Home –  Archive
Monthly Archives: Sep 2014

വൃന്ദാവനത്തിലെ വിധവകൾ കരയുന്നോ? ( അഴിയാക്കുരുക്കുകൾ-7)

പൊതു പ്രസ്താവനകളിറക്കുന്നത് തീർച്ചയായും അൽ‌പ്പം ചിന്തിച്ചു തന്നെ വേണം. വൃന്ദാവനത്തിലെ വിധവകളെക്കുറിച്ച് മുൻ ചലച്ചിത്രതാരവും എം.പി.യുമായ ഹേമമാലിനി പറഞ്ഞ വാക്കുകൾ അൽ‌പ്പം കോളിളക്കമുണ്ടാക്കി. എൻ.ഡി.ടി.വിയിലെ ബർഖാ ദത്തിന്റെ ഷോയും  ഏറെ ശ്രദ്ധ പിടിച്ചു പറ്റി. മധുരയുടെ തെരുവുകളിൽ ആവശ്യമില്ലാഞ്ഞും ഭിക്ഷയാചിയ്ക്കപ്പെടുന്ന വിധവകളെക്കുറിച്ചും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ വന്നെത്തി ഇവിടം തിരക്കാർന്നതാക്കുന്നവരെക്കുറിച്ചും ഹേമമാലിനി ആവലാതിപ്പെട്ടിരുന്നു.വാസ്തവത്തിൽ അവരെന്തായിരുന്നു പറയാൻ ഉദ്ദേശിച്ചത്?

മധുരയിൽ നിന്നുമുള്ള എം.പി. എന്നനിലയിൽ അവിടത്തെ കഷ്ടതയനുഭവിയ്ക്കുന്ന സ്ത്രീകൾക്കായെന്തെങ്കിലും ചെയ്യണമെന്ന മോഹമാണോ ഇതതരമൊരു ഇത്തരമൊരു വാഗ്വാദത്തിലേയ്ക്കവരെ എത്തിച്ചത്? ഏതു സംരഭത്തിനും ജാതിയുടെയോ രാഷ്ട്രീയത്തിന്റെ നിറമില്ലാതെ നമുക്കു കാണാനാകില്ലല്ലോ? അവരുടെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാൻ കഴിയാതെ പോയതോ അതോ അവരെ കീറിമുറിയ്ക്കാൻ കിട്ടിയ അവസരം ശരിയായൊന്നു ഉപയോഗിയ്ക്കാൻ ശ്രമിച്ചതോ എന്നു മനസ്സിലാക്കാനാകുന്നില്ല. അവസരം കിട്ടിയാൽ തന്നെ ചെയ്യാൻ അവരാഗ്രഹിയ്ക്കുന്ന പലകാര്യങ്ങളും പ്രാവർത്തികമായി കൊണ്ടുവരാനവർക്കു കഴിയുമോ എന്നും അറിയുന്നില്ല. എന്തായാലും വൃന്ദാവനത്തിലെ വിധവകളിലേയ്ക്ക് അൽ‌പ്പനേരത്തേയ്ക്കെങ്കിലും ജനശ്രദ്ധ തിരിച്ചു വിടാൻ അവർക്കായി എന്നതിൽ സംശയമില്ല.

പശ്ചിമബംഗാളിൽ നിന്നും ബീഹാറിൽ നിന്നുമെല്ലാമുള്ള വിധവകൾ മധുരയിലെ വൃന്ദാവനത്തിൽ വന്നു നിറയുന്നുവെന്നും സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്തവരും തെരുവിലിറങ്ങി ഭിക്ഷയാചിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നുവെന്നുമാണവരുടെ ആരോപണം. അന്യ  സംസ്ഥാനത്തു നിന്നുള്ളവരെ അവർ എവിടെയായാലും അവിടത്തെ ഗവണ്മെണ്ട് തന്നെ സംരക്ഷിയ്ക്കേണ്ടതല്ലേ എന്നുമവർ ചോദിയ്ക്കുന്നു. എന്താണ് യഥാർത്ഥപ്രശ്നം? വൃന്ദാവനത്തിലെ വിധവകൾ ഭിക്ഷ യാചിയ്ക്കുന്നതോ ? അന്യസംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിൽ നിന്നും ബീഹാറിൽ നിന്നുമൊക്കെ ഇവിടെ വരുന്നത് നമുക്കെങ്ങനെ തടയാനാകും? സ്വന്തം രാജ്യത്തെവിടെ വേണമെങ്കിലും താമസിച്ചു കൂടേ?നല്ല ബാങ്കു ബാലൻസുള്ളതിനാൽ അവർക്കിവിടെ താമസിയ്ക്കാൻ പാടില്ലെന്നില്ലല്ലോ? ചോദ്യങ്ങളേറെ, ഉത്തരങ്ങളും..

ധനിക കുടുംബങ്ങളിൽ നിന്നുപോലും ചിലർ ഇവിടെയെത്തി ഈ ജീവിതത്തെ സ്വീകരിയ്ക്കുന്നുവെങ്കിൽ അതിനു പുറകിലും കാരണം കണ്ടെത്താനാകില്ലേ? ഒന്നുകിൽ കൃഷ്ണ ഭക്തിയുടെ ആധിക്യമാകാം. അഥവാ സ്വന്തംകുടുംബത്തിൽ നിന്നും വേണ്ടത്ര സ്നേഹവും ആദരവും കിട്ടാഞ്ഞിട്ടായിരിയ്ക്കാം. ആർക്കും ആരെയും നിർബന്ധിയ്ക്കാനാവില്ല. ദരിദ്രകുടുംബങ്ങളിൽ നിന്നെത്തുന്നവരിൽ പലരും മറ്റു നിവൃത്തികളില്ലാഞ്ഞിട്ടു തന്നെയാകാം. ഭിക്ഷ യാചിയ്ക്കൽ  നിർത്താൻ പറ്റാത്ത ജീവിതശൈലിയായിത്തീർന്നിട്ടുണ്ടാവാം. പക്ഷേ ഭാരതത്തിലെ കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങളിൽ ഇന്നും അഭിമാനം കൊള്ളുന്നവർക്ക് ഇതുൾക്കൊള്ളാനാവില്ലെന്നതു സത്യം.

ഹേമമാലിനിയെ പിന്താങ്ങുകയല്ല, പക്ഷേ സംശയം ഇനിയും അവശേഷിയ്ക്കുന്നു. ശ്രദ്ധിച്ചു നോക്കിയാൽ കണ്ണീർ കാണാനാകുന്ന മുഖങ്ങൾ ഏറെ കണ്ടു. ഈ വിധവകൾ സ്വമേധയാ എടുത്ത തീരുമാനങ്ങളാണെങ്കിൽ അവരെ സദാ സന്തോഷത്തോടെ കാണാനായേനെ! 40000ൽ അധികം വിധവകൾ വൃന്ദാവനത്തെരുവുകളിൽ  അല്ലെങ്കിൽ പരിസരങ്ങളിലായി ഉണ്ടെങ്കിൽ  തീർച്ചയായും വളരെ ഗൌരവമായിത്തന്നെ കൈകാര്യം ചെയ്യേണ്ടുന്ന വിഷയമാണിത്. ഉറ്റവരേയും ഉടയവരേയും വിട്ട് ഭഗവൽ പാദങ്ങളിൽ എന്നേയ്ക്കുമായി ചരണം പ്രാപിയ്ക്കാൻ അവർ സ്വയം തയ്യാറായതാണൊ അതോ ആ മാനസികാവസ്ഥയിലേയ്ക്കവർ തള്ളപ്പെട്ടതോ എന്ന സത്യം മറ നീക്കി പുറത്തു കൊണ്ടുവരണം. ഇന്നു പശ്ചിമ ബംഗാളും ബീഹാറും ഒഡിഷയും മാത്രമേ ഇങ്ങനെ ചെയ്യുന്നുള്ളുവെങ്കിലും ഇനിയും പകരാവുന്ന ഒരു പടർച്ചവ്യാധി തന്നെയല്ലേ ഇത്? ഇതിനു ഉന്മൂലനാശം വരുത്തേണ്ടത് ആവശ്യം തന്നെയല്ലേ? വയസ്സായ അമ്മയെ ഉപേക്ഷിയ്ക്കാൻ മറ്റൊരു കുറുക്കുവഴി കൂടിയായി മാറുന്ന സംസ്കാരം നമുക്കുവേണ്ട. ഈ വീക്ഷണകോണിൽ നിന്നും നോക്കുമ്പോൾ എനിയ്ക്കു ഹേമമാലിനിയെ പിന്തുണയ്ക്കാൻ തോന്നുന്നു. യാതൊരു വിധ നിയമ തടസ്സങ്ങളും കൂടാതെ ദിനം പ്രതി വർദ്ധിച്ചു വരുന്ന ഇത്തരം വൃന്ദാവന വിധവാപ്രവാഹത്തിന്നൊരു തടയണ കെട്ടാൻ ഓരോ സംസ്ഥാനവും ബാധ്യസ്ഥരാണ്. ശരിയായ ഭക്തർ പൊയ്ക്കോട്ടെ, മറ്റുള്ളവരെ തിരിച്ചറിയാനും വേണ്ട സ്വാന്തനം നൽകാനും ഓരോ സംസ്ഥാന ഗവർമെണ്ടിനും കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോകയാണ്.

വിധവാ സംഘടനകൾക്കും പലതും ചെയ്യാനാകുമെന്നു കൂടി പറയട്ടെ. കേരളവിധവാ അസ്സോസ്സിയേഷൻസ് ഈയിടെ വിധവാ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് ബാങ്ക് തുടങ്ങാൻ തീരുമാനിച്ചിരിയ്ക്കയാണ്. ഗവണ്മെന്റന്റേയും മറ്റു സാമൂഹ്യസേവകരുടേയും അവഗണനയും സഹതാപവുമൊക്കെ മടുത്ത് പകരം കർമ്മരംഗത്ത്  തെളിയിയ്ക്കാനവർ ശക്തിയായി മാറുന്നതു കണ്ട് ശരിയ്ക്കും അഭിമാനം തോന്നുന്നു. ഹേമമാലിനിയ്ക്കു ഇതു ശ്രദ്ധിയ്ക്കാനായിട്ടുണ്ടോ, ആവോ? വിധവകളെ ഭിക്ഷയ്ക്കയയ്ക്കരുതെന്നു പറഞ്ഞല്ലോ. അവരെ സ്വന്തം കാലിൽ നിൽക്കാൻ എന്തുകൊണ്ട് കെൽ‌പ്പുള്ളവരാക്കി മാറ്റാൻ ശ്രമിയ്ക്കുന്നില്ല? പരസ്പ്പരം പഴി ചാരുന്നതിനു പകരം ഒരുമിച്ച് പ്രവർത്തിയ്ക്കേണ്ട സമയമാണിത്. വൃന്ദാവനത്തിലൂടെ ഇനിയും പാലും തൈരും ഒഴുക്കാനാകും, വേണ്ടവിധത്തിലതിനു തുനിയാനാകുമെങ്കിൽ, തീർച്ച!

Selfies4School?അഴിയാക്കുരുക്കുകൾ-6)

അഭ്യസ്തവിദ്യകളും, സാമ്പത്തികമായി  സുരക്ഷിതരും ആയ സ്ത്രീകൾ പോലും പലപ്പോഴും ഗാർഹികപീഡനങ്ങളുടെ ഇരകളായി മൌനമവലംബിയ്ക്കുന്നതിന്റെ കാരണം എന്തായിരിയ്ക്കാം എന്നു പലപ്പോഴും ഞാനാലോചിച്ചിട്ടുണ്ട്. സ്വന്തം കുട്ടികൾക്കു വേണ്ടി  ഭർത്താവിന്റെ പീഡനങ്ങൾ സഹിയ്ക്കുന്നവരെ മനസ്സിലാക്കാം. പക്ഷേ കുട്ടികളെക്കൂടി ഉപദ്രവിയ്ക്കുന്നവരായ ഭർത്താക്കന്മാരെക്കൂടി ചില സ്ത്രീകൾ സഹിയ്ക്കുന്നതെന്തു കൊണ്ടായിരിയ്ക്കാം. ദിവസവും രാത്രി മദ്യപിച്ച് വന്ന് ഭാര്യയെ തല്ലി, വീടിനു പുറത്തിട്ടു പൂട്ടുന്ന ഒരാളെ അറിയാം. എത്ര ഉപദേശിച്ചിട്ടും വിവാഹ മോചനത്തിന് ഭാര്യ തയ്യാറായില്ലെന്നതിൽ എല്ലാവർക്കും ഏറെ അത്ഭുതം തോന്നിയിരുന്നു. വർഷങ്ങൾക്കു ശേഷം  അയാൾ ഉത്തരവാദിത്വബോധത്തിലേയ്ക്ക് തിരിച്ചു വന്നപ്പോൾ ആ ഭാര്യയെ അഭിനന്ദിയ്ക്കാനേ എല്ലാവർക്കും കഴിഞ്ഞുള്ളൂ. ഇപ്പോഴും ഇടയ്ക്കെല്ലാം അയാൾ പഴയ രീതിയിലേയ്ക്കു മാറുന്നുണ്ടാവാം, പക്ഷേ അവർ സന്തോഷത്തോടെ തന്നെ ഒന്നിച്ചു ജീവിയ്ക്കുന്നു.

ഓർത്തു പോകുകയാണ്, ഇതു സത്യമാണെങ്കിൽ ഇന്ന് ലോകത്തിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അക്രമങ്ങളിൽ ഏറെയും പുറമ്ലോകം അറിയാതിരിയ്ക്കാനല്ലേ സാധ്യത? ഒരു കാരനം കൊണ്ടല്ലെങ്കിൽ മറ്റൊരു കാരണത്താൽ പല സംഭവൺഗളും ചോർന്നു പോകാതെ നോക്കാനായിരിയ്ക്കും സ്ത്രീകൾ ശ്രദ്ധിയ്ക്കുന്നത്. അപ്പോൾ നിവൃത്തിയില്ലാത്തവ മാത്രമല്ലേ വെളിപ്പെടൂ., പ്രത്യേകിച്ചും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിൽ ഏറെ വിശ്വാസമർപ്പിയ്ക്കുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ? ല്ലെങ്കിലും അങ്ങിനെയല്ലേ സംഭവിയ്ക്കൂ. അഗ്നിയെന്നറിഞ്ഞിട്ടും മറ്റുൾലവർക്കായി  സ്വയം എരിയുന്നതിൽ സുഖം തേടുന്നവരോട് മറ്റെന്തു പറയാൻ?

 

 

സ്റ്റോക് ഹോം സിൻഡ്രത്തെക്കുറിച്ചീയിടെ വായിച്ചപ്പോഴാണ് ആ സ്ത്രീയുടെ നിലപാടിനെക്കുറിച്ച് എനിയ്ക്കു മനസ്സിലാക്കാനായത്. ഇത് സാധാരണക്കാരുടെ ഇടയിൽ മാത്രമല്ല, ഹൈ പ്രൊഫൈൽ ജീവിതം നയിയ്ക്കുന്നവർക്കിടയിൽ‌പ്പോലും നടക്കുന്നുവെന്ന അറിവ് എന്നെ സ്സംബന്ധിച്ചിടത്തോളും തീർത്തും വിസ്മയകരം തന്നെയായിരുന്നു. തീരെ നിവൃത്തിയില്ലാത്തതുകൊണ്ടു മാത്രം വിവാഹച്ചരട് പൊട്ടിയ്ക്കാത്തതായിരിയ്ക്കാമെന്നേ അതുവരെ തോന്നിയിട്ടുള്ളൂ.ഒരു സ്വീഡിഷ് ബാങ്കു കൊള്ളയടിയ്ക്കാനെത്തിയവർ ജീവനക്കാരെ ബാങ്കിലെ  രഹസ്യമുറിയിൽ പൂട്ടിയിട്ട് തടവു ബന്ദികളാക്കി മോചനദ്രവ്യത്തിന്നായി ഗവണ്മെന്റുമായി വിലപേശൽ നടത്തുമ്പോഴും ഗവണ്മെന്റിന്റെ സഹായം സ്വീകരിയ്ക്കാതെ തങ്ങളെ ബന്ദികളാക്കിയവരോട് അനുകമ്പയും അനുതാപവും പ്രകടിപ്പിച്ച ബാങ്ക് ജീവനക്കാരാണ് ആദ്യമായി സ്റ്റോക് ഹോം സിൻഡ്രത്തിന് ആ പേരു വരാൻ കാരണക്കാരായത്.

നമുക്കു ചുറ്റുമൊന്നു നോക്കിയാൽ ഏതു മേഖലയിലും സ്ത്രീ-പുരുഷഭേദമെന്യേ ഇത്തരക്കാരെ കണ്ടെത്താനാകുമെന്നതാണ് സത്യം. ജോലി സ്ഥലങ്ങളിലും തന്നെ ദ്രോഹിയ്ക്കുന്നവരെന്നറിഞ്ഞിട്ടുകൂടി ഉയർന്ന അധികാരികളെ സഹിയ്ക്കുന്ന പലരേയും കാണാം. ദിവസവും മാനസികമായും ശാരീരികമായും പീഡിപ്പിയ്ക്കുന്ന ഭർത്താവിനെ മറ്റുള്ളവർക്കു മുന്നിൽ തള്ളിപ്പറയാതെയോ മറ്റുള്ളവർ തള്ളിപ്പറയുമ്പോഴതിനെ എതിർക്കുകയോ ചെയ്യുന്നതും കാണാനാകും.േന്താണിവിടെ സംഭവിയ്ക്കുന്നത്? സ്വയം ആ ഷൂസുകളിൽ കയറിനിന്ന്, അയാളുടെ സ്ഥാനത്ത് താനാണെങ്കിലും ഇതൊക്കെത്തന്നെ ചെയ്യുമായിരുന്നേനെ എന്ന വിചാരത്തിലാണോ അങ്ങനെ പെരുമാറുന്നത്? അതോ അയാളുടെ അത്തരം പെരുമാറ്റങ്ങൾക്ക് താൻ കൂടി ഒരു കാരനമാണെന്ന തിരിച്ചറിവിലോ? എന്തായാലും സെലിബ്രിറ്റികൾക്കിടയിൽക്കൂടി ഇതൊരു സത്യമായി മാറുമ്പോൾ സഹതപിയ്ക്കാനേ കഴിയൂ. ഇവിടെ പത്ര മാധ്യമങ്ങളുടെ ഇരതേടലിലെ ആക്രാന്തങ്ങളെ നേരിട്ട് സ്വന്തം ഭർത്താവിനെ സരക്ഷിയ്ക്കുന്നതിനുള്ള ഭാരം ഇഷ്ടപ്പെട്ടിട്ടല്ലെങ്കിലും അവളുടെ ചുമലുകളിൽ വന്നു വീഴുകയാണ്.

ബ്രേക് ത്രൂ എന്ന ഒരുു വുമൺ റൈറ്റ്സ് ഓർഗനൈസേഷനെക്കുറിച്ചു വായിയ്ക്കാനിടയായി. 2008ൽ ‘ബെൽ ബജാവോ” എന്ന പേരിൽ അവർ തുടങ്ങി വച്ച കാമ്പെയിൻ ഗാർഹിക പീഡനങ്ങൾക്കെതിരായുള്ള മുറവിളിയായിരുന്നു.ഇത്തരം പീഡനങ്ങൾ സഹിയ്ക്കുന്നവർക്ക് ഈ കാമ്പെയിൻ ഏറെ സഹായകമായി. ഇപ്പോഴിതാ അടിസ്ഥാന ജീവിത സൌകര്യങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ട പാവപ്പെട്ട പെൺകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസാർത്ഥം ഒരു പുതിയ കാമ്പെയ്നുമായവർ എത്തിയിരിയ്ക്കുന്നു. “Selfies4School “എന്ന പേരിൽ വോഡാഫോണുമായി ചേർന്ന് പ്രാവർത്തികമാക്കുന്ന ഈ കാമ്പെയ്ൻ പേരിൽ പറയുന്നതുപോലെ സെൽഫികൾക്കു പകരമായി സ്കൂൾജീവിതം വാഗ്ദാനം ചെയ്യുന്നു. നിൺഗൾ എടുക്കുന്ന ഓറോ സെൽഫിയ്ക്കും പകരം 10 പെൺകുട്ടികളെ സ്കൂളിലയയ്ക്കാമെന്ന വാഗ്ദാനം എങ്ങിനെ ശ്രദ്ധേയമാകാതിരിയ്ക്കും? കാലത്തിനൊത്ത കാമ്പെയ്ൻ എന്നു പറയാതെ വയ്യ.

ഇത്തരം സംഘടനകൾ സമൂഹത്തിന്റെ ബലഹീനതകളെ ഇല്ലായ്മ ചെയ്യാൻ ആവശ്യം തന്നെ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, ഇന്നും ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള വിവേചനം തുടർന്നുകൊണ്ടിരിയ്ക്കേ അവബോധമുണർത്താനായെത്തുന്ന ഇത്തരം സംഘടനകളേയും അതിന്റെ പ്രവർത്തകരേയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

അധികാര വടംവലിയും അരുതാമോഹങ്ങളൂം( അഴിയാക്കുരുക്കുകൾ-5)

കഴിവുള്ള ചില സ്ത്രീകൾ അരികുകളിലേയ്ക്കുനീക്കി നിർത്തപ്പെടുന്നതും സ്ഥാനഭ്രംശരാക്കപ്പെടുന്നതും ഈയിടെ പതിവായിരിയ്ക്കുന്നു.  അധികാരവടം വലികളും അരുതാമോഹങ്ങളും സ്ത്രീയ്ക്കു വിലങ്ങു തടിയായി മാറുന്നത് കാണുമ്പോൾ ദു:ഖം തോന്നുന്നു. ഇതിനെതിരെ ശബ്ദമുയർത്താനും ആരുമില്ലാതെ അവർ ഒറ്റപ്പെടുന്നതു കാണുമ്പോൾ പരിതപിയ്ക്കാനെ കഴിയൂ.

ഫേസ്ബുക്ക് സി.ഒ.ഒ. ആയ ഷെറിൽ സാൻഡ്ബെർഗ് എഴുതിയ Lean In-Women, work and will to lead എന്ന പുസ്തകം ഈയിടെ വായിയ്ക്കാനിടയായി. സ്ത്രീകൾ അവശ്യമായുംവായിച്ചിരിയ്ക്കേണ്ടതാണീ പുസ്തകമെന്നു തോന്നിപ്പോയി. നേതൃത്വസ്ഥാനത്തേയ്ക്കുള്ള കുതിപ്പിന്നിടയിൽ മന:പൂർവ്വമല്ലാതെ തന്നെ ഇടയ്ക്കവൾ നിന്നു പോകുന്നതിന്റെ  കാരണണങ്ങൾ കണ്ടെത്തുകയും പ്രായോഗിക ബുദ്ധി ഉപ്യോഗിച്ചു ഇത്തരം പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നുമൊക്കെയവർ സ്വാനുഭവങ്ങളും എടുത്ത ശരിയും തെറ്റുമായ തീരുമാനങ്ങളും നിരത്തി പ്രതിപാദിയ്ക്കുന്നു, ഈ പുസ്തകത്തിൽ.വികസിതമായ രാജ്യമായ അമേരിക്കയിൽ‌പ്പോലും  ഗവണ്മെണ്ടിന്റേയും പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടേയും ഉന്നത സ്ഥാനത്ത് സ്ത്രീകൾ  വളരെ കുറവാണെന്നവർ ഈ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയെപ്പോലുള്ള വികസ്വരമായിക്കൊണ്ടിരിയ്ക്കുന്ന രാജ്യങ്ങൾക്ക് എല്ലാ രംഗത്തും സ്ത്രീകൾ മുന്നോട്ടു വരേണ്ടത് ഏറ്റവും അവശ്യമായിരിയ്ക്കേ ഇവിടെ കഴിവുൾല സ്ത്രീകൾ പോലും അത്തരം സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെടുമ്പോൾ സ്ത്രീയുടെ പുരോഗതിയുടെ പാതയിലെ ഒരു തടസ്ഥം കൂടിയായേ ഇതിനെ കാണാനാകുന്നുള്ളൂ.

തലസ്ഥാനനഗരിയ്ക്ക് ഏറെ കീർത്തി നേടിക്കൊടുത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (ഐ.എഫ്.എഫ്.കെ) ആർട്ടിസ്റ്റിക് ഡയറകറ്റർ എന്ന നിലയിൽ കഴിഞ്ഞ 10 വർഷങ്ങളോളം ബീനാ പോൾ ചെയത വിലമതിച്ച സേവനം മറക്കാനാകില്ല. ഈയിടെ അവർ രാജിവച്ചതിനു പുറകിലെ ബാലിശമായ ആരോപണങ്ങൾ കേട്ടപ്പോൾ മന:പൂർവ്വം ആരോ ആ സ്ഥാനത്തു നിന്നും അവരെ മാറ്റുന്നതിനായി കിണഞ്ഞു പരിശ്രമിച്ചതുപോലെ തോന്നി. ലോക സിനിമകളെ ഏറെ താൽ‌പ്പര്യപൂർവ്വം ക്രിട്ടിക് പോയന്റിൽ നിന്നും കാണുന്ന ഒരു വ്യക്തിയെന്ന നിലയിൽ വളരെ നല്ല വിദേശ ഡയറക്ടർമാരുടെ സിനിമകളെ ഇന്ത്യയിലേയും പ്രത്യേകിച്ച് സാധാരണക്കാരായ കേരളീയരുടെയും ശ്രദ്ധയിൽ പെടുത്തിയ ബീനാപോളിനെക്കുറിച്ച് വളരെ ആരാധന തന്നെ എനിയ്ക്കു തോന്നിയിരുന്നു. അവർ ഇക്കുറി തിരഞ്ഞെടുത്ത സിനിമകളുടെ നിലവാരം താഴ്ന്നുപോയെന്നായിരുന്നു,അവരുടെ പേരിലുള്ള  ആരോപണം. ഒരേിനിമ രണ്ടു പേർ ഇരുന്നു കണ്ടാൽതന്നെ രണ്ടു തരത്തിൽ വ്യാഖ്യാനിയ്ക്കമെന്നിരിയ്ക്കേ, അവ കാണാതെ തന്നെ വിധിയെഴുതുന്ന വിധികർത്താക്കൾ അധികാര വടംവലി നടത്തുമ്പോൾ ഇത്തരം ബലിയാടുകളും ശിക്ഷിയ്ക്കപ്പെടുന്നു. കഴിവിനെ കണ്ടേത്താനോ പ്രോത്സാഹിപ്പിയ്ക്കാനോ ആരുമില്ലാതെപോകുന്നോ?

സുനിതാ കൃഷ്ണൻ നിർഭയ പദ്ധതിയിൽ നിന്നും സ്ഥാനമൊഴിയുന്നുവെന്നറിഞ്ഞപ്പോഴും ഇതേ വിഷമം തോന്നി. ആ സ്ഥാനത്തേയ്ക്ക് അവരേക്കാൾ കഴിവുള്ളവരായി മറ്റാരെക്കിട്ടാൻ? 2011ൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാർത്ഥം ഏറെ കോലാഹലത്തോടെ  തുടക്കമിട്ട പദ്ധതി ഇനിയുമെന്തേ മുന്നോട്ടു നീങ്ങുന്നില്ല? സർക്കാരിന്റെ വൈമനസ്യം പ്രജ്വല എന്ന സേവനാസംഘടനയുടെ എല്ലാമെല്ലാമായി  അശരണരുടെയും പീഡിതരുടെയും പാവപ്പെട്ടവരുടെയും സംരക്ഷണാർത്ഥം തന്റെ ജീവിതം തന്നെ അർപ്പിച്ച സുനിതയെ ഏറെ ദു:ഖിതയാക്കി. അതിൽ പ്രതിഷേധിച്ചാണവർ സ്ഥാനമൊഴിയുന്നത്.  കൂടുതൽ കൂടുതലായി ഇതേ മനോഭാവമുള്ളവരെ തേടിപ്പിടിച്ച് ഈ പദ്ധതിയെ ഒരു വൻ വിജയമാക്കുന്നതിനു പകരം പദ്ധതിയുടെ തുടക്കം കുറിയ്ക്കാനുള്ള സർക്കാരിന്റെ വിളംബം ഏറെ ഖേദകരം എന്നു തന്നെയേ പറയാനാകൂ. 

 പ്രതിഷേധിച്ചിട്ടെന്തുകാര്യം? അതു എത്തിച്ചേരേണ്ട ചെവികളിൽ എത്തിച്ചേരില്ലെങ്കിൽ .അഥവാ കേൾക്കാൻ വേണ്ടപ്പെട്ടവർ തയ്യാറല്ലെങ്കിൽ! 

അഴിയാക്കുരുക്കുകൾ-4..മദ്യനിരോധനവും സ്ത്രീയും

NDTV യിൽ ബർഖ ദത്തിന്റെ പരിപാടിയിലെ Kerala  Dry Run- In Good spirits ചർച്ചകൾ കേട്ടപ്പോൾ ഞാൻ ടി.വി. യുടെ മുന്നിലാണിരിയ്ക്കുന്നതെന്ന സത്യം മറന്ന് കൈ പൊക്കാനും എന്റെ അഭിപ്രായങ്ങളെ ശ്രോതാക്കളിലേയ്ക്കെത്തിയ്ക്കാനും തോന്നിപ്പോയി. അമ്മയെത്തല്ലാനും രണ്ടുപക്ഷമെന്ന ചൊല്ലിനെന്നപോലെ കുറ്റം കണ്ടു പിടിയ്ക്കാനും പറയുന്നവരെ തിരിച്ച് എതിർക്കാനുമല്ലാതെ പ്രശ്നത്തിന്റെ ഗൌരവത്തെക്കുറിച്ചു ചിന്തിയ്ക്കാൻ ഇവരാരും അൽ‌പ്പ സമയമെങ്കിലും കണ്ടെത്തുന്നില്ലല്ലോ? രോഗമറിഞ്ഞു വേണ്ടേ ചികിത്സ തുടങ്ങാൻ?

 

മദ്യകേരളമെന്ന് നമ്മൾ തന്നെ ലേബലൊട്ടിച്ചിട്ട് ഇപ്പോൾ അതൊന്നു മാറ്റാൻ പറ്റാതെ കുഴങ്ങുകയാണു നാം. പശയ്ക്കു ഇത്രയും ശക്തി കാണുമെന്നു കരുതിക്കാണില്ല.   ശരിയാണു ശീലങ്ങൾ സൃഷ്ടിയ്ക്കാൻ ഏറെ എളുപ്പം. അതൊന്നു മാറ്റാനോ? പുകവലിയായാലും മുറുക്കായാലും മദ്യപാനമായാലും ഒക്കെ വേഗം തുടങ്ങാനാകും. പക്ഷേ, മനസ്സറിഞ്ഞു ശ്രമിച്ചിട്ടും മാറ്റാനാകാതെ കുഴങ്ങുന്നവർ ഏറെക്കാണും. മദ്യപാനാസക്തിയും അമിതമായ മദ്യപാനവും ഒട്ടേറെ സ്ത്രീ ജീവിതങ്ങളുടെ ഗതിയൊഴുക്കിനെ വളരെ പ്രതികൂലമായി ബാധിയ്ക്കുമ്പോൾ ചിന്തിയ്ക്കാതിരിയ്ക്കാനും പരിപൂർണ്ണ നിരോധത്തിനു ജയ് വിളിയ്ക്കാതിരിയ്ക്കാനുമാകില്ലെന്നുള്ളതാണ് സത്യം. ബർക്ക ദത്തിന്റെ പരിപാടിയിൽ സംസാരിച്ച മുഖപടമണിഞ്ഞ സ്ത്രീയുടെ കഥ എത്ര ശോചനീയം! കുടിയന്മാരായ ഭർത്താക്കന്മാരാൽ കഷ്ടപ്പെടുന്ന ഭാര്യമാരുടെ കഥ നമ്മളെന്നും കാണുന്ന കാഴ്ച്ചകൾ മാത്രം. ഇവിടെ വിവാഹശേഷം ഭർത്താവു തന്നെ അവരെ ശീലിപ്പിയ്ക്കുന്ന കുടി ഒരു അഡിക്ഷനായി മാറാൻ അധിക സമയം വേണ്ടി വന്നില്ലെന്നാണവർ പറയുന്നത്. നമുക്കു ചുറ്റുമൊന്നു കണ്ണോടിച്ചാൽ സമൂഹത്തിന്റെ പലതുറകളിലും ധനിക – ദരിദ്ര വ്യത്യാസമില്ലതെ മദ്യപാനത്തിന്നടിമയായിത്തീർന്ന സ്ത്രീകളേയും കാണാനാകും. മദ്യപാനത്തിന്റെ ആവശ്യകത / അഥവാ ആസ്വാദ്യകതയും ആധിക്യത്താലുണ്ടാകുന്ന   ദൂഷ്യവശങ്ങളൂം തമ്മിലുള്ള അകലം അത്രമാത്രം നേരിയതാണെന്ന സത്യമാണിവിടെ കാണാനാകുന്നത്. കേരളത്തിൽ മദ്യനിരോധനം ആവശ്യമാണോ? അതിന്റെ  പാർശ്വഫലം എന്തായിരിയ്ക്കാം? വീണ്ടൂം പഴയ സ്ഥിതിയിലേയ്ക്ക് വാറ്റ് ചാരായക്കാരന്റെ മടിശ്ശീല വീർപ്പിയ്ക്കാനായൊരു  തിരിച്ചു പോക്കോ? വ്യാജ മദ്യ ദുരന്തങ്ങളെ മറക്കാൻ ഇത്ര വേഗം നമുക്കായോ? മദ്യനിരോധ കേരളത്തിനെ സഹർഷം സ്വാഗതം ചെയ്യാനൊരുങ്ങുന്ന നമ്മുടെ മലയാളി വനിത ഇപ്പോൾ ശരിയ്ക്കും പകയ്ക്കുകയാണ്ചിരിയ്ക്കണമോ അതോ കരയണമോ എന്നറിയാതെ….. വിവാദങ്ങൾക്കു പ്രാധാന്യം നൽകാതെ വിവേകത്തിനു പ്രാധാന്യം നൽകി അൽ‌പ്പം ബോധവൽക്കരണമാർഗ്ഗങ്ങൾ തേടാനുള്ള ബുദ്ധി ആരെങ്കിലും കാണിച്ചിരുന്നെങ്കിൽ! മദ്യം വിഷമെന്ന വിളംബരം നടത്തുന്നതിലോ  മദ്യം നിരോധിയ്ക്കുന്നതിലോ കിട്ടുന്നതിനേക്കാൾ എത്രയോ കൂടുതൽ ആവശ്യം മദ്യപാനത്തെക്കുറിച്ചുള്ള ജനതയുടെ സമീപനവും കാഴ്ച്ചപ്പാടും മാറ്റുക തന്നെയാണ്. അൽ‌പ്പം സങ്കീർണ്ണമായ പ്രശ്നം തന്നെയെങ്കിലും ഫലം ഉണ്ടാകാതിരിയ്ക്കുമോ? ദു:ഖത്തിന്നവധി മദ്യം തന്നെയെന്ന അബദ്ധധാരണ, അൽ‌പ്പം ഉള്ളിലാക്കിയാൽ എന്തും വിളിച്ചുപറയാനുള്ള ചങ്കൂറ്റം കിട്ടുമെന്ന വിചാരം, ആണായാൽ മദ്യപാനം അവശ്യമെന്ന വിചാരം തുടങ്ങി മദ്യപന്മാർക്കേറെ കാരണങ്ങൾ കയ്യിലുണ്ടാവും നിരത്താൻ. ഒരു നിരോധനത്തെ തരണം ചെയ്ത് സ്വന്തം ദിവസ ക്വോട്ട കയ്യിലാക്കുന്നതും മദ്യപന്മാരെസ്സംബന്ധിച്ചിടത്തോളം ഹരം കൂട്ടുന്ന ലഹരിയായി ഇനി മാറിയേയ്ക്കാം.

മദ്യത്തിന്റെ അനായാസമായ ലഭ്യത ഒട്ടനവധി പേരെ മദ്യപാ‍ന ശീലത്തിലേയ്ക്കു നയിയ്ക്കുന്നുണ്ടാകാം. ഇത്തരക്കാരെസ്സംബന്ധിച്ചിടത്തോളം ഈ നിരോധനം ഒരു മോചനം തന്നെയായി മാറിയെങ്കിലത്  ആവശ്യം തന്നെയല്ലേ?  Work is the curse of the drinking classes എന്ന്
ഓസ്കർ വൈൽഡ്സ് പറയുകയുണ്ടായി.മദ്യാസക്തി മൂലം ജീവസന്ധാരണ മാർഗ്ഗമായ ജോലി പോലും വേണ്ട വിധം ചെയ്യാനാകാതെ നഷ്ടമാകുന്ന സാധാരണക്കാരനേയും പാർശ്വഫലങ്ങൾ തീ തീറ്റിയ്ക്കുന്ന ശിഥിലമാകുന്ന കുടുംബബന്ധങ്ങളേയും നമുക്കു രക്ഷിയ്ക്കാനായെങ്കിൽ! സത്യത്തിൽ നല്ലൊരു വിഭാഗം ജനങ്ങൾ കുടിയ്ക്കാത്തവരായിട്ടുകൂടി ഇന്ത്യയിലെ മദ്യത്തിന്റെ ശരാശരി ഉപഭോഗത്തിന്റെ ലിസ്റ്റിൽ കേരളം മുൻ പന്തിയിൽആണെന്നു വരുമ്പോൾ ഒന്നു തീർച്ചയാണ്, കുടിയ്ക്കുന്നവരുടെ ഉപയോഗത്തിന്റെ തീവ്രത ഏറെയാണെന്നു. ഇവരിൽ ആ തിരിച്ചറിവ് സൃഷ്ടിയ്ക്കലെന്ന ബോധവൽക്കരണം നമുക്കേറ്റവും ആവശ്യമാണ്. മദ്യ വിൽ‌പ്പനയും നിന്നും ടൂറിസവും സ്റ്റേജിനു പിന്നാമ്പുറത്തെ വസ്തുതകൾ മാത്രം. പ്രശനത്തിന്റെ ഭീകരത നമ്മെ നോക്കി പല്ലിളിയ്ക്കുമ്പോൽ പ്രതിച്ഛായകൾ സൃഷ്ടിയ്ക്കുവാനോ സൃഷ്ടിയ്ക്കാനൊരുങ്ങുകയാണെന്നു കുറ്റാരോപണം നടത്താനോ മുതിരാതെ ഒറ്റക്കെട്ടായി ഈ പ്രശ്നത്തെ നേരിടുകയാണെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടുതന്നെയെന്നു നമുക്കിനിയും അവകാശപ്പെടാനാകും, തീർച്ച. ിടെ നിന്നു തുടൺഗണമെന്നതിലും അധികം ആലോചിയ്ക്കാനുണ്ടെന്നു തോന്നുന്നില്ല. മദ്യപാനാസക്തിയാൽ കരഗതമായ പല പലമാരകരോഗങ്ങൺഗൾക്കടിമപ്പെട്ടാശുപത്രികളെശരണമ്പ്രാപിയ്ക്കുന്നവരും ഈ പോരാട്ടത്തിൽജീവിതം നഷ്ടപ്പെടുന്നവരും നമുക്കുചുടും ഏറെയാണ്.  മദ്യലഹരി കുറ്റകൃത്യൺഗളേയും വർദ്ധിപ്പിയ്ക്കുന്നതിനാൽ ഒരു പക്ഷേ പൊഅല തരത്തിലുള്ള കുറ്റകൃത്യൺഗളും കുറയാനിതു സഹായിചേയ്ക്കാം.

ആസക്തി കൂടുതലായാൽ എന്തും വിഷം തന്നെ. സ്വന്തം ശരീരത്തിന്നാവശ്യമായവ മാത്രം തിരഞ്ഞെടുക്കാനും കഴിയ്ക്കാനും നാം പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു.  തണുപ്പേറിയ രാജ്യങ്ങളിലെ ജീവിതരീതിയോ ഭക്ഷണരീതിയോ ഉഷ്ണരാജ്യങ്ങളിൽ സ്വീകാര്യമാവണമെന്നില്ല. അനുകരണഭ്രമങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം അത്യന്താപേക്ഷികം തന്നെ. സോക്രട്ടീസ് പറഞ്ഞപോലെ ഒന്നിനും കൊള്ളരുതാത്തവർ തിന്നാനും കുടിയ്ക്കാനുമായി ജീവിയ്ക്കുന്നു; ശ്രേഷ്ഠജനങ്ങളോ, ജീവിയ്ക്കാനായി മാത്രം തിന്നുകയും കുടിയ്ക്കുകയും ചെയ്യുന്നു. ( Worthless people live to eat and drink; people of worth eat and drink only to live- Socrates  ) നാം മറന്നു കൊണ്ടിരിയ്ക്കുന്ന ഈ സത്യം നമ്മെത്തന്നെ ഭയപ്പെടുത്തുകയാണിപ്പോൾ.