അഭിമന്യുവിന്റെ ആത്മഗതം

Posted by & filed under കവിത.

അറിയാത്തവർ തെല്ലുമില്ലെങ്ങും പറയുകിൽ

അഭിമന്യുവെന്നെൻ പേർ, അർജ്ജുനപുത്രനിവൻ,

കൃഷ്ണ സോദരി സുഭദ്ര യ്ക്കെഴും പൊന്നോമന-

പ്പുത്ര,നെന്നാലോ , യുദ്ധരംഗത്തിൽ ചക്രവ്യൂഹ-

മൊന്നു ഭേദിച്ചുള്ളിലായ് കടന്നോൻ,  പിന്നെപ്പുറ-

ത്തൊന്നു പോരുവാൻ കഴിയാതൊട്ടു കുഴങ്ങവേ

വന്നുകൂട്ടമായ് ആക്രമിച്ചൊരക്കൌരവരാൽ

അന്നു ദാരുണമായിക്കൊല്ലപ്പെട്ടവൻ ,പിന്നെ

ചെന്നു വീരസ്വർഗ്ഗത്തെപ്രാപിച്ചോൻ ഇതുവിധം

വീരനെങ്കിലുമൊരു ദാരുണകഥാപാത്ര-

മായി ഞാൻ മാറി ,സത്യമറിയുന്നവരില്ലേ?

അമ്മ തന്നുദരത്തിൽ ഞാൻ കിടക്കേ ,യമ്മാമ-

നമ്മയോടോതീ ചക്രവ്യൂഹത്തെക്കുറിച്ചെന്നും,

എങ്ങിനെ ഭേദിച്ചുള്ളിൽ കടക്കാമെന്നും ,പക്ഷേ

എങ്ങിനെ പുറത്തേയ്ക്കു കടക്കാമെന്നുള്ളതു

ചൊല്ലിയില്ലപ്പോഴേയ്ക്കുമുറങ്ങിപ്പോയമ്മയും,

എന്നുള്ള കഥകളും സത്യമെന്നുരച്ചിടാം

എല്ലാമേ ശ്രവിച്ചിട്ടങ്ങുദരേ കിടക്കും ഞാ-

നെല്ലാമേ ഗ്രഹിച്ചെന്ന കഥയും കേട്ടിട്ടില്ലേ?

അന്നു ചക്ര  വ്യൂഹത്തിൽ കേറവേ, തടയുവാ-

നച്ഛ നുമമ്മാമനുമില്ലാതെ പോയെന്നതും

അവരെത്തടഞ്ഞു ചാവേർപ്പട ,യനസ്യൂത-

മവർ തൻ പോരങ്ങിനെ നീണ്ടുപോയതു സത്യം.

സുശർമ്മാവല്ലോ നയിച്ചന്നു സംസപ്തകരെ,

കളി കണ്ടില്ലന്നാരും, വ്യൂഹത്തെച്ചമച്ചന്നേ-

നേരത്തായ് തകർക്കുവാൻ വെല്ലിട്ടു വിളിച്ചതും,

കുരുന്നാം പതിനാറുകാരനാം ഞാനന്നതു

നിറഞ്ഞൊരാഹ്ലാദത്താൽ സ്വീകരിച്ചതും പിന്നെ

ചക്രവ്യൂഹത്തെ ഭേദിച്ചീടുവാൻ തുനിയവേ

യൊട്ടെന്നെത്തടയുവാൻ സാരഥി ശ്രമിച്ചപ്പോൾ

ഒട്ടഹങ്കാരത്താലെയാരെയും വെന്നീടുമെ-

ന്നട്ടഹാസം പോലെ ഞാൻ ചൊന്നതും ശരി തന്നെ.

ചക്രവ്യൂഹത്തെ ഭേദിച്ചുള്ളിലെ പ്പടയോട-

ന്നൊറ്റയ്ക്കായ് പൊരുതീ ഞാൻ ഭയമേതും കൂടാതെ

കൊന്നിതു ദുര്യോധനപുത്രനാം ലക്ഷണനെ-

പ്പിന്നെയും പല മഹാരഥികൾ പിന്നാലെ പോയ്

ഒന്നൊന്നായ് നഷ്ടപ്പെട്ടെന്നായുധം രഥത്തിന്റെ

പിന്നിലെച്ചക്രം പോലുമെനിയ്ക്കായുധമായി

പിന്നിലായ് വന്നെൻ തല വാളാലേ വെട്ടീ കർണ്ണൻ

മുന്നിൽ ദുശ്ശാസനൻ തൻ പുത്രനോ ഗദയാലെ

യെന്നെ താഡിച്ചു, മണ്ണിൽ വീഴ്വതിൻ മുൻപായ് ഞാനു-

മൊന്നങ്ങു തിരിച്ചേകി, പൂകിനാൻ പരലോകം.

യുദ്ധത്തിൽ പാലിയ്ക്കേണ്ടും നിയമം തെറ്റിച്ചപ്പോൾ

ക്രുദ്ധനായച്ഛൻ, കർണ്ണ വധത്തിന്നെളുപ്പമായ്

എന്റെ പുത്രനാം പരീക്ഷിത്തു പാണ്ഡവകുല-

മൊന്നു രക്ഷിയ്ക്കാൻ ജന്മമെടുത്തെന്നതും സത്യം.

സോമദേവൻ തൻ പ്രിയപുത്രനാം വർച്ചസ്സു ഞാൻ

ഭൂമിയിൽ ദേവന്മാർ തൻ ചൊല്ലിനാൽ പോകും നേരം

താങ്ങുവാൻ കഴിയാത്ത പുത്ര പ്രേമത്താലച്ഛൻ

ഓതിനാൻ, പതിനാറു വർഷത്തിൽ തിരിച്ചെത്താൻ

ഞാനിതാ തിരിച്ചങ്ങു പോകുന്നു, മുഴുമിച്ചെൻ

ഭാരിച്ച ചുമതല, പിതാവിൻ സവിധത്തിൽ.

മറക്കാൻ വയ്യ പുത്ര വത്സലനെന്നച്ഛനെ

പുറത്തേയ്ക്കിതാ മാർഗ്ഗം  തകർക്കാം ചക്രവ്യൂഹം!!

4 Responses to “അഭിമന്യുവിന്റെ ആത്മഗതം”

 1. rakesh thampi

  നല്ല കവിത
  എനിക്കു ഈ ലിങ്ക് അയച്ചു തന്നതിന്- വളരെ നന്ദി

 2. vasudevan m.s.

  Very good very good but there is a doubt who killed abhimanyu is it Karnan”pinnilaay vannen thala valale vettee karnan” ennu kantu. abhimanyvine konnathu karnanano?

 3. Jyothi

  iT is said that Dussaasan’s son crushed Abhimanyu’s head with his maze and Abhimanyu killed him with his maze only. Karana stabbed Abhimanyu from back and this was against the rules of war.

 4. ശ്രീ

  നന്നായി, ചേച്ചീ.

  മഹാഭാരതത്തിലെ ഒരിയ്ക്കലും മറക്കാനാകാത്ത കഥാപാത്രങ്ങളിലൊന്ന് തന്നെയാണ് അഭിമന്യു.

Leave a Reply

Your email address will not be published. Required fields are marked *