ഡെക്കാൻ ഒഡീസ്സി-5 (ഔറംഗാബാദ്)

Posted by & filed under Yathravivaranangal.

മുംബയ് ടു ഔറംഗാബാദ്

ഒരു ചെറിയ ഇടവേളയ്ക്കു ശേഷമിതാ ഡക്കാൻ ഒഡീസ്സി തുടരുന്നു…

ചിലപ്പോൾ വിചാരിച്ചിരിയ്ക്കാതെ യാത്രകൾക്കു കാരണങ്ങളുണ്ടാകുന്നു. അപ്രതീക്ഷിതമായി ഒരു കസിന്റെ മകൾ, നിഭ, വിളിച്ചു, മുംബെയിൽ വരുന്നു,മെയ് ലാസ്റ്റ് വീക്കിൽ എന്നു പറഞ്ഞു. തനിയെയല്ല, ഫാമിലിയ്ക്കൊപ്പം.  3-4 ദിവസങ്ങൾ കാണും. മറ്റെന്തോ ആവശ്യാർത്ഥം വരുകയാണു. അതു കഴിഞ്ഞു ഞങ്ങളുടെ സ്ഥലത്തെത്തും. പുറകെ എന്റെ  കസിൻ ഉമേടത്തിയുടെ ഫോണും എത്തി. സംഭാഷണം മുന്നേറിയപ്പോൾ അജന്ത- എല്ലോറ ട്രിപ്പിനു തീരുമാനമായി. 3 ആഴ്ചത്തെ കേരള സന്ദർശനത്തിനായി ഒരുക്കം കൂട്ടുകയായിരുന്ന ഞങ്ങൾക്കു  അതു കഴിഞ്ഞെത്തിയാൽ ഉടനെയുള്ള ഈ ട്രിപ്പിനെക്കുറിച്ചുള്ള ചിന്ത കൂടുതൽ സന്തോഷം തന്നു. ഇത്തവണ നാട്ടിൽ‌പ്പോയി തിരിച്ചു വരുമ്പോൾ പതിവുപോലെ  നാട്ടിലെ ദിവസങ്ങളെക്കുറിച്ചോർത്തു നഷ്ടബോധത്തോടെ ഇരിയ്ക്കേണ്ടല്ലോ?  സന്തോഷം തോന്നി.

മെയ് 6നു ഞങ്ങൾ- ഞാനും ശശ്യേട്ടനും കുട്ടികൾ ഹരിയും രവിയും – നാട്ടിൽ നിന്നും തിരിച്ചു മുംബെയിലെത്തി. ഹരി ഡെൽഹിയിലാണു ജോലി ചെയ്യുന്നതു. രവി മുംബെയിലും. പങ്കെടുക്കേണ്ടതായ ചില ഫാമിലി ഫംക്ഷനുകളും തൊട്ടടുത്ത അമ്പലത്തിലെ 8 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവക്കാലവും നാട്ടിൽ വെച്ചു നടന്ന ‘മുംബൈ ജാലകം’ എന്ന എന്റെ പുസ്തകത്തിന്റ്വെ പ്രകാശനകർമ്മവുമൊക്കെയായി  നാട്ടിലെ 20 ദിവസങ്ങൾ കടന്നു പോയതറിഞ്ഞില്ല. കുട്ടികളുടെ ഉറ്റ സുഹൃത്തായ മെഹുൽ എന്ന ഗുജരാത്തിപ്പയ്യനും ഞങ്ങൾക്കൊപ്പം നാട്ടിൽ വന്നിരുന്നതു പൊതുവേ എല്ലാവർക്കും കൌതുകകരമായി. നാടും ആൾക്കാരുമായി വളരെയേറെ നന്നായി ഇടപഴകിയ മെഹുൽ തിരിച്ചു പോരുമ്പോഴേയ്ക്കും എല്ലാവർക്കും പ്രിയങ്കരനായി മാറിക്കഴിഞ്ഞിരുന്നു. ഔറംഗാബാദിലേയ്ക്കു പോകാനും അജന്ത-എല്ലോറ സന്ദർശിയ്ക്കുവാനും വർഷങ്ങൾക്കു മുൻപു പ്ലാനിട്ടതായിരുന്നു. അവസാന നിമിഷത്തിൽ ചില പ്രശ്നങ്ങൾ കാരണം എന്റെ യാത്ര റദ്ദു ചെയ്യേണ്ടി വന്നു. മറ്റൊരിയ്ക്കലാവാമെന്നു കരുതിയെങ്കിലും ഇത്ര നീളുമെന്നു കരുതിയിരുന്നില്ല. മുംബൈ വേനൽച്ചൂടിന്റെ വറുതിയിൽ പൊരിയുന്ന ഈ സമയത്തു എവിടെ പോകാനും സന്തോഷമേ തോന്നുള്ളു. എന്തായിരിയ്ക്കും ഔറംഗാബാദിലെ കാലാവസ്ഥ എന്നോർത്തു അൽ‌പ്പം ആ ശങ്കയും മനസ്സിൽ ഇല്ലാതിരുന്നില്ല. ഇതല്ലല്ലോ അവിടം സന്ദർശിയ്ക്കാനുള്ള സമയവുമെന്നറിയാം. പക്ഷേ ഉമേടത്തിയൂം കുടുംബവും മുംബെയിലെത്തുന്നതിനോടനുബന്ധിച്ചു പ്ലാൻ ചെയ്ത ട്രിപ് ആയതിനാൽ മറ്റൊന്നും ചിന്തിച്ചില്ല. ടിക്കറ്റെല്ലാം ഓൺലൈൻ ആയിത്തന്നെ ബുക്കു ചെയ്തു. താമസത്തിനായി ടൂറിസ്റ്റ് ഹോമിൽ 3 മുറികളും ബുക്കു ചെയ്തു. ITDC യുടെ ഗൈഡഡ് ടൂർ തന്നെയാണു നല്ലതെന്നും തീർച്ചയാക്കി.  ഇനി കാത്തിരിപ്പിന്റെ നാളുകൾ! ചരിത്രപ്രാധാന്യം ഒട്ടനവധി അവകാശപ്പെടാനാകുന്ന ഈ നഗരം മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഏതാണ്ടു മദ്ധ്യഭാഗത്തായാണു സ്ഥിതി ചെയ്യുന്നതു. വിദേശികളും സ്വദേശികളുമായി ഏറ്റവുമധികം ടൂറിസ്റ്റുകൾ സന്ദർശിയ്ക്കുന്ന സ്ഥലങ്ങളിലൊന്നായി ഇതിനെ കണക്കാക്കാം. കാരണം അജന്ത- എല്ലോറ ഗുഹകൾ വിശ്വപ്രസിദ്ധമായ UNESCO World Heritage Sites ആണു. ഇതു കൂടാതെ സന്ദർശനയോഗ്യമായ ഒട്ടനവധി സ്ഥലങ്ങൾ ഔറംഗാബാദിലും സമീപത്തുമായുണ്ടു.ദേവഗിരി എന്ന പേരിൽ പണ്ടു അറിയപ്പെട്ടിരുന്ന ദൌലത്താബാദ് ഫോർട്ടു അവയിലൊന്നാണു. ഡെക്കാനിലെ ഏറ്റവും പുരാതനമായ കോട്ടയെന്ന സ്ഥാനം ഇതിനു അവകാശപ്പെട്ടതാണു. ചരിത്ര പ്രാധാന്യമുള്ള ഔറംഗസ്ബിന്റെ ശവകുടീരമായ ‘ഖുൽത്താബാദ്” , ഔറംഗസേബിന്റെ മകനായ അസ്രം ഷായുടെ ശവകുടീരം എന്നിവ സന്ദർശകപ്പട്ടികയിലുൾപ്പെടുന്നു.  മിനി ടാജ്മഹൽ അഥവാ പാവങ്ങളുടെ താജ്മഹൽ എന്ന ഓമനപ്പേരുകളിലറിയപ്പെടുന്ന ‘ബീബി ക മക്ബറ’ യിൽ അന്ത്യവിശ്രമം കൊള്ളുന്നതു ഔറം ഗസീബിന്റെ ഭാര്യയായ ദിൽ രസ് ബനോ ബേഗമാണു. ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നായ ഘ്രിഷ്ണേശ്വർ/ഗു(കു)സുമേശ്വർ ടെമ്പിൾ തീർച്ചയായും സന്ദർശിയ്ക്കണമെന്നു പലരും ഓർമ്മപ്പെടുത്തി. പഞ്ചക്കി എന്ന പേരിലറിയപ്പെടുന്ന ‘വാട്ടർ മിൽ” മറ്റൊരു കൌതുകകരമായ സന്ദർശനസ്ഥലമാണു.

മെയ് 24നു ഉമേടത്തിയും മാധവേട്ടനും പേരക്കുട്ടി ആരഭിയും മുംബെയിലെത്തി. എയർ പോർട്ടിൽ നിന്നും അവരെ കൂട്ടിക്കൊണ്ടു വരുന്ന സമയം തന്നെ യാത്രയുടെ ത്രിൽ എല്ലാവരിലും പ്രകടമായിരുന്നു. വീട്ടിലെത്താനുള്ള 10 മിനിറ്റു സമയം മുഴുവനും അടുത്ത ദിവസം തുടങ്ങുന്ന യാത്രയെക്കുറിച്ചു തന്നെയായിരുനു സംസാരം. അടുത്ത ദിവസം നിഭയും സുരേഷും ശ്രീകുമാറും എത്തിയതോടെ ഞങ്ങളുടെ ടീം മുഴുവനുമായി. യാത്രയുടെ  വിശദാംശങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

രാത്രി 9 മണിയോടെ മുംബൈ വി.ടി. യിൽ നിന്നും പുറപ്പെടുന്ന ദേവ് ഗിരി എക്സ്പ്രസ്സിൽ ആണു ടിക്കറ്റ് ബുക്കു ചെയ്തിരുന്നതു. ഓൺലൈൻ വഴി ടിക്കറ്റു ബുക്കു ചെയ്തപ്പോൾ  വെറും ഒരു രാത്രി മാത്രമുള്ള യാത്രയായതിനാൽ 2ൻഡ് ക്ലാസ്സ് ബുക്കു ചെയ്തതിലെ വിഡ്ഡിത്തം വണ്ടിയിൽ കയറിയതും മനസ്സിലാക്കാൻ കഴിഞ്ഞു. സ്വന്തം സീറ്റിനായി യുദ്ധം ചെയ്യേണ്ടി വന്നതു മാത്രമല്ല, രാത്രി മുഴുവനും ഒച്ചയും ബഹളവും കാരണം ഒരു പോള കണ്ണടയ്ക്കാനുമായില്ലെന്നേ പറയാനാകൂ. ഇത്തരമൊരു വിഡ്ഡിത്തം ഇനി ആവർത്തിയ്ക്കില്ലെന്നു മനസ്സിലുറപ്പിയ്ക്കുകയും ചെയ്തു.രാത്രി ഭക്ഷ്ണത്തിനായി ഞാൻ പാക് ചെയ്ത  ചപ്പാത്തിയും തക്കാളീക്കറിയും, ഗുജറാത്തി വിഭവമായ തേപ്പ് ല- അച്ചാറും, ഡെസെർട്ടിനായി മഹാരാഷ്ട്രീയൻ പുരം പോളിയും. എല്ലാവർക്കും വളരെയേറെ ഇഷ്ടമായി.

അതിരാവിലെ 4 മണിയോടെ വണ്ടി ഔറംഗാബാദ് സ്റ്റേഷനിലെത്തി. വണ്ടിയിറങ്ങി സ്റ്റാൻഡിലെത്തിയതും ടാക്സി-ഓട്ടൊറിക്ഷക്കാർ പൊതിയാൻ തുടങ്ങി.ഞങ്ങളുടെ ടൂറിസ്റ്റ് ഹോം സ്റ്റേഷനു വളരെ അടുത്താണെന്നറിയാമായിരുന്നെങ്കിലും ലഗ്ഗേജെല്ലാംഉള്ളതിനാൽ  എല്ലാം പെറുക്കി ഓട്ടോറിക്ഷയിൽ വെച്ചു അവിടെയെത്തി. 5 മിനിട്ടു പോലുംവേണ്ടി വന്നില്ല.  ഔട്ട് ഹൌസ് കം കാന്റീൻ കടന്നു ഉള്ളിലെ തുളസിത്തറയുള്ള  കോർട്ടുയാർഡിലെത്തിയപ്പോൾ ഏതോ മുഗൾ സമയത്തെ  കെട്ടിടങ്ങളുടെ മുറ്റം ഓർമ്മ വന്നു. താക്കോൽ വാങ്ങി മുറികൾ തുറന്നു ലഗ്ഗേജെല്ലാം അൺപാക് ചെയ്തു. ഒന്നാം നിലയിലെ മൂന്നു മുറികളായിരുന്നു ഞങ്ങൾക്കു കിട്ടിയത്. നല്ല വെളിച്ചവും കാറ്റുമുള്ള മുറികൾ.

പ്രഭാതകർമ്മങ്ങൾക്കു ശേഷം ബ്രെക്ഫാസ്റ്റിനായി തിരുപതി ഹോട്ടലിലേയ്ക്കും അവിടെ നിന്നും ഐടിഡിസി കെട്ടിടത്തിലേയ്ക്കുമായി പുറത്തിറങ്ങിയപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം. പറഞ്ഞു മാത്രം കേട്ടിട്ടുള്ള ഔറംഗാബാദിൽ ഇതാ ഞാനെത്തിയിരിയ്ക്കുന്നു. പൊഹ ഉപ്പുമാവും , ആലൂ പറാത്തയും മുന്നിൽ നിരന്നപ്പോഴും ഔറംഗാ ബാദിനെക്കുറിച്ചു വായിച്ചതും കേട്ടിട്ടുളളതുമായ   കാര്യങ്ങളിലേയ്ക്കു മനസ്സു ഊളിയിട്ടു തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *