ഡെക്കാൻ ഒഡീസ്സി-10

Posted by & filed under Yathravivaranangal.

ബീബി-ക-മക്ബറ

മുൻപു പലപ്പോഴും കേൾക്കാനിടയായിട്ടുണ്ടു, ഔറംഗാബാദിലെ ബീബി-ക-മക്ബറയെക്കുറിച്ച്. ഇ തിനെ പാവങ്ങളുടെ താജമഹൽ /ദഖനി താജ് /ഡെക്കാന്റെ ടാജ് എന്നും വിളിയ്ക്കാറുണ്ട്.

കഴിഞ്ഞ വർഷം താജമഹൽ സന്ദർശിച്ചതിനു ശേഷം കരുതിയിരുന്നു, എന്നെങ്കിലും ബീബി-കാ-മക്ബറയും സന്ദർശിയ്ക്കണമെന്നു. അതിത്ര വേഗമാകുമെന്നു കരുതിയില്ലെന്നു മാത്രം.  1660ൽ ഔറംഗസീബിന്റെ മകനായ അസം ഷാ തന്റെ അമ്മ ദിൽ രസ് ബനോ ബേഗത്തിന്റെ (റബിയ ദുറാനി)ഓർമ്മയ്ക്കായി പണികഴിപ്പിച്ച ഈ മക്ബറ സ്ഥിതിചെയ്യുന്നതു ഔറംഗാബാദ് ടൌണിൽ നിന്നും 8 കിലോമീറ്റർ ദൂരെ ബേഗംപുരയ്ക്കടുത്തായാണു.  പ്രവേസനഫീസ് 5 രൂപ.  വിദേശീയർക്കു നൂറുരൂപയും. വൈകീട്ടു ഏതാണ്ട് നാലരയോടുകൂടിയാണു ഞങ്ങൾ അവിടെ എത്തിയതു.

നല്ല ഉയരമുള്ള ആർച്ചോടുകൂടിയ പ്രവേശനമാളികയും നാലുപുറവും ദ്വാരങ്ങളും  കൊത്തു വേലകളും കൊണ്ടു അലങ്കരിയ്ക്കപ്പെട്ട മതിൽക്കെട്ടും കൊണ്ടു സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്ന  ബീബി-ക-മക്ബറ ആർച്ചിനുള്ളിൽക്കൂടി പുറമേ നിന്നു തന്നെ കാണാനാകുന്ന രീതിയിലാണു നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നതു.  പലതരത്തിലുമുള്ള  കൊത്തുപണികൾ പ്രവേശന കെട്ടിടത്തിന്മേൽ കാണാമായിരുന്നു.  അകത്തു കടന്നപ്പോൾ ടാജ്മഹലുമായുള്ള സാമ്യത അല്ലെങ്കിൽ ടാജ് മഹലിന്റെ ഓർമ്മയുണർത്തുന്ന പലതും കാണാനായി. വെള്ളം  നിറച്ച ചെറിയ പൂൾ, അതിനു മുൻപിലായി ബെഞ്ചിൽ ടാജിലേപ്പോലെതന്നെ ഫോട്ടോയെടുക്കുന്ന സന്ദർശകർ, പ്രധാനകെട്ടിടത്തിന്നു മുൻ വശത്തായുള്ള നടവഴികൾ,  അലങ്കാര വൃക്ഷങ്ങൾ,  ഫൌണ്ടനുകൾക്കായി  വെള്ളം നിറയ്ക്കാനുള്ള  നീണ്ട വീതിയുള്ള ചാലുകൾ ( പക്ഷേ അവയിലൊന്നും തന്നെ വെള്ളമില്ലാതിരുന്നതിനാൽ ദൃശ്യ ഭംഗി തീരെ കുറഞ്ഞതായി തോന്നി) ഒക്കെ ടാജിനെ ഒരു നിമിഷം ഓർമ്മിപ്പിച്ചു.     പക്ഷേ ഒരു തരത്തിലും ടാജുമായി താരതമ്യപ്പെടുത്താനാവാത്തത്ര അന്തരം എല്ലാക്കാര്യങ്ങളിലും കാണാമായിരുന്നു.  അക്ബർ/ഷാജഹാൻ നിർമ്മാണങ്ങളിലെ ആഡംബരവുമായി മുഗളരുടെ അത്യധികം ലളിതമായ ഈ സംരംഭത്തെ എങ്ങനെ തുലനം ചെയ്യും? താജ്മഹലിന്റെ ഒരു ചെറിയ രൂപരേഖ ചിലയിടങ്ങളിൽ കാണാനായെങ്കിലും മേന്മ എവിടെയും കാണാനായില്ല.  ചുമരുകളിലെ അടർന്നു വീണുകൊണ്ടിരിയ്ക്കുന്ന പ്ലാസ്റ്ററുകൾ, നിർമ്മാണത്തിലെ സ്വരച്ചേർച്ചകൾ, പുറത്തെ ചിത്രവേലകൾ തുടങ്ങിയവ തന്നെ ടാജിന്റെ മഹനീയത എത്രയോയധികം  കേമമെന്നു വിളിച്ചോതി. മുകളിലെ താഴികക്കുടം മാർബ്ബിൾ തന്നെ (ജയ്പൂർ മാർബിൾ).  ഹെക്സഗൺ രൂപത്തിലെ മുസ്സോളിയവും അതിനു ചുറ്റുമായുള്ള ഉയർന്ന പ്ലാറ്റ്ഫോറവും നാലുഭാഗത്തുമായുള്ള  പടുകൂറ്റൻ പില്ലറുകളും താഴികക്കുടങ്ങളും പ്രത്യേകം ശ്രദ്ധയാകർഷിച്ചു.  ടാജുമായി താരതമ്യം ചെയ്യാതെ നോക്കുകയാണെങ്കിൽ തനതായ ഒരു ശൈലി ഇല്ലെന്നു പറയാനാകില്ല.

റിനോവേഷൻ വർക്കിനോടനുബന്ധിച്ചു ഡോമിനു മുകൾഭാഗത്തു നിറയെ ഇരുമ്പു ദണ്ഡങ്ങളാൽ  ഒരു കിരീടം പോലെ ഉണ്ടാകിയതു  മക്ബറയുടെ ശരിയായ ഭംഗിയെ  അൽപ്പം കുറച്ചുവെന്നു തോന്നി. . പിച്ചളയിൽ വിസ്മയിപ്പിയ്ക്കുന്ന കരചാതുരിയോടുകൂടിയ   വാതിലുകൾ അത്യന്തം മനോഹരമായിത്തോന്നി. ചുമരിൽ ഇലകളും പൂക്കളും നിറഞ്ഞ പ്ലാസ്റ്റർ വേലകൾ. ചിലയിടങ്ങളിൽ അത്യന്തം സുന്ദരമായ വർണ്ണ ശബളമായ ചിത്രപ്പണികളും കാണായി.  ഉയർത്തിയ ചതുരാകൃതിയിലുള്ള പ്ലാറ്റ്ഫോമിനു മുകളിലായാണു മുസ്സോളിയം സ്ഥിതി ചെയ്യുന്നതു.  മുസ്സോളിയത്തിന്റെ  ഉൾഭാഗത്തു  ഒക്ടോഗൊണൽ ആകൃതിയിൽ ദ്വാരങ്ങളോടുകൂടിയ സ്ക്രീനിനുകൾ കബറിടത്തെ സംരക്ഷിയ്ക്കുന്നു. അറ്റത്തു ചുവന്ന കരയിൽ സ്വർണ്ണത്തൊങ്ങലോടുകൂടിയ  കടും പച്ചപട്ടു കബറിടത്തെ മൂടിയിരിയ്ക്കുന്നു. ഒക്ടോഗണൽ ആകൃതിയോടുകൂടിയ മുകളിലെ വ്രാന്തയിൽ നിന്നു നോക്കിയാൽ താഴെയുള്ള കബറിടം ദർശിയ്ക്കാനാകും. വ്രാന്തകളിലെ പകുതിസ്ക്രീനുകളും നിറയെ ദ്വാരത്തോടുകൂടിയവയാണു.  സന്ദർശകർ വലിച്ചെറിയുന്ന നാണയത്തുട്ടുകളാൽ കബറിനു മുകളിലെ തുണി നിറയപ്പെട്ടിരിയ്ക്കുന്നു . മുകളിലേയ്ക്കു നോക്കിയാൽ മാർബിളിൽ തീർത്ത ഡോം കാണാം .  ഇവിടെ ചിത്രവേലകളും കൊത്തു പണികളും കാണാം. അവയ്ക്കു തൊട്ടു താഴെയായാണു വെന്റിലേറ്റേർസ് സ്ഥിതി ചെയ്യുന്നതു. ബാൽക്കണി,ചുമരുകൾ എന്നിവയെല്ലാം കൊത്തുപണികളാൽ സമൃദ്ധമാണു, പക്ഷെ ടാജുമായി താരതമ്യം ചെയ്യാനാകില്ലെന്ന് മാത്രം. പുറത്തെ പടുകൂറ്റൻ സ്തംഭങ്ങൾക്കു കൊത്തു പണികൾ ഒന്നും തന്നെയില്ല. രണ്ടു ബാൽക്കണികൾ വീതം. മുകളിൽ ചെറിയ മിനാരെറ്റുകളും കാണാം.

രണ്ടു കുന്നുകൾക്കിടയിലെ ഗാപിൽ ശരിയായി ഫിറ്റ് ആവുന്ന വിധം പണികഴിപ്പിയ്ക്കപ്പെട്ട ഈ മുസ്സോളിയവും പരിസരവും ഗതകാലത്തിന്റെ ഓർമ്മകൾ നമ്മളിലുണർത്തുന്നു. താജ് മഹൽ സന്ദർശിച്ചപ്പോഴുള്ള വികാരമല്ല ഇവിടെ വന്നപ്പോഴുണ്ടായതു.  താജ് എന്നും എല്ലാവർക്കും മധുരോദാരമായ ഒരു സ്വപ്നം തന്നെ. പാവങ്ങളുടെ ടാജ് അൽ‌പ്പംകൂടി ചരിത്രത്തിന്റെ ഓർമ്മകളാവാം നമ്മിലുണർത്തുന്നതു.

2 Responses to “ഡെക്കാൻ ഒഡീസ്സി-10”

 1. livestyle

  താല്പര്യമുണ്ട്… താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
  മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
  സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
  http://www.malayalamemagazine.com
  livestyle@gmx.com

 2. CP.Dinesh

  പോസ്റ്റുകള്‍ വായിച്ചു..നല്ല വിവരണം..നേരില്‍ കാണുന്ന അനുഭവം തരാന്‍ കഴിയുന്നു

Leave a Reply

Your email address will not be published. Required fields are marked *