ഡെക്കാൻ ഒഡീസ്സി-8

Posted by & filed under Yathravivaranangal.

എല്ലോറ ഗുഹാമന്ദിരങ്ങൾ

പുരാതന ഭാരതീയ കൊത്തുവേലകളുടെ മകുടോദാഹരണങ്ങളായി കണക്കാക്കപ്പെടാവുന്നവയാണു അജന്തയിലേയും എല്ലോറയിലേയും ഗുഹകളും അവിടത്തെ ഗുഹാചിത്രങ്ങളും. ഉറപ്പേറിയ കരിങ്കൽ പാറകളിൽ കൈകളാൽ കൊത്തിയുണ്ടാക്കപ്പെട്ടവ. അതിനെടുത്ത സമയവും അദ്ധ്വാനവും നമ്മുടെ വിചാരങ്ങൾക്കുമതീതമാണു.  അജന്തയും എല്ലോറയും വേൾഡ് ഹെറിടേജ് സൈറ്റുകളിൽ‌പ്പെടുന്നു. ഔറംഗാബാദ് സിറ്റിയിൽനിന്നും 12കിലോമീറ്റർ ദൂരെയാണല്ലോ ദൌലത്താബാദ് ഫോർട്ട്. അതേ റൂട്ടിൽത്തന്നെയാണു എല്ലോറ ഗുഹാമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നതു,18 കിലോമീറ്റർകൂടി മുന്നോട്ടു പോയാലായി. 350-700 എ.ഡി.യിലാണിവയുടെ നിർമ്മാണം നടന്നതെന്നു കരുതപ്പെടുന്നു.  ബുദ്ധിസം, ഹിന്ദുയിസം, ജൈനിസം എന്നിങ്ങനെ മൂന്നു വ്യത്യസ്ഥമായ വിശ്വാസങ്ങളുടെ  ആരാധനസങ്കേതങ്ങളാണു ഈ ഗുഹകൾ മുഴുവനും. ഏതാണ്ടു രണ്ടു കിലോമീറ്റർ ദൂരത്തോളം ബസാൾട് റോക്ക് ആയ കുന്നിൻ ചരിവിൽ, വളരെ കലാപാടവത്തോടെ  കൊത്തിയെടുത്തിരിയ്ക്കുന്ന ഗുഹകൾ ആണിവ.

ഞങ്ങളുടെ ബസ്സ് ഗുഹകളുടെ അധികം ദൂരെയല്ലതെ പാർക്കു ചെയ്തു.  ഇവിടെ ആകെ 34 ഗുഹകളാണുള്ളതെന്നു ഗൈഡ് പറഞ്ഞു.   ഇവയിൽ 1 മുതൽ 12 വരെയുള്ളവ ബുദ്ധിസ്റ്റ് സങ്കേതങ്ങളും, അടുത്ത 17 എണ്ണം ഹിന്ദു മന്ദിരങ്ങളും ബാക്കി 30മുതൽ 34 വരെ  5 ജൈനമന്ദിരങ്ങളുമാണു.  പ്രവേശനഫീസ് ഇന്ത്യക്കാർക്കു പത്തുരൂപയും വിദേശീയർക്കു 250 രൂപയുമാണു. ചൊവാഴ്ച്ച അവധി ദിവസം.

ഞങ്ങൾ ആദ്യം പോയതു ഒന്നാം നമ്പർ ഗുഹയിലേയ്ക്കു തന്നെയാണു. കാരണം അതാണു ഏറ്റവും തെക്കേഅറ്റത്തു സ്ഥിതി ചെയ്യുന്നതു. അവിടെ നിന്നും തുടങ്ങിയാൽ പിന്നെ ഒരേവരിയിലായി മറ്റു ഗുഹകളിലെത്താം. ബുദ്ധസന്യാസികൾക്കായുള്ള  വിഹാര എന്നറിയപ്പെടുന്ന താമസ സ്ഥലം.  ഇവിടെ പലഭാഗങ്ങളാക്കി തിരിയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും അലങ്കാരങ്ങളോ കൊത്തു പണികളൊ കാണാനായില്ല.എന്നാൽ രണ്ടാമത്തെ ഗുഹ വ്യത്യസ്ഥമായിരുന്നു.ഇവിടെ ബുദ്ധന്റേയും മറ്റുപല ദിവ്യരുടെയും രൂപങ്ങ ളും ഒരു വലിയ ബുദ്ധവിഗ്രഹവുംഒക്കെ കാണാനായി. ചില ഗുഹകളിൽ വിഗ്രഹങ്ങൾ അപൂർണ്ണാവസ്ഥയിൽ കാണപ്പെട്ടു. ചിത്രത്തൂണുകളും കൊത്തുപണികൾ നിറഞ്ഞ ചുമരും പലകഥകളും ആലേഖനം ചെയ്യപ്പെട്ടവയായിരുന്നു. വലിയ ഇടനാഴികളും പ്രാർത്ഥനാ ഹാളുകളും (ചൈത്യാഹാൾ)  കരിങ്കൽത്തൂണുകളും കൂടാതെ ചിലഗുഹകളിൽ ആന , പാമ്പു, എന്നിവയുടെ ചിത്രങ്ങളു അറിവിന്റെ ദേവതയായ സരസ്വതിയ്ക്കു സമമായ ബുദ്ധദേവതയായ മായമയൂരിയും അവരുടെ വാഹനമായ മയിലും ഒക്കെ കൊത്തുവേലകളിൽ കാണാനായി. ഏറ്റവുമധികം ഞങ്ങളുടെ ശ്രദ്ധയാകർഷിയ്ക്കപ്പെട്ട ഗുഹ പത്താം നമ്പർ ഗുഹയായിരുന്നു. ഇതിനെ ‘വിശ്വകർമ്മാവിന്റെ കുടിൽ‘ (carpenter’s hut/sutar ka jhopda) എന്നാ‍ണത്രെ പറയുക. ബോധി വൃക്ഷത്തിനു ചുവട്ടിൽ ധ്യാനനിരതനായിരിയ്ക്കുന്ന പടുകൂറ്റൻ ബുദ്ധ വിഗ്രഹമുള്ള പ്രാർത്ഥനാ  മന്ദിരമാണിതു. വിശാലവും സുന്ദരവുമായ ചൈത്യഹാളിലെ  വളരെയേറെ കൊത്തുപണികളോടുകൂടിയ തൂണുകളും തട്ടും അവയുടെ ഘടനയും  കണ്ടാൽ മരത്തടിയിലാണോ അവ ഉണ്ടാക്കിയതെന്നു തോന്നിപ്പോകും . ആ കാലഘട്ടത്തെക്കുറിച്ചും ഇതിന്നു പിന്നിലെ കഠിനാധ്വാനത്തെക്കുറിച്ചും ചിന്തിച്ചപ്പോൾ ശരിയ്ക്കും രോമാഞ്ചമുണ്ടായി. ഗൈഡ് ഇടതടവില്ലാതെ പല കഥകളു പറഞ്ഞു കൊണ്ടേയിരുന്നു. മറ്റൊരു  പ്രപഞ്ചത്തിൽ പെട്ടു പോയിരുന്ന ഞാൻ പലതും കേട്ടുവോ എന്നു തന്നെ സംശയം..

രണ്ടു നിലകളോടുകൂടിയവയും (ദോ തൾ), മൂന്നുനിലകളുള്ളവയുമായ ഗുഹകൾ (തീൻ തൾ) വിസ്മയമുണർത്തി. എല്ലായിടങ്ങളിലും വ്യത്യസ്ഥ മുദ്രകളിൽ ധ്യാനനിരതനായിരിയ്ക്കുന്ന നിരവധി ബുദ്ധവിഗ്രഹങ്ങൾ കാണപ്പെട്ടു.

പതിമൂന്നാം നമ്പർ ഗുഹമുതൽ ഹിന്ദുമതത്തിലേതായി കാണപ്പെട്ടു. പതിമൂന്നാമത്തെ ഗുഹ സാധാരണം മാത്രമായിരുന്നു. എന്നാൽ അടുത്ത   ഗുഹയിൽ കൊത്തുപണികളിൽ  ഹിന്ദു ദൈവങ്ങളും പുരാണ കഥപാത്രങ്ങളും നിറഞ്ഞു  നിന്നു.  ഇതു വരെ മറ്റു ഗുഹകളിൽ കണ്ടിരുന്നു ബുദ്ധ വിഗ്രഹങ്ങളും ബന്ധപ്പെട്ട  കൊത്തുപണികളും വിഷ്ണു,ലക്ഷ്മി, ദുർഗ്ഗ പാർവതി, ശിവൻ തുടങ്ങിയ ഹിന്ദു/ബ്രാഹ്മണിക്കൽ രൂപങ്ങൾക്കു വഴി മാറി.  താണ്ഡവമാടുന്ന ശിവനും കൈലാസം  അമ്മാനമാടുന്ന രാവണനുമൊക്കെ 14നമ്പർ ഗുഹയിൽ കണ്ടു. പതിനഞ്ചിൽ ദശാവതാരവുംശിവ-പാർവതീപരിണയവും മാർക്കാണ്ഡേയ പുരാണവും കല്ലിലെ കഥകളായി മുന്നിൽ വന്നു.  ഈ ഗുഹ പണ്ടു ബുദ്ധിസ്റ്റ് മൊണാസ്റ്റ്രി ആയിരുന്നുവെന്നും പിന്നീടു ഇതൊരു ഹിന്ദു ആരാധനാലയമായി മാറ്റിയതാണെന്നും ഗൈഡ് പറയുകയുണ്ടായി.

വളരെയേറെ പ്രധാനപ്പെട്ട ശിവമന്ദിരമായ കൈലാസത്തിലേയ്ക്കാനു ഇനി നമ്മൾ പോകുന്നതെന്ന് ഗൈഡ് പറഞ്ഞപ്പോൾ വല്ലാത്ത ആകാംക്ഷയായി. ഒരു പാടു കേട്ടിട്ടുണ്ടു, എല്ലോറയിലെ കൈലാസമന്ദിരത്തെക്കുറിച്ചുഎല്ലോറയിലെ പതിനാറാമത്തേയും ഏറ്റവും വിശിഷ്ടവുമായ അമ്പലമാണിതു. ഒറ്റക്കല്ലിലെ അത്ഭുതം.സാക്ഷാൽ കൈലാസത്തെ അനുസ്മരിപ്പിയ്ക്കുന്ന ഘടനയും രൂപവും.മഞ്ഞു മൂടിക്കിടക്കുന്ന കൈലാസത്തെ അനുസ്മരിയ്ക്കാനെന്നോണം പണ്ടു ഈ മന്ദിരം മുഴുവനും വെളുത്ത നിറത്തിനാൽ ആവരണം ചെയ്തിരുന്നതിന്റെ അവശിഷ്ടം എല്ലായിടങ്ങളിലും കാണാമായിരുന്നു. മനസ്സുകൊണ്ടു ഇതിനെ ഒരു മഞ്ഞുമൂടിയ കൈലാസമായി സങ്കൽ‌പ്പിയ്ക്കാനൊരു ശ്രമം നടത്തി നോക്കി.  രോമാഞ്ചത്താൽ രോമകൂപങ്ങൾ എഴുന്നു നിന്നു. ഹിന്ദു മന്ദിരങ്ങളുടെഭാവഗാംഭീര്യം ഒന്നു വേറിട്ടു തന്നെ കാണാനായി.ഒന്നിലധികം നിലകളിൽ , കൊത്തുപണികളുടെ വൈവിധ്യത്താലും മേന്മയാലും സുന്ദരവും സമൃദ്ധവുമാണിവിടം.ദ്രാവിഡീയൻ കൊത്തുപണികളുടെ  നിലനിൽക്കുന്ന സൌകുമാര്യം.അമ്പലത്തിനു മുന്നിലായി നന്ദിയുടെ വലിയ രൂപം. ഭക്തിപൂർവ്വം ഉള്ളിൽ കടന്നു. ചെരുപ്പു പുറത്തു ഊരി വച്ചു. ഭീമാകാരനായ ഒറ്റക്കൽത്തൂണും(വിക്ടറി ടവർ) അതിലെ ചിത്രപ്പണികളും മുന്നിൽ നിവർന്നു കിടക്കുന്ന  അതിമനോഹരമായ കൊത്തുപണികളോടുകൂടിയ  അമ്പല ത്തിന്റെ ചാരുതയും നിർന്നിമേഷരായി നോക്കി നിൽക്കുന്ന ടൂറിസ്റ്റുകൾ..ലോകത്തിലെവിടെയും തന്നെ ഒറ്റക്കല്ലിൽ ഇത്ര മനോഹരമായൊരു കവിത വിരിഞ്ഞു കാണില്ല, തീർച്ച. കറുത്ത പശിമ നിറഞ്ഞ മണ്ണും വോൾക്കാനിക് ബസാൾട് റോക്കും ഡെക്കാന്റെ പ്രത്യേകത തന്നെ.

ഉള്ളിലെ ഗർഭഗൃഹത്തിലെ ലിംഗത്തിൽ ആരോ അർപ്പിച്ച ഒരു പിടി  പൂക്കൾ  ഭക്തിയുണർത്തി.  സാക്ഷാൽ കൈലാസത്തെ മനസ്സിലാവാഹിച്ചു , പ്രാർത്ഥിച്ചു, സർവ്വൈശ്വര്യങ്ങൾക്കായി. ആർക്കും ഭക്തി കൈവരുന്ന അന്തരീക്ഷം.ചരിത്രത്താളുകളിൽ ഉറങ്ങിക്കിടക്കുന്ന പഴമയുടെ, കഴിവുകളുടെ, ഭാവനയുടെ, കാലത്തിനിനിയും മായ്ക്കാൻ കഴിയാത്ത ഭക്തിയുടെ ചിത്രം.എത്ര വർഷങ്ങൾ, എത്ര മനുഷ്യശക്തി ഇതിനു പിറകിലായി ചെലവഴിച്ചിട്ടുണ്ടാകും? ഉള്ളിൽ നിന്നും വെട്ടിയെടുത്തു രൂപം നൽകി കൊത്തുപണിയാൽ അലങ്കരിയ്ക്കപ്പെട്ടു ഭഗവാനായി,, ലോകത്തിനായി ഒരു കാണിയ്ക്ക!  പ്രധാന മന്ദിരത്തിനു ചുറ്റുമായി പടുകൂറ്റൻ ആനകളുടെ രൂപങ്ങൾ കൊത്തിവച്ചിരിയ്ക്കുന്നു. മറ്റു പല മൃഗരൂപങ്ങളും കാണാനായി. ഒരു സൌത്തിന്ത്യൻ അമ്പലത്തിൽ പോയ പ്രതീതിയാണു എനിയ്ക്കുണ്ടായതു. ഉത്തരേന്ത്യൻ ക്ഷേത്ര മാതൃകകൾ ഒന്നും തന്നെ ഇവിടെ ദർശിയ്ക്കാനായില്ല. 

ചുറ്റുപാടുമായി ചുമരുകളിലായി കൊത്തിവയ്ക്കപ്പെട്ട നിരവധി ദൈവരൂപങ്ങളും കൊത്തുവേലകളും മനസ്സിൽ ഉണർത്തിയ വികാരങ്ങൾ വർണ്ണനാതീതം തന്നെ. മുകളിലെ ചവിട്ടുപടികൾ കയറുന്നിടത്തായി ചുമരിൽ ഒരു കൊച്ചു ബുദ്ധനെ കൊത്തി വച്ചിരിയ്ക്കുന്നതു ഗൈഡ് ങങ്ങളുടെ ശ്രദ്ധയിൽ‌പ്പേടുത്തി. എല്ലോറയിലെ ഏറ്റവും ചെറിയ ബുദ്ധരൂപമാണിതത്രേ!.

തിരിഞ്ഞു നോക്കി നോക്കി പുറത്തിറങ്ങി. ഈ അദ്ഭുതപ്രപഞ്ചത്തിൽ നിന്നും പുറത്തു കടക്കാൻ ഇഷ്ടമില്ലാത്തപോലെ. മനസ്സു പറഞ്ഞു, ഇനിയുമുള്ള ഗുഹകൾ ഇത്ര ആകർഷകമാവില്ല, തീർച്ച.

പിന്നീടുള്ള ഗുഹകളിൽ കാണാനായതു പടുകൂറ്റൻ തൂണുകളും ഗർഭഗൃഹത്തിലെ ശിവലിംഗവുമാണു. പലയിടത്തും നന്ദി, ശിവൻ, ഗണേഷ് എന്നിവരുടേയും മഹിഷാസുരമർദ്ദിനി,ബ്രഹ്മാവ് എന്നിവരുടെ രൂപങ്ങളും കാണാനായി. ദശാവതാരത്തിലെ പല അവതാരങ്ങൾ, നദീദേവതാസങ്കൽ‌പ്പത്തിൽ ഗംഗ, യമുന തുടങ്ങിയവരുടെ രൂപങ്ങൾ എന്നിവ ശ്രദ്ധേയമാണു..8 കൈകളോടുകൂടി രൌദ്രഭാവത്തിലുള്ള ശിവൻ, താണ്ഡവമാടുന്ന ശിവൻ എന്നിവയും 29 നമ്പർ ഗുഹാമുഖത്തായി കണ്ടു.

30 മുതൽ 35 വരെയുള്ള ഗുഹകൾ ജൈനവീരമന്ദിരങ്ങളാണെന്നു പറഞ്ഞല്ലോ?  മഹാവീർ ഭഗവാനെയും തീർഥങ്കരന്മാരേയും ഇവിടെക്കാണാം.ഇന്ദ്രസഭയെന്നറിയപ്പെടുന്ന 2 നിലയിലുള്ള  32നമ്പർ ഗുഹയിലെ ചിത്രത്തൂണുകളും മുകളിലെ അതിമനോഹരമായ വരാന്തയുമാണിതിനെ ഇന്ദ്രസഭയാക്കിയതു.ഇവ ഒമ്പതാം നൂറ്റാണ്ടിലേതാണെന്നു കരുതപ്പെടുന്നു

മുകളിലെ നിലയിൽ ഒരു സുസ്മേരവദനനായ ദിവ്യരൂപം- ആരാണെന്നു കൃത്യമായി മനസ്സിലായില്ല, ജൈനദേവനോ, ഗന്ധർവ-കിന്നരരോ ആവാം – ഗൈഡ് കാണിച്ചു തന്നു. പുറത്തെ കൽച്ചുമരിലെ ഏതാണ്ടു അപൂർണ്ണമായിത്തോന്നിയ രൂപം. കിരീടവും ആഭരണങ്ങളുമൊക്കെയുണ്ടു. എല്ലാവരെയും കണ്ടു വിടർന്ന   കണ്ണും തുറന്ന ചിരിയുമായി സന്തോഷം തുടിയ്ക്കുന്ന മുഖം. ഒരു ഫോട്ടൊ എടുക്കാതിരിയ്ക്കാനായില്ല. താഴെയെത്തിയപ്പോൾ ഒന്നു വീണ്ടും നോക്കാൻ ഗൈഡ് പറഞ്ഞു.  നോക്കിയപ്പോൾ  അത്ഭുതത്തിനതിരില്ല. കാരണമറിയണമെങ്കിൽ ഞാൻ താഴെനിന്നുമെടുത്ത ഈ ഫോട്ടൊ കൂടി നോക്കൂ…. വിടർന്ന കണ്ണുകൾ കൂമ്പിയിരിയ്ക്കുന്നു, മുഖത്തെ സന്തോഷം വിഷാദത്തിനു വഴികൊടുത്തപോലെ.”നിങ്ങൾ വന്നു കണ്ടതിലെ സന്തോഷമായിരുന്നു ആദ്യം കണ്ടതു. ഇപ്പോൾ നിങ്ങൾ പോകുന്നതിലെ ദു:ഖമാണാ മുഖത്തു…”. ഗൈഡ് തൻ വീറിന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങുന്നു.  ശരിയാവാം, ജീവനുണ്ടെന്നു തോന്നുന്ന വി ധമുള്ള ഈ കൽച്ചിത്രങ്ങൾക്കു അങ്ങിനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.. . ഈ വിഷാദ ചിന്തകളുമായാണു ഞാനും എല്ലോരയിൽ നിന്നും പുറത്തിറങ്ങിയതു. ഇനിയെന്നെങ്കിലും ഇതൊക്കെ കാണാൻ ഭാഗ്യമുണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *