Home –  Archive
Monthly Archives: Apr 2015

തീ പിടിയ്ക്കുന്ന പ്രണയപാശ(ശാപ)ങ്ങൾ.. അഴിയാക്കുരുക്കുകൾ-24

സൌഹൃദത്തിന്റെ തീപ്പിടുത്തമാണ് പ്രണയം. പരസ്പ്പരം മനസ്സിലാക്കലും വിശ്വാസമർപ്പിക്കലും പങ്കിടലുകളും മാപ്പുകൊടുക്കലുമെല്ലാമാണിത്. നല്ല സമയത്തെന്നപോലെ ചീത്ത സമയവും ഒന്നിച്ചു നിൽക്കലാണത് . പരിപൂർണ്ണതയെ തേടാതെ മനുഷ്യന്റെ ബലഹീനതകളെ ഉൾക്കൊള്ളാനും അതിനു കഴിയുന്നു. (ആൻ ലാൻഡേർസ്)  . പക്ഷേ ഈയിടെ പത്രത്തിൽക്കാണുന്ന വാർത്തകൾ ഇതിനൊക്കെയൊരപവാദമായി മാത്രമേ കാണാനാകുന്നുള്ളൂ .പ്രണയവും മാറ്റങ്ങൾക്കടിമപ്പെടുന്നുവോ?

താൻ സ്നേഹിയ്ക്കുന്ന യുവതിയെ കാറിടിച്ചുകൊല്ലാൻ ശ്രമിച്ച ഒരു യുവാവിനെക്കുറിച്ച് ഏതാനും ദിവസം മുൻപു വായിയ്ക്കാനിടയായി. മറ്റൊരു യുവാവ് യുവതിയുടെ വീടിനു തന്നെ തീ വെച്ച് അവളെയും അമ്മയേയും കൊലപ്പെടുത്തിയതായും വായിയ്ക്കാനിടയായി. ഇതുപോലുള്ള പല വാർത്തകളും മുൻപും വായിച്ചു. അപ്പോഴെല്ലാം മനസ്സിലുണ്ടായ സംശയം ഒന്നു മാത്രം- ഈ യുവാക്കളുടെ പ്രവൃത്തിയിൽ പ്രണയതീവ്രത ഒട്ടും തന്നെ കാണാനാകുന്നില്ലല്ലോ? ഇതോ പ്രണയം? ഇതോ നിരാശാകാമുകന്മാരുടെ പ്രകടനം? ഇതുവെറും പകപോക്കലുകൾ മാത്രമല്ലേ?

ആൻ ലാൻഡേർസ് പറഞ്ഞതുപോലെ പ്രണയം ഉരുത്തിരിഞ്ഞു വരുന്ന സൌഹൃദമായാൽത്തന്നെയേ അതിനു ചകിരിനാരുകളിൽ നിന്നും പിരിച്ചെടുക്കുന്ന കയറിനെപ്പോലെ ദാർഢ്യം കാണൂ. പ്രണയ പരാജയമോ പലപ്പോഴും അത്തരം കയറുകളിൽത്തന്നെ ഒടുങ്ങിയിരുന്ന കാലവും വിദൂരമല്ല. ഇപ്പോൾ സ്വയം കയറിൽ ഒടുക്കിയിരുന്ന കനത്ത പ്രണയ നൈരാശ്യത്തെയാണിങ്ങനെ പ്രതികാരമാക്കി യുവാക്കൾ  മാറ്റിയിരിയ്ക്കുന്നത്. വിശുദ്ധമായ പ്രണയം പരസ്പ്പരം മനസ്സിലാക്കലും തെറ്റുകൾ ക്ഷമിയ്ക്കലും കാത്തിരിപ്പിന്റെ മാധുര്യം കലർന്നതുമാകുമ്പോൾ ഇതെങ്ങനെ സംഭവിയ്ക്കുന്നു? ക്ഷമയെന്ന വാക്ക് മറ്റു മേഖലകളിലെന്നപോലെ  പ്രണയത്തിനും ഉൾക്കൊള്ളാനാകുന്നില്ലെന്നല്ലേ ഇതിനർത്ഥം? പണം സമ്പാദിയ്ക്കാനും സുഖിച്ചു ജീവിയ്ക്കാനുമുള്ള തത്രപ്പാടിൽ പ്രണയത്തേയും അതിനുള്ള വഴിയായി മാത്രം കാണുന്നവരും ഇതിനൊക്കെ കാരണമായെന്നു വരാം.

. പണ്ടുകാലത്തെ പ്രണയികളിൽ നല്ലൊരു വിഭാഗവും പരസ്പ്പരം അറിയുന്നവരോ അയൽക്കാരോ ബന്ധുക്കളോ ഒന്നിച്ചു ജോലിയെടുക്കുന്നവരോ ആയിരുന്നു. ഇന്ന് കേരളത്തിലെ സ്ഥിതി നോക്കിയാൽ സഹപ്രവർത്തകരോ അടുത്തു താമസിയ്ക്കുന്നവരോ മലയാളികൾ ആകണമെന്നില്ല. അവരെക്കുറിച്ചുള്ള അറിവുകളും വളരെ പരിമിതമായിരിയ്ക്കാം. പക്ഷേ പ്രേമത്തിനു കണ്ണില്ലെന്നു പറയുന്നതുപോലെ അടുക്കുന്ന മനസ്സുകൾക്കിതു തുടക്കത്തിൽ പ്രശ്നമാകുന്നില്ല. കളി കാര്യമായി മാറുമ്പോൾ ഉറപ്പുള്ള ചകിരിനാരാൽ പിരിച്ചെടുക്കപ്പെടാത്തതിനാൽ,  തുടർച്ചയായ സാമീപ്യം മാത്രം  നെയ്തെടുത്ത പ്രണയച്ചരടുകൾക്കീടുനൽകാൻ  പരസ്പ്പരം മനസ്സിലാക്കിയും ക്ഷമിച്ചും സഹിച്ചും ത്യജിച്ചും മുന്നേറാൻ പുതുതലമുറകൾക്കാവുന്നില്ല. ഫലമോ? ഊതിവളർത്താൻ മോഹിച്ചവർ തന്നെ അതിനെ ഊതിക്കെടുത്താൻ ശ്രമിയ്ക്കുന്ന സ്ഥിതിവിശേഷം സജാതമാകുന്നു. പ്രേമം പ്രതികാരത്താൽ പുറന്തള്ളപ്പെടുന്നു. പണ്ടും പ്രതികാരം ഉള്ളവർ ഉണ്ടായിരുന്നില്ലെന്നില്ല. പക്ഷേ ഒരു നിമിഷാർദ്ധത്തിന്റെ വികാരത്തള്ളലിൽ ഇഷ്ടഭാജനമെന്നിതേവരെ കരുതിയിരുന്ന സ്ത്രീയെ ആസിഡ് ഒഴിച്ചോ, കത്തിച്ചോ കാറിടിച്ചോ കുത്തിയോ കൊലപ്പെടുത്തുന്നവരുടെ എണ്ണം കൂടിവരുമ്പോൾ  സമൂഹത്തിനു ചിന്തിയ്ക്കാതിരിയ്ക്കാനാകില്ല. എന്തായിരിക്കും, ഇതിനു കാരണമെന്ന്.

മോഹിച്ചതെന്തും കൈയ്യിൽക്കിട്ടണമെന്ന് പുതുതലമുറയുടെ വാശിയെ നാം ഭയപ്പെടേണ്ടിയിരിയ്ക്കുന്നു. ലഹരിയുടെ  മരുന്നുകളാൽ ആകർഷിയ്ക്കപ്പെടുന്ന പുതുതലമുറ സ്വയം മറക്കുമ്പോൾ ച്ഛിന്നമാകുന്നത് സ്വന്തം കുടുംബത്തിന്റെ ഭദ്രത തന്നെയാണ്. കഞ്ചാവിനും മദ്യത്തിനും അടിമയാകുമ്പോളുള്ള അക്രമപ്രവണത സ്വന്തം അച്ഛനമ്മമാരെയോ ബന്ധുക്കളെയോ കയ്യേറ്റം ചെയ്യാനവർക്കു ധൈര്യം നൽകുന്നു. പണത്തിനുവേണ്ടി എന്തു കുത്സിതപ്രവൃത്തിയും ചെയ്യാനവർ മടിയ്ക്കില്ല. തന്റെ പ്രേമഭാജനത്തേയും ബന്ധുക്കളേയും കാറിടിച്ചു കൊല്ലാൻ ശ്രമിച്ച യുവാവിനെ പിന്തുണയ്ക്കാനെത്തിയ അച്ഛനും സമൂഹത്തിലെ മറ്റൊരു വിഷജീവി മാത്രം.എവിടെയാണിവിടെ പ്രണയം കാണാനായത്? ഒരുപക്ഷേ പ്രണയമെന്ന വാക്ക് പണമെന്ന വാക്കിനു പുറകിൽ മറഞ്ഞിരിയ്ക്കുകയാവാം. നമ്മുടെ ജീവിതലക്ഷ്യം ധനസമ്പാദനം എന്ന ആറു അക്ഷരങ്ങളിൽ കുരുങ്ങിക്കിടക്കുകയാണല്ലോ ഇപ്പോൾ. വിദ്യാഭ്യാസം അതിനുള്ള ഒരു ഉപാധി മാത്രം. അവിടെ തഴയപ്പെടുന്നവരാണധികവും എളുപ്പ വഴികൾ തേടുന്നതും. മറ്റീരിയലിസ്റ്റിക് ചിന്തകൾ വളർത്തുന്ന സുഖ;ലോലുപത നിറഞ്ഞ ജീവിതത്തിനായുള്ള പാച്ചിലുകളിൽ വരുന്ന തടസ്സങ്ങളെ എങ്ങനെ നിർമ്മാർജ്ജനം ചെയ്യണമെന്നു പഠിയ്ക്കാൻ ഇത്തരക്കാർക്കേറെ സമയം വേണ്ട.

പരസ്പ്പര സ്നേഹം തൊട്ടുതീണ്ടാത്ത സ്വാർത്ഥത നിറഞ്ഞ സമൂഹത്തിന്റെ മുഖം നമ്മെ ഭയപ്പെടുത്തുമ്പോൾത്തന്നെ ഒരു പരിവർത്തനത്തിനായൊന്നും തന്നെ ചെയ്യാനാകുന്നില്ലെന്ന ബോധവും നമ്മെ തളർത്തുന്നു. മനുഷ്യൻ പണ്ടേ ക്രൂരജീവിയായിരുന്നു. അതു പ്രകടിപ്പിയ്ക്കുന്ന രീതികളിലെ വ്യതിയാനം മാത്രമായിരിയ്ക്കാമിതെന്നു കരുതാം.

അഴിയാക്കുരുക്കുകൾ-23 അമ്മമാർക്കായി സംക്രമ വിഷുപ്പക്ഷികളും കൊന്നപ്പൂക്കളും കുഞ്ഞുങ്ങളും പറയുന്ന കഥകൾ…

മാറ്റങ്ങൾ മനുഷ്യർക്കു മാത്രമല്ലെന്നു തോന്നുന്നു. വിഷുപ്പക്ഷികൾ പാടാനെത്തുന്നതിനുമുന്നേ തന്നെ കൊന്നയ്ക്കു ധൃതിയാകുന്നു, പൂത്തുലായാൻ. ഈയിടെ എവിടെ നോക്കിയാലും പൂത്തു നിറഞ്ഞുലഞ്ഞു നിൽക്കുന്ന കൊന്നമരങ്ങളാണ്. ചിലമരങ്ങൾ കണ്ടാൽ അവയിൽ ഇലപോലും ഇല്ലെന്നു തോന്നും. അത്രമാത്രം പൂക്കളാണ്.പണ്ടെമ്ന്നും കൊന്ന് ഇത്രയേറെ പൂത്തുഅഞ്ഞു കണ്ടതയി ഓർക്കുന്നേയില്ല. ശരിയ്ക്കും ഒരു നല്ല കവിതപോലെ കൊന്നപ്പൂവുകൾ ൾ നിറഞ്ഞു നിൽക്കുന്ന കൊന്നമരം മനസ്സിലും അൽ‌പ്പം വർണ്ണരാജി വിതറുന്നതുപോലെ. എന്താവാം കൊന്ന ഈയിടെ ഇത്രയധികം പൂക്കാൻ കാരണം. അന്തരീക്ഷത്തിലെ ചൂടിന്റെ കൂടുതലോ അതോ പ്രദൂഷണമോ? മനുഷ്യരുടെ മനസ്സുപോലെ പുറത്തെ ചിരിയിൽ മയങ്ങുമ്പോൽ മനഃപൂർവ്വം അ അന്തരീക്ഷ മലിനീകരണം നാം മറക്കുന്നുവോ? കൊന്നകൾ മാത്രമല്ല സത്യത്തിൽ ഈ കഥ പ്പറയുന്നത്. വഴി വക്കിലെ, പ്രത്യേകിച്ചും ഹൈവേയുടെ ഇരുവശത്തുമുള്ള ഫലവൃക്ഷങ്ങളെയും ചെടികളേയും ശ്രദ്ധിച്ചാലിതു മനസ്സിലാക്കാനാകുന്നു. വാഹനങ്ങൾ പുറത്തുവിടുന്ന പുകയും ചൂടും ഇവയുടെയൊക്കെ സ്വഭാവിക വളർച്ചയേയും പുഷ്പിയ്ക്കലിനെയുമെല്ലാം എത്രമാത്രം സ്വാധീനിച്ചിരിയ്ക്കുന്നുവെന്ന്.പ്രതികരിയ്ക്കാനിനിയും സമയമായില്ലെ? രണ്ടു ദിവസം മുൻപ്  പത്രത്തിൽ കാർബൈഡ് ഉപയോഗിച്ച് മാങ്ങ പഴുപ്പിച്ചു വിൽക്കുന്നയാളെ അറസ്റ്റു ചെയ്തെന്ന വാർത്ത കണ്ടു. ഒരേ പ്രക്രിയ തന്നെയല്ലേ?ൊന്ന ചിരിയ്ക്കുന്നു, കരയാനറിയാത്തതിനാലാകാം.

വിഷുവരുന്നെന്നറിയിയ്ക്കാൻ വിഷുപ്പക്ഷി എത്തുന്നില്ലെന്നില്ല. ഈ പക്ഷികൾ നാട്ടിൻപുറങ്ങളിൽ‌പ്പോലും വളരെ അപൂർവ്വമായിരിയ്ക്കുന്നു എന്നുമാത്രം. അതോ അവ പാടാതിരിയ്ക്കുകയാണോ? എന്തായിരിയ്ക്കും ആ മൌനത്തിനർത്ഥം? പ്രതിഷേധമാണോ, മനുഷ്യരുടെ പ്രകൃതിയോടൂള്ള സമീപനത്തിലെ   ക്മര്നൂരറ്ഷ്യറ്പ്ലെത്ത്ന്നെ കണ്ടിട്ട്? പാടിത്തെളിഞ്ഞ പാട്ടിന്റെ അർത്ഥ ശൂന്യതയും വിരസതയും വിഷുപ്പക്ഷികൾക്കും മടുപ്പ് വർദ്ധിപ്പിയ്ക്കുന്നതോ?  മറ്റെങ്ങോട്ടെങ്കിലും അവ ചേക്കേറിയോ , പ്രവാസികളായ കേരളീയരെപ്പോലെ?  അതോ അവയുടെ എണ്ണത്തിലെ കാര്യമായ കുറവിനെയാണോ ഇതു കാണിയ്കുന്നത്? മനോധർമ്മമനുസരിച്ച് വരികൾ സൃഷ്ടിയക്കപ്പെടുന്ന വിഷുപ്പക്ഷിയുടെ കളകൂജനം കേൾക്കുന്ന ആരും അതൊന്നേറ്റു പാടാൻ എത്ര മോശമായ ശബ്ദമാണെങ്കിലും ഒന്നു മോഹിയ്ക്കില്ലേ?

വിഷുക്കിളികളുടെ പാട്ടേറ്റു പാടുന്ന കുഞ്ഞുങ്ങളെവിടെപ്പോയ്?  കഴിഞ്ഞ ദിവസം ഈ പാട്ടു കേട്ടപ്പോൾ ആ കിളിയെ കാണാനായി ഞാൻ ഓടി മുറ്റത്തു വന്നു. ആദ്യം പതുക്കെയും ചുറ്റും ആരുമില്ലെന്നു കണ്ടപ്പോൾ അൽ‌പ്പം ഉറക്കെത്തന്നെയും അതിനെ അനുകരിച്ചു മറുപടി കൊടുത്തപ്പോൾ അവാച്യമായൊരു സന്തോഷം മനസ്സിൽ. ഓർമ്മകളുടെ വേലിയേറ്റം.  പക്ഷേ അടുത്ത കാലത്തൊന്നും വിഷുപ്പക്ഷിയെ അനുകരിച്ചു ഏറ്റ്പാടുന്ന ഒരു കുഞ്ഞിനെ കാണാൻ കഴിഞ്ഞിട്ടില്ല. എന്താവും കാരണം? ഇത്തവണ എനിയ്ക്കുത്തരത്തിൽ സംശയമേ ഇല്ല. അവർക്കറിയില്ല അതിനെ അനുകരിയ്ക്കാൻ. ആരും അതവരെ പഠിപ്പിച്ചിട്ടില്ല. പ്രകൃതിയെ അറിയാനും അനുഭവിയ്ക്കാനും കുട്ടികളെ പഠിപ്പിയ്ക്കാൻ കുടുംബത്തിൽ പ്രായമായവരില്ല, അമ്മമാർക്കു സമയവുമില്ല. ബാല്യത്തിന്റെ നിഷ്ക്കളങ്കത്വം സ്ഫുരിയ്ക്കുന്ന പക്ഷിപ്പാട്ടുകളും അവർക്കറിയില്ല. പിന്നെയല്ലേ ഏറ്റുപാടൽ? കുസൃതിയില്ലാത്ത , സ്കൂളും റ്റ്യൂഷനും ടിവിയും മാത്രം തരുന്ന  അറിവുകളിൽ വളരുന്നവർ.

 

അമ്മമാരേ..പ്രതികരിയ്ക്കാൻ സമയമായില്ലേ? നഷ്ടപ്പെടുന്നവ പലതും തിരിച്ചുപിടിയ്ക്കാൻ നമുക്കൊരു ശ്രമം നടത്താൻ സമയമായി. ചുറ്റുമുള്ളവയെ കാണാനും ശ്രദ്ധിയ്ക്കാനും അനുഭവിയ്ക്കാനും അവരെ പ്രാപ്തരാക്കൂ.വിഷുവിനെക്കുറിച്ച് നമ്മുക്കു ചില ഓർമ്മകളെങ്കിലും ബാക്കി. അവർക്കോ അതൊരു വാക്കിൽ മാത്രം ഒതുങ്ങുന്ന അവധിദിവസം മാത്രം. മറഞ്ഞു പോയ പലതും തിരികെപ്പിടിയ്ക്കാനാകാത്തവിധം നഷ്ടമായ ഈ നാളുകളിൽ ഓർമ്മിയ്ക്കാനായെന്തെങ്കിലും ചെയ്യാനുൾല ഒരു ദിവസമായി വിഷുവിനെ മാറ്റാനെങ്കിലും നമുക്കായെങ്കിൽ എന്നേ ചിന്തിക്കാനാകുന്നുള്ളൂ.നഷ്ടപ്പെട്ടുപോയ സൌഭാഗ്യങ്ങൾക്കു പകരം വരാനിരിയ്ക്കുന്ന  നല്ല നാളുകൾക്കായെന്തു ചെയ്യാനാകുമെന്നോർക്കുക. മണ്ണും, മലയാളിത്വവും സംസ്ക്കാരവുമൊക്കെ മാറ്റൺഗൾക്കു വിധേയമാകുമ്പോൾ കൈയ്യും കെട്ടി നിൽക്കാതിരിയ്ക്കാൻ നമുക്കു പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു. അല്ലെങ്കിൽ ഇനിയും രണ്ടു-മൂന്നു തലമുറകഴിയുമ്പോഴേയ്ക്കും പണ്ടിവിടെ വിഷു എന്ന പേരിൽ ഒരെആചാരം ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞെന്നും വരാം. മേഷാദി (Vernal Eqinതിൻബൊരു കാരണമായും  കണക്കാക്കും.

നമുക്കുവേണ്ടത് നമ്മുടെ കുഞ്ഞുങ്ങൾ എങ്ങിനെ അവർ പാർക്കുന്ന ഭൂമിയിൽ അനുഭവത്തിന്റെ ബാലപാഠങ്ങൾ സ്വയമറിഞ്ഞ് ,പ്രകൃതിയെ സ്നേഹിച്ചും ആദരിച്ചും  ജീവിയ്ക്കലാണു. അതിനവരെ പ്രാപ്തരാക്കാൻ നമുക്കാവുമോ? മനുഷ്യൻ പറ്റാവുന്നതിലധികം സ്വാർത്ഥലാഭത്തിന്നായി ഭൂമിയെ ചൂഷണം ചെയ്ത്തിന്റെ തിക്തഫലം നാമനുഭവിയ്ക്കുവാൻ തുടങ്ങിയിരിയ്ക്കുന്നുവെന്നത് നമ്മുടെ കുഞ്ഞുങ്ങൾ ങ്ങൾ മനസ്സിലാക്കണം. അവർക്കതിനായാൽ സമയത്തു കായ്ക്കുന്ന ഫലവൃക്ഷങ്ങളും പൂക്കുന്ന കൊന്നകളും പാടുന്നകിളികളും വീണ്ടും ജീവിതം ആസ്വാദ്യകരമാക്കിത്തീർക്കും. വിഷുപ്പക്ഷിയുടെ പാട്ടിന്റെ മറുപടി ചില ചുണ്ടുകളിൽ നിന്നെങ്കിലും  ഉറക്കെ അലയടിയ്ക്കും.

അഴിയാക്കുരുക്കുകൾ-22 സമൂഹം കാണാൻ മറന്നവ

ബുദ്ധിവൈഭവം ദൈവദത്തമാണ്; വിനയശീലമുള്ളവൻ(ൾ) ആകുക. കീർത്തി മനുഷ്യദത്തം മാത്രം; നന്ദിയുള്ളവൻ(ൾ) ആകുക. പൊങ്ങച്ചം സ്വയം സൃഷ്ടിയ്ക്കുന്നത്; ശ്രദ്ധിയ്ക്കുയ്ക —-ഹാർവെ മക്കായ് പറഞ്ഞ വരികൾ അൽപ്പമെങ്കിലും ശ്രദ്ധിയ്ക്കാൻ മനുഷ്യർ ശ്രമിച്ചുവെങ്കിൽ! സ്വന്തം ബുദ്ധിയിലഹങ്കരിയ്ക്കാനും കീത്തിയിൽ ഉദ്ധതരാകാനും മനുഷ്യൻ എന്നേ പഠിച്ചു കഴിഞ്ഞു.  ധനസമ്പാദനം ജീവിതലക്ഷ്യമെന്ന വ്രതം കൂടിയായപ്പോൾ എല്ലാം തികഞ്ഞു. പുറകോട്ടെന്തിനു തിരിഞ്ഞു നോക്കണം?  എല്ലാം മുന്നോട്ട്..മുന്നോട്ട്. ധനസമ്പാദനം ജീവിതലക്ഷ്യമാകുമ്പോൾ തെറ്റുകൾ ശരികളായി മാറാൻ അധികം സമയം വേണ്ട. പണം കൊണ്ട് എന്തിനേയും വാങ്ങാമെന്ന അബദ്ധധാരണയും ഉള്ളിൽ കുടിയിരിയ്ക്കാൻ തുടങ്ങും. “ മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു’ വീഴാനേറെ സമയമെടുക്കില്ലെന്നസത്യം പാടെ മറക്കും.  ദുശ്ശീലങ്ങളും ദുഷിച്ചകൂട്ടുകെട്ടും ഒടിയെത്തും. അവിടെത്തുടങ്ങുന്നു മനുഷ്യന്റെ വീഴ്ച്ച. കഴിഞ്ഞ ദിവസം പേപ്പറിൽ നിഷാമിന്റെ ഫോട്ടോ കണ്ടപ്പോൾ തോന്നിയ വിചാരം പകർത്തിയെന്നേയുള്ളൂ. പണത്തിന്റെ ഹുങ്കിൽ തകർന്നു പോയത് രണ്ടു കുടുംബങ്ങൾ. നീതി തേടുന്ന ചന്ദ്രബോസിന്റെ ഭാര്യയുടെ മുഖം മനസ്സിൽ ദുഃഖം നിറച്ചു. ഒഴിവാക്കാമായിരുന്ന ദുരന്തം.   മനുഷ്യർ എത്ര വേഗം മൃഗങ്ങളായി മാറുന്നു? സഹജീവികളെക്കുറിച്ചുള്ള അനുകമ്പ മനുഷ്യനേക്കാൾ മൃഗങ്ങൾക്കാണു കൂടുതലെന്നും തോന്നിപ്പോകുന്നു.

സമൂഹത്തിന്റെ കാഴ്ച്ചപ്പാടിലെ വൈചിത്ര്യം കുരുന്നു ജീവിതങ്ങളെപ്പോലും ബാധിയ്ക്കുന്നു.  ഒരുപക്ഷേ സമൂഹത്തിനേ ഭയന്നേ ജീവിയ്ക്കാനാകൂ എന്ന നിലപാട് പണ്ടും ഉണ്ടായിരുന്നെങ്കിലും അതിന്റെ കാർക്കശ്യം  ഇന്നത്തെ കാലഘട്ടത്തിനു അനാവശ്യമായ ഒന്നു തന്നെയല്ലേ എന്നു തോന്നിപ്പോകുന്നു. കൊടുങ്ങല്ലൂരിൽ ആത്മഹത്യ ചെയ്ത അശ്വതിയെന്ന പെൺകുട്ടി നമുക്കു മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി വളർന്നിരിയ്ക്കുന്നു. ഒരു തലമുറയുടെ മുഴുവനും പ്രാതിനിധ്യം വഹിച്ചുകൊണ്ട്. പട്ടാപ്പകൽ സമയത്ത് ഒരാൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും പരസ്പ്പരം സംസാരിയ്ക്കാൻ പാടില്ലെ? പ്രണയത്തിന്റെ തീവ്രത തിരിച്ചറിയാനാകാത്തവരൊന്നുമല്ലല്ലോ നമ്മൾ? പണ്ട് അച്ഛനമ്മമാരുടെ കണ്ണു വെട്ടിച്ച് കമിതാക്കളുമായി സംസാരിയ്ക്കുന്നതും കത്തു കൈമാറുന്നതുമെല്ലാം  മറ്റൊരു രീതിയിൽ തുടരുകയാണെന്നു മനസ്സിലാക്കാനാവില്ലേ? മൊബൈൽ ഫോണുകൾ ഇന്നത്തെ പ്രണയത്തിനു തീവ്രത കൂട്ടുമ്പോൾ കത്തുകളിലൂടെ ഒഴുകിയെത്തിയ പ്രേമമായിരുന്നു പണ്ട്. റോഡിൽ വെച്ചു കണ്ടുമുട്ടുന്ന ഒരു ക്ലാസ്മേറ്റിനോടു കുശലം പറയാൻ ഇന്നും പെൺകുട്ടികൾക്കു മടിയുണ്ടാവാൻ ഇതു തന്നെ കാരണം. ഇത്രയൊക്കെ ഒച്ചപ്പാടുണ്ടാക്കാൻ തുനിയുന്നവർ സ്വന്തം യൌവനകാലം പാടെ മറക്കുന്നുവെന്നു തോന്നുന്നു. വളർച്ചയുടെ ഭാഗമായി മനസ്സിൽ വിരിയുന്ന പ്രണയത്തെപ്പറ്റി മനസ്സു നൊന്തു പാടാനേ എന്നും കവികൾക്കായിട്ടുള്ളൂ. ”വിശപ്പും ദാഹവും പോലെ പ്രണയവും മനുഷ്യമനസ്സുകളെ മഥിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെ”ന്ന്  കവി  സച്ചിദാനന്ദന്‍ പറയുകയുണ്ടായി. പ്രണയം മധുരമെങ്കിലും പലപ്പോഴും വേദനാജനകമായിത്തന്നെ അവസാനിക്കുന്നു.  പറയാനായി കഥകളെ അവശേഷിപ്പിച്ചുകൊണ്ട്.  ഇതു മറ്റൊരു കഥയായി മാറുന്നുവെന്നു മാത്രം. സമൂഹത്തിന്റെ സദാചാരത്തിന്റെ കുടുക്കുകൾ മുറുക്കുന്നവരുടെ കൈയ്യിൽ‌പ്പെട്ട്. ഇതും പീഢനമല്ലേ? ആർക്കാണിവിടെ നഷ്ടം? എന്തിനായി? ഒഴിവാക്കാമാ‍ായിരുന്നില്ലേ ഇതും?

പാടേ മാറുന്ന നമ്മുടെ സംസ്ക്കാരത്തെക്കുറിച്ചാവലാതിപ്പെടുന്നവരാ‍ാണെങ്ങും. സംസ്ക്കാരം നമ്മുടെ കണ്മുന്നിൽത്തന്നെ മാറുന്നതും നമുക്കു കാണാനുണ്ട്.  പെൺകുട്ടികൾ എല്ലാ രംഗത്തും ആൺകുട്ടികൾക്കൊപ്പമെത്തണമെന്ന വാശിയും നമുക്കുണ്ട്. വിവേചനം നമുക്കു സഹിയ്ക്കാനാകുന്നില്ല. അപ്പോൾ അതിനവരെ പ്രാപ്തരാക്കേണ്ടുന്നതും   നമ്മുടെ കടമയല്ലേ? കൂട്ടുകുടുംബവും വരാന്തയിൽ കാൽനീട്ടിയിരിയ്ക്കുന്ന മുത്തശ്ശിയും കൊടുത്ത സംരക്ഷണം എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് ചിന്തിയ്ക്കാൻ സമയമായി. പെൺകുഞ്ഞായാലും ആൺകുഞ്ഞായാലും    അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ കണ്ണു കളിലൂടെയായിരുന്നു വളർന്നു വന്നത്. അവർക്കൊരു കുടുംബക്കോടതിയായിരുന്നു മുത്തശ്ശിമാർ. മുത്തശ്ശിമാരുടെ ഉപദേശവും ശകാരവും ആ കുടുംബത്തിന്റെയും അതുവഴി  സമൂഹത്തിന്റേയും  സംസ്ക്കാരമായി മാറിയിരുന്ന നാളുകളെ നാം പിന്തള്ളുമ്പോൾ ഇത്തരമൊരു സ്ഥിതിവിശെഷം എന്നെങ്കിലും സജാതമാകുമെന്നു ചിന്തിയ്ക്കേണ്ടിയിരുന്നു. അതല്ലെങ്കിൽ മാറുന്ന സംസ്ക്കാരത്തെ അംഗീകരിയ്ക്കാനുള്ള മനസ്സാക്ഷി നമുക്കുണ്ടാകണം. ‘കൈയിലുള്ളതു വിട്ട് പറക്കുന്നതിനെ പിടിയ്ക്കാ‘നാണല്ലോ നമുക്കൊക്കെ എന്നും മോഹം. ഒരാൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും ഒന്നിച്ചു നടക്കാൻ പാടില്ല, സംസാരിയ്ക്കാൻ പാടില്ല  എന്നൊക്കെ തീർത്തു കൽ‌പ്പിയ്ക്കാൻ നമുക്കെന്തധികാരം? പാശ്ചാത്യസംസ്ക്കാരത്തിന്റെ ആകർഷണം നമുക്കു തന്ന മാറ്റങ്ങൾ പലതും നാമുൾക്കൊള്ളാൻ മടി കാണിച്ചില്ലല്ലോ? വളർന്നു വലുതായ പെൺകുഞ്ഞുങ്ങൾ  പണ്ടത്തെപ്പോലെ കുടുംബവും നോക്കി വീട്ടിലിരിയ്ക്കുന്ന കാലമല്ലിത്.  നല്ലതിനെ ഉൾക്കൊള്ളാനും തെറ്റിനെ മനസ്സിലാക്കാനുംകുട്ടികളെ ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടികളെ സജ്ജരാക്കുന്നതിലാണു നാം പരാജയപ്പെടുന്നത്. ഒരു ആൺ സുഹൃത്തു വീട്ടിൽ വന്നാൽ മറ്റു അതിഥികൾ പോലെ തന്നെ അവരെ സൽക്കരിയ്ക്കുന്നതിലോ സംസാരിയ്ക്കുന്നതിലോ സമൂഹം എന്തിന്നിടപെടണം? അതിരു കടക്കുന്ന പ്രണയം വരുത്തുന്ന വിനകൾ പെൺകുട്ടി മനസ്സിലാക്കാതിരിയ്ക്കുമോ? അതില്ലെങ്കിൽ അതവൾക്കു പകർന്നു കൊടുക്കാത്തവരുടെ തെറ്റല്ലേ? പാവം പെൺകുട്ടി ബലിയാടായപ്പോൾ ഇവിടത്തെ പെൺകുഞ്ഞുങ്ങൾ കൂടുതൽ ഭയഭീതരായി മാറിയെന്നു മാത്രം ഫലം.. പെൺ ജന്മത്തിന്റെ ശാപം വീണ്ടും പല്ലിളിച്ചു കാട്ടുന്നു. മനുഷ്യൻ പണത്തിനു പുറകെ വീണ്ടും പായുന്നു……

അഴിയാക്കുരുക്കുകൾ-21 നാരീജന്മം പാപമാണോ?

I think the girl who is able to earn her own living and pay her own way should be as happy as anybody on earth. The sense of independence and security is very sweet. (Susan B. Anthony)

‘സ്ത്രീയെ ബഹുമാനിക്കുക ‘എന്ന പേരിലെഴുതിയ എന്റെ ലേഖനത്തിന്റെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. കാരണം സ്ത്രീയുടെ കുറ്റം ചൂണ്ടിക്കാട്ടനുള്ള ഒരു സ്ഥലമായി അതു മാറിയതുകൊണ്ടു തന്നെ. എന്തുകൊണ്ടങ്ങിനെ ഒരു ലേഖനമെഴുതിയതെന്നോ അതിന്റെ പിന്നിലെ ഉദ്ദേശം എന്തായിരുന്നെന്നോ നോക്കാതെ തലവാചകം മാത്രം നോക്കി പുരുഷനെ ബഹുമാനിയ്ക്കണം എന്നൊക്കെ വിളിച്ചു പറയുന്ന പോസ്റ്റുകൾ കണ്ടപ്പോൾ പലരുടെയും മനസ്സിലിരിപ്പ് പ്രകടമായിഒരുന്നു. ഞാനാണെങ്കിലോ അതെഴുതിയത് എനിയ്ക്കു വന്ന ഒരു മെസ്സേജിന്റെ പ്രതികരണമായും. ഒന്നു മനസ്സിലായി, ഇവിടെ സ്ത്രീയുടെ യഥാർത്ഥവേദന കാണാനാരും ശ്രമിയ്ക്കുന്നില്ല, പക്ഷേ അവളെ വേദനപ്പെടുത്താൻ സദാ ജാഗരൂകരാണു താനും. ഒരു തരം സാഡിസമാണിത്തരം മറുപടികളിൽ നിറഞ്ഞു നിന്നിരുന്നതെന്നു വ്യക്തമായി.സൂസൻ ബി ആന്റണിയുടെ മുകളിൽ‌പ്പറഞ്ഞ വാക്കുകൾ അപ്പോൾ മനസ്സിലേയ്ക്കോടിയെത്തി മനസ്സിന്റെ ഏതോ കോണിൽ ഒരു വേദന.

 

ബുന്ദിയിലെ രജപുത്രരാജാവായിരുന്ന ഛത്രസാലനെ മനസാ പ്രണയിച്ച ഷാജഹാൻ ചക്രവർത്തിയുടെ പ്രിയപുത്രി ജഹനാരയെക്കുറിച്ച് “ജഹനര; ക്ഷണഭംഗുര ‘എന്നപേരിൽ സുഭാഷ് ചന്ദ്രൻ എഴുതിയത് വായിച്ചപ്പോഴും ഉള്ളിൽ ഈ വേദന അനുഭവപ്പെട്ടു. അവൾക്ക് പ്രണയവും സംഗീതവും ഒന്നായിരുൻ നു. രണ്ടും അവൾക്കു നിഷേധിയ്ക്കപ്പെടുകയും ചെയ്തു. എം.എൻ. സത്യാർത്ഥി വിവർത്തനം ജഹനാര എന്ന പുസ്തകത്തിലെ ഉദ്ധരിണികൾ വായിച്ചപ്പോഴാണു ഏറെ വേദനിച്ചത്. സ്ത്രീയായി ജനിച്ചാൽ ഏതു കാലഘട്ടത്തിലും സ്ഥിതി ഒന്നു തന്നെയായിരുന്നുവോ? അല്ലെങ്കിൽ പിന്നെ തന്റെ ആത്മകഥയിൽ “ നാരീജന്മം പാപമാണോ? മരുഭൂമി മദ്ധ്യേ ദാഹാർത്തനായ ഒട്ടകത്തെപ്പോലെ ഉച്ചത്തിൽ കരയാൻ എനിക്കു തോന്നുന്നു. എന്റെ കരച്ചിൽ കേട്ട് ദൽഹി നടുങ്ങിയിരുന്നെങ്കിൽ!“ എന്നൊക്കെ എഴുതുവാൻ അവളെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നിരിയ്ക്കണം? ആണിനു കൊടുക്കുന്ന മുന്തൂക്കം അന്നും പെണ്ണിനുണ്ടായിരുന്നില്ല. ജഹനാരയുടെ സഹോദരൻ പ്രണയഭാജനത്തെത്തന്നെ കുലമഹിമകൾ നോക്കാതെ വിവാഹം ചെയ്തപ്പോൾ ജഹാനരയ്ക്കു അതു നിഷേധിയ്ക്കപ്പെടാൻ കാരണം അവൾ സ്ത്രീ ആയതു തന്നെയായിരുന്നുചരിത്രം ഇത്തരത്തിലുള്ള എന്തൊക്കെ വേദനകളെയാണാവോ തന്റെ താളുകളിൽ ഒളിച്ചു വച്ചിരിയ്ക്കുന്നത്.

നാരീജന്മം പാപമാണോ? ഈ ചോദ്യം മനസ്സിൽ കിടന്ന് അസ്വസ്ഥത വളർത്തുന്നു. സ്ത്രീജന്മം കരയാനുള്ളതാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ ചിന്തകളെ ഒരു സുഹൃത്തുമായി പങ്കിട്ടപ്പോൾ കിട്ടിയ ഉത്തരം മറ്റൊന്നാണു. ‘സ്ത്രീജന്മം പുണ്യജന്മം”. സ്ത്രീ ജന്മത്തെ  അഭിശപ്തമായി കണ്ടിരുന്ന നാളുകൾ കടന്നുപോയെന്നാണു അദ്ദേഹത്തിന്റെ വാദം. പക്ഷേ സ്വയം അതിനെ അഭിശപ്തമായി കണക്കാക്കുന്നവർ കൂടിയിട്ടുണ്ടാകാം എന്നാണെന്റെ കണക്കു കൂട്ടൽ. അതിനു കാരണങ്ങളുമുണ്ട്. പണ്ടൊക്കെ “ആണുങ്ങളുടെ ജോലി’ എന്നു പറഞ്ഞിരുന്ന പല ജോലികളും ഇന്ന് സ്ത്രീകൾ അതിലേറെ നന്നായി ചെയ്തുതുടങ്ങിയിരിയ്ക്കുന്നുവെങ്കിലും മനസ്സിൽ മോഹമുണ്ടായിട്ടും ആണുങ്ങളെപ്പോലെ സ്വതന്ത്രമായി ചെയ്യാനാകാത്ത പലകാര്യങ്ങളും സ്ത്രീയെ സ്വന്തം ജന്മത്തെ പഴിയ്ക്കാൻ കാരണമാക്കുന്നു. ഉള്ളുകൊണ്ടെങ്കിലും അടുത്തജന്മത്തിൽ ഒരാണായി ജനിയ്ക്ക്ണേയെന്ന മോഹം ഇത്തരുണത്തിൽ മനസ്സിൽ പൊട്ടിമുളയ്ക്കുന്നു. സ്ത്രീത്വം സ്വയം കൊഞ്ഞനം കുത്തുന്ന ഇത്തരം വേളകൾ നമുക്കൊക്കെ സുപരിചിതം തന്നെ.

ജീവികളെ ഉപദ്രവിയ്ക്കുമ്പോൾ നമ്മളൊക്കെ കുഞ്ഞുആങ്ങളോട് പറയും. അരുത്, അടുത്ത ജന്മത്തിൽ നീയും അതുപോലൊരു ജീവിയായി മാറും. കുട്ടികളിൽ നന്മ വളർത്താനായി നാം സങ്കൽ‌പ്പിയ്ക്കുന്ന ഒരു കഥമാത്രമാണിതെങ്കിലും കേൾക്കുന്നവനിൽ ജനിപ്പിയ്ക്കുന്ന ഭയം കുറവൊന്നുമല്ല. കുട്ടികൾ മാത്രമല്ല, ഒരു നിമിഷം വലിയവരും ഒന്നു സ്വയം ഉൾലിലേയ്ക്കെത്തിനോക്കാനിതു പ്രേരകമാകാറില്ലേ? നാരീജന്മം പാപമാണോ എന്നറിയില്ലെങ്കിലും ഒന്നു തീർച്ച, പലപ്പോഴും വേദന നിറഞ്ഞ ഒന്നു തന്നെ. “ അടുത്ത ജന്മത്തിൽ നീ പെണ്ണായി ജനിയ്ക്കും “ എന്നു ശപിച്ചാൽ ഭയപ്പെടാൻ തക്കവണ്ണം വേദനാജനകം. ജന്മത്തിനു തുടക്കമിടുന്ന വേദനയിൽ നിന്നും തുടങ്ങുന്ന വേദന, പെണ്ണിനു മാത്രം സ്വന്തമായ വേദന അവളെ തീർത്തും വ്യത്യസ്തയുള്ളതാണെങ്കിലും.

അഴിയാക്കുരുക്കുകൾ-20 സ്ത്രീയെ ബഹുമാനിക്കുക…..

‘Respect women’ എന്ന തലക്കെട്ടോടെ എനിക്കു വന്ന ഒരു ഈ-മെയിൽ സന്ദേശം എന്നെ ഇരുത്തിച്ചിന്തിപ്പിയ്ക്കുന്നതായിരുന്നു. അൽ‌പ്പം നർമ്മരസത്തോടെ എഴുതിയുണ്ടാക്കപ്പെട്ട പ്രസ്തുത സന്ദേശം പ്രാക്റ്റിയ്ക്കലായ ഒന്നല്ലെങ്കിലും സത്യത്തിന്റെ ക്രൂരമായ മുഖത്തെ നോക്കി പല്ലിളിയ്ക്കുന്നതു തന്നെയാകയാൽ ശ്രദ്ധിയ്ക്കപ്പെട്ടതായിരിയ്ക്കാം.സ്ത്രീയുടെ മനസ്സിലെ വിചാരങ്ങൾ ഉറക്കെ വിളിച്ചു പറയാൻ അവൾക്കൊരിയ്ക്കലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ലല്ലോ?  സ്ത്രീയെ സംബന്ധിയ്ക്കുന്ന ഏതുപ്രശ്നത്തിനും ഉടനടി തന്നെ കാരണം കണ്ടെത്തി കുറ്റം സ്ത്രീയുടെ തന്നെയെന്നു സ്ഥാപിക്കുന്ന സമൂഹത്തിന്റെ വക്താക്കളിൽ ഇതെന്തു പ്രതികരണമാവോ ഉണ്ടാക്കുക? അല്ലെങ്കിൽത്തന്നെ സദാചാരവാദികൾ ഇത്തരം കാര്യങ്ങളിലെന്തു പറയാൻ? പെൺകുട്ടികൾ അടങ്ങിയൊതുങ്ങി വീട്ടിൽക്കഴിയണമെന്നും അല്ലെങ്കിൽ റേപ്പു ചെയ്യപ്പെടുമെന്നും അപ്പോൾ അവർ എതിർത്താൽ കൊല്ലപ്പെടുമെന്നും ഉള്ളതൊരു സത്യമാണെന്നുറക്കെ വിളിച്ചുപറഞ്ഞ മൂകേഷ് സിംഗെന്ന കുറ്റവാളിയ്ക്കെതിരെ ഒരു പ്രതിഷേധപ്രവർത്തനവും ഇവിടെ കാണാനായില്ലല്ലോ? സമൂഹത്തിലെ ഒരു വിഭാഗം ആൾക്കാരെങ്കിലും അങ്ങനെ ചിന്തിയ്ക്കുന്നുവെന്നതിന്റെ തെളിവല്ലേ ഇത്?

വെറുതെ ഒരു രസത്തിനായുള്ള വായനയിൽ സ്ത്രീകൾ അസമയത്ത് അല്ലെങ്കിൽ ഇരുട്ടിയാൽ പുറത്തു പോകരുതെന്നു പറയുന്നതിനു  പകരമായി പുരുഷന്മാർ പുറത്തു പോകാതിരുന്നാലും മതിയല്ലോ എന്നു ചോദിയ്ക്കുന്നു. 7 മണി കഴിഞ്ഞാൽ ആണുങ്ങൾ വീട്ടിലിരിയ്ക്കണം, ചുറ്റിക്കറങ്ങരുത്.ഞങ്ങളൂടെ ഹാൻഡ്ബാഗിൽ പെപ്പർ സ്പ്രേയും കത്തിയും സ്ഥിരമായി നിങ്ങൾ വച്ചു കഴിഞ്ഞല്ലോ, നാണമില്ലേ എന്നാണടുത്ത ചോദ്യം. വെയ്ക്കുന്നതും പുരുഷൻ വെയ്ക്കാൻ കാരണവും പുരുഷൻ( എല്ലാം..നീയേ?) എന്ന സത്യത്തെ എത്ര നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു. “സ്ത്രീ എങ്ങിനെ വസ്ത്രം ധരിയ്ക്കണം എന്നവളെ പഠിപ്പിയ്ക്കേണ്ട. അതിനുപകരമായി അവളുടെ വസ്ത്രധാരണത്തെ അല്ലെങ്കിൽ അവളെത്തന്നെ എങ്ങനെ കാണണം എന്നു പുരുഷനെ പഠിപ്പിയ്ക്കൂ“ എന്നാണ് അടുത്ത ആഹ്വാനം. സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങൾ അവളോടുള്ള എല്ലാ അനീതികൾക്കുമെതിരായ ചർച്ചകളിൽ പൊങ്ങിവരുന്ന സ്ഥിരം പ്രത്യായുധമാണ്. ആകർഷകമായ വസ്ത്രധാരണം പുരുഷനിഷ്ടമെങ്കിലും അതിനെ ഒരു കാരണമാക്കി  കുറ്റം പറയാനും ഇഷ്ടപ്പെടുന്നുവെന്നതാണു സത്യം.  “ഒരു സ്ത്രീയായി ജനിച്ചു ; വിവാഹിതയായി; ഒരിക്കലും കരുതിയില്ല ഈ കുറ്റകൃത്യത്തിനായി അടുക്കളയെന്ന ജയിലിലെ   നിത്യത്തടവുകാരിയായി ഞാൻ മാറുമെന്ന്’ എന്ന വരികൾ യാഥാർത്ഥ്യബോധത്തിന്റെ തീക്ഷ്ണത ഉൾക്കൊള്ളുന്നവ തന്നെയല്ലേ? ഒരു ദിവസമെങ്കിലും അടുക്കളയിൽ നിന്നും വിട്ടുനിൽക്കാൻ മോഹിയ്ക്കാത്ത സ്ത്രീകൾ ഈ ലോകത്തിലുണ്ടാകില്ല. അതുകൊണ്ടുതന്നെ തലയിലേറ്റുന്ന ചുമതലാബോധങ്ങളും അവൽക്കെന്നും പേറേണ്ടിവരുന്നു. “സ്കൂളിലേയും കോളേജിലേയും പരീക്ഷകളിൽ ഞാൻ ഒന്നാമതായി പാസ്സായി. പ്രിയഭർത്താവേ, ഇപ്പോൾ ഞാൻ നിങ്ങളുടെ ഷർട്ട്  ഇസ്തിരി ഇട്ടുതന്നത് ശരിയായില്ലെന്നാവലാതിപ്പെടുമ്പോൾ ഒന്നോർക്കണം,അതെന്റെ പാഠ്യപദ്ധതിയുടെ ഭാഗമേ ആയിരുന്നില്ലെന്ന്” ആഹാ! പലപ്പോഴും ഇഷ്ടമില്ലാത്ത കാര്യങ്ങൾ അടിച്ചേൽ‌പ്പിയ്ക്കപ്പെടുന്ന വേളകളിൽ  പ്രതികരിയ്ക്കാൻ മോഹമുണ്ടായിട്ടും അതിനാകാതെ  ഇത്തരം എത്ര ചിന്തകൾ ഓരോ സ്ത്രീയുടെയും മനസ്സിലൂടെ കടന്നുപോയിട്ടുണ്ടായിരിയ്ക്കാം, അല്ലേ? “ആർത്തവമെന്നത്  സ്ത്രീ ശരീരത്തിന്റെ പരിണാമപരമായ ഒരു പ്രവർത്തനം മാത്രം- വിയർപ്പും കഫവുമെല്ലാമെന്ന പോലെ. ഇതിനെപ്പറ്റി വലിയ ഒച്ചപ്പാടുകളുണ്ടാക്കി ഞങ്ങളെ  നീക്കിനിർത്തി ഒറ്റപ്പെടുത്താതിരിക്കുക“. ഇത്രയേറെ പുരോഗതിയുടെ പാത നാം താണ്ടിയിട്ടും ഇന്നും സ്ത്രീയെ ഈ ദിവസങ്ങളിൽ അശുദ്ധയായി കാണാനേ സമൂഹത്തിനാകുന്നുള്ളൂ എന്ന സത്യം വേദനാജനകം തന്നെ.എന്നാലോ ആ ദിവസങ്ങളിൽ അവൾക്കു വേണ്ടതായ , അവളുടെ ശരീരത്തിനുവേണ്ടതാറ്റ  വിശ്രമത്തിനെക്കുറിച്ച് ബോധപൂർവം മറന്നു കളയാനും എല്ലാവരും തയ്യാർ തന്നെ. അടുത്ത സന്ദേശം സാനിറ്ററി പാഡുകളെക്കുറിച്ചാണ്. ഒരു ദിവസമല്ലെങ്കിൽ മറ്റൊരു ദിവസം സ്ത്രീ ഉറക്കെ പറയാൻ മോഹിച്ച വാക്കുകൾ തന്നെയാണിവ. “സാനിറ്ററിപാഡുകൾ ഞങ്ങൾക്ക് കടലാസ്സിൽ പൊതിഞ്ഞു തരാതിരിയ്ക്കുക;നാണം തോന്നാനായി ഞങ്ങൾ വാങ്ങുന്ന പാക്കറ്റ് കോഴ/ കൈക്കൂലിയൊന്നുമല്ലല്ലോ?” ഓർത്തു നോക്കൂ…ഇതൊക്കെ സാനിറ്ററി പാഡ് വാങ്ങിയിട്ടുള്ള ഓരോ സ്ത്രീയുടെയും മനസ്സിലൂടെ കടന്നുപോയ വിചാരങ്ങൾ തന്നെയല്ലേ?

നമ്മുടെ സമൂഹത്തിന്റെ വികൃതമായ മുഖത്തിനു പിറകിലെ യാഥാർത്ഥ്യം വിളിച്ചു പറയുന്ന ഓരോ സന്ദേശത്തിനും കീഴെ ‘സ്ത്രീയെ ബഹുമാനിയ്ക്കുക’ എന്നു കൂടി എഴുതിച്ചേർത്തിരുന്നു. എത്രമാത്രം ആത്മാർത്ഥത്യോടെയാകും ആവരികൾ എഴുതപ്പെട്ടത്? ആരായിരിയ്ക്കും ഈ സന്ദേശം എഴുതിയുണ്ടാക്കിയത്?. ഒരു പുരുഷനോ അതോ സ്ത്രീയോ? ഒരു പുരുഷനാണെങ്കിൽ എന്നു മോഹിച്ചു പോകുന്നു. കാരണം സത്യത്തെ ചിലരെങ്കിലും മനസ്സിലാക്കുന്നുവെന്ന സമാശ്വാസത്തിനുവേണ്ടിത്തന്നെ. ശരിയ്ക്കും സ്ത്രീ ബഹുമാനം അർഹിയ്ക്കുന്നുണ്ടെന്ന തോന്നലുകളോടുകൂടിയ ഒരു തലമുറ വളർന്നുവരുന്നുണ്ടെന്ന അറിവ് അത്രമാത്രം സന്തോഷം തരുന്നു.