നഗരക്കാഴ്ച്ചകള്‍-2

Posted by & filed under മുംബൈ ജാലകം.

നഗരക്കാഴ്ച്ചകള്‍-2

ജീവിതം സുഖ–ദു:ഖ സമ്മിശ്രം തന്നെ….എങ്കിലും ചിലപ്പോള്‍ എവിടെയൊക്കെയോ തൊട്ടുണര്‍ത്തുന്ന നിമിഷങ്ങള്‍ മനസ്സില്‍ മായാതെ കിടക്കും, സുഖമായാലും, ദു:ഖമായാലും.ഈയടുത്ത ദിവസമുണ്ടായ ഒരു അനുഭവമാവട്ടെ ഇത്തവണ!.

ഒരു വിവാഹത്തില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു, വളരെ അടുത്ത കുടുംബസുഹൃത്തിന്റെ മകളുടെ. വളരെ ലളിതമായ നാടന്‍ രീതിയിലുള്ള വിവാ‍ഹവുംസദ്യയും. വളരെക്കുറച്ചു അതിഥികള്‍ മാത്രം. മിണ്ടിയും പറഞ്ഞും നന്നായി ആസ്വദിച്ചു.സന്തോഷം തോന്നി.വൈകിട്ടത്തെ ‘റിസപ്ഷന്‍‘ എന്ന നാടകത്തില്‍ നിന്നും ഒഴിയാന്‍ പരമാവധി ശ്രമിച്ചെങ്കിലും കടുത്ത നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു. വളരെ ഉന്നതന്മാരും സുഹൃത്തുക്കളുമൊക്കെ കാണുമെന്നറിയാമായിരുന്നതുകൊണ്ടു അല്പം ഒരുങ്ങിത്തന്നെ പോയി.സമ്മാനം വാങ്ങില്ലെന്നറിയുമായിരുന്നെങ്കിലും ഒന്നു കയ്യിലെടുത്തു.സ്ഥലം അത്ര അകലെയൊന്നുമല്ല, മുന്‍പു പോയിട്ടുമുണ്ടു.അതിസുന്ദരമായി വിതാനിച്ച ലോണും ഇരിപ്പിടങ്ങളും സ്റ്റേജും ഒക്കെ ഒരു ബോളിവുഡ് സിനിമയുടെ സെറ്റ് പോലെയാണു തോന്നിച്ചതു. സ്റ്റേജില്‍ കയറി വിഷ് ചെയ്യുകയെന്ന ഒഴിച്ചുകൂടാനാകാത്ത സംഭവത്തിന്റെ അരോചകത അതിന്റെ ക്യൂ കൂടി കണ്ടപ്പോള്‍ ഇരട്ടിയായി. എന്തു ചെയ്യാം ,

ക്യൂവില്‍ നിന്നു ചുറ്റും കണ്ണോടിച്ചപ്പോല്‍ പരിചിത മുഖങ്ങള്‍ പലതും കണ്ടു. സര്‍വാഭരണ വിഭൂഷിതരും, കോട്ടുധാരികളും മാത്രം എങ്ങും.(സ്വന്തം ഗെറ്റപ്പു അത്ര മോശമൊന്നുമാവാനിടയില്ലെന്നും സ്വയം സമാധാനിച്ചു.എന്റെ മനോരഥമറ്ഞ്ഞിണോ എന്തോ ഭര്‍ത്താവു എന്നെ നോക്കി മനോഹരമായൊന്നു പുഞ്ചിരിച്ചു.) അപ്പോളാണു അതെന്റെ കണ്ണില്‍പ്പെട്ടതു..കുറച്ചുനീങ്ങി വിശാലമായ ലോണിന്റെ ഒരറ്റത്തായി വീല്‍ ചെയറിലിരുന്നു എന്തൊക്കെയോ കൈകള്‍ കൊണ്ടും മുഖം കൊണ്ടും കാണിയ്ക്കുന്ന ഒരു പയ്യന്‍! 10-16 വയസ്സു കാണും, ബുദ്ധി വികസിച്ചിട്ടില്ലെന്നു മനസ്സിലാവും….തിരക്കില്‍ എല്ലാരുമായി കൂടുന്നതിനോ എന്തിനാണെന്നറിയുന്നില്ല, വീല്‍ചെയറ് ഉരുട്ടാന്‍ ശ്രമിയ്ക്കുന്നുണ്ടു. ഇടയ്ക്കു തിരിഞ്ഞു എങ്ങോട്ടൊക്കെയോ നോക്കുന്നുമുണ്ടു.അമ്മയേയോ മറ്റോ തിരയുകയാവുമോ? ഏതാവും അമ്മ? പട്ടുസാരിയിലും പൊന്നിലും പൊതിഞ്ഞു പൊങ്ങച്ചം പറയുന്ന ആ കൂട്ടത്തില്‍ കാണുമോ? അത്ര അടുത്ത ബന്ധുക്കളാവാം, അതാവും മോനേയും കൂടെ കൂട്ടിയിട്ടുള്ളതു.എന്തേ അവര്‍ അവന്റെ അടുത്തു തന്നെ നിന്നില്ലാ? തൊട്ടപ്പുറത്തു എല്ലാം കണ്ടു അന്തം വിട്ടു നില്‍ക്കുന്ന മറ്റൊരു പയ്യന്‍ ഇവനെ നോക്കാനായിട്ടാണോ?

ചിന്തകള്‍ കാടൂകയറി, സ്റ്റേജിലെത്തിയതറിഞ്ഞില്ല..വിഷ് ചെയ്തു, സമ്മാനം കൊടുത്തു, ഒരു ഫോട്ടോവിനു പോസും ചെയ്തു താഴെയിറങ്ങി. കൊച്ചുവര്‍ത്താനവുമായി പലരും എത്തി, പലരുമായും കുശലാന്വേഷണത്തില്‍ മുഴുകിയിരിയ്ക്കേ എല്ലാവരുടെ ശ്രദ്ധയും പെട്ടെന്നു വാതില്‍ക്കലേയ്ക്കു തിരിഞ്ഞു…ഒരു വി.വി.ഐ.പി യുടെ രംഗപ്രവേശം….ഏതോ സീരിയല്‍ നടിയാണെന്നു തോന്നുന്നു, അതോ ഇനി സിനിമക്കാരിയാണാവോ? കൂടെ നടന്നു സാരി ശരിയാക്കി, മുഖം ടച്ചപ്പു ചെയ്യാനൊരു സ്ത്രീ കൂടെ…തികച്ചും നാടകീയമായ നിമിഷങ്ങള്‍!

കൈ കുലുക്കലും കൂടെ പോസ് ചെയ്തു ഫോട്ടോ എടുക്കലും തകൃതിയായി നടക്കുന്നു.പതുക്കെ ഡിന്നറ് ഏരിയയിലേയ്ക്കു നടന്നപ്പോള്‍ അറിയാതെയെങ്കിലും ഒന്നു തിരിഞ്ഞു നോക്കാതിരിയ്ക്കാനായില്ല…….ഒരു കോണില്‍ ഒറ്റയ്ക്കുവീല്‍ചെയറീലിരുന്നു സ്വന്തം ലോകത്തിലലിഞ്ഞിരിയ്ക്കുന്ന ഒരു നിസ്സഹായ രൂപം…മനസ്സിനുള്ളിലെവിടെയോ ഒരു കൊളുത്തിപ്പിടിയ്ക്കല്‍….എന്തെല്ലാമാണു എടുത്തതും കഴിച്ചതുമെന്നുപോലും ഓര്‍മ്മയില്ല….പിന്നീടു വീട്ടിലെത്തിയതും ഒന്നു കരയാനാണു തോന്നിയതു…..പറയരുതാനാകാത്ത ഒരു വിമ്മിഷ്ടം ബാക്കി നിന്നു…(ഒരു പക്ഷേ ഒരിത്തിരി ഇപ്പോഴും ബാക്കി നില്‍ക്കുന്നുവെന്നു പറയാം.)

എന്തോ അറിയില്ല, ഇതിവിടെ എഴുതണമെന്നു തോന്നി., ഒരു പക്ഷെ ഇത്തരം നിമിഷങ്ങളിലായിരിയ്ക്കാം ജീവിതമെന്തെന്നു നാമൊക്കെ അല്പമെങ്കിലും മനസ്സിലാക്കുന്നതു…..എന്തു തോന്നുന്നു, നിങ്ങള്‍ക്കു?

2 Responses to “നഗരക്കാഴ്ച്ചകള്‍-2”

  1. Anil Aickara

    ഒരു കോണില്‍ ഒറ്റയ്ക്കുവീല്‍ചെയറീലിരുന്നു സ്വന്തം ലോകത്തിലലിഞ്ഞിരിയ്ക്കുന്ന ഒരു നിസ്സഹായ രൂപം…മനസ്സിനുള്ളിലെവിടെയോ ഒരു കൊളുത്തിപ്പിടിയ്ക്കല്‍……..

  2. Unni Mathoor

    Pand aadyam VT stationil chennappo aviduthe Anaadhakuttikale kandappo enikkentho bhayankara sankadam thonnaarund….Avarkkenth aaghoshangal, enth party!! okke onnu thanne ….oru nerathe visappu mathram chinthaa….

    Marubhagath partiyum shoppingum aaya mattoru koottar!!

    ore naanayathinte 2 vasangal

Leave a Reply

Your email address will not be published. Required fields are marked *