ഡെക്കാൻ ഒഡീസി-9

Posted by & filed under Yathravivaranangal.

ഖുൽത്താബാദ്/ഖുൽദാബാദ്

എല്ലോറയിൽ നിന്നും  പുറത്തിറങ്ങിയതും നല്ല വിശപ്പു. നേരെ ഹോട്ടലിലേയ്ക്കാണു പോയതു. അതിനു കുറച്ചു മുൻപായി കരിമ്പു ജ്യൂസ്, പേരയ്ക്ക, കക്കിടിയെന്നു പറയുന്ന കൊച്ചു വെള്ളരിയ്ക്ക ഒക്കെ തിന്നു വയർ നിറഞ്ഞിരുന്നതാണു. ഇനി ഉച്ചയ്ക്കു ഊണു വേണ്ടെന്നു പോലും കരുതിയിരുന്നതാണു.  എല്ലോറ കണ്ടു കഴിഞ്ഞില്ല,  ഇപ്പോഴിതാ വീണ്ടും വിശപ്പ്. അൽ‌പ്പനേരം ഫാനിനു ചുവട്ടിലിരുന്നു  കണ്ട കാഴച്ചകളെക്കുറിച്ചു പലതും ചോദിച്ചും പറഞ്ഞും ഭക്ഷണം കഴിച്ചു. അൽപ്പം നടന്നശേഷം ബസ്സിൽക്കയറി. ഇനി നേരെ ഖുൽദാബാദിലേയ്ക്കു….

ഔറംഗസേബിന്റെശവകുടീരം സ്ഥിതി ചെയ്യുന്ന ഖുൽദാബാദ്/ഖുൽത്താബാദിലേയ്ക്കാണു പിന്നീടു ഞങ്ങളെത്തിയതു. എല്ലോറയ്ക്കു പോകുന്ന വഴിയിൽ ദൌലത്താബാദ് ഫോർട്ടിൽ നിന്നും 13 കിലോമീറ്റർ ദൂരത്താണിതു. ഈ സമീപപ്രദേശങ്ങളിലായി  പല പ്രസിദ്ധരായ സുഫി വിശുദ്ധരുടെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നു. ഔറംഗസീബിന്റെയും മകന്റെയും ശവകുടീരങ്ങൾ ഇവിടെത്തന്നെ. സുഫി വിശുദ്ധരുടെ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണിതെന്നു പറയാം.

കരിങ്കല്ലു പാകിയ പ്രവേശനവഴിയുടെ രണ്ടു ഭാഗത്തും ധാരാളം കടകൾ . പലതരം തൊപ്പികൾ, സുഗന്ധദ്രവ്യങ്ങൾ, നിസ്കാരത്തിന്നുപയോഗിയ്ക്കുന്ന പായ തുടങ്ങിയവ വിൽ‌പ്പനയ്ക്കായി കണ്ടു. “Tomb of Aurangazeeb Alamgir” എന്ന ബോർഡു തൂക്കിയ വെളുത്ത കുമ്മായമടിച്ച അധികം അലങ്കാരങ്ങളൊന്നുമില്ലാത്ത കവാടത്തിലൂടെ അകത്തു കടന്നപ്പോൾ ഒരു കോർട്ട് യാർഡിലെത്തി. ഗൈഡ് ഞങ്ങളെ ഇടതു ഭാഗത്തായി ഉള്ള ഔറംഗസീബിന്റെ ശവക്കല്ലറയിലേയ്ക്കു നയിച്ചു.

‘’ഇതാണു വിശ്വപ്രസിദ്ധ്നായ ഔറംഗസീബ് ചക്രവർത്തിയുടെ ശവക്കല്ലറ’ അതു കണ്ടപ്പോൾ വിശ്വാസം വന്നില്ല. ഇത്രയും പ്രശസ്തനായ ഒരു ചക്രവർത്തിയുടെമുസ്സോളിയം ഇത്രയും സാധാരണമായ ഒന്നോ? പെട്ടെന്നോർമ്മ വന്നു. വായിച്ചിട്ടുണ്ടു, തന്റെ വിശ്രമവേളകളിൽ തൊപ്പി തുന്നിയും ഖുറാൻ പകർത്തിയെഴുതിയും തന്റെ അന്ത്യ സംസ്കാരത്തിനായി ഇദ്ദേഹം പണം കരുതി വച്ച കഥ.   ചെരുപ്പു ഊരി വച്ചു അകത്തു കടക്കുമ്പോൾ ഉയരം കുറഞ്ഞ പ്രവേശന വാതിലിൽ തല തട്ടാതെ നോക്കാൻ ആരോ ഉറക്കെയുറക്കെ ഇംഗ്ലീഷിൽ  വിളിച്ചു പറയുന്നുണ്ടായിരുന്നു. ഈ സ്ഥലത്തെക്കുറിച്ചും ഔറംഗസേബ് ചക്രവർത്തിയെക്കുറിച്ചും എല്ലാം ഞങ്ങൾക്കു പറഞ്ഞു തരുന്നതിനായി ഗൈഡ് അവിടത്തെ കെയർ ടേക്കറെ  ചുമതലപ്പെടുത്തി. നല്ല ശബ്ദഗാംഭീര്യമുള്ള  എന്നാൽ അന്ധനായ ആ ചെറുപ്പക്കാരൻ ഔറംഗസേബിന്റെ കാലത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും ചുരുങ്ങിയ വാക്കുകളിൽ   രൂപരേഖ വരച്ചു.  ശവകുടീരം തികച്ചും ലളിതമായ ഒന്നാണെന്നു കാണാമായിരുന്നു. മുകളിൽ തുറന്ന ആകാശം. നടുവിലായി തറയിൽ നിന്നും  അൽ‌പ്പം ഉയർന്ന മണ്ണു നിറച്ച കബറിടം. മറ്റു കബറിടങ്ങളിലെല്ലാം കാണാവുന്ന  മിന്നുന്ന അലങ്കാരപൂർണ്ണമായ വിലകൂടിയ തുണിയിൽ നിന്നും വ്യത്യസ്തമായി ഒരു സാധാരണ വെള്ള വസ്ത്രമാണു കബറിടത്തിനു മുകളിലായി വിരിയ്ക്കപ്പെട്ടിട്ടുള്ളതു.  തന്റെ അവസാനനാളൂകളിൽ തൊപ്പി തുന്നിയും ഖുറാൻ പകർത്തിയെഴുതിയും സ്വരുക്കൂട്ടിയ നാലുരൂപ രണ്ടണ കൊണ്ടു തന്നെ തന്റെ അന്തിമകർമ്മങ്ങൾ ചെയ്യണമെന്നും വളരെ ലളിതമായ കബറിടമൊരുക്കണമെന്നും ഔറംഗസീബ് നിർദ്ദേശം കൊടുത്തിരുന്നുവത്രേ! അതനുസരിച്ചു മുസ്ലിം ചട്ടങ്ങൾക്കനുസൃതമായി   പണിത ആ കബറിടത്തിനു ചുറ്റും പിന്നീടു മാർബിൾ വിരിയ്ക്കുകയും അലങ്കാരപ്പണികൾ ചെയ്ത  ചുമരുകൾ നിർമ്മിയ്ക്കുകയും ചെയ്തു. കാലം കണ്ട അതിശക്തിമാനും പ്രതാപിയും ധനവാനുമായ ഒരു ചക്രവർത്തി ഇതാ ഇവിടെ ഒരു സാധാരണക്കാരനെപ്പോലെ ഈ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു. അറിയാതെ താഴ്ത്തിയ തലയുമായി പുറത്തിറങ്ങുമ്പോൾ തല സൂക്ഷിയ്ക്കണമെന്ന മുന്നറിയിപ്പു ഒരു ഗാനത്തിന്റെ ഈണത്തിൽ പിന്നിൽ നിന്നും വരുന്നുണ്ടായിരുന്നു. കോർട്ട് യാർഡിലെത്തി മുന്നോട്ടു വന്നപ്പോൾ ഇടതു വശത്തായുള്ള കെട്ടിടവും ബോർഡും ശ്രദ്ധയിൽ‌പ്പെട്ടു.

“TOMB OF AZAM SHAH, SON OF AURAMGAZEB’  ഔറംഗസേബിന്റെ രണ്ടാമത്തെ മകനാണു അസം ഷാ.  അസം ഷായുടെയും ബീവിയുടെയും ശവകുടീരവും മാർബിൾ ഫലകങ്ങളാൽ അലങ്കൃതമാണു. മറ്റു ചില കുടീരങ്ങളും അതിനടുത്തായി കാണപ്പെട്ടു. മുസ്ലിം വിശുദ്ധനായ സയ്യദ്  സൈനുദ്ദീന്റെ മുസ്സോളിയവും ഇതിനടുത്തു തന്നെ കാണപ്പെട്ടു. പലയിടങ്ങളിലായി ഇനിയും അനേകം സുഫി വിശുദ്ധരുടേയും പ്രശസ്തരുടെയും ശവകുടീരങ്ങൾ ഉളളതായി ഗൈഡ് പറഞ്ഞു.. അസഹ്യമായ ചൂടിനാൽ മാർബിൾ പതിച്ച നിലം ചുട്ടുപൊള്ളുന്നു. അകത്തു നിന്നും വേഗം പുറത്തു കടന്നു. അസം ഷാ തന്റെ അമ്മയും ഔറംഗസേബിന്റെ പത്നിയുമായ രബിയാദുറാണിയുടെ ഓർമ്മയക്കായി പണി കഴിപ്പിച്ച പാവങ്ങളുടെ താജ്മഹലെന്നറിയപ്പെടുന്ന ബീബി-ക-മക്ബറയും ഇന്നത്തെ ഞങ്ങളുടെ സന്ദർശനപട്ടികയിലുൾപ്പെടുമെന്നു ഗൈഡ് പറഞ്ഞു.

ഹിമരൂ/പൈതാൻ നെയ്ത്തുകല

 ഔറംഗാബാദിലെ പ്രസിദ്ധമായ ഹിമരൂ ടെക്സ്റ്റൈത്സ്  ഇവിടെ വരുന്ന ടൂറിസ്റ്റുകളെ വല്ലാതെ ആകർഷിയ്ക്കുന്നു. അത്തരം ഒരു വീവിംഗ് സെന്ററിലേയ്ക്കാണു പിന്നീടു ഞങ്ങൾ പോയതു.        പൈതാനി സാരികളും ഹിമരൂ സിൽക്കും ഔറംഗാബാദിന്റെ  സ്വന്തമാണു. സിൽക്കിന്റേയും പരുത്തിയുടെയും പ്രത്യേക തരം സംയോജനത്തിന്റെ കലയാണു ഹിമരൂ സാരികൾ . നല്ല ചൂടു തരുന്ന ഹിമരൂ ഷാളുകളും പ്രസിദ്ധമാണു. പൈതാൻ എന്ന സ്ഥലത്തിന്റെ പേരിൽ നിന്നുമാണു പൈതാനി സാരികൾക്കു അങ്ങിനെ പേരു കിട്ടിയതു. തുഗ്ലക്കുകളുടെ ഭരണകാലത്തു ദെൽഹിയിൽനിന്നുമെത്തിയ നെയ്ത്തുകാരാണു ആദ്യമായി ഹിമരൂ നെയ്ത്തിനു തുടക്കമിട്ടതു. പൈതാനി സാരികളിൽ സിൽക്കു നൂലുകളും വെള്ളിനൂലുകളും ഒറ്റയ്ക്കൊറ്റയ്ക്കും ഹിമരൂവിൽ അവ കൂട്ടമായുമാണു നെയ്യാനായി എടുക്കുന്നതു. അജന്താ മോട്ടിഫ് ഇവയിൽ നിറഞ്ഞു നിൽക്കുന്നതാവാം ടൂറിസ്റ്റുകളെ ഇവ കൂടുതലായി ആകർഷിയ്ക്കാൻ മറ്റൊരു കാരണം. അജന്താ ഗുഹകളിലെ കല്ലിൽ കൊത്തിയെടുത്ത ശിൽ‌പ്പങ്ങളെ ഇവരിവിടെ തുണിയിൽ നെയ്തെടുക്കുന്നു. സിൽക്കിൽ ഉണ്ടാക്കിയെടുക്കുന്ന ഹിമരൂ ഷാളുകൾ ഒരു മോതിരത്തിന്നുള്ളിലൂടെ കടത്താൻ പറ്റുന്നവിധം നേർമ്മയേറിയവയത്രെ! ഏറെ പ്രസിദ്ധമായിരുന്നതും ഇന്നു മരിച്ചു കൊണ്ടിരിയ്ക്കുന്നതുമായ ഈ കലയെ പുനരുദ്ധരിപ്പിയ്ക്കുന്നതിനായി ഗവണ്മെണ്ട് എല്ലാ സഹായങ്ങളും ചെയ്തു വരുന്നു.

ഇന്നത്തെ ട്രിപ്പിൽ ഇനി രണ്ടു സ്ഥലങ്ങൾ കൂടി കാണാൻ ബാക്കിയുണ്ടെന്നു ഗൈഡ് പറഞ്ഞു. ഔറംഗസേബിന്റെ ഭാര്യ അന്ത്യവിശ്രമം ചെയ്യുന്ന ബീബി-ക-മക്ബറ അഥവാ മിനി ടാജ്മഹൽ അഥവാ പാവങ്ങളുടെ താജ്മഹലും വെള്ളം കൊണ്ടു കറങ്ങുന്ന ഗോതമ്പു മിൽ ആയ പാൻ ചക്കിയും. ഒരു വർഷം മുൻപു സന്ദർശിച്ച ടാജ്മഹലിന്റെ മധുര സ്മരണകൾ മനസ്സിലോടിയെത്തിയതോടെ ബീബി-ക- മക്ബറയിലെത്താൻ എനിയ്ക്കു തിടുക്കമായി.അടുത്ത ലക്ഷ്യം അതു തന്നെ, ബസ് മുന്നോട്ട് നീങ്ങിത്തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *