ജീവിതം ശരിയ്ക്കും നാടക വേദി തന്നെയെന്നു തോന്നാറുണ്ടു. ആടിക്കഴിഞ്ഞ കഥാപാത്രങ്ങൾ അരങ്ങൊഴിയുമ്പോളേ പലപ്പോഴും അറിയാനാകൂ, അവർ നമ്മെ എത്ര മാത്രം സ്വാധീനിച്ചുവെന്നു. അവർ പലപ്പോഴും അവർ പോലും അറിയാതെ പാകുന്ന നന്മയുടെ വിത്തുകൾ പിന്നീടെന്നോ മുളച്ചു നമുക്കുള്ളിലും നന്മയുടെ ഫലങ്ങൾ ചുറ്റും പൊഴിയ്ക്കുന്ന വൻ വൃക്ഷമായി മാറിയെന്നും വരാം.നിരന്തരമായ സാമീപ്യം സ്വഭാവരൂപീകരണത്തിൽ വരുത്തുന്ന നന്മ-തിന്മകൾ പാരമ്പര്യത്തിന്റെ ഭാഗമായി നാം കണക്കാക്കുന്നു. മാതാപിതാക്കളുടെ നന്മയും തിന്മയും കുട്ടികളിലും കണ്ടു വരുന്നതിൽ അത്ഭുതമില്ല ഇതേപോലെ ആരാധിയ്ക്കുന്ന വ്യക്തികളിൽ കണ്ടു വരുന്ന പല സ്വഭാവങ്ങളേയും കണ്ണടച്ചു അനുകരിയ്ക്കുന്ന പ്രവണത കൌമാരത്തിന്റെ സംഭാവനയാണു. കുറെക്കാലത്തിനുശേഷമൊന്നു തിരിഞ്ഞു നോക്കിയാലറിയാം നിങ്ങളുടെ ജീവിതത്തിലും ഇത്തരം സ്വാധീനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നു.
വർണ്ണനൂലുകൾ-2
. .
വായനയുടെ ലോകം എനിയ്ക്കു മുന്നിലായി തുറന്നതു വീട്ടിൽ എല്ലാവർക്കും ഉണ്ടായിരുന്ന വായനാശീലം കൊണ്ട് തന്നെ. കുറെയേറെ പുസ്തകങ്ങൾ സദാ വായിയ്ക്കാനായി കിട്ടാറുമുണ്ടു.ദിനപ്പത്രങ്ങൾ, വാരികകൾ, മാസികകൾ എന്നിവയും വല്ലപ്പോഴും ടൌണിൽ പോയി വരുമ്പോൾ അച്ഛൻ കൊണ്ടു വരുന്ന കരൻജിയയുടെ ’ബ്ലിറ്റ്സ്’ എന്ന ഇംഗ്ലീഷ പത്രവും ഇന്നും എന്റെ മനസ്സിൽ ഓടിയെത്തുന്നു. മാതൃഭൂമിയിലെ ബാലപംക്തി മുതൽ ബംഗാളി വിവർത്തനങ്ങൾ വരെ മനസ്സിൽ വർണ്ണ രാജികൾ വിതച്ചിരുന്ന കാലം. പുസ്തകത്തിലൂടെ കണ്ടിരുന്ന പുറം ലോകം അത്യന്തം ആകർഷകം തന്നെയായിരുന്നു . ആയിടെ നാട്ടിൽ ഒഴിഞ്ഞു കിടന്നിരുന്ന ഒരു വീട്ടിൽ മുംബൈയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം ഒരു സ്വാമിയും കുടുംബവും താമസത്തിനായെത്തിയിരുന്നു. തികച്ചും പുതുമയാർന്ന ജീവിതരീതിയായിരുന്നു അവരുടേതു. നഗരജീവിതത്തിന്റെ സ്വാധീനമായിരിയ്ക്കാം. നാളികേരം വാങ്ങുന്നതിനായി സ്വാമി പലപ്പോഴും വീട്ടിൽ വരും. നല്ല നിലയിൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച സ്വാമി അറിവിന്റെ ഭണ്ഡാരമായിരുന്നു. ഞങ്ങൾ കുട്ടികളുടെ അറിവിനെ അളക്കാൻ അദ്ദേഹത്തിനു വലിയ രസമായിരുന്നു.ഇംഗ്ലീഷ് പുസ്തകങ്ങൾ ധാരാളമായി വായിയ്ക്കാൻ പറയുമായിരുന്നു. ദിവസവും ഇംഗ്ലീഷ് പത്രം വരുത്തുന്ന അദ്ദേഹം വീട്ടിൽ വരുമ്പോഴെല്ലാം പഴയ നാലഞ്ചു ഇംഗ്ലീഷ് പത്രങ്ങൾ എനിയ്ക്കായി കൊണ്ടു വരുമായിരുന്നു. പിന്നീടു വരുമ്പോൾ വേറെ കൊണ്ടു വരാനും പഴയവ തിരിച്ചു കൊണ്ടു പോകാനും മറക്കാറുമില്ല. ഈ വായന ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗത്തിൽ എനിയ്ക്കു നേടിത്തന്ന സ്വാധീനം കുറച്ചൊന്നുമല്ല. എത്ര തുച്ഛമായ ഒരു പ്രവൃത്തി. പക്ഷേ അതിന്റെ പുറകിലെ ആത്മാർത്ഥതയോ? അതു നേടിത്തന്ന ഫലമോ? കർമ്മഫലം ഇച്ഛിയ്ക്കതെ ചെയ്യുന്ന സദ്പ്രവൃത്തി. ഒന്നു കൂടി ഗാഢമായി നോക്കുമ്പോൾ മനസ്സിലാക്കാനാവുന്ന ആ പോസിറ്റീവ് വൈബ്രേഷൻ ഇന്നും എന്റെ ജീവിതത്തിൽ മറ്റുള്ളവർക്കായി വർണ്ണ നൂലുകൾ പാകാൻ .എനിയ്ക്കു പ്രേരകമായിത്തന്നെ തുടരുന്നു. സ്വന്തം കുട്ടികളിലേയ്ക്കും നല്ല ചിന്താഗതികളെ തിരിച്ചു വിടാൻ ഇത്തരം അനുഭവങ്ങൾ പലപ്പോഴും ഗുരുക്കളായി കണ്മുന്നിലെത്തുന്നു.
ഇത്തരം നിസ്വാർത്ഥമായ സാമൂഹ്യ സേവനങ്ങൾ ചെയ്യുന്ന ഒട്ടനവധി പേർ നമുക്കു ചുറ്റുമുണ്ടായിരിയ്ക്കും. ഫീസ് വാങ്ങാതെ ട്യൂഷൻ നൽകുന്നവർ, കുട്ടികൾക്കു ഫ്രീ ആയി പുസ്തകം വിതരണം ചെയ്യുന്നവർ തുടങ്ങി അൽപ്പം സ്വാന്തനവും മനസ്സിൽ ഒരുപാടു നന്മയും കാത്തു സൂക്ഷിയ്ക്കുന്നവർ.. നാം വിചാരിയ്ക്കുന്നതുപോലെ നാമുൾപ്പെടുന്ന ലോകം അത്ര ചീത്തയാവണമെന്നില്ല. അതിന്റെ സൌന്ദര്യവും സ്വഭാവവും നല്ലതും ചീത്തയുമാക്കുന്നതു നമ്മൾ തന്നെയാണല്ലോ? നമ്മുടെ മികച്ച സംഭാവനകൾ നമുക്കു തന്നെ പതിന്മടങ്ങായി തിരിച്ചു കിട്ടിക്കൂടെന്നില്ലല്ലോ?
Leave a Reply