ഊഞ്ഞാലാട്ടം

Posted by & filed under Uncategorized.

കാലം കളിയ്ക്കും കളികളെക്കാണുവാൻ

ജാലകമൊട്ടു തുറക്കട്ടെ ഞാൻ സഖേ!

ബാല്യം മറക്കാൻ കഴിയില്ലൊരിയ്ക്കലും

കോലം മനുഷ്യന്നു മാറുന്നുവെങ്കിലും.

എത്രയോ കൊച്ചുപിണക്കങ്ങ,ളൊപ്പമായ്

എത്രയോ സന്തോഷമേകിടും കൂട്ടുകാർ

ഒക്കെ നിറഞ്ഞൊരാ നാളുകൾ, ചുറ്റുമാ-

യെത്രയോ ബന്ധുക്ക,ളില്ല ഭാരങ്ങളും.

ഒട്ടു നിറഞ്ഞിടും പൂക്കളുമായിട്ടി-

ങ്ങെത്തിടുമോണമാണേറ്റവുമോർമ്മയിൽ

പട്ടുടുപ്പും, പഴ, മുപ്പേരി, മുറ്റത്തെ

കൊച്ചുമാവിൽച്ചെറുതായൊരൂഞ്ഞാലിടും

കുട്ടികൾ ഞങ്ങളന്നൊത്തുചേരും, ദിനേ

മുറ്റത്തെപ്പൂക്കളം തീർത്തിടാൻ മത്സരം

തൃക്കാക്കരപ്പൻ പ്രതിഷ്ഠ മനസ്സിലോ

തീർക്കുമോണക്കൊഴു,പ്പാഹ്ലാദമേറിടും

ഒക്കെയീ ജാലകക്കാഴ്ച്ചയിൽക്കണ്ടിടാം

സ്പഷ്ടമായ്, ഇന്നലെയെന്നപോൽ മത്സഖേ!

ഒട്ടു ഞാനൂയലാടട്ടേ, മനസ്സിലേ-

യ്ക്കെത്തിനോക്കട്ടെ, യടയ്ക്കൊല്ല ജാലകം.

Leave a Reply

Your email address will not be published. Required fields are marked *