ഫാൽഗുനപൌർണ്ണമി

Posted by & filed under കവിത.

ഹോളിയെത്തുന്നു, കുറിച്ചീടുവാൻ വസന്തവു-
മോടിയെത്തുന്നു, നിറം നിറയ്ക്കാൻ പ്രകൃതിയിൽ
ഫാൽഗുനമെന്നും വന്നെത്തീടുന്നിതാവർത്തന-
പൂരിത വിരസതനീക്കാനായ്, സിരകളിൽ
വീണ്ടുമൊട്ടുത്തേജനം കയറ്റാൻ, സ്വയം മറ-
ന്നീടുവാൻ, വിദ്വേഷത്തെയടക്കാൻ, ദൈനം ദിനം
ജീവിതശകടത്തിലേറി യാത്രകൾ ചെയ്‌വേ,
ബാഹ്യമായ്, ഹൃദയത്തിൽ, കൂട്ടിവച്ചിടും തിന്മ
യേറിടും വിചാരങ്ങളഗ്നിയിൽ സമർപ്പിയ്ക്കാൻ,
നന്മ തിന്മയെ വെല്ലുമെന്ന പാഠങ്ങൾ വീണ്ടും
നമ്മളെപ്പഠിപ്പിയ്ക്കാൻ, ഹോളി വന്നെത്തീടുന്നു.
ഹോളി വന്നെത്തീടുന്നു, നഗരങ്ങളിൽ, പ്രാന്ത-
ഭാഗമൊന്നതല്ല , നൽ ഗ്രാമദേശമൊന്നിലും
വർണ്ണങ്ങൾ വിതയ്ക്കുവാൻ , ശബ്ദങ്ങളുയരുവാൻ,
സൌഹൃദം പുതുക്കുവാൻ , കൈകളെക്കോർത്തീടുവാൻ.
പ്രകൃതിയ്ക്കെഴും വർണ്ണഭംഗിയിൽ സ്വയം മറ-
ന്നിരിയ്ക്കാൻ കൊതിയ്ക്കവേ, മറക്കാമഭംഗിയെ
വിതയ്ക്കാം സ്നേഹത്തിന്റെ വിത്തുകൾ പരിപാക-
പ്പെടുത്താം, മനസ്സിനെ നൂറുമേനി കിട്ടുവാൻ
ഹിരണ്യകശിപുവിൻ ചെയ്തികൾ, പ്രഹ്ലാദന്റെ
വിനയമെഴും ഭക്തി തൻ കഥയൊട്ടോർത്തിടാം
ഹോളിക ദഹിച്ചതും നന്മ തൻ വിജയമായ്
ഭൂമിയിൽ സമാധാനദൂതിനായൊരുങ്ങിടാം
രാധ തൻ മനം തണുത്തീടുവാൻ നിറങ്ങളാൽ
മാധവൻ നടത്തിയ ലീലകൾ നിനച്ചിടാം
പ്രേമസാഗരം വർണ്ണ പൂരിതം, നിറയ്ക്കുവിൻ
ജീവിതം ക്ഷണിക,മിന്നോർക്കണം ജീവിയ്ക്കുവാൻ.
കാമദേവനെ കൊടും തീയിനാൽ നശിപ്പിച്ച
ദേവനും, സംഹാരത്തിൻ മൂർത്തി തിന്മകൾക്കെന്നും,
കാമനോ പ്രേമത്തിന്റെ ദേവത, യൊടുക്കമാ
പൂവിനാലമ്പെയ്യുന്നവന്നേകി വീണ്ടുമേ ജീവൻ
ഇനിയും ദഹിയ്ക്കട്ടെ ഹോളിക, നിറയട്ടെ
മധുരപ്രേമത്തിന്റെ മാറ്റൊലി മനുഷ്യരിൽ
പരക്കെശ്ശാന്തിയ്ക്കായി ജീവനെ ത്യജിച്ചിടാൻ
വരട്ടേ , കാമൻ,പുനർജ്ജനിച്ചീടട്ടേ,വീണ്ടും!.

Leave a Reply

Your email address will not be published. Required fields are marked *