നഗരത്തിന്റെ മഹാമനസ്കതയും ശാപവും

Posted by & filed under മുംബൈ ജാലകം.

        

 http://thegreatindian.tripod.com/mumbai.htm

                          

 

 

           നഗരം ഉറങ്ങുന്നില്ല…നഗരം ഒഴുകുന്നേയുള്ളൂ….കൈവഴികള്‍ ഒട്ടേറെ. അതിന്റെ സാന്ദ്രത ദിനം പ്രതി കൂടി വരുന്നു. പക്ഷേ ആരും നഗരത്തെക്കുറിച്ചു കുറ്റം പറയുന്നില്ല. അവള്‍ എല്ലാരേയും ഒരേപോലെ കൈ നീട്ടി സ്വീകരിയ്ക്കുന്നു. ഉള്ളവനേയും ഇല്ലാത്തവനേയും .നല്ലവരേയും കൊള്ളരുതാത്തവരേയും. നല്ലവരായ ഇവിടുത്തെ മണ്ണിന്റെ മക്കള്‍ സഹിഷ്ണുതയുള്ളവരും സമാധാനപ്രേമികളുമാണു, പൊതുവേ! (വോട്ടുബാങ്കിന്റെ പിന്നാലേ ഓടുന്നവരൊഴികെ) “ആംചിമുംബൈ “ എന്നൊക്കെ പറയുമായിരിയ്ക്കും. പക്ഷെ അതു നിങ്ങളുടെക്കൂടിയാണെന്ന് മനസ്സിലാവും., ഇവിടെ വന്നാല്‍. കാരണം മറ്റു ചില സ്ഥലങ്ങളിലെന്നപോലെ ഞങ്ങളുടെ മുംബൈ നിങ്ങള്‍ക്കു ഇഷ്ടമായോ എന്നു ഇവിടത്തുകാര്‍ ചോദിയ്ക്കാറില്ല.

 

 

     കുത്തിയൊഴുകി വരുന്ന ജലം ശുദ്ധജലത്തില്‍ കലര്‍ന്നാലുണ്ടാകുന്നതുപോലെ  ഇങ്ങോട്ടുള്ള ജനപ്രവാഹം മുംബൈ ജീവിതത്തിന്റെ സുരല്ക്ഷയെ സാരമായി ബാധിച്ചിട്ടുണ്ടു. നിങ്ങള്‍ ഏതു തൊഴില്‍ ചെയ്യാനും തയ്യാറാണൊ, നിങ്ങള്‍ക്കിവിടെ ജീവിയ്ക്കാനാവും. അല്പം ബുദ്ധിമുട്ടാന്‍ തയ്യാറാണെങ്കില്‍ നല്ലപോലെ കാശുമുണ്ടാക്കാം. അതാണീ നഗരത്തിന്റെ മഹാമനസ്കത, അതു തന്നെയാണു മുംബയുടെ ശാപവും. ഇവിടുത്തെ വദ്ധിച്ചുകൊണ്ടിരിയ്ക്കുന്ന കുറ്റകൃത്യങ്ങളുടെ ഒരു കാരണവും.

 

 

        മുംബൈയില്‍ പുതിയതായി വന്ന പലര്‍ക്കും ഇതു മനസ്സിലാക്കാന്‍ ചിലപ്പോള്‍ കനത്ത വില കൊടുക്കേണ്ടി വന്നിട്ടുണ്ടു. വിവാഹം കഴിഞ്ഞു എന്റെ ഒരു സുഹൃത്തു നാട്ടില്‍ നിന്നു എത്തിയതേയുള്ളൂ. രണ്ടുപേരും ജോലിയില്‍ പ്രവേശിച്ചു ഒരാഴ്ച്യ്ക്കകം അവരുടെ ഫ്ലാറ്റ് പട്ടാപ്പകല്‍ നേരത്തു കൊള്ളയടിയ്ക്കപ്പെട്ടു. വളരെയധികം ആസൂത്രിതരൂപത്തില്‍ ഉണ്ടായ ഒരു കൃത്യം. ശ്രദ്ധക്കുറവോ സംഘടിതമായ ആസൂത്രണമോ എന്തുമാവാം കാരണം. പുതുമോടിയല്ലെ, എന്തെങ്കിലുമൊക്കെ വിലപിടിച്ചവ  കാണാതിരിയ്ക്കില്ലല്ലോ. എല്ലാം പോയിക്കിട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ?

 

 

      ഇനിയുമൊരു സുഹൃത്തിന്റെ അനുഭവം ഇതിലും കഷ്ടം ആയിരുന്നു. അതു പിന്നെ ശ്രദ്ധക്കുറവു തന്നെയാണെന്നേ ഞാന്‍ പറയൂ. കാരണം ഇവിടുത്തെ കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും  അവരതിനെ ഗൌരവമായെടുക്കുവാന്‍ തയ്യാറായില്ല. ട്രാന്‍സ്ഫറായി വന്നതായിരുന്നു, ദല്‍ഹിയില്‍നിന്നും. രാത്രി കമ്പനി ഗസ്റ്റുഹൌസില്‍ താമസം. പകല്‍ മുഴുവനും, താമസിയ്ക്കാന്‍ എടുത്ത ഫ്ലാറ്റില്‍ സാധ്നങ്ങള്‍ ഒതുക്കുന്ന തിരക്കിനുശേഷം ട്രെയിന്‍ പിടിച്ചു രാത്രി ദിവസവും വൈകി ഗസ്റ്റുഹൌസിലേയ്ക്കു ഭാര്യയും ഭര്‍ത്താവും  പോകുന്നതു ആരോ നോട്ടു ചെയ്തു കാണണം.  അവരെ പിന്തുടര്‍ന്നു സ്റ്റേഷനിലെത്തി വണ്ടിയില്‍ കയറുന്ന നേരത്തു ഭാര്യയുടെ കഴുത്തില്‍ നിന്നും കട്ടിയേറിയ രണ്ടു ചെയിനുകള്‍ പിന്നിലൂടെ വലിച്ചുപൊട്ടിച്ചെടുത്തു പ്ലാറ്റുഫോറത്തിലേയ്ക്കു എത്തിക്കൊണ്ടിരുന്ന വണ്ടിയുടെ മുന്നിലൂടെ മറുവശത്തേയ്ക്കു ചാടി അയാള്‍ രക്ഷപ്പെട്ടു.. നിമിഷ്ങ്ങള്‍ക്കകം അയാള്‍ക്കും അവര്‍ക്കുമിടയില്‍ വന്നു നിന്ന വണ്ടിയുടെ മറ കാരണം പിന്തുടരാനാകാതെ മിഴിച്ചുനില്‍ക്കാനേ അവര്‍ക്കായുള്ളൂ. സഹതപിയ്ക്കുന്നതിനു പകരം കുറ്റം പറയാനേ ആളുമുണ്ടായുള്ളൂ! ശ്രദ്ധക്കുറവെന്നല്ലാതെന്തു പറയാന്‍!

 

 

 

        ശ്രദ്ധക്കുറവിനാലാണു ഇങ്ങിനെ സംഭവിയ്ക്കുന്നതെന്നു പറഞ്ഞല്ലോ? അധികമായാല്‍ അമൃതും വിഷമെന്നമട്ടിലുള്ള ഒരു അനുഭവമാണു എന്റെ ഇനിയൊരു സുഹൃത്തിനുണ്ടായതു. പേടി കാരണം ജോലിയ്ക്കു പോകുമ്പോള്‍  ട്രെയിന്‍ യാത്ര ചെയ്യുന്ന സമയത്തു സ്വര്‍ണ്ണമാലയ്ക്കു പകരം അവര്‍ ഇമിറ്റേഷന്‍ മാല ഇടാന്‍ തുടങ്ങി. പലതരത്തിലും രൂപത്തിലും ഇതു ലഭ്യമാണല്ലൊ? നമ്മുടെ സുഹൃത്തു എന്നിട്ടുപോലും യാത്ര ചെയ്യുന്ന അവസരത്തില്‍ ശ്രദ്ധിച്ചിരുന്നിരുന്നു. കാരണം ഒരുദിവസം ലേഡീസ് കമ്പാര്‍ട്റ്റുമെന്റില്‍ കയറുന്ന സമയം മാല ആരോ വലിച്ചുപൊട്ടിയ്ക്കുന്നതു അവരറിഞ്ഞു.

നല്ല കട്ടിയും നിറവും കണ്ടു സ്വര്‍ണ്ണം തന്നെയെന്നു കരുതിക്കാണും. മാല പൊട്ടിച്ചതും  സ്വര്‍ണ്ണം നഷ്ടപ്പെട്ടില്ലല്ലോ എന്ന സന്തോഷത്താലാക്കാം അവരൊന്നു ചിരിച്ചു. അതാണല്ലോ കുഴപ്പമായതു. പിറ്റെന്നു അതേ സമയം, അതേ വണ്ടി…..പക്ഷേ ഇത്തവണ കരണത്താണു പൊട്ടിച്ചതു. തലേന്നത്തെ ചിരിയെ പരിഹാസച്ചിരിയായി അയാള്‍ കണ്ടു കാണണം. പറ്റിച്ചതിലുളള ദേഷ്യം അങ്ങനെയാണു തീര്‍ത്തതു. എന്തു തോന്നുന്നു?

 

         ഈ കാര്യങ്ങളെയൊക്കെ വെട്ടി മറിയ്ക്കുന്ന പുതിയ ഏര്‍പ്പാടാണു ഈയിടെ. മൊബൈല്‍ ഫോണുകള്‍ ഒരു വിധം എല്ല യാത്രക്കാരുടെയും കൈവശം കാണും. അതു വെറും ആയിരം രൂപയുടെ തൊട്ടു  അന്‍പതിനായിരം രൂപ വിലമതിയ്ക്കുന്നതു വരെ കാണാം.. സ്വര്‍ണ്ണത്തിനേക്കാള്‍ തട്ടിയെടുക്കാനും വിറ്റഴിയ്ക്കാനും എളുപ്പവും.  പക്ഷേ ഈയിടെയായി യാത്രക്കാരും അല്പം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടു. ട്രെയിനില്‍ വെച്ചു ഫോണ്‍ വരുമ്പോള്‍ സാധാരണയായി യാത്രക്കാര്‍ സിഗ്നല്‍ കിട്ടാനായി വാതിലിനു സമീപത്തെയ്ക്കു നീങ്ങും. .അവരെയാണു ഇത്തരക്കാര്‍ സാധാരണയായി നോട്ടമിടുന്നതു. അതുപോലെ തന്നെ സദാ വാതിലിനു സമീപം നിന്നു യാത്ര ചെയ്യുന്നവരേയും. സ്റ്റേഷനുകളുടെ ഇടയില്‍ ആരുടെയും ശ്രദ്ധ കിട്ടാത്ത ഇടങ്ങളാണു ഇവരുടെ പ്രവര്‍ത്തന രംഗം. ട്രാക്കുകള്‍ക്കിടയിലെ തൂണുകള്‍ക്കു മുകളില്‍ കയറിയിരുന്നു കടന്നുപോകുന്ന ട്രെയിനുകളുടെ വാതില്‍ക്കല്‍ നില്‍ക്കുന്നവരുടെ കയ്യില്‍ ശക്തിയായി വടി കൊണ്ടു അടിയ്ക്കും. കയ്യിലുള്ളതെന്തായാലും പിടിവിട്ടു താഴെ വീഴും.ചിലപ്പോള്‍ ആളും വീണെന്നിരിയ്ക്കും. അപ്പോള്‍ സംഗതി അല്പം കൂടി ഗുരുതരമാകാം. തെറിച്ചുവീഴുന്ന സാധനം എന്തായാലും എടുത്തു നിമിഷങ്ങള്‍ക്കകം അവര്‍ സ്ഥലം കാലിയാക്കും. മൊബൈലാകാം, ഹാന്‍ഡ് ബാഗാകാം.  സംഭവസ്ഥിതി മനസ്സിലാക്കി അടുത്ത സ്റ്റേഷനിലെത്തി പരാതിപ്പെടുകയോ സ്ഥലത്ത് തിരിച്ചു പോയി നോക്കുകയോ ചെയ്യുന്നതു കൊണ്ടു ഒരു ഫലവും കിട്ടാറില്ല. മുന്‍പൊരിയ്ക്കല്‍ ലേഡീസ് കമ്പാര്‍ട്ടുമെന്റിന്റെ വാതുക്കല്‍ നിന്നു യാത്രചെയ്തിരുന്ന എന്റെ ഒരു കസിന്റെ കയ്യില്‍ പിടിച്ചിരുന്ന പ്ലാസ്റ്റിക് ബാഗു,  വണ്ടി ചേരിപ്രദേശങ്ങളിലൂടെ കടന്നു പോകുന്ന സമയത്തു താഴെ നിന്നു വടികൊണ്ടു തട്ടി താഴെയിട്ടിട്ടുണ്ടു. കൂട്ടുകാരുമൊത്തു സംഭവസ്ഥലത്തു തിരിച്ചു ചെന്നപ്പോള്‍ ട്രാക്കില്‍ നിന്നും ബാഗു കിട്ടി. പലസാധനങ്ങളും നഷ്ടപ്പെട്ടിരുന്നു. പക്ഷെ ഏറ്റവും വിലമതിച്ചതായി അതിലുണ്ടായിരുന്ന ഒരു ജോഡി സ്വര്‍ണ്ണക്കമ്മല്‍  മുക്കു ആണെന്നു കരുതി അവിടെത്തന്നെ വലിച്ചെറിഞ്ഞതായിരുന്നു ഏറ്റവും രസകരമായി തോന്നിയതു. ഭാഗ്യമെന്നേ പറയേണ്ടൂ..!

 

 

 

       ഗവെണ്മെന്റു റെയില് വേ പോലീസിന്റെ (GRP) കണക്കനുസരിച്ചു, കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഇത്തരം പതിനെട്ടോളം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടു. തട്ടിപ്പറയ്ക്കലിനുമുപരിയായി പലതും യാത്രക്കാരന്റെ ജീവനെത്തന്നെ ബാധിയ്ക്കുന്ന തരത്തിലുള്ളവയായതിനാല്‍ ഇപ്പോള്‍ ഇത്തരം സംഭവസ്ഥലങ്ങളെ പ്രത്യേകം നിരീക്ഷിയ്ക്കുകയും ഇത്തരം തൂണുകളുടെ മുകളില്‍ ആരെങ്കിലും ഇരിയ്ക്കുന്നതു കാണാനിടയായാല്‍ അറിയിയ്ക്കുന്നതിനായി 23759201 എന്ന ഒരു നമ്പര്‍ യാത്രക്കാര്‍ക്കു കൊടുക്കുകയും ചെയ്തിട്ടുണ്ടു. ഇനിയും ഇത്തരം സംഭവങ്ങള്‍ കുറയുമെന്നു പ്രത്യാശിയ്ക്കാം. എന്നാലും സ്വയം കൂടി ഒന്നു ശ്രദ്ധിയ്ക്കുന്നതു തന്നെ നല്ലതു……….

 

 

2 Responses to “നഗരത്തിന്റെ മഹാമനസ്കതയും ശാപവും”

  1. lal

    🙂
    good

  2. Bhagavathy

    a very nice and true picture of Amchi Mumbai

Leave a Reply

Your email address will not be published. Required fields are marked *