Home –  Archive
Monthly Archives: Oct 2016

സ്മൃതിഗാനം

അകലത്തങ്ങു മറഞ്ഞൊരു  നേരം

മനമിന്നൊരു കടലായ് മാറി

അക്കടലിൻ തിരകൾക്കൊപ്പം

ഒരു ഗാനം പാടുന്നൂ ഞാൻ

വ്രണിതം , വ്യഥനിറയുന്നേറ്റം

വിരഹാർദ്രം മാമകചിത്തം!

 

അലതല്ലും തിരകളെനിയ്ക്കായ്-

പ്പലതാളമൊരുക്കാൻ നോക്കീ

വരിയൊക്കെ മറന്നൂ പാടാൻ

ഇനിയാവില്ലെന്നുമറിഞ്ഞൂ

 

അറിയാതെയടുക്കാനാകാ-

മകലാൻ പണിയെന്നതറിഞ്ഞു.

 

പല ചിന്തകളെത്തി കുരുക്കാൻ

വലനെയ്തോ ചുറ്റിനുമായി?

കര തേടുവതിന്നു തുടിയ്ക്കും

കടൽ ഭീഷണികേട്ടു മടുത്തോ?

വിടപറയും നേരമറിഞ്ഞൂ

 

ചുമരില്ലിനി, ചിത്രത്തിന്നായ്

ഇനി വയ്യൊരു വട്ടം വീണ്ടും

കരയാനായില്ല കരുത്തും.

 

പതറുന്ന മനസ്സേ , പാഠം

പലതുണ്ടു പഠിയ്ക്കാനായി

ശരിയല്ലിതു തെറ്റുകളാർക്കും

വരുമെന്നതുമോർക്കുകയെന്നും.

പഴി ചാരുകയല്ലെന്നാലും

പല പരിഭവമുണ്ടു മനസ്സിൽ

സമയത്തൊരു മുന്നറിയിപ്പും

തരുവാൻ നീ വന്നില്ലല്ലോ?

 

കരയുന്ന മനസ്സേ മൌനം

തുടരുന്നിതു ശരിയല്ലല്ലോ

ഇനിയെന്നെപ്രതി നീ വീണ്ടും

കുരിശൊട്ടു ചുമന്നീടേണ്ടാ

 

ഇനിയില്ലൊരു മോഹമെനിക്കെൻ

പ്രണയം വിടപറയും നേരം

മമജീവിതമിന്നു നിനയ്ക്കിൽ

സ്മൃതിഗാനം മാത്രം, ശൂന്യം.

അതിരാണെവിടെയും

അതിരാണെവിടെയും സ്ത്രീത്വമേ നിനക്കായി

വരകള്‍ ,തിളങ്ങുന്നു നാലുപാടുമെപ്പൊഴും.

ഉരിയാടിടാനായ്ക, വാക്കിനെ വിഴുങ്ങുവാന്‍

കഴിയും നിനക്കതു പണ്ടത്തെപ്പാഠം മാത്രം.

 

അതിരാണെവിടെയുമെന്ന ദുഃഖസത്യത്തിന്‍

നിഴലിന്‍ പിടിയില്‍ ഞാനെന്നെത്താന്‍ മറക്കുന്നോ?

കൊതി തീരാത്ത ബാല്യ-കൌമാര മോഹങ്ങളും

കുഴികുത്തി ഞാന്‍ മൂടി മൌനമായെന്നോര്‍ക്കുന്നു.

 

അതിരാണെവിടെയും സ്ത്രീത്വമേ നിനക്കായി

വരകള്‍ ,തിളങ്ങുന്നു ,നാലുപാടുമെപ്പൊഴും.

 

നിറയൌവനത്തിന്റെ സ്വപ്നങ്ങള്‍ പലപ്പോഴും

ഭയമോടിയെത്തീട്ടു തകര്‍ത്തതോര്‍ത്തീടുന്നു.

പറയാന്‍ മറക്കുന്ന വാക്കുകള്‍ പലപ്പൊഴും

വിധിയായ് മാറീടുന്നുവെന്നതുമറിയുന്നു.

 

അതിരാണെവിടെയും സ്ത്രീത്വമേ നിനക്കായി

വരകള്‍ ,തിളങ്ങുന്നു നാലുപാടുമെപ്പൊഴും..

 

പലതും മാറ്റാന്‍, സ്വയം മാറിടാന്‍ ,കൊതിയ്ക്കവെ

തടയാനെത്തും പല കൈകളെന്നറിയുന്നു

ചിലമുദ്രകളെന്നും മുതുകില്‍ത്തീര്‍ക്കുന്നൊരാ

പ്രഹരങ്ങളെന്‍ ജീവന്‍ പോകുവോളം തങ്ങീടാം.

അതിരാണെവിടെയും സ്ത്രീത്വമേ നിനക്കായി

വരകള്‍ ,തിളങ്ങുന്നു നാലുപാടുമെപ്പൊഴും.

 

അറിയുന്നെല്ലാം പക്ഷേ മൂടിക്കെട്ടിയ വായ

തുറക്കാന്‍ ശ്രമിയ്ക്കവേ നഷ്ടഭീതിയെത്തുന്നു

വരിഞ്ഞു മുറുക്കിയ ചരടിന്‍ ബലം പൊട്ടി-

ച്ചെറിയാന്‍ ശ്രമിയ്ക്കവേ പിന്നെയും കൂടീടുന്നു.

 

അതിരാണെവിടെയും സ്ത്രീത്വമേ നിനക്കായി

വരകള്‍ ,തിളങ്ങുന്നു നാലുപാടുമെപ്പൊഴും.

മഹാത്മാവിൻ വഴികളിൽ…

“ഏതു മാറ്റമീ ഭൂവിൽക്കാണുവാൻ കൊതിപ്പൂ നീ

മാറുക  നീ താൻ അതായെ“ന്നോതും മഹാത്മാവേ!

മാറ്റങ്ങൾ നടക്കുന്നിതെപ്പൊഴും പറയുമോ

ആറ്റിലെ ജലത്തുള്ളിയൊറ്റയ്ക്കെന്തു ചെയ്തീടും?

 

“ശക്തി നിൻ ശരീരത്തിൻ കഴിവല്ലജയ്യമാം

ഇച്ഛയാൽ വരുന്നതെ’ന്നോതിടും മഹാത്മാവേ !

കെട്ടിടും മനഃശക്തി തൻ കനൽ ജ്വലിപ്പിയ്ക്കാൻ

എത്തുന്നില്ലാരും, തനിച്ചെന്തു ചെയ്തിടാനാകും?

 

“ഗൌനിയ്ക്കാതിരുന്നോട്ടെ, കളിയാക്കട്ടേ, യുദ്ധം

ജയിയ്ക്കും നീ താൻ “ എന്നു ചൊല്ലിയ മഹാത്മാവേ!

നിലത്തു വീണല്ലോ, കൈ പിടിച്ചിട്ടെഴുന്നേൽ‌പ്പി-

ച്ചെനിയ്ക്കു ധൈര്യം തരാൻ ആരുമില്ലല്ലോ ചുറ്റും?

 

“സഹിഷ്ണുതയോലുന്ന വിധത്തിൽ നിനക്കാവും

കുലുക്കാനീലോകത്തെ” യോതി നീ മഹാത്മാവേ!

എനിയ്ക്കു കാട്ടിത്തന്ന മാർഗ്ഗങ്ങൾ വൃഥാവിലെ-

ന്നറിയുന്നേരമടഞ്ഞീടുന്നെൻ വഴികളും.

 

“ ചിന്ത തൻ ഫലമല്ലോ മനുഷ്യൻ അവനെന്തു

ചിന്തിച്ചീടിലുമാകു” മെന്നോതും മഹാത്മാവേ!

ചിന്തകൾ തകർക്കുന്ന സ്വപ്നങ്ങൾ പേറുന്നേര-

മെന്തുചെയ്യണമറിഞ്ഞീടാതെ കുഴങ്ങുന്നു.