ഈയാമ്പാറ്റകള്‍

Posted by & filed under മുംബൈ ജാലകം.

ഇതു ഈയിടെ നടന്ന ഒരു സംഭവം. മനുഷ്യന്‍ എത്രമാത്രം വലിയവനായാലും പ്രകൃതിയ്ക്കും ദൈവത്തിനും മുന്‍പില്‍ തീര്‍ത്തും നിസ്സഹായനാണെന്നു തെളിയിച്ച ഒരു അനുഭവം. മറ്റൊന്നു കൂടി മനസ്സിലായി, കര്‍മ്മഫലം അനുഭവിയ്ക്കുക തന്നെ വേണ്ടി വരുമെന്നു.

        ഞാന്‍ ഒരു ഓട്ടോയില്‍ സഞ്ചരിയ്ക്കുകയായിരുന്നു. അന്ധേരി ജെ.പി. റോഡില്‍ വഴി ബ്ലോക്.മെട്രോവിനായി കുഴിയ്ക്കുന്ന പണീ നടക്കുകയാണു. എല്ലാ വാഹനങ്ങളും ഡൈവെര്‍ട്ടു ചെയ്യുന്നു. എനിയ്ക്കു പോകേണ്ടിയിരുന്ന സ്ഥലം അടുത്തായിരുന്നതിനാല്‍ ഇറങ്ങി നടന്നു, മനസ്സില്‍ റോഡ് അഥോറിറ്റിയെ ശപിച്ചു കൊണ്ടു. മഴ എത്തുന്നതിനു മുന്‍പായി അവര്‍ ഭാഗത്തെ പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ട്രാഫിക് ജാം ഉറപ്പു. അല്ലെങ്കില്‍ത്തന്നെ നല്ല ട്രാഫിക് ഉള്ള റോഡ് ആണു.കുറച്ചു ദിവസങ്ങളായി പണി തുടങ്ങീയിട്ടു.

        തിരിച്ചുപോകുന്ന നേരത്താണതു ശ്രദ്ധയില്‍പ്പെട്ടതു. കുറെയേറെ  പോലീസ് വാഹനങ്ങള്‍ പലയിടങ്ങളിലായി പാര്‍ക് ചെയ്തിരിയ്ക്കുന്നു. ഫയര്‍ എഞ്ചിനുകളും, ജെ.സി.ബി.യും ഒരു ഹൈഡ്രോളിക് ക്രെയിനുമുണ്ടു. ആളുകളും കൂടിയിട്ടുണ്ടു.വരുന്ന സമയത്തു ടിന്‍ ഷീറ്റുകളുടെ മറ കാരണമാകാം ഒന്നും ശ്രദ്ധയില്‍ പെടാതിരുന്നതു. കാര്യം തിരക്കിയപ്പോളാണറിഞ്ഞതു, ഒരു അപകടം നടന്നതിനാലാണു വഴി ബ്ലോക്കായതെന്നു. അറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നിതികച്ചും അസാധരണമായ ഒരു അപകടം. ഫ്രീക് ആക്സിഡെന്റ് എന്നൊക്കെ പറയാറില്ലെ? സംഗതി ഇങ്ങനെയാണ്.

        മെട്രോ തന്നെ കാരണം. കുഴിയ്ക്കുന്നതിന്നായി 60 ടണ്‍ തൂക്കം വരുന്ന റിഗ് ആണു ഉപയോഗിച്ചിരുന്നതു. പണി നടക്കുന്നതിനിടയില്‍ അതിനെ നീക്കുമ്പോള്‍ മണ്ണിളകി ബാലന്‍സ് നഷ്ടപ്പെട്ടു റിഗ്ഗിന്റെ തുണു ഒരു വശത്തേയ്ക്കു മറിഞ്ഞതാണു കാരണം. വീണതു ഓടിക്കൊണ്ടിരിയ്ക്കുന്ന ഒരു ഓട്ടോ റിക്ഷയുടെ മുകളിലും. ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും പിന്‍സീറ്റിലിരുന്ന യാത്രക്കാരനു രക്ഷപ്പെടാനായില്ല. കാലുകൊണ്ടു ചവിട്ടിമെതിച്ച തീപ്പെട്ടിക്കൂടു പോലെ ഓട്ടോ കിടക്കുന്നതു കണ്ടു. അതിലിരുന്നിരുന്ന യാത്രക്കാരന്റെ അവസ്ഥ എങ്ങിനെയായിരിയ്ക്കുമെന്നു ചിന്തിയ്ക്കാന്‍ തന്നെ വിഷമം തോന്നി. പാവം! വീട്ടിലുള്ളവരോടു എന്തു പറഞ്ഞിട്ടാവും പോന്നിട്ടുണ്ടാകുക? വീട്ടില്‍ അയാളെ ആശ്രയിച്ചു ആരൊക്കെയുണ്ടാകും? വേറെ വരുമാനമാര്‍ഗ്ഗങ്ങള്‍ കാണുമോപലതും ചിന്തിച്ചു വീട്ടിലെത്തിയപ്പോഴാണറിഞ്ഞതു, വാങ്ങാനുള്ള പല സാധനങ്ങളെക്കുറിച്ചും മറന്നു പോയെന്നു.

        പ്രതീക്ഷിച്ച പോലെ തന്നെ പിറ്റേന്നത്തെ പത്രത്തില്‍ വാര്‍ത്ത കണ്ടു, ഫോട്ടോ  സഹിതം. മരിച്ചയാളിനെക്കുറിച്ചും വിശദമായിത്തന്നെ എഴുതിയിട്ടുണ്ടു. ഒപ്പം തന്നെ മുംബൈ മെട്രോ വണ്ണിന്റെ വക്താവിന്റെ ക്ഷമാപണവുമുണ്ടു. വല്ലാത്ത വിഷമം തോന്നി, വായിച്ചപ്പോഴും ഫോട്ടോ കണപ്പോഴും. അതിലുപരിയായി ആശ്ചര്യം തോന്നിയ ഒന്നു രണ്ടു കാര്യങ്ങളും എഴുതിക്കണ്ടു. അതിലൊന്നു പൈലിംഗ് റിഗ് ചെരിഞ്ഞു കൊണ്ടിരിയ്ക്കുമ്പോള്‍ അതു കണ്ടു കൊണ്ടു തന്നെ അതിനടിയിലൂടെ അന്‍പതിലധികം യാത്രക്കാരുള്ള ബെസ്റ്റ് ബസ്സു സെക്കന്റുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടു കടന്നു പോയതായിരുന്നു. ഡ്രൈവറുടെ മനസ്സാന്നിദ്ധ്യം അവരുടെ ജീവന്‍ രക്ഷിച്ചു. ബസ്സിന്റെ മറ കാരണം വീണുകൊണ്ടിരിയ്ക്കുന്ന പോള്‍ ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടില്ല താനും. മറ്റൊന്നു,  എന്നും സമയത്തു വീട്ടിലിരുന്നു ഷെയര്‍ വില ചെക്കു ചെയ്യാറുള്ള മരിച്ച വ്യക്തിയ്ക്കു അന്നു ഇന്റര്‍നെറ്റിന്റെ പ്രശ്നം കാരണം ഓട്ടോ വിളിച്ചു  ഓഫീസില്‍ പോയി ചെക്കു ചെയ്യാന്‍ തോന്നിയതാണു. ഏതായാലും ഒന്നു മനസ്സിലായി, സമയമായാല്‍ നിങ്ങള്‍ എവിടെയായാലും സംഭവിയ്ക്കേണ്ടതു സംഭവിയ്ക്കുക തന്നെ ചെയ്യും. വരാനുളളതു വഴിയില്‍ തങ്ങുകയില്ലെന്നു പറയുന്നതു ശരി തന്നെയാകാം.

        നാട്ടിലേയ്ക്കു ഒരു ഹൃസ്വമായ യാത്രയ്ക്കുള്ള ഒരുക്കം കൂട്ടലിനിടയില്‍ സംഭവം മനസ്സില്‍ നിന്നു എപ്പോഴോ വിട്ടുപോയിരുന്നു. ഇന്നലെ തിരിച്ചെത്തി, പലരുമായും സംസാരിയ്ക്കുന്നതിനിടയില്‍ ആരോ പറഞ്ഞു, അയാള്‍ക്കു ദൈവം ശിക്ഷ കൊടുത്തില്ലെങ്കിലേ അദ്ഭുതമുള്ളൂ എന്നു. പാര്‍ട്ണര്‍ഷിപ് ബിസിനെസ്സില്‍ സ്വന്തം പാര്‍ട്ണറെ വഞ്ചിയ്ക്കുകയും അകാല ചരമത്തിനിടയാകുകയും അതിനുശേഷം കുടുംബത്തിനെ വഴിയാധാരമാക്കുകയും ചെയ്തയാളാണു അയാളെന്നു. ആവോ ആര്‍ക്കറിയാം, അപ്പോഴിതു കര്‍മ്മ ഫലം തന്നെയാകുമോ? എന്തു തോന്നുന്നു?

 

5 Responses to “ഈയാമ്പാറ്റകള്‍”

 1. Fazal

  കര്‍മ്മ ഫലം എന്നതിനോട് എത്ര കണ്ട് യോജിക്കാനാവും എന്നറിയില്ല. അപകടം നല്ലവര്‍ക്കും തെറ്റായ മാര്‍ഗ്ഗത്തിലൂടെ പോകുന്നവര്‍ക്കും ഒരുപോലെ സംഭവിക്കാവുന്നത്. എങ്കിലും നല്ലത് ചിന്തിക്കുക, നല്ലത് പ്രവര്‍ത്തിക്കുക(ഞാനടക്കം) അപകടങ്ങളില്‍ നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടെ

 2. കാണാമറയത്ത്

  സുഖവും ദു:ഖവും?
  മഞ്ഞുകാലത്തിന്റെയും വേനല്‍ക്കാലത്തിന്റെയും ഗതിവിഗതികള്‍ പോലെയാണ്‍ അവയുടെ വരവും പോക്കും എന്നാണ്‍ ഗീത പറയുന്നത്..
  നിഴല്‍ പോലീ ജീവിതം കടന്നു പോകുന്നു.
  എല്ലാം വ്യ്ര്ത്ഥ

 3. cp aboobacker

  ന്‍റുമ്മോ, ദെന്തൊരു എയുത്താണ്‌. കാണണ്ടേ? ഇച്ചിരിക്കൂടി ബെലുതാക്കി എയുതെന്റെ കുട്ട്യേ. കണ്ണുകാണാന്‍ മേലാ. ഒരു പാട്‌ നാളായി ദെല്ലാം ഒന്ന്‌ നോക്കണംന്ന്‌ ബിജാരിക്ക്യാ. അപ്പള്‌ ആദ്യം പെട്ടത്‌ ഈ ഷൈറ്റണ്‌. നോക്കുമ്പം ന്ദേ സിതി? അറ്റമിക്ക്‌ ബെലിപ്പം ഇതിലും അദികം ഉണ്ടാവൂലേ? നുമ്മക്ക്‌ കണ്ണ്‌ പുടിക്കിണില്യാ. അതന്നെ.
  കത എയുതിയാപ്പോരാ, അത്‌ കതകെട്ട്‌, ഇങ്ങനെ ശെറുദാക്കി എയുതറുത്‌.
  ബായിച്ചാലല്ലേ കതയാന്നോ, കതകേടാന്നോ മനസ്സിലാവൂ.

 4. ushanair

  this is very good. keep on writing.

 5. ആഷ

  എത്ര വലിയവനായാലും ചില അവസരങ്ങളില്‍ പ്രകൃതിക്കും ദൈവത്തിനും മുന്നില്‍ നിസഹായന്‍ തന്നെ.

  ഓ.ടോ- കണ്ണിനു വല്ലാണ്ട് സ്‌ട്രൈയിന്‍ ആവുന്നു ഈ ഫോണ്ടിന്റെ നിറവും ബാക്ക്ഗൌണ്ടും 🙁

Leave a Reply

Your email address will not be published. Required fields are marked *