ഡെക്കാൻ ഒഡീസി -6(ഔറംഗാബാദ്)

Posted by & filed under Yathravivaranangal.

ഔറംഗാബാദ്

ഉത്ഭവം

മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട ഈ നഗരം പ്രകൃതി ഭംഗിയാലും ആർക്കിട്ടെക്ചറിന്റെ  രംഗത്തു മനുഷ്യനു സൃഷ്ടിയ്ക്കാനായ  അപൂർവ്വമായ കരവിരുതു കാണിയ്ക്കുന്ന ചരിത്ര സ്മാരകങ്ങളാലും അതിപ്രസിദ്ധമാണു.  മറാത്ത് വാഡ പ്രദേശത്താണിതു കിടക്കുന്നതു.  ചരിത്രപാധാന്യം ഊഹിയ്ക്കാമല്ലോ? ചരിത്രത്തിന്റെ ഏടുകളിൽ തപ്പിയാൽ ഔറംഗാബാദ് സിറ്റിയുടെ സ്ഥാപനത്തെക്കുറിച്ചും വിവിധ ഭരണാധികാരികളുടെ കീഴിൽ നടന്ന യുദ്ധതന്ത്രങ്ങളെക്കുറിച്ചും കീഴ്പ്പെടുത്തലുകളെക്കുറിച്ചും കിട്ടുന്ന വസ്തുതകൾ അത്യന്തം ശ്രദ്ധേയമാണു.  A D 1610 ൽ അഹമ്മദ് നഗർ നിസ്സാമിന്റെ പടത്തലവനായ മാലിക് അംബർ തന്റെ കഴിവുകളുടെ പ്രതീകമായി ‘ഖർക്കി’ എന്ന ഗ്രാമത്തിൽ  നിർമ്മിച്ച അത്ഭുതങ്ങളിൽ പലതും പല പല ആക്രമണങ്ങളിലായി നഷപ്പെട്ടു. ഖർക്കി പിന്നീടു ഫാത്തേനഗർ എന്ന പേരിലും അറിയപ്പെട്ടിരുന്നു.മറാത്ത ആക്രമണത്തിൽ നിന്നും നഗരത്തെ രക്ഷിയ്ക്കാനായി പിന്നീടു  നഗരത്തിനു ചുറ്റുമായി നീണ്ട മതിലുകളും ഉണ്ടാക്കിയിരുന്നു.

ചരിത്ര പ്രാധാന്യം

മനസ്സിലോർത്തു, ഭാരത്തിന്റെ,  ഇതിഹാസത്തിലെ മഗധരാജ്യമാണല്ലോ ഇതു. ഇന്ത്യൻ സ്വാത്രന്ത്യസമര രംഗത്തും ഔറംഗാബാദിന്റെ  സംഭാവനകൾ കുറച്ചൊന്നുമല്ല. ‘ഇംഗ്ലീഷുകാർ ഇന്ത്യ വിടുക” എന്ന മഹാത്മജിയുടെ ആഹ്വാനത്തെ തുടക്കം മുതലേ ഹൃദയത്തിലേറ്റുവാങ്ങി മാതൃക കാട്ടിയവരായിരുന്നു ഇവിടുത്തുകാർ. സ്വാതന്ത്ര്യത്തിനായി ഒട്ടേറെ രകതം ഇവിടെ ചിന്തപ്പെട്ടിട്ടുണ്ടു.

 India Tourism Development Corporation Ltd (ITDC) ഓഫീസ് സ്റ്റേഷൻ റോഡിൽ തന്നെ. റിസപ്ഷൻ  സെന്ററിൽ ഞങ്ങൾക്കു മുന്നിൽ ചില വിദേശികൾ മാത്രം സംശയനിവൃത്തി വരുത്തുന്നുണ്ടു. റിസപ്ഷനു തൊട്ടായുള്ള ഗ്ലാസ്സ് ക്യാബിനുള്ളിൽ പലവിധം ക്യൂരിയോസ് വിൽ‌പ്പനയ്ക്കായി വച്ചിരിയ്ക്കുന്നു.   വാങ്ങാൻ തക്കവണ്ണം ഒന്നും അത്ര ആകർഷകമായിത്തോന്നിയില്ല.  ഇന്നത്തെ ടൂറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ കൂടുതൽ ടൂറിസ്റ്റകൾ വന്നു തുടങ്ങി. അപോഴേയ്ക്കും ബസ്സും വന്നു. ഏ.സി. വർക്കു ചെയ്യുന്നില്ലെന്ന ക്ഷമാപണത്തോടേ ഗൈഡ് എത്തി. സുമുഖനും പ്രസന്നവദനനുമായ ഗൈഡ്.  എല്ലാവരും കയറിയെങ്കിലും കുറച്ചുപേർ കൂടി രണ്ടുമൂന്നു പോയിന്റുകളിൽ നിന്നുമായി കയറാനുണ്ടെന്നറിഞ്ഞു. രാവിലെ  9.30 മുതൽ വൈകീട്ടു 5.30 വരെയാണു ഗൈഡഡ് ടൂർ സമയം. കൃത്യ സമയത്തു തന്നെ പുറപ്പെട്ടു.മറ്റു പോയന്റിൽ നിന്നുള്ളവർ കൂടിയായപ്പോൾ ബസ്സു ഫുൾ ആയി. തൻ വീർ എന്നു സ്വയം പരിചയപ്പെടുത്തിയ ഗൈഡ് ഔറംഗാബാദിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും ഇന്നു കാണാൻ പോകുന്ന സ്ഥലങ്ങളെക്കുറിച്ചും ചുരുക്കമായി സംസാരിച്ചു.

ദൌലത്താബാദ് ഫോർട്ട്

ഇന്നു ആദ്യമായി സന്ദർശിയ്ക്കാൻ പോകുന്നതു ദൌലത്താബാദ് ഫോർട്ട് ആണെന്നു ഗൈഡ് പറഞ്ഞു.  റോഡിൽ നിന്നു തന്നെ ഞങ്ങൾ സമീപിച്ചു കൊണ്ടിരുന്ന ദൌലത്താബാദ് ഫോർട്ടു കാണാനായി. ഔറംഗബാദ് സിറ്റിയിൽനിന്നും ഏകദേശം  13 കിലോമീറ്റർ ദൂ  രെയാണിതു.ഇതിനെ ദേവഗിരി ഫോർട്ട് എന്നും പറയും.(ദേവഗിരി ഏക്സ്പ്രസ്സിനു ആ പേരു കിട്ടാൻ കാരണം ഇതാണെന്നു ഇപ്പോഴാണു മനസ്സിലായതു) .ദേവന്മാരുടെ കോട്ടയെ ഭാഗ്യക്കോട്ടയാക്കി മാറ്റിയതു ദെൽഹി സുൽത്താന്മാരാണു. എല്ലോറയിലെ അതിപ്രശസ്തമായ കൈലാസ് ഗുഹയും ഈ കോട്ടയും ഒരേ സമയത്തു പണികഴിയ്ക്കപ്പെട്ടവയാണെന്നു പലതെളിവുകളും വ്യക്തമാക്കുന്നു. ഇന്നുമിതു നിർമ്മണ പ്രത്യേകതയാൽ ശക്തിമത്തായതും ശത്രുക്കൾക്കു അപ്രാപ്യമായതുമായി തുടരുന്നു.ഈ കോട്ടയുടെ മറ്റൊരു പ്രത്യേകത ഇതൊരു കുന്നിന്റെ മുകളിലും (60 അടി  ഉയരത്തിൽ) അതേപോലെ തന്നെ താഴെയും സ്ഥിതി ചെയ്യുന്ന കോട്ട ആണെന്നുള്ളതാണു.. ഇത്തരം കോട്ടകൾ അപൂർവ്വമാണു.എന്തോ ആകട്ടെ, ഡെക്കാനിലെ ഏറ്റവും പുരാതനമായ ഈ കോട്ട യാദവരിൽ നിന്നും കൈവിട്ടു ഖിൽജി, തുഗ്ലക്,ബഹമനി,നിസ്സംഷാഹി,മുഗൾ, അസ്ഫ്ജഹി വംശജരിലൂടെയാണ് മറാത്താ രാജവംശത്തിലെത്തിയതു. എ.ഡി. 1187 ൽ ആണിതു പണി കഴിയ്ക്കപ്പെട്ടതെനു വിശ്വസിയ്ക്കുന്നു.കോട്ടയ്ക്കുള്ളിലേയ്ക്കു പ്രവേശനഫീസ് ഇന്ത്യക്കാർക്കു 5 രൂപയും വിദേശീയർക്കു 100 രൂപയുമാണു.ലോകപ്രശസ്ത സഞ്ചാരിയായ ഇബനു ബത്തൂത്ത ഇവിടം സന്ദർശിച്ചിട്ടുണ്ടത്രെ! ഈ കോട്ടയെക്കുറിച്ചു എഴുതിയിട്ടുമുണ്ടു.

മഹാകോട്ട് എന്നറിയപ്പെടുന്ന ഗേറ്റിലൂടേയാണ് ഞങ്ങൾ അകത്തു കടന്നതു. ഗേറ്റിനിരുപുറവും  കൊത്തിവച്ച ഗജശിൽ‌പ്പങ്ങൾ.  കൂർത്ത കുന്തമുനകളോടുകൂടിയ പടുകൂറ്റൻ മരവാതിലുകൾ. ശത്രുക്കളോ ആന തുടങ്ങിയ മൃഗങ്ങളോ ഓടി വരുമ്പോൾ ഈ കുന്തമുനകൾ തുളച്ചു കയറും. അകത്തേയ്ക്കുള്ള വഴികളും ഇതു പോലെ ശത്രുക്കളുടെ യാത്ര ദുഷ്ക്കരമാറ്റാനുതകുന്നവിധം പല തിരിവുകളോടു കൂടിയവയാണു. ഉള്ളിൽ വിശാലമായ അങ്കണം. രണ്ടു ഭാഗത്തുമായി ഭിത്തിയോടു ചേർന്നു ഉണ്ടാക്കിയിട്ടുള്ള പ്രത്യേക അറകളിൽ പീരങ്കികൾ പ്രദർശിപ്പിച്ചിരിയ്ക്കുന്നു.ഉള്ളിലേയ്ക്കു പ്രവേശിയ്ക്കുമ്പോൾ കാണുന്ന കൽഗോപുരം കോട്ട കാക്കുന്ന കാവൽഭടരുടെ ഉപയോഗാർത്ഥമാണു. അവിടെ നിന്നു ചുറ്റും നോക്കിയാൽ അകലെ നിന്നു വരുന്ന ശത്രുക്കളെപ്പോലും കാണാനാകും.

ചാന്ദ് മിനാർ

റോഡിൽ നിന്നും തന്നെ കാണാമായിരുന്ന ചാന്ദ്  മിനാർ 110 അടി ഉയരമുള്ളതാണു. കാണുമ്പോൾ കുത്തബ്മിനാറിനെ അനുസ്മരിപ്പിച്ച ഈ മിനാർ ,കുത്തബ് മിനാർ കഴിഞ്ഞാൽ ഉയരം കൂടിയതു തന്നെ. ഇതിനെ ടവർ ഓഫ് വിക്ടറി എന്നും വിളിയ്ക്കുന്നു. നീല നിറത്തിൽ ചില്ലുപോലെ കാണപ്പെടുന്ന   പേർഷ്യൻ ടൈത്സ് കൊണ്ടു ഇതു അലംകൃതമായിരുന്നു. ബഹാമനി വംശത്തിന്റെ വാഴ്ച്ചക്കാലത്തെ സംഭാവനയാണീ മിനാർ. മൂന്നു തലങ്ങളിലായി ഇതിനു വട്ടത്തിലുള്ള     ബാൽക്കണികൾ കാണാം.ഉള്ളിൽ കയറാനായി വളഞ്ഞു തിരിഞ്ഞ കോണിപ്പടികൾ. പക്ഷേ സന്ദർശകർക്കു പുറമേ നിന്നു കണ്ടു തൃപ്തിയടയാനേയാകൂ. അകത്തേയ്ക്കു പ്രവേശനമില്ല.

ഹാത്തി ഹൌഡ്എന്ന പേരിലറിയപ്പെടുന്ന വലിയ കുളം മൂന്നു വശത്തു നിന്നും ഉള്ളിലേയ്ക്കിറങ്ങാവുന്ന വിധം ചവിട്ടുപടികളോടു കൂടിയതാണു. കോട്ടയ്ക്കകത്തെ നിത്യോപയോഗത്തിനും ചുറ്റുമുള്ള കിടങ്ങുകളിൽ നിറയ്ക്കാനുമായി ഇത്തരം പടുകൂറ്റൻ ജലസംഭരണികളും തടാകങ്ങളും കിണറുകളും പണി കഴിപ്പിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ ഇതിൽ ഒരു തുള്ളി വെള്ളം പോലുമില്ലാതെ  ഉണങ്ങിക്കിടക്കുന്നു. ഇതിന്റെ നീളം 47.75 മീറ്ററും വീതി 46.75 മീറ്ററുമാണു. കൈ രണ്ടും കൂട്ടി ഒച്ചയുണ്ടാക്കി എക്കൊ ഉണ്ടാക്കാനാകും, ഇവിടെ.

ഭാരതമാതാ മന്ദിരം

ഹാത്തി ഗൌഡിൽ നിന്നും  മുന്നോട്ടു നടന്നു മുകളിലായി ചവിട്ടുപടികൾ കയറി ഡോം ആകൃതിയിലുള്ള  ഗേറ്റ്   കടന്നെത്തിയപ്പോൾ കരിങ്കല്ലു പാകിയ വിശാലമയ മുറ്റം. മൂന്നു വശവും അതിമനോഹരമായ   ചിത്രത്തൂണുകളോടൂ കൂടിയ ഇടനാഴി .നേരെചെന്നാൽ  കൽമണ്ഡപം ,ഭാരതമാതയുടെ അമ്പലം. അതിനു മുകൾ ഭാഗം കണ്ടാൽ മുസ്ലിം പള്ളി പോലെയുണ്ടു.  ആദ്യം ഇവിടെ 12 ജൈന മന്ദിരങ്ങളായിരുന്നുവത്രെ! പിന്നീടു മുസ്ലിം ഭരണകാലത്തു അതൊരു മുസ്ലിം പള്ളിയായി മാറ്റപ്പെട്ടു. സ്വാതന്ത്ര്യ ലബ്ധിയ്ക്കു ശേഷം ഇതു ഭാരതമാത ടെമ്പിൾ ആയി രൂപാന്തരപ്പെടുത്തി. മടിച്ചു നിന്ന ഞങ്ങളെ  പൂജാരി അടുത്തു വിളിച്ചു തിലകക്കുറി ചാർത്തിത്തന്നപ്പോൾ ആരെയാണു വന്ദിയ്ക്കേണ്ടതെന്നൊരു സംശയം.ആദ്യമായാണു ഭാരതമാതാവിന്റെ ഒരമ്പലത്തിൽ പോകുന്നതു. ഭാരത് മാതാ കീ ജയ് വിളിച്ചല്ലേ ശീലമുള്ളൂ.എന്നാലും തൊഴുതപ്പോൾ സന്തോഷം തോന്നി. അമ്പലത്തിന് ബാക്ഗ്രൌണ്ടു ആയി ദൂരെ കുന്നിന്മുകളിൽ 12ആർച്ചുകളൊടുകൂടിയ ബാരദാരി (12 doored) പറയത്തക്ക കേടൊന്നും കൂടാതെ നിലകൊള്ളുന്നു. ഇവിടെ നിന്നാൽ എല്ലാ ഭാഗത്തേയ്ക്കും നല്ല വ്യൂ കിട്ടും.ഇതെല്ലാം ഇപ്പോൾ ആർക്കിയോളോജിക്കൽ ഡിപ്പാർട്ടുമെന്റിന്റെ കയ്യിലാണു.

ചീനി മഹൽ

ചാന്ദ് മിനാറിൽ നിന്നും മേലോട്ടു കയറിയാൽ ചീനി മഹലിലെത്താം. ചീനി മഹൽ അഥവാ ചീനി പാലസ് എന്നു ഇതിനെ വിളിയ്ക്കാൻ കാരണം ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ച  ചൈന ക്ലേ ടൈത്സ് ആണു. തടവുകാരെ സൂക്ഷിയ്ക്കുന്നതിനായി ഈ സ്ഥലം ഉപയോഗിച്ചിരുന്നു. ഇവിടെ കണ്ട  ഭൂമിയിൽ കുഴിച്ചിടപ്പെട്ട നിലയിലുള്ള പടുകൂറ്റൻ കൽഭരണികൾ കുടിവെള്ളം സൂക്ഷിയ്ക്കുന്ന ജലസംഭരണികളായിരുന്നുവത്രെ! ഉള്ളിലേയ്ക്കൊന്നു എത്തിച്ചു നോക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല.

ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഭാഗങ്ങൾക്കിടയിൽ തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഒരു കാവൽഗോപുരത്തിനു മുകളിൽ കയറിയപ്പോൾ അസാധാരണ വലുപ്പത്തിൽ ഒരു കാട്ടാടിന്റെ തലയുടെ രൂപം തലഭാഗത്തുള്ള വലിയ പീരങ്കി സ്ഥാപിച്ചിരിയ്ക്കുന്നതു കണ്ടു. ഇതിനു മുകളിൽ നിന്നാൽ നാലുപാടും നല്ല വീക്ഷണമാണു. ഈ പീരങ്കിയുപയോഗിച്ചു 7 കിലോമീറ്റർ ദൂരം വരെ വെടിവയ്ക്കാനാകുമെന്നു ഗൈഡ് പറഞ്ഞപ്പോൾ വിസ്മയം തോന്നി. മുന്നിൽ ചാന്ദ്മിനാർ മലനിരകളുടെ ബാക്ഗ്രൌണ്ടിൽ അതിമനോഹരമായൊരു ചിത്രമായി നിവർന്നു കിടക്കുന്നു. നല്ല  ശക്തിയുള്ള  കാറ്റു കുളുർമ്മയുമായെത്തി. ശ്രദ്ധിച്ചില്ലെങ്കിൽ പറന്നുപോകുമെന്നു തോന്നി. വല്ലാത്ത ത്രിൽ. ഇറങ്ങിപ്പോരാൻ തോന്നുന്നില്ല.

അതിമനോഹരമായ കാഴ്ച്ചകളാണു താഴെയിറങ്ങിയ ഞങ്ങൾക്കു കാണാൻ കഴിഞ്ഞതു.കരിങ്കല്ലിൽ വെട്ടിയുണ്ടാക്കി വെള്ളം നിറച്ച കിടങ്ങുകളാൽ സുരക്ഷിതമാക്കപ്പെട്ട കോട്ടയ്ക്കകം (Citadel) മുന്നിൽ ഒരദ്ഭുതം പോലെ. കിടങ്ങിൽ ഇപ്പോഴും വെള്ളമുണ്ടു, ഒരു തരം പച്ചനിറമാണു വെള്ളത്തിനു. കെട്ടിക്കിടക്കുന്നതിനാലാകാം. (ഇന്ത്യയ്ക്കാരുടെ പരിസരമലിനീകരണ സ്വഭാവം എല്ലാ വിദേശീയരും കൂടി അറിഞ്ഞിരിയ്ക്കാനെന്നോണം കിടങ്ങുകളിലേയ്ക്കു വലിച്ചെറിയപ്പെട്ട പ്ളാസ്റ്റിക് ബോട്ടിലുകൾ വെള്ളത്തിൽ ഒന്നിച്ചുകൂടി     പൊന്തിക്കിടക്കുന്ന കാഴ്ച്ച വല്ലാതെ സങ്കടപ്പെടുത്തി. എടുത്ത ഫോട്ടോ ഉന്നത സ്ഥാനത്തേയ്ക്കു അയച്ചു കൊടുക്കണമെന്നു പോലും തോന്നിപ്പോയി).  ഉള്ളിലേയ്ക്കു കടക്കാനായി ഇരുമ്പു കൊണ്ടു നിർമ്മിച്ച മടക്കു പാലം കിടങ്ങിനു മുകളിലായുണ്ടു. വേറെ വഴി ഇല്ലതാനും.  പണ്ടു  ഈ വെള്ളത്തിൽ ധാരാളം മുതലകൾ ഉണ്ടായിരുന്നു. (ഇപ്പോൾ ഉണ്ടോ ആവോ? അറിയില്ല.) സുരക്ഷാ സംവിധാനത്തെ മറികടന്നെത്തിയാലും മുതലകളുള്ള കിടങ്ങു താണ്ടിയാലേ ശത്രുവിനു കോട്ടയ്ക്കകം പ്രാപിയ്ക്കാനാകൂ. പിടികൂടപ്പെട്ടാലും അവൻ ഈ മുതലകൾക്കു ഭക്ഷണമായിത്തീരും. ഇന്ത്യയുടെ ഏത്താണ്ടു മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇത്രയും സുരക്ഷിതമായ ഈ സ്ഥലം എന്തുകൊണ്ടും രാജ്യത്തിന്റെ തലസ്ഥാനത്തിനു അനുയോജ്യം തന്നെ. കുതന്ത്രത്തിലൂടെയല്ലാതെ ഈ കോട്ട ഒരാൾക്കും പിടിച്ചടക്കാനുമായിട്ടില്ല. ഇരുമ്പു കൊണ്ടുണ്ടാക്കിയ  ഡ്രോ ബ്രിഡ്ജ് വഴി ഉൾവശത്തെത്തിയ ഞങ്ങൾ പാറയിൽ കൊത്തിയെടുത്ത ഗുഹാമുഖത്തേയ്ക്കാണു നയിക്കപ്പെട്ടതു. ഇതാണ് ശരിയായ കോട്ട. ഉള്ളിൽ കടക്കുന്നതിനുള്ള വഴി തീർത്തും അന്ധകാരം നിറഞ്ഞതും വളഞ്ഞുപുളഞ്ഞു വല്ലാതെ കൺഫ്യൂഷൻ ഉണ്ടാക്കുന്നതുമാണു. ഞൺഗളുടെ ഗൈഡിന്റെ നിർദ്ദേശമനുസരിച്ചു ആ വഴി ഞങ്ങൾക്കു കാണിച്ചു തരാനായി പ്രത്യേകം ജ്വലിപ്പിച്ച തീപ്പന്തവുമായി ഒരാൾ വന്നു. കൂട്ടമായി ഗുഹയുടെ ഓരത്തെ മതിൽ പിടിച്ചു പന്തത്തിന്റെ വെളിച്ചത്തിൽ‌പ്പോലും മുന്നോട്ടു നടക്കാൻ ഭയം തോന്നി. എങ്ങിനെ , എവിടെ കാലുവയ്ക്കണം, എത്ര പടികൾ, എവിടെ തിരിയണം, നിൽക്കണം എന്നെല്ലാം അയാൾ പറയുന്നതിനനുസരിച്ചു തന്നെ ഞങ്ങൾ മുന്നോട്ടു നീങ്ങി. ചിലയിടങ്ങളിൽ വഴി രണ്ടായി പിരിയുന്നതു ശത്രുക്കൾക്കു ശങ്ക വരുത്തുന്നതിനു വേണ്ടിയാണു. അത്തരം സ്ഥലങ്ങളിൽ ഒരുമാത്ര സംശയിച്ചു നിന്നാൽ അവരെ മുകളിൽ നിന്നും തിളച്ച വെള്ളം, എണ്ണ എന്നിവ ഒഴിച്ചു മുന്നോട്ടുള്ള വരവിനെ തടയാനാവും.ഒരുളൻ കല്ലുകൾ തലയ്ക്കു മുകളിലേയ്ക്കിടും.    തെറ്റായ വഴിയിലൂടെ നീങ്ങിയാൽ ചിലപ്പോൾ നേരെ തുറന്നു കിടക്കുന്ന  കിടങ്ങിലെ മുതലകളുടെ വായിലേയ്ക്കുമാവാംഇരുട്ടിന്റെ തീക്ഷ്ണത ഞങ്ങൾക്കു ബോധ്യപ്പെടുത്താനായി ഒരു സ്ഥലത്തു വെച്ചു പന്തം ഊതിക്കെടുത്തിയപ്പോൾ തൊട്ടു നിൽക്കുന്ന ആളെപ്പോലും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആദ്യമായാണു ശരിയായ അന്ധകാരമെന്തെന്നറിഞ്ഞതു പോലെ. ഏറെ വളഞ്ഞു തിരിഞ്ഞു പുറത്തു വന്നു പ്രകാശം കണ്ടപ്പോൾ ഒരു രണ്ടാം ജന്മം പോലെ. അന്ധാരി എന്ന പേരിലാണു ഈ മാർഗ്ഗം അറിയപ്പെടുന്നതു. എത്ര അർത്ഥവത്തായ പേരു എന്നു തോന്നി.പകുതിവെളിച്ചത്തിൽ  തട്ടിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ കൊത്തുപണികൾ പോലെ തോന്നിച്ചു. വവ്വാലിന്റെ ഗന്ധം മറ്റേതോ ലോകത്തു നിന്നും യാഥാർത്ഥ്യത്തിലേയ്ക്കു തിരിച്ചു കൊണ്ടു വന്നു.

കിടങ്ങിനേയും അതിലെ വെള്ളത്തേയും കുറെ നേരം കൂടി നോക്കി നിന്നു പണ്ടുകാലത്തെ ആൾക്കാരുടെ നിർമ്മാണ പാടവത്തിൽ സ്തബ്ധരായി ഞങ്ങൾ പുറത്തു കടന്നു. കിടങ്ങു തരണം ചെയ്തപ്പോൾ കടന്നുപോന്ന ഇരുണ്ട വഴിത്താരയുടെ ഓർമ്മയിൽ ഒന്നു കൂടി പുറകോട്ടു തിരിഞ്ഞു നോക്കാതിരിയ്ക്കാനായില്ല. വഴിയിൽ പല ജീർണ്ണാവശിഷ്ടങ്ങളും പഴമയുടെ  പ്രതാപത്തെ ഓർമ്മപ്പെടുത്തി. കോട്ടയുടെ പടുകൂറ്റൻ വാതിലുകൾ സുരക്ഷയുടെ പര്യായത്തെ വിളിച്ചോതി. നിരത്തി വച്ച പീരങ്കികൾ എന്നാണാവോ അവസാനമായി ശബ്ദമുയർത്തിയിട്ടുണ്ടാവുക?. ഗതകാലത്തിന്റെ മാസ്മരികത ഇതിനകം എന്റെ മനസ്സിനെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു.

സംശയങ്ങൾ പലതും ഗൈഡിൽ നിന്നും തീർത്തു പുറത്തുവരുമ്പോൾ ബസ്സു അടുത്ത  ലക്ഷ്യത്തേയ്ക്കു ഞങ്ങളെ കൊണ്ടുപോകാനായി തയ്യാറായി നിൽക്കുന്നു. ഡ്രൈവറും ഗൈഡും തിടുക്കം കൂട്ടുന്നു..ഒപ്പം എന്റെ മനസ്സും…..

2 Responses to “ഡെക്കാൻ ഒഡീസി -6(ഔറംഗാബാദ്)”

  1. Bhagavathy

    നല്ല വിവരണം……….സ്ഥലങ്ങളൊക്കെ സ്വയം സന്ദര്‍ശിച്ച പോലെ…………തുടര്‍ന്നുള്ളവക്കായി കാത്തിരിക്കുന്നു………..

  2. Jyothi

    നന്ദി, ഇഷ്ടപ്പെട്ടെന്നറിഞ്ഞു സന്തോഷിയ്ക്കുന്നു. യാതാവിവരണത്തിന്റെ ലക്ഷ്യം അതു തന്നെയാണല്ലോ? കാണാൻ മോഹമുള്ളവർക്കും സാധിയ്ക്കാത്തവർക്കും വാക്കാലെ കാട്ടിക്കൊടുക്കൽ…

Leave a Reply

Your email address will not be published. Required fields are marked *