വർണ്ണനൂലുകൾ-4

Posted by & filed under വർണ്ണ നൂലുകൾ.

വെളുത്തു തടിച്ചു , ഉയരം കുറഞ്ഞു, കുലീനത്വം സ്ഫുരിയ്ക്കുന്ന വട്ടമുഖത്തോടുകൂടിയ ഒരു എഴുപതുകാരൻ . ഒരു നീളമുള്ള തോൾസഞ്ചിയുണ്ടു. മഹാരാഷ്ട്രീയനാണെന്നു തോന്നി, ഒറ്റനോട്ടത്തിൽ.  എനിയ്ക്കൽ‌പ്പം മുന്നിലായി ബെസ്റ്റ് ബസ് ഡേപ്പോയിലെ ക്യൂവിൽ നിന്നും ആരോടെന്നില്ലാതെ  തനിയ്ക്കു പോകാനുള്ള സ്ഥലത്തേയ്ക്കുള്ള ബസ്സു ഇതു തന്നെയല്ലേ എന്ന സംശയം ഉന്നയിച്ചു.  8-10 പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നിട്ടും ആരും ഒന്നും മിണ്ടുന്നതായി കണ്ടില്ല. വർളി-പ്രഭാദേവി ബസ് സ്റ്റോപ്പാണു സ്ഥലം.  അൽ‌പ്പം തിരക്കുള്ള സമയമാണെങ്കിലും ശരിയായ തിരക്കു വരാനിരിയ്ക്കുന്നതേയുള്ളൂ.   ആരും ഒന്നും മിണ്ടാതിരിയ്ക്കുനതു കണ്ടപ്പോൾ എനിയ്ക്കൽ‌പ്പം വിഷമം തോന്നി.  പലപ്പോഴും മുംബയിൽ ഞാൻ അനുഭവിച്ചിട്ടുള്ളതാണിതു. കൃത്യമായി ബസ് നമ്പർ അറിഞ്ഞാൽ എവിടെയും എത്തിച്ചേരാം. അതല്ലെങ്കിലോ വല്ലാതെ ചുറ്റിക്കറങ്ങാനും സാധ്യതയുണ്ടു.  മുന്നോട്ടു ചെന്നു ഇദ്ദേഹത്തിനു പോകേണ്ട സ്ഥലത്തേയ്ക്കുള്ള ശരിയായ ബസ്നമ്പറും മറ്റു   വിശദാംശങ്ങളും കൊടുക്കാതിരിയ്ക്കാൻ എനിയ്ക്കായില്ല. തികഞ്ഞ നിസ്സംഗതയോടെ നിൽക്കുന്ന മറ്റുള്ളവരോടു എനിയ്ക്കു പുച്ഛമാണു തോന്നിയതു.  ഒരു സഹജീവിയെ സഹായിയ്ക്കാനുള്ള സന്നദ്ധതപോലും കാട്ടാനാവില്ലേ ഇവർക്കു?

ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല, മന:പൂർവ്വമാകാനിടയില്ല.  അവരോടാരോടും തന്നെ അദ്ദേഹം  പ്രത്യേകമായി ചോദിച്ചിരുന്നില്ലല്ലോ?  ചോദിച്ചിരുന്നെങ്കിൽ ഒരു പക്ഷേ മറുപടി കിട്ടുമായിരുന്നേനെ!  സാധാരണയായി ഇത്തരം സഹായങ്ങൾ ചെയ്യാൻ വിമുഖത കാട്ടാത്തവരാണു മുംബറ്റികൾ.എല്ലാവരും അവനവന്റെ ചിന്തകളുടെ ലോകത്തായിരുന്നിരിയ്ക്കും. രാവിലെ ഓഫീസിലെത്താനുള്ളത്ര തത്രപ്പാടു തിരിച്ചെത്താനും കാണും. തിരിച്ചു വരുമ്പോഴാണെങ്കിലോ, ഉള്ള എനർജിയൊക്കെ പോയിക്കാണും.  ചെന്നാൽ ചെയ്തു തീർക്കാനുള്ള പണികളും നാളെ കാലത്തു ചെയ്യാനുള്ളവയും ഇന്നു തന്നെ മനസ്സിൽ കിടന്നു കറങ്ങുന്നുണ്ടാവും. യാന്ത്രികമായ ജീവിതത്തിലെ എത്രയോ വിലയേറിയ  മണിക്കൂറുകൾ ഇങ്ങനെ ബസ്സ്റ്റോപ്പുകളിൽത്തന്നെ ഇവരൊക്കെ ചിലവഴിയ്ക്കുന്നുണ്ടായിരിയ്ക്കും? ഇതെല്ലാം ഇവർക്കൊന്നും പുതുമയാകാനും സാധ്യതയില്ല. കൊച്ചു കാര്യങ്ങളിൽ‌പ്പോലും അപ്സെറ്റ് ആകുന്ന എന്നെപ്പോലുള്ളവർക്കു മാത്രമേ ഒരുപക്ഷേ ഇങ്ങനെയൊക്കെ തോന്നുന്നുണ്ടാവുള്ളൂ.

”ആപ്കാ ശുഭ് നാം ക്യാ ബേഠീ..”  സഹായിച്ചതിലെ സന്തോഷമാകാം പേരു പറഞ്ഞപ്പോൾ  മനോഹരമായി ഒരു മറുപടിയായെന്നപോലെ ചിരിച്ചു അദ്ദേഹം പോക്കറ്റിൽ നിന്നും കടലാസും പേനയുമെടുത്തു എന്തോ കുറിയ്ക്കുവാൻ തുടങ്ങി. എനിയ്ക്കുള്ള ബസ് വൈകുന്നതിനാൽ ഞാനും അസ്വസ്ഥയാകാൻ തുടങ്ങി. മറ്റുള്ളവരെപ്പോലെത്തന്നെ വീട്ടിലെത്തിയാലുടൻ ചെയ്തു തീർക്കാനുള്ള പണികളുടെ ചിന്തകൾ ഇതിനകം എന്നെയും വേട്ടയാടാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.  നല്ല തിരക്കു പിടിച്ച ഒരു ദിവസത്തിന്റെ അവസാനത്തിലെ ക്ഷീണം തീർക്കാൻ ഇനിയും മണിക്കൂറുകൾ ഏറെ കഴിയണം. ചെയ്തു തീർക്കാൻ ജോലികൾ ഏറെ.

”ഓക്കെ ബേഠീ..താങ്ക് യൂ”     നന്ദി പറഞ്ഞു കൊണ്ടു എന്റെ കൈയ്യിൽ ഒരു കടലാസു കഷ്ണവും തന്നു ആ വയോവൃദ്ധൻ ചിരിച്ചുകൊണ്ടുതന്നെ വന്നു നിന്ന ബസ്സിൽ ക്കയറി യാത്രയായി. എന്തായിരിയ്ക്കുമെന്നോർത്തു അദ്ദേഹം തന്ന ചെറിയ കടലാസുകഷ്ണം തുറന്നു നോക്കിയപ്പോൾ നാലുവരി കവിതയാണതിൽ കണ്ടതു. വായിയ്ക്കുംതോറും സന്തോഷം കൂടിവന്നു. എന്റെ പേരു കൂടി ഉൾപ്പെടുത്തി ആ ബസ്സ്റ്റോപ്പിൽ നിന്നുകൊണ്ടു തന്നെ നന്ദിപറഞ്ഞു ആശംസകൾ നേരുന്ന ഒരു നാലുവരിക്കവിത. സത്യത്തിൽ അതിനു പുറകിലെ ആ സഹൃദയത്വം എന്നെ അത്ഭുതപ്പെടുത്തുകയാണൂണ്ടായതു. അതിനുപയോഗിച്ച വഴിയും. ആ സന്തോഷവും ഊർജ്ജസ്വലതയും നിറഞ്ഞ മുഖം മനസ്സിൽ വീണ്ടും ഓർമ്മ വന്നു. എല്ലാ ക്ഷീണവും മറന്നപോലെ ഒരു നവോന്മേഷം  എനിയ്ക്കു കിട്ടി. സുരക്ഷിതമായി പേഴ്സിൽ മടക്കി വച്ച ആ കടലാസ് വീട്ടിലെത്തുന്നതിനു മുൻപായി ഞാൻ പലവട്ടം വായിച്ചു കഴിഞ്ഞിരുന്നു.

വീട്ടിലെത്തിയതും എല്ലാവരോടും ഇക്കാര്യം പറഞ്ഞു. അസാധാരണമായ ഈ പ്രവൃത്തിയിൽ അവർക്കും അത്ഭുതം. പലവട്ടം വായിച്ച കടലാസ് എന്റെ മണിപ്പേഴ്സിന്റെ കൊച്ചറയിൽ ഭദ്രമാക്കി വച്ചു. പക്ഷേ ഈ വിവരം പറഞ്ഞപ്പോൾ പിറ്റേന്നു എന്റെ അയൽ വാസി  പറഞ്ഞ  കമന്റ് ആണു എന്നെ ഏറെ ചിരിച്ചതും ചിന്തിപ്പിച്ചതും.

‘ ഇന്നു വ്യാഴാഴ്ച്ഛയല്ലേ,  നിങ്ങൾ സായിബാബയുടെ വ്രതമെടുത്തിരിയ്ക്കുന്ന ദിവസം. നിങ്ങളെ പരീക്ഷിയ്ക്കാൻ സായിബാബ തന്നെ വേഷം മാറി വന്നതാകാം. ഭാഗ്യം. ദർശനം കിട്ടിയല്ലോ?”

മഹാമനസ്കനായ ഒരാളെ സായിബാബയായി കണ്ടതിലല്ല, മറിച്ചു അവരുടെ ചിന്താഗതിയാണെന്നെ ചിരിപ്പിച്ചതു. അങ്ങിനെ ദർശനം തരുന്ന ദൈവങ്ങൾ ഉണ്ടായിരുന്നെങ്കിലെത്ര നന്നായിരുന്നേനേ! വിശ്വാസം മനുഷ്യനെക്കൊണ്ടു എന്തെന്തെല്ലാം ചെയ്യിപ്പിയ്ക്കുന്നു. എന്നെസ്സംബന്ധിച്ചിടത്തോളം മനസ്സിൽ വളരെ പോസിറ്റീവ് തരംഗങ്ങളുണർത്തിയ ഒരു പ്രവൃത്തിയായിരുന്നു ആ യാത്രക്കാരന്റേതു. ഇനിയുമിനിയും സഹജീവികൾക്കു കൊച്ചുസഹായങ്ങൾ ചെയ്യാൻ പ്രേരിപ്പിയ്ക്കുന്ന ഒന്നു. ഒരു പക്ഷേ അദ്ദേഹത്തിന്റെ മനസ്സിലും ഇതു പോസിറ്റീവ് ചിന്തകൾ തന്നെ ഉണ്ടാക്കിയെന്നതിനുദാഹരണമാണല്ലോ ആ നാലുവരിക്കവിത. അതാണു ശരിയായ സദ്പ്രവൃത്തി. നിങ്ങളുടെ വാക്കുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരാളുടെ ചുണ്ടിൽ നിങ്ങൾക്കു പുഞ്ചിരി വിരിയിയ്ക്കാനായെങ്കിൽ അതിൽക്കൂടുതലായി എന്ത് വേണം?

കാലം ഏറെയായി ഇതു നടന്നിട്ടു, 10 വർഷമെങ്കിലുമായിക്കാണും. പഴയ പേഴ്സുകളിൽ നിന്നും ഈ കടലാസു കഷണം പുതിയവയിലേയ്ക്കു മാറിക്കൊണ്ടേയിരുന്നു. ഇടയ്ക്കിടെ അതൊന്നെടുത്തു വായിയ്ക്കാനും തോന്നാറുണ്ടു. അപ്പോൾ ആ മുഖം അവ്യക്തമായ് ചിരിച്ചു കൊണ്ടു മുന്നിൽ വരും. അദ്ദേഹം ഇന്നുണ്ടോ, എവിടെ എന്നൊന്നും അറിയാൻ പോലും വഴിയില്ല. കാരണം ഞങ്ങൽ പരസ്പരം പരിചയപ്പെടുകപോളുമുണ്ടായില്ലല്ലോ. തീർത്തും അപരിചിതനായ ആരോ ഒരാൾ. പക്ഷേ ആ ഒരൊറ്റ പ്രവൃത്തി എന്നെ എത്രയധികം മാറ്റി എന്നതു ഒരു സത്യം മാത്രം.

മനുഷ്യൻ വിചിത്ര ജീവി തന്നെ. പക്ഷേ അവനെ മനുഷ്യനാക്കുന്നതും മനുഷ്യത്വം അവനേകുന്നതും സമൂഹത്തിലെ ഇത്തരം വർണ്ണനൂലുകളുടെ മിന്നലുകൾ തന്നെയാണു. അല്ലയോ നല്ലവനായ അപരിചിതാ…നന്ദി, നന്ദി. ഇതുപോലെ പല മിന്നലുകളും എന്നെപ്പോലെ മറ്റു പലർക്കും അങ്ങേകിയിട്ടുണ്ടെങ്കിൽ അങ്ങയുടെ ജീവിതം ധന്യം തന്നെ! ഇനിയുമിനിയും  ഇതേ മനസ്ഥിതി  വച്ചു പുലർത്തുന്നവരെ കാണാനിടവരാനായി പ്രാർത്ഥിയ്ക്കുകയാണു…….

One Response to “വർണ്ണനൂലുകൾ-4”

  1. വികടശിരോമണി

    മാനവികതയുടെ സ്പന്ദനങ്ങൾ മിടിക്കുന്ന കുറിപ്പ്. ആ കവിയെ വേണമെങ്കിൽ ദൈവം എന്നു വിളിക്കാം. ഋഷിമാർ ദൈവങ്ങളാണ് എന്നുണ്ടല്ലോ. നഃ ഋഷി കവി എന്നും.
    നൈമിഷികമായ ഇത്തരം മിന്നലുകൾക്കു മുന്നിലാണ് നാം വാക്കുകളില്ലാത്തവരാകുന്നത്. ഈ ലോകം കൂടുതൽ ജീവിതാർഹമാണെന്ന് ബോധ്യമാകുന്നത്.
    നന്ദി ഈ കുറിപ്പിന്.

Leave a Reply

Your email address will not be published. Required fields are marked *