സഹയാത്രികന്‍

Posted by & filed under കവിത.

ഒട്ടും നിനയ്ക്കാത്തൊരീനേരമിന്നു വ-

ന്നിട്ടു മനസ്സിനൊരിത്തിരിനേരമ-

തൊട്ടു  കുളുര്‍മ്മയതേകി നീ യെന്‍ മന-

ത്തട്ടില്‍, നിതാന്ത വിരഹത്തില്‍ നീറിടും

മട്ടു മറന്നു കുതിച്ചു, പഴയ കൈ

വിട്ട സൌവര്‍ണ്ണമാം കാലത്തിലേയ്ക്കു കൈ-

നീട്ടിപ്പിടിച്ചങ്ങുയര്‍ത്തി നീയെന്തിനോ?

ക്ലാവു പിടിച്ച മനസ്സിന്നടിവശ-

മാകില്ല വീണ്ടും തിളക്കമേറ്റീടുവാന്‍!

നീയറിവൂ സത്യമെങ്കിലുമെന്തിനോ

നീ വന്നു വീണ്ടും ശ്രമിയ്ക്കുന്നു മേല്‍ക്കു മേല്‍!

ഇല്ല പരിഭവ, മില്ലിതു തെല്ലുമേ-

യില്ലയെനിയ്ക്കു വിലപിച്ചിടാനുമേ.

ഇല്ലിന്നു  സങ്കടമൊന്നുമെനിയ്ക്കിന്ന-

തില്ലൊട്ടു നിന്നിലലിയുവാനാവേശ-

മെന്നിലെയെന്നെയെനിയ്ക്കന്യമായതു

മിന്നു ഞാന്‍ കാണുന്നുവെങ്കിലും പൊയ്പ്പോയ-

തെല്ലാം മറന്നു ഞാനൊന്നുറങ്ങട്ടെയെന്‍

കണ്ണീര്‍ക്കണങ്ങളുമന്യമായ് വന്നിതോ?

 കൈ വന്ന ഭാഗ്യങ്ങളെന്നെ നോക്കീട്ടിന്നു

കൈകൊട്ടിയാര്‍ത്തു ചിരിപ്പതു കാണ്‍കവേ

ഇന്നിന്‍ മുഖം നോക്കിയൊന്നു ചിരിയ്ക്കുവാ-

നിന്നലയെയോര്‍ത്തു നിസ്സംഗയായിടാന്‍

നന്നായെനിയ്ക്കു കഴിയുന്നു, ഞാനൊന്നു

നന്ദി പറയട്ടെയെന്‍ സഹയാത്രികാ! 

 

 

3 Responses to “സഹയാത്രികന്‍”

 1. G.Manu

  കൂള്‍ കവിത..
  🙂

 2. ശ്രീ

  നല്ല വരികള്‍.

 3. Rahul

  Its nice going through ur blog… Keep it up
  Regds
  Rahul

Leave a Reply

Your email address will not be published. Required fields are marked *