ഡെക്കാൻ ഒഡീസി -7

Posted by & filed under Yathravivaranangal.

ഗൃഷ്ണേശ്വർ/ഗു(കു)സുമേശ്വർ/ജ്യോതിർലിംഗ ശിവ ടെമ്പിൾ

അടുത്തതായി ഞങ്ങൾ പോയതു ഗ്രിഷ്ണേശ്വർ അമ്പലത്തിലേയ്ക്കാണു. വേരുൾ എന്നാണു ഈ സ്ഥലത്തിനു പേർ. ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളിൽ പന്ത്രണ്ടാമത്തേതാണിവിടെ. അതായതു 12 ജ്യോതിർലിംഗൺഗളുടെ ദർശനത്തിനായുള്ള തീർത്ഥയാത്ര ഇവിടെയാണു അവസാനിപ്പിയ്ക്കുന്നതു.(സോമനാഥ് (ഗുജറാത്ത്), ശ്രീശൈലം (ആന്ധ), മഹാകാളേശ്വർ( എം.പി), വൈദ്യനാഥ് (മഹാരാഷ്ട്ര),മാമലേശ്വർ (എം.പി), ഓംകാരേശ്വർ (എം.പി), ഭീമാശങ്കർ(മഹാരാഷ്ട്ര), രാമേശ്വരം (തമിൾനാടു), നാഗനാഥ് (മഹാരാഷ്ട്ര), ത്ര്യംബകേശ്വർ (മഹാരാഷ്ട്ര)., ത്ര്യംബകേശ്വർ (മഹാരാഷ്ട്ര), കാശി വിശ്വനാഥ് (യു.പി), കേദാർ നാഥ് (ഉത്തരാഞ്ചൽ), ഗൃഷ്ണേശ്വർ (മഹാരാഷ്ട്ര എന്നിവയാണീ പന്ത്രണ്ടു സ്വയംഭൂവുകളായ ജ്യോതിർലിംഗങ്ങൾ.ഇതു ദൌലത്താബാദിൽ നിന്നും 20 കിലോമീറ്റർ അകലെയാണു.ഇവിടെ നിന്നും എല്ലോറ ഗുഹകളിലേയ്ക്കു പോകാൻ 1/2 കിലോമീറ്റർ മാത്രം. കുസുമ എന്നു പേരുള്ള ഒരു ശിവഭക്തയുടെ ദു:ഖത്തിൽ മനമലിഞ്ഞു അവളെ അനുഗ്രഹിയ്ക്കാനായി ഭഗവാൻ ശിവൻ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ട സ്ഥലമാണിതെന്നാണു ഐതിഹ്യം. ധാരാളം ഭക്തജനങ്ങൾ സന്ദർശിയ്ക്കുന്ന ഈ അമ്പലത്തിനെ ഒരു ടൂ‍റിസ്റ്റായിട്ടല്ല, തികഞ്ഞ ഭക്തയുടെ മനോഭാവത്തോടെയാണു ഞാൻ കണ്ടതു. കൂടുതൽ സന്തോഷത്തിനു മറ്റൊരു കാരണം കൂടി ഇല്ലാതില്ല. ഇന്നെന്റെ മകന്റെ ജന്മദിവസം കൂടിയാണു. ഈ ദിവസം ഇത്രയും വലിയതും പ്രസിദ്ധവും ആയ ഒരു അമ്പലത്തിൽ വന്നു പ്രാർത്ഥിയ്ക്കാനായതു സുകൃതമായിത്തോന്നി.അതും ഒരു ജ്യോതിർലിംഗദർശനം! ബാക്കി 11 ജ്യോതിർലിംഗവും കഴിഞ്ഞെത്തേണ്ടുന്ന സ്ഥലത്താണു ആദ്യം എത്തിയതു. ഈ ജ്യോതിർലിംഗത്തിന്റെ ചൈതന്യം അധികം ദൂരെയല്ലാത്ത  എല്ലോറ ഗുഹയിലെ പ്രസിദ്ധമായ ‘കൈലാസ് ‘ ഗുഹയിലെ പ്രതിഷ്ഠയിലും ഉൾക്കൊള്ളുന്നുവെന്നു പറയപ്പെടുന്നു. എന്തായാലും രണ്ടും ഇന്നു തന്നെ കാണാനാകുമെന്ന വിചാരം ഉള്ളിൽ സന്തോഷമുണർത്തി.

അമ്പലത്തിന്റെ ഉള്ളിലേയ്ക്കു കടക്കാനായുള്ള ക്യൂവിൽ നിൽക്കുമ്പോൾ അതിസുന്ദരമായ കൊത്തു പണികളോടുകൂടിയ മന്ദിരം എന്നെ ഹഠാദാകർഷിച്ചു. വളരെ ഒതുങ്ങിയതെങ്കിലും അതിസുന്ദരമായ ശൈലിയിൽ കൊത്തു വേലകളാൽ പുറം ഭാഗം അലംകൃതമാണു. ഇവിടെ ദശാവതാരങ്ങളും മറ്റു പല രൂപങ്ങളും കൊത്തിവച്ചിരിയ്ക്കുന്നതു കാണപ്പെട്ടു.ആന , കുതിര, സിംഹം  തുടങ്ങി പല മൃഗങ്ങളെയും ഈ കൊത്തുവേലകളിൽ കാണാനായി. മുകളിലെ താഴികക്കുടത്തിനു താഴെയായി അപൂർവ്വ തരത്തിൽ  കൊത്തു പണികൾ ചെയ്ത 5 നിലയിലുള്ള ‘ശിക്കാര‘ അത്യന്തം ആകർഷകമായിത്തോന്നി.ഇതു അലങ്കരിയ്ക്കപ്പെട്ടിട്ടുൾലതു കാള, കുരങ്ങു എന്നിവയുടെ രൂപങ്ങളാലാണു.ഈ മന്ദിരത്തിനു ഇത്രയും ഭംഗി വരാനുള്ള കാരണം ഒരുപക്ഷേ ഇതുണ്ടാക്കിയിരിയ്ക്കുന്നതു ചുവന്ന വോൾക്കാനിക് റോക്ക് കൊണ്ടു ആയതിനാലായിരിയ്ക്കാമെന്നു തോന്നുന്നു. അസാധാരണമായ ഭംഗിയുള്ള പിങ്ക് നിറമാണു ഇതിനു. ധാരാളം സിംഹവാലൻ കുരങ്ങന്മാർ പ്രസാദവും ചപ്പാത്തിയുമെല്ലാം തിന്നുന്നു. അവർക്കു ആരെയും പേടിയുള്ളതായി തോന്നിയില്ല. മറ്റൊരു ഭാഗത്തായി ഒരുവലിയ പാത്രത്തിൽ നിന്നും ഇലക്കുമ്പിളുകളിൽ  അമ്പലത്തിലെ  പ്രസാദം വരുന്ന ഭക്തജനങ്ങൾക്കെല്ലാം വിതരണം ചെയ്യുന്നതു കണ്ടു.നിലത്തു ചിതറിക്കിടക്കുന്ന കൂവളക്കായകൾ!

ചെറിയ പ്രവേശനദ്വാരത്തിലൂടെ അകത്തു കടന്നപ്പോൾ അൽ‌പ്പം വിശാലമായ ഹാൾ. വലതു വശത്തായുള്ള വാതിൽ ഗർഭഗൃഹത്തിലേയ്ക്ക് നയിയ്ക്കുന്നു. എഴുതി വെച്ചിട്ടുണ്ടു, പൈസ ആഭരണങ്ങൾ തുടങ്ങി വിലപിടിച്ച സാധനങ്ങൾ ശ്രദ്ധിയ്ക്കണമെന്നും പോക്കറ്റടിക്കാരെ ശ്രദ്ധിയ്ക്കണമെന്നും.  വാതിലിലൂടെ ഇറങ്ങി ഗർഭഗൃഹത്തിലെത്തി. ജ്യോതിർലിംഗവും ഘ്രിഷ്ണേശ്വരി ദേവിയുടെ പ്രതിഷ്ഠയും ഇവിടെയാണു വല്ലാത്ത തിരക്കു. പൂജാദ്രവ്യങ്ങളും കാണിക്കയുമിട്ടു ഭഗവൽദർശനത്തിൽ സായൂജ്യമടയുന്നവർ. തിക്കിത്തിരക്കി മുന്നിലെത്തി, നന്നായി പ്രാർത്ഥിച്ചു, നമസ്കരിച്ചപ്പോൾ അനിർവചനീയമായ സന്തോഷം തോന്നി. ഒഴുക്കിലൂടെ പുറത്തെയ്ക്കെത്തിയപ്പോൾ പൂജാരി  തിലകം ചാർത്തുന്ന തിരക്കായിരുന്നു പുറത്തു. എത്ര പ്രസിദ്ധമായ അമ്പലമായിട്ടുകൂടി ഒരു നാടൻ അമ്പലത്തിലെ ശാന്തതയാണിവിടെക്കാണാൻ കഴിഞ്ഞതു. അതു കൊണ്ടു തന്നെയാവാം, ഭക്തിയും തോന്നിയതു. ഒരുപക്ഷേ  ടൂറിസ്റ്റു സീസണോ, ശിവരാത്രിക്കാലമോ അല്ലാത്തതിനാലായിരിയ്ക്കാം തിരക്കു കുറവിനു കാരണം.. ശിവരാത്രി സമയത്തെ ഇവിടുത്തെ തിരക്കു ഊഹിയ്ക്കാവുന്നതേയുള്ളൂ. ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും കൊത്തുകലയെക്കുറിച്ചും പഠനം നടത്തുന്നവർക്കിവിടം ഒരു പറുദീസ തന്നെ.

പുറത്തിറങ്ങുമ്പോൾ സമയം ഉച്ചയ്ക്കു 12 മണി. ചെരിപ്പിടാത്തതിനാൽ കാലുകൾ പൊള്ളുന്നു. ഇതുവേയും ചൂടിന്റെ ശക്തി മനസ്സിലായിരുന്നില്ല. അറിഞ്ഞ് തന്നെ ആരോ വിരിച്ചിട്ടിരിയ്ക്കുന്ന പരവതാനിയിലൂടെ പുറത്തു കടക്കുമ്പോൾ കൂട്ടമായി ഇരുമ്പുതൂണുകളിലെ അഴികളിൽ ഓടിച്ചാടിക്കളിയ്ക്കുന്ന കുരങ്ങന്മാരുടെ ശബ്ദം പിന്നിൽ മുഴങ്ങുന്നുണ്ടായിരുന്നു. മനസ്സു കൊണ്ടു ഞാൻ പന്ത്രണ്ടു  ജ്യോതിർലിംഗങ്ങളേയും  പ്രാർത്ഥനയാൽ ജ്വലിപ്പിച്ചു.

സൌരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജ്ജുനം

ഉജ്ജയിന്യം മഹാകാളം, ഓംകാരം അമലേശ്വരം

പറള്യം വൈദ്യനാഥം ച ദക്ഷിണം ഭീമശങ്കരം

സേതുബന്ധേതു രാമേശം നഗേശം തു ദാരുകാവനെ

വാരണാസ്യംതു വിശ്വേശം ത്ര്യംബകം ഗൌതമീ തടേ

ഹിമാലയേതു കേദാരം ഗുഷ്മേശം ച ശിവാലയേ..

.

.

.

തിരിഞ്ഞു നിന്നൊരിയ്ക്കൽക്കൂടി…..

.

.

.

ഇളപുരെ രമ്യ വിശാലകയസ്മിൻ

സമുല്ലാസാന്ത ച ജഗദ് വരേണ്യം

വന്ദേ മഹാധാര താര സ്വഭാവം

ഘൃസുണേശ്വരാഖ്യം ശരണം പ്രപധ്യേ!

8 Responses to “ഡെക്കാൻ ഒഡീസി -7”

 1. മണി,വാതുക്കോടം

  “ഘൃസുണേശ്വരാഖ്യം ശരണം പ്രപധ്യേ!”
  ഓപ്പോളേ അസലാകുന്നുണ്ട് യാത്രാവിവരണം ട്ടൊ….
  ചരിത്രവും ഇതിഹാസവും അധ്യാത്മികതയും ഇഴചേരുന്ന ഡക്കാന്‍ യാത്രയുടെ മനോഹരമായ വിവരണം. വായിച്ചപ്പോള്‍ ഇവിടെയെല്ലാം പോകുവാന്‍ ആഗ്രഹം തോന്നുന്നു.

 2. Jyothi

  നന്ദി മണീ..തീർച്ചയായും പോക്കേണ്ട സ്ഥലൺഗൾ തന്നെ. ആ ആഗ്രമുണർത്തിയെങ്കിൽ ഞാൻ ധന്യയായി…അറിയൂ നമ്മുടെ ചരിത്രത്തെ..കണ്ടു സാഫല്യമടയൂ സാധിയ്ക്കുമെങ്കിൽ.. എന്നാവട്ടെ മുദ്രാവാക്യം!

 3. Sapna George

  യാത്രകള്‍ .കോം മില്‍ പരിചയപ്പെടാനും വായിക്കാനും കഴിഞ്ഞതില്‍ സന്തോഷം.

 4. Jyothi

  എനിയ്ക്കും അങ്ങിനെത്തന്നെ സപ്ന, നന്ദി.

 5. Bhagavathy

  സ്വയം സന്ദര്‍ശിച്ച പോലെയുള്ള അനുഭവം………അടുത്ത ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു…….ഇവിടമെല്ലാം സന്ദര്‍ശിക്കാന്‍ പറ്റുമോ എന്ന് തന്നെ അറിയില്ല…..വായിച്ചറിയാന്‍ സാധിച്ചതില്‍ സന്തോഷം.

 6. Jyothi

  സന്ദർശിയ്ക്കാൻ കഴിയട്ടെയെന്നാശംസിയ്ക്കുന്നു, ഭഗവതീ…

 7. വികടശിരോമണി

  ഹൃദയസ്പർശിയായ യാത്രാവിവരണം.ആലഭാരങ്ങളില്ലാത്ത ഭാഷ.വായിച്ചുകഴിഞ്ഞ് ഒന്നുകൂടി വീണ്ടും വായിച്ചു.ആശംസകൾ.

 8. Jyothi

  വികടശിരോമണി ..പ്രോത്സാഹനം നിറഞ്ഞ ഇത്തരം വാക്കുകൾ ഇനിയും എഴുതാൻ ശക്തി തരും, തീർച്ച. ഒരുപാടൊരുപാടു നന്ദി.

Leave a Reply

Your email address will not be published. Required fields are marked *