Skip to content

ചെംപനിനീർപ്പൂ പറഞ്ഞതു..

ചെംപനിനീർപ്പൂ പറഞ്ഞതു..

ഇടതൂർന്ന ഇലകളുടെ ഹരിതാഭയ്ക്കുള്ളിൽ

ഒളിയ്ക്കാൻ ശ്രമിച്ചു നോക്കി

എന്റെ നിറം എന്നെ ഒറ്റിക്കൊടുത്തില്ലെങ്കിൽ

എന്നു കൊതിച്ചുപോയി.

വിടരുന്നതിനു മുൻപെത്ര സുരക്ഷിതയായിരുന്നു ഞാൻ !

അതോ എന്റെ തോന്നൽ മാത്രമോ?

മൊട്ടുകളെ കശക്കുന്നതിൽ

തൃപ്തി തേടുന്നവരാണല്ലോ കൂടുതൽ

എന്നിട്ടും വെമ്പിയതെന്തിനേ,

വിടരാനും ശ്രദ്ധയാകർഷിയ്ക്കാനും?

ഉള്ളിന്റെയുള്ളിൽ

എന്റെ നിറത്തിലും മണത്തിലും

ഞാനഹങ്കരിയ്ക്കുകയല്ലേ?

നിറഞ്ഞ പരാഗം നീട്ടി,

അളികളുടെ വരവിനായി,

സ്പർശത്തിനായി,

മധുരവേദനയുടെ നിമിഷവും കാത്തു

വിറപൂണ്ടു നിൽക്കുകയല്ലേ ഞാൻ?

ഞാനെന്ന വിഡ്ഢി.

എന്റെ കൂട്ടുകാരെ ഞാൻ വിസ്മരിച്ചോ?

ഇല്ല, അതെനിയ്ക്കാവില്ല.

ഇന്നലെയുടെ മുഴുവൻ വേദനയും

എന്റെ മനസ്സിലുണ്ടല്ലോ?

അവർ കൊതിച്ചതും വിധിച്ചതും

മറക്കാനാകാത്തവ തന്നെ

കുരുത്തതും, തുടുത്തതും,

വിടർന്നതും, നുകരപ്പെട്ടതും,

വിളറിയതും, പൊഴിഞ്ഞതും,

എന്റെ കണ്മുന്നിൽ തന്നെയായിരുന്നല്ലോ?.

ഒന്നും മറന്നിട്ടല്ല, സുഹൃത്തേ

എന്റെ കഴിവുകേടു കൊണ്ടൊന്നു മാത്രം

മാറ്റാനാവാത്ത തലവര

ഡെമോക്ലീസിന്റെ വാളായി

തലയ്ക്കുമുകളിൽ തൂങ്ങുമ്പോഴും

ഞാൻ ചിരിയ്ക്കാൻ ശ്രമിയ്ക്കയാണു.

ഒരു പക്ഷേ സൂക്ഷിച്ചു നോക്കുന്നവർക്കു

എന്റെ തുടുതുടുപ്പാർന്ന രക്തവർണ്ണത്തിനൊപ്പം

അടർന്നു വീണ കണ്ണീർക്കണങ്ങളേയും

ഇവിടെ കണ്ടെത്താനായേയ്ക്കാം..

3 Comments

  1. Bhagavathy wrote:

    എന്നത്തേയും പോലെ നല്ല വരികള്‍….വായനാസുഖം തരുന്ന കവിത

    Friday, April 16, 2010 at 2:31 am | Permalink
  2. Geetha wrote:

    kavitha nannayee..

    Friday, April 16, 2010 at 7:59 am | Permalink
  3. mydreams wrote:

    kollaaaaam

    Monday, April 26, 2010 at 12:50 am | Permalink

Post a Comment

Your email is never published nor shared. Required fields are marked *
*
*