പാവ്ഭാജിയും കൂട്ടരും

Posted by & filed under മുംബൈ ജാലകം.

 PavBaji1.jpg?imgmax=912

      ഓരോ സ്ഥലത്തിനും ഉണ്ടല്ലോ അവിടത്തെ തനതായ ആഹാര രീതികളും ആഹാര സാധനങ്ങളും…ഇക്കാര്യത്തില്‍ ഇന്ത്യക്കാരുടേയത്ര വൈവിദ്ധ്യം മറ്റൊരു രാജ്യത്തിനുമില്ലെന്നുതന്നെ പറയാം. പ്രതിദിനം ആയിരക്കണക്കിനാളുകള്‍ തൊഴിലന്വേഷിച്ചും ബോളിവുഡ് സിനിമ താരപദവി സ്വപ്നം കണ്ടുമെത്തുന്ന മുംബൈയെന്ന മെട്രോപോളിറ്റന്‍ നഗരത്തിലെ വലിയൊരു ശതമാനം പേരും  ചുരുങ്ങിയ ചെലവില്‍ ഭക്ഷണം കിട്ടാനായി ആശ്രയിച്ചുപോരുന്ന ഇവിടത്തെ ചില ആഹാരങ്ങളെപ്പറ്റിയൊന്നു പറയാം. ഉള്ളവനും ഇല്ലാത്തവനും ഒരേപോലെ പ്രിയംകരമായ ചില വിഭവങ്ങള്‍.! ഒരുപക്ഷേ തുച്ഛമായ വിലയിലുള്ള ഇവയുടെ ലഭ്യത എത്രയെത്ര തുടക്കക്കാരുടെ നിലനില്‍പ്പിന്റെ രഹസ്യമായിരുന്നെന്നു (ഇപ്പോഴും) തന്നെ പറയാം.

 

 

      പാവ് ഭാജി, വടപാവ്, മിസല്‍പാവ്, ഉസല്‍ പാവ്, ഭജ്ജി പാവ്, സമോസ പാവ്…….എന്താണീ പാവ് എന്നു തോന്നുന്നുണ്ടായിരിയ്ക്കും., ഇല്ലേ? അതാണല്ലൊ ഇവിടത്തെ ഭക്ഷണത്തിന്റെ ഏറ്റവും  കാതലായ ഭാഗം. .ഒരുതരം മൃദുവായ, ചതുരമോ, വട്ടമോ അല്ലാത്ത രൂപത്തിലുള്ള ബണ്‍ പോലെയുള്ള റൊട്ടിയാണിതു. അതിന്റെ കൂടെ കറിയാണെങ്കില്‍, പാവ് ഭാജി, വടയാണെങ്കില്‍ വടപാവ്, മിസല്‍…അയ്യോ മിസൈല്‍ അല്ല, ട്ടോ…നമ്മുടെ മിക്സറ് പോലെ കുറച്ചുകൂടി വലിയതരം ഫ്രയ്ഡ് മിക്സ്ചറാണിതു, ഒപ്പം മസാല ചേര്‍ത്ത ഒരു രസം പോലെ കറിയും… കൂടെ തിന്നാന്‍ പാവും. അങ്ങിനെ പോകുന്നു ഇവിടത്തെ ഭക്ഷണ പദാര്‍ഥങ്ങള്‍. ഇതു കൂടാതെ ടിപ്പിക്കല്‍ മാഹാരാഷ്ട്രീയന്‍ വിഭവങ്ങളായ ഝുണ്‍കഭാക്കര്‍,പൂരിഭാജി,പാനിപുരി,…കുറെയേറെയുണ്ടെങ്കിലും ഇന്നിവിടെ ഞാന്‍ പരിചയപ്പെടുത്താന്‍ പോകുന്നതു ഇതില്‍ പലതിലും ഒരേപോലെ ഉള്‍ക്കൊള്ളുന്ന പാവവും, നിരുപദ്രവിയും പ്രത്യേകിച്ചൊരു സ്വാദിനുമുടമയുമല്ലാത്ത സാക്ഷാല്‍ പാവിനെറിച്ചാണു… ഒറ്റയ്ക്കാണെങ്കില് മണമോ, ഗുണമോ, സ്വാദോ ഒന്നും തനതായി അവകാശപ്പെടാനില്ല. നടുകീറി പലതരം ചട്ടിണികളില്‍ മുങ്ങി നടുവില്‍ ഒരു സമോസയോ, ആലു വടയൊ, പലതരം വറുത്തെടുത്ത ബജ്ജികളോ വച്ചു എരി കൂടുതല്‍ വേണ്ടവര്‍ ഒരു വഴറ്റിയ പച്ചമുളകും ചേര്‍ത്തുവെച്ചു രണ്ടെണ്ണമങ്ങോട്ടു അടിച്ചാല്‍ വയര്‍ നിറയുകയും ചെയ്യും കാശും കുറവു. തൊഴിലാളി വറ്ഗ്ഗത്തിന്റെ ശക്തിയുടെ രഹസ്യം ഇപ്പൊ മനസ്സിലായിക്കാണുമല്ലോ?

 

     

      മുംബൈയില്‍ വന്ന കാലത്തു ഇതു വളരെ കൌതുകകരമായി തോന്നിയിരുന്നെങ്കിലും റോഡ് വക്കത്തെ കൊച്ചു കടകളില്‍ നിന്നും ഇതു വാങ്ങി കഴിയ്ക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല.അതിനുള്ള ചില കാരണങ്ങളിലൊന്നു പാവിന്റെ ഉറവിടമായിരുന്നു. രാവിലെ അതിനേരത്തെ സൈക്കിളില്‍ ഇതു സപ്ലൈ ചെയ്യുന്നതു കണിട്ടുണ്ടു. കറുത്തു വൃത്തികെട്ട മുഷിഞ്ഞ സഞ്ചിയില്‍ നിന്നും കവര്‍ പോലുമില്ലാതെ തികച്ചും അണ്‍ഹൈജീനിക് രീതിയിലുള ഇതിന്റെ വിതരണം അറപ്പു തോന്നിച്ചിരുന്നു. സാധാരണ എല്ലാ ബേക്കറിയിലും ഉണ്ടാക്കാത്തതു കൊണ്ടു തലമുറകളായി ഇവ ഉണ്ടാക്കി വിതരണം ചെയ്യുന്നവരെയാണു അന്നു ആശ്രയിച്ചിരുന്നതു. തലച്ചുമടായി വലിയ തകരപ്പെട്ടികളില്‍ ബേക്കറി സാധനങ്ങള്‍ നിറച്ചു ഇവര്‍ ഓരോ സ്റ്റേഷനിലുമിറങ്ങി വിതരണം ചെയ്തിരുന്നതു കാണാറുണ്ടു. നാട്ടില്‍ പോകാനായി വണ്ടിയിലിരിയ്ക്കുന്ന സമയത്തു കണ്ട ഒരു കാഴ്ച ഇന്നും പാവ് കാണുമ്പോള്‍ അറിയാതെ ഓര്‍ത്തു പോകും. വണ്ടി കല്യാണ്‍ സ്റ്റേഷനിലെത്തി. നിന്ന സമയം തലയിലെ വലിയ ബേക്കറി സാധനങ്ങളടങ്ങിയ തകരപ്പെട്ടി താഴെ വെച്ചു ഒരാള്‍ പ്ലാറ്റ്ഫോമിലെ സ്റ്റാളില്‍ നിന്നും ചായ കുടിയ്ക്കുന്നതിനിടയില്‍ ഒരു നായ എവിടെയോ നിന്നും ഓടിയെത്തി കാലു പൊക്കി ആ പകുതി തുറന്ന ട്രുങ്കിനുള്ളിലേയ്ക്കു മൂത്ര വിസര്‍ജ്ജനം നടത്തി. പിന്നീടെന്തു സംഭവിച്ചുവെന്നറിയുന്നതിനു മുന്‍പായി എന്റെ വണ്ടി വിടുകയും ചെയ്തു. എന്തു സംഭവിച്ചു കാണുമെന്നു നിങ്ങള്‍ തന്നെ ഊഹിച്ചോളൂ…….

  

 

      ഇന്നു സ്ഥിതിയൊക്കെ മാറി, കെട്ടോ! വൃത്തിയായി പാക് ചെയ്തു തൊട്ടടുത്ത ബേക്കറിയില്പോലും ചൂടോടെ പാവ് ലഭ്യമാണു. ഞാനാണെങ്കില്‍ വളരെ നല്ല രീതിയില്‍ തന്നെ ഇവയില്‍ പലതും സ്വാദിഷ്ടമായി ഉണ്ടാക്കാനും പഠിച്ചുകഴിഞ്ഞു, സത്യം പറയാമല്ലോ, ഇതില്‍ പലതും വളരെ ഹൃദ്യമായിത്തോന്നാറുണ്ടു സിനിമാക്കാര്‍, ക്രിക്കറ്റേഴ്സ് തുടങ്ങിയവര്‍ സ്ഥിരം സന്ദറ്ശിയ്ക്കുന്ന ഇത്തരം കൊച്ചു കടകള്‍ ധാരാളം. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏറ്റവും പ്രിയങ്കരമായ ഭക്ഷണ സാധനം വട പാവ് ആണു, കേട്ടോ! മൂപ്പരും കാംബ്ലിയും  കൂടി ബെറ്റു വെച്ചാണു വട പാവ് തിന്നുക. ദൈനം ദിനം വളര്‍ന്നു കൊണ്ടിരിയ്ക്കുന്ന നാടിന്റെ വിവിധ ഭാഗങ്ങളീല്‍ നിന്നും മുംബൈയിലേയ്ക്കുള്ള മനുഷ്യ പ്രവാഹത്തിനൊത്തു പാവിനും ഡിമാന്‍ഡു കൂടിക്കൊണ്ടേയിരിയ്ക്കുന്നു. പാവം പാവ് എന്നെന്നും നീണാള്‍ വാഴട്ടേ! പാവ് ഭാജിയും കൂട്ടരും സിന്ദാബാദ്!

4 Responses to “പാവ്ഭാജിയും കൂട്ടരും”

 1. സാജുജോണ്‍

  ഇവിടെ മനാമയില്‍ ഭക്ഷണം കഴിക്കാനായി വെജിറ്റേറിയന്‍ ഹോട്ടലുകള്‍ കയറിനടക്കുന്ന എന്നെ താങ്കള്‍ കണ്ടിരുന്നോ….. എനിക്ക് താങ്കളുടെ കത്ത് വന്നപ്പോള്‍ അത്ഭുതമാണു തോന്നിയത്. രോഗി ഇച്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍

  ഞാനിപ്പോള്‍, ഗുജറാത്തി ഭക്ഷണത്തിന്റെ ഒരാധകനാണു……അവിടെ താങ്കള്‍ പറഞ്ഞത് എല്ലാം ഞാന്‍ കഴിച്ചിട്ടുണ്ട്…… പലതിന്റെയും പേരു അറിയാത്തതിനാല്‍ കഴിച്ചിട്ടില്ല….

  നല്ല ഭക്ഷണത്തിന്റെ പേരുകള്‍, രുചിയുള്ളതിന്റെയും എനിക്കയച്ചു തരുമോ…..

  (“താങ്കള്‍” എന്ന് വിളിക്കുന്നത് എനിക്കിഷ്ടമില്ലാത്ത കാര്യമാണു……എല്ലാവര്‍ക്കും സ്വന്തമായി ഒരു പേരുള്ളപ്പോള്‍.)

 2. anoopsnairkothanalloor

  കൊള്ളാം

 3. ശിവ

  പാവം പാവ് എന്നെന്നും നീണാള്‍ വാഴട്ടേ! പാവ് ഭാജിയും കൂട്ടരും സിന്ദാബാദ്!

 4. Bindhu

  ‘ഝുണ്‍കഭാക്കര്‍‘ എന്താ സാധനം? അതിനെക്കുറിച്ച് കൂടി എഴുതുമോ? ഞാന്‍ മുംബൈയില്‍ വന്നിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. ഈ പേര് ഇതുവരെ കേട്ടിട്ടില്ല. ശ്രദ്ധിക്കാഞ്ഞതാവും. 🙂

Leave a Reply

Your email address will not be published. Required fields are marked *