മേഷാദി,

Posted by & filed under കവിത, PRANAVAM.

മേഷാദി

KaNikkonna (Cassia angustifolia)

മേഷാദിയെത്തും നേരമാഹ്ലാദം നിറയുന്നു

വേഷങ്ങളണിഞ്ഞിടൂ ,യാത്രയ്ക്കു സമയമായ്

നല്ലൊരു തുടക്കമതെന്തിന്നും കരണീയ-

മെന്നല്ലോ പണ്ടുള്ളവർ പഠിപ്പിച്ചു തന്നതും.

വിഷവമടുത്തീടിൽ വിഷു വന്നെത്തീടുന്നു

കണി – സദ്യകൾക്കു നാമൊരുക്കം കൂട്ടീടുന്നു

കണികാണണം, നല്ല തുടക്കമറിയുന്നു

അതിനായ് വേണ്ടുന്നവയൊന്നൊന്നായ്ത്തേടീടുന്നു

അറിയൂ വിഷു പിറന്നാളല്ലോ ജഗത്തിനും

കണിയായ്ക്കിട്ടീ പഞ്ചഭൂതങ്ങളറിഞ്ഞിടൂ

ഇന്ദ്രിയങ്ങളഞ്ചിന്റെ സൃഷ്ടിയ്ക്കും ഭോഗത്തിനു-

മൊന്നു കാരണമവ തന്നെ പഞ്ചഭൂതങ്ങൾ!

തുടക്കം മുതലേ നാം പ്രകൃതിയ്ക്കേകീ നന്ദി

കലർപ്പില്ലാതെയെന്നുമമ്മ പോൽ രക്ഷിപ്പവൾ

നിറഞ്ഞ സമൃദ്ധിയ്ക്കായ്, വന്നിടും നാളിന്നായും

മനസ്സിൽ പ്രാർത്ഥിയ്ക്കാനായ് വിഷുവന്നെത്തീടുന്നു

വിഷുവാ വിശ്വാസത്തിൻ, നന്ദി തൻ നാളാണല്ലോ

അറിവിൻ, നിറവിന്റെ സത്യമൊന്നതിനൊപ്പം

അറിയാത്തവയ്ക്കുള്ള ഭയത്തെക്കളയുന്നു

വരുമാ നാളിൻ ശുഭവിശ്വാസങ്ങളാലാവാം.

ചാരുത നിറഞ്ഞിടും കണിയോർമ്മകൾ തരും

മാനസം നിറയെ സൽച്ചിന്തകൾ വിരിയിയ്ക്കും

ഭദ്രദീപത്തിൽ തിളങ്ങീടുന്ന ഭഗവാനെ

ഹൃത്തിലായ് കാണും, പ്രതിഫലിയ്ക്കും പ്രവൃത്തിയിൽ.

മനുഷ്യൻ സൃഷ്ടിച്ചതായൊന്നുമില്ലീലോകത്തിൽ

മറിച്ചു ചിന്തിച്ചിടാം ധനമോഹത്താൽ ചിലർ

അവർക്കെന്തറിയുന്നു, ധനമെന്നതു വെറും

മനുഷ്യമനസ്സിന്റെ ജാലമായ്ക്കാണായ്‌വരും

കഴിഞ്ഞതലമുറ നമുക്കായ് കരുതിയ

നിറഞ്ഞ സംസ്കാരവുമറിവും കഴിവെല്ലാം

വിഷുക്കൈനീട്ടം നൽകാം പുതിയ തലമുറ-

യ്ക്കതല്ലേ നമുക്കാവൂ, തുടരാമെക്കാലവും.

കള്ളൻ ചക്കേട്ടൂ……കണ്ടാ മിണ്ടണ്ടാ…

ദിനരാത്രങ്ങൾ തുല്യമായിടും നാളൊന്നിതാ
വിഷു, മേടത്തിൽ വരും * ‘വിഷുവ’മടുത്തീടിൽ,
പറയാം, പ്രതിഭാസമൊന്നിതോർക്കുകിൽ നിത്യ-
ഭ്രമണം ഭൂമിയ്ക്കേകുമച്ചുതണ്ടൊന്നിൻ കളി.

വിഷു നാമോർത്തീടിലോ കുളിരായ് മനസ്സിലേ‌-
യ്ക്കറിയാതെത്തുന്നൊരാ നല്ല നാളിന്നോർമ്മകൾ
കണിക്കൊന്നകൾ പൂത്തു നിന്നിടും വയലോരം
കണിവെള്ളരിയ്ക്കകൾ നിറയും കൃഷിസ്ഥലം
തണുപ്പൊട്ടകന്നിട്ടാ വേനലിൻ ചൂടിൽത്തെല്ലു-
പഴുപ്പാർന്നിടും ചക്ക, മാങ്ങയും ,പലവിധം
കർഷക ഹൃദയത്തിന്നാഹ്ലാദം നിറച്ചിടും
വാർഷികവിളകളും കണിയിലൊരുക്കിടും.
ഐശ്വര്യം വന്നെത്തിടാനൊരുക്കും വിഷുക്കണി-
യത്യന്തം മനോഹരം,കണ്ടിടാമുരുളിയിൽ
അരിയും നെല്ലും , കണിവെള്ളരിമുകളിലാ-
യണിഞ്ഞ സ്വർണ്ണം, വെള്ള മുണ്ടു, വാൽക്കണ്ണാടിയും
കുലയായ് കണിക്കൊന്ന, കത്തിച്ച നിലവിള-
ക്കരികിൽ മുറിച്ചുള്ള തേങ്ങ, ഗ്രന്ഥവും ,പണം.
ധനവും, പഴങ്ങളും ,ധാന്യങ്ങൾ നിറഞ്ഞുള്ള
കണി കണ്ടീടാൻ കൃഷ്ണ വിഗ്രഹമൊപ്പം വേണം
ചന്ദനത്തിരി, വെള്ളം നിറച്ചോരോട്ടിൻ കിണ്ടി
സുന്ദരമലംകൃതമാകണം, പുലർകാലെ
ചന്തത്തിലൊരുക്കിയ കണികണ്ടതിൻ ശേഷം
ഉണ്ടു കൈനീട്ട,മതിന്നായിട്ടു പണം വേണം.
കണ്ണുകളടച്ചമ്മ ചൊല്ലവേ തുറന്നൊട്ടു
കണ്ണനെക്കണികണ്ടു, കൈനീട്ടം വാങ്ങിപ്പിന്നെ-
യുണ്ണികൾ ഓടും, ഓലപ്പടക്കം, കമ്പിത്തിരി
പിന്നെ മത്താപ്പും , മാലപ്പടപ്പും, ആറ്റംബോംബും
ചെന്നുപൊട്ടിയ്ക്കാൻ,കൂട്ടരൊത്തുകൂടുമന്നേരം
പിന്നെയാഹ്ലാദം ശബ്ദമെങ്ങുമേയുയർന്നിടും.

പൊൻ കണി നമുക്കൊപ്പം പ്രകൃതിയ്ക്കുമേകണം
നല്ലൊരു വിളവിനു നന്ദിയും പറയണം,
പിന്നിലെത്തൊഴുത്തിലെക്കാലികൾക്കുമേകണം
നല്ലൊരു കണി, വരും നല്ല നാളുകൾക്കായി.

വിഷുവിൻ നാളിൽ വെയ്ക്കും ചക്ക തൻ എരിശ്ശേരി-
യതിലും ഹൃദ്യം നല്ല മാമ്പഴപ്പുളിശ്ശേരി.
ഓലനുണ്ടാകും നല്ലോരവിയൽ പഴം പിന്നെ
പായസം ചക്കച്ചുള വറുത്തുള്ളുപ്പേരിയും.
വിഷുക്കഞ്ഞിയെച്ചിലരോർക്കുന്നു പഴേ തല-
മുറക്കാർ, കൃഷി തുടങ്ങീടുമീ ദിനത്തിലായ്
അരിക്കഞ്ഞിയിൽ തെല്ലു ശർക്കര തേങ്ങാപ്പാലു-
മൊഴിച്ചാൽ വിഷുക്കഞ്ഞി, തുടക്കം മധുരമായ്..

(തുടര്‍ച്ച)
ഇതൊക്കെപ്പഴംകഥ നമുക്കും, വരും തല-
മുറയ്ക്കോ, തെല്ലത്ഭുതം കലർന്നേ കാണാനാവൂ.
പരക്കെപ്പടർന്നുള്ള ജീവിതക്കുതിപ്പിതിൽ
മറക്കാനെളുപ്പമാണോർക്കുക വിഷമവും.
പിന്നിട്ട വഴിത്താരയെന്നുമേ ഗുണത്തിനാ-
ണെന്നു നാം കരുതവേ , ഗതകാലത്തെ കെട്ടി-
പ്പിടിയ്ക്കാനോതാൻ വയ്യെന്നാകിലും,വിഷുപ്പക്ഷി
വരുമ്പോൾ, മധുരമാം ശബ്ദത്തിൽ പാടീടുമ്പോൾ
ഓർക്കണം വിഷുവെന്ന സങ്കൽ‌പ്പം തലമുറ-
യേറ്റുവാങ്ങണം നല്ല നാളെ തൻ സ്വപ്നങ്ങളെ.
ഇന്നത്തെ സ്വപ്നം നാളെ യാഥാർത്ഥ്യമാക്കീടുവാൻ
വന്നോട്ടെ’‘കള്ളൻ ചക്കയിട്ടോട്ടെ, കൊണ്ടേ പോട്ടേ!”

(*വിഷുവം=EquinOx ,മേഷാദി എന്നും)

ലാപ്ടോപ് കണിയും ഇ- വിഷുക്കേട്ടവും

“അമ്മേ വിഷുവെത്തിയല്ലേ?
വിഷുവിൻ കണി കാണുവാൻ മോഹം
അമ്മ യുമച്ഛനുമേകും വിഷു-
ക്കൈനീട്ടം കിട്ടാനും മോഹം“

ഉണ്ണി പറയുന്ന നേരം മന-
മൊന്നു തുടിച്ചു, കരഞ്ഞു
കണ്ണുകൾ പൊത്തി വിഷുനാൾ ഞാനെൻ
കണ്ണനെ കാട്ടിക്കൊടുക്കേ
നിന്നു പ്രാർത്ഥിയ്ക്കുന്നെന്റുണ്ണി തന്റ്റെ
രൂപം മനസ്സിൽ തെളിഞ്ഞു

ഇന്നു കണിയ്ക്കായൊരുക്കേ മനം
പിന്നെയുമസ്വസ്ഥമായി
എൻ മണിക്കുട്ടനില്ലാതെയെനി-
യ്ക്കെന്തു വിഷുക്കണി, തോന്നി
നന്നായ് വിഭവമൊരുക്കാനുള്ളം
തെല്ലു മടിച്ചതും സത്യം.

എങ്കിലും പൊങ്കണി വേണം നിന-
ച്ചെല്ലാം കണിയ്ക്കായൊരുക്കേ
പിന്നെയും സന്ദേശമെത്തി’,” യമ്മേ
അഞ്ചു മണിയ്ക്കു വിളിയ്ക്കു..
ലാപ്ടോപ്പിൽ ഞാൻ കണി കാണാംപിന്നെ
ഇ-വിഷുക്കേട്ടം തരണേ..”

ഒന്നു ചിരിച്ചുപോയ് ഞാനും, മനം
നന്നായ് കുളിർത്തു പോയല്ലോ
ഉള്ളിൽ നിറഞ്ഞ വിഷാദം മാറി
ഇനി നന്നായ് വിഷുക്കണി തീർക്കാം.

Leave a Reply

Your email address will not be published. Required fields are marked *