Home –  Archive
Monthly Archives: Feb 2016

വർണ്ണ നൂലുകൾ-33

വർണ്ണനൂലുകളിലെ “ഹരി കോടീരി” എന്ന ഈ സുഹൃത്തിനെ സോഷ്യൽ ഓർക്കൂട്ടിംഗ് സൈറ്റുകളായ ഓർക്കൂട്ടിലൂടെയും ഫേസ് ബുക്കിലൂടെയും പരിചയപ്പെട്ട് വിലപ്പെട്ട സൌഹൃദമായി മനസ്സിലേറ്റിയ ഒട്ടേറെ കൂട്ടുകാർക്കു തിരിച്ചറിയാതിരിയ്ക്കാനാവില്ല.അദ്ദേഹത്തെ പരിചയപ്പെട്ട ശേഷം നിർബന്ധപൂർവ്വം ഓർകൂട്ടിലേയ്ക്കും റൈറ്റേർസ് ആൻഡ് റീഡേർസ് എന്ന എന്റെ കമ്മ്യൂണിറ്റിയിലേയ്ക്കും എനിയ്ക്കു കൊണ്ടുവരാനായി. പതുക്കെപ്പതുക്കെ ഞങ്ങളുടെ വളരെ വിശാലമായ സൌഹൃദക്കൂട്ടായ്മകളിലേയ്ക്കു വരാനും പല കമ്മ്യൂണിറ്റികളിലും /മോഡറെറ്റർ/അഡ്മിൻ ആയി കൂട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനാകാനും ഹരി കോടീരിയ്ക്കു കഴിഞ്ഞു. ഇന്നലെ അദ്ദേഹം നമ്മെയെല്ലാം വിട്ടുപിരിഞ്ഞെന്ന വാർത്ത ഇനിയും ഉൾക്കൊള്ളാനാകുന്നില്ല. വെറും രണ്ടാഴ്ച്ചകൾക്കു മുൻപു മാത്രമാണല്ലോഅദ്ദേഹത്തെ കാണാൻ പോയതും സംസാരിച്ചതും. ചിരിച്ചു കൊണ്ടുതന്നെയായിരുന്നു യാത്ര പറഞ്ഞതും. മുംബെയിൽ നിന്നുംതിരിച്ചെത്തിയാൽ വീണ്ടും കാണാമെന്ന വാഗ്ദാനത്തിൽ..

അകന്ന ബന്ധുത്വത്തിന്റെ നിഴലിലായെത്തി അടുത്ത സുഹൃത്തായി മാറിയ ഹര്യേട്ടൻ പരിചയപ്പെടുന്ന കാലത്ത് വളരെ കുറച്ചു മാത്രം സംസാരിയ്ക്കുന്ന പ്രകൃതക്കാരനായിത്തോന്നിയിരുന്നു.നേരിൽ ഞങ്ങൾ ആദ്യമായി കണ്ടത് ഞങ്ങളുടെ ഡെൽഹി സന്ദർശനവേളയിലായിരുന്നു. നല്ലപരുങ്ങലുള്ള പ്രകൃതക്കാരൻ. ഒതുങ്ങിയ തരത്തിലുള്ള വർത്തമാനം. പക്ഷെ ധാരാളം വായിയ്ക്കുന്ന പ്രകൃതക്കാരൻ. ഇഷ്ട വിഷയങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങളിലൂടെ ആ വാചാലത പുറത്തു ചാടാൻ തുടങ്ങിയതോടെ പരുങ്ങലെല്ലാം എവിടെയോ പോയൊളിച്ചുവെന്നു തോന്നി.മറ്റുള്ളവരെക്കുറിച്ചുള്ള കരുതൽ ഓരോ പ്രവർത്തിയിലും മുഴച്ചു നിന്നിരുന്നു.ഞങ്ങളുടെ മാത്രമല്ല, ഞങ്ങളുടെ മറ്റു പല ബന്ധുക്കളുടെയും കൂടി പ്രിയപ്പെട്ട  കുടുംബ സുഹൃത്തായി മാറാൻ അദ്ദേഹത്തിന്നായി. കൂട്ടുകാർക്കിടയിലും ഇതിനകം സർവ്വ സമ്മതനായി മാറിക്കഴിഞ്ഞിരുന്നു. നാട്ടിൽ വരുമ്പോഴും വിശേഷാവസരങ്ങളിലും കൂട്ടുകാരെ വന്നു കാണാനും സൌഹൃദം പുതുക്കാനും ഇദ്ദേഹം കാണിച്ചിരുന്ന ഔത്സുക്യം എടുത്തു പറയേണ്ടതു തന്നെ. കൊച്ചു കൊച്ചു പ്രവർത്തികളിലൂടെ അദ്ദേഹം  പകർന്ന സൌഹൃദം ഒട്ടേറെപ്പേർക്കദ്ദേഹം പ്രിയങ്കരനാകാൻ കാരണമായെന്നതായിരുന്നു സത്യം. സോഷ്യൽ മീഡിയ അതിനൊരു പ്ലാറ്റ്ഫോമായി എന്നു പറയാതെ വയ്യ.പലപ്പോഴും കമ്മ്യൂണിറ്റി അഡ്മിൻ എന്ന നിലയിൽ ആർക്കും കുറ്റം പറയാനാകാത്തരീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

ജീവിതത്തിന്റെ കയ്പ്പുനീർ ഒട്ടേറേക്കുടിയ്ക്കേണ്ടി വന്നിട്ടും സ്വതസ്സിദ്ധമായ നർമ്മം കൈ വിടാതെ, കൂട്ടുകാർക്കിടയിൽ ഒരു അനിഷേധ്യഘടകമായി, ഒരു സഹോദരനെപ്പോലെ സ്നേഹപൂർവ്വം നിൽക്കാനായെന്നതായിരുന്നു ആ ജീവിതത്തിന്റെ ഏറ്റവും വലിയ വിജയം.മറക്കാനാവാത്ത ഒരുവ്യക്തിത്വത്തിന്റെ ഉടമയായി, ഒട്ടനവധി മനസ്സുകളെ തൊട്ടുകൊണ്ട്,അവരുടെ കണ്ണുകളെയെല്ലാം ഈറനാക്കി  വിട പറയാനാവുന്നവർ ഭാഗ്യം ചെയ്തവർ തന്നെയല്ലേ?. അത്തരക്കാർക്കു മരണമില്ല, അവർക്ക് നമ്മുടെ  മനസ്സിന്റെ ഭാഗമായിത്തീരാനാകുന്നതിനാൽ. എന്നിട്ടും ഒരു നഷ്ടബോധം എന്തിനായോ ഇനിയും ബാക്കിയാകുന്നുവല്ലോ, ഒരു വർണ്ണ നൂലിഴയായി മനസ്സിലേറ്റിയവർക്കെല്ലാം.

പാതകളിൽ പൊലിയുന്ന ജീവിതങ്ങൾ ( അയനങ്ങൾ, നവ വാതായനങ്ങൾ-3)

” അയ്യോ…തലനാരിഴകൊണ്ടു രക്ഷപ്പെട്ടൂ… ഇവന്റെയൊക്കെ വീട്ടിൽ പ്രാർത്ഥനയോടെ ആരെങ്കിലും ഇരുപ്പുണ്ടാകും.” കണ്മുന്നിലായി സംഭവിയ്ക്കാമായിരുന്ന ദാരുണമായൊരു അപകടം കാണാതെ കഴിഞ്ഞതിലെ ആശ്വാസത്തോടെ പറയുകയായിരുന്നു ഞാൻ. ഏതാണ്ടു ആറുമണിയോടടുത്ത സമയം. തിരൂരിൽ നിന്നും കാറിൽ കുന്നംകുളത്തേയ്ക്കു വരികയായിരുന്ന ഞങ്ങളുടെ കാറിനെ മറികടന്ന ബൈക്കിനെ തട്ടി, തട്ടിയില്ല എന്നമട്ടിൽ  മുന്നിൽ പാർക്കു ചെയ്തിരുന്ന നീളമുള്ള വലിയൊരു കാർ റോഡിലേയ്ക്കെടുക്കാൻ നോക്കിയപ്പോൾ ശ്രദ്ധാലുവായ ഞങ്ങളൂടെ ഡ്രൈവറുടെ മിടുക്കിനാലാകാം മൂന്നും കൂടി കൂട്ടിമുട്ടി ഒരപകടം ഒഴിവായത്. ഒന്നും സംഭവിയ്ക്കാതെ വലിയ കാറും ബൈക്കും മുന്നോട്ടുന്നീങ്ങുമ്പോഴാണ് എന്റെ ശ്വാസം വീണതും ഈ വാക്കുകൾ പുറത്തു ചാടിയതും . അൽ‌പ്പം പരിഭ്രമിച്ചതിനാൽ വണ്ടി സൈഡൊതുക്കിയ  ബൈക്കുകാരനേയും സഹയാത്രികനേയും  പിന്നിട്ട് ഞങ്ങളുടെ കാർ മുന്നോട്ടു നീങ്ങുമ്പോൾ മുഖഭാവത്താലെ അവർക്കൊരു വാണിംഗ് കൊടുക്കാതിരിയ്ക്കുവാൻ എനിയ്ക്കായില്ല.മുൻപിൻ നോക്കാതെയുള്ള പുതുതലമുറയുടെ വണ്ടിയോടിയ്ക്കൽ തന്നെയായിരുന്നു പിന്നീടങ്ങോട്ട് ഞങ്ങളുടെ സംഭാഷണവിഷയം.

രണ്ടാഴ്ച്ച മുൻപായിരുന്നു, രാത്രിയിൽ തൃശ്ശൂർ ക്ലബ്ബിന്റെ കഥകളി കണ്ട ശേഷം രാത്രി തിരിച്ചു വരുമ്പോൾ വശത്തെ റോഡിൽ നിന്നും വേണ്ടവിധം സിഗ്നൽ തരാതെ ഇറങ്ങിവന്ന കാർ ഞങ്ങൾക്കൊരു സഡൻബ്രേക്കിനു കളമൊരുക്കിയത്. യാതൊരു വിധ ട്രാഫ്ഫിക് സെൻസും കൂടാതെ കാറിനെ തൊട്ടു തൊട്ടെന്നവിധത്തിൽ കടന്നുപോയൊരു കോഴിക്കോടൻ ബസ്സ് ഞങ്ങളെ ഉമ്മ വയ്ക്കാതിരിയ്ക്കാൻ മറ്റൊരിയ്ക്കൽ ഗട്ടറിലേയ്ക്കു കാർ ഇറക്കേണ്ടി വന്നതും ഓർമ്മയിലെത്തി. ഈയിടെ നടക്കുന്ന പല അപകടങ്ങൾക്കും കാരണം ഡ്രൈവിംഗിലെ അശ്രദ്ധയും അമിതവേഗവും  തന്നെയെന്നു പലപ്പോഴും മനസ്സിലാക്കാനിടയായിട്ടുണ്ട്.

 

കേരളത്തിലെ റോഡുകളിലൂടൊഴുകുന്ന ഇരുചക്ര വാഹനങ്ങളും നാലു ചക്രവാഹനങ്ങളും ദിനം പ്രതി കൂടി വരുന്നതിനൊത്തവണ്ണം റോഡിലെ സൌകര്യങ്ങൾ കൂടുന്നില്ല.എന്തെങ്കിലും വാഹനമില്ലാതെ ജീവിയ്ക്കാനാകില്ലെന്ന ചുറ്റുപാടിലേയ്ക്കു ജനങ്ങൾ നീങ്ങിത്തുടങ്ങിയതിനൊപ്പം തന്നെ സൌകര്യർത്ഥം ഓഫീസുകളീലേയ്ക്കവ ദിനവും കൊണ്ടുവരാൻ തുടങ്ങുന്നതും പൊതുഗതാഗതസൌകര്യങ്ങളെ വേണ്ടവിധം ഉപയോഗിയ്ക്കാത്തതും റോഡിലെ തിരക്കിനെ വർദ്ധിപ്പിപ്പിച്ചിട്ടുണ്ട്. യാത്രകളാണെങ്കിൽ ജനങ്ങളെപ്പോലെ തന്നെ കൂടിവരുന്നു. ഒരു ബൈക്ക് ഇല്ലാത്ത വീടുകൾ കുറവ്. കാറും സർവ്വസാധാരണം. ചെറുപ്പക്കാരായ ഡ്രൈവർമാരുടെ അക്ഷമയും,എണ്ണത്തിൽ  കൂടിക്കൊണ്ടിരിയ്ക്കുന്ന ബസ്സുകളും, വേണ്ടത്ര പരിശീലനം കൂടാതെ റോഡിലിറങ്ങുന്ന സാരത്ഥികളും, അനാവശ്യമായ, തീക്ഷ്ണത നിറഞ്ഞ ഹെഡ്ലൈറ്റുകളും, ട്രാഫ്ഫിക് സെൻസ് ഇല്ലായ്മയും, മറ്റുവാഹനങ്ങളെക്കുറിച്ചോ അതിലെ യാത്രക്കാരെക്കുറിച്ചോ ചിന്തയില്ലായ്മയും, അസാമാന്യമായ വേഗതയും മദ്യപിച്ചുള്ള കാറോടിയ്ക്കലുകളും  കൂടിയൊരുക്കുന്ന മരണക്കെണികൾ നമ്മെ ദു:ഖത്തിലാഴ്ത്തുന്നു.

 

തൃശ്ശൂരിലെ തന്നെ മണ്ണുത്തി-കറുകുറ്റി പാതയിലെ പരപ്പിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 419 അപകടമരണങ്ങൾ, 2350 പേർ പരിക്കേറ്റവർ,  513 പേർ അംഗഭംഗം വന്നവർ, 2028 ആക്സിഡന്റുകൾ എന്നൊക്കെ ടൈംസ് ഓഫ് ഇന്ത്യയുടെ താളുകളിൽ ഇന്നു കണ്ടപ്പോൾ വെറുതെയൊന്നു കണ്ണോടിച്ചു.പല പ്രത്യേക സ്ഥലങ്ങളേയും അപകടസാദ്ധ്യതാ മേഖലകളായി ചൂണ്ടിക്കാട്ടാനായിട്ടും അവയെ നിയന്ത്രിയ്ക്കാനാകാത്തതെന്തുകൊണ്ട്? റോഡുകളുടെ വീതികൂട്ടലും, ബൈപാസ്സുകളിലെ അശ്രദ്ധകളും, ജംക്ഷനുകളും, സിഗ്നലുകളുമെല്ലാമെന്തുകൊണ്ട് പ്രാധാന്യമർഹിയ്ക്കുന്നില്ല? മൊബൈൽ ഫോണിൽ വർത്തമാനം പറയുന്ന ഡ്രൈവർമാരുള്ള വാഹനത്തിലിരുന്ന് ഇതൊന്നു നിർത്തി മുന്നോട്ടു നോക്കി വണ്ടിയോടീയ്ക്കൂയെന്നുറക്കെ വിളിച്ചു പറയാൻ നമുക്കൊക്കെ എത്ര തവണ തോന്നിയിട്ടുണ്ടാവണം? ആരും ശ്രദ്ധിയ്ക്കുന്നില്ലേ ഇതൊന്നും?

ഡ്രൈവിംഗ് ടെസ്റ്റുകൾ എന്തുകൊണ്ടു കർശനമാക്കുന്നില്ല?റാഷ് ഡ്രൈവിംഗ് കഠിനമായ ശിക്ഷയർഹിയ്ക്കണ്ടേ? എന്തുകൊണ്ട് കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കപ്പെടുന്നില്ല?  പിഴകൾ ഈടാക്കുന്നതൊക്കെയും ഇത്തരം കാര്യങ്ങൾക്കു വേണ്ടി തന്നെ ചിലവാക്കിക്കൂടേ? ചെറുപ്പക്കാരായ ഡ്രൈവർമാർക്ക് ബോധവൽക്കരണം ഇടയ്ക്കിടെ ആവശ്യം തന്നെ. ആരോടു പറയാൻ? ആരു കേൾക്കാൻ? ഇതുവരെയും ഡ്രൈവിംഗിൽ ഒരു പിഴവുംഉണ്ടായിട്ടില്ലാത്തഎന്റെ ഹസ്ബൻഡിന്റെ ഡ്രൈവിംഗ് ലൈസൻസൊന്നു പുതുക്കിക്കിട്ടാനായി കഴിഞ്ഞ ഒരു വർഷമായി നെട്ടോട്ടമോടുന്നു. ആർ.ടി.ഓ ഓഫീസിൽ എത്ര വട്ടം പോയിട്ടും രക്ഷയില്ല. സീനിയർ സിറ്റിസ്ൺസിനെ ഇങ്ങനെയൊക്കെ ബുദ്ധിമുട്ടിയ്ക്കുന്ന മറ്റൊരു സ്ഥലവും ഉണ്ടാവില്ലെന്നു തോന്നുന്നു. ആവലാതി ആരോടോതാൻ? ശരിയ്ക്കും പറഞ്ഞാൽ ഓരോ യാത്രയും പരീക്ഷണങ്ങളായിഇ വിടെ മാറുന്നു. സ്വയരക്ഷ നിങ്ങളുടെ മാത്രം കൈയ്യിൽ.സത്യം പറഞ്ഞാൽ പലപ്പോഴും ആസ്വാദ്യജനകമാകേണ്ടുന്ന പല യാത്രകളും യാതനയാർന്നതായി മാറാനിതു വഴിവയ്ക്കുന്നില്ലേ? അറിയാത്തൊരാശങ്ക മനസ്സിലെന്നും ഒളിപ്പിച്ചു വയ്ക്കാതിരിയ്ക്കാനാകുന്നില്ലല്ലോ?

വായിച്ചുകൊണ്ടിരുന്ന ടൈംസ് ഓഫ് ഇന്ത്യ മടക്കി വച്ച് ഇന്നലെ യാത്രകാരണം വായിയ്ക്കാനാവഞ്ഞ മാതൃഭൂമി കൈയ്യിലെടുത്തപ്പോൾ ഉള്ളിലെ താളുകളിലൊന്നിൽ വായിച്ച കാർ ആക്സിഡണ്ടിൽ  മരിച്ച യുവാവിന്റെ പേർ വായിച്ചപ്പോൾ തല കറങ്ങി. എന്റെ വീട്ടിൽ എന്നും വരുന്നവൻ, എന്റെ കൂട്ടുകാരിയുടെ മകൻ. ഉറക്കെക്കരയാനാണു തോന്നിയത്. ദുർഭൂതമായി വായ് പിളർന്നു നിൽക്കുന്ന വഴി വിഴുങ്ങുന്ന ജീവിതങ്ങൾ വലിയ ചോദ്യചിഹ്നങ്ങളെ സൃഷ്ടിച്ച് മുന്നിൽ നിൽക്കുമ്പോഴും മനം പിളർക്കുന്ന നിലവിളികളെ കേട്ടില്ലെന്നു നടിയ്ക്കുന്നതിലെ സാംഗത്യം മനസ്സിലാക്കാനാകുന്നില്ല. ആരെങ്കിലും ഇതെല്ലാം കേൾക്കുന്നുണ്ടോ? എന്തെങ്കിലും ചെയ്യാൻ ഇനിയും വൈകുന്നതെന്തിനാണാവോ?. നമ്മുടെ റോഡുകൾ സുരക്ഷിതമാക്കുകയെന്നത് നമ്മുടെ കർത്തവ്യം തന്നെയല്ലേ?ഡ്രൈവിംഗിനെക്കുറിച്ച് മാർട്ടിൻ അമിസ് എന്ന ബ്രിട്ടീഷ് നോവലിസ്റ്റ് പറഞ്ഞ വാക്കുകളാണോർമ്മ വന്നത് : സുരക്ഷിതമായോ വേഗത്തിലോ നിങ്ങൾക്കെത്തേണ്ടിടത്ത് എത്തുക എന്നതല്ല, നിങ്ങളുടെ ലക്ഷ്യം. ഡ്രൈവ് ചെയ്യുന്ന പാതയിൽ നിങ്ങളുടെ വ്യക്തിമുദ്ര പതിപ്പിയ്ക്കലാണ് നിങ്ങൾ ചെയ്യേണ്ടത്.” എത്ര സത്യം, അല്ലേ? അങ്ങനെയൊരു കാലം നമുക്കു സ്വപ്നം കാണാനാകുമോ?

 

ഒരു കന്നിയാത്ര പഠിപ്പിച്ചത്…( അയനങ്ങൾ, നവ വാതായനങ്ങൾ-2)

ഓരോ യാത്രയും അനുഭവങ്ങൾക്കൊപ്പം അറിവും  പകരുന്നുവെന്ന സത്യം യാത്ര ചെയ്യാൻ നമ്മെ ഉത്സുകരാക്കുന്നു. സത്യത്തിൽ ഓരോ യാത്രയും പുറം കാഴ്ച്ചകളിലൂടെ അനുഭൂതിദായകങ്ങളായി മാറുമ്പോൾ ഉൾക്കാഴ്ച്ചകൾ ഊർജ്ജ സ്രോതസ്സായും മാറുന്നുവെന്ന് ആദ്യമായി മനസ്സിലാക്കാനായത് ഈയിടെ നടത്തിയ ശബരിമല യാത്രയിലൂടെയായിരുന്നു.

ശബരിമലയാത്ര എന്നെസ്സംബന്ധിച്ചിടത്തോളം ഓർക്കാപ്പുറത്തു കിട്ടിയ ഒരു ഭാഗ്യമായിരുന്നു. സത്യം പറയുകയാണെങ്കിൽ മാലയിട്ട നിമിഷം മുതൽ ഈ യാത്ര തുടങ്ങിയെന്നു പറയാം. മലയ്ക്കു പോകുമ്പോൾ പാലിയ്ക്കേണ്ട ആചാരങ്ങൾ തന്നെ നമ്മെ ചിന്തിപ്പിയ്ക്കുന്ന വിധത്തിലുള്ളവയായിരുന്നു. ആദ്യ കെട്ടുനിറ പകർന്ന അനുഭൂതി തന്നെ വിവരണാതീതം .അപ്പോൾപ്പിന്നെ ആ യാത്ര  തന്ന അനുഭവപാഠങ്ങളോ?ബാല്യം  മുതൽ എന്റെ ചിന്തകളിൽക്കുരുങ്ങിക്കിടന്നിരുന്ന ഒട്ടേറെ ഉത്തരംകിട്ടാചോദ്യങ്ങളുടെ ഉത്തരങ്ങളാണീ യാത്രയ്ക്കൊടുവിൽ പുണ്യമായെന്റെ മുന്നിലെത്തിയത്, പുതിയ വാതായനങ്ങൾ തുറന്നുകൊണ്ട്.

 

ആലോചിയ്ക്കും തോറും അത്ഭുതം കൂടിക്കൊണ്ടുവരുന്ന ഒരു ദേവ സങ്കൽ‌പ്പമാണല്ലോ അയ്യപ്പൻ. 10വയസ്സിനും 50 വയസ്സിനുമിടയിലുള്ള സ്ത്രീകൾ അവിടെ ദർശനത്തിനായെത്തുന്നില്ല, ബ്രഹ്മചാരിയായ അയ്യപ്പന്റെ ഹിതത്തെ മാനിച്ച്. ഇന്നുവരെ ആ ആചാരം തെറ്റിയ്ക്കാൻ ആരും ധൈര്യപ്പെടുന്നില്ല. മുറവിളികൾ ഉയരുന്നുവെങ്കിലും. സ്ത്രീകളെ പ്രവേശിപ്പിയ്ക്കണമെന്നുപറഞ്ഞു ഫയൽ ചെയ്ത കേസിലും വിധി ആചാരലംഘനം നടത്തരുതെന്നു തന്നെ. അവിടെ പോകുന്നതിനായുള്ള തയ്യാറെടുപ്പുകൾ തന്നെ കുട്ടിക്കാലം മുതൽ എന്നിൽ വിസ്മയമുണർത്തിയിരുന്നു.നാൽ‌പ്പത്തിയൊന്നു ദിവസങ്ങളിലെ കഠിനവ്രതത്തിൽ അതുവരെയും കാണാത്ത മുഖങ്ങളായി മാറുന്ന ഭക്തർ ശരണം വിളിയോടെ നീങ്ങുമ്പോൾ അറിയാതെ ഉള്ളിലുണർന്നൊഴുകുന്ന ഒരു അനുഭൂതി അന്നേ മനസ്സിലാക്കാനായിരുന്നു. കെട്ടു നിറച്ചു പോകുന്ന ഭക്തർ താളത്തിൽ വിളിയ്ക്കുന്ന “അയ്യപ്പോ….” വിളികൾ അവർ പോയിക്കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞും ഒരു തേങ്ങലായി, വിങ്ങൽ പോലെ ഉള്ളിന്റെയുള്ളിലായി പ്രതിദ്ധ്വനിച്ചിരുന്നതും ഇന്നെന്നപോലെ ഓർക്കുന്നു. അയ്യപ്പസ്വാമിയെ അകലെ നിന്നു മാത്രമേ ഭജിയ്ക്കാനാകൂ എന്നായിരുന്നു അന്നൊക്കെ എന്റെ ഉള്ളിലെ വിചാരം.

 

മാലയിട്ടതും,ശുദ്ധമായി ദിനവും കുളിച്ചു ഭജിച്ചതും,  മുറപോലെ കെട്ടു നിറച്ചതും ഒക്കെ ഏകാഗ്രതയോടെയും തികഞ്ഞ ഭക്തിയോടെയും തന്നെയായിരുന്നു. അറിയാതെ തന്നെ എവിടുന്നോ ഒരു ശക്തി എന്നെ നയിയ്ക്കുംവിധം. പലപ്പോഴും ഉറക്കം കെടുത്തുന്ന ചിന്തകളെ തൂത്തുവാരിയെറിയാനായി. ലക്ഷ്യം തേടുന്ന യാത്രയുടെ തുടക്കമെന്നോണം ഒരു നവോന്മേഷവും എവിടുന്നോ എത്തി.യാത്രയുടെ ഓരോ നിമിഷവും ഹൃദ്യതയേറിയതായി മാറി.മലയുടെ മുകളിലേയ്ക്കുള്ള അതികഠിനമായ വഴി താണ്ടുന്ന നേരത്ത് അയ്യപ്പാ വിളികളിലൂടെ  യാത്രയുടെ പ്രായോഗികബുദ്ധിമുട്ടുകളേക്കുറിച്ചുള്ള ചിന്തകളെ പാടേ നീക്കി നിർത്തിയപ്പോഴാണ് സഹയാത്രികരെ ശ്രദ്ധിയ്ക്കാൻ തോന്നിയത്.വല്ലാത്ത അത്ഭുതം തോന്നി.ഇത്രയേറെ കഷ്ടതകൾ സഹിയ്ക്കുമ്പോഴും   എല്ലാവരും എത്ര സന്തോഷത്തിലാണ്!. ആരും പരാതി പറയുന്നില്ല, ആരും, കരയുന്നില്ല, ആരും വയ്യ എന്നു പറയുന്നില്ല. എവിടെ  നിന്നൊക്കെയോ വന്നവർ. ഏതെല്ലാം ഭാഷ പറയുന്നവർ. ഏതെല്ലാം പ്രായത്തിലുള്ളവർ. ഏതെല്ലാം മതത്തിലുള്ളവർ. പക്ഷേ , എല്ലാവരും ഉതിർക്കുന്ന ശബ്ദം ഒന്നു മാത്രം. ഒരേ താളം, ഒരേഭാവം.ജനലക്ഷങ്ങളുടെ മനം കവർന്ന് രക്ഷകനായി മാറുന്ന ആ ഊർജ്ജ സ്രോതസ്സിലേയ്ക്ക് ഒഴുകിയെത്തുകയാണെല്ലാവരും, അതിന്റെ ഭാഗമായിത്തീരുവാൻ മാത്രം. ഇവിടെ ജാതിയുടേയോ മതത്തിന്റെയോ വർണ്ണത്തിന്റെയോ സമ്പത്തിന്റെയോ അതിർ വരമ്പുകളില്ല.ഭക്തർ ദേവനിലേയ്ക്കു ലയിച്ചു ചേർന്നു സ്വയം ദേവനായി മാറുന്നു . എത്രയോ തവണ കേട്ടിട്ടുള്ളതാണെങ്കിലും സ്വയം അതിന്റെ ഭാഗമാകാൻ കഴിഞ്ഞപ്പോൾ ,പുണ്യപാപങ്ങളുടെ സഞ്ചയപ്രതീകങ്ങളായ ഇരുമുടിക്കെട്ടുമേന്തി തത്വസോപാനങ്ങളെന്നറിയപ്പെടുന്ന പതിനെട്ടു പടികളിൽ കാൽകുത്താനായപ്പോൾ,  മനസ്സിലാക്കാനായി, ”മനുഷ്യനും ദൈവവും ഒന്നു തന്നെ” .ഒരേയാത്രയിൽ, ഒരേ ലക്ഷ്യത്തോടെ പലവഴികളിലൂടെ വന്നു ഒന്നായിത്തീരുന്ന ദൈവാന്വേഷണത്തിലെ കണ്ണികളിൽ ചിലതു ദുർബലമെന്നു കാഴ്ച്ചയിൽ തോന്നിയെന്നിരിയ്ക്കാം, പക്ഷേ ലക്ഷ്യത്തിലെത്താൻ എന്നിട്ടും അവയ്ക്കാകുന്നു അഥവാ എത്തിച്ചേരപ്പെടുന്നു, മനസ്സിലെ മോഹത്തെപ്പോലെ. മനസ്സിന്റെ വക്രമായ വഴികൾ കുറച്ചു നേരത്തേയ്ക്കെങ്കിലും എല്ലാവരും മറക്കുന്നു. പരസ്പ്പരം  സഹായിയ്ക്കുവാനോ ,വൈരം മറക്കാനോ അവർക്കാകുന്നു.ലോകത്തിൽ എവിടെയും കാണാനാകാത്ത ഈ സമത്വബോധവും, സാഹോദര്യബോധവും നമ്മൾക്കുള്ളിൽ ഉറങ്ങിക്കിടപ്പുണ്ടെന്നും അവ വേണ്ട സമയം പുറത്തെടുക്കാനാകുമെന്നും ഇവിടെയെത്തുന്നവർക്കു മനസ്സിലാക്കാനാകും.. സാധാരണ ദൈവങ്ങളെ പേടിയ്ക്കുന്നവർക്കുപോലും അയ്യപ്പസ്വാമി സുഹൃത്താണ്, സംരക്ഷകൻ മാത്രമാണ്. ആരെയും ശിക്ഷിയ്ക്കുകയില്ല.രക്ഷിയ്ക്കുകയേ ഉള്ളൂ. യാതൊരു ദു:ഖ ചിന്തകളോ, വിഷമങ്ങളോ ദുർവിചാരങ്ങളോ നമ്മെ സ്പർശിയ്ക്കാതിരിയ്ക്കാൻ മറ്റെന്താവാം കാരണം?ഇത്ര സമാധാനവും ശാന്തിയും മറ്റാർ അരുളും? അധർമ്മത്തെ ഉപേക്ഷിച്ച് ധർമ്മപാതയിലേയ്ക്കു നയിയ്യ്ക്കാൻ മറ്റാർക്ക്കു കഴിയും?

“വിശ്വാസമല്ലോ വിളക്കു മനുഷ്യന്…” എന്നു കവി പാടിയത് ശരി തന്നെ. അനുഷ്ഠാനങ്ങൾ പിന്തുടരുന്നതിലെ യുക്തിയും അതു തന്നെ. അവ വിശ്വാസങ്ങൾക്ക് ബലം കൊടുക്കുന്നു. ആ വിശ്വാസങ്ങൾ മനുഷ്യനു ധൈര്യവും കരുത്തുമേകുന്നതിനൊപ്പം അധർമ്മത്തെ നീക്കി നിർത്താൻ ഓർമ്മപെടുത്തുകയും ചെയ്യുന്നു. സർവ്വോപരി മനുഷ്യത്വത്തെ ഉയർത്തിക്കാട്ടുന്നു.  യാത്ര കഴിഞ്ഞു തിരിച്ചെത്തി മാലയൂരിക്കഴിഞ്ഞിട്ടും പറഞ്ഞറിയിയ്ക്കാനാവാത്ത ഒരു അനുഭൂതി എനിയ്ക്കുള്ളിൽ ബാക്കി നിൽക്കുന്നു. ഒരൽ‌പ്പം പാപത്തെയെങ്കിലും ഞാൻ കഴുകിക്കളഞ്ഞില്ലേ?നിത്യജീവിതത്തിലെ തൊഴുത്തിൽക്കുത്തുകളിൽ നിന്നും മുന്നിരയിലെത്താനുള്ള ഓട്ടങ്ങളിൽ നിന്നും അൽ‌പ്പനേരം മാറി നിൽക്കാനായി ഇവിടെ വന്നവരെല്ലാം ഇനിയും ശ്രമിയ്ക്കാതിരിയ്ക്കുമോ? ഉള്ളിന്റെയുള്ളിലെ നന്മയെ സ്വയം തിരിച്ചറിയുമ്പോൾ സുഖം തോന്നുന്നത് സ്വാഭാവികം മാത്രം, അല്ലേ?

 

 

അയനങ്ങൾ, നവ വാതായനങ്ങൾ-1

 

യാത്രകൾ ഒരിയ്ക്കലും വിരസമാകാനിടയില്ല, നിങ്ങൾ അവയെ ആസ്വദിയ്ക്കാൻ തയ്യാറാകുന്നിടത്തോളം. സ്വയം തന്നെത്തന്നെയും കൂടെ യാത്രചെയ്യുന്നവരെയും പുതിയ വാതായനങ്ങളിലൂടെ കാട്ടിത്തരുന്ന സന്ദർഭങ്ങളായി അവ പലപ്പോഴും മാറുന്നു. സാധാരണ ദിവസങ്ങളിലെ മുഷിപ്പേറുന്ന ആവർത്തനങ്ങളിൽ നിന്നുമുള്ള രക്ഷ മാത്രമല്ല അവ പ്രദാനം ചെയ്യുന്നത്. മറിച്ച് തികച്ചും അപരിചിതമായ അന്തരീക്ഷത്തിൽ   ഏതാനും മണിക്കൂറുകളിലെ അടുപ്പവും സഹകരണവും സൃഷ്ടിയ്ക്കുന്ന സൌഹൃദത്തിന്റെ ആഴം പലപ്പോഴും നമ്മെത്തന്നെ അത്ഭുതപ്പെടുത്തും വിധമായിരിയ്ക്കാം. യാത്രകൾ സൌഹൃദങ്ങളെ സൃഷ്ടിപ്പിയ്ക്കുമ്പോൾ അവ അനുഭൂതിദായകങ്ങളായി മാറുന്നു. ക്ലേശപൂർണ്ണമായ യാത്രകളും സഹകരിയ്ക്കാനോ സൌഹൃദമനോഭാവം കാട്ടാനോ തയാറാകാത്ത സഹയാത്രികരും നമുക്കും കയ്പ്പേറിയവയായി മാറുന്നു.നല്ല യാത്രകൾ തുറക്കുന്ന നല്ല വാതായനങ്ങളെ നാമെന്നും മനസ്സിൽ സൂക്ഷിയ്ക്കുന്നു. അവയിലൂടെ ഇടയ്ക്കിടെ തലയിട്ടു പുറത്തേയ്ക്കെത്തി നോക്കുമ്പോൾ ജീവിതം സുന്ദരമായിക്കാണപ്പെടുന്നു. കയ്പ്പേറിയ അനുഭവങ്ങൾ മറക്കാനാകാത്തവയായി ഉള്ളിൽ ഒതുങ്ങിക്കഴിയുന്നെങ്കിലും സാന്ദർഭികമായി പലപ്പോഴും പുറത്തേയ്ക്കു തല നീട്ടുന്നു.

   യാത്രയെന്നാൽ ഏതുവിധത്തിലുള്ളതുമാകാം, ചെറിയവയോ വലിയവയോ എന്നതല്ല കാര്യം.. . കാരണം അനുഭൂതികൾ ഹൃദ്യമാകാൻ നിമിഷത്തിന്റെ ദൈർഘ്യം മാത്രം മതിയാകും പലപ്പോഴും. ക്ലേശപൂർണ്ണാമാകാനും അതുതന്നെ മതിയാകും. ഒരു സാധാരണ ബസ് യാത്രയായാലും, ഓട്ടോറിക്ഷയിലെയോ, വാടകക്കാറിലെയോ, സ്വന്തം കാറിലെയോ യാത്രയായാലും, തീവണ്ടി യാത്രയായാലും, വിമാനയാത്രയായാലും , എന്തിനു പറയുന്നു , ഒരു കാൽനടയാത്രപോലും ചിലപ്പോൾ മനസ്സിൽ ചലനങ്ങളുണർത്തിക്കടന്നു പോയേയ്ക്കാം.അവയിലേയ്ക്കൊന്നു തിരിഞ്ഞുനോക്കി കണ്ണോടിയ്ക്കുമ്പോൾ കിട്ടുന്ന അനുഭൂതികളെ നുണയാൻ നിങ്ങളെയും ക്ഷണിയ്ക്കുകയാണ്.
             ഏതാനും ദിവസങ്ങൾക്കു മുൻപുമാത്രം ഉണ്ടായ ഒരു തീവണ്ടിയാത്രയിലെ അനുഭവം ഒരൽ‌പ്പം കയ്പ്പു നിറഞ്ഞതായിരുന്നെങ്കിലും പറയേണ്ടതു തന്നെയെന്നു തോന്നിയതിനാൽ എഴുതുകയാണ്. കഴിഞ്ഞയാഴ്ച്ചയിൽ മുംബെയിൽ നിന്നുംനാട്ടിലേയ്യ്ക്കു വരികയായിരുന്നു.തേറ്ഡ് ഏ.സി.യിൽ അങ്ങോട്ടു പോകുമ്പോൾ തീരെ തിരക്കുണ്ടായിരുന്നില്ല. ആറുപേർക്കിരിയ്ക്കാവുന്ന സ്ഥലത്ത് ഞങ്ങൾ രണ്ടുപേർ മാത്രം.തിരിച്ചു പോരുമ്പോൾ നേരെ വിപരീതമായിരുന്നു സ്ഥിതി.രണ്ടുപേർക്കും രണ്ടു കമ്പാർട്ടുമെന്റിലായിരുന്നു സീറ്റ് കിട്ടിയത്. റെയില്വെയെ സമ്മതിയ്ക്കാതിരിയ്ക്കാനാകില്ല.എന്റെ സീറ്റ് ബി- നാലിലും ശശ്യേട്ടന്റെ സീറ്റ് ബി- ഒന്നിലും.ഭാഗ്യത്തിനു എനിയ്ക്കു ലോവർ ബെർത്ത് കിട്ടിയതിൽ മാത്രം സന്തോഷം തോന്നി. ടി.ടിയുടെ കാരുണ്യത്താൽ ഒരേ ബോഗിയിൽ തന്നെ മാറ്റി കിട്ടിയെങ്കിലും ബോഗിയുടെ രണ്ട് ഭാഗത്തായിരുന്നെന്നു മാത്രം. സാരമില്ല, അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളെന്നു സമാധാനിച്ചു.അടുത്തസ്റ്റേഷനുകളിൽ നിന്നെത്തിയ ട്രാവെൽ ഏജന്റടക്കം ഇരുപത്തൊന്നു പേരടങ്ങുന്ന സീയിയർ സിറ്റിസൺസിന്റെ യാത്രാഗ്രൂപ്പും   പിന്നീടെത്തിയ 18 പേരടങ്ങുന്ന (അതിൽ ഏഴുപേർ ചെറിയ കുട്ടികളായിരുന്നു) ഫാമിലി ട്രിപ്പിലെ മുംബൈ ഗ്രൂപ്പും വന്നതോടെ കമ്പാർട്ടുമെന്റിൽ പൂരത്തിരക്കായി.ഈ ഫാമിലി ഗ്രൂപ്പിന്റെ ലഗ്ഗേജുകളും കുട്ടികളും ഉറക്കെയുറക്കെയുള്ള സംസാരവും കരച്ചിലും ദേഷ്യപ്പെടലും സീറ്റു കയ്യേറലും കണ്ടപ്പോൾ തന്നെ മനസ്സിലായി തീരെ ഓർഗനൈസ്ഡ്   അല്ലെന്ന്. എട്ടുപേരുടെ സ്ഥമ പങ്കിടാനായി പന്ത്രണ്ടിലധികം പേർ. പലർക്കും വേറെ ബോഗിയിലാണ് സീറ്റ്. പക്ഷേ ഒന്നിച്ചിരിയ്ക്കാതെ വയ്യ താനും. വന്ന്പ്പോൽ മുതൽ എന്നെ സീറ്റിൽ നിന്നും മാറ്റിയിരുത്താൻ ശ്രമം തുടങ്ങി. സ്വാഭാവികമായും നല്ലൊരു സീറ്റു തന്നാൽ മറ്റൊരു സീറ്റിലേയ്ക്കു മാറാൻ എനിയ്ക്കും വിരോധമുണ്ടായിരുന്നില്ല. പക്ഷേ ലോവർ ബെർത്തോ സൈഡ് സീറ്റോ തരാതെ എന്നെ നിർബന്ധിച്ചപ്പോൾ ഞാൻ സീറ്റ് കൊടുക്കാൻ തയ്യാറായില്ല. തൊട്ട ലോവർ ബെർത്തിലെ സീനിയർ ആയ സ്ത്രീയും തയ്യാറായില്ല. യാത്രയിലുടനീളം ഈ ഗ്രൂപ്പിന്റെ ലഹളയും അസൌകര്യങ്ങളും സഹിയ്ക്കേണ്ടി വന്നു. ഉച്ചയൂണിനു ശേഷമുള്ള  ശേഷമുള്ള മയക്കം സാധിച്ചില്ല. ഇരിയ്ക്കാനും പലപ്പോഴും അസൌകര്യം തോന്നി. അവരുടെ ഭക്ഷണ സമയം കഴിയുന്നതുവരെയും മറ്റെവിടെയെങ്കിലും പോകേണ്ടി വന്നു. പലപ്പോഴും നിന്നു, മണിക്കൂറുകളോളം നീളുന്ന അവരുടെ ഭക്ഷണം കഴിയുന്നതുവരെയും. ഒക്കെ സഹിച്ചു, പക്ഷേ അകാരണമായും അല്ലാതെയുംകുട്ടികളെ മുഖത്തും പുറത്തുമെല്ലാം അടിയ്ക്കുന്നതു കണ്ടപ്പോൾ പറയാതിരിയ്ക്കാനായില്ല . വെളുത്തു തുടുത്തു പാവക്കുട്ടിപോലുള്ള നാലുവയസ്സുകാരി ആരുടെ ഹൃദയത്തേയും കവർന്നെടുക്കും.അകാരണമായി അച്ഛൻ ആ കുട്ടിയുടെ മുഖത്ത് അടിയ്ക്കുമ്പോൾ തടയാൻ തോന്നി. കഴിയില്ലല്ലോ. പക്ഷേ പറഞ്ഞു, അൽ‌പ്പം ദേഷ്യത്തിൽ തന്നെ.കുട്ടിയാണു, പറഞ്ഞു മനസ്സിലാക്കിയ്ക്കൂ..അടിയ്ക്കരുത്. പ്രത്യേകിച്ചും അന്യരുടെ മുന്നിൽ വഴക്കു പറയരുത്., എന്നൊക്കെ. പറഞ്ഞാൽ കേക്കില്ല, വാശിയാണ് അതുകൊണ്ടാണെന്നെല്ലാം മറുപടി കിട്ടി. വീണ്ടുമൊരിയ്ക്കൽക്കൂടി അമ്മയും അച്ഛനും ഇതാവർത്തിച്ചപ്പോൾ  അവരോടിതാവർത്തിച്ചു പറയാതിരിയ്ക്കാനായില്ല. ഗ്രൂപ്പിൽ അധികവും 35ൽ താഴെ വയസ്സുള്ള ദമ്പതിമാരും ചെറിയകുട്ടികളുമാണ്. സ്വയം യാത്രയിലെ സുഖമാസ്വദിയ്ക്കുമ്പോൾ കുഞ്ഞുങ്ങളെ വേണ്ടതുപോലെ അവർക്കു ശ്രദ്ധിയ്ക്കാനാകുന്നില്ലെന്നു മനസ്സിലാക്കാനായി. പലപ്പോഴും ട്രെയിൻ നിർത്തുമ്പോൾ അച്ഛനമ്മാമാർ വെയിൽ കായാൻ പ്ലാറ്റുഫോമിൽ ഇറങ്ങി നിൽക്കുമ്പോൾ അവരെ കാണാതെ കുട്ടികൾ കരയുന്നതും കണ്ടു. അടുത്തിരിയ്ക്കുന്നവരുടെ അസൌകര്യങ്ങൾ മനസ്സിലാക്കാതെയുള്ള  വാക്കുകളും പ്രവൃത്തികളും കണ്ട് മുന്നിലെ സീനിയർ ആയ യാത്രക്കാരിയും അവരെ താക്കീതു ചെയ്യുന്നതു കണ്ടു. വണ്ടി ഷൊർണ്ണൂരെത്തിയപ്പോൾ സമാധാനമായി. തൃശ്ശൂരെത്താറായല്ലോ,അധികം വൈകാതെ. പക്ഷേ അവർക്കു വേഗം സുഖമായിരുന്ന്  ഊണു കഴിയ്ക്കാനായി ഉടനെ സ്ഥലം കാലിയാക്കാനായിഎന്നെ അവർ  നിർബന്ധിച്ചപ്പോൾ അൽ‌പ്പം ദേഷ്യം തോന്നി.അൽ‌പ്പം കൂടി ക്ഷമിച്ചുകൂടേ എന്നു ചോദിച്ചെങ്കിലും ദേഷ്യത്തോടേ അവരെ ഒന്നു നോക്കി കോറിഡോറിൽ പോയി തൃശ്ശൂർ വരെ നിന്നു യാത്ര ചെയ്തു. കുട്ടികളെ അപ്പോഴും അവരിൽച്ചിലർ വഴക്കു പറയുന്നതിലെ എന്റെ അനിഷ്ടവും ഞാൻ മറച്ചു വച്ചില്ല.
                    യാത്രപറയാനോ ചിരിയ്ക്കാനോ അവരുടെ ചോദ്യങ്ങൾക്കു ഉത്തരം പറയാനോ ഞാൻ തയ്യാറായില്ലയെന്നത് അവർക്കു മനസ്സിലായെന്നു തോന്നുന്നു.വണ്ടി തൃശ്ശൂർ സ്റ്റേഷനിലെത്തി യപ്പോൽ ഞങ്ങൾക്കു പിന്നാലെ പ്ലാറ്റ്ഫോമിലിറങ്ങിയ ചെറുപ്പക്കാരൻ ബുദ്ധിമുട്ടുകൾക്കായി സോറി പറഞ്ഞപ്പോൾ സന്തോഷം തോന്നി. പക്ഷേ പുറത്തു പ്രകടിപ്പിയ്ക്കതെ സാരമില്ലെന്നും ഗ്രൂപ്പുയാത്രകളിൽ ഇതെല്ലാം സാധാരണമാണെന്നും പറയുന്നതിനൊപ്പം മറ്റൊന്നു കൂടി ഓർമ്മിപ്പിയ്ക്കാതിരിയ്ക്കാനായില്ല. അതിലേറെ എന്നെ വിഷമിപ്പിച്ചത് നിങ്ങളുടെയെല്ലാം കുട്ടികളോടുള്ള സമീപനമാണെന്ന്. അവൾ അടങ്ങിയിരിയ്ക്കില്ല, പറഞ്ഞാൽ കേൾക്കില്ല, വാശി പിടിയ്ക്കുന്നു എന്നെല്ലാം പഴയപോലെ ആവർത്തിച്ചപ്പോൾ ഒന്നേ ഓർമ്മിപ്പിയ്ക്കാനായുള്ളൂ. “ അവൾ എത്ര ചെറിയ കുട്ടിയാണ്. സ്നേഹത്തോടെ പറയൂ. നിങ്ങളുടെ ക്ഷമക്കുറവിനു അവളെയെന്തിനു ശിക്ഷിയ്ക്കുന്നു? ഇനിയൊരിയ്ക്കലും അവൾക്കു നേരെ കൈ ഉയർത്തരുത് ”‘ പിന്നെയുമെന്തൊക്കെയോ അധികാരത്തോടെയെന്നോണം അയാളോടായി പറയുന്ന എനിയ്ക്കൊപ്പം ശശ്യേട്ടനും പങ്കു ചേർന്നപ്പോൾ ചെറുപ്പക്കാരന്റെ മുഖത്തെ ജാള്യത കൂടിക്കൊണ്ടേയിരുന്നു. സ്യൂട്ട്കേസും വലിച്ചു നടക്കാൻ തുടങ്ങവേ തിരിഞ്ഞു നിന്ന് സന്തോഷകരമായ ഒരു കേരളയാത്ര അവർക്കായി നേർന്നപ്പോൾ അയാളുടെ മുഖം വിവർണ്ണമായോ , അതോ എന്റെ തോന്നലോ? എന്തായാലും ആദ്യമായാവും തീരെ പരിചയം പോലുമില്ലാത്ത ചിലരിൽ നിന്നും അയാൾക്കാദ്യമായി ഇങ്ങനെയൊക്കെ കേൾക്കേണ്ടി വന്നത്. കൈ വീശിയ അയാൾക്കു നേരെ തിരിഞ്ഞു നോക്കിച്ചിരിച്ച് പ്ലാറ്റ്ഫോം വിടുമ്പോൾ എന്തോ യാത്രാദുരിതമെല്ലാം മറന്ന എന്റെ മനസ്സിലും സന്തോഷം അലയടിച്ചിരുന്നു.

 

ഒന്നു നിൽക്കൂ ..ഒരൽ‌പ്പം ചിരിയ്ക്കൂ…

There is nothing in the world so irresistibly contagious as laughter- Charles Dickens

പൊട്ടിച്ചിരിയേക്കാളേറെ ചെറുക്കാനാകാത്തവിധം പടർന്നു കയറുന്ന മറ്റൊന്നും തന്നെ ഈ ലോകത്തിലില്ല എന്ന ചാൾസ് ഡിക്കൻസിന്റെ പ്രസിദ്ധമായ ഈ വരികൾ എത്ര സത്യം. ജീവിതത്തിൽ പലപ്പോഴായി അനുഭവങ്ങളായി അവ മുൻപിൽ വന്നു നിന്നിട്ടുണ്ട്. പലപ്പോഴായി വന്നെത്തിയവയിലെ അവിചാരികത അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. അതിന്റെ മനോഹാരിത പിന്നീടു ചിന്തകൾക്ക് വഴി നൽകിയിട്ടുണ്ട്. അപ്പോഴൊക്കെ മനുഷ്യനു കിട്ടിയ ഈ പ്രത്യേക വരദാനത്തിനു മനസ്സുകൊണ്ടു നന്ദി പറയാതിരിയ്ക്കാനായിട്ടില്ല.കാരണം മനുഷ്യനു മാത്രമേ കരയാ‍നും ചിരിയ്ക്കാനുമുള്ള കഴിവ് ഇത്ര നന്നാ‍യി കൈ വന്നിട്ടുള്ളൂ. ഒരു പൊട്ടിച്ചിരി തരുന്ന മനസ്സുഖം, സന്തോഷം, ആരോഗ്യം, സമാധാനം എന്നിവയ്ക്കൊക്കെത്തുല്യമാ‍യൊരു മരുന്ന് ഇനിയും കണ്ടു പിടിയ്ക്കാനിരിയ്ക്കുന്നതേയുള്ളൂ.

ചിരികൾ തന്നെ എത്രവിധത്തിൽ..എത്ര അർത്ഥതലങ്ങളിൽ. പുഞ്ചിരിയും പൂപ്പുഞ്ചിരിയും,പൊട്ടിച്ചിരിയും, കളിയാക്കും വിധമുള്ള ചിരിയും, നാണം കലർന്ന ചിരിയും എല്ലാം എത്ര പെട്ടെന്നു നമുക്കു തിരിച്ചറിയാനാകുന്നു, അല്ലേ?ഇന്നത്തെ മനുഷ്യൻ തന്റെ പലവിധ കാര്യസാദ്ധ്യങ്ങൾക്കായി ഈ ചിരികളെയൊക്കെ വേണ്ടും വണ്ണം ഉപയോഗിയ്ക്കാനും പഠിച്ചു കഴിഞ്ഞിരിയ്ക്കുന്നു. സ്വയം അഭിനന്ദിയ്ക്കുന്ന തരം ചിരികളിലേയ്ക്കുള്ള ഒരു വഴി മാത്രമായി ഇന്ന് ചിരി മാറിയിരിയ്ക്കുന്നു.സ്വാർത്ഥതയുടെ പാരമ്യതയിൽ മാത്രം ചിരിയ്ക്കാൻ മനുഷ്യൻ തയ്യാറാവുന്നു.
സാധാരണ ജീവിതത്തിലെ ദൈനംദിന ത്തിരക്കുകൾക്കിടയില്പെട്ടു നഷ്ടമാകുന്ന ഒന്നായി ചിരി മാറിയിരിയ്ക്കുന്നു. ചിരിയെന്നതിപ്പോൾ നമ്മൾ അപൂർവ്വം മാത്രം ഉപയോഗിയ്ക്കുന്ന ഒന്നാണ്. അടുക്കളപ്പുറകിലെ ഒതുക്കിച്ചിരികളും പൂമുഖത്തു നിന്നും ഉയരുന്ന പൊട്ടിച്ചിരികളും, കളിക്കളത്തിൽ നിന്നുമുയരുന്ന ആർപ്പുചിരികളും പെൺകുട്ടികൾക്കിടയിലെ നാണത്തിൽ കുതിർന്ന കളിയാക്കലുകളുയർത്തുന്ന ചിരികളുമൊക്കെ എവിടെയോ നഷ്ടപ്പെട്ടിരിയ്ക്കുന്നു.ജീവിതത്തിലെ സമ്മർദ്ദങ്ങളെ കുറയ്ക്കുവാൻ ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണു ചിരിയെന്നത് നാം മറന്നു പോയിരിയ്ക്കുന്നുവോ?ഉള്ളു തുറന്നു ചിരിയ്ക്കാനുള്ള ഉപാധികൾ പണ്ടൊക്കെ നൈസർഗ്ഗികമായവിധത്തിൽ കൈ വന്നിരുന്നു. പലപ്പോഴും പിരിമുറുക്കങ്ങളിൽ നിന്നും മോചനം നേടാനും ലാഘവത്വം കൈവരിയ്ക്കാനും തമാശകൾ പറഞ്ഞു പൊട്ടിച്ചിരിയ്ക്കാറുണ്ട്. ഇത്തരം വേളകൾ മരുന്നിനെക്കാളേരെ ഫലപ്രദമായവയായി മാറുന്നു. സ്വന്തം ദു:ഖങ്ങളെ ഈ വേളയിൽ മറക്കുന്നതു കൂടാതെ ശാരീരികമായി ചിരിയെന്ന പ്രവൃത്തി നമുക്കു ഒട്ടനവധി ഗുണങ്ങൾ ചെയ്യുന്നുണ്ട്. അതിന്റെ പ്രതിഫലമോ,മനസ്സിനും ശരീരത്തിനും ഒരേപോലെ ഉന്മേഷം ലഭിയ്ക്കുന്നു. ഇതൊക്കെ അറിഞ്ഞിട്ടും നമ്മൾ ചിരിയ്ക്കാൻ മടിയ്ക്കുന്നതെന്തേ?
പ്രത്യേകിച്ചു കാരണമൊന്നും പറയാനില്ലെങ്കിലും, കൂടുതൽ തിരക്കാർന്ന ജീവിതത്തിന്റെ ഇരയായി മാറുന്ന മനുഷ്യൻ സദാ പിരിമുറുത്തിലാണിപ്പോൾ എന്നു പറയുന്നതാണ് ശരി. ഒന്നിനും സമയമില്ല, ചിരിയ്ക്കാൻ പോലും മറന്നു പോകുന്നു. കൃത്രിമച്ചിരികൾക്കായൊരുക്കിയ ക്ലബ്ബിൽച്ചേരാനുള്ള ഒരു സുഹൃത്തിന്റെ ക്ഷണമാണിതെഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്.കഷ്ടം തോന്നി. നന്ദി, സുഹൃത്തേ, പക്ഷേ ഒരു കൃത്രിമച്ചിരി എനിയ്ക്കാവശ്യമില്ലെന്നു തോന്നുന്നു. കാരണം ഞാനിനിയും വേണ്ട സമയത്തെല്ലാം ചിരിയ്ക്കാൻ മറന്നിട്ടില്ല. മാത്രവുമല്ല, യാതൊരു ചിലവും കൂടാതെ അന്യർക്കായി എപ്പോഴും കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനമായി അതിനെ ഞാൻ മാനിയ്ക്കുകയും ചെയ്യുന്നു.
ഒരു ചെറിയ ചിരി ഒരുപക്ഷേ ഒരാളുടെ ഒരു ദിവസത്തെ ധന്യമാക്കിയെന്നിരിയ്ക്കം.കാരണം ചാൾസ് ഡിക്കൻസ് പറഞ്ഞതുപോലെ ചിരിയെന്നത് തടുക്കാനാവാത്തവിധം പകരുന്ന ഒന്നാണ്,. അല്ലെങ്കിൽ ഒരു ഫ്ലൂ പോലെ പകരുന്ന ഒന്നാണ്. ഒരാൾ എന്നെ നോക്കി ചിരിയ്ക്കുമ്പോൾ സ്വാഭാവികമായും എനിയ്ക്കും ചിരിയ്ക്കാനാകുന്നത് അതുകൊണ്ടു തന്നെയാണല്ലോ. പിരിമുറുക്കങ്ങൾ കുറയ്ക്കാനും , സ്വാസ്ഥ്യം കിട്ടാനുമായി ചിരിയങ്ങനെ പടരട്ടെ.നൈസർഗ്ഗികമായിത്തന്നെ ചിരിയ്ക്കാൻ പഠിയ്ക്കൂ.ആരോഗ്യത്തിനും സന്തോഷത്തിനും വഴി തെളിയിയ്ക്കൂ.

(http://www.koottam.com/blogs/152644/13/-)

ശബരിമലയിൽ തങ്ക സൂര്യോദയം Article-4

 

 

 

Part-4

“മുകളിലേയ്ക്കു നോക്കേണ്ട. സ്വാമിയെ മനസ്സിൽ ധ്യാനിച്ചു കയറ്റം തുടങ്ങിക്കോളൂ” കൂടെയുള്ളവർ പറയുന്നതനുസരിച്ചു. നിന്നും സാവധാനത്തിലും പടികൾ കയറവേ കൂർത്ത നിരപ്പല്ലാത്ത പ്രതലത്തോടു കൂടിയ നിലത്തെ സ്പർശിയ്ക്കുന്ന പാദങ്ങളിൽത്തന്നെ കണ്ണുകളുറപ്പിച്ച്, മനസ്സിൽ അയ്യനെ ധ്യാനിച്ച്, ചുറ്റുപാടുനിന്നുമുയരുന്ന അയ്യപ്പാവിളികൾക്കു മറുപടിയേകി മുന്നേറവേ ഇരുമുടിക്കെട്ടിന്റെ കനം അറിയാതെപോകുന്നു. തീരെ അവശരായവരും, തടി കൂടിയവരും, ചുറുചുറുക്കുള്ള ചെറുപ്പക്കാരും , കൊച്ചു മണികണ്ഠന്മാരും  അംഗവൈകല്യം വന്നവരും എല്ലാം ഒരേ സമയം ഒരേ ലക്ഷ്യത്തോടെ മുന്നേറുന്ന ഈ കാഴ്ച്ചയാണിവിടെ കാണാനാകുന്നത്. ആർക്കും ആവലാതികളില്ല. ആരും ഇനി കയറാനാവില്ലെന്നു പറയുന്നില്ല. പമ്പയിൽ നിന്നും കയറാനാകത്തവർക്കായി ഡോളി സർവീസുണ്ട്. നാലുപേർ ചേർന്ന് എടുക്കുന്ന ചാരുകസേരയിലിരുന്നു മുകളിലെത്താം. അസുഖമുള്ളവർക്കു മുകളിലെത്താൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. താഴെ നിന്നു തന്നെ ഡോളി വേണമോ എന്നു ചോദിച്ച് പലരും പിന്നാലെ കൂടി. അയ്യപ്പസ്വാമിയുടെ കൃപയാൽ വേണ്ടെന്നു പറയാൻ ബുദ്ധിമുട്ടുണ്ടായില്ല. നാലഞ്ചുകൊല്ലം മുൻപ് മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ നിന്നു 25 കിലോമീറ്റർ ദൂരത്തായി സമുദ്രനിരപ്പിൽ നിന്നും 1080 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രതാപ്ഗഢെന്ന ശിവജിയുടെ കോട്ടയുടെ മുകൾ വരെ  നടന്നു കയറിയിട്ടുണ്ടെങ്കിലും ഇപ്പോൾ റെയിൽ വേ സ്റ്റേഷൻ സ്റ്റെപ്പുകൾ കൂടി കിതപ്പുണ്ടാക്കാറുണ്ട്. അതിനാൽ നിന്നും ഇരുന്നും സാവധാനത്തിൽ അടികൾ വച്ചും ഇടയ്ക്ക് ശക്തി കിട്ടാനായി ഗ്ലൂക്കോസ് വായിലിട്ടും സാവധാനത്തിൽ ശരണം വിളികളുടെ താളത്തിനൊത്തായിരുന്നു മലകയറ്റം. അപ്പാച്ചിമേട്ടിൽ ഇരുവശത്തുമുള്ള അഗാധമായ കൊക്കകളായ അപ്പാച്ചിയിലും , ഇപ്പാച്ചിയിലും വസിയ്ക്കുന്ന ദുർദ്ദേവതകളെ പ്രീതിപ്പെടുത്താനായി  അരിയുണ്ടയെറിയാൻ എല്ലാവരും ഉത്സാഹം കാണിച്ചു. ശരം കുത്തിയാലിനെ പ്രതിനിധീകരിയ്ക്കുന്നിടത്തായി കന്നിയാത്രയുടെ ഭാഗമായി ശരക്കോൽ നിക്ഷേപിച്ചു.  കയറ്റം കഴിഞ്ഞ് നിരപ്പായ റോഡിലെത്തിയപ്പോൾ ആശ്വാസമായി. ഇരുമുടിക്കെട്ടിനെ തലയിൽ ബാലൻസ് ചെയ്ത് പിടിയ്ക്കാതെ തന്നെ നടക്കാമെന്നായപ്പോൾ എനിയ്ക്കു തന്നെ അത്ഭുതം തോന്നി. എല്ലാം സ്വാമിയുടെ അനുഗ്രഹമെന്നല്ലാതെ മറ്റെന്തു പറയാൻ?

ഓൺലൈൻ ആയി ബുക്കുചെയ്തക്യൂവിൽ പറയത്തക്ക തിരക്കില്ല. സാവധാനത്തിൽ പതിനെട്ടാം പടിയ്ക്കടുത്തേയ്ക്കു നീങ്ങുമ്പോൾ ഒരു സ്വപ്നസാക്ഷാത്ക്കാരത്തിന്റെ തൊട്ടുമുന്നിലായുള്ള ആഹ്ലാദം ഉള്ളിൽ തിരയടിച്ചു. പതിനെട്ടാമ്പടിയ്ക്കടുത്തായി തേങ്ങയെറിഞ്ഞുടച്ചു, ഒന്നാമത്തെ പടി തൊട്ടു തലയിൽ വെയ്ക്കുമ്പോൾ അയ്യപ്പന്റെ കാരുണ്യത്തിന്റെ മൂർദ്ധന്യം തിരിച്ചറിയാനായി. ഒന്നാം തൃപ്പടി ശരണമെന്നായ്യപ്പ! അവിടൊരു വന്ദനം ശരണം പൊന്നയ്യപ്പ! പടികളിൽ നിൽക്കുന്ന പോലീസയ്യപ്പന്മാർ കയറാൻ എല്ലാവരെയും സഹായിച്ചു കൊണ്ടേയിരുന്നു. യാതൊരുവിധ തിരക്കുകൂട്ടലുകളും കണ്ടില്ലെന്നതെന്നെ അത്ഭുതപ്പെടുത്തി. 18 പടികളും ഇതുവരെയും ടിവിയിൽ മാത്രമേ കണ്ടിട്ടുള്ളൂ. വന്ദിച്ചു കൊണ്ട് ഓരോപടിയും കയറി മുകളിലെത്തി ക്യൂവിൽ നിന്നു. പ്രദക്ഷിണമായി വന്ന് മെല്ലെയൊഴുകുന്ന ക്യൂവിൽ നിന്നും ഭഗവാനു തൊട്ടുമുന്നിലെത്തിയപ്പോൾ എല്ലാം മറന്ന പ്രതീതി. അൽ‌പ്പസമയം മുകുളിത ഹസ്തത്തോടെ നിന്നു പ്രാർത്ഥിച്ചു. മനസ്സു നിറഞ്ഞപോലെ . അടക്കാനാവാത്ത സന്തോഷം സിരകളിലൂടെ പതഞ്ഞൊഴുകുന്നു. വീണ്ടും പ്രദക്ഷിണം ചെയ്ത്  മാളികപ്പുറത്തമ്മയെ വന്ദിച്ച് പുറത്തു കടന്നു. ബുക്കു ചെയ്തിരുന്ന റൂമിലെത്തി, കുളിച്ചുവസ്ത്രം മാറി. തിരക്കില്ലാത്ത ദിവസമായതിനാൽ ഒമ്പതരയ്ക്കു പോയാൽ നന്നായി തൊഴാനാകുമെന്നാരോ പറഞ്ഞു. അഭിഷേകത്തിനുള്ള നെയ് തേങ്ങയുടെ ഉള്ളിൽ നിന്നും പാത്രത്തിലേയ്ക്കു പകർന്നു.ആ തേങ്ങകൾ ഇനി കത്തുന്ന തീക്കുണ്ഡത്തിലേയ്ക്കെറിയണം.കാണിക്കസഞ്ചിയും നിവേദ്യത്തിനായുള്ള മറ്റു നിവേദ്യവസ്തുക്കളും ഉരുട്ടാനുള്ള തേങ്ങയും കെട്ടിൽ നിന്നു പുറത്തെടുത്തു. പത്തുമണിയോടെ വീണ്ടു കാണിക്കയർപ്പിച്ച് ഭഗവാന്റെ തിരുമുഖം ദർശിച്ചു. പതിനെട്ടാം പടി ഏതാണ്ട് ശൂന്യമെന്നു തന്നെപറയാം. ഒരു നിമിഷം നോക്കി നിന്നു. അമ്പലത്തിന്റെ തിരുമുറ്റത്തു തന്നെ നിൽക്കവേ ഹരിവരാസനവും കേൾക്ക്കാനായി. ദേഹമാസകലം കോരിത്തരിച്ചുപോയി. അറിയാതെ സ്വാമിയെ വിളിച്ചുപോയി. ശബരിമലയിൽ ഭഗവാനു സമീപം നിന്നു ഹരിവരാസനം കേൾക്കാനാകുമെന്ന് സ്വപ്നത്തിൽ‌പ്പോലും കരുതിയിരുന്നില്ല. സ്വാമിയുടെ കാരുണ്യമെന്നല്ലാതെ മറ്റെന്തുപറയാൻ?

മുറിയിൽ ചെന്നതും കിടന്നതുമേ ഓർമ്മയുള്ളൂ. സുഖനിദ്ര തഴുകാനോടിയെത്തി. കാലും മേലുമെല്ലാം നീറുന്നതും നോവുന്നതുമൊക്കെ മറന്നേ പോയി. , സുഖമായുറങ്ങി. രാവിലെ നേരത്തെ എഴുനേറ്റ് കുളിച്ചു നെയ്യഭിഷേകത്തിനായി  ക്യൂവിൽ നിന്നു ടോക്കണെടുത്തു. തിരക്ക് അനുനിമിഷം കൂടുതലായിക്കൊണ്ടിരുന്നു. മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തിനു ചുറ്റും നാളികേരമുരുട്ടി, മറ്റു പൂജാദ്രവ്യങ്ങളർപ്പിച്ചു, വഴിപാടുകളും വിധിയാം വണ്ണം നടത്തി. മറ്റു ഉപദേവതകളെയും തൊഴുതു പ്രാർത്ഥിച്ചു. പ്രസാദങ്ങളും, ആടിയ നെയ്യും വാങ്ങി.  മനസ്സുകൊണ്ട് അയ്യപ്പസ്വാമിയെ ഒരിയ്ക്കൽക്കൂടി തൊഴുതു മനസ്സില്ലാമനസ്സോടെ പുറത്തു കടന്നു. വീണ്ടും റൂമിലെത്തി. ബാഗെല്ലാമെടുത്ത് മറ്റൊരു വഴിയിലൂടെ മടക്കം.

കുത്തനെയും ചെരിഞ്ഞും ഉള്ള ഈ വഴിയാണ് പുരാതനവഴി. കുറെയൊക്കെ നേരെയാക്കിയിട്ടുണ്ടെങ്കിലും സിഗ് സാഗ് ആയി വളഞ്ഞു പുളഞ്ഞു ചെരിഞ്ഞും നിവർന്നും പൊങ്ങിയും താഴ്ന്നും കിടക്കുന്ന റോഡിലൂടെ ഒരു കറുത്തപുഴയെന്നോണം ഒഴുകുന്ന അയ്യപ്പന്മാർക്കിടയിലൂടെ ശബ്ദമുണ്ടാക്കിക്കൊണ്ടോടുന്ന ഡോളിവാഹകർ. മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരേപോലെ ഭാരവും വഹിച്ചലറിയോടുന്ന ട്രാക്ടറുകൾ. എല്ലാം ചേർന്നു ശബ്ദമുഖരിതമായ റോഡിന്റെ വശങ്ങളിലായി കൌതുകവസ്തുക്കളും കീ ചെയിനുകളും കളിപ്പാട്ടങ്ങളും കലണ്ടറുകളും ഭക്ഷണസാമഗ്രികളും വിൽക്കുന്ന കച്ചവടക്കാർ. റോഡിനിരുവശവും അടിച്ചു വൃത്തിയാക്കി ബ്ലീച്ചിംഗ് പൌഡർ ഇടുന്ന ജോലിയിലേർപ്പെട്ടിരിയ്ക്കുന്ന ശബരിമല സാനിറ്റേഷൻ സർവീസിന്റെ (SSS) ബനിയനണിഞ്ഞ ജോലിക്കാർ. വഴിയരുകിലെ ഒരുവളവിൽ കടപുഴകാൻ സാധ്യതയോടെ നിൽക്കുന്ന പടുകൂറ്റൻ മരം ശ്രദ്ധയിൽ‌പ്പെട്ടപ്പോൾ വരാനിരിയ്ക്കുന്ന ആ അപകടം വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചുകാണുമെന്നാശ്വസിച്ചു.  യാത്രയിലെവിടെയും ആരും  പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുന്നതായി കണ്ടില്ല. ഈ വഴിയിലും ഇടയ്ക്കിടെ വഴിയോരത്തായി ബയോ ടോയലറ്റുകളും വേസ്റ്റ് ബിന്നുകളും ധാരാളമായി വച്ചിരിയ്ക്കുന്നതും ഭക്തർ അവയെ ഉപയോഗിക്കുന്നതായും  കാണാനായി.സന്തോഷം തോന്നി. ആകപ്പാടെ പമ്പയും വഴികളും സന്നിധാനവും തിരിച്ചുള്ള വഴികളും മലീമസമല്ലാതെ കണ്ടപ്പോൾ പലരും പറഞ്ഞുകേട്ട അറിവുകൾ തെറ്റാണെന്നു തോന്നിപ്പോയി.  ഇറക്കം കഴിഞ്ഞു താഴെയെത്തുന്നവർക്കായി ഇളനീർക്കടകളിൽ മലപോലെ വിൽ‌പ്പനയ്ക്കായി കൂട്ടിയിട്ടിര്യ്ക്കുന്നു. പലരും ക്ഷീണം തീർക്കുന്നു. ഞങ്ങൾ നിന്നു സമയം കളയാതെ വീണ്ടും പമ്പയ്ക്കു സമീപമെത്തി. പമ്പയിലെ വെള്ളത്തിൽ കൈകാൽ കഴുകി ഫ്രെഷ് ആയി. പാലം കടന്നു മുകളിലെ റോഡിലെത്തി. നിമിഷങ്ങൾക്കകം ഞങ്ങളുടെ വാഹനമെത്തുകയും മനസ്സുകൊണ്ടു അയ്യപ്പസ്വാമിയെ ഒരിയ്ക്കൽക്കൂടി നമിച്ച് ഞങ്ങൾ തിരിച്ചുള്ള യാത്രയ്ക്കു തുടക്കമിടുകയും ചെയ്തു..

വൈകീട്ട് അഞ്ചരയോടെ തട്ടകത്തെ ദേവീക്ഷേത്രത്തിലെത്തി. തേങ്ങയുടച്ച് പ്രദ്ക്ഷിണം വച്ച് പുറത്തുകടന്നു. കുളിച്ചു ശുദ്ധിയോടെ വീണ്ടും അമ്പലത്തിലെത്തി സ്വാമിയെത്തന്നെ മനസ്സിൽ പ്രതിഷ്ഠിച്ച്  മാലയൂരി കറുപ്പു മാറ്റി. മനസ്സിന്നുള്ളിൽ ദൈവമിരുന്നാൽ മനുഷ്യനും ദൈവവും ഒന്ന്, എന്നല്ലേ? സ്വാമിയേ ശരണമയ്യപ്പ!

 

 

ശബരിമലയിൽ തങ്ക സൂര്യോദയം Article-3

 

ആറന്മുളയിൽ നിന്നും പത്തനംതിട്ട വഴി എരുമേലിയിലേയ്ക്കു പോകുന്നവഴിയിൽ ഹോട്ടലിൽ നിന്നും ഇഡ്ഡലിയും കാപ്പിയും കഴിച്ചു. ഇനി പതിനെട്ടാമ്പടി കയറി അയ്യപ്പസ്വാമിയെ ദർശിച്ചശേഷം മാത്രം ഭക്ഷണം എന്നു മനസ്സിൽ കരുതി. എരുമേലിയിലെത്തുമ്പോൾ സമയം പത്തരയായി. നല്ലവെയിൽ. തിരക്കും കുറവില്ല. പേട്ടതുള്ളൽ ഇതുവരേയും ടിവിയിൽ മാത്രമേ കണ്ടിട്ടുള്ളൂ. ചുട്ടുപൊള്ളുന്ന റോഡിൽ പാദം വയ്ക്കാനാവുന്നില്ല. അയ്യപ്പഭക്തിയിൽ അതൊന്നും അറിയാതെന്നോണം മേലാസകലം ചായം വാരിത്തേച്ച് വർണ്ണക്കടലാസ്സു കിരീടങ്ങൾ ചൂടി, കൈകളിൽ പലതരം മരച്ചില്ലകളും പിടിച്ച് ഹഹൂ ശബ്ദങ്ങളുയർത്തി ത്യേകരീതിയിലുള്ള കൊട്ടിനും വാദ്യത്തിനുമൊത്ത് താളത്തിൽ തുള്ളി അയ്യപ്പന്റെ ഭക്തർ മുകളിലെ കൊച്ചയ്യപ്പ ക്ഷേത്രത്തിൽ നിന്നും ഏതാണ്ട് അരക്കിലോമീറ്റർ താഴത്തായുള്ള വലിയ അയ്യപ്പക്ഷേത്രത്തിലേയ്ക്ക് റോഡിലൂടെ ആനന്ദനടനം ചെയ്തുകൊണ്ടൊഴുകുന്ന കാഴ്ച്ച ശരിയ്ക്കും ഭക്തിദായകം തന്നെ. ഇടയ്ക്കിടെ ഹോണടിച്ചെത്തുന്ന വാട്ടർടാങ്കറുകൾ വഴിനീളെ വെള്ളമൊഴുക്കി റോഡിനെ മുഴുവനും നനച്ച് പേട്ടതുള്ളുന്നവരുടെ കാൽ‌പ്പാദങ്ങൾക്ക് കുളുർമ്മയേകിക്കൊണ്ടേയിരുന്നു. കൂട്ടത്തിൽ ഞങ്ങളും പങ്കു ചേർന്നു. ഉറക്കെയുറക്കെ ശരണം വിളികൾ മുഴങ്ങിക്കൊണ്ടേയിരുന്നു. പേട്ടതുള്ളലിന്റെ സാധനസാമഗ്രികൾ വിൽക്കുന്നകടക്കാരും അവരുടെ ഏജന്റുകളും  പുതുതായി എത്തിക്കൊണ്ടിരിയ്ക്കുന്ന അയ്യപ്പഭക്തരെ പിന്തുടർന്ന് സാധനങ്ങൾ വാങ്ങാനായി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അയ്യപ്പന്റെ അവതാരലക്ഷ്യമായ മഹിഷിയെ വധിച്ചതിന്റെ സ്മരണയ്ക്കായാണ് പേട്ട തുള്ളലെന്നാണു ഐതിഹ്യം. പേട്ടതുള്ളുന്നവർക്കൊത്തു ഞങ്ങളും വാവർപ്പള്ളിയിലെത്തി പ്രദക്ഷിണം വച്ച് വഴിപാടിട്ടു. പുറത്തു കടന്നു. പേട്ടതുള്ളിയവർക്കു നദിയിലിറങ്ങിയോ പടവുകൾക്കു മുകളിലായി പ്രത്യേകമായുണ്ടാക്കിയ നെടൂനീളനായുള്ള ഷവറുകൾക്കു താഴെ നിന്നോ കുളിയ്ക്കാം.ശരീരത്തിലെ ചായം മുഴുവനും ഇഴുക്കിക്കളഞ്ഞു ഈറനോടെയോ പുതുവസ്ത്രം ധരിച്ചോ   വലിയ അയ്യപ്പക്ഷേത്രത്തിലെത്തി മലകയറാൻ മനസ്സിനെ ഒന്നു കൂടി സജ്ജമാക്കി ഭഗവാനോട് അനുഗ്രഹത്തിനായി പ്രാർത്ഥിയ്ക്കാം. ഞങ്ങളും അകത്തു കടന്ന് അയ്യപ്പന്റെ അനുഗ്രഹത്തിനായി തൊഴുതു പ്രാർത്ഥിച്ചു, വഴിപാടിട്ടു. . ശ്രീകോവിലിനുള്ളിൽ നിന്നും പ്രസാദത്തോടൊന്നിച്ചു കിട്ടിയ പൂജിച്ച ചരട് കയ്യിൽക്കെട്ടിയപ്പോൾ അറിയാവാത്ത ഒരു ശക്തി കൈവന്നപോലെ. അയ്യപ്പസ്വാമി തുണയ്ക്കുണ്ടെന്ന തോന്നൽ കരിമലകയറ്റത്തിനുള്ള ഭയത്ത മാറ്റിയപോലെ. പല അയ്യപ്പഭക്തിഗാനങ്ങളുടെ ശീലുകളും മനസ്സിൽ യാഥാർത്ഥ്യത്തിന്റെ രൂപരേഖകൾ വരയ്ക്കാൻ തുടങ്ങിയപ്പോൾ മനസ്സു തുള്ളിക്കളിയ്ക്കാൻ തുടങ്ങി. ഏറെ ലാഘവത്തോടെയാണു എരുമേലിയിൽ നിന്നും പമ്പയിലേയ്ക്കു പുറപ്പെട്ടത്. പമ്പ വരെയേ വാഹനത്തിൽ പോകാനാവൂ. അവിടെ നിന്നും കാൽനടയായി മാത്രമേ പോകാനാവൂ. എരുമേലിയിൽ നിന്നും വാഹനത്തിൽ പമ്പയിലെത്തുമ്പോൾ സമയം  മണിയായിരുന്നു. വാഹനം പാർക്കു ചെയ്ത് ഇറങ്ങി  ഇരുമുടിക്കെട്ടും തലയിലേറ്റി കുറച്ചു ദൂരം നടന്നാൽ പമ്പയുടെ പാലത്തിലേയ്ക്കിറങ്ങാം.. പാലം കടന്നാൽ പമ്പ ഇൻഫർമേഷൻ സെന്ററായി. വിശാലമായ ഹാളിൽ തിരക്കു കുറവായിരുന്നു. പറ്റിയ ഒരു മൂല കണ്ടെത്തി വിരി വിരിച്ച് ഞങ്ങൾ തലയിലെ കെട്ടുകൾ ഇറക്കിവച്ചു. ഇനി കുളിച്ചു ശുദ്ധമായി മലകയറാം. അതിനു മുൻപായി പമ്പയിൽ നിന്നും ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് ചെയ്തിട്ടുള്ളത് കൺഫേം ചെയ്യണം. വെരിഫിക്കേഷൻ കാർഡുമായി കൌണ്ടറിലെത്തി. വെരിഫിക്കേഷനുശേഷം ടിക്കറ്റ് വാങ്ങുമ്പോൾ” എല്ലാവരും സീനിയർ സിറ്റിസൺസ് ആണല്ലോ? മക്കളെയൊന്നും എന്താ കൂടെ കൊണ്ടുവരാഞ്ഞത്? മഴ വരുന്നതിനു മുൻപായി വേഗം മല കയറിക്കോളൂ’ എന്ന ഓഫീസറുടെ വാക്ക്കുകളിലെ കൺസേൺ ഞങ്ങൾക്കേറെ സന്തോഷം തന്നു. “ പ്രശ്നമില്ല, അയ്യപ്പൻ കൂടെയുണ്ട്, സുഖമായി ദർശനം നടത്താനാവും” മറുപടി പറയുമ്പോൾ ആത്മവിശ്വാസം കൂടി വരുന്നതു പോലെ.

പമ്പ..ഗംഗയ്ക്കു തുല്യയായവൾ. വഴിയിലുടനീളം അവളുടെ വിവിധരൂപങ്ങളുടെ ദർശനം ഞങ്ങൾക്കു കാട്ടിത്തന്നവൾ. ഇതാ പുണ്യനദിയിൽ കുളിയ്ക്കാൻ സമയമായി. മനസ്സുകൊണ്ട് എന്നേ ഞാൻ തയ്യാറായിരുന്നെങ്കിലും? ഇവിടെ നിന്നു പോകുമ്പോൾ ഇതുവരെ മലയ്ക്കു പോയിട്ടുള്ളവർ പറഞ്ഞിട്ടും പലയിടങ്ങളിലായി വായിച്ചിട്ടുമറിഞ്ഞ മലീമസമായ ഒരു ഗംഗ മനസ്സിലൂടൊഴുകിയിരുന്നു. എങ്ങനെയെങ്കിലും ഒന്നു മുങ്ങീക്കയറണ്ടേ എന്ന ചിന്ത കുറെ നേരമായി മനസ്സിൽക്കൊണ്ടു നടക്കുകയായിരുന്നു. പമ്പയിൽ ഒരിടത്തും മാലിന്യനിക്ഷേപങ്ങൾ കാണാനായില്ലെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. ധാരാളം വെയ്സ്റ്റ് ബിൻസ് എല്ലായിടങ്ങളിലും അനാവശ്യവസ്തുക്കളെ നിക്ഷേപിയ്ക്കാനായി വയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഗ്രീൻ പമ്പ പ്രോജക്റ്റിന്റെ ആളുകൾ ഭക്തരെ ബോധവാന്മാരാക്കുന്നുണ്ട്. പമ്പയിൽ തുണി വലിച്ചെറിയുന്നവർക്ക്ക് ശിക്ഷയുണ്ട്. വളരെ നിർമ്മലമായി കാണപ്പെട്ട പമ്പയിലെ കുളിരാർന്നജലവും വൃത്തിയാർന്ന പരിസരവും മനസ്സിലെ ചിന്തയെ നീക്കി. ഭക്തർക്ക് ടോയലറ്റ് സൌകര്യങ്ങളായി പേ ആന്റ് യൂസ് ടൊയ്ലറ്റുകളും പലഭാഗങ്ങളിലായി ബയോ ടോയ്ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. പതുക്കെ കൽ‌പ്പടവുകളിലിറങ്ങി കുളിരാർന്ന ജലത്തിൽ ആഴുമ്പോൾ നല്ല സുഖം. ഒട്ടേറെപ്രാവശ്യം മുങ്ങിക്കുളിച്ചു. കാലടികളിൽ കൊത്തി ഇക്കിളിയിടാൻ വന്ന മത്സ്യങ്ങൾ കൊതുകങ്ങളായി. ഈറനോടെ മുങ്ങിക്കയറി അൽ‌പ്പനേരം വെയിലിൽ നിന്നു. തിരിച്ച് സെന്ററിലെ ഹാളിൽ വെച്ച ഇരുമുടിക്കെട്ടിനടുത്തെത്തി. എല്ലാവരും വന്നെത്തിയ ശേഷം അത്യാവശ്യം കയ്യിൽ വെയ്ക്കാനായി അൽ‌പ്പം ബിസ്ക്കറ്റും വെള്ളവുമെല്ലാം വാങ്ങിയ ശേഷം ശരണം വിളിയോടെ ഇരുമുടിക്കെട്ടുമേന്തി നടപ്പാതയിലൂടെ കൈയ്യിൽ മലകയറ്റം വിഘനമൊന്നും കൂടാതെ ന്നടക്കാനായി വിഘ്നേശ്വരനു ഉടയ്ക്കാനുള്ള തേങ്ങയുമായി ഞങ്ങൾ മുന്നോട്ടു നീങ്ങി. “വിഘ്നേശ്വരാ…കാത്തോളണമേ….ബുദ്ധിമുട്ടൊന്നും കൂടാതെ മലകയറി ദർശനസൌഭാഗ്യം സിദ്ധിയ്ക്കണേ…”  മനസ്സിൽ ഉറക്കെ പറഞ്ഞു തേങ്ങയുമുടച്ച് ഞങ്ങൾ കയറ്റം തുടങ്ങി.

ശബരിമലയിൽ തങ്ക സൂര്യോദയം part-2

 

 

Part-2

 

സ്വാമിയേ ശരണമയ്യപ്പ!

 

സാധാരണ തീർത്ഥയാ‍ത്രകളിൽനിന്നും തികച്ചും വ്യത്യസ്തമാണീ യാത്രയ്ക്കായുള്ള ഒരുക്കങ്ങൾ എന്നു മനസ്സിലാക്കിയപ്പോൾ അത്ഭുതം തോന്നി. എല്ലാത്തിനുമുള്ള ചിട്ടയും അടുക്കും കൃത്യതയും അത്രമാത്രം എടുത്തു പറയേണ്ടിയിരിയ്ക്കുന്നു. കഴുത്തിൽ മാലയണിഞ്ഞു കറുപ്പുവസ്ത്രത്തിലേയ്ക്കു മാറിയതും ആകപ്പാടെ ഞാനും മറ്റൊരാളായി മാറിയതുപോലെ. മലയ്ക്കു പോകുമ്പോൾ മനസ്സിനെ സജ്ജമാക്കലാണു മുഖ്യം എന്നു കേട്ടിട്ടുണ്ട്. രാഗവിദ്വേഷങ്ങളെ പറിച്ചു മാറ്റണം. സാത്വികമായ ജീവിതരീതിവേണം പിന്തുടരുവാൻ. അനാവശ്യചിന്തകൾ മംനസ്സിൽ നിന്നും മാറ്റപ്പെടണം. സ്വാമിയെക്കാണാൻ മനസ്സിനെ ഒരുക്കുമ്പോൾ പ്രാർത്ഥകൾപോലും എല്ലാവരുടേയും നന്മകൾക്കായി മാറപ്പെടുന്നു. ഇരുമുടിക്കെട്ടിലേയ്ക്കുള്ള സാധനങ്ങൾ കിറ്റ് ആയി കിട്ടുന്നിണ്ടിപ്പോൾ. അല്ലാത്തവയും പെട്ടെന്നു സംഭരിയ്ക്കാനാ‍യി. സീസൺ ആയാൽ പഴയതുപോലെ അയ്യപ്പന്മാർക്കിതിനായൊന്നും ഓടേണ്ടിവരുന്നില്ല. ഉയർന്നുപൊങ്ങുന്ന ശരണംവിളിയ്ക്കിടയിലൂടെ പുറത്തു കടന്നു വാഹനത്തിൽ കയറുമ്പോൾ എല്ലാം അയ്യപ്പസ്വാമിതുണച്ച് നല്ല ദർശനം കിട്ടുമെന്ന വിശ്വാസം മനസ്സിൽ ഉയർന്ന് വന്നു. പ്രകൃതി തകർത്തുപെയ്ത മഴമുഖം മാറ്റി, തെളിഞ്ഞവെയിൽ സുന്ദരമായ സന്ധ്യയ്ക്കു വഴിമാറി. രാത്രിയാത്രയുടെ വശ്യത എന്നിൽ എന്നുമെന്നപോലെ സന്തോഷത്തിന്റെ വീചികളുണർത്തി.

 

പതിവുപോലെതന്നെ യാത്രയുടെ ഘട്ടങ്ങൾ വളരെ കൃത്യമായിത്തന്നെ ഞങ്ങൾ ആസൂത്രണം ചെയ്തിരുന്നു. ഏതുയാത്രയുടെ വിജയത്തിനും അതാവശ്യമാ‍ണല്ലോ, ജീവിതയാത്രയിൽ‌പ്പോലും.രാത്രി അമ്പലപ്പുഴയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ തങ്ങാണാണു പ്ലാൻ. ഹോട്ടലുകളിലെവിടെയെങ്കിലും മുറി ബുക്കുചെയ്യണമെന്നേ പറഞ്ഞുള്ളൂവെങ്കിലും അവർക്കൊത്തു തന്നെ വേണമെന്നവർക്കു നിർബന്ധം. അമ്പലപ്പുഴ ശ്രീകൃഷ്ണഭഗവാനേയും, മണ്ണാറശ്ശാ‍ലയിലെ നാഗദൈവങ്ങളേയും ഹരിപ്പാട് സുബ്രഹ്മൺയ്യസ്വാമിയേയും, , ആറന്മുള പാർത്ഥസാരഥിയേയും ദർശിച്ച് എരുമേലിയിൽ ചെന്നു പേട്ടതുള്ളൽ നുകർന്ന് അയ്യപ്പസ്വാമിയേയും വാവർസ്വാമിയേയും കണ്ട്, പമ്പയിൽക്കുളിച്ച് ഈറനോടെ മലകയറ്റം. അന്നു രാത്രി അവിടെ തങ്ങി പിറ്റേന്നു മടക്കം . ഇതായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തത്.

 

 

 

തൃശ്ശൂർ വിടുമ്പോൾ മഴ കുറേശ്ശെ പൊടിയാൻ തുടങ്ങിയിരുന്നു. ടോൾനാക്കയിലൂടെ ഹൈവേയിൽ മഴ വരച്ച ചിത്രങ്ങളും കണ്ട് നനുത്ത ഈർപ്പമുള്ള കാറ്റുമേറ്റിരിയ്ക്കുമ്പോൾ അറിയാതെ കഴിഞ്ഞ ദിവസം പിണങ്ങി നിന്ന ഉറക്കം ചങ്ങാത്തം കൂടാനെത്തി. പക്ഷേ മനസ്സിലെ വികാരത്തള്ളിച്ചയാലാകാം കാറിന്റെ സ്റ്റീരിയോയിലൂടെ ഒഴുകുന്ന അയ്യപ്പഭക്തിഗാനങ്ങൾക്കൊത്ത് തുള്ളിച്ചാടുന്ന മനസ്സിനു ഉറക്കത്തെ നീക്കിനിർത്താനായി. രാത്രി 11.30നോടുകൂടി അമ്പലപ്പുഴയിലെത്തി. സുഹൃത്ത് വഴികാണിയ്ക്കാനായി റോഡരികിൽ വന്നു നിന്നിരുന്നു. കുശലപ്രശ്നങ്ങൾക്കു ശേഷം ഒഴിച്ചിട്ടു സജ്ജമാക്കിയിരുന്ന് മുകൾനിലയിലേയ്ക്കെത്തിയതും കിടന്നതുമേ ഓറ്മ്മയുള്ളൂ..രാവിലെ 4 മണിയുടെ അലാറം കേട്ടാണുണർന്നത്. വേഗം തന്നെ പ്രഭാതപരിപാടികളും കുളിയും കഴിച്ച്ശേഷം സുഹൃത്തിന്റെ കുടുംബക്ഷേത്രത്തിൽ അയ്യപ്പസ്വാമിയെ ദർശിച്ച് സുഹൃത്തിനോടും കുടുംബത്തോടും യാത്രപറഞ്ഞു ഞങ്ങൾ അമ്പലപ്പുഴയിലേയ്ക്കു യാത്രതിരിച്ചു.

അമ്പലപ്പുഴയിൽ താമസസൌകര്യം കിട്ടാത്തവർക്കു ഇവിടെ ക്ഷേത്രത്തിന്റെ അകത്തായി വിരി വയ്ക്കാം. രാവിലെ കുളിയ്ക്കാനും മറ്റു പ്രഭാതകർമ്മങ്ങൾക്കും സൌകര്യമൊരുക്കിയിട്ടുണ്ട്. പ്രഭാതക്കുളിരിൽ വിശാലമായ അമ്പലപ്പുഴക്ഷേത്രത്തിനു വലം വെച്ച് ദർശനം ചെയ്യുമ്പോൾ സായൂജ്യം കിട്ടിയ പോലെ. അമ്പലത്തിന്റെ ഭംഗിയും ചരിത്രവും നുകർന്നു മനസ്സിലും ഒരുപിടി സൂക്ഷിച്ച് അവിടെനിന്നും പുറത്തുകടക്കുമ്പോൾ ഇനിയും ഇവിടെ വരാൻ ഭാഗ്യമുണ്ടാകണേ എന്നായിരുന്നു പ്രാർത്ഥന. മണ്ണാറശ്ശാലയിൽ പറഞ്ഞുകേട്ടതിനേക്കാളെത്രയോ ദർശിയ്ക്കാനായി . ഇവിടത്തെ പ്രധാന പ്രതിഷ്ഠകളായ  വാസുകിയേയും നാഗയക്ഷിയേയും ഉപദേവതകളായ ഗണപതി, ഭദ്രകാളി, ശിവൻ, ശാസ്താവ് എന്നിവരേയും തൊഴുതു പുറത്തു കടന്നു. സർപ്പാക്കാവു ചുറ്റിക്കാണുന്നതിനിടെ അവിടെ താമസിയ്ക്കുന്ന എന്റെ കസിന്റെ മകളെ കണ്ടു. കാപ്പി കുടിയ്ക്കാൻ ക്ഷണിച്ചെങ്കിലും മറ്റൊരവസരത്തിലാകട്ടെയെന്നു പറയാതിരിയ്ക്കാനായില്ല. ഇല്ലെങ്കിൽ മറ്റിടങ്ങളിൽ വൈകുമല്ലോ> കൌണ്ടറിൽ നിന്നും അപ്പവും മറ്റും വാങ്ങി പുറത്തുകടക്കുമ്പോൾ ലക്ഷങ്ങളിലധികം വരുന്ന ചിത്രോടക്കല്ലുകളും അവയുടെ വരിവരിയായുള്ള സ്ഥാപനത്തിലെ ഭംഗിയും, സർപ്പങ്ങൾക്കായി മഞ്ഞൾപ്പൊടി തൂവരുതെന്ന ബോറ്ഡുകളുമെല്ലാം മനസ്സിന്നുള്ളിലും കൊത്തിവയ്ക്കപ്പെട്ടുകഴിഞ്ഞിരുന്നു.

പിന്നീട് ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രദർശനമായിരുന്നു. മനസ്സു നിറയെ തൊഴുത് വാഹനമായ മയിലിനേയും വണങ്ങി പുറത്തെ കൌണ്ടറിൽ നിന്നും പഞ്ചാമൃതവും മറ്റു പ്രസാദങ്ങളും വാങ്ങി ഞങ്ങൾ പുറത്തു കടന്നു.ഇവിടുത്തെ പ്രധാന വഴിപാടായ ഇടിച്ചു പിഴിഞ്ഞ പായസവും തുലാപായസവും രുചിയ്ക്കാൻ ഭഗവാൻ എന്നെങ്കിലും ഇടവരുത്തുമെന്ന് വിശ്വാസമായിരുന്നു പുറത്തു കടക്കുമ്പോൾ.അവസാനമായി ആരന്മുളയ്ക്കു തിരിയ്ക്കുമ്പോൾ മനസ്സിൽ ഏറെ കേട്ടിട്ടുള്ള ആറന്മുളയപ്പനും വള്ളം കളിയും ആറ്ന്മുളക്കണ്ണാടിയുമെല്ലാം ഒരേപോലെ ഓർമ്മ വന്നു. കർണ്ണനെ കൊന്ന പാപം തീർക്കാനായി പണ്ട് അർജ്ജുനൻ സ്ഥാപിച്ചതാണു ഈ ക്ഷേത്രം എന്നും, നിലക്കൽ നിന്നും  ആറുമുളകളുള്ള ചങ്ങാടത്തിൽ കയറ്റി ഇവിടെ കൊണ്ടുവന്നതിനാൽ ആറന്മുളയെന്ന പേർ വന്നതാണെന്നുമൊക്കെ കേട്ടിട്ടുണ്ട്. വിഷ്ണുവിന്റെ വിശ്വരൂപത്തിലുള്ള പൂർണ്ണകായപ്രതിമയാണിവിടുത്തെ വിഗ്രഹം. എത്ര തൊഴുതിട്ടും മതിയാകാത്തതുപോലെ. ചിത്രാലംകൃതമായ ചുമരുകളും നാലുവശങ്ങളിലെ ഗോപുരൺഗളും അമ്പലത്തിന്റെ വലുപ്പത്തെ എടുത്തു കാണിയ്ക്കുന്നു. പ്രസിദ്ധമായ വള്ളം കളി നടക്കുന്ന കടവ് വടക്കേ ഗോപുരത്തിലൂടെ കടന്നപ്പോൾ കാണായി. കുറെയേറെ പടവുകൾ ഇറങ്ങേണ്ടിവരുന്നതിനാൽ പമ്പയിലേയ്ക്കിറങ്ങിയില്ല. പ്രസാദം മേടിച്ചു ശരണം വിളിയോടെ പുറത്തു കടക്കുമ്പോൾ ദർശനസൌഭാഗ്യത്തിന്റെ സന്തോഷത്താൽ മനസ്സു തുള്ളിച്ചാടുകയായിരുന്നു. ക്ഷേത്രത്തിനു തൊട്ടുതന്നെയുള്ള ഷോപ്പിൽ നിന്നും ഒരു ആറമ്മുളക്കണ്ണാടി കൂടി വിലപേശി വാങ്ങുമ്പോൾ ഇതു വെയ്ക്കുന്നിടത്ത് ആറന്മുള ഭഗവാന്റെ കടാക്ഷത്താൽ ഐശ്വര്യമുണ്ടാകുമെന്ന ജീവനക്കാരിയുടെ  വാക്കുകൾ ദിവസത്തിനു കൂടുതൽ സന്തോഷം നൽകി.

 

ഇനി എരുമേലിയിലേയ്ക്ക്…സ്വാമിയേ ശരണമയ്യപ്പ! കാറിന്നുള്ളിലും കീർത്തനങ്ങൾ മുഴങ്ങിക്കൊണ്ടേയിരുന്നു.

 

ശബരിമലയിൽ തങ്ക സൂര്യോദയം…1

ശബരിമലയിലേയ്ക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിയ്ക്കണമെന്ന മുറവിളി വീണ്ടും ഉയരുന്നു. ആർത്തവവിരാമം വരെ അതിനായി കാത്തു നിലക്കാനാവില്ലെന്ന വാദം തന്നെ ഭക്തിയുടെ പരിവേഷം നിറഞ്ഞതായല്ല,സക്തിയുടെ സങ്കുചിതമായ ചായം മുക്കിയ വാദമല്ലേ? ശബരിമലയാത്ര എന്നത് ഒരു അനുഷ്ഠാനം മാത്രമല്ല, അനുഭൂതികൂടിയാണ്. അതിനെ സൃഷ്ടിച്ചെടുക്കാനാകില്ല, സ്വയം ഉരുത്തിരിയുന്ന ഒന്നാവണം. കുടുംബ പ്രാരാബ്ധങ്ങളിൽ നിന്നും , ജോലിത്തിരക്കുകളിൽ നിന്നും  താത്ക്കാലികമായി ഒളിച്ചോടി അൽപ്പ സമയം സ്വന്തം കുടുംബത്തിനൊത്ത് ചിലവഴിയ്ക്കാനായി ഇന്നത്തെ തലമുറയിലെ അണു കുടുംബങ്ങൾ തിരഞ്ഞെടുക്കുന്ന മറ്റു യാത്രകളെപ്പോലെ ഇതിനെ ഒരിയ്ക്കലും കണക്കാക്കാനാകില്ല. മറിച്ച് ഇത്തരം കെട്ടുപാടുകളിൽ നിന്നും കുറച്ചെങ്കിലും  മോചിതമാകുന്ന ഒരു പ്രായത്തിൽ നമ്മെത്തന്നെ നാം കണ്ടെത്തുന്നതിനു നടത്തുന്ന ഒരു പ്രയാണം കൂടിയാണത്. ‘തത്ത്വമസി‘ യെന്നാൽ തത് + ത്വം+ അസി= അത് നീ തന്നെയാകുന്നു എന്ന പരമസത്യം.ആത്മാവും, ജീവാത്മാവും , പരമാത്മാവും ബ്രഹ്മവും , പരബ്രഹ്മവും എല്ലാം സ്വയം തന്നെയെന്ന തിരിച്ചറിയൽ.ഇത്തരം തിരിച്ചറിയലുകൾ ലോകനന്മയ്ക്കു കൂടിയേ തീരൂ.പണ്ഡിത-പാമര വ്യത്യാസമോ, ധനിക-ദരിദ്രവ്യത്യാസമോ കൂടാതെ സ്വയം കണ്ടെത്തലുകളിലൂടെ കടന്നുപോകുന്ന ദിനരാത്രങ്ങളുടെ അനുഭൂതി പറഞ്ഞറിയിയ്ക്കാനാവില്ല. കേരളത്തിനെസ്സംബന്ധിച്ചിടത്തോളം സ്വന്തമായ ആചാരവിധികൾ ഇവിടുത്തെ ഓരോ കൊച്ചു ക്ഷേത്രങ്ങൾക്കു പോലുമുണ്ട്. സ്ത്രീകൾ തൊഴാൻ പാടില്ലാത്ത അമ്പലങ്ങൾ ഇന്നും ഉണ്ട്. ലളിതമല്ലാത്ത പുതിയതരം വേഷവിധാനങ്ങൾ എന്ന നിലയിൽ ഷർട്ട്,ബനിയൻ, പാന്റ്, ചുരിദാർ എന്നിവയൊക്കെ ധരിയ്ക്കാൻ പാടില്ലാത്ത അമ്പലങ്ങൾ ഉണ്ട്. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നു വിളിച്ചു പറയുന്ന അമ്പലങ്ങൾ ഉണ്ട്. ഭക്തിയുടെ മൂർത്തീമദ്ഭാവത്തോടെ കണ്ണനെ വിളിയ്ക്കുന്ന യേശുദാസിനേയും, കവിതയിലൂടെയും ശ്ലോകങ്ങളിലൂടെയും ഉണ്ണിക്കണ്ണന്റെ പോലും മനസ്സു കവർന്ന യൂസഫലി കേച്ചേരിയേയും മലയാളിയ്ക്കു മറക്കാനാവില്ല.അവർക്കെല്ലാം അകലെ നിന്നാലും മറ്റേതു കൃഷ്ണഭക്തരേക്കാളുമേറെ അനുഭൂതി കിട്ടിക്കാണണം, തീർച്ച. ഒരു ദേവാലയത്തിൽ നൂറുകണക്കിനു വർഷങ്ങളായി തുടർന്നു വരുന്ന പല ആചാ‍ാരങ്ങളും മാറ്റുക എന്നത് എളുപ്പമല്ല. കാലഘട്ടത്തിന്റെ മാറ്റത്തിന്നനുസരിച്ച് മാറ്റപ്പെടാവുന്നവ സ്വയം മാറിക്കൊള്ളുക തന്നെ ചെയ്യും.കേരളത്തിനു പുറത്തു തന്നെ നോക്കൂ, എത്ര മാത്രം വിഭിന്നമായ ആചാരരീതികളാണ് കാണുന്നത്.വിഗ്രഹത്തെ തൊട്ടുതൊഴുന്ന കാര്യം നമുക്ക് ഓറ്ക്കാൻ കൂടി സാധിയ്ക്കില്ല. പ്രസിദ്ധമായ കാളീഘട്ട് അമ്പലത്തിൽ ആദ്യമായി പോയപ്പോൾ ദേവിയെ കൈകൊണ്ടു തൊട്ടും തലോടിയും ഭക്തർ പ്രാർത്ഥിയ്ക്കുന്നതുകണ്ടു. വലംവയ്ക്കുമ്പോൾ കാലടികൾ തൊടാൻ പോലും നമുക്കു പേടി തോന്നുന്നു. ശ്രീകോവിലിനുള്ളിൽ കയറുകയെന്നതും അചിന്ത്യം.  പക്ഷേ അവിടെ അത് അനുവദനീയമായ ആചാരം മാത്രം. നാളെ നമ്മുടെ കാളീമന്ദിരത്തിലും  അതു വേണമെന്നു ശഠിയ്ക്കാനാകുമോ? കുളിയ്ക്കാതെ അമ്പലത്തിൽ പോകാൻ തോന്നാറുണ്ടോ? ഇന്നും മുങ്ങിക്കുളിച്ചു ഈറനോടെ മാത്രം അമ്പലത്തിൽ‌പ്പോകുന്നവർ ധാരാളം. ഭക്തിയ്ക്കാവശ്യം ഇത്തരം സ്വാതന്ത്ര്യങ്ങളാണ്, അല്ലാതെ വാഗ്വാദങ്ങൾക്കായുള്ള തയ്യാറെടുപ്പുകളല്ല. സമൂഹത്തിനായി പുരുഷനേക്കാളേറെ സംഭാവനകൾ നൽകാൻ സജ്ജയായ സ്ത്രീ സ്വയം കണ്ടെത്തലുകളിലും മുൻപന്തിയിൽ തന്നെയല്ലേ? ഒരു ശബരിമല യാത്ര അൽ‌പ്പം വൈകിപ്പോയെന്നു കരുതി അവൾക്കൊന്നും നഷ്ടപ്പെടുന്നില്ല, മറിച്ച് അവൾ അതിലൂടെ ആദരിയ്ക്കപ്പെടുകയല്ലേ എന്നെന്തേ ആരും ചിന്തിയ്ക്കാത്തത്? ഒരുപക്ഷേ ഇപ്പോഴും ശബരിമല യാത്രയെ ഒരു സാധാരണയാത്രയായി മാത്രം കാണുന്നവർക്കത് മനസ്സിലാക്കാനാവില്ലെന്നതാവും സത്യം.
 കുഞ്ഞുന്നാൾ മുതൽ ശബരിമലയ്ക്കു പോകുന്നവരെ കാണുമ്പോൾ എന്തിനാണെന്നറിയില്ല തൊണ്ടയിലൊരു ഗദ്ഗദം വന്നു മുട്ടി നിൽക്കുന്ന അനുഭൂതി പലപ്പോഴും എന്നെത്തന്നെ വിസ്മയം കൊള്ളിപ്പിയ്ക്കുമാറു എന്നിൽ വന്നു നിറയാറുണ്ടായിരുന്നു. അന്നൊക്കെ കൊടുംകാടിലൂടുള്ള ശബരിമലയാത്രയെക്കുറിച്ചേ കേട്ടിരുന്നുള്ളൂ. മനസ്സിൽ‌പ്പോലും അയ്യപ്പദർശനത്തിന്നായി അവിടെ പോകണമെന്ന ചിന്ത ഒരിയ്ക്കലും ഉരുത്തിരിയാതിരിയ്ക്കാൻ ഒരു പക്ഷേ അതൊരു കാരണമായിരുന്നിരിയ്ക്കാം.  അയ്യപ്പൻ വിളക്കുകളും അയ്യപ്പൻ പാട്ടും ഉടുക്കിന്റെ താളാനുസൃതമായ കൊട്ടും ഭക്തിലഹരി തരാതിരുന്നില്ലെന്നതും സത്യം. പല അയ്യപ്പൻ പാട്ടുകളും അന്നൊക്കെ വാശിയോടെ ഹൃദിസ്ഥമാക്കിയിരുന്നു താനും. എന്റെ സഹോദരൻ വായകൊണ്ട് ഉടുക്കിന്റെ ശബ്ദമുണ്ടാക്കാൻ മിടുക്കനായിരുന്നു. മറ്റുള്ളവർ കൂട്ടത്തിൽ പാടുകയും ചെയ്യുമ്പോൾ അറിയാതെ തന്നെ അയ്യപ്പസ്വാമി മനസ്സിൽ വന്നു കുടിയിരുന്നെന്ന സത്യം പിന്നീടേ മനസ്സിലാക്കാനായുള്ളൂ. സ്ത്രീയായതിനാൽ സന്നിധാനത്തിലെത്താൻ അപ്പോഴും മോഹിച്ചില്ല. അപ്രതീക്ഷിതമായി ഒരു മോഹം ഈയിടെ മനസ്സിൽ നാമ്പെടുത്തതേയുള്ളൂ, അതറിയാതെ തന്നെ മലയ്ക്കു വരുന്നോ എന്ന ചോദ്യവുമായി ചിലരെത്തി. മലമുകളിൽ നിന്നുള്ള വിളി തന്നെ എന്ന തോന്നൽ മനസ്സിലുയർന്നപ്പോൾ കൂടുതൽ ആലോചിയ്ക്കേണ്ടി വന്നില്ല, യാത്ര തീരുമാനിയ്ക്കപ്പെട്ടു. ഓൺലൈൻ ബുക്കിംഗ് വഴി ക്യൂവിൽ പേർ കൊടുക്കുകയും ചെയ്തു.
 വൃശ്ചികപ്പിറപ്പിനു തലേന്നാൾ ഉറങ്ങാനായില്ല. മനസ്സിൽ നിറയെ ആകാക്ഷനിറഞ്ഞതിനാലാവാം. ഓണക്കാലത്തു മലയിൽ പോയി വന്ന ഒരു ബന്ധുവിന്റെ വിവരണം കേട്ടപ്പോൾ ഇത്തിരി ഭയം തോന്നാതിരുന്നില്ല. കയറാൻ ബുദ്ധിമുട്ടുമോ? കരിമല കയറ്റം കഠിനമെന്ന വരികളാണ്  മനസ്സിലേയ്ക്കൊഴുകിയെത്തിയത്. സീസണിൽ പോകുന്നതൊഴിവാക്കുന്നതാവും നല്ലതെന്ന നിർദ്ദേശവും കേൾക്കാതിരുന്നില്ല. പക്ഷേ ഒരു സുഹൃത്തിനൊട്ടും സംശയമേ ഉണ്ടായിരുന്നില്ല. “ എല്ലാം മനസ്സിന്റെ ധൈര്യവും അയ്യപ്പനിലെ വിശ്വാസവും മാത്രം. ഒന്നും പ്രശ്നമാകില്ല.” ഈ വാക്കുകൾ മനസ്സിനുള്ളിൽ തട്ടിയപ്പോൾ എവിടെ നിന്നൊക്കെയോ ധൈര്യം കിട്ടിയ പോലെ. പിന്നെ വൃശ്ചികം ഒന്നിനു മാലയിട്ടു, വ്രതശുദ്ധിയോടെ മൂന്നാം ദിവസം തൊട്ടടുത്തുള്ള ദുർഗ്ഗാദേവീ ക്ഷേത്രനടയിൽ നിന്നും വിധിയാം വണ്ണം കെട്ടു നിറച്ചു, ദേവിയെ തൊഴുതു, തേങ്ങയുടച്ചു, യാത്രയ്ക്കു തയ്യാറായി. രണ്ടു ദിവസമായി സന്നിധാനത്തു മഴയാൽ വന്നു ചേർന്ന പ്രശ്നങ്ങളും, അമ്പതോളം വാഹനങ്ങൾ ഒഴുകിപ്പോയതും, നിലയ്ക്കൽ നിന്നും വണ്ടികൾ തടയുന്നതും, മലയിലേയ്ക്കും തിരിച്ചും യാത്ര നിയന്ത്രിച്ചതുമെല്ലാം ഈ സമയങ്ങളിൽ ടിവി ചാനലുകൾ വഴി അറിഞ്ഞെങ്കിലും അന്നു തന്നെ പോകണമെന്ന ഞങ്ങളുടെ തീരുമാനത്തിനു മാറ്റമുണ്ടായില്ല. കെട്ടുനിറയ്ക്ക് ഒരു മണിക്കൂർ മുൻപായെത്തിയ അതിശക്തിയായ മഴ മുറ്റത്തും തൊടിയിലും വെള്ളം നിറച്ചപ്പോഴും മനസ്സു പറഞ്ഞു: സ്വാമി അനുഗ്രഹവുമായി ഇങ്ങെത്തിയിരിയ്ക്കുന്നതാവും, പോവുക തന്നെ.ശരണം വിളിയോടെ ഞങ്ങൾ വാഹനത്തിൽ കയറുമ്പോൾ സമയം സന്ധ്യയ്ക്കു ഏഴുമണിയായിരുന്നു. സ്വാമിയേ ശരണമയ്യപ്പ!

റെയിൽ മ്യൂസിയം, മൈസൂർ- കൊട്ടാരങ്ങളുടെ നാട്ടിൽ….13 (മൈസൂർക്കാഴ്ച്ചകൾ. .)

റെയിൽ മ്യൂസിയം, മൈസൂർ

ഞങ്ങളുടെ  മൈസൂർ ട്രിപ്പിലെ അവസാന സന്ദർശനം റെയിൽ മ്യൂസിയത്തിലേയ്ക്കായിരുന്നു. ഒരു കാരണവശാലും ഈ സ്ഥലം കാണാതിരിയ്ക്കരുതെന്ന് പലരും പറഞ്ഞിരുന്നതിനാൽ കാണാൻ ജിജ്ഞാസ വളരെയധികമുണ്ടായിരുന്നു. അതിനാൽ ആദ്യമേ തന്നെ വിവരം ഗൈഡിനോടു പറഞ്ഞിരുന്നു. റെയില്വേ സ്റ്റേഷനിലേയ്ക്ക് അവിടെ നിന്നും അധികം ദൂരമില്ലാത്തതിനാൽ  ഏറ്റവും അവസാനത്തെ സന്ദർശനം റെയിൽ വേ മ്യൂസിയത്തിലേയ്ക്കെന്നു തീരുമാനിയ്ക്കപ്പെട്ടിരുന്നു താനും.

എന്താണീ റെയിൽ മ്യൂസിയം? എന്താണിതിത്രമാത്രം ആകർഷകമാകാൻ കാരണം? കൊച്ചു കുട്ടികൾക്കു മാത്രമല്ല, എല്ലാവർക്കും ഒരേപോലെ ഇഷ്ടപ്പെടാനാകുമെന്നറിഞ്ഞപ്പോൾ അവിടെ എത്താൻ തിടുക്കമായി. ഡെൽഹിയിലുള്ള നാഷണൽ റെയില്വേ മ്യൂസിയവും എല്ലാവരിലും കൌതുകമുളവാക്കുന്ന ഒന്നു തന്നെ. ഒരു പക്ഷേ എല്ലാവരുടെ ഉള്ളിലും ഒളിഞ്ഞിരിയ്ക്കുന്ന ഒരു ബാല്യ കൌതുകം അറിയാതെ പുറത്തു വരുകയാവാം. യാത്ര ചെയ്യാനല്ലാതെ ആകർഷകമാംവിധം പെയിന്റടിച്ച് അനങ്ങാതെ കിടക്കുന്ന വണ്ടികളിൽ കയറാനും ഇറങ്ങാനും ഇഷ്ടമ്പോലെ  ചാടാനും മറിയാനും ആർക്കാണിഷ്ടമില്ലാത്തത്?

ഈ മ്യൂസിയം 1979ൽ മാത്രമാണു ഇന്ത്യൻ റെയില്വേയുടെ കീഴിലായി തുടങ്ങിയത്. ആദ്യകാലറെയിൽ വേയുടെ ചരിത്രവും ഫോട്ടോഗ്രാഫുകളും പഴയ ബോഗികളും എല്ലാം ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിയ്ക്കുന്നു.   ടിക്കറ്റെടുത്ത് അകത്തു കടന്നതും നിരയായും അല്ലാതെയും കിടക്കുന്ന വണ്ടികളാണെല്ലായിടത്തും ഒറ്റയായും പലബോഗികൾ ചേർന്നവയും ഉണ്ടു. വൈവിദ്ധ്യമാർന്ന നിറങ്ങളിൽ മ്യൂസിയം കോമ്പൌണ്ടിന്റെ പലഭാഗങ്ങളിലായി പരന്നു കിടന്നിരുന്ന തീവണ്ടികളിൽ വളരെ പഴയ ബോഗികളുടെ മോഡലുകളും കാണാനായിയിൽ ഏറ്റവും ആദ്യം ഓടിയ എഞ്ചിനും ഉണ്ടായിരുന്നു.  വണ്ടിയിൽ കയറിയും ഹോൺ അടിച്ചും  ഡ്രൈവിംഗ് സീറ്റിൽ സ്ഥലം പിടിച്ചും ഫോട്ടോകൾക്കു പോസ് ചെയ്തും കുട്ടികളും വലിയവരും ഒരേപോലെ ആനന്ദിയ്ക്കുന്ന കാഴ്ച്ച കാണാനായി.ദൂരെ നീങ്ങിക്കിടന്നിരുന്ന, ഭാരോദ്വഹനക്കട്ടകൾ പോലെ തോന്നിച്ച ട്രെയിൻ വീലുകൾ ഏറെ ശ്രദ്ധയാകർഷിച്ചു..ഏക്കറുകളോളം സ്ഥലത്തു പരന്നു കിടക്കുന്ന മ്യൂസിയത്തിന്റെ പലഭാഗങ്ങളിലൂടെ ബാറ്ററിയാൽ ഓടുന്ന മിനി ട്രേയിനിൽ കയറി സഞ്ചരിയ്ക്കാം. അതിൽ കയറുമ്പോൾ നമ്മളും കൊച്ചുകുട്ടികളെപ്പോലെ സന്തോഷഭരിതരാകുന്നു. മൈസൂർ മഹാരാജാവിനും കുടുംബാംഗങ്ങൾക്കുമായുള്ള പ്രത്യേക കോച്ചുകൾ ഒരു ഭാഗത്തായി കാണാനിടയായി 1899ൽ നിർമ്മിച്ച രാജകീയ സവാരിയ്ക്കുള്ള കോച്ചിൽ അടുക്കള, ഡൈനിംഗ് ഏരിയ, ടൊയ്ലറ്റ് തുടങ്ങിയ സുഖ സൌകര്യങ്ങളൊരുക്കിയിരുന്നു. . രെയിലിംഗോടുകൂടിയ ബാൽക്കണിപോലെ തോന്നിച്ച സ്ഥലത്തു കയറി നിന്നപ്പോൾ വളരെ വൃദ്ധനായ ഒരു കാവൽക്കാരൻ ഫോട്ടോ എടുത്തു തരാനായി മുന്നോട്ടു വന്നു. ബോഗിയും അതിന്റെ ഉൾഭാഗവും മുഴുവനായു കട്ടിയുള്ള മരം കൊണ്ടാണ് നിർമ്മിച്ചിരിയ്ക്കുന്നത്.

തണൽ വൃക്ഷങ്ങൾക്കു കീഴിലായിട്ടിട്ടു:ള്ള ബെഞ്ചുകളിലിരുന്നു അൽ‌പ്പ നേരം മിനി ട്രെയിൻ ഹോൺ മുഴക്കി വരുന്നതും പോകുന്നതും, സിസോവിൽ കുട്ടികൾ കളിയ്ക്കുന്നതും ഊഞ്ഞാലാടുന്നതുമൊക്കെ നോക്കി അലസമായിരിയ്ക്കുമ്പോൾ  ചിന്തകൾക്ക്  ലാഘവം കിട്ടിയതുപോലെ. എത്ര നേരം വേണമെങ്കിലും ഇവിടെ ചിലവഴിയ്ക്കാം. തിരിച്ചു പോകാനുള്ള വണ്ടിയുടെ സമയം അടുത്തു വന്നതിനാൽ മനമില്ലാ മനസ്സോടെയാണു ഞങ്ങൾ ഇവിടം വിട്ടത്.ഗ്ഗൈഡിനോട് നന്ദി പറഞ്ഞ് ഒരു സുഖകരമായ മൈസൂർ ട്രിപ്പിനു വിരാമമിടുമ്പോൾ മനസ്സ് കൊച്ചു കുട്ടികളുടെതുപോലെ സന്തോഷഭരിതമായിരുന്നു.