വിഷുക്കൈനീട്ടം

Posted by & filed under കവിത.

അറിയില്ലയെന്നും വിഷുവിൻ സ്മരണകൾ
കൊഴിയുന്ന വർഷത്തിനോർമ്മയാലായിടാം
ഒരുപാടു ബാല്യസ്മരണയുണർത്തുന്നി-
ന്നതിനൊപ്പമെന്തിനോ നഷ്ടബോധങ്ങളും
ശരിയാണു നമ്മൾക്കു നഷ്ടമായ് ബാല്യമെ-
ന്നറിയുന്ന കാരണമായിടാമല്ലെങ്കിൽ
ഒരു വേള നമ്മൾക്കു നഷ്ടമായ് വന്നൊരാ-
പ്രിയർ തന്റെ യോർമ്മ മഥിയ്ക്കുന്നതായിടാം
ഒരു കൊച്ചു ചിന്തയുമില്ലാതെ ലാളന-
യതു നുകർന്നച്ഛനുമമ്മയും സോദര-
രതുപോലെ കൂട്ടുകാരൊന്നിച്ചു ചേർന്നൊരാ
വിഷു നാം മറക്കുവതെങ്ങനെ, യായിടാ.
ഒരു നിമിഷം അമ്മ കണ്ണുപൊത്തീട്ടങ്ങു-
കണി കാണ്മതിന്നായി കൊണ്ടു പോകുന്നതും
കണി കണ്ടിടും നേരമമ്മ പ്രാർത്ഥിച്ചിടാൻ
പറയുന്നതുമോർത്തു നോക്കിടൂ, പിന്നെ നാം
നിറയുന്ന മോദാൽ ലഭിച്ചിടും കൈനീട്ട-
മൊരുമിച്ചു ചേർത്തെണ്ണി നോക്കുന്നതുമോർത്തു
നിറയുന്നു കണ്ണുകൾ, മാതാപിതാക്കളെ
യൊരുനിമിഷം പ്രണമിയ്ക്കട്ടേ, ഞാനിനി.
കൈശോര, ബാല്യ, കൌമാരങ്ങൾ പിന്നിട്ടു
യൌവനയുക്തരായ്, ജീവിതപ്പാച്ചിലിൽ
ഒട്ടേറെ ദൂരം ചരിച്ചേറെ നേടീട്ട-
ങ്ങമ്മയച്ഛൻ തൻ കടമകൾ ചെയ്കവേ
വന്നൂ വിഷുവിതാ, ഒന്നു മനസ്സിലും
ഇന്നോർമ്മകൾ വിഷുക്കൈനീട്ടമായിയോ?

Leave a Reply

Your email address will not be published. Required fields are marked *