ഇനിയൊരു ജന്മം കൂടി……?

Posted by & filed under കവിത.

 

 

ഇടവിടാതിങ്ങു മഴയിന്നുപെയ്യുന്നു

കടലിലും കരയിലുമൊന്നു പോലെ

കയറിക്കിടക്കുവാന്‍ കൂരയില്ലാത്തോര്‍ക്കു

കരളില്‍ത്തീ, കണ്ണില്‍ക്കദനപ്പുഴ.

ഇടയില്ലിതൊന്നിനുമൊട്ടു പോലു-

മിടമില്ല, തല ചായ്പ്പതിന്നു സ്വസ്ഥം.

കടമേറെ, കനിവോടെ നല്‍കിടാനായ്

കഴിവുള്ള ബന്ധുക്കള്‍ കണ്ണടപ്പൂ!

മഴ വരുന്നു തൊട്ടു പിന്നാലെയായ്

വരുമല്ലൊ രോഗങ്ങളൊന്നിനൊന്നായ്

മതി വരും ജീവന്‍, വിശപ്പടക്കാ-

നതുമിന്നു കിട്ടാന്‍ ഞെരുക്കമല്ലോ?

ഇവിടെ ഞാനെണ്ണട്ടെ, മാരിയിതു

കഴിയുന്നാ നാളിനായ് കാത്തിടട്ടെ!

ഇതുപോലെ തന്നെ ഞാന്‍ കാത്തതല്ലെ

ഉരുകുന്ന തീയാകും വേനലതു

കഴിയുവാ, നൊരു മഴ പെയ്തിടാനായ്

 അതു വെറുമക്കരപ്പച്ചയെന്നോ?

അഴലിന്റെ നാളുകളെന്നുമെന്നോ?

ഒരു നല്ല നാളെയെക്കിട്ടിടാനായ്

ഒരു ജന്മമിന്നിനി വേറെ വേണോ? 

 

 

 

 

4 Responses to “ഇനിയൊരു ജന്മം കൂടി……?”

 1. ശ്രീ

  “ഇവിടെ ഞാനെണ്ണട്ടെ, മാരിയിതു

  കഴിയുന്നാ നാളിനായ് കാത്തിടട്ടെ!

  ഇതുപോലെ തന്നെ ഞാന്‍ കാത്തതല്ലെ

  ഉരുകുന്ന തീയാകും വേനലതു”

  വേനലായാലും മഴയായാലും സാധാരണക്കാര്‍ക്കു ദുരിതം തന്നെ… അല്ലേ?

 2. anoopsnairkothanalloor

  ഹാവു ഇവിടെ ഇത് സുഖമുള്ള കാഴച്ചയാണ്

 3. ശിവ

  ഇഷ്ടമായി ഈ മഴക്കാല വ്യാകുലതകള്‍…

  സസ്നേഹം,

  ശിവ

 4. Sreehari

  Assalaayi oppole..

Leave a Reply

Your email address will not be published. Required fields are marked *