ബായി പുരാണം

Posted by & filed under മുംബൈ ജാലകം.

                      

      

 

 

 

    ഒരു സാധാരണദിവസം. എല്ലാരും രാവിലെ 9 മണിയോടെ സ്ഥലം കാലിയാക്കിയതിനാല്‍ ഒരു കപ്പു ചായയും കയ്യിലെടുത്തു വെറുതെ ചാനലുകള്‍ മാറ്റി ന്യൂസ് ചാനല്‍ തിരയുകയായിരുന്നു. വാച്ചിലെ സൂചി കൃത്യം 9 മണിയെന്നു കാട്ടുമ്പോള്‍ കൃത്യമായെത്തുന്ന എന്റെ ബായി സുനിത നിലം തുടച്ചുകൊണ്ടു സമീപത്തു. (ടിപ്പിക്കല്‍ ബോളിവുഡ് സീന്‍)

 

 

   ഏതോ ആദ്ധ്യാത്മിക ചാനലില്‍ നിന്നും പെട്ടെന്നു കേട്ട തുളച്ചു കയറുന്ന വാക്കുകള്‍ എന്നെ ആകര്‍ഷിച്ചു. സര്‍ഫ് ചെയ്യുന്നതു നിര്‍ത്തി, വളറെയേറെ ആകര്‍ഷകവും ലളിതവുമായ അവരുടെ  വാക്കുകള്‍ ശ്രദ്ധിച്ചു.ഏതോ സ്വാമിനിയാണു.ദൈനം ദിന ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും

അവയെ എങ്ങനെ  നേരിടണമെന്നുമൊക്കെ പറയുന്നുണ്ടു.പ്രധാനമായും ക്രോധത്തിനെ ഒതുക്കാനും നേരിടാനുമുള്ള ഉപാധികളെക്കുറിച്ചു അവര്‍ പറഞ്ഞുകൊണ്ടിരുന്നു.

 

 

   “ നിങ്ങളുടെ വീട്ടിലെ ആരെങ്കിലും, ഭര്‍ത്താവോ, കുട്ടികളോ, മാതാപിതാക്കളോ ആരുമാകട്ടെ, വല്ലാതെ ദേഷ്യം പിടിച്ച സമയത്തു ഒരു കാര്യം ചെയ്യു! ഒരു കണ്ണാടിയെടുത്തു കയ്യില്‍ കൊടുക്കൂ! സ്വന്തം മുഖം ദേഷ്യഭാവത്തിലിരിയ്ക്കുമ്പോള്‍ എങ്ങിനെയുണ്ടെന്നു ഒന്നു കാണാന്‍ പറയൂ! അവര്‍ അവരറിയാതെ തന്നെ ചിരിച്ചുപോകും………………..……..“

 

 

   സ്വാമിനി പിന്നെയുമെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.ഞാന്‍ ചാനല്‍ മാറ്റി വീണ്ടും എന്റെ പ്രിയപ്പെട്ട വാര്‍ത്താ ചാനല്‍ തിരയാന്‍ തുടങ്ങി.

 

 

    “ഭാഭീ……….ഇവര്‍  പറയുന്നതു എത്ര ശരി തന്നെ, അല്ലെ? ദേഷ്യപ്പെടുന്ന ആള്‍ക്കുമുന്നില്‍ കണ്ണാടി പിടിച്ചല്‍ ചിരിയ്ക്കാത്തവര്‍ കാണില്ല. ഇതെനിയ്ക്കൊന്നു ചെയ്തു നോക്കണം. ഭയങ്കര ദേഷ്യക്കാരനാണ് എന്റെ ഭര്‍ത്താവു. ചിരിയ്ക്കുമോ എന്നു നോക്കാമല്ലോ?”

 

 

    അതു ശരി…അപ്പോള്‍ ഇത്ര നേരവും ബായിയും ഇതുതന്നെ ശ്രദ്ധിയ്ക്കുകയായിരുന്നുവെന്നു അപ്പോഴാണു ഞാന്‍ അറിഞ്ഞതു.(സാധാരണ കാണാറുള്ള മുഷിഞ്ഞ വേഷവും തളര്‍ന്ന മുഖവും അലസതയുടെ പര്യായവുമായ ഒരു സര്‍വന്റിനെയാണു നിങ്ങള്‍ മനസ്സില്‍ കണക്കുകൂട്ടിയതെങ്കില്‍ തെറ്റിപ്പോയി, ട്ടോ! പുതിയ തലമുറയുടെ മറ്റൊരു രൂപമാണിതു. രാവിലെയും വൈകീട്ടും ബായി വേഷം… ബാക്കി സമയം ഒരു ട്രിപ്പിള്‍ ഏ റേറ്റഡ്  കമ്പനിയില്‍ ജാനിറ്റരായി ജോലിയും. ജീവിയ്ക്കാന്‍ പഠിച്ചിരിയ്ക്കുന്നവരില്‍ പെടും)

 

     “ശരിയാവാം…..അവരുടെ ശബ്ദത്തിനെന്തു ശക്തി, അല്ലേ? നിനക്കറിയാമോ, ചിരിയ്ക്കുന്നതിനേക്കാളേറെ ബുദ്ധിമുട്ടണം കരയാനും, ദേഷ്യപ്പെടാനും.”

 

 

  എനിയ്ക്കറിയാവുന്ന വിജഞാനം ഞാനും വച്ചു വിളമ്പി..സ്വാമിമാരെക്കുറിച്ചും സ്വാമിനിമാരെക്കുറിച്ചുമുള്ള കഥകള്‍ പിറകേയും.

 

 

   നാലഞ്ചു ദിവസം കഴിഞ്ഞു കാണണം, സുനിതാബായി കാലത്തു തന്നെ കുടുകുടാ ചിരിച്ചാണു രംഗപ്രവേശം. ചെയ്തതു.

 

    “എന്താ കാര്യം?”  ചോദിയ്ക്കാതിരിയ്ക്കാനായില്ല.

 

   

“ഭാഭീ…ഇന്നലെ രാത്രി എന്റെ ഭര്‍ത്താവു ദേഷ്യപ്പെട്ടപ്പോള്‍ അന്നത്തെ കാര്യം ഓര്‍മ്മ വന്നു. കണ്ണാടിയെടുത്തു കയ്യില്‍ കൊടുത്തു. ശുണ്ഠിയെടുക്കുമ്പോള്‍ മുഖം എങ്ങനെയിരിയ്ക്കുമെന്നു നോക്കാന്‍ പറഞ്ഞു….”

 

 

കുടുകുടെ ചിരികള്‍ക്കിടയില്‍ ബായി പറഞ്ഞതുകേട്ട ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു:

 

 

‘എന്നിട്ടു…?”

 

“മൂപ്പരു ചിരിയോടു ചിരി തന്നെ….”

 

 

അന്നു ബായി പണി കഴിഞ്ഞു പോയപ്പോള്‍ നേരെ കണ്ണാടിയുടെ മുന്നില്‍ ചെന്നു നിന്നു ഒന്നു നോക്കാതിരിയ്ക്കാനെനിയ്ക്കായില്ല…………..ദേഷ്യപ്പെടുന്ന എന്റെ മുഖം എങ്ങിനെയിരിയ്ക്കുമെന്നു? സത്യം പറയണോ………….? ഹിന്ദി സിനിമയിലെ വില്ലത്തി പോലെയുണ്ടു………..ഹഹഹഹ…..

8 Responses to “ബായി പുരാണം”

 1. TESSIE | മഞ്ഞുതുള്ളി

  ഭാവിയില്‍ പരീക്ഷിക്കാം… വര്‍ക്കൗട്ടാകുമോ ആവൊ!!!

  അതോ അങ്ങേരുടെ കൈയ്യീന്നു മുഖമടച്ചൊരെണ്ണം മേടിച്ചേച്ചു ഞാന്‍ ആത്മനിര്‍‌വൃതി അടയുമോ? 😀

 2. bsheer

  അത്‌ ശരിയാണല്ലോ..

  ചിലര്‍ പക്ഷെ ആ കണ്ണാടിയും പൊട്ടിച്ചു കളയും..

  ഞാന്‍ ആ ടൈപ്പല്ല..

  OT: can you tell me about this site ( to make new one )

 3. pudayoor

  ഒപ്പോളേ.. കൊള്ളാം നല്ല രസം തൊന്നി

 4. gopakur

  pl..dont smash ur mirror

 5. ഹരിത്

  മുഖം നന്നാവാത്തതിനു കണ്ണാടി എറിഞ്ഞുടയ്ക്കുമോ? ഞാനാണെങ്കില്‍ ചിലപ്പോള്‍.

 6. ശ്രീ

  അതു ശരിയാണ്. ദേഷ്യപ്പെടുന്നവരുടെ മുഖഭാവം അവരു തന്നെ കണ്ടാല്‍ ദേഷ്യം അപ്പോ തന്നെ മാറുമെന്നു മാത്രമല്ല, അവര്‍ അറിയാതെ ചിരിച്ചു പോകുകയും ചെയ്യും. പക്ഷേ അത്ര സീരിയസല്ലാതെ ദേഷ്യപ്പെടുമ്പോഴേ ഇതു നടക്കൂ. അല്ലാത്തപ്പോള്‍ കണ്ണാടിയും കൊണ്ടു ചെന്നാല്‍ അതില്‍ നോക്കും മുന്‍പേ അതെറിഞ്ഞു പൊട്ടിച്ചാലോ?
  😉

 7. kavitha

  Abhipraayam parayaan aalallaa.Ennaalum ithokkey vaayikkan orupaadu orupaadu ishtamaanu.

 8. ആഷ

  ഹ ഹ
  ഒന്നു പരീക്ഷിക്കണം എന്നു തോന്നുന്നു. ശ്രീ പറഞ്ഞ അഭിപ്രായം കൂടി കണക്കിലെടുക്കുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു കണ്ണാടി നഷ്ടമാവും 🙂

Leave a Reply

Your email address will not be published. Required fields are marked *