മുംബൈട്രാഫിക്കും കുറുക്കന്റെ കല്യാണവും

Posted by & filed under മുംബൈ ജാലകം.

        ഇതൊന്നു ശരിയ്ക്കു അനുഭവിച്ചു തന്നെ അറിയണം, ഇവിടത്തെ ട്രാഫിക്.പറഞ്ഞാല്‍ ഒരുപക്ഷെ വിശ്വസിച്ചെന്നു വരില്ല, അതാണു പറഞ്ഞതു, അനുഭവിച്ചു തന്നെ അറിയണമെന്നു.

      ഞാനിതെഴുതുന്നതു നാട്ടിലേയ്ക്കുള്ള വണ്ടിയ്ക്കുള്ളിലിരുന്നാണു, നേത്രാവതി എക്സ്പ്രസ്സ്. 90 ദിവസങ്ങള്‍ക്കു മുന്‍പു തന്നെ പ്ലാന്‍ ചെയ്തു റെയില്‍ വേ മുന്‍കൂര്‍ ബുക്കിങ്ങിനായി അനുവദിച്ച മുഴുവനും ലിമിറ്റുമുപയോഗിച്ചു നെറ്റു വഴി എടുത്ത ടിക്കറ്റാണു.

വണ്ടി തുടങ്ങുന്ന കുര്‍ള ടെര്‍മിനസ്സില്‍ നിന്നുമാണു ഞാന്‍ കയറിയതു. ഇന്ത്യയിലെ ഏറ്റവും വൃത്തി കെട്ട സ്റ്റേഷനു എന്തെങ്കിലും പ്രത്യേക പുരസ്കാരമുണ്ടെങ്കില്‍ അതു ഈ സ്റ്റേഷനു കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല.  പട്ടിയും, പശുവും, യാചകരും, യാത്രക്കാരുടെ തിക്കും തിരക്കും എല്ലാം കൊണ്ടു മലീമസമായ അന്തരീക്ഷം. ഈച്ചയുടെ ശല്യമാണെങ്കില്‍ പറയാനുമില്ല. വൃത്തികേടുകള്‍ നിറഞ്ഞ പ്ലാറ്റ്ഫോറത്തില്‍ ശപിച്ചു കൊണ്ടാണു കാലെടുത്തു കുത്താറു പതിവു. വേറെ വഴിയില്ലല്ലൊ?

        മഴക്കാലം തുടങ്ങീയതിനാല്‍ ട്രാഫിക് ഉറപ്പാണെന്നറിഞ്ഞുകൊണ്ടുതന്നെയാണു ടാക്സി വിളിച്ചതു. ഡ്രൈവര്‍ പരിചയക്കാരനായതിനാല്‍ പറ്റിയ്ക്കുകയില്ല, ഏതു റൂട്ടു വേണമെന്നു പ്രത്യേകം പറയുകയും ചെയ്തില്ല. ട്രാഫിക് കുറവുള്ള റോഡു അവര്‍ക്കാണല്ലൊ നന്നായറിയുക. എന്നിട്ടും സഹര്‍ റോഡു വഴി തിരിഞ്ഞപ്പോള്‍ ചോദിയ്ക്കാതിരിയ്ക്കാനായില്ല.

“ഘാട്കോപ്പര്‍ വഴി ട്രാഫിക് ജാം കാണില്ലെ?”

  ഇതാവും തമ്മില്‍ ഭേദമെന്നായിരുന്നു മറുപടി. ശരിയാണുതാനും, വഴി കുറവു ഈ റൂട്ടു തന്നെയാണല്ലോയെന്നോര്‍ത്തു. തനിയേ പോകാമെന്നു പറഞ്ഞിട്ടും സമ്മതിയ്ക്കാതെ എന്നെ റെയില്‍ വേ സ്റ്റേഷനില്‍ വിട്ട ശേഷം ഓഫീസില്‍ പോകാമെന്ന പ്ലാനുമായി കൂടെ വന്ന എന്റെ ഭര്‍ത്താവും തലയാട്ടി അതു ശരി വെച്ചു.

     വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ നിന്നും സഹര്‍ എയര്‍പോര്‍ട്ടു റോഡിലേയ്ക്കു തിരിഞ്ഞു രണ്ടു മിനിറ്റായതേയുള്ളൂ, ട്രാഫിക് കാരണം വണ്ടി തീരെ മുന്നോട്ടു നീങ്ങാതായി. വഴിയുടെ നടുഭാഗമെല്ലാം കുഴിച്ചിട്ടിരിയ്ക്കുന്നു. ടിന്‍ മറ കെട്ടി റോഡിന്റെ നടുഭാഗം മറച്ചിട്ടിരിയ്ക്കുന്നതിനാല്‍ വാഹനങ്ങളെല്ലാം ഡൈവെര്‍ട് ചെയ്തു പോകുന്നു, അതാണിത്ര ട്രാഫിക്. എന്തോ പണി നടക്കുന്നുണ്ടു, മെട്രോവിന്റെയാണോ? സൂക്ഷിച്ചു നോക്കിയപ്പോള്‍ എഴുതിയിരിയ്ക്കുന്നതു കണ്ടു, WEH to CSIA  Elevated Access Road എന്നു. ഓഹോ…അപ്പോള്‍ വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ നിന്നും എയര്‍പോര്‍ട്ടു വരെ പ്രത്യേകം നിര്‍മ്മിതമായ തൂണുകളിലായി റോഡിനു മുകളിലായി റോഡുകള്‍ തീര്‍ക്കുകയാണു. നന്നു, ഈ റോഡിലെ തിരക്കു കുറവാകുമല്ലൊ?

        പക്ഷേ തത്ക്കാലം എന്തു ചെയ്യും? വളരെ പതുക്കെയാനു വണ്ടി മുന്നോട്ടു പോകുന്നതു. ഈ നിലയ്ക്കു പോയാല്‍ ട്രെയിന്‍ കിട്ടാതിരിയ്ക്കാനാണു സാദ്ധ്യത. ഈശ്വരാ…ഇത്രയൊക്കെ പ്ലാന്‍ ചെയ്തിട്ടും….? 11.45 ന്റെ ട്രെയിന്‍ പിടിയ്ക്കാന്‍ 9.30 നു വീട്ടില്‍ നിന്നിറങ്ങിയതാണു. വെറും 45 മിനിറ്റിന്റെ ഡ്രൈവു മതി. ഇതിപ്പോള്‍ സമയം 11 ആയി, വഴി പകുതി പോലുമായില്ല താനും.

             “ഹം ലോഗ് പഹൂഞ്ച് പായേഗ, നാ? പൌനെ ബാരഹ് ക ഗാഡി ഹൈ.“

          “ സാബ്, ഘബ്രായിയേ മത്..അഭി സബ് ക്ലിയര്‍ ഹോ ജായേഗാ“ 

        ഡ്രൈവര്‍ ഇടയിലെ ഒഴിഞ്ഞ ഗാപ്പിലൂടെ ശ്രദ്ധാപൂര്‍വം വണ്ടി മുന്നോട്ടെടുക്കുന്നതിനിടയില്‍ പറഞ്ഞു.എങ്ങിനെയായാലും സമയത്തു തന്നെ സ്റ്റേഷനില്‍ അയാള്‍ എത്തിച്ചുവെന്നതു പറയേണ്ട കാര്യം തന്നെ. സമാധാനമായി.

   എനിയ്ക്കു പോകേണ്ടിയിരുന്ന ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ കിടന്നിരുന്നു. പതിവു പോലെ തന്നെ പുറത്തെ ലിസ്റ്റില്‍ പേരു തിട്ടപ്പെടുത്തിയ ശേഷം തന്നെയാണു കയറി ഇരുന്നതു. വണ്ടി വിടാനിനി അധിക സമയമില്ല. പെട്ടെന്നു ഒട്ടേറെ ലഗ്ഗേജുകളുമായി ഒരു കുടുംബം കടന്നു വന്നു. പോര്‍ട്ടര്‍ ബാഗുകള്‍ സീറ്റിന്നടുത്തു വെച്ചു താഴെയിറങ്ങിയതും വണ്ടി വിട്ടതും ഒന്നിച്ചായിരുന്നു. ഒരു മദ്ധ്യ വയസ്ക്കയും രണ്ടു പെണ്‍കുട്ടികളുമാണു. അല്പം ശബ്ദത്തോടെ തന്നെ കരഞ്ഞുകൊണ്ടിരുന്ന ചെറിയ കുട്ടി വാതില്‍ക്കലേയ്ക്കോടി പുറത്തുനിന്നും സ്വാന്തനിപ്പിയ്ക്കുന്ന ആരോടോ എന്തൊക്കെയോ പറഞ്ഞ ശേഷം വീണ്ടും ‍കരഞ്ഞുകൊണ്ടു തിരിച്ചെത്തി. ഒരു പത്തു പതിനഞ്ചു വയസ്സു കാണും. എന്തിനാണാവോ കരയുന്നതു? ഒരു പക്ഷെ അച്ഛനെയോ മറ്റോ വിട്ടു എങ്ങോട്ടെങ്കിലും പോകാനുള്ള മടിയായിരിയ്ക്കും, മനസ്സിലോര്‍ത്തു.

        മുതിര്‍ന്ന പെണ്‍കുട്ടി ബാഗുകളെല്ലാം ഒതുക്കി സീറ്റിനടിയില്‍ വയ്ക്കാന്‍ അമ്മയെ സഹായിയ്ക്കുന്നുണ്ടു. അല്പം ഇരുത്തം വന്ന പ്രകൃതം. മദ്ധ്യ വയസ്ക്കയായ അല്പം തടിച്ച ശരീര പ്രകൃതിയോടു കൂടിയ അമ്മ സദാ ചിരിയ്ക്കുന്ന മുഖമുള്ളവരാണു. പെട്ടെന്നെന്തോ ഓര്‍ത്തു അവര്‍ ഹാന്‍ഡ് ബാഗു തുറന്നു റ്റിക്കറ്റെടുത്തു സീറ്റ് നമ്പര്‍ പറഞ്ഞു:-

        ‘29, 30, 31……ഈ സീറ്റു….” എന്നോടാണു. ഹിന്ദിയിലാണു.

        ദൈവമേ….ട്രാഫിക് ഭയം ഒന്നു മാറി വന്നതേയുള്ളൂ, ഇനിയിപ്പോ സീറ്റും…?

        “അല്ലല്ലോ, ഞാന്‍ എന്റെ സീറ്റ് നമ്പര്‍ ചെക്കു ചെയ്തതാണു.എന്താണു ബോഗി നമ്പര്‍? A C -3 Tier  തന്നെയോ?”  

        ‘അതെ, നോക്കൂ….”

        ‘ഇവരുടെ പേരു പുറത്തെ ലിസ്റ്റില്‍ ഉണ്ടു. നിങ്ങള്‍ എന്തായാലും ഇരിയ്ക്കൂ, റ്റി.സി. വരട്ടെ.അപ്പോള്‍ നൊക്കാം.” തൊട്ട സീറ്റിലിരുന്നിരുന്ന കണ്ണട വെച്ച മദ്ധ്യവയസ്ക്കന്‍ സമാധാനിപ്പിയ്ക്കാന്‍ ശ്രമിച്ചു. കൂടെ ആണുങ്ങളായി ആരുമ്മില്ല. ബാഗുകളെല്ലം ഒതുക്കി വയ്ക്കാന്‍ ഞാനും സഹായിച്ചു.  കുറെയേറെയുണ്ടു.  ഒന്നും സംഭവിയ്ക്കാത്തതുപൊലെ അല്പസമയത്തിനുള്ളില്‍ പൊട്ടിച്ചിരിയ്ച്ചുകൊണ്ടു മൊബൈലില്‍ അവര്‍ സംസാരിയ്ക്കുന്നതു കണ്ടപ്പോള്‍ ബഹുമാനം തോന്നി. എന്തെങ്കിലും പ്രശ്നം വന്നാല്‍ പതറുന്ന ടൈപ്പ് അല്ലെന്നു തോന്നുന്നു. അല്ലെങ്കില്‍ തന്നെ മൂന്നു സീറ്റുകളില്‍ ഒന്നിനല്ലെ പ്രശ്നമുള്ളൂ, ഡബിള്‍ ഇഷ്യൂ ആയതാവാം.ടി.സി. വന്നാല്‍ ശരിയാവുന്ന പ്രശ്നമല്ലേ ഉള്ളൂ.

       സംഭാഷണം നിര്‍ത്തി കുട്ടികളുമായി തമാശ പറഞ്ഞിരിയ്ക്കുന്നതിനിടയില്‍ പെട്ടെന്നു അവരുടെ മൊബൈല്‍ ശബ്ദിച്ചു. ആഹ്…എന്നൊരു ശബ്ദം പുറത്തു വന്നപ്പോഴറിഞ്ഞു, എന്തോ പ്രശ്നമുണ്ടു. പിന്നീടുള്ള സംഭാഷണത്തില്‍ നിന്നും കാര്യം മനസ്സിലായി, വണ്ടി മാറിയാണു കേറിയിരിയ്ക്കുന്നതു. ചേറിയ കുട്ടിയുടെ ഏങ്ങല്‍ ഒരല്പം കൂടി. വലിയ കുട്ടിയുടെ മുഖത്തൊരല്പം ഉല്‍ക്കണ്ഠ കണ്ടു. അടുത്ത സ്റ്റേഷനില്‍ ഇറങ്ങാനാണു നിര്‍ദ്ദേശം. വളരെ സംയമനത്തോടെയാണവര്‍ എല്ലാം കേട്ടിരുന്നതും പറഞ്ഞിരുന്നതും. തുടര്‍ന്നു തുടര്‍ച്ചയായി വന്നു കൊണ്ടേയിരുന്ന വിളികളില്‍ തങ്ങള്‍ കേരളം കാണാന്‍ പോകുകയാണെന്നു ചിരിച്ചു കൊണ്ടു അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു.

“എങ്ങോട്ടാണു ഈ വണ്ടീ പോകുന്നതു?”

“കേരളം”

എവിടെ പോകണം, നിങ്ങള്‍ക്ക്?”

“ലുധിയാന”

11.10 നു പോകുന്ന ലുധിയാന വണ്ടിയ്ക്കായി വന്നു ട്രാഫിക്കില്‍പ്പെട്ടു വൈകി 11.45 ന്റെ നേത്രാവതിയില്‍ കയറാന്‍ കാരണം രണ്ടു വണ്ടികളുടെയും തുടക്കസ്ഥലമായ ലോകമാന്യതിലക് എന്ന പേരായിരുന്നത്രെ! കഷ്ടം!

  അടുത്ത സ്റ്റേഷനെക്കുരിച്ചു അവര്‍ അന്വേഷിയ്ക്കുകയായിരുന്നു, മൊബൈല്‍ വീണ്ടും ശബ്ദിച്ചു. ഇത്തവണ ചിരിച്ചു തമാശയില്‍ തുടങ്ങിയെങ്കിലും ശബ്ദത്തിലെ പതര്‍ച്ച വ്യക്തമായിരുന്നു.  മുഖത്തേയ്ക്കുനോക്കിയപ്പോള്‍ കണ്ടതു ചിരിച്ച മുഖത്തെ  കവിളുകളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണീര്‍ക്കണങ്ങളായിരുന്നു. നിമിഷങ്ങള്‍ക്കകം നിയന്ത്രണം വിട്ടു അതൊരു പൊട്ടിക്കരച്ചിലായി മാറി. അപ്പുറത്തു നിന്നുള്ള സ്വാന്തനത്താലാവാം, ഹാന്‍ഡ് ബാഗില്‍ നിന്നും ടിഷ്യു എടുത്തു മുഖം തുടച്ചു അവര്‍ സമനില വീണ്ടെടുതു.

  അല്പസമയത്തിനുള്ളില്‍ വണ്ടി താനെ സ്റ്റേഷനിലെത്തി. ഇറങ്ങാനും ബാഗുകള്‍ ഇറക്കാനും പലരും സഹായിച്ചു. കൂട്ടത്തില്‍ സ്വന്തം ബാഗുകള്‍ സ്വസ്ഥാനത്തില്ലേയെന്നു നോക്കാനും മറന്നില്ല.  ഇന്നത്തെക്കാലത്തു ആരേയും വിശ്വസിയ്ക്കാനാവില്ലല്ലോ?

വണ്ടി താനെ സ്റ്റേഷന്‍ വിടുമ്പോള്‍ കണ്ണീരൊഴുക്കി വീട്ടുകാരെ പ്രതീക്ഷിച്ചു നില്‍ക്കുന്ന അവരുടെ മുഖങ്ങള്‍ കണ്ണില്‍പ്പെട്ടു. വെയിലില്‍ തെളിഞ്ഞു നിന്നിരുന്ന പ്രക്രുതിയുടെ മുഖത്തു കണ്ണീര്‍ക്കണമൊഴുക്കാനായെന്നോണം എവിടെ നിന്നോ ഒരു മഴയും ഓടിയെത്തി, അവര്‍ക്കു കൂട്ടിനെന്ന പോലെ. കുറുക്കന്റെ കല്യാണം ഓര്‍മ്മിപ്പിച്ചുകൊണ്ടു..

 

 

 

9 Responses to “മുംബൈട്രാഫിക്കും കുറുക്കന്റെ കല്യാണവും”

 1. ശ്രീ

  തിരക്കിനിടയില്‍ ആര്‍ക്കും സംഭവിച്ചേയ്ക്കാവുന്ന അബദ്ധം.

 2. Bindhu

  മുംബൈ ട്രാഫിക്കിന്റെ കാര്യം അനുഭവിച്ചറിയുന്ന ആളാണ് ഞാന്‍. പ്രത്യേകിച്ച് മഴക്കാലത്ത്. പിന്നെ, ഇങ്ങനത്തെ ഒരബദ്ധം എനിക്ക് നാട്ടില്‍ വച്ച് പറ്റിയിരുന്നു. തിരക്കിട്ടോടിച്ചെന്ന് ഐലന്റ് എക്സ്പ്രസ്സിന് പകരം, വൈകിവന്ന ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്സില്‍ കയറി. കോട്ടയത്തിന് പകരം ആലപൂഴയില്‍ എത്തി. 🙂

 3. Bindhu

  മുംബൈ ട്രാഫിക്കിന്റെ കാര്യം അനുഭവിച്ചറിയുന്ന ആളാണ് ഞാന്‍. പ്രത്യേകിച്ച് മഴക്കാലത്ത്. പിന്നെ, ഇങ്ങനത്തെ ഒരബദ്ധം എനിക്ക് നാട്ടില്‍ വച്ച് പറ്റിയിരുന്നു. തിരക്കിട്ടോടിച്ചെന്ന് ഐലന്റ് എക്സ്പ്രസ്സിന് പകരം, വൈകിവന്ന ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്സില്‍ കയറി. കോട്ടയത്തിന് പകരം ആലപ്പുഴയില്‍ എത്തി. 🙂

 4. Unni Mathoor

  ente sthalamaya shornooril varunna yathrakkarkk ingane sambhavikkarund.

  Eranakuma- Cannanore- Executive expressum
  Cannanore -Eranakulam Intercitiyum
  krithya samayath shornoor stationil ethunnu..

  eth train engott pokanathaanennariyanamenkil Engine poyi nokkenda gathiked….

  palarum eranakulathethinu pakaram kuttippuram poya kathakal dhaaraalam

 5. തോന്ന്യാസി

  ജ്യോത്യേച്ചീ ……

  ഈ പുതിയ ബ്ലോഗ് കാണാന്‍ വൈകിപ്പോയി….

  എന്തായാലും ആ സ്ത്രീയെ നമിച്ചു…..മന:സ്സാന്നിദ്ധ്യം കൈവിടാതിരിക്കാനുള്ള ആ കഴിവ്…..ഭയങ്കരം തന്നെ……….

 6. ശിവ

  ഇവിടെ രാത്രി 8.25 ന് തിരുവനന്തപുരത്ത് നിന്നും മധുരയ്ക്ക് പോകുന്ന നമ്പര്‍ 728 കൊല്ലം-മധുരൈ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാര്‍ക്കും ഇതേ അബദ്ധം ഉണ്ടാവാറുണ്ട്…

 7. anoopsnairkothanalloor

  ഇവിടെ ട്രാഫിക്ക് ജാമിന്റെ കാര്ര്യം പ്രത്യേകം പറയേണ്ടല്ലോ
  രണ്ടായിരത്തി ഇരുപത് ആകുമ്പോള്‍
  ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക്ക് ജാം ദുബായിലായിരിക്കും എന്നാണ്
  അറിവ്

 8. Dr Haroon

  i have also wrongly got into a train
  i was going to calicut from ernakulam and i lodged a train going through palakkad.
  actually my train was late and i entered the train which was there at station on right time…. 🙂
  i got down at palakkad and caught a bus to kozhikkode…

  I remember that when i read this..

 9. Praveen

  ennalum thudakka sthalathinte peru maathram nokki trainil keri yaathra cheytha ivare sammathikkanam

Leave a Reply

Your email address will not be published. Required fields are marked *