വർണ്ണനൂലുകൾ-3

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകൾ-3

സുഹൃദ്ബന്ധത്തിനു വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ല. കൊടുക്കുന്നതിലോ കിട്ടുന്നതിലോ അല്ല യഥാർഥമായ സ്നേഹം ഉടലെടുക്കുന്നതു. ചിലപ്പോൾ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നവർ നമുക്കു അത്യന്തം പ്രിയങ്കരരായി മാറുമ്പോൾ മുജ്ജന്മബന്ധം എന്നൊക്കെ പറയുന്നതു ശരി തന്നെയോ എന്നു തോന്നിപ്പോകാറുണ്ടു.അനുഭവങ്ങൾ ജീവിതത്തിന്റെ കാഴ്ച്ചപ്പാടിൽ വരുത്തുന്ന മാറ്റങ്ങൾ കുറച്ചൊന്നുമല്ല. പ്രതീക്ഷിയ്ക്കാത്ത സന്മനസ്സുമായി അത്യാവശ്യമായ സമയങ്ങളിൽ കൂടെ നിന്നിട്ടുള്ളവരെക്കുറിച്ചൊന്നോർത്തു നോക്കൂ. നിങ്ങൾ തന്നെ ഒരു പക്ഷേ ആശ്ചര്യപ്പെട്ടു പോകും. പലപ്പോഴും മറവിയുടെ തിരശ്ശീലയ്ക്കുള്ളിൽ ഒളിച്ചു നിൽക്കുന്ന ഇവരെ ഓർമ്മിയ്ക്കാൻ തക്കവണ്ണം സംഭവവികാസങ്ങൾ കാണണമെന്നില്ല, എന്നാൽ ഓർമ്മിയ്ക്കുമ്പോഴേ മനസ്സിലാകൂ അവർ നമുക്കു ആരൊക്കേയോ ആയിരുന്നുവെന്നു.

ഇന്നെന്നപോലെ ഓർമ്മയിലുണ്ടു, 1992.ൽ ആദ്യ ട്രാൻസ്ഫെറിന്റെ ഉൽക്കണ്ഠ നിറഞ്ഞ സന്തോഷത്തിൽ കൽക്കത്തയിലെത്തിയതും മുംബൈ മഹാനഗരിയുമായി ഇണങ്ങിയിരുന്ന ഞങ്ങളെല്ലാം കൽക്കത്തയുമായി പൊരുത്തപ്പെടാൻ കഠിനമായി ശ്രമിച്ചിരുന്നതും. ആദ്യവർഷം എല്ലാവരും ദു:ഖിതരായിരുന്നു. രണ്ടാമത്തെ വർഷമായപ്പോഴേയ്ക്കും കൽക്കത്താജീവിതം ആസ്വദിയ്ക്കാനായിത്തുടങ്ങി. പല യാത്രകളും കലകളുടെ ആസ്വാദനവും രസികരഞ്ജിനി സംഗീതസഭയിലെ വിലയേറിയ കച്ചേരികളും മനസ്സിനെ ആനന്ദതുന്ദിലമാക്കാൻ തുടങ്ങി. കാലാവസ്ഥയിലെ രൂക്ഷതയുമായും പൊരുത്തപ്പെടാൻ പഠിച്ചു.കൽക്കത്ത മെട്രൊ അന്നു പ്രാവർത്തികമായിക്കഴിഞ്ഞിരുന്നു. ശശ്യേട്ടനു ഓഫീസിൽ പോകാൻ ട്രാവൽ സമയം വെറും 9 മിനിറ്റ് എന്നതു ഒരു സംഭവം തന്നെയായിരുന്നു, മുംബെയിലെ 1 1/2 മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോൾ. കുട്ടികൾ സ്കൂളിനെ ഇഷ്ടപ്പെടാൻ തുടങ്ങി കൂട്ടുകാരും ക്രിക്കറ്റു ക്യാമ്പുകളും ധാരാളം. ഡ്രോയിംഗ് -പെയിന്റിംഗ് ക്ലാസ്സുകൾ ജീവിത്ത്തിന്റെ ഭാഗമായി മാറി. ഞാനും കൂട്ടത്തിൽക്കൂടാൻ ശ്രമിച്ചു.

പക്ഷെ കൽക്കത്ത ജീവിതത്തിന്റെ ആദ്യ നാളുകൾ പലതുകൊണ്ടും ബുദ്ധിമുട്ടു നിറഞ്ഞതും ആകാംക്ഷാഭരിതവുമായിരുന്നു. അവിടുത്തെ ആളുകൾ, കാലാവസ്ഥ, ജീവിതരീതി ഒക്കെ മുംബെയിൽ നിന്നും വ്യത്യസ്ഥം. ആരോഗ്യപ്രശ്നം കുട്ടികളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ഒപ്പം രസകരമായ ചില സംഭവങ്ങൾ ഇന്നും ചിരി വരുത്തുന്നു. വന്നയിടയ്ക്കാണു, സ്കൂളിൽനിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുവരാൻ പോകുന്ന സമയം എന്നെ ഏറ്റവും അലോസരപ്പെടുത്തിയിരുന്നതു റോഡിനിരുവശത്തു നിന്നും എന്നെത്തന്നെ നോക്കുന്ന ആൾക്കാരായിരുന്നു. ഇവർക്കെല്ലാം ഒരു മാനേർസും ഇല്ലേ എന്നു ചിന്തിയ്ക്കുമ്പോഴും മറ്റുള്ളവർ ശ്രദ്ധിയ്ക്കുന്നുവെന്ന വിചാരം വല്ലാതെ വിഷമിപ്പിച്ചിരുന്നു. എന്റെ വേഷ വിധാനത്തിൽ എന്തെങ്കിലും അപാകതകൾ കാണുമോ എന്നും ഭയന്നിരുന്നു. ഏതാനും മാസങ്ങൾക്കകം ചുറ്റുവട്ടത്തുമുള്ള പലരും നല്ല സുഹൃത്തുക്കളായി മാറിയപ്പോഴാണു ഇവർ എന്നെ ശ്രദ്ധിയ്ക്കുന്നതിനുള്ള കാരണം പിടികിട്ടിയതു. മുംബൈ ജീവിതത്തിലെ സാധാരണ സംഭവമായ വേഗതയോടുകൂടിയ എന്റെ നടത്തമാണു അവരെ അത്ഭുതപ്പെടുത്തിയിരുന്നതെന്നു. അതു അറിഞ്ഞ ദിവസം ഞാൻ എത്രമാത്രം ആശ്വസിച്ചെന്നോ! ചിരിച്ചതിനും കണക്കില്ല. അവിടത്തുകാരുടെ പൊതുവേ എല്ലാ കാര്യങ്ങൾക്കുമുള്ള  സാവധാനരീതിയ്ക്കു നേരെ എതിരാണല്ലോ മുംബൈറ്റിയുടെ പാച്ചിൽ. അന്നു തോന്നാറുണ്ടു, പ്രിയപ്പെട്ടവർക്കു എന്തെങ്കിലും സംഭവിച്ചെന്നറിഞ്ഞാൽ പ്പോലും ഒരുപക്ഷേ ഇവർക്കൊക്കെ വളരെ സാവധാനത്തിൽ ഇങ്ങനെത്തന്നെയേ പ്രതികരിയ്ക്കാൻ കഴിഞ്ഞെന്നു വരുള്ളൂ എന്നു.

റോയ് ശശ്യേട്ടന്റെ സഹപ്രവർത്തകനായിരുന്നു. എക്സ്-മിലിറ്ററി. എന്നിട്ടും ലിഫ്റ്റിൽ കയറാൻ പേടി.ലിഫ്റ്റ്ഫോബിയ.ചിരിയ്ക്കാതെങ്ങിനെ?

മൂന്നുനില സ്റ്റെയർകേസ് വഴി കയറിത്തന്നെയേ ഓഫീസിലെത്തൂ. തിരിച്ചു ഇറങ്ങുമ്പോഴും അങ്ങിനെത്തന്നെ. ആരൊക്കെ കൂടെ ഉണ്ടെങ്കിലും അതിനു മാറ്റമില്ല. മൂന്നാം നിലയിൽ നിന്നും ശശ്യേട്ടന്റെ ഓഫീസ് ഏഴാം നിലയിലേയ്ക്കു മാറ്റിയപ്പോൾ 7 നില നടന്നു കയറാനാവില്ലെന്നു പറഞ്ഞു റോയ് എന്ന എക്സ്-മിലിട്ടറിവാല മൂന്നാം നിലയിൽത്തന്നെ തുടർന്നു. അതു റോയിയ്ക്കും വിഷമമായെന്നു തോന്നി.  ഒന്നു രണ്ടു വട്ടം ഓഫീസ് ആവശ്യാർത്ഥം വീട്ടിൽ വന്ന റോയ് പെട്ടെന്നു വീട്ടിലെ അംഗം പോലെയായി മാറി. കുട്ടികളുമായി വളരെ ഇണങ്ങി. എല്ലാ കാര്യങ്ങൾക്കും ഉപദേശവും സഹായവും തരാനായി സദാ സന്നദ്ധനായി. മിലിറ്ററി കാന്റീനിൽ നിന്നും വീട്ടു സാമാനങ്ങൾ കുറഞ്ഞ വിലയ്ക്കു വാങ്ങിത്തരാൻ  റോയിയ്ക്കു പ്രത്യേകം ഉത്സാഹമായിരുന്നു. ലിഫ്റ്റിൽ എന്നതുപോലെ തന്നെ ബസ്സിലോ ട്രാമിലോ മെട്രൊവിലോ റോയ് സഞ്ചരിയ്ക്കില്ല. റോയിയുടെ സന്തത സഹചാരിയായി ഒരു സൈക്കിൾ ഉണ്ടു. 16 കിലോമീറ്റർ സൈക്കിൾ ചവുട്ടിയാണു റോയ് എന്നും ഓഫീസിലെത്തുന്നതു. സാധനൺഗളൊക്കെ വാൺഗി ഞങ്ങളുടെ വീട്ടിലെത്തുന്നതും ഈ സൈക്കിളിൽ തന്നെ. കാലാവഥയെക്കുറിച്ചും ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെക്കുറിച്ചും റോയ് വാചാലനാകാറുണ്ടു. ഇന്നും കപ്പലണ്ടി വറക്കുമ്പോൾ റോയിയെ ഓർമ്മ വരും. നല്ല തരം കപ്പലണ്ടി മിലിറ്ററി കാന്റീനിൽ നിന്നും വാങ്ങിക്കൊണ്ടുവന്നു തന്നു വറക്കാൻ പഠിപ്പിച്ചതെല്ലാം റോയ് അയിരുന്നു.. ഒരു മകൾ മാത്രം. അവളെ നന്നായി പഠിപ്പിച്ചു ഉദ്യോഗസ്ഥയാക്കുക എന്നതു മാത്രമായിരുന്നു റോയിയുടെ ഒരേയൊരു സ്വപ്നം. അതെപ്പോഴും പറയും. പറയുമ്പോൾ റോയിയുടെ മുഖത്തും കണ്ണിലും സ്വപ്നം വിടരും. ഞങ്ങളും പലവിധത്തിൽ റോയിയ്ക്കായി ഉപദേശങ്ങൾ നൽകിയിരുന്നു.സദാ പ്രസന്ന വദനനായ റോയിയുടെ സാന്നിദ്ധ്യം കുട്ടികൾക്കും ഏറെ പ്രിയമുള്ളതായിരുന്നു. റോയി ആരുമായിരുന്നില്ല ഞങ്ങൾക്കു, പക്ഷേ റോയി എല്ലാമായിരുന്നു താനും. ആ സാന്നിദ്ധ്യം നൽകിയിരുന്ന പലതും ഒരുപക്ഷേ പറയേണ്ട വിധം എന്തെന്നു എനിയ്ക്കറിയില്ല.

ഏതാനും വർഷങ്ങൾക്കു മുൻപൊരു ദിവസം ആകസ്മികമായി റോയിയുടെ മരണത്തെക്കുറിച്ചറിഞ്ഞു. വല്ലാത്ത വിഷമം തോന്നി. മകൾ പഠിച്ചു ജോലിക്കാരിയായിക്കാണുമോ? വിവാഹിതയായിക്കാണുമോ? റോയിയുടെ സ്വപ്നം പൂവണിഞ്ഞു കാണുമോ? ഒന്നും അറിയില്ല. ഒന്നു മാത്രമറിയാം, റോയി ഇന്നും ഞങ്ങളുടെയൊക്കെ മനസ്സിൽ പ്രസന്നവദനനായിത്തന്നെ ജീവിയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *