മാതൃഭാവങ്ങളിൽ…

Posted by & filed under കവിത.

അമ്മയ്ക്കായൊരുദിനം ഇന്നെ,ന്നോർത്തു ഞാൻ മെല്ലെ

മുന്നിലെപ്പത്രത്തിനെക്കൈകളിലെടുക്കവേ

കണ്ണുകളുടക്കിയാചിത്രത്തിൽ, ഫ്രെയിം ചെയ്തു

ചില്ലുകൾക്കകത്തുള്ള ദമ്പതീ രൂപങ്ങളിൽ

കറുപ്പും വെളുപ്പുമായ്, ഒരൽ‌പ്പം നിറം മങ്ങി

കിടക്കുന്നല്ലോ വലിച്ചെറിയും ചപ്പിന്നൊപ്പം

ശരിയ്ക്കും ദു:ഖം തോന്നി,സ്വന്തമായാരും കാണി-

ല്ലടുപ്പം തോന്നീടുവാൻ, സൂക്ഷിച്ചു വച്ചീടുവാൻ

മരിച്ചോ, മക്കൾ വിട്ടുപോയിയോ, ദൂരെപ്പോയി-

വസിയ്ക്കുന്നതിനാലോ, വേണ്ടാഞ്ഞോയറിഞ്ഞില്ല

ഒരിയ്ക്കൽക്കൂടിക്കാണാൻ കൊതിച്ചോ, കൊതി തീർക്കാൻ

അടുത്തെത്തിയോ മക്കൾ,  മടുത്തോ, വരാത്തതോ

അറിയില്ലല്ലോ ശരിയ്ക്കെങ്കിലു,മിരുവരും

കൊഴിഞ്ഞേപോയുള്ളവരായിടാം നിനച്ചീടിൽ

കഴിയില്ലല്ലോ വലിച്ചെറിയാൻ പ്രിയനേയും

അതുപോൽ പ്രിയതമ തന്നെയും ജീവിച്ചീടിൽ

അമ്മയച്ഛന്മാരായിട്ടുണ്ണിയെക്കളിപ്പിച്ച

നല്ല നാളുകളവർ ആസ്വദിച്ചിട്ടുണ്ടാവാം

പിറന്നാളൊരുക്കിയുമടുത്തുള്ള ക്ഷേത്രത്തി-

ലവനായ് പലവിധ വഴിപാടുകൾ ചെയ്തും

ചുരുക്കിച്ചിലവിട്ടു ലാഭിച്ച പണത്തിനാൽ

ചിരിയ്ക്കും മകൻ മുഖം കാണുവാൻ പലവിധ-

കളിക്കോപ്പുകൾ, വസ്ത്രം, വാങ്ങിയിട്ടുണ്ടായിടാം

പഠിയ്ക്കാൻ മിടുക്കനെന്നഭിമാനവും പൂണ്ടോ?

സ്വരുക്കൂട്ടിയ പണം മുഴുവൻ മകൻ തന്റെ

പഠിപ്പിന്നായി ചിലവാക്കിയിട്ടവസാനം

ശരിയ്ക്കും ദിവസങ്ങൾ ബുദ്ധിമുട്ടിയോ നീക്കാൻ

കിടക്കുന്നെവിടെയാ മകനും കുടുംബവും?

കുഴഞ്ഞു മറിഞ്ഞൊരെൻ മനസ്സേയറിയുന്നു

ഇതെല്ലാം കഥകൾ ,നിൻഭാവന സൃഷ്ടിച്ചവ

വരില്ല ഗതിയെന്നു പറയാൻ പറ്റില്ലെന്നാൽ

വരല്ലേ പ്രാർത്ഥിച്ചിടാം, ഒരമ്മ്യ്ക്കുമാ ദു:ഖം.

പിറന്ന നാൾ തൊട്ടേകും പ്രേമവായ്പ്പളക്കുവാൻ

കഴിഞ്ഞില്ലിതേവരെയൊരുത്തന്നുമീ ഭൂവിൽ

നമിയ്ക്കാമവരെയീ ദിനത്തിൽ ആശംസിയ്ക്കാം

ശരിയ്ക്കും സന്തോഷിയ്ക്കാൻ കാരണമുണ്ടായിടാൻ.

2 Responses to “മാതൃഭാവങ്ങളിൽ…”

  1. prakasan

    മനപ്പൂര്‍വമല്ലെങ്കില്‍ പോലും പലപ്പോഴും മക്കള്‍ക്ക്‌ അച്ഛനമ്മമാരെ നോക്കാന്‍ പറ്റുന്നില്ല… ആരെ കുറ്റം പറയാന്‍ പറ്റും…

  2. Jyothi

    സത്യം പലപ്പോഴും ക്രൂരമായി കാണപ്പെടുന്നു.സാമൂഹിക ജീവിതത്തിൽ വരുന്ന വ്യതിയാനങ്ങൾ മനുഷ്യത്വത്തിൻ നേരെ നോക്കി പല്ലിളിയ്ക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *