കൊളുത്താത്ത പന്തങ്ങൾ

Posted by & filed under കവിത.

ഒരാ ട്ടിൻ പറ്റത്തെപ്പോലെ

ശബ്ദമുണ്ടാക്കി മുട്ടിയുരുമ്മി

മുൻ നിരയിലെ ചലനത്തിനൊത്തു

ഇരുട്ടിലേയ്ക്കു..

ഇവിടെ വഴിയില്ല,

വഴി തെളിയിയ്ക്കാനായി

വടി പിടിച്ച ആട്ടിടയനുമില്ല

മുന്നിലെ ആളനക്കം

എനിയ്ക്കറിയാനാകുന്നില്ല

പിന്നിലോ

നോക്കാനെനിയ്ക്കു ഭയമാണു

മുന്നോട്ടു നീങ്ങാനെനിയ്ക്കാവും

ആ പന്തമൊന്നു കത്തിയ്ക്കാമോ?

ഹേ കാവൽക്കാരാ……

എനിയ്ക്കറിയാം നിങ്ങളിവിടെ

എവിടെയോ ഉണ്ടെന്നു

നിങ്ങളുടെ വശം പന്തമുണ്ടെന്നും

എനിക്കവ്യക്തമായോർമ്മയുണ്ടു.

നിശ്ശബ്ദതയുടെ കാഠിന്യം

എന്നെ ഭ്രാന്തു പിടിപ്പിയ്ക്കുന്നു

കാറ്റുമൂളുന്ന തുളകളിൽ നിന്നും

തിളച്ചു മറിയുന്ന ദ്രാവകം

എന്റെ മേൽ വീഴാതിരിയ്ക്കട്ടെ

എന്ന പ്രാർത്ഥനയാണെന്റെ ചുണ്ടുകളിൽ

അടച്ചിടപ്പെട്ട ചതിക്കുഴികളെന്നെ

അവസരം കാത്തിരിയ്ക്കുന്ന

നരഭോജികൾക്കു വലിച്ചെറിയാതിരിയ്ക്കട്ടെ

എന്നു മാത്രമാണെന്റെ മനസ്സിൽ

നരച്ചീറുകളുടെ സീൽക്കാരശബ്ദം

അടുത്തു വരുന്നല്ലോ?

ഇരുട്ടിന്റെ കരാളഹസ്തങ്ങൾ

ഇനിയുമിനിയും മുറുകും മുൻപായ്

ഹേ! കാവൽക്കാരാ…

നിന്റെ കത്തിച്ച പന്തത്തിന്റെ പ്രകാശത്തിനായി മാത്രം

യാചിയ്ക്കുകയാണു…..

5 Responses to “കൊളുത്താത്ത പന്തങ്ങൾ”

 1. Sreeja

  നന്നായിട്ടുണ്ട്, പന്തം കൊളുത്തപ്പെടും

 2. Sundaran Kadathur

  ജീവിതത്തില്‍ നമുക്ക് എത്തിപ്പിടിക്കാന്‍ കഴിയാതെ വരുന്ന നേട്ടങ്ങളെ ഒരു തുലാസ്സില്‍ വെച്ച് മറു ഭാഗത്ത്‌
  നമ്മുടെ കഠിനാധ്വാനവും ചേര്‍ത്ത് തൂക്കി നോക്കിയാല്‍ എവിടെയാണ് ഉയര്‍ച്ച എവിടെയാണ് താഴ്ച എന്ന് നിര്‍ണയാതീതമായി നില്‍ക്കുന്ന അവസ്ഥയില്‍ ഈ കത്തിച്ച പന്തത്തിന്റെ പ്രകാശം അവിടെ ചൊരിയട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

 3. Krishan Velanezhy

  Kavithakal nannavunnund..Prakasham parathunna ee kavithayum..

 4. Neelan Mandoor

  വളരെ ലളിതമായ കവിത. ഇനിയും ഇങ്ങനത്തെ നൂറായിരം പന്തങ്ങള്‍ കത്തി ജ്വലിക്കട്ടെ, അത് മാനവികതയുടെ അന്തരാത്മാവുകളില്‍ വെളിച്ചം വീശാനുതകുന്ന ഒരു പ്രചോദനത്തിന്റെ ഒരിക്കലും അണയാത്ത തീക്കനല്‍ ആകട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു…

 5. Jyothi

  thankz sreeja, sundaran, krishnan and neelan. definitely this will encourage me to write more

Leave a Reply

Your email address will not be published. Required fields are marked *