Home –  Archive
Monthly Archives: Dec 2014

നവവത്സരാശംസകൾ

വരിക പുതുവർഷമേ, സ്വാഗതമോതുന്നു ഞാൻ
തരികയിനിയുമൊരവസരവും കൂടി
പലതും ചെയ്തീടാനായ് കൊതിച്ചു, കഴിഞ്ഞില്ലെ-
ന്നറിയുന്നൂ ഞാൻ, തിരുത്തീടുവാൻ ശ്രമിയ്ക്കട്ടേ!

മനസ്സിൻ പടിവാതിലൊന്നിലായ് ദിനങ്ങൾ തൻ
കണക്കു കുറിയ്ക്കുമ്പോളോരോരോ ദിനത്തെയും,
എനിയ്ക്കു നല്ല ദിനമെന്നൊന്നു കുറിയ്ക്കണം,
ശരിയ്ക്കും പുതുവർഷദിനത്തിൻ തുടക്കമായ്.

എതിർക്കാൻ കഴിയണമെന്നിലെ ദൂഷ്യങ്ങളെ,
അടക്കാൻ കഴിയണം ദേഷ്യത്തെ, യസൂയയെ
നിലത്തു വീണീടുമ്പോളെഴുനേറ്റിടാൻ ശക്തി
യെനിക്കു ലഭിയ്ക്കണം, നല്ലൊരാ ദിനങ്ങളിൽ.

പുതുവർഷമേ നൽക നന്മമാത്രമെൻ മിത്ര-
മിവരെല്ലാർക്കും, സുഖസമൃദ്ധി, സന്തോഷവും
വിരിയട്ടെ സൌഹൃദപ്പൂക്കളും, സ്നേഹത്തിന്റെ
നിറമുൾക്കൊണ്ടിട്ടെന്നും സുന്ദരമായീടട്ടെ!.

bye 2014, welcome2015

യാത്ര ചൊല്ലിടാനായി നീ കാത്തു നിന്നീടുമ്പോ-

ളോർത്തുപോയ് , ഇതുപോലെ നിന്നെ സ്വാഗതം ചെയ്യാൻ

കാത്തു നിന്നൊരാ ദിനം, മനസ്സിൽ പല സ്വപ്നം

ചേർത്തു ഞാനെന്നെത്തന്നെ മറന്ന നിമിഷങ്ങൾ!

വർഷമേ, നിന്നിൽ ലയിച്ചൊപ്പം ഞാൻ ചരിച്ചെന്റെ

വർണ്ണങ്ങൾ നിറഞ്ഞൊരാ സ്വപ്നങ്ങൾ കൂടെക്കൂടി

എണ്ണിയില്ലവയെത്ര സത്യമായെന്നുള്ളതു-

മെങ്കിലും കരുണ നീ കാട്ടിയതറിയുന്നു.

ഇന്നു നീ വിടചൊൽകെ നന്ദിയോതിടുന്നിതാ

വന്നിടും വർഷത്തിനു സ്വാഗതമോതുന്നൊപ്പം

നന്മകൾ നിറഞ്ഞിടും പുതിയ വർഷത്തിനെ

നമ്മൾക്കിന്നെതിരേൽക്കാം, ആശംസകളും നേരാം.

അഴിയാക്കുരുക്കുകൾ-11 മനുഷ്യാവകാശ ദിനവും സ്ത്രീയും

 

വീണ്ടും ഒരു ഡിസംബർ 10 എത്തിയിരിയ്ക്കുന്നു, മനുഷ്യാവകാശദിനത്തിന്റെ കൊടിയും പിടിച്ചുകൊണ്ട്. 1950ൽ ആണ് ഈ ദിവസത്തെ മനുഷ്യാവകാശദിനമായി പ്രഖ്യാപിച്ചത്.ലോകത്തെങ്ങുമുള്ള മനുഷ്യർക്കെല്ലാവർക്കും, ആണിനും പെണ്ണിനും ഒരേപോലെ , മനുഷ്യരായി ജനിച്ചതിനാൽ  ജീവിയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനായുള്ള ചില  നിയമങ്ങൾ അല്ലെങ്കിൽ രൂപരേഖകൾ ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. നൈജീരിയൻ എഴുത്തുകാരനായ ചിനുഅ എയ്ക്ബെ( Chinua Achebe) പറഞ്ഞ പോലെ ഇന്നും സ്ത്രീകൾ ‘ഏറ്റവും  വലിയ  അടിച്ചമർത്തപ്പെട്ട വിഭാഗ’മായിത്തന്നെ തുടരുകയാണ് ഇത്രയേറെ വർഷങ്ങൾക്കു ശേഷവും. ലോകത്തെവിടെ ജനിച്ചാലും സ്ത്രീ എന്നും അഴിയാക്കുരുക്കുകൾക്കിടയിൽത്തന്നെ ഞെരിഞ്ഞമരുന്നത് എന്തു കൊണ്ടായിരിയ്ക്കാം?

 

 

മനുഷ്യനെന്ന ലേബൽ ഉണ്ടായിട്ടും അനീതിയ്ക്കെതിരെ പൊരുതി ജയിയ്ക്കാൻ സ്ത്രീ ബുദ്ധിമുട്ടുന്നു. വീറും വാശിയും ഇല്ലാഞ്ഞിട്ടല്ല, അതൊരുപക്ഷേ കൂടിയെന്നേ വരൂ. പിന്നെ എന്തുകൊണ്ടാണ് പലപ്പോഴും സ്ത്രീയ്ക്ക് പലരംഗങ്ങളിലും അറിഞ്ഞുകൊണ്ടു തന്നെ തോൽവി സമ്മതിച്ചു കൊടുക്കേണ്ടി വരുന്നത്? ഒരുപക്ഷെ ജയിയ്ക്കാനാകുമെന്ന നിലയിലേയ്ക്കുള്ള പ്രയാണത്തിന്റെ കടയ്ക്കൽ അവൾ തന്നെ കോടാലി വയ്ക്കുന്നതായും കാണുന്നു. വികാരത്തള്ളൽ മാത്രമല്ല കാരണമെന്നും കാണാം. ത്യാഗശീലമോ? നിഷേധിയ്ക്കാനാവാത്ത ചില സന്ദർഭങ്ങളിൽ സ്വയം ശിക്ഷ ഏറ്റുവാങ്ങാനുള്ള സ്ത്രീയുടെ സഹജമായ സ്വഭാവവിശേഷത്തിനു പിന്നിലെ ചേതോവികാരം സ്നേഹം ഒന്നു മാത്രം തന്നെയായെന്നു വരാം. സ്വന്തമായതെന്തായാലും അതിനെ മുറുകെപ്പിടിയ്ക്കാനവൾ ആശിയ്ക്കുന്നു, പിടിവിട്ടുപോയാൽ സങ്കടപ്പെടുന്നു. പലപ്പോഴും അതിനിടയിൽ സ്വന്തം ജീവാവകാശങ്ങളും ബലി കഴിപ്പിയ്ക്കപ്പെടുന്നു.

 

 

 

മനുഷ്യാവകാശനിയമപ്രകാരം സ്ത്രീക്കും പുരുഷനും തുല്യാവകാശം തന്നെ. പക്ഷേ സ്ത്രീക്കു ഒരിയ്ക്കലും അതു ലഭിയ്ക്കുന്നില്ലെന്നു മാത്രം. ഏതു രംഗത്തായാലും പ്രകടമായ സത്യം തന്നെ. ഒന്നു പത്രമെടുത്തു നോക്കിയാൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചറിയാനാകും. ഒരു ജോലി സ്ഥലത്തെത്തിയാൽ അവിടെ സ്ത്രീയായതിനാലുള്ള ദൌർഭാഗ്യകരമായ അനുഭവങ്ങൾ ഏറെ. പുരുഷന്മാർക്കും തിക്താനുഭവങ്ങൾ കുറവില്ലെന്നു പറയുമെങ്കിലും ഇത്രയും സ്ത്രീകളെപ്പോലെ ഒരടിച്ചമർത്തലിനു വിധേയമാകുന്നുണ്ടെന്നു തോന്നുന്നില്ല. ഒരു പരിധി വരെ സ്ത്രീ തന്നെ സ്വയം സൃഷ്ടിയ്ക്കുന്ന തടവറയ്ക്കുള്ളിലെ സുരക്ഷിതത്വത്തെ  അവൾ ആസ്വദിയ്ക്കുന്നുവെന്നത് സത്യം. പക്ഷേ ആ പരിധിയുടെ നിർൺനയമാണ് പലപ്പോഴും കുഴപ്പങ്ങൾൾ സൃഷ്ടിയ്ക്കുന്നതും.

 

എന്തായാലും ഡിസംബർ 10നു ഐക്യരാഷ്ട്ര സംഘടനയുടെ നിർദ്ദേശപ്രകാരം നമ്മൾ  ആചരിയ്ക്കുന്ന സാർവ്വദേശീയ  മനുഷ്യാവകാശ സംരക്ഷണാ ദിവസത്തെ ലോകനന്മയുടെ വിത്തുകൾ വിതയ്ക്കാനുള്ള  ഒരു അവസരമായി ഉപയോഗിയ്ക്കാനും പ്രത്യേകീച്ച് സ്ത്രീകൾക്കെതിരായുള്ള അന്യായമായ അടിച്ചമർത്തലുകളുടെ പ്രശ്നങ്ങളെ ലോകശ്രദ്ധയിൽ‌പ്പെടുത്താനും ഉപയോഗിച്ചിരുന്നെങ്കിൽ.