കമ്പിവേലികൾ
കമ്പിവേലികളെങ്ങും മനുഷ്യൻ സൃഷ്ടിയ്ക്കുന്നു
സ്വന്തവുമല്ലാത്തതും തിരിച്ചായ്ക്കാണിയ്ക്കുവാൻ
എന്തിനും വേണമതിർ വരമ്പെന്നറിയുക
ചിന്തിയ്ക്കിലതു നമ്മൾ മുറിച്ചു കടന്നിടാ.
ചിന്തകൾ കാടോടുമ്പോൾ കടിഞ്ഞാണീടുന്നില്ലേ?
ബന്ധങ്ങൾക്കെന്നും നമ്മളകലം വയ്ക്കുന്നില്ലേ?
എന്തുമേ പറയുവാൻ സ്വാതന്ത്ര്യമുണ്ടെന്നാലും
വേണ്ടവാക്കുകൾ മാത്രം തിരഞ്ഞിട്ടോതുന്നില്ലേ?
പ്രകൃതി ജലം, മല, പുഴകൾ സമുദ്രത്താൽ
രാജ്യങ്ങൾ പരസ്പ്പര മതിർത്തി കുറിയ്ക്കുന്നു
ഭ്രാന്തരാം മനുഷ്യരോ വേലികൾ സൃഷ്ടിയ്ക്കുന്നു
താന്തരായ്ക്കഴിയുന്നു, സ്വാർത്ഥത നിറയുന്നു
വേലികൾ പലപ്പോഴും വിനയായ് മാറീടുന്നു
വിളകൾ തിന്നും ക്ഷുദ്രജന്തുവായ് മാറീടുന്നു
കാലക്കേടിനെ വേലികെട്ടിയിട്ടൊതുക്കാമോ?
വന്നിടും വരാനുള്ളതെങ്ങുമേ തങ്ങാറില്ല.
മനുഷ്യൻ കടമ്പകൾ സൃഷ്ടിയ്ക്കും സ്വയം ലക്ഷ്യ-
മറിഞ്ഞപ്പുറത്തേയ്ക്കായ് കടക്കാൻ പലപ്പോഴും
കടക്കാൻ തനിയ്ക്കാകുമാത്മവിശ്വാസമവ-
നതൊക്കെത്തരണം ചെയ്തീടുവാനെളുപ്പമായ്
വഴിയ്ക്കായ് കാണും മുള്ളുവേലികളിതുപോലെ
തടുക്കും മുന്നോട്ടുള്ള പ്രയാണത്തിൻ വേഗത
തിരിച്ചേ പോണം, മാർഗ്ഗം പുതുതായ് കണ്ടെത്തണം
ഇരിയ്ക്കാനില്ല നേരം, നടക്കട്ടെ ഞാനിനി…..
Leave a Reply