Home –  Archive
Monthly Archives: Mar 2013

പുഴയും കടലും കരയും….

പുഴയും കടലും കരയും….

ഒഴുകാന്‍ ഇഷ്ടപ്പെടാത്ത പുഴ,
കരയെ പ്രേമിച്ചു കടലിനെ മറന്നു
ഒഴുക്കിന്റെ താളം ഗതകാലമായി
മണല്‍ക്കാറ്റു കൂട്ടിനെത്തി
തളര്‍ന്ന മൂളലുകളില്‍
സ്വാന്തനത്തിന്റെ ഈണവുമായി
എന്നിട്ടും പുഴ കരഞ്ഞില്ല
ഒഴുകാനിഷ്ടപ്പെട്ടുമില്ല
പുഴയുടെ മനസ്സു വിങ്ങിയില്ല
നിര്‍വികാരതയുടെ മൂടുപടം
പുഴയുടെ സൌന്ദര്യത്തില്‍
പുഴുക്കുത്തുകളായി മാറി
എന്നിട്ടും പുഴ സ്നേഹിച്ചതു കരയെ മാത്രം!കരയ്ക്കു കടലിനെ പേടി
കടലിന്റെ ആലിംഗനത്തെ പേടി
മണല്‍ത്തരികള്‍ കവര്‍ന്നെടുക്കുന്ന തിരമാലക്കൈകളെ
തട്ടിമാറ്റാനാകാതെ
കര കടലിനെ പേടിച്ചു
പുഴയെ പ്രേമിച്ചു
ആലിംഗനം ചെയ്യാനായി
എത്താത്ത കൈകള്‍ വിടര്‍ത്തി
ഒഴുക്കും തഴുകലേല്‍ക്കാനുമാകാതെ
കടലിനെ മറക്കാന്‍ നോക്കി
കരയെനോക്കി നെടുവീര്‍പ്പിട്ടു
എന്നിട്ടും കര കടലിനെ പേടിച്ചു.കടലിനു പുഴയോടു പ്രേമം
ഒഴുകിയെത്തുന്ന പുഴയുടെ
വരവും നോക്കി കടലിരമ്പി
മണലിനെ സ്വന്തമാക്കി
തിരകളെ തോട്ടിയാക്കി
ഇനിയുമെത്തിച്ചേരാത്ത പുഴയെ കാത്തു
കടലിനു ക്ഷമ നശിച്ചപ്പോള്‍
കടല്‍ ഗര്‍ജ്ജിച്ചു
ഇളകിയ കടല്‍
ചെറുതോണികളെ അമ്മാനമാടി
അമരത്തിരുന്നവന്‍ പരദൈവങ്ങളെ വിളിച്ചു
അവന്റെ മണവാട്ടി ബോധമറ്റുവീണു
അപ്പോഴും കടല്‍ ഗര്‍ജ്ജിച്ചു.
പുഴയുടെ വരവും കാത്തിരുന്നു…
അപ്പോഴും കടലിനു പുഴയോടു പ്രേമമായിരുന്നു….

ഫുൾ സർക്കിൾ -(അഞ്ചാം ഭാവം-16 )

 

‘”ലോകമെമ്പാടുമുള്ള സ്ത്രീകൾ ഒത്തൊരുമിയ്ക്കുകയാണെങ്കിൽ ലോകസമാധാനത്തിനായുള്ള ഏറ്റവും വലിയൊരു ശക്തിയായവർക്ക് മാറാനാകും” പൌരാവകാശപ്രവർത്തകനായിരുന്ന മാർട്ടിൻ ലൂതർ കിംഗിന്റെ വിധവ കോറെറ്റ സ്കോട്ട് കിംഗിന്റെ വാക്കുകളാണിവ. അതിശയോക്തി ഉണ്ടെന്നു തോന്നിയില്ല. അസംഭവ്യമെന്നും. പിന്നെ എന്തു കൊണ്ടതു സംഭവിയ്ക്കുന്നില്ല? അതിനു വേണ്ട സമർപ്പണ മനോഭാവം സൃഷ്ടിയ്ക്കാൻ നമുക്കു കഴിയാതെ പോകുന്നത് തന്നെ കാരണം എന്നു തോന്നാറുണ്ട്. ഇതു തന്നെയല്ലേ  ഇന്ത്യൻ സ്ത്രീകളുടെ കാര്യത്തിലും സംഭവിയ്ക്കുന്നത്? ഒത്തൊരുമിച്ച് നിന്നു തങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളെ ചെറുക്കണമെന്ന ശക്തമായ വിചാരം ചോർന്നൊലിച്ചു പോകുന്നതെന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല.കേരളത്തിലെ സ്ത്രീപീഡനങ്ങളെക്കുറിച്ചറിയാനിടയായ ആദ്യ വനിതാ പോലീസ്  ഡയറക്റ്റർ ജനറൽ കാഞ്ചൻ ചൌധരി ഭട്ടാചാര്യ ആശ്ചര്യം പ്രകടിച്ചപ്പോൾ  പൂർണ്ണ സാക്ഷരരെന്ന് രാജ്യത്തിനു മുന്നിൽ ഊറ്റം കൊള്ളുന്ന കേരളീയർക്കെല്ലാം തന്നെ ഒരൽ‌പ്പം നാണക്കേട് സ്വയം തോന്നാതിരുന്നു കാണുമോ?

സ്ത്രീകൾക്കെതിരായുള്ള ലൈംഗികാതിക്രമങ്ങൾ വളരെയേരെ വർദ്ധിച്ചു വരുന്നുവെന്ന സത്യത്തെ നമുക്കിനി മറച്ചു പിടിയ്ക്കാനാവില്ല. ഒരു ദിവസത്തെ പത്രമെടുത്തു നോക്കിയാലറിയാം ബസ്സിലും ട്രെയിനിലും, റോഡിലും , ഓഫീസുകളിൽ‌പ്പോലും സുരക്ഷിതയല്ലാത്ത സ്ത്രീയുടെ വേദന. ഒരു പക്ഷെ കണ്ടു നിൽക്കുന്നവരുടെ നിസ്സഹകരണമനോഭാവം സ്ത്രീയെ കൂടുതൽ ദു:ഖിപ്പിയ്ക്കുന്നുവെന്നു പറയുന്നതായിരിയ്ക്കും ശരി. കഴിഞ്ഞ ദിവസം തൃശ്ശൂർ റെയിൽ വേ സ്റ്റേഷനിൽ നേത്രാവതി എക്സ്പ്രസ്സിനെ തടഞ്ഞ് സ്ത്രീകൾ തന്നെ തീവണ്ടികളിൽ സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾ വർദ്ധിയ്ക്കുന്നതിലെ പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ സത്യമായും സന്തോഷം തോന്നി. കോറെറ്റ സ്കോട്ട് കിംഗിന്റെ വാക്കുകൾ ഓർക്കാനും അതു തന്നെ കാരണം. ഒത്തൊരുമിയ്ക്കാനുള്ള ശീലം വളർത്തിയെടുക്കുന്നതിലെ ആദ്യപടിയായി ഇതു മാറിയെങ്കിൽ എന്നും അറിയാതെ ആശിച്ചു പോയി.

സ്ത്രീയെന്നും അഗ്നിയാണ്. അവൾക്കുളിലൊളിഞ്ഞു കിടക്കുന്ന  ജ്വാലകളെ പ്രതികൂല സാഹചര്യങ്ങളിൽ പുറത്തെടുക്കുവാനുള്ള  അവളുടെ കഴിവ് അപാരം തന്നെയാണ്. പക്ഷേ സ്വരക്ഷയ്ക്കായി അതിനെ ഉപയോഗിയ്ക്കാനവൾ മടിയ്ക്കുന്നെന്നു മാത്രം. സ്വന്തം സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കുക തന്നെയാണ് ആദ്യം വേണ്ടത്. എവിടെ സുരക്ഷിതയാണെന്നും എവിടെ തന്റെ രക്ഷയെക്കുറിച്ചു താൻ കൂടുതൽ ബോധവതിയാകണമെന്നും അവൾ അറിഞ്ഞിരിയ്ക്കണം. സമൂഹത്തെ അതിരറ്റു ഭയക്കേണ്ട ആവശ്യമില്ലെന്നും തന്റെ അവകാശങ്ങളെ അറിഞ്ഞ് അതിനായി ശബ്ദമുയർത്തുന്നത് തികച്ചും സ്വാഭാവികമാണെന്നും അവൾ പഠിച്ചേ തീരൂ. പലപ്പോഴും ചോർന്നു പോകുന്ന ധൈര്യത്തെ തടഞ്ഞു ശബ്ദമുയർത്താൻ വേണ്ടുന്ന പിന്തുണയുടെ കുറവും പരിഹരിച്ചേ പറ്റൂ.

സാമ്പത്തിക ദൃഷ്ട്യാ കൈവരിയ്ക്കുന്ന സ്വാശ്രയത്വവും, വിദ്യാഭ്യാസവും,സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള അറിവും നേടിക്കഴിഞ്ഞിട്ടും സ്ത്രീ  പീഡനങ്ങൾക്കിരയാകുന്നുണ്ട്. വീടിനകത്തും, ഓഫീസുകളിലും, യാത്രാവേളകളിലും മാത്രമല്ല ഈ പീഢനങ്ങൾ. യു.പി.യിലെ ഖുഷിനഗറിൽ പോലീസ് സ്റ്റേഷനകത്ത് വച്ചു നടന്ന കൂട്ട ബലാത്സംഗം നിയമപാലകരുടെ മറ്റൊരു മുഖത്തിനെയാണ് കാണിച്ചു തരുന്നത്. മുംബൈ, വെസ്റ്റ് ബംഗാൾ,ഗുജരാത്ത് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ  നിന്നും കിട്ടുന്ന റിപ്പോർട്ടുകൾക്കു വല്യ വ്യത്യാസമില്ല. സന്ധ്യയാകുന്നതോടെ വിജനവും അസുരക്ഷിതവുമാകുന്ന തലസ്ഥാനനഗരി ഇന്ത്യയിലെത്തുന്ന ടുറിസ്റ്റുകൾക്കു കൂടി ഭീതി ജനകമായി മാറിയിരിയ്ക്കുന്നു. സ്ത്രീ സ്വയം അവളെ കാത്തു രക്ഷിയ്ക്കാൻ പഠിയ്ക്കാതിരിയ്ക്കുന്നിടത്തോളം നിയമവും നിയമപാലകരും കൈ കെട്ടി നോക്കി നിൽക്കുന്ന കാഴ്ച്ചക്കാർ മാത്രം. നിയമം പ്രാവർത്തികമാകണമെങ്കിൽ സ്ത്രീ നിശ്ശബ്ദമായി സഹിയ്ക്കുന്നതിനു പകരം ശബ്ദമുയർത്തി കൈ ചൂണ്ടാൻ പഠിയ്ക്കണം.

വേദോപനിഷത്തുക്കളിൽ സ്ത്രീ പരമോന്നത സത്യത്തിന്റെ വക്താവും സർവ്വപൂജ്യയുമായിരുന്നുവെന്നു നമുക്കു കാണാം.കാലപ്രയാണത്തിൽ  കൈമോശം വന്ന ഈ പുരുഷ-സ്ത്രീ സമത്വം തിരികെപ്പിടിയ്ക്കാൻ ഇന്നേറെ കഷ്ടപ്പെട്ടിട്ടും കഴിയുന്നില്ലെന്നതാണ് സത്യം.ഇതിനായി നിയമങ്ങൾ വന്നുകൊണ്ടെയിരിയ്ക്കുന്നില്ലെന്നില്ല.സ്ത്രീകൾക്കെത്തിരെയുള്ള അതിക്രമങ്ങൾ കുറയണമെങ്കിൽ അത്തരം കുറ്റങ്ങൾ ചെയ്യുന്നവരെ നിർദ്ദാക്ഷിണ്യം കഠിനശിക്ഷാർഹരാക്കണം. നിയമത്തിന്റെ കള്ളപ്പഴുതുകൾ കണ്ടെത്തി രക്ഷപ്പെടാനവരെ അനുവദിയ്ക്കാതിരിയ്ക്കണം. സ്ത്രീകൾ തന്നെ അത്തരം നിയമനിർമ്മാണങ്ങളിലും അതിന്റെ നടപ്പാക്കലിലും ഭാഗഭാക്കാകണം.എന്നാൽ മാത്രമേ പെൺകുഞ്ഞുങ്ങളുള്ള അമ്മമാരുടെ തപിയ്ക്കുന്ന ഹൃദയത്തിൽ ഉരുണ്ടു കൂടുന്ന ആശങ്കകൾക്കൊരു മറുപടിയാകൂ.

(സ്ത്രീ ഒരു പൂർണ്ണവൃത്തം തന്നെ.സൃഷ്ടിയ്ക്കാനും പരിപാലനം ചെയ്യാനും പരിവർത്തനം ചെയ്യിയ്ക്കാനും അവൾക്കാകും-ഡയാന മേരിചൈൽഡ്.)

 

 

വിലപിയ്ക്കുന്ന ഇന്ത്യൻ സ്ത്രീത്വം

മാർച്ച് 8. ലോകവനിതാദിനം. ഒലക്കേടെ മൂട് . ശരിയ്ക്കും അങ്ങനെ പറയാനാണ് തോന്നുന്നത്. എന്തു നേടി എന്നതിനിന്നു പ്രസക്തിയില്ല.  കാപട്യത്തിന്റെ മൂടുപടമണിഞ്ഞ ലോകം സ്ത്രീയെ നോക്കി കൊഞ്ഞനം കുത്തുന്ന കാഴ്ച്ചയാണെവിടെയും.  കഴിഞ്ഞ 102 കൊല്ലം നാമാഘോഷിച്ചില്ലേ വനിതാദിനം? എന്നിട്ടും നമ്മുടെ അവസ്ഥ ദയനീയമായിത്തന്നെ തുടരുന്നു. ഇനിയും ആഘോഷിയ്ക്കണമോ?.എന്തു തോന്നുന്നു?

ഇന്ത്യൻ സ്ത്രീത്വം വിലപിയ്ക്കുന്നു. ശരിയ്ക്കും വേദനിച്ചിട്ടുതന്നെ. സ്ത്രീകൾക്കു മേലുള്ള അതിക്രമങ്ങൾ കൂടുകയാണ്. സുരക്ഷിതത്വം ഒരിടത്തുമില്ലാത്ത അവസ്ഥ. ഒരുപക്ഷേ സ്ത്രീയായി ജനിച്ചതിൽ ദു:ഖിയ്ക്കുന്നവരുടെ എണ്ണം കൂടി വരുക തന്നെയാണെന്നു പറയാം.എന്തായിരിയ്ക്കാം കാരണം?

പതുക്കെയാണെങ്കിലും പെൺകുട്ടിയെ ഭാരമായിക്കണ്ടിരുന്ന നാളുകളെ നാം പിന്തള്ളിത്തുടങ്ങിയതായിരുന്നല്ലോ? അബലയെന്ന മുദ്ര അവൾക്കു മേൽ ചാർത്താൻ ആക്കാണിത്ര വെമ്പൽ? എവിടെയൊക്കെയോ പിഴയ്ക്കുന്ന കണക്കുകൂട്ടലിന്റെ ഉത്തരവാദികളെ കണ്ടെത്താൻ ശ്രമിയ്ക്കുന്നവരും ധാരാളം. കൂടിക്കൊണ്ടിരിയ്ക്കുന്ന മറ്റീരിയലിസ്റ്റിക് ചിന്താഗതികളുടേയും ഉള്ള സത്യങ്ങളെ ഊതിവീർപ്പിച്ചു ജനശ്രദ്ധ നേടുന്ന മാധ്യമങ്ങളുടേയും സർവ്വോപരി വില്ലനായി  വിലസുന്ന മൊബൈൽ ഫോണുകളുടെയും നേരെ ചൂണ്ടുവിരൽ ചൂണ്ടുവാൻ എളുപ്പം. യഥാർത്ഥത്തിൽ എന്താണിവിടെ സംഭവിയ്ക്കുന്നത്? സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളെ എന്തു കൊണ്ട് നിയന്ത്രിയ്ക്കാനാകുന്നില്ല? കുറ്റം ചെയ്റ്റവരെ പിടികൂടിയാലും വേണ്ട ശിക്ഷ നടപ്പാക്കുന്നതിലെ വിളംബം എന്തുകൊണ്ട്? കൊടുക്കുന്ന ശിക്ഷ പര്യാപ്തമല്ലെന്നതിനാലാണോ കുറ്റങ്ങൾ കൂടി വരുന്നത്? ആരോട് ചോദിയ്ക്കാൻ?

വളരുന്ന ഇന്ത്യയുടെ തളരാത്ത നല്ല പകുതിയാണിങ്ങനെ വിലപിയ്ക്കുന്നത്. ഈ വിലാപം എത്ര കാലം കേൾക്കാതിരിയ്ക്കും .2012 ലെ കനക്കനുസരിച്ച് ഇന്ത്യയിലെ ആൺ – പെൺ അനുപാതം ആയിരത്തിന് 940 ആണ്.  ഓരോ മിനിറ്റിലും 51 ജനനങ്ങൾ നടക്കുന്ന ഈ രാജ്യത്ത്  ആൺകുട്ടികളും പെൺകുട്ടികളും ഏതാണ്ട് തുല്യമാകാമെന്ന അവസ്ഥ. ഇത്രയും ശക്തി ഉണ്ടായിട്ടുകൂടി ചവിട്ടി മെതിയ്ക്കപ്പെടാൻ നാം അനുവദിയ്ക്കുന്നതു കൊണ്ടു കൂടിയല്ലേ അങ്ങിനെ സംഭവിയ്ക്കുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. സമൂഹത്തെയാകെ അഴിച്ചു പൊളിച്ചു പണിയേണ്ട സമയമായിക്കഴിഞ്ഞിരിയ്ക്കുന്നു. മൌനം ഇനിയും അതിന്റെ കുരുക്കുകളിൽ നമ്മെ തളച്ചിടാൻ അനുവദിയ്കാതിരിയ്ക്കുക. പ്രതിഷേധം പുറത്തു പ്രകടിപ്പിയ്ക്കാൻ നാം പലപ്പോഴ്ം വൈകുന്നു. അതിനുള്ള കാരണവും നമുക്കറിയാം. ബന്ധങ്ങൾ നമുക്കെന്നും ബന്ധനങ്ങൾ തന്നെ. പലപ്പോഴും കുടുംബത്തിന്നായി സ്വയം മറന്നു ജീവിയ്ക്കുമ്പോൾ പല വിഷമങ്ങളും കടിച്ചമർത്തേണ്ടി വരുമെന്നു തന്നെ ഇപ്പോഴും നാം വിശ്വസിയ്ക്കുന്നു. ഈ ചിന്താഗതിയെയാണാദ്യം മാറ്റേണ്ടത്.

മാറ്റങ്ങൾ എവിടെ, എങ്ങനെ തുടങ്ങണമെന്ന് ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു. സമയം കുറവാണ്. ചുറ്റുപാടും അക്രമങ്ങൾ വർദ്ധിച്ച് വരുമ്പോൾ പാഴാക്കാൻ സമയമില്ല. ഒരു കാര്യം നമുക്കുറപ്പിയ്ക്കാം. മൊത്തം ജനസംഖ്യയുടെ നല്ലൊരു ഭാഗത്തെ അവഗണിയ്ക്കാനാകില്ലെന്ന സന്ദേശമാണ് സമൂഹത്തിനു നാം നൽകേണ്ടത്. നാം കൂടിയടൺഗിയ സമൂഹത്തിനു തന്നെ. അതിനാവശ്യം മഹിളകൾ ഒത്തൊരുമിയ്ക്കൽ തന്നെ. അക്രമത്തിനെതിരെ ശബ്ദമുയർത്താനായെങ്കിലും നമുക്ക്  ഒറ്റക്കെട്ടായി നിന്നുകൂടേ?  എന്നിട്ടാവാം നിയമത്തെ പ്രാബല്യത്തിൽ വരുത്താനുൾല ശ്രമങ്ങൾ. ഏതു നിയമത്തിനും ലൂപ് ഹോൾസ് കണ്ടെത്തി രക്ഷപ്പെടാൻ ശ്രമിയ്ക്കുന്ന കാപാലികർക്കെതിരെ ശബ്ദമുയർത്താനും നമുക്കാകാതിരിയ്ക്കുമൊ?

മഹാഭാരതത്തിl പഞ്ചപാണ്ഡവർ പറയുന്നതുപോലെ

നമ്മള്‍  തമ്മിലെതിര്‍ക്കുമ്പോള്‍
നമ്മളഞ്ച,വര്‍ നൂറ്റുവര്‍
മറ്റുള്ളോര്‍ വന്നെതിര്‍ത്തീടില്‍
നമ്മള്‍ നൂറ്റഞ്ചു പേര്‍കളാം……

ഇരപിടിയ്ക്കുന്ന മൃഗങ്ങൾ വേട്ട സമയത്ത്  ആദ്യം ചെയ്യുന്നത്  കൂടുതൽ ദുർബലമെന്നു തോന്നിയ്ക്കുന്ന ഇരയെ കൂട്ടത്തിൽ നിന്നും വേർതിരിയ്ക്കുകയാണ്. ഒരു പക്ഷേ ശക്തിയുള്ള കൂട്ട്ത്തിനൊപ്പം നിന്നവ അതു കൊണ്ടു മാത്രം രക്ഷപ്പെട്ടിട്ടുമുണ്ടായിരിയ്ക്കം. പ്രകൃതിയുടെ നിയമങ്ങളിൽപ്പലതും ഇന്നും യാതൊരു മാറ്റവും കൂടാതെ തുടരുന്നുവെന്ന സത്യം നമുക്കു കാണാം. വിലപിയ്ക്കുന്ന ഇന്ത്യൻ സ്ത്രീത്വം പ്രകൃതിയുടെ സംഭാവനയല്ല. മനുഷ്യൻ അറിഞ്ഞോ അറിയാതെയോ വരുത്തിയ , മാറ്റങ്ങൾക്കു സാംഗത്യമുള്ള ഒരു വർത്തമാന ദശ മാത്രം. മാറ്റങ്ങൾക്കായി കൈകൾ പൊങ്ങട്ടെ, ശബ്ദം ഉയരട്ടെ! ലോകമെങ്ങും ഈ മാറ്റത്തിന്റെ പ്രതിദ്ധ്വനി അലയടിയ്ക്കട്ടെ!