്യവും സഹകരണമില്ലായ്മയും അരക്ഷിതാവസ്ഥയും തന്നെയല്ലേ ഇന്ന് സമൂഹത്തിലും പ്രതിഫലിച്ചു കാണുന്നത്? എത്രയോ തലമുറകളുടെ കടന്നുപോക്കിലൂടെ ഉരുത്തിരിഞ്ഞ നമ്മുടെ കണ്മുന്നിൽത്തന്നെ തകർന്നുവീഴുമ്പോൾ നിസ്സഹായതയോടെ നോക്കി നിൽക്കാനേ നമുക്കാവുന്നില്ലൂ എന്ന ദു:ഖസത്യം നമുക്കു മറച്ചു വയ്ക്കാനാവില്ല. എന്തിനേയും പ്രതിഫലേച്ഛയോടെ കാണാനും സ്വന്തം സുഖം മാത്രം തേടാനും എന്നു നാം തുടക്കം കുറിച്ചുവോ അന്നു നമ്മുടെ സംസ്ക്കാരത്തിന്റെ നെടുന്തൂൺ ഇളകാൻ തുടങ്ങിയെന്നതാണ് സത്യം. തലനരച്ചു പ്രായമായവർ ഗൃഹത്തിന്നു ഐശ്വര്യമാണെന്നു ചിന്തിയ്ക്കുന്ന തലമുറ നമുക്കെന്നേ നഷ്ടമായി. അവരെ ഭാരമായിക്കാണാനും നിഷ്ക്കരുണം അവഗണിയ്ക്കാനും നമ്മൾ പഠിച്ചു കഴിഞ്ഞു. അവരെ വഴിയിലുപേക്ഷിയ്ക്കാനോ തള്ളിപ്പറയാനോ നമുക്കു മനസ്സാക്ഷിക്കുത്തുണ്ടാകുന്നില്ല. ആർഷഭാരത സംസ്ക്കാരത്തിലൂറ്റം കൊണ്ടിരുന്ന നാമിന്നു പാശ്ചാത്യസംസ്ക്കാരത്തെ കണ്ണുമടച്ചു പിന്തുടരുമ്പോൾ ഒന്നു മനസ്സിലാക്കുന്നില്ല, ഇരിയ്ക്കുന്ന മരത്തിന്റെ കടയ്ക്കൽ തന്നെയാണു നാം കോടാലി വയ്ക്കുന്നതെന്ന്.

മദ്യപാനത്തിന്റെ ആസക്തി പല കുടുംബ ബന്ധങ്ങളേയും ശിഥിലമാക്കുന്നു. കിട്ടുന്നതു മുഴുവനും വിറ്റുപെറുക്കി കുടിയ്ക്കുകയെന്ന നിലയിലേയ്ക്കത് വളരുമ്പോൾ പണത്തിനു വേണ്ടി എന്തും ചെയ്യാമെന്ന ധൈര്യവും മനസ്സിലുറവെടുക്കാൻ കാരണമാകുന്നു. വീണ്ടു വിചാരമില്ലാത്ത പ്രവൃത്തികളും വാഗ്വാദങ്ങളും ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളിൽ അകൽച്ച സൃഷ്ടിയ്ക്കുന്നു. ഇരുന്നു സംസാരിച്ചു തീർക്കേണ്ട പ്രശ്നങ്ങൾ പെരുപ്പിച്ചു വലുതാക്കാനേ എല്ലാവരും തുനിയുന്നുള്ളൂ. ഉപദേശം കേൾക്കാൻ ആർക്കും സമയമോ സൌകര്യമോ ഇല്ല. അധ: പതനത്തിലേയ്ക്കല്ലാതെ മറ്റെങ്ങോട്ട് പോവാൻ?

സാമൂഹികമായി വരുന്ന മാറ്റങ്ങൾ ഒരു പരിധി വരെ ഉൾക്കൊള്ളാം.ഗ്ലോബലൈസേഷന്റെ നല്ല വശങ്ങൾക്കൊപ്പം ഉരുത്തിരിയുന്ന കാളകൂടം വിഴുങ്ങാൻ ആരെങ്കിലുമെത്തുന്നതു വരെ നമ്മുടെ ഉള്ളിലേയ്ക്കു തന്നെ അതു പടർന്നു കൊണ്ടേയിരിയ്ക്കും. നമ്മൾ അത് അറിഞ്ഞുവരുമ്പോഴേയ്ക്കും പലതും നഷ്ടപ്പെടാനാണ് സാധ്യത . നിശ്ശബ്ദമായ നിലവിളികൾ നമ്മുടെ ഉറക്കം നഷടപ്പെടുത്തുകയും ചെയ്യും.

(Published in http://www.malayalasameeksha.com/2011/10/blog-post_7947.html)

മുംബൈ പൾസ്-30( സുരക്ഷയുടെ ആകുലതകളുമായി….)

പലപ്പോഴും ചുറ്റും കണ്ണോടിയ്ക്കുമ്പോൾ തന്നെ മനസ്സിലാക്കാനാകുന്നു, നഗരത്തിന്റെ വൈചിത്ര്യം. നമ്മെ ജീവിയ്ക്കാനും മുന്നോട്ടു നീങ്ങാനും നഗരി പ്രാപ്തരാക്കുന്നുവെന്ന തിരിച്ചറിവ്  നമ്മെ നഗരത്തോട് കൂടുതലായടുപ്പിയ്ക്കുന്നു. നഗരജീവിതം ശരിയ്ക്കും  അനുഭവങ്ങളിലൂടെ നമ്മെ പാഠങ്ങൾ പഠിപ്പിയ്ക്കുന്നു. പ്രതിബന്ധങ്ങളെ നേരിടാൻ കരുത്തരാക്കുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് നടക്കാൻ പോയി തിരിച്ചു വരുമ്പോൾ   പതിവുപോലെ നാളികേരം , ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവ വാങ്ങാനായി പതിവു കടയിലെത്തി. ഇപ്പോഴിവിടെ  അവ മാത്രമല്ല,എല്ലാത്തരം ഫ്രെഷ് ആയ പച്ചക്കറികളും സുഭിക്ഷം. പണ്ടിവിടെ ഉരുളക്കിഴങ്ങ്, ഉള്ളി , നാളികേരം എന്നിവ മാത്രമേ കിട്ടിയിരുന്നുള്ള. ഇപ്പോഴത്തെ പയ്യന്റെ അച്ഛനായിരുന്നു അന്നു കട നടത്തിയിരുന്നത്. മദ്ധ്യവയസ്ക്കനായ അയാൾ യാതൊരു വിധ ഉത്തരവാദിത്വവും കൂടാതെ ക്രിക്കറ്റും കളിച്ചു നടന്നിരുന്ന 10-12 വയസ്സുള്ള മകനെ പലപ്പോഴും ശകാരിയ്ക്കുന്നതും കാണാനിടയായിട്ടുണ്ട്. ഒരിയ്ക്കൽ  നാട്ടിൽ‌പ്പോക്കിന്റെ ചെറിയൊരു ഇടവേളയ്ക്കു ശേഷം വന്നപ്പോൾ കടയിലിരിയ്ക്കുന്ന പയ്യനും ചുവരിൽ തൂങ്ങുന്ന അവന്റെ അച്ചന്റെ ഫോട്ടോയുമാണെന്റെ കണ്ണിൽ‌പ്പെട്ടത്. ഞാൻ ഫോട്ടോയിൽ നോക്കുന്നതു കണ്ടപ്പോൾ ഒന്നും ചോദിയ്ക്കാതെ തന്നെ അവൻ കണ്ണിൽ വെള്ളം നിറച്ചു ഗദ്ഗദം പൂണ്ടു പറഞ്ഞതിൽ പലതും എനിയ്ക്കു മനസ്സിലാക്കാനായില്ല. പക്ഷെ അവിടെ പോകുമ്പോഴെല്ലാം മനസ്സിന്നൊരു ചെറിയ വിങ്ങൽ തോന്നിയിരുന്നു. ഉരുളക്കിഴങ്ങും സബോളയും നാളികേരവും നിറഞ്ഞ ചാക്കുകെട്ടുകൾ പോലെ ജീവിതഭാരം മുഴുവനും അവന്റെ തലയിൽ വച്ചു തന്നെയോ ആ പിതാവു കടന്നു പോയത്? നിസ്സഹായതയുടെ കറുത്ത രേഖകൾ അവന്റെ മുഖത്തു നിഴലിയ്ക്കുന്നതു പോലെ. കാലം ആർക്കും കാത്തു നിൽക്കില്ലല്ലോ? ഇന്നവൻ പഴയ മെലിഞ്ഞ പയ്യനല്ല. ആജാനബാഹുവായ സദാ പ്രസന്ന വദനനായ ചെറുപ്പക്കാരനാണ്. കട വെറും പെട്ടിക്കടയെങ്കിലും നല്ല ബിസിനസ്സ്. അടുത്തു തന്നെ ഹോട്ടലുകളും, ചൈനീസ് സെന്ററും മാളുകളും വന്നതു കണ്ടപ്പോൾ തന്റെ ഇത്തിരി സ്ഥലത്ത് ഏറ്റവും ഡിമാൻഡുള്ള പച്ചക്കറികൾ, സാലഡ് ഐറ്റങ്ങൾ ബ്രോക്കോളി വരെ അവൻ കരുതി വയ്ക്കുന്നു. പഴയ നിസ്സഹായാവസ്ഥയ്ക്കു പകരം മുഖത്ത് കാണുന്ന കോൺഫിഡൻസ് ഏറെ ശ്രദ്ധേയം. കടയിൽ വരുന്നവരോടുള്ള പെരുമാറ്റവും ഹൃദ്യം തന്നെ. കറ്റയിലെത്തിയ ഏതോ പതിവു കസ്റ്റമറോട് ആരുടേയോ അസുഖം മാറിയില്ലേ, ആസ്പത്രിയിൽ  പോയില്ലേ കാണാൻ എന്നു തുടങ്ങിയ അവന്റെ ചോദ്യങ്ങൾ കേട്ടപ്പോൾ വിചാരിച്ചു, മിടുക്കനായിരിയ്ക്കുന്നു ഇവൻ.  കച്ചവടത്തിന്റെ ട്രേഡ് സീക്രട്ടുകൾ ഇവൻ പഠിച്ചു കഴിഞ്ഞല്ലോ? അല്ലെങ്കിലും മേലനങ്ങി പണിയെടുക്കാൻ തയ്യാറുള്ള  ആരേയും ഈ നഗരം ഒരിയ്ക്കലും നിരാശരാക്കിയിട്ടില്ലല്ലോ? ആംചി മുംബൈ…..!

ശരിയാണ് , നാം അനുഭവത്തിൽ നിന്നെങ്കിലും പഠിയ്ക്കാതെങ്ങനെ? അന്ധേരി അംബോളിയിൽ ഒരു ഹോട്ടലിൽ  നടന്ന വാക്കുതർക്കവും അതിനെത്തുടർന്നുണ്ടായ അടിപിടിയും രണ്ടു യുവാക്കളുടെ ജീവനെയാണ് നഷ്ടപ്പെടുത്തിയത്. ഇത്തരം അവസരങ്ങളിലെ പോലീസിന്റെ അനാസ്ഥ നഗരത്തിൽ ചർച്ചാവിഷയമായിക്കഴിഞ്ഞിരിയ്ക്കുന്നു.   കണ്ടില്ലെന്നു നടിച്ചിരുന്നാൽ ശരിയല്ലെന്ന വിചാരം പലർക്കുമുണ്ടെങ്കിലും ആരും മിണ്ടാതിരിയ്ക്കുകയായിരുന്നു. ഇപ്പോഴെങ്കിലും ഹരാസ്മെന്റിനെതിരായുള്ള  ഒരു കാമ്പേൻ തുടങ്ങിവയ്ക്കാനും പോലീസ് സഹായം ഏതു നേരവും ലഭ്യമാകണമെന്ന ഡിമാൻഡ് ഉയർന്നതും   നന്നായി. പലപ്പോഴും എവിടെയും ഇതു തന്നെയാണല്ലോ സംഭവിയ്ക്കുന്നത്?.എന്തെങ്കിലും സംഭവിയ്ക്കാനായി നാം കാത്തിരിയ്ക്കുന്നു, ഒരു ‘വൈക് അപ്‘ കോളിനെന്നോണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ  24 മണിക്കൂറും പോലീസ് സഹായം ലഭ്യമാകുന്നത് നഗരത്തിലെ അക്രമങ്ങളെ കുറയ്ക്കാൻ ഉതകാതിരിയ്ക്കില്ല.

നഗരത്തിൽ അക്രമം ഏറുന്നുവോ? സ്ത്രീകളുടെ സുരക്ഷ ഇവിടെയും പ്രശ്നമായിത്തുടങ്ങിയോ?  നഗരം വളരുന്തോറും നമുക്കന്യമായിക്കൊണ്ടിരിയ്ക്കുന്നു. നഗരത്തിന്റെ ക്രമാതീതമായ  വളർച്ച അപരിചിതത്വത്തെ ക്ഷണിച്ചു വരുത്തുന്നു. പത്രത്തിന്റെ താളുകളിൽ കാണുന്ന കൊല, റേപ്, തട്ടിപ്പറികൾ, കൊള്ളയടിയ്ക്കലെന്നിവ നമ്മുടെ മനസ്സിൽ പഴയതുപോലെ നടുക്കം വരുത്താതിരിയ്ക്കുന്നതിന്റെ കാരണം അതിന്റെ ആധിക്യം തന്നെയാണല്ലോ?. വെറും കാഴ്ച്ചക്കാരായി മാറുന്നുവോ പോലീസും? പോലീസ് മാത്രം മതിയോ?ഇവിടെ നമുക്കാവശ്യം പൊതു ജനത്തിന്റെ കൂടി സഹകരണമാണ്. പഴയതുപോലെ നിർവികാരരായി, മൂകസാക്ഷികളായി  നോക്കിനിൽക്കാതെ പൊതുജനം ഒറ്റക്കെട്ടായാൽ അക്രമത്തെ ഒട്ടെങ്കിലും നേരിടാനാകും.എന്തായാലും നഗരവാസികൾ ഒരു പ്രതിഷേധ പ്രകടനത്തിന്നു തയ്യാറായിക്കഴിഞ്ഞു. എന്താണിവിടെ ചെയ്യേണ്ടതായിട്ടുള്ളത്?എന്തെങ്കിലും മാറ്റങ്ങൾ കൈവരിയ്ക്കാനാകുമോ? നമുക്കു കാത്തിരുന്നു കാണാം.

The Wave” (Die welle) എന്ന ഇന്നലെ കണ്ട ജർമ്മൻ സിനിമ ഇക്കാരണങ്ങൾ കൊണ്ടെല്ലാമായിരിയ്ക്കാം എന്റെ മനസ്സിൽ വല്ലാത്ത അസ്വസ്ഥതകൾ സൃഷ്ടിച്ചത്. 2008 ൽ ഡെന്നിസ് ഗാൻസെൽ ഡയരക്റ്റ് ചെയ്ത ഈ സിനിമ വളരെപ്പെട്ടെന്ന്  ഹിറ്റ് ആയി മാറിയിരുന്നു.ഒരേ ലക്ഷ്യത്തിന്നായി ഒറ്റക്കെട്ടായി പൊരുതുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പരിണതഫലങ്ങളും വളരെ തന്മയത്വം നിറഞ്ഞ രീതിയിൽ കാണിയ്ക്കാനായിരിയ്ക്കുന്നു. കഥയുടെ ഒഴുക്ക് എന്നെ അത്ഭുതപ്പെടുത്തി. എവിടെയും സ്വാഭാവികത നിറഞ്ഞു നിൽക്കുന്നു. കാൽപ്പനികത്വം തീരെയില്ലാത്ത ചിത്രം. ഉദ്വേഗത നില നിർത്തുന്ന അവസാനം. ഒരൽ‌പ്പം മനസ്സിനു കനം കൂട്ടിയ നിമിഷങ്ങൾ സിനിമയുടെ വിജയം തന്നെയല്ലാതെ മറ്റെന്താണ്?

വീട്ടുവേലക്കാർ നമുക്കു തരുന്ന തലവേദന കുറച്ചൊന്നുമല്ല, നഗരത്തിൽ. അവരെ ആശ്രയിയ്ക്കുന്നവർക്കാണെങ്കിലോ അവരുടെ എന്തൊക്കെ തെറ്റുകൾ കണ്ടാലും പൊറുത്തു സന്തോഷിപ്പിയ്ക്കാനേ നേരം കാണൂ. ഒരു ദിവസം വേലക്കാരി വന്നില്ലെങ്കിൽ അവരുടെ സകല കാര്യങ്ങളും അപകടത്തിലാവും. എന്നാൽ സ്വന്തം വേലക്കാരി തന്റെ വീട്ടിൽ നീന്നും സ്വർണ്ണമടക്കം മോഷണം ചെയ്തെന്നറിഞ്ഞിട്ടും അവളെ പിരിച്ചു വിടാൻ തയ്യാറാകാത്ത  കൊളാബയിലെ ഒരു വീട്ടമ്മയെക്കുറിച്ച് പത്രത്തിൽ വായിയ്ക്കുകയുണ്ടായി. അത്ഭുതം തോന്നിയില്ലെന്നതാണ് വാസ്തവം. കാരണം നല്ല വേലക്കാരികളെ കിട്ടുക എന്നതു തന്നെ ദുഷ്ക്കരമായിരിയ്ക്കെ കിട്ടിയവർ വിട്ടുപോയാലുള്ള അവസ്ഥയെക്കുറിച്ചവർക്കു ചിന്തിയ്ക്കാൻ വയ്യ. അതിലും ഭേദം ചിലതെല്ലാം കണ്ടില്ലെന്നു നടിയ്ക്കലാണെന്നിവർ കരുതുന്നു. വേലക്കാരിയുടെ മക്കളുടെ സ്കൂൾ ഫീസ്, പുസ്തകങ്ങൾ എന്നിവ കൊടുക്കുന്നതിനൊപ്പം അവർക്കായി ഇൻഷൂറൻസ്  അടയ്ക്കുക , വലിയതുക ഒന്നിച്ചായി അടിയന്തിരാവശ്യങ്ങൾക്കായി കടം കൊടുക്കുക എന്നിങ്ങനെ വേലക്കാരി വിട്ടു പോകാതിരിയ്ക്കാനായി  പല വഴികളും ഇവർ കണ്ടെത്തുന്നു. ഇവരും തങ്ങളുടെ ഡിമാൻഡ് മനസ്സിലാക്കിക്കൊണ്ടിരിയ്ക്കുന്നതിനാൽ ഏതെല്ലാം വിധത്തിൽ കിട്ടാവുന്ന ആനുകൂല്യങ്ങൾ അടിച്ചെടുക്കാനാവുമെന്ന് നോക്കുന്നു. ഇത്തരക്കാർ പോലീസ് വെരിഫിക്കേഷന്റെ അതിരുകൾക്കുള്ളിൽ വരാത്തതിനാൽ എന്തു പ്രവൃത്തികൾ ചെയ്യാനും മടിയ്ക്കുന്നില്ല.  നഗര സുരക്ഷയെ  തീർച്ചയായും ബാധിയ്ക്കുന്ന ഒന്നു തന്നെ ഇത്. നമ്മുടെ സുരക്ഷ തന്നെ നഗരിയുടെയും സുരക്ഷ. ഓരേ നഗരവാസിയും ഇതോർക്കേണ്ടതാണ്.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വിവിധദിനങ്ങളിലായാഘോഷിയ്ക്കുന്ന ‘ ചിൽഡ്രൻസ്’ ഡെ” നാമാഘോഷിയ്ക്കുന്നത്  കുട്ടികളുടെ പ്രിയംകരനായ ചാച്ചാ നെഹ്രുവിന്റെ ജനമദിനമായ നവംബർ 14 നാണല്ലോ?.  ഭാവിയുടെ തുടിപ്പുകളായ നഗരിയിലെ കുഞ്ഞുങ്ങൾക്കെല്ലാം ചിൽഡ്രൻസ് ഡേ ആശംസകൾ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

മുംബൈ പൾസ്-29 (ഭേരിയുടെ സംഗീതസമന്വയം-2011)

നഗരത്തിലെ ഞായറാഴ്ച്ചകൾ സംഭവബഹുലമായിത്തീരുന്നു, ഈയിടെയായിട്ട്. പക്ഷെ ഒരേ ദിവസം തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ  സംഗീത-സാഹിത്യ കലാസാംസ്ക്കാരിക സമ്മേളനങ്ങൾ നടക്കുമ്പോൾ എവിടെയ്ക്കാണ് മനസ്സ് അധികം ചായുന്നതെന്നു പറയാനാവില്ല. ഒരേ സമയം എല്ലായിടത്തുമെത്തുവാൻ മനം കൊതിയ്ക്കുന്നു. സബർബൻ സന്ദർശനങ്ങൾ പലപ്പോഴും ദൂരക്കൂടുതനിലാൽ വേണ്ടെന്നു വയ്ക്കപ്പെടുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച സാഹിത്യവേദിയിൽ ഡോക്ടർ പുഷ്പാംഗദൻ ‘കവിതകളിലെ മുക്തിപ്രസ്ഥാനസ്വാധീനങ്ങൾ: ഒരു പ്രതിവാദം’ എന്ന പ്രബന്ധം അവതരിപ്പിയ്ക്കുമെന്നറിഞ്ഞപ്പോൾ അത് അത്യധികം ആകർഷകമായിത്തോന്നി. പക്ഷേ അതെ ദിവസം തന്നെ ‘ഭേരി’യുടെ സംഗീത സമന്വയം-2011 ആണെന്നറിഞ്ഞപ്പോൾ ശരിയ്ക്കും ത്രിശങ്കു സ്വർഗ്ഗത്തിലായപോലെ . രണ്ടിനും പോകാൻ മോഹം. ഏതു വേണ്ടെന്നു വയ്ക്കും? സംഗീതം എന്നും കൂടുതൽ ആകർഷണമെകുന്നുവെന്നത് സമ്മതിയ്ക്കാതെ വയ്യ. അതിനാൽ പലപ്പോഴും അതിനു മുൻ ഗണന കിട്ടുന്നുവെന്നതും ശരി തന്നെ.  ഡോക്ടർ പുഷ്പ്പാംഗദന് ആശംസകളറിയിച്ച് ഭേരിയുടെ പരിപാടിയ്ക്കായി തിരിയ്ക്കുമ്പോൾ മനസ്സിൽ ഭേരിയുടെ പഴയ സദസ്സുകൾ അറിയാതെ ഓടിയെത്തുകയായിരുന്നു. ഒപ്പം തന്നെ ആസ്വാദ്യജനകമാകുമെന്നുറപ്പുള്ള ഒരു സംഗീതവിരുന്നിനായി മനസ്സു തുടിയ്ക്കാൻ തുടങ്ങി.

ഭേരി സംഗീത സമന്വയം-2011.  ഒരു കൂട്ടം സംഗീതപ്രേമികളുടെ  സംരംഭമായ  ഭേരിയുടെ ഒമ്പതാമത്തെ അരങ്ങിൽ കഥകളി സംഗീതത്തിന്റേയും കർണ്ണാടകസംഗീതത്തിന്റെയും ഒരു സമന്വയമാണൊരുങ്ങിയത്. ഇത്തവണ സ്ഥലം ഡോംബിവിലിയിലെ മോഡൽ ഇംഗ്ലീഷ് സ്കൂൾ. കഴിഞ്ഞ ഫെബ്രുവരിയിൽ  ഡോംബിവിലി റോട്ടറി ക്ലബ് ഹാളിൽ ശ്രീ വിഷ്ണുദേവിന്റെ കച്ചേരി കേൾക്കാനും സാധിച്ചിരുന്നു. സംഗീതലോകത്ത് വളർന്നുകൊണ്ടിരിയ്ക്കുന്ന യുവപ്രതിഭകൾക്കു ഭേരി നൽകുന്ന പ്രോത്സാഹനം  അഭിനന്ദനീയം തന്നെ. നവംബർ ആറിനു വൈകീട്ട് 4 മണിമുതൽ 9 മണിവരെ നീണ്ടു നിന്ന ഈ സംഗീതോത്സവത്തിനു തുടക്കമിട്ടത് വിവേക് നമ്പൂതിരിയുടെ പുല്ലാങ്കുഴൽ വായനയായിരുന്നു. ഈ യുവ ഗായകന്റെ  ‘ആഹിർ ഭൈരവി‘യിലെ ‘പിബരേ രാമരസ’വും ‘ഹിന്ദോള’ത്തിൽ ത്യാഗരാജകീർത്തനമായ ‘സാമജവരഗമന’യും തോടി രാഗത്തില്‍‘തായേ യശോദ ഉന്തൻ ആയർകുലത്തുദിന്ത‘ യും  പ്രത്യേകം ശ്രദ്ധയാകർഷിച്ചു. ‘കണ്ണന്  എന്റെ അവിൽ‌പ്പൊതി ” എന്ന സി.ഡിയുടെ മുംബെയിലെ പ്രകാശന കർമ്മം ശ്രീ കുന്നം വിഷ്ണു ശ്രീ ശ്രീകാന്ത് നായർക്കു നൽകിക്കൊണ്ട് നിർവ്വഹിയ്ക്കുകയുണ്ടായി.ഇതിനുശേഷമാണ് കലാമണ്ഡലം ഗിരീശനും  രെജു നാരായണനും കൂടി സംഗീതവിരുന്നൊരുക്കിയത്.  പുതുമയിയന്ന പരീക്ഷണങ്ങൾ ഭേരിയുടെ പ്രത്യേകതയാണ്. ശ്രീ ഗിരീശനൊത്ത്  ശ്രീരാഗ് വർമ്മയായിരുന്നു ഏറ്റു പാടാൻ. എസ്.ആര്‍. ബാലസുബ്രഹ്മണ്യം (വയലിന്‍), കെ.എന്‍. വെങ്കിടേശ്വരന്‍ (മൃദംഗം), അനില്‍ പൊതുവാള്‍ (ചെണ്ട), പരമേശ്വരന്‍ (മദ്ദളം) എന്നിവരായിരുന്നു പക്കമേളത്തിൽ വിരുന്നിനു കൊഴുപ്പേകിയവർ. ഗിരീശനാണ് തോടയത്തിലെ രാഗമാലികയിലെ വന്ദനശ്ലോകത്തിലൂടെ സമന്വയത്തിനു തൂടക്കം കുറിച്ചത്. രെജു നാരായണന്റെ ഗണേശസ്തുതിയും തൊട്ടു പുറകിലെത്തി. മാധവ ജയ ശൗരേ’എന്ന കഥകളിപ്പദം (നാട്ടുകുറിഞ്ഞി)കഥകളിയുടെ ലോകത്തെ ഓർമ്മിപ്പിച്ചപ്പോൾ ‘മാ മവസത വരദേ’ യിലൂടെ രെജു നാരായണൻ നമ്മെ കർണ്ണാടക സംഗീതലോകത്തേയ്ക്കു തിരിച്ചെത്തിച്ചു.  യദുകുലകാംബോജിയിൽ ശ്രീ ഗിരീശൻ (സുന്ദരാശൃണുകാന്താ…) ശൃംഗാരരസപ്രാധാന്യത്തോടെ പാടിയപ്പോൾ ശ്രീ രെജു നാരായണൻ ഭക്തിരസത്തിന് പ്രാധാന്യം കൊടുത്ത്  അതേ രാഗമാലപിച്ചു ( കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ….).  ‘മറിമാന്‍ കണ്ണി’ വിസ്തരിച്ചപ്പോഴാകട്ടെ ‘അഖിലാണ്ഡേശ്വരി’ യിലൂടെ ഭക്തിരസമാണ് രെജു നാരായണന്‍ പകര്‍ന്നു നല്‍കിയത്.  അഠാണയിൽ ‘കാലിണ കൈ തൊഴുന്നേൻ”, ‘ബാലകനകമയ ..” എന്ന കീർത്തനം,ആഹിർ ഭൈരവിയിൽ മാനവേന്ദ്രകുമാര പാലയ “ എന്ന പദം, അഷ്ടപദിയിൽ  ‘സാവിരഹേ തവദീനാ കൃഷ്ണാ’ , മുഖാരിയിൽ സന്താനഗോപലത്തിലെ ‘വിധി കൃത വിലാസ” മെന്നിവ  സദസ്സിന്റെ കർണ്ണപുടങ്ങൾക്കാനന്ദമേകി.ആനന്ദഭൈരവിയിൽ സാധാരണ കേട്ടു പഴക്കമുള്ള പൂതനാമോക്ഷത്തിലെ  ‘ സുകുമാരാ…നന്ദകുമാരാ’ എന്ന വാത്സല്യഭാവമുതിർക്കുന്ന വരികൾ സദസ്സിന്റെ അപേക്ഷയെ മാനിച്ചു ശ്രീ ഗംഗാധരനാശാൻ പണ്ടൊരിയ്ക്കൽ പാടിയതുപോലെ കാപ്പിയിൽ ഗിരീശന്റെ ശബ്ദത്തിലൂടെ ഉയർന്നപ്പോൾ സദസ്സിനത് ഏറെ കൌതുകമായിക്കാണും, പലരും ആനന്ദ ഭൈരവിയിൽത്തന്നെയാകും ഇതു കേൾക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നതെങ്കിൽക്കൂടി. ഇത്തരം പരീക്ഷണങ്ങൾ  പലപ്പോഴും സംഗീതത്തിന്റെ പുതിയ മേഖലകൾ തേടുന്നവർക്കൊരു ഹരം തന്നെയാകും, തീർച്ച. മാത്രമല്ല, ആസ്വാദനത്തിന്റെ മുഴുവൻ മേന്മയാൽ തിളങ്ങിയ സദസ്സ് നഗരത്തിന് പുറത്തു നിന്നെത്തിയ കലാകാരന്മാരെ ഏറെ സന്തോഷിപ്പിച്ചതായും കണ്ടു. അവസാനത്തെ ഭൈരവി രാഗത്തിലെ വിസ്താരം കീചകവധത്തിലെ ‘കണ്ടിവാർകുഴലി”യും ത്യാഗരാജകീർത്തനമായ ‘ലളിതേ ശ്രീ പ്രബുദ്ധേ’യുമായിരുന്നു.അഞ്ചു മണിക്കൂർ നീണ്ടു നിന്ന ഈ പരിപാടിയിൽ സമയം എത്രവേഗം കടന്നുപോയെന്ന് ആരുമറിഞ്ഞില്ലെന്നത് തീർച്ചയായും പ്രോഗ്രാമിന്റെ മേന്മ തന്നെ. നമുക്കഭിമാനിയ്ക്കാം, നഗരത്തിലെ വിരസമായ ജീവിതത്തിന്നിടയിലും ഇത്തരം മുഹൂർത്തങ്ങളൊരുക്കാനും ആസ്വദിയ്ക്കാനുമുള്ള സന്മനസ്സു നമുക്ക് നഷപ്പെട്ടിട്ടില്ല എന്നതിൽ….

ചർച്ചയിൽ പങ്കെടുക്കാനായില്ലെങ്കിലും  സാഹിത്യവേദിയിൽ ഡോക്ടർ പുഷ്പാംഗദൻ എഴുതി ചർച്ച ചെയ്യപ്പെട്ട  ലേഖനം സാഹിത്യവേദിയുടെ ബ്ലോഗിൽ നിന്നും വായിയ്ക്കാൻ കഴിഞ്ഞു.

“വാക്കുകൾ പ്രകൃതിയെപ്പോലെ ,സ്വന്തം അന്തരാത്മാവിനെ പകുതി തുറന്നു കാട്ടുന്നു ,പകുതി ഒളിപ്പിയ്ക്കുന്നു “ എന്ന ടെന്നിസൺ വാക്കുകളെ ഉദ്ധരിച്ചു തുടങ്ങുന്ന ലേഖനം  ആധുനിക എഴുത്തുകാരുടെ പല വാദങ്ങളേയും  ജീവിതവീക്ഷണങ്ങളേയും കുറിച്ചുള്ള  അന്വേഷണമാണ്. ശ്രീ സച്ചിദാനന്ദന്റെ ലേഖനങ്ങളെ ആധാരമാക്കിയാണീ പഠനം നടത്തിയിരിയ്ക്കുന്നത്. നല്ലൊരു ചർച്ചയ്ക്കു ഈ ലേഖനം വഴി തെളിയിച്ചെന്നതിൽ മുംബൈ സാഹിത്യവേദിയ്ക്ക് തീർച്ചയായും അഭിമാനിയ്ക്കാം.

((http://sahithyavedimumbai.blogspot.com/)

നഗരത്തിന്നഭിമാനിയ്ക്കാൻ ഇതാ മറ്റൊരവസരം കൂടി. മുംബൈ പൂരം -2011 ഇങ്ങെത്താറായല്ലോ? നഗരിയൊന്നാകെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന നിമിഷം .നവംബർ 11 മുതൽ 13 വരെ നടക്കാനിരിയ്ക്കുന്ന ഈ വിസ്മയക്കാഴ്ച്ചകൾ തൃശ്ശൂർ പൂരത്തിന്റെ മാതൃകയിലുള്ളതായിരിയ്ക്കുംഎന്നാണറിയാൻ കഴിഞ്ഞത്. നെറ്റിപ്പട്ടം കെട്ടിയ അഞ്ച് ആനകളും പഞ്ചവാദ്യവും മേളവും തായമ്പകയും കുടമാറ്റവും നമ്മിൽ    കേരളത്തിലെത്തിച്ചേർന്ന പ്രതീതി സൃഷ്ടിയ്ക്കാതിരിയ്ക്കില്ല, തീർച്ച. കേരളം മഹാരാഷ്ട്രയ്ക്കായൊരുക്കുന്ന ഈ അപൂർവ്വ വിരുന്നിൽ നയനാനന്ദകരമായതും കേരളത്തനിമയാർന്നതുമായ 35ൽ പരം പാരമ്പര്യകലാരൂപങ്ങളും കാണാനാകും. കേരള ഫുഡ് ഫെസ്റ്റിവൽ സ്റ്റാളുകൾ കൂടുതൽ പേരെ ഇങ്ങോട്ടാകർഷിയ്ക്കാതിരിയ്ക്കില്ല. ലക്ഷക്കണക്കിനാൾക്കാരെയാണ് സംഘാടകർ പ്രതീക്ഷിയ്ക്കുന്നത്. അതിനുതകും വിധത്തിലുള്ള വിപുലമായ സജ്ജീകരണങ്ങളിൽ മുഴുകിയിരിയ്ക്കയാണവർ.  എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ഭംഗിയോടെ നടക്കുന്നതിനായി.

ഇന്ത്യൻ സംഗീതലോകത്തിന് മറ്റൊരു പ്രതിഭയുടെ നഷ്ടം കൂടി. കവിയും ഗായകനും സിനിമാസംവിധായകനുമെല്ലാമായ ഭൂപൻ ഹസാരിക കഴിഞ്ഞ ദിവസം ഏറെക്കാലത്തെ അസുഖങ്ങൾക്കു ശേഷം നമ്മെ വിട്ടു പിരിഞ്ഞപ്പോൾ അത് ഇന്ത്യൻ സിനിമാരംഗത്തിനു വലിയൊരു നഷ്ടം തന്നെയായി മാറി.  ദാദാസാഹിബ് ഫാൽക്കെ അവാർഡ്,സംഗീതനാടക അക്കാദമി പുരസ്ക്കാരം,അസ്സാം രത്ന അവാർഡ്, പത്മഭൂഷൺ , മികച്ച സംഗീതജ്ഞനുള്ള അവാർഡ്  എന്നിവയയെല്ലാം ലഭിച്ച ഇദ്ദേഹത്തിന്റെ വിയോഗം സംഗീതാസ്വാദകരുടെ മനസ്സിൽ ദു;ഖമുണർത്താതിരിയ്ക്കില്ല. എങ്കിലും  ‘രുദാലി‘യിലെ ‘ദിൽ ഹും ഹും കരെ..ഘബരായേ‘ എന്ന ഗാനവും ‘ വൈഷ്ണവ ജനതോ…..തേനേ കഹി യേ‘ എന്ന ഗാനവും ഓർക്കുമ്പോഴെല്ലാം അദ്ദേഹം നമ്മുടെ മനസ്സിൽ ഓടിയെത്താതിരിയ്ക്കില്ല. സംവിധായകന്റെ  മേലങ്കിയണിഞ്ഞ് അസ്സാമിലെ ചലച്ചിത്ര രംഗത്തും ഇദ്ദേഹം തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.  നഗരിയുടെ തുടിപ്പായി മാറിക്കഴിഞ്ഞിരുന്ന ഈ മഹദ് പ്രതിഭയുടെ വിയോഗത്തിൽ മുംബൈ ഹൃദയപൂർവ്വം ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നു.

അപ്പോഴിനി പൂരപ്പറമ്പിൽ കാണാമെന്നാവും പലരും പരസ്പ്പരം കണ്ടു പിരിയുമ്പോൽ പറയുന്നുണ്ടാവുക , അല്ലേ? പൂരം ലോഗോ പറയുന്നതുപോലെത്തന്നെ പറയട്ടെ, Mumbai Pooram a Nostalgic journey to KERALA

www.mumbaipooram.com LET’S GO!!!!!!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)


മുംബൈ പൾസ്-28

ഈദ് മുബാരക്!

വാരത്തിന്റെ തുടക്കം തന്നെ മുംബേയുടെ പൾസ് ഉയർത്തിക്കൊണ്ടാണല്ലോ? ദീപാവലിപ്പടക്കത്തേക്കാളധികം ശക്തിയോടെ മിടിയ്ക്കുന്ന മനസ്സുമായി അങ്ങു ദൂരെ ദെൽഹിയിലെ ഗ്രേറ്റ് നോയ്ഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ഫോർമുലാ വൺ റേസ് ടെലിവിഷനിൽ വീക്ഷിയ്ക്കുമ്പോൾ ഒപ്പം നമ്മളും മനസ്സുകൊണ്ടെങ്കിലും റേസ് ചെയ്യുന്നതായി തോന്നി.രാജ്യത്തിന്നേറെ അഭിമാനമേകിയ ആദ്യത്തെ ഗ്രാൻഡ് പ്രി. തൽക്കാലം പല കുറവുകളേയും  മറന്ന് നോക്കിയാൽ ലോക രാഷ്ട്രങ്ങൾക്കിടയിൽ നമുക്കു മറ്റൊരു  നേട്ടം കൂടി. ദെൽഹിയിൽ പോയി ഈ ഇന്ത്യൻ ഗ്രാൻഡ് പ്രി നേരിൽ  കണ്ട    മത്സരപ്രേമിയായ ഒരു സുഹൃത്ത് പറഞ്ഞത് ആ അനുഭവത്തെ വാക്കുകളാൽ വർണ്ണിയ്ക്കാനാവില്ലെന്നാണ്. രോമകൂപങ്ങൾ എഴുന്നു നിന്ന ഉദ്വേഗതയുടെ നിമിഷങ്ങൾ. ചെവികളിൽ കാറുകളുടെ സീൽക്കാരത്തിനൊത്തു തുടിയ്ക്കുന്ന സ്വന്തം ഹൃദയത്തിന്റെ മിടിപ്പുകളുതിർക്കുന്ന പെരുമ്പറ മുഴക്കം.  അനുഭവിച്ചുതന്നെ അറിയണമെന്നത് സത്യം. കഷ്ടി ഒരു ലക്ഷത്തോളം ജനങ്ങൾ ക്ലോസ് റേഞ്ചിൽ ഇവ കണ്ടിരുന്നപ്പോൽ ഇങ്ങ് മുംബൈ നഗരിയിൽ , ഞായറാഴ്ച്ചയുടെ ആലസ്യത്തിൽ, നല്ലൊരു ഉച്ചഭക്ഷണം കൺപോളകൾക്കു കനം കൂട്ടവേ, 3 മണി മുതൽ രണ്ടു മണിക്കൂർ സമയം എങ്ങനെ ഒറ്റയിരുപ്പിൽ ടെലിവിഷനിൽ കണ്ണും നട്ട് ഇരുന്നെന്നാലോചിച്ചപ്പോൾ അത്ഭുതം തോന്നി. ഡെൽഹിയിൽ അപ്പോൾ എന്തായിരുന്നിരിയ്ക്കണം സ്ഥിതി?നഗരത്തിലെ ഉന്നതരായ   കാർ മത്സരപ്രേമികളിൽ നല്ലൊരുഭാഗം ദെൽഹിയിലെത്തിക്കാണും, തീർച്ച. സമൂഹത്തിലെ ക്രീം ലേയേർഡ് ആയവർ പ്രത്യേകിച്ചും. നമ്മുടെ രാജ്യത്തിന്നിത് പുതിയൊരു തുടക്കം തന്നെയാണല്ലോ?   തുടക്കം മുതലേ ലീഡ്  നേടിയ സെബാസ്റ്റ്യൻ വെട്ടൽ വിജയിച്ചതിൽ അത്ഭുതം തോന്നിയില്ല. ഉദ്വേഗത നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച ഹാമിൽട്ടൺ-മാസ്സ ക്ലാഷിൽ മാസ്സ്യ്ക്ക് പെനാൽറ്റി കിട്ടിയപ്പോൾ വിഷമം തോന്നി. റേസ് തീരും വരെയും എന്റെ ചുണ്ടിലും പ്രാർത്ഥനയായിരുന്നു, ആർക്കും അപകടമൊന്നും വരുത്തല്ലേയെന്ന്. ഒരു കാർ റേസിംഗ് മത്സരപ്രേമിയ്ക്കും  മറക്കാനാവില്ലല്ലോ 1994 ലെ സാൻ മറീനോ ഗ്രാൻഡ് പ്രിയിലെ ഫോർമുല വൺ മത്സരത്തിന്നിടയിൽ കൊല്ലപ്പെട്ട അയെർട്ടൺ സെന്നയെ? വേൾഡ് ക്ലാസ്സ് സ്പോർട്ട്സ് രംഗത്ത് തുടക്കം കുറിയ്ക്കുമ്പോൾ യാതൊരുവിധ കുഴപ്പങ്ങളും കൂടാതെ അതിനു കഴിഞ്ഞെന്നും ഇന്ത്യയ്ക്കഭിമാനിയ്ക്കാം. മാത്രമല്ല, മത്സരാർത്ഥികളിൽ പലർക്കും ഈ  സർക്യൂട്ട് ഏറെ പ്രിയംകരമായിത്തീർന്നുവെന്ന  വെളിപ്പെടുത്തലും അഭിമാനത്തിന് വകനൽകുന്നു. ഇന്ത്യയുടെ സ്വന്തം കാർത്തികേയൻ നാരായൺ പതിനേഴാമനായി മാത്രമേ എത്തിയുള്ളൂവെങ്കിലും നമുക്കഭിമാനം തന്നെ.

ഫോർമുല വണ്ണിനെപ്പോലെ തന്നെ  ഇന്ത്യയിലെ സിനിമാപ്രേമികളൊന്നടങ്കം പ്രതീക്ഷയോടെ കാത്തിരുന്ന ഷാരുഖ് ഖാന്റെ  റ-വൺ കാണാനായുള്ള ദീർഘകാലത്തെ കാത്തിരിപ്പിനും ഈ വാരം അവസാനം കുറിച്ചു. മീഡിയ കവറേജിനാൽ ഈ ചിത്രം പ്രേക്ഷകരിൽ അത്രമാത്രം കൌതുകം വളർത്തിയിരുന്നല്ലോ? എന്നാൽ ‘ബോഡീഗാർഡ്” ന്റെ കളക്ഷനെ വെട്ടിയ്ക്കുമെന്ന വാദം ഫലവത്തായില്ല. വിചാരിച്ചതുപോലെ  ഫോർമുലാ വണ്ണിനെപ്പോലെ റാ-വണ്ണിന് ജനഹൃദയങ്ങളെ പിടിച്ചടക്കാൻ  കഴിഞ്ഞില്ലെന്നതാണ് സത്യം. മുംബൈ നിവാസികളെ ഇതൽ‌പ്പം നിരാശരാക്കാതിരുന്നിട്ടുണ്ടാവില്ല.

തിരക്കൊഴിഞ്ഞ പൂരപ്പന്തൽ പോലെയുണ്ടിപ്പോൾ സിറ്റി. ദീപാവലി കഴിഞ്ഞാൽ എന്നും അങ്ങിനെയേ തോന്നാറുള്ളൂ. കഴിഞ്ഞ ഒരു മാസക്കാലത്തെ എല്ലായിടത്തുമുള്ള തിക്കും തിരക്കും  ഇനിയൽ‌പ്പം കുറയും. കടകളിൽ ഷോപ്പിംഗ് കുറവ്.  പക്ഷേ, ആഘോഷങ്ങൾ മുഴുവനായില്ല,ഇതാ വരുകയായല്ലോ ബക്രീദ്. പരമശക്തനായ അല്ലാഹുവിൽ വിശ്വസിയ്ക്കുന്നവർക്ക് ത്യാഗത്തിന്റേയും കാരുണ്യത്തിന്റേയും അനുഷ്ഠാനദിനസന്ദേശവുമായി. ബലി സൂചിപ്പിയ്ക്കുന്നത് സർവ്വശക്തനു മുന്നിലായുള്ള  പൂർണ്ണ സമർപ്പണം തന്നെയാണല്ലോ?ഇസ്ലാം എന്ന പദത്തിന്റെ ശരിയായ അർത്ഥവും അതു തന്നെ! ഹജ്ജിന്റെ സ്വപ്നവുമായി പുണ്യനാട്ടിലെത്താൻ കൊതിയ്ക്കുന്ന മനസ്സോടെ കാത്തിരിയ്ക്കുന്നവരുടെ കഥയായ ‘ആദാമിന്റെ മകൻ അബു’ എന്ന പടം രണ്ടു ദിവസ്ം മുൻപു മാത്രമാണു കണ്ടത്. സലീം അഹമ്മദിന്റെ ഈ കഥ ദേശീയ-സംസ്ഥാനപുരസ്ക്കാരങ്ങൾ നേടിയതാണല്ലോ? ഓസ്ക്കാറിനും എൻട്രിയായി ഈ വർഷം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഈ സിനിമയിൽ  അത്തർ വിറ്റു നടക്കുന്ന അബുവിന്റെ റോളിൽ സലീം കുമാർ ഏരെ ശ്രദ്ധിയ്ക്കപ്പെട്ടു. സാധാരണക്കാരനു സ്വപ്നം കാണാനാവാത്ത ഹജ്ജ് യാത്രയ്ക്കായി  കൊതിച്ചതും വിധി അതിനെ മാറ്റി മറിച്ചതും ശരിയ്ക്കും മനസ്സിൽ തട്ടിയ രംഗങ്ങളാണ്. ഈ വർഷം ഒരു ലക്ഷത്തിലേറെപ്പേരാണ് ഇന്ത്യൻ ഹജ്ജ് കമ്മറ്റി മുഖാന്തിരം പുണ്യനാട്ടിലെത്തി തീർത്ഥാടനം നടത്തുന്നത്. തീർത്ഥാടനത്തിന്റെ ഭാഗമായി മക്കയിലെ ക്വബാ ചുറ്റുന്ന വിശ്വാസികളുടെ തിരക്ക് പടങ്ങളിലും ടി.വി.യിലും കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. ഇതിനു തന്നെയല്ലേ ജനസമുദ്രം എന്നു പറയുന്നത്?

മറ്റൊരു ഉത്തരേന്ത്യൻ ഫെസ്റ്റിവൽ കൂടി നവംബർ മാസത്തിന് തുടക്കമിട്ടു, നഗരത്തിൽ. ബീഹാറികൾ പ്രത്യേകിച്ചും പ്രാധാന്യം കൊടുക്കുന്ന  ഛട് പൂജ സൂര്യദേവനെ ആരാധിയ്ക്കലാണ്. കാർത്തികമാസത്തിലെ ശുക്ല ഷഷ്ഠി അഥവാ സൂര്യഷഷ്ഠിയിലെ വ്രതവും പൂജയും ജീവധാരയുടെയും ഊർജ്ജത്തിന്റേയും  ഓജസ്സിന്റേയും  ദൈവമായ സൂര്യഭഗവാനോടുള്ള നന്ദിപറയലും അഭിവൃദ്ധിയ്ക്കും ആരോഗ്യത്തിനുമായുള്ള പ്രാർത്ഥനകളുമാണ്. ഛട എന്നാൽ ആറാം ദിവസം , കാർത്തിക മാസത്തിലെ. പക്ഷേ ഇതിന്  രശ്മികളുടെ കൂട്ടം  അല്ലെങ്കിൽ സമൂഹം എന്നു കൂടി അർത്ഥമുണ്ടല്ലോ? ഭൂവാസികൾ ഒന്നിച്ചുകൂടി സൂര്യരശ്മികളാൽ ഭൂമിയിലെ ജീവനെ നിലനിർത്തുന്നതിനു ഊർജ്ജത്തിന്റെ സ്രോതാവായ സൂര്യനെ സ്തുതിച്ച് ഇനിയും ഞങ്ങളെ ഇതുവിധം ഇനിയും രക്ഷിയ്ക്കണെ എന്നപേക്ഷിയ്ക്കുകയാണ്. എത്ര സുന്ദരമായ സങ്കൽ‌പ്പം, അല്ലേ? അസ്തമയ സൂര്യനോടാണീ പ്രാർത്ഥന. ദിനം മുഴുവനും നീണ്ടു നിൽക്കുന്ന വ്രതത്തിനെ തുടർന്ന് മുംബെയിലെ ജുഹു ബീച്ചിൽ നടക്കുന്ന പുണ്യസ്നാനവും ഈ കൂട്ട പ്രാർത്ഥനയും പൂജയും  ഇവിടത്തെ അധികാരികൾക്കെന്നും തലവേദനയാണ്. ലക്ഷക്കണക്കിനാളുകൾ  ഇവിടെയൊത്തു ചേരുകയും സ്നാനം ചെയ്യുകയും ചെയ്യുന്നതിനാൽ കനത്ത സുരക്ഷാനടപടികൾ എടുക്കേണ്ടി വരുന്നു. ഈ വർഷം ഈ തിരക്കിനിടയിൽ ബീച്ചിൽ ഒരു  സുഖപ്രസവം  നടന്നതായും  പത്രത്തിൽ വായിയ്ക്കുകയുണ്ടായി. നഗരം നമ്മെ അമ്പരപ്പിയ്ക്കുന്നു. ഇവിടത്തെ കാഴ്ച്ചകൾ നമുക്കെന്നും അത്ഭുതമേകുന്നവ തന്നെ.

ആശങ്കയ്ക്കിടയാക്കുന്ന ഒന്നാണു നഗരത്തിൽ എൻസിഫാലിറ്റിസ് കേസുകൾ നഗരത്തിൽ കൂടുന്നുവെന്ന വാർത്ത തലച്ചോറിനേയും ഞെരമ്പുകളെയും ബാധിയ്ക്കുന്ന ഈ രോഗം കഴിഞ്ഞ മൂന്നു വർഷക്കാലത്തിന്നിടയിൽ അത്രയേറെ വർദ്ധിച്ചത് എന്തുകൊണ്ട് ആരുടേയും ശ്രദ്ധയിൽ പെട്ടില്ല? മലേറിയാ നിർമ്മാർജ്ജനത്തിന്നെടുക്കുന്നതു പോലെ ഇത്തരം വൈറൽ രോഗങ്ങളെ പ്രതിരോധിയ്ക്കുന്നതിൽ അധികാരികൾ ഇനിയെങ്കിലും ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. നഗരത്തിൽ ആത്മഹത്യാനിരക്ക് കഴിഞ്ഞ ഒരു വർഷത്തിലായി 13% വളർന്നെന്ന കണക്കും നമ്മെ ഭയപ്പെടുത്തുന്നു. മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിതരീതിയുടെ ഇരകൾ എന്നല്ലാതെ മറ്റെന്തു പറയാൻ?

സഹനത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകളുണർത്തി വന്നണയുന്ന ബലി പെരുന്നാൾ ദിനത്തിൽ സർവ്വശക്തൻ എല്ലാവർക്കും സന്തോഷവും സമാധാനവും നൽകട്ടേ! ഈദ് മുബാരക്!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

വിചിത്രമീ ലോകം!

അദ്ഭുതജീവിയെന്നു തോന്നി
നിരത്താണിവനു പ്രവൃത്തിമേഖല
പ്രവാഹമാണല്ലോയിവിടെ
ഇവനു ചുറ്റുമായി.
ഒരാംഗ്യത്തിന്റെ ദൈര്‍ഘ്യം
ഒരു സന്ദേശത്തിന്റെ കൈമാറ്റം
മാത്രം കാത്തു കൊണ്ട്
കെട്ടിക്കിടക്കുന്നവർ
ഇവനു ചുറ്റുമെത്തുന്നവർ പലരും
ഒട്ടേറെ തിരക്കുള്ളവരായിട്ടും
ഇവന്റെ സമ്മതത്തിന്നായി മാത്രം കാത്ത്
വിചിത്രമീ ലോകം!

മുംബൈ പൾസ്-27

ഐശ്വര്യപൂർണ്ണമായ നാളുകൾക്കായി……..

നഗരത്തിന് ഹൃദയഹാരിയായ പലമുഖങ്ങളുമുണ്ട്. നേർത്ത മഞ്ഞിന്റെ മൂടുപടവുമണിഞ്ഞ നഗരത്തിന്റെ പുലർകാലത്തെ മുഖം ഏറെ പ്രത്യേകതകൾ നിറഞ്ഞത് തന്നെയാണ്. നിദ്രാലസ്യത്തിന്റെ പിടിയിൽ നിന്നും പുറത്തു വന്ന് ദൈനികകൃത്യങ്ങളിൽ മുഴുകുന്ന നഗരവാസികൾ, വഴിയരികിലെ നിരത്തിയിട്ടിരിയ്ക്കുന്ന ഓട്ടോകൾ, അവയെ തുടച്ചും മിനുക്കിയും ജീവൻ കൊടുത്തും പുതിയദിനത്തെ വരവേൽക്കുന്ന സാരഥികൾ,റോഡരുകിലെ തട്ടുകടകളിലെഏറിക്കൊണ്ടിരിയ്ക്കുന്ന തിരക്ക്,പത്രവിതരണം നടത്തുന്ന പയ്യന്മാർ, സൈക്കിളിൽ പാൽ പാത്രവുമായി മണിയടിച്ചു പോകുന്ന പാൽക്കാരൻ ഭയ്യമാർ, തിരക്കു കുറഞ്ഞ റോഡിലൂടൊഴുകുന്ന  ബെസ്റ്റ് ബസ്സുകൾ,  ആൾക്കാർ ഏറിക്കൊണ്ടിരിയ്ക്കുന്ന ബസ്സ്റ്റോപ്പുകൾ, രാവിലും പകലിലും ഒരേപോലെ തിരക്കേറുന്ന റെയിൽ വേ സ്റ്റേഷൻ പരിസരങ്ങൾ.പ്രഭാതക്കാഴ്ച്ചകൾ കണ്ട് മനസ്സിൽ നഗരത്തിന്റെ സ്കെച്ചുകൾ വിരചിച്ച് അലസമായ ഒരു ഒഴിവു ദിനത്തിൽ ഹൈവേയിലൂടെ അതിരാവിലെയുള്ള ഒരു ലോംഗ് ഡ്രൈവ്  ഒരു അനുഭവം തന്നെ.

മാറുന്ന നഗരമുഖച്ഛായ പലപ്പോഴും ട്രാഫിക്കിന്റെ തീക്ഷ്ണതയിൽ നമ്മുടെ ശ്രദ്ധയിൽ‌പ്പെടാറില്ലെന്നതാണ് സത്യം. ഒരു പക്ഷേ ഇത്തരം  ഒരു യാത്ര നമുക്ക്   അമ്പരപ്പിയ്ക്കുന്ന ദൃശ്യങ്ങളാകും പലപ്പോഴും നൽകുന്നത്. ഓരോയിടങ്ങളിലും പുതിയ കെട്ടിടങ്ങളും ഫ്ലൈ ഓവറുകളും  സൃഷ്ടിയ്ക്കുന്ന പുതിയ മുഖച്ഛായ അത്രമാത്രം പ്രത്യേകതകൾ നിറഞ്ഞവ തന്നെ . അവ സൃഷ്ടിയ്ക്കുന്ന വ്യതിയാനം  ഉൾക്കൊള്ളുന്ന ചുറ്റുപാടുകളിലെ വർദ്ധിച്ചുകൊണ്ടിരിയ്ക്കുന്ന തിരക്കിനെക്കുറിച്ച് നാം പലപ്പോഴും ബോധവാന്മാരായിരുന്നില്ലെന്നു തോന്നും. ഇത്രയും ചെറിയ കാലയളവിൽ ഇത്രയുമധികം മാറ്റങ്ങൾ നാം പ്രതീക്ഷിയ്ക്കാത്തതിനാലാവാം. അതോ നഗരത്തിന്റെ വളർച്ച നാമറിയാതെ പോകുന്നുവോ? പ്രത്യേകിച്ചും ഈയിടെ നഗരം വളരുന്നത് മുകളിലേയ്ക്കാണല്ലോ?

ഞായറാഴ്ച്ചയുടെ ആലസ്യത്താലാകാം, നഗരം ഉണർന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ.  6 മണിയ്ക്കു അന്ധേരി നിന്നും പുറപ്പെട്ട് മീരാറോഡ് അയ്യപ്പക്ഷേത്രം വരെ.ഹൈവേയിലൂടെ പോകുമ്പോൾ വഴിയിലുടനീളം ഇരു ഭാഗത്തുമായുള്ള ഫ്ലാറ്റുകളിലെ ബാൽക്കണികളിൽ നിന്നും  വിവിധ വർണ്ണങ്ങളിലെ  ദീപാവലി വിളക്കുകൾ  കണ്ണിനു വിരുന്നേകി. നഗരം എത്ര ഉത്സാഹത്തോടെയാണ് ദീപാവലിയെ എതിരേൽക്കുന്നത്.പ്രകാശപൂരിതമായ പ്രഭാതങ്ങളും  സന്ധ്യകളും പൊന്നിൽക്കുളിച്ച് ഐശ്വര്യദേവതയെ എതിരേൽക്കാനൊരുങ്ങി നിൽക്കുന്നു. മഹാനഗരം ലക്ഷ്മീദേവിയുടെ ആവാസസ്ഥാനം തന്നെയാണല്ലോ?പുതുവർഷം ഐശ്വര്യ സമ്പൂർണ്ണമായിത്തന്നെ തുടങ്ങാൻ എല്ലാവരും കൊതിയ്ക്കുന്നു .

മീരാറോഡിലെ അതിമനോഹരമായ അയ്യപ്പക്ഷേത്രം.മുൻപൊരിയ്ക്കൽ അവിടെ പോയിട്ടുണ്ട്. അന്ന് എണ്ണത്തോണിയിലിട്ടു കണ്ട കൊടിമരം ഇന്നിതാ മനോഹരമായി ഗാംഭീര്യത്തോടെ തലയുയർത്തിനിൽക്കുന്നു. ഒക്ടോബർ 26 മുതൽ നവംബർ 2  വരെ ഇവിടെ സപ്താഹമാണ്. നല്ല ഭക്തിസാന്ദ്രമായ അന്തരീക്ഷം.  വ്രതം നോറ്റു കെട്ടുനിറച്ചെത്തുന്ന  ഭക്തർക്ക് കയറാനായുണ്ടാക്കിയ പതിനെട്ടാം പടികൾ ! ഇതിന്റെ പണി പൂർത്തിയായിട്ടില്ലെന്നു തോന്നുന്നു. ഇവിടത്തെ  ദർശനം കഴിഞ്ഞ് നേരെ  പ്രഭാദേവിയിലേയ്ക്ക്. നഗരത്തിന്റെ വിഘ്നഹർത്താവായ  സിദ്ധിവിനായക ദർശനത്തിന്നായി. പലരും പതിവായി ഏറെ ദൂരെ നിന്നും പോലും വഴിപാടായി കാൽനടയായിപ്പോലും വന്നെത്തുന്ന ദിവ്യ സന്നിധി. നഗരത്തിലെ ഭക്തരുടെ സങ്കടങ്ങളേറ്റു വാങ്ങി വിഘ്നങ്ങൾ തീർക്കുന്ന ഭക്ത വത്സലൻ.   ഒട്ടും തിരക്കില്ലാത്ത ദിവസം. 15 മിനിറ്റിൽ  ദർശനം നടത്താനായപ്പോൾ അത്ഭുതം തോന്നി.  മാട്ടുംഗയിലെ അംബാഭവനിലെ കാപ്പിയുടെ കൊതിയൂറുന്ന മണം ഓർമ്മയിലോടിയെത്തിയപ്പോൾ വേണ്ടെന്നു വയ്ക്കാനായില്ല. നഗര ജീവിതത്തിലെ  കൊച്ചു കൊച്ചു സന്തോഷങ്ങൾ! മുംബൈ നഗരിയുടെ തുടിയ്ക്കുന്ന മുഖങ്ങൾ!

വിടരുന്ന  പ്രഭാതത്തിന്റെ വശ്യതയിയന്ന തിരക്കൊഴിഞ്ഞ നഗരം പ്രത്യേകത നിറഞ്ഞതായി തോന്നി. ദാദർ ചൌപ്പാത്തി ബീച്ചും സീ-ലിങ്കിന്റെ ദൂരവീക്ഷണവും കണ്മുന്നിലൂടെ ഓടിമറയുമ്പോൾ മനസ്സിലും ഓളങ്ങൾ അലയടിയ്ക്കുന്നുവോ? മാഹിം മുതൽ ശിവാജിപാ‍ർക്ക് വരെ  റോഡിലുടനീളം  തൂക്കിയ വലുതും ചെറുതുമായ കടും നിറമിയന്ന ദീപാവലി ലാന്റെൺസ് നഗരത്തിന്റെ ദീപാവലിയാഘോഷങ്ങളുടെ ഹരത്തിനെ വെളിപ്പെടുത്തുന്നവ തന്നെയായിത്തോന്നി.  ഒരുങ്ങിക്കഴിഞ്ഞല്ലോ നഗരിയാകെ, കാത്തിരിയ്ക്കുന്ന ദീപാവലിയ്ക്കായി. മനസ്സും ഒരുങ്ങിക്കഴിഞ്ഞെന്നു തോന്നി, ലക്ഷ്മീ ദേവിയ്ക്കു സുസ്വാഗതമോതാനായി.

ദീപാവലിയുടെ  മിഴിവിലാണ് നഗരം. ആകപ്പാടെയൊരു ഉത്സവപ്രതീതി ഏതു മുക്കിലും മൂലയിലും കാണാം. ബാൽക്കണികളിലെല്ലാം തന്നെ ഒറ്റയായും കൂട്ടമായും മിന്നി നിൽക്കുന്ന വർണ്ണദീപങ്ങൾ ദൂരെ നിന്നും കാണാനെന്തു രസം! ഫ്ലാറ്റുകൾക്കു മുന്നിലായി വിവിധ വർണ്ണങ്ങളാൽ രചിതമായ രംഗോളികളും അവയ്ക്കു മുന്നിൽ കത്തിച്ചു വച്ചിരിയ്ക്കുന്ന  മൺചെരാതുകളുമെല്ലാം മനസ്സിലും സന്തോഷത്തിന്റെ  തിരിവെട്ടം പകരുന്നതുപോലെ. ഇത്തവണ  നഗരത്തിന്റെ പലഭാഗങ്ങളിലും പടക്കം പൊട്ടിയ്ക്കലിന്റെ തീക്ഷ്ണത താരതമ്യേന കുറഞ്ഞിട്ടുണ്ടെന്ന് തോന്നി. സമ്മാനങ്ങൾ കൈമാറലിനു കുറവില്ലെന്നു തോന്നുന്നു. ധൻ തേരാ പ്രമാണിച്ചു സ്വർണ്ണ നാണയങ്ങളുടെ  വിൽ‌പ്പന ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ വളരെ അധികം  ആണെന്നാണറിവ്. കുതിച്ചു കൊണ്ടിരിയ്യ്ക്കുന്ന സ്വർണ്ണ വില ഇനിയും മേലോട്ടു പോകുമെന്ന റിപ്പോർട്ട് പലർക്കും ഒരു സ്വർണ്ണ നിക്ഷേപത്തിൽ താൽ‌പ്പര്യം വളർത്താനുതകുന്നത്  തന്നെ. രാജ്യത്തുടനീളം ദീപാവലി സമയത്ത് സ്വർണ്ണത്തിന് ഡിമാൻഡ് കൂടുന്നതിനാൽ വില സ്വാഭാവികമായും കൂടാതെ വയ്യല്ലോ? ഇത്തവണ അതൽ‌പ്പം ഉയർന്നെന്നു മാത്രം.

ദീപാവലി മുറാത്ത് ട്രേഡീംഗ് സെഷൻ ശനിയാഴ്ച്ച വൈകിട്ട് 4.45 മുതൽ 6 മണിവരെ പതിവുള്ള  ആയിരുന്നു. പുതിയ വ്യാപാര വർഷമായ സംവത് 2068 തുടക്കം കുറിയ്ക്കാനായി മുഹൂർത്ത ട്രേഡിംഗ് നടത്തുമ്പോൾ ഇക്കുറി നഗരത്തിലെ ഓഹരി വ്യാപാരികളൊന്നടങ്കം  ആകാംക്ഷാഭരിതരായിരുന്നു. വിപണി വിചാരിച്ചതുപോലെ ഉയർന്നു കണ്ടില്ല. നഷ്ടങ്ങളുടേതായ  കഴിഞ്ഞ വർഷത്തെ പിന്നിട്ടൊരു പുതിയ തുടക്കം കുറിയ്ക്കാനിരുന്ന പലർക്കും വിപണിയിലെ ചെറിയതെങ്കിലുമായ ഉയർച്ചയെ ശുഭാപ്തിവിശ്വാസത്തോടെ തന്നെയേ കാണാനായുള്ളൂ. പോയ വർഷം ഏറെ തകർച്ചകളുടേതായിരുന്നല്ലോ? നേട്ടങ്ങളുടേതായ ഒരു നല്ല വർഷത്തിന് തുടക്കം കുറിച്ചെന്ന് നമുക്കാശിയ്ക്കാം.

കവി  മുല്ലനേഴിയുടെ വിടപറയൽ മലയാള സിനിമയ്ക്ക് മറ്റൊരു  വലിയ നഷ്ടം തന്നെയെന്ന് പറയാതെ വയ്യ. ‘ഇന്ത്യൻ റുപ്പി” മുംബേയിൽ വന്നാൽ കാണണമെന്നു മുൻപ് തന്നെ ആഗ്രഹിച്ചിരുന്നതാണ്. അതിലെ ‘ഈ പുഴയും സന്ധ്യകളും” എന്ന പാട്ടു കേട്ടപ്പോൾ കാണാൻ തിടുക്കമേറിയെന്നതും വാസ്തവം. പാട്ടിലെ കവിത കണ്ടറിഞ്ഞ എന്റെ കുട്ടികൾ അവരുടെ മലയാളികളല്ലാത്ത സംഗീതപ്രേമികളാ ചില സുഹൃത്തുക്കൾക്കായി  അവ ഫോർവേർഡ്  ചെയ്യുമ്പോൾ ലിറിക്സിനൊപ്പം അതിന്റെ ഇംഗ്ലീഷ് വിവർത്തനം കൂടി ഞാൻ എഴുതിക്കൊടുക്കുകയുണ്ടായി. അത്രമാത്രം ആ പാട്ട് ഹൃദ്യമായിത്തോന്നി. പക്ഷേ ശനിയാഴ്ച്ച 6 മണിയുടേ ഷോയ്ക്കായി വെള്ളിയാഴ്ച്ച  ഓൺലൈൻ ആയി ടിക്കറ്റു ബുക്കുചെയ്യുമ്പോൾ മനസ്സിലുണ്ടായിരുന്ന സന്തോഷം സാറ്റർഡേ രാവിലെ അതിലെ പാട്ടുകൾ എഴുതിയ കവി മുല്ലനേഴിയുടെ മരണവാർത്തയറിഞ്ഞപ്പോൾ സങ്കടമായി മാറി. തിയേറ്ററിൽ സ്ക്രീനിൽ ഗാനരചന മുല്ലനേഴി എന്നെഴുതിക്കണ്ടപ്പോൾ മനസ്സിൽ അറിയാതൊരു വിങ്ങൽ. അടുത്തിടയായി പല തവണ കാണാനും സംസാരിയ്ക്കാനും കഴിഞ്ഞിരുന്നതിനാൽ വിശ്വസിയ്ക്കാൻ തന്നെ പ്രയാസം തോന്നി.കഴിഞ്ഞ ജുണിൽ കണ്ടപ്പോൾ പോലും അദ്ദേഹം  എത്ര ഉത്സാഹത്തിലായിരുന്നു എന്നോർത്തു പോയി.. മുല്ലനേഴി മാഷിന് നിറകണ്ണുകളോടെ മുംബേയുടെ ആദരാഞ്ജലികൾ!

രഞ്ജിത്തിന്റെ  ‘ഇന്ത്യൻ റുപ്പി‘ ഗോരേഗാവ് ഒബെറൊയ് മാളിൽ. നല്ല പടം. നല്ല ഒഴുക്കുള്ള , തന്മയത്വമിയന്ന കഥ. സുന്ദരമായ ഡയലോഗുകളും, കഥാഖ്യാനരീതിയും .തിലകൻ, പൃഥ്വിരാജ്,ജഗതി- മൂന്നുപേരും അഭിനയത്തിന്റെ മിഴിവിൽ തിളങ്ങി. ചിത്രത്തിലുടനീളം കാണാനായ ടിനി ടോം സ്പ്പോർട്ടിംഗ് റോളിൽ കഴിവ് കാണിച്ചു. മുല്ലനേഴി  മാഷിന്റെ അകാലവിയോഗം പാട്ടു കേൾക്കവേ കണ്ണുകളെ നനയിച്ചു. രഞ്ജിത്തിന്റെ ‘തിരക്കഥ’ യും ഈയിടെ കണ്ടിരുന്നു.  മനസ്സിനെ ആർദ്രമാക്കിയ മറ്റൊരു പടം. ഇനിയും ഇത്തരം നല്ല പടങ്ങൾ മലയാളത്തിന് മുതൽക്കൂട്ടാവട്ടേ!

ദീപാവലിത്തിരക്കിലും അടുപ്പിച്ചായിക്കിട്ടിയ അവധിദിനങ്ങളുടെ ചിലവഴിയ്ക്കലിലും ആഹ്ലാദിയ്ക്കുന്ന നഗരത്തിലെ കൂട്ടുകാർക്കെല്ലാം ഐശ്വര്യപൂർണ്ണമായ നാളുകൾക്കായി ആശംസകൾ! മഹാനഗരിയെ ലക്ഷ്മീ ദേവി മനസ്സ് തുറന്നനുഗ്രഹിയ്ക്കട്ടേ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)