Home –  Archive
Monthly Archives: Jul 2016

രുദാലികളെത്തവേ…

തിരിഞ്ഞു മറഞ്ഞും കിടന്നിട്ടും

കണ്ണുകളിറുക്കെപ്പൂട്ടിയിട്ടും

രക്ഷ കിട്ടുന്നില്ലല്ലോ?

രുദാലികളാണെങ്ങും

വിലാപം ഉച്ചസ്ഥായിയിൽ.

 

എന്തിനായിവരിങ്ങനെ  വിലപിക്കുന്നു?

ആരാ മരിച്ചത്?

ഇത്രയധികം രുദാലികളിവിടെയുണ്ടോ?

ഇതിലെന്തേ പരിചിതമുഖങ്ങളും?

ഇവരെ ഞാൻ നന്നായി ഓർക്കുന്നു

അഭിനയത്തികവിൽ വിളങ്ങിയവൾ

ഇവളും വന്നുവോ? ആരാ മരിച്ചത്?

അത്ര ധനവാന്മാരായ ആരെങ്കിലുമാണോ?

 

നൊമ്പരങ്ങളുയർത്തുന്ന അലറിക്കരച്ചിലുകളിൽ

എനിയ്ക്കിപ്പോൾ അഭിനയം കാണാനേയില്ലല്ലോ

അധിക്ഷേപങ്ങളും അവഹേളനങ്ങളുമേറ്റ്

പുരുഷവർഗ്ഗത്തിനു  കീഴടങ്ങി

ജാതിമേൽക്കോയ്മകളുടെ കോമരങ്ങൾക്കു മുന്നിൽ

അടിയറവു പറയുന്നവരുടെ നിര മാത്രം.

 

രുദാലികൾ…

അവർക്ക് കരയാൻ മാത്രമേ കാരണങ്ങളുള്ളൂ

എങ്കിലും കരയാനൊരു തുള്ളി കണ്ണീരില്ല

പ്രതിഫലം വാങ്ങി കരയാൻ നിർബന്ധിതരാകുമ്പോഴോ

കരയുന്നത്  കുലത്തിൽ പിറന്ന പ്രഭുത്വത്തിനും.

പൊതുജനസമക്ഷം അവർക്കു കരയാനാവില്ലല്ലോ?

 

ദേവീ..അവിടുത്തേയ്ക്കും രുദാലികൾക്കുമായി….

 

 

 

അമ്മ വിചാരങ്ങൾ, നന്മവിചാരങ്ങൾ-4

പ്രിയപ്പെട്ട മകളേ,

നീയെന്റെ മാനസ പുത്രി മാത്രമാണെങ്കിലും നിന്നെ എനിയ്ക്കു നേരിൽക്കാണാനാവുന്നു. ചുറ്റിലും കാണുന്ന മുഖങ്ങളിൽ നീയുണ്ടോയെന്ന ആശങ്ക എന്നെ വിടാതെ പിന്തുടരുന്നു. എന്തു കൊണ്ടാണെന്നു ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ? ദിനങ്ങൾ കൂടുതൽ ഭീതിപൂർവകങ്ങളായി മാറുന്നുവോ? ലോകം മുന്നോട്ടു കുതിയ്ക്കുമ്പോൾ മനുഷ്യത്വമെന്തേ പിറകോട്ടു സഞ്ചരിയ്ക്കുവാൻ തത്രപ്പെടുന്നത്? എല്ലാം കീഴടക്കി വിരൽത്തുമ്പിലാക്കിയിട്ടും എന്തേ മനുഷ്യനു ശാന്തി കിട്ടാത്തത്? താളങ്ങളുടെ പിഴയ്ക്കൽ എവിടെത്തുടങ്ങി? സ്ത്രീ ഇന്നു കൂടുതൽ അതൃപ്തയും അധൈര്യയുമായി മാറിയതെന്തേ?

കഴിഞ്ഞദിവസങ്ങളിലായി പത്രത്താളുകളിൽക്കണ്ട ചില വാർത്തകൾ വിശ്വസിയ്ക്കാനേ പ്രയാസം തോന്നി. ആദ്യരാത്രിയിൽ നവവധു കന്യാചർമ്മം പൊട്ടി രക്തമൊഴുക്കാത്തതിനാൽ അവൾ കന്യകയല്ലെന്നു തെളിയിയ്ക്കപ്പെട്ടെന്നും വിവാഹബന്ധം വേർപെടുത്തിയെന്നുമൊക്കെ വായിച്ചപ്പോൾ ചിരിയ്ക്കണമോ അതോ കരയണമോ എന്നെനിയ്ക്കു സംശയമായി. നമ്മുടെ രാജ്യം  ഇത്രയേറെ പുരോഗമനത്തിന്റെ വഴിയിലൂടെ മുന്നേറിയിട്ടും, സാക്ഷരതയുടെ ശതമാനം ഇത്രയേറെ ഉയർന്നിട്ടും,  ഇന്നും ആദ്യരാത്രിയിൽ കന്യകാത്വപരീക്ഷയുടെ വെള്ളത്തുണികളുമായി കാത്തിരിയ്ക്കുന്നവരാണു നമുക്കു ചുറ്റുമെന്ന തിരിച്ചറിവ് ഏതു സ്ത്രീയേയും ചകിതയാക്കുമെന്നതിൽ സംശയമില്ല. ഇവിടെ സ്ത്രീ ഇന്നും അപമാനിയ്ക്കപ്പെടുന്ന കാഴ്ച്ച അലപനീയം തന്നെ. അവളുടെ അഭിമാനത്തിന് ആരുമെന്തേ വിലകൊടുക്കാത്തത് ?  തന്റെ കുടുംബത്തിന്റെ മാനം കാക്കാനായി അപമാനിതയായിട്ടും വീണ്ടും  ഭർത്താവിനൊത്തു കഴിയാൻ നിർബന്ധിതയായിരിയ്ക്കുന്ന അവളുടെ പെണ്മനസ്സിന്റെ വിതുമ്പൽ കേട്ടില്ലെന്നു നടിയ്ക്കാൻ എത്രയെളുപ്പം! സ്വന്തം സഹോദരീ സഹോദരന്മാരുടെ വിവാഹത്തിനു പ്രശ്നമുണ്ടാകാതിരിയ്ക്കാൻ സ്വയം ബലി കൊടുക്കുന്ന ഈ അവസ്ഥ നൂറ്റാണ്ടുകളുടെ ചുവ പേരുന്നതു തന്നെയല്ലേ? അവൾ സ്വയം തീരുമാനിച്ചതാണെന്നു പറയുമ്പോൾ മനസ്സിലാക്കാവുന്നതേയുള്ളൂ, സത്യമെന്താണെന്ന്.ത്യാഗം നല്ലതു തന്നെ, വേണ്ടിടത്ത്മാത്രം. അതിരുകൾക്കപ്പുറത്തേയ്ക്കതിനായുള്ള സമ്മർദ്ദമണയുമ്പോൾ അതനുവദനീയമല്ല. എതിർക്കേണ്ടതിനെ എതിർക്കാനുള്ള ചങ്കൂ‍റ്റം, അതെന്തേ നഷ്ടമായിക്കൊണ്ടിരിയ്ക്കുന്നത്?

ഇതാണിന്നിന്റെ മുഖം.മകളേ… ഞാൻ നിന്നോടെന്തുപറയാൻ? അവ പറയേണ്ടതിലപ്പുറം കൊത്തിവച്ചപ്പെട്ടവയാണെന്ന തിരിച്ചറിവ് സ്ത്രീയെന്ന നിലയിൽ എന്നെയും നിന്നെയും ഒരേപോലെ അസന്തുഷ്ടയാക്കുമെന്നതിനാൽ നീ വരാത്തതിലെ പരിഭവം കുറയുകയാണല്ലോ?

 

സ്നേഹപൂർവ്വം

അമ്മ

അമ്മ വിചാരങ്ങൾ, നന്മവിചാരങ്ങൾ-3

13321723_10153728865844716_3699274046325202636_n

അമ്മ വിചാരങ്ങൾ, നന്മവിചാരങ്ങൾ-3

തീവ്രവേഗതയുടെ ബലിദാനങ്ങൾ

ജനിയ്ക്കാൻ മറന്ന മകളേ…

ഞാൻ പറഞ്ഞു കൊണ്ടിരുന്നത് എന്റെ ബാല്യത്തിന്റെ സുവർണ്ണ കാലത്തെക്കുറിച്ചായിരുന്നല്ലോ? ഇന്നോ? ശിക്ഷയായി മാറിക്കഴിഞ്ഞ ബാല്യം അടച്ചുറപ്പുള്ള രണ്ടുമൂന്നു മുറികൾക്കുള്ളിലായിത്തളയ്ക്കപ്പെടുകയാണല്ലോ?നഗരങ്ങളിൽ അതു    മനസ്സിലാക്കാനാകുന്നു.അരിചതമായ നാടും മുഖങ്ങളും ഇത്തിരി ശ്രദ്ധാലുക്കളാവുന്നതു തന്നെ നല്ലതെന്ന വിചാരം നമ്മളിൽ ഉളവാക്കാതിരിയ്ക്കില്ല. പക്ഷേ നാട്ടിൻപുറത്തു പോലും അപരിചിതത്വത്തിന്റെ മുഖം വളർത്തുന്ന ഭയം കൂടിക്കൊണ്ടിരിയ്ക്കുന്നതു കാണുമ്പോൾ ഏതമ്മയ്ക്കു മനസ്സമാധാനത്തോടെ ഉച്ചയ്ക്കുറങ്ങാനാകും? കളിച്ചു തിമിർത്താടി കാടുകയറി നടക്കാനുള്ള ബാല്യം കരയുന്നു, സ്വപ്നങ്ങളെ താലോലിയ്ക്കാൻ കൊതിയ്ക്കുന്ന കൌമാരം വിളറുന്നു, വിലങ്ങു വയ്ക്കപ്പെട്ടു പോകുന്നു, യൌവനത്തിന്റെ മോഹങ്ങൾക്കു ചിറകു മുളയ്ക്കും മുൻപേ പുഴുക്കടിയേൽക്കുന്നു. എന്താണിവിടെ സംഭവിയ്ക്കുന്നത്?

എന്താണു സംഭവിച്ചതെന്നാർക്കും പറയാനാകില്ല. പക്ഷേ സംഭവിച്ച മാറ്റങ്ങളുടെ പ്രതിഫലനങ്ങൾ നേർക്കാഴ്ച്ചകളായി കാണാനകുന്നുണ്ട്. താരതമ്യപഠനം നടത്തുകയാണെന്നു കരുതേണ്ട, പക്ഷേ  നന്മ നിറഞ്ഞതായിരുന്നെന്നവകാശപ്പെട്ടിരുന്ന നാട്ടിൻപുറങ്ങൾ പോലും ഭയപ്പെടാവുന്ന ഇടങ്ങളായി മാറിയ പശ്ചാത്തലം അത്ര പെട്ടെന്നൊന്നു മായിരു ന്നില്ല, എന്നു കാണാം. നാടിന്റെ സാമ്പത്തികമായ ഉന്നമനം സുഖലോലുപതയ്ക്കും അതു വഴി വളർന്നെന്ന ഞാനെന്ന മനോഭാവത്തിനും കാരണമായി മാറിയപ്പോൾ വെല്ലുവിളികളായി അതു പുറത്തേയ്ക്കു പ്രവഹിയ്ക്കാൻ തുടങ്ങി.എന്തിനേയും ധിക്കരിയ്ക്കുകയെന്ന പ്രവണത ഫാഷനായി മാറി. പാശ്ചാത്യലോകത്തിന്റെ അലയൊലികൾ പതുക്കെപ്പതുക്കെ ഇവിടെയും എത്തിത്തുടങ്ങാൻ ചലച്ചിത്രങ്ങളും മറ്റു മാധ്യമങ്ങളും കാരണമായി. ജീവിതരീതിയിലും വസ്ത്രധാരണ രീതിയിലും അനുകരണഭ്രമം അധികമായി. ഇതൊക്കെ മാറ്റങ്ങളായി കാണാൻ വിധിയ്ക്കപ്പെട്ടവരായിരുന്നല്ലോ ഞങ്ങൾ. പക്ഷേ ഇനിയും വരാനിരിയ്ക്കുന്ന മാറ്റങ്ങൾ ലോകത്തെ മുഴുവനും മുഷ്ടികൾക്കുള്ളിലൊതുക്കാൻ തക്കവണ്ണം വളർന്നുവെന്ന ചിന്ത ഇപ്പോഴും നമുക്ക് അത്ഭുതം പകർന്നുകൊണ്ടിരിയ്ക്കയാണല്ലോ?

 

ഒരു സമൂഹത്തിന്റെ കാഴ്ച്ചപ്പാട് മാറുകയായിരുന്നു, മകളേ. അതിനൊപ്പം സംസ്ക്കാരവും മാറുമെന്ന തിരിച്ചറിവ് നമ്മെ തളർത്തുന്നു. ഒഴിച്ചു കൂടാനാവില്ല. കാരണം , മുന്നോട്ടുള്ള പ്രയാണത്തിന്റെ കുത്തൊഴുക്കിന്റെ തീവ്രത അത്രയേറെയാണല്ലോ? പിടിച്ചു നിൽക്കാനേ എല്ലാവരും ശ്രമിയ്ക്കൂ. നിനക്കിതെല്ലാമൊരു പ്രഹേളികയായിത്തോന്നാം. മകളേ…അനിവാര്യമായ മാറ്റങ്ങളെന്നും അറിവിനെ വളർത്തിയതേയുള്ളൂ. ടെക്നോളജിയുടെ ശക്തമായ കടന്നു വരവിൽ സന്തോഷിച്ചവരാണധികവും. സ്വയം പര്യാപ്തത സ്ത്രീയ്ക്കും അത്യാവശ്യമെന്ന തോന്നലിന്റെ ഊക്കു കൂടിക്കൊണ്ടുവന്നപ്പോൽ മനസ്സിൽ എങ്ങിനെ സന്തോഷിയ്ക്കാതിരിയ്ക്കാനാകും?  മാറ്റങ്ങൾ പുതിയ മുഖങ്ങളുമായി മനസ്സു കുളിർപ്പിച്ചപ്പോൾ പൈശാചികത്തിന്റെ മുഖം മൂടികളണിഞ്ഞവർ പേക്കോലം കെട്ടിത്തുടങ്ങാനും വൈകിച്ചില്ല. തീവ്രവേഗതയുടെ ബലിദാനകഥകൾ നമ്മെച്ചിന്തിപ്പിയ്ക്കാനും. സ്ത്രീയുടെ സുരക്ഷ ഇന്നു പണ്ടത്തേക്കാൾ പ്രശ്നമായി മാറിയിരിയ്ക്കുന്നതിനു പുറകിൽ ഇതും ഒരു കാരണമാകാം. മാറ്റൺഗൾ ഇല്ലാതെ വയ്യല്ലോ, അവ നന്മയ്ക്കു വേണ്ടിയാകണമെന്നു മാത്രം.

 

സ്നേഹപൂർവ്വം അമ്മ

 

 

 

 

അമ്മ വിചാരങ്ങൾ, നന്മവിചാരങ്ങൾ-2

jpm2aപതിനൊന്നാമവതാരത്തിന്റെ പ്രതീക്ഷയുമായി…

 

ജനിയ്ക്കാതെ പോയ മകളേ…

ഹഹഹ…നിന്നെ ഇങ്ങനെ വിളിയ്ക്കുമ്പോൾ എനിയ്ക്കു തന്നെ ചിരി വരുന്നു. കാരണം എന്റെ സങ്കൽ‌പ്പത്തിൽ നിനക്കു നാമകരണം യഥാവിധി ഞാൻ നടത്തിയിരുന്നതായിരുന്നല്ലോ? എന്നിട്ടും മറ്റുള്ളവർ കേൾക്കെ നിന്നെ അങ്ങിനെ വിളിയ്ക്കാൻ എനിയ്ക്കിപ്പോഴുമാകുന്നില്ല. മനസ്സുകൊണ്ടെന്നും വിളിയ്ക്കുന്നുണ്ടെങ്കിൽ‌പ്പോലും. അതെങ്കിലും നമുക്കു മാത്രമായുള്ള രഹസ്യമായവശേഷിയ്ക്കട്ടെ!

പെരുമ്പാവൂരിലെ ജിഷയെന്ന പെൺകുട്ടി മൃഗീയമായി ആക്രമിയ്ക്കപ്പെട്ടതും കൊല്ലപ്പെട്ടതും മനസ്സിൽ ഉണങ്ങാത്ത മുറിവായി നിൽക്കുമ്പോൾ മറ്റൊന്നും തന്നെ ചിന്തിയ്ക്കാനാവുന്നില്ല. മാറുന്ന സമൂഹത്തിന്റെ ക്രൂരത മനസ്സിൽ ഭയം വിതയ്ക്കുന്നതിനോടൊപ്പം എന്തുകൊണ്ടിങ്ങനെ സംഭവിയ്ക്കുന്നുവെന്ന ചിന്തകൾക്കും വഴി കൊടുക്കുന്നു. സമൂഹത്തിനൊട്ടാകെ വരുന്ന മാറ്റങ്ങൾ മനുഷ്യവർഗ്ഗത്തിനു മുഴുവനും ഭീഷണിയായി മാറുമ്പോൾ ഇനിയുമൊരവതാരത്തിനു സമയമായെന്നു പറയാൻ തോന്നുന്നു- ഒരു പതിനൊന്നാമവതാരം.കലികാലത്തിനിനിയും തിരിച്ചുപോകാറായില്ലേ?   ഒരഴിച്ചു പണി ഇവിടെ അത്യന്താപേക്ഷിതമായിരിയ്ക്കുന്നു. മുറവിളികൾ മാത്രം പോരാ. പക്ഷേ പല നന്മകളും തിരിച്ചു കിട്ടാനാകാത്തവിധം നഷ്ടപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നുവോ എന്ന ഭീതി കൂടിക്കൊണ്ടെയിരിയ്ക്കുന്നു. ഇനിയും വൈകിയ്ക്കല്ലേ എന്ന് മനസ്സു കേഴുന്നു.

 

ക്ഷമിയ്ക്കണം, ഇതൊക്കെ നിനക്കു മനസ്സിലാകണമെന്നില്ലെന്നെനിയ്ക്കറിയാം. കാരണം ഞങ്ങളുടെ ബാല്യവും കൌമാരവും യൌവനവും നിങ്ങളുടെ തലമുറയ്ക്കെന്നും വൈചിത്ര്യത്തോടെ മാത്രമേ കാണാനാവുകയുള്ളൂ. പക്ഷേ, ഇത്രയധികം സാമൂഹിക മാറ്റങ്ങൾ നിറഞ്ഞ മറ്റൊരു തലമുറ ഉണ്ടാകില്ലെന്നതാണു സത്യം. ഇന്നലെയുടെ മധുരവും ഇന്നിന്റെ കയ്പ്പും നാളെയെക്കുറിച്ചുള്ള ചിന്തയുടെ ചവർപ്പും അത്ര ശക്തിയായിത്തന്നെയനുഭവിയ്ക്കാനായവർ. കുട്ടിക്കാലത്തിന്റെ കൊച്ചു കൊച്ചോർമ്മകൾ എത്ര ഹൃദ്യം! അളവിൽക്കുറവെങ്കിലും സ്നേഹത്തിൽ‌പ്പൊതിഞ്ഞേ എന്തും കൈയിൽക്കിട്ടിയിട്ടുള്ളൂ. നിനക്കറിയാമോ യാതൊരു വിധ ഭീതിയും കൂടാതെ നാട്ടിലെവിടെയും തനിയെയോ കൂട്ടുകാർക്കൊത്തോ സഞ്ചരിയ്ക്കാനായിരുന്ന കാലം. സ്കൂളുകളിലെ സുരക്ഷിതത്വം വീടിനെ മറി കടന്നിരുന്ന കാലം. കുഞ്ഞുങ്ങളെ സ്കൂളിൽ വിട്ട് എവിടെയും അമ്മമാർക്കു പോകാനാകുമായിരുന്ന കാലം. സ്നേഹത്തിന്റേയും, പങ്കിടലിന്റേയും മധുരം പകരുന്ന അയൽ വ ക്കങ്ങളുടെ ഊഷ്മളതയിൽക്കുതിർന്ന സുരക്ഷിതത്വം. പാടവും പറമ്പും, അമ്പലവും അരയാൽച്ചുവടും ഊട്ടിവളർത്തിയ സ്നേഹബന്ധങ്ങളുടെ ആഴം. തിരിഞ്ഞു നോക്കുമ്പോൾ ഞാനെത്രമാത്രം ധന്യയെന്നറിയാനാകുന്നു.

അപ്പോൾ അക്കാലങ്ങളിലൊന്നും കള്ളനോ , കൊലപാതകിയോ, അസാന്മാർഗ്ഗികളോ ഇല്ലായിരുന്നുവെന്നാണു അമ്മ പറയുന്നതെന്നു ധരിയ്ക്കേണ്ട.   അതെ, അക്കാലങ്ങളിലും ഉണ്ടായിരുന്നു, അവരൊക്കെ. പക്ഷെ ഉള്ളിന്റെയുള്ളിലെ നന്മയുടെ കണികൾ മുഴുവനായിയൂറ്റിയെടുത്ത കാപാലികന്മാരായവർ മാറിക്കഴിഞ്ഞിരുന്നില്ല. അതോ, നന്മയുടെ പ്രഭാവത്തിന്റെ ആധിക്യത്താൽ തിന്മ നിർജ്ജീവമാക്കപ്പെട്ട ഒരു കാലമായിരുന്നതെന്നു പറയുന്നതാവാം ശരി. ഒന്നാലോചിച്ചു നോക്കൂ..ശാന്ത സുന്ദരമായ, സംതൃപ്തിയും സുരക്ഷിതത്വവും  നിറഞ്ഞ, പരസ്പ്പരസ്നേഹത്തിനും സാമാന്യ മര്യാദയ്ക്കും ഉള്ളിലായി നിന്നിരുന്ന നമ്മുടെ ജീവിതത്തിന്റെ കെട്ടുറപ്പെത്ര ശക്തമായിരുന്നു. തിന്മയെ  ഒറ്റക്കെട്ടായി നിന്നെതിരിടാൻ അന്നു കഴിഞ്ഞിരുന്നുവെന്നുള്ളതാണു ഭാഗ്യം.

മകളേ….ഉയരങ്ങൾ താണ്ടാനുള്ള കൊതിയുടെ തീപ്പൊരി എവിടെ നിന്നോ ചിതറി വീണതു മാത്രം മനസ്സിലാക്കാനാകുന്നു.

 

സ്നേഹപൂർവ്വം

അമ്മ

 

(published in www.eastcoastdaily.in on 22May2016)