അന്തർദ്ദേശീയ വനിതാദിനത്തിനു നൂറുവയസ്സു

Posted by & filed under മുംബൈ ജാലകം.

File:Acacia dealbata.jpg

വനിതാദിനത്തിന്റെ സന്ദേശവുമായി  മാർച്ചു 8 ഇതാ എത്തുന്നു. ഈ പ്രാവശ്യത്തെ വനിതാദിനത്തിനൊരു പ്രത്യേകതയുണ്ടു. ശതാബ്ദിദിനമാണിക്കൊല്ലം. നമുക്കഭിമാനിയ്ക്കാൻ ഏറെയുണ്ടു,ഒരു ശതാബ്ദത്തിന്റെ നേട്ടങ്ങളുടെ കണക്കുകൾ നിരത്തുകയാണെങ്കിൽ. തുടങ്ങിയ  സമയം, കാരണം, അന്നത്തെ വനിതയുടെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ നിലയിൽ നിന്നും  ഇന്നത്തെ അവരുടെ നേട്ടങ്ങളിലേയ്ക്കുള്ള പ്രയാണം , എല്ലാം ശരിയ്ക്കും ശ്രദ്ധേയം തന്നെ . ഒരു പക്ഷേ വരും തലമുറകൾ എന്തിനാണു ഇങ്ങനെ ഒരു ‘വനിതാദിനം; ആഘോഷിയ്ക്കുന്നതെന്നുപോലും ചിന്തിച്ചെന്നു വരാം. കഴിഞ്ഞ 100 വർഷക്കാലത്തിനിടയിൽ കൈവരിയ്ക്കാൻ കഴിഞ്ഞ സ്ത്രീ പുരുഷ സമത്വത്തിന്റെ നേട്ടങ്ങൾ അത്രയേറെയാണു. ഏതു മേഖലയിലും താൻ പുരുഷനു പിന്നിലല്ലെന്നു കാണിയ്ക്കാനുള്ള അവസരമാണു സ്ത്രീയ്ക്കു ലഭിച്ചതു. ‘പെണ്ണായിപ്പിറന്നെന്നാൽ മണ്ണയിത്തീരുവോളം കണ്ണീരു കുടിയ്ക്കണമെന്നതു ഒരു കാലത്തു സത്യം തന്നെയായിരുന്നു.പ്രത്യേകിച്ചു ഇന്ത്യയിൽ. ഇന്നു വനിതാദിനത്തിന്റെ ശതാബ്ദിയാഘോഷിയ്ക്കുന്ന ഈയവസരത്തിൽ ഇന്ത്യൻ പ്രസിഡന്റും സ്പീക്കറുമടക്കം എത്രയെത്ര  സ്ത്രീകൾ ഉന്നത പദവിയലങ്കരിയ്ക്കുന്നുവെന്നതിൽ നമുക്കഭിമാനിയ്ക്കാം.കഴിഞ്ഞ ഒരു നൂറ്റാണ്ടിന്നിടയിൽ ലോകം കണ്ട പ്രസിദ്ധരായ സ്ത്രീകളുടെ കഥകളും ഇതു തെളിയിയ്ക്കുന്നു…

.1910ൽ കോപ്പൻ ഹേഗനിലാണു ആദ്യ അന്തരാഷ്ട്ര വനിതാ സമ്മേളനം നടന്നതു.‘ ഇന്ത്യയിൽ ന  സ്ത്രീ സ്വാതന്ത്ര്യമർഹതി ..എന്നു കരുതിയിരുന്നൊരു കാലഘട്ടം.സമൂഹത്തിലായാലും ഔദ്യോഗിക രംഗത്തായാലും അവൾക്കു വിലയുണ്ടായിരുന്നില്ല .മകൾ , അമ്മ, ഭാര്യ എന്നതിലുപരി വളരാൻ മോഹമുണ്ടായപ്പോൾ സമൂഹവ്യവസ്ഥിതിയ്ക്കെതിരെ ശബ്ദമുയർത്താനും വിദ്യാഭ്യാസം, തൊഴിൽ , തൊഴിൽ രംഗത്തെ വിവേചനം, ചൂഷണം എന്നിവയ്ക്കെതിരെ സുസംഘടിതമായി മുന്നേറാനും സ്ത്രീകൾ തയ്യാറായി.  സഹിച്ചും എതിർത്തും ഇന്നത്തെ നിലയിലെത്തി. ഒക്കെ നേടി..എന്നിട്ടും സംശയം ബാക്കി..എന്തു നേടിയെന്നു. എന്തിനൊക്കെ മാറ്റം വരുത്താനായെന്നു. ഇനിയുമെത്രയും മാറാനുണ്ടെന്നു… മുറവിളികൾ ഇനിയും നിലച്ചിട്ടില്ല.
WFWI (Women for Women International)പോലെയുള്ള സംഘടനകൾ ആഗോള തലത്തിൽ ഈ ദിവസം കൊണ്ടാടുന്നു.International committie of Red Cross, യുദ്ധത്തിലും ഭീകരാക്രമണത്തിലുമൊക്കെ ഒറ്റപ്പെട്ട സ്ത്രീകൾക്കായി ഈ വർഷത്തെ വനിതാദിനത്തിൽ ശബ്ദമുയർത്തും. ഒരു വ്യാഴവട്ടക്കാലത്തെ മുറവിളിയ്ക്കു ശേഷംകാത്തു കാത്തിരിയ്ക്കുന്ന വനിതാസംവരണബിൽ ഈ വനിതാദിനത്തിൽ യാഥാർഥ്യമാവുമെന്ന ആശ്വാസത്തിലാണു ഇവിടെ എല്ലാവരുമിരിയ്ക്കുന്നതു.സാക്ഷരത സ്ത്രീയുടെ സ്വപ്നം മാത്രമായിരുന്ന ഒരുകാലഘട്ടത്തിൽ നിന്നും ഉള്ള ഉയർച്ച അസൂയാവഹം തന്നെ.  വനിത സംവരണബിൽ പ്രാബല്യത്തിൽ വന്നാൽ ലോകസഭയിലും നിയമസഭയിലും 33% പ്രാതിനിധ്യത്തോടെ സ്ത്രീ ശക്തി  കാണാനാകും
ഈ ദിവസത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ  ആഘോഷങ്ങളുണ്ടു. സ്വാതന്ത്ര്യലബ്ദ്ധിയ്ക്കുശേഷം വനിതകൾ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, സെമിനാറുകൾ  , വിവിധയിനം മത്സരങ്ങൾ എന്നിവ ഈയവസരത്തിൽ നടത്തി വരുന്നു. സമൂഹത്തിന്റെ  താഴേക്കിടയിലുള്ള സ്ത്രീകളുടെ സഹായാർത്ഥം പലതരം പദ്ധതികളും വനിതാ സംഘടനകൾ വഴി ഈയവസരത്തിൽ പ്രാബല്യത്തിൽ വരുന്നു. ഒന്നുമില്ലെങ്കിലും ഹൌസിംഗ് സൊസൈറ്റികളിൽ സ്ത്രീകൾ ഒത്തുകൂടി വിവിധ തരം കലാപരിപാടികളും ചർച്ചകളുമായി ഈ ദിവസത്തെ ആഘോഷിയ്ക്കുന്നതും മുംബെയിൽ കണ്ടു വരുന്നു.
ഒരൽ‌പ്പം പുച്ഛത്തോടെ ഈ ദിവസത്തെ വീക്ഷിയ്ക്കുന്നവരും ഇവിടെ ഇല്ലാതില്ല. എന്റെ പരിചയക്കാരിൽ നിന്നുമായി ഞാൻ ഈ ദിവസത്തെകുറിച്ചു അഭിപ്രായങ്ങൾ ശേഖരിച്ചപ്പോൾ ഒരു വിഭാഗം ഇതിനെ വളരെ നല്ല രീതിയിലും,മറ്റൊരു വിഭാഗം വളരെ നെഗറ്റീവ് ആയ രീതിയിലും സംസാരിയ്ക്കുകയുണ്ടായി. കൊല്ലത്തിലെ ഒരു ദിവസം വനിതാദിവസമായി ആഘോഷിയ്ക്കുന്നതുകൊണ്ടു എന്തു നേടാനാകുമെന്നും  ബാക്കി ദിവസം മുഴുവനു മെൻസ് ഡെ ആയതിനാലാണൊ മെൻസ് ഡെ ആഘോഷിയ്ക്കാതിരിയ്ക്കുന്നതെന്നും ചിലർ ചോദിയ്ക്കാതിരുന്നില്ല. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന പൊതു സത്യത്തിനെ അറിയുന്നവർ എന്നും ഈ ദിവസത്തെ മാനിയ്ക്കാതിരിയ്ക്കില്ല. നിശ്ശബ്ദം സഹിച്ചിരിയ്ക്കാതെ മുറവിളി കൂട്ടാൻ തയ്യാറായതു  തന്നെയല്ലേ സ്ത്രീയുടെ ഉന്നമനത്തിനു ഹേതുവായത് എന്നു എന്തേ ആരും ഓർക്കാത്തതു??
.
രാം, ഖീർ ഖാ, സീതാ, കാം കർ
ഭുവൻ ,പാഠശാല ജാ, ശിക്ഷക് സെ പഢ്
ഗീതാ, പാനി ലാ, പിതാജി കൊ ഖാനാ ദേ
മദൻ, ബഗീച്ചേ മെം ഖേൽ
മീനാ ,മാ കീ മദദ് കർ
ഇതായിരുന്നല്ലോ ഇവിടത്തെ സ്ഥിതി ഏതാനും ദശാബ്ദങ്ങൾക്കു മുൻപു വരെ. ഇന്നതു മാറിക്കൊണ്ടിരിയ്ക്കുനുവെന്നും എല്ലാ സംസ്ഥാനങ്ങളിലും  സ്ത്രീ സാക്ഷരതയുടെ വളർച്ച അസൂയാവഹമാണെന്നും പറയാതെ വയ്യ. ഇനിയും മാറേണ്ടിയിരിയ്ക്കുന്നു. സമത്വസുന്ദരവും, സ്വപ്നസാക്ഷാത്ക്കാരവും അംഗീകാരവും നിറഞ്ഞ നല്ല നാളെകൾ ഇനിയും വരട്ടേ! വിവേചനത്തിന്റെ മുറവിളികൾക്കിവിടെ സ്ഥാനമില്ലാതെ വരട്ടേ! അന്തർദ്ദേശീയ വനിതാദിനത്തിന്റെ ഈ നൂറാം ജന്മദിനത്തിൽ എല്ലാ മഹിളകൾക്കും ആശംസകൾ!
(ഫോട്ടോ:ഇറ്റലിയിൽ അന്തർദ്ദേശീയ വനിതാ ദിനത്തിന്റെ പ്രതീകമായിക്കണക്കാക്കപ്പെടുന്ന സിൽവർ വാറ്റിൽ (മിമോസ) പൂക്കൾ നമ്മുടെ കണിക്കൊന്നയെ അനുസ്മരിപ്പിയ്ക്കുന്നില്ലേ?)

Leave a Reply

Your email address will not be published. Required fields are marked *