പൊട്ടിയ ബോംബുകളും തകര്‍ന്ന ജീവിതങ്ങളും…..

Posted by & filed under മുംബൈ ജാലകം.

 

 

        ഇന്നുച്ച്യ്ക്കു ബാഗളൂരില്‍ ബോംബുകള്‍ പൊട്ടി…സീരിയല്‍ ബ്ലാസ്റ്റ്സ്.  വിവരമറിഞ്ഞതും പ്രിയപ്പെട്ടവരെക്കുറിച്ചുളള വേവലാതി. ടെലിഫോണ്‍ ചെയ്തപ്പോഴറിഞ്ഞു,, ലൈനൊക്കെ ജാം ആണെന്നു. വിവരം കിട്ടി, എസ്.എം.എസ് വഴിയും ജി ടോക്കുവഴിയുമായും പിന്നെ മൊബൈലിലുമായി. ഒന്നും പേടിയ്ക്കാനില്ലെന്നു പതിവു പോലെത്തന്നെ ഭരണനേതാക്കളുടെ സ്വാന്തനവും ഒഴുകിയെത്തി. നഷ്ടപ്പെട്ട ജീവനുകള്‍ക്കുള്ള വിലപറച്ചിലുമുണ്ടായിരുന്നു. ഭാഗ്യത്തിനു മരിച്ചവരുടെയും പരിക്കേറ്റവരുടേയും എണ്ണം കുറവു. എത്രയോ ഇരട്ടി വേണമെങ്കില്‍ ആകാമായിരുന്നു.

 

       

        ഇതിവിടെ മുംബൈ അനുഭവിച്ചതാണല്ലൊ? നഗരത്തിന്റെ മുഖത്തെ ആദ്യവൈകൃതം 1993 ല്‍ ആയിരുന്നു. ഇന്നും ഉറങ്ങാത്ത മുറിപ്പാടുകളും പേറി എത്രയോ ചുടുനിശ്വാസങ്ങള്‍ ഇവിടെയുയരുന്നു. അന്നു ഞാന്‍ കല്‍ക്കട്ടയിലായിരുന്നു. ഫോണ്‍ വഴി ഓഫീസുമായി സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരുന്ന സമയത്തു തൊട്ടുതാഴെ പൊട്ടിയ ബോംബിന്റെ ശബ്ദം അങ്ങു കല്‍ക്കത്ത വരെയെത്തിയെന്നു തോന്നി. മാദ്ധ്യമങ്ങള്‍ കാണിച്ചുതന്ന രൂപരേഖയേ മനസ്സിലുണ്ടായിരുന്നുള്ളൂ. അതിന്റെ തീക്ഷണത, അറിയാതെ നീറിപ്പുകയുന്ന പകയുടെ ശക്തി, ഒക്കെ മനസ്സിലായതു രണ്ടു വര്‍ഷത്തിനുസേഷം മുംബൈയില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു. കണ്ടപ്പോള്‍ തോന്നി, മുംബൈ മരിച്ചു കഴിഞ്ഞുവെന്നു…നഷ്ടപ്പെട്ട വിശ്വാസങ്ങളും സുരക്ഷിതത്വബോധവും മുംബൈയുടെ ആത്മാവിനെയായിരുന്നു മുറിവേല്‍പ്പിച്ചതു.

 

 

    വരച്ചു കാട്ടണമോ  ആ രൂപരേഖകള്‍? കരയാന്‍ തയ്യാറാകണമെന്നു മാത്രം! എവിടെയും സ്ഥിതി ഇതു തന്നെയാകാം. മുംബൈയായാലും ഗുജറാത്തായാലും ജയ്പൂരായാലും , ബംഗളൂരായാലും പക്ഷേ കാണാനും അറിയാനും  കഴിഞ്ഞ സത്യങ്ങള്‍ അത്രയ്ക്കും ഹൃദയസ്പര്‍ശിയായവയായിരുന്നു.

 

 

      എല്ലാര്‍ക്കുമറിയാം അന്നത്തെ ബോംബിങ്ങിനെക്കുറിച്ചും അതിനു പിന്നിലെ സുസംഘടിതമായ ആസൂത്രണങ്ങളെക്കുറിച്ചും മറ്റും. 1996 ലൊ മറ്റോ ആണു, ഞാനൊരു ഷെയര്‍ ബ്രോക്കിംഗ് കമ്പനിയുടെ മുംബൈ ബ്രാഞ്ച് മാനേജര്‍ ആയി ജോലി ചെയ്യുന്ന കാലം. സ്റ്റോക്ക് എക്സേഞ്ചിലും ക്ലിയറിങ് ഹൌസിലുമൊക്കെ ദിനവും പോണം. അന്നു സ്ത്രീകള്‍ ഈ രംഗ്ത്തു അല്പം കുറവായിരുന്നതിനാല്‍ പല കാര്യത്തിലും സഹായം കിട്ടിയിരുന്നെങ്കിലും നീണ്ട കാത്തുനില്‍പ്പു പല സ്ഥലങ്ങളിലും വേണ്ടിയിരുന്നു.

പരസ്പരം അറിയുന്നതിനും മാര്‍ക്കറ്റ് ന്യൂസ് കൈമാറുന്നതിനും ഈ സമയം വിനിയോഗിച്ചിരുന്നു, കാണുമ്പോള്‍ പരിചയം നടിയ്ക്കുന്ന മുഖങ്ങള്‍ ദിനം പ്രതി ഏറി വന്നു. പലപ്പോഴും ശ്രദ്ധിച്ചിരുന്ന ഒരു ചെറുപ്പക്കാരനുണ്ടു.

സദാ ചിരിച്ചിട്ടാണു. ഏതോ വലിയ ബ്രോക്കര്‍ക്കു വേണ്ടി ജോലി ചെയ്യുന്നു. ഒട്ടേറെ സുഹൃത്തുക്കള്‍! സാധാരണ എന്നെക്കണ്ടാല്‍ ഒരു  ‘ഹവ് ആര്‍ യു മാഡം’ അടിയ്ക്കാതെ പോകാത്ത കക്ഷി.. പരിചയപ്പെട്ടു ഏറെ ദിവസങ്ങള്‍ക്കു ശേഷമാണറിയാന്‍ കഴിഞ്ഞതു….അയാളുടെ ഒരു കൈ ബോംബ് ബ്ലാസ്റ്റില്‍ നഷ്ടപ്പെട്ടതാണെന്നു. വിശ്വസിയ്ക്കാന്‍ പ്രയാസംതോന്നി. എന്നിട്ടും വച്ചു പുലര്‍ത്തുന്ന പ്രസന്നഭാവം……ഉള്ളില്‍ പുകയുന്ന തീക്കട്ട ഉണ്ടാകാതിരിയ്ക്കുമോ?

 

 

   ഇനിയൊരു കുടുംബസുഹൃത്തിന്റെ കഥ ഇതിലേറെ ശോചനീയമെന്നു തന്നെ പറയണം. ഒരേയൊരു മകനാണു നഷ്ടപ്പെട്ടതു. ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലിയായിരുന്നു. വളരെ ആഘോഷപൂര്‍വം മകന്റെ വിവാഹം നടത്തിയിട്ടു ദിവസങ്ങളേ ആയിരുന്നുള്ളൂ. മറ്റൊരു  കുടുംബത്തിനെക്കൂടി കണ്ണീരിലാഴ്തിയതായിരുന്നു അവരുടെ ദു:ഖത്തിന്റെ മാറ്റു കൂട്ടാന്‍ മറ്റൊരു കാരണം. ബോംബു ബ്ലാസ്റ്റ് സമ്മാനിച്ച നിതാന്ത വേദന.

 

 

.

 

        കേള്‍വിക്കുറവു നഷ്ടപ്പെട്ടവര്‍, അംഗഭംഗം വന്നവര്‍, മരിച്ചുപോയവര്‍…..അറിയാവുന്നവരുടെ പട്ടികയില്‍ തന്നെ പലരുമുണ്ടു. അല്ലാത്തവര്‍ എത്രയേറെക്കാണും? കുടുംബനാഥനെ നഷ്ടപ്പെട്ടവര്‍, അമ്മയെ നഷ്ടപ്പെട്ട കുട്ടികള്‍, ഭര്‍ത്താവു നഷ്ട്ടപ്പെട്ട ഭാര്യ ….വര്‍ഷങ്ങളായി ആസ്പത്രിയില്‍ തന്നെ ശരണം പ്രാപിച്ചവര്‍…ആലോചിച്ചാല്‍ ഒരന്തവുമില്ല. സ്വാന്തനം നല്‍കാനാരുണ്ടു? സഹായധനം കൊണ്ടെന്താവാന്‍? ആരുടെ തെറ്റിനാണു ഇവരൊക്കെയിങ്ങനെ ബലിയാടായതു?

 

     പുതിയ ബോളിവുഡ് ഡയറക്ടര്‍മാരില്‍ ശ്രദ്ധേയനായ അനുരാഗ് കശ്യപിന്റെ ‘ബ്ലാക് ഫ്രൈഡേ’ എന്ന സിനിമ കണ്ടാല്‍ മതി, ഇതിന്റെ തീക്ഷ്ണതയെക്കുറിച്ചു ഒട്ടൊരു ഊഹം കിട്ടും. വളരെയധികം സത്യത്തോടു കൂറുപുലര്‍ത്തുന്ന ഈ സിനിമ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നതാണു. വളരെ വിദ്ഗ്ധമായി ആസൂത്രണം ചെയ്യപ്പെട്ട മുംബൈ ബോംബിംഗില്‍ ഓരോരുത്തരും വഹിച്ച പങ്കു വളരെ നന്നായി ചിത്രീകരിയ്ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ടു.

കേ.കേ. മേനോന്‍ , പവന്‍ മല്‍ഹോത്ര, ആദിത്യ ശ്രീവാസ്തവ എന്നിവര്‍ ലീഡ് റോളുകളില്‍ അഭിനയിയ്ക്കുന്ന ഈ ചിത്രത്തിലെ ഓരോ ക്ഥാപാത്രത്തിനേയും നിങ്ങള്‍ക്കു ശ്രദ്ധിച്ചാല്‍ തിരിച്ചറിയാവുന്നതേയുള്ളൂ. പോലീസ് ഉന്നതോദ്യോഗസ്തര്‍ ,ഗൂഢാലോചനക്കാര്‍, ബോംബിംഗിന്റെ അനുഭവസ്ഥര്‍, ഇടനിലക്കാര്‍…..എല്ലാവരെയും കാണിച്ചിട്ടുണ്ടു. സംഭവശേഷമുള്ള അന്വേഷണത്തിന്റെ വിവിധ  വീക്ഷണകോണുകളീലൂടെ കഥ ചുരുളഴിയുന്നു..

 

 

        2006 ല്‍ വീണ്ടും ഒരു സീരിയല്‍ ബ്ലാസ്റ്റുണ്ടായി ഇവിടെ .ഇത്തവണ ലോകല്‍ ട്രെയിനുകളെയാണു കേന്ദ്രീകരിച്ചതു. ഇത്തവണയും നൂറുകണക്കിനു പേര്‍ മരിയ്ക്കുകയും ആയിരത്തിലേറെപ്പേര്‍ക്കു പരിക്കേല്‍ക്കയുമുണ്ടായി. അന്വേഷണം ഉണ്ടാകാതിരുന്നില്ല. വിശദമായ അന്വേഷണങ്ങള്‍ക്കും അറസ്റ്റുകള്‍ക്കും ശേഷം കുറെപ്പേര്‍ ശിക്ഷിയ്ക്കപ്പെടുകയും ചെയ്തു. എന്തു ഫലം? നഷ്ടപ്പെടേണ്ടവര്‍ക്കു എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. അവ തിരിച്ചെടുക്കാന്‍ പറ്റാത്ത വിധത്തില്‍….വേദനകളും ഓര്‍മകളും മാത്രം സമ്മാനിച്ചുകൊണ്ടു… പലരുടെയും കഥകള്‍ കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നിയിട്ടുണ്ടു. സമയമടുത്താല്‍ മരണം വന്നു വിളിച്ചുകൊണ്ടുപോകുമെന്നു പറയാറുണ്ടു. പലരുടെകാര്യത്തിലും അതു സംഭവിച്ചതായിക്കണ്ടു. ഒരിയ്ക്കലും ആ സമയത്തു അവിടെ പോകാത്തവര്‍, എന്തെങ്കിലും പ്രത്യേക ആവശ്യാര്‍ഥം അന്നു മാത്രം ആ വണ്ടിയില്‍ കയറിയതിനാല്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍…..അവരുടെ പ്രിയപ്പെട്ടവരെയൊക്കെ എങ്ങിനെയാശ്വസിപ്പിയ്ക്കാന്‍? ഒരു അയല്‍ വാസിയ്ക്കു അതാണു സംഭവിച്ചതു. അന്നു ഒരല്പം നേരത്തെ ഓഫീസില്‍ നിന്നുമിറങ്ങി. പതിവു ട്രെയിനിനു പകരമായി മരണസന്ദേശവുമായെത്തിയ ട്രെയിനില്‍ കയറി. അതും വിധിയ്ക്കപ്പെട്ട ബോഗിയില്‍ത്തന്നെ. എന്തു പറയാന്‍?

 

 

        ഇതാ ഇതെഴുതിത്തീര്‍ന്നില്ല, അതിനുമുന്‍പായി ഒരു സീരിയല്‍ ബ്ലാസ്റ്റ് കൂടി. ഇത്തവണ അഹമ്മദബാദിലാണു. ആകപ്പാടെ പതിനാറു ബ്ലാസ്റ്റുകള്‍ ഒന്നിനുപിറകെ ഒന്നായി. അതീവ തീക്ഷണതയില്ലാത്ത ക്രൂഡ് ബോംബുകളാണെല്ലാം. ഒരുപാടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടു, പരിക്കേറ്റവരും ധാരാളം. ഈശ്വരാ….ഇതെന്താണീ രാജ്യത്തിനു സംഭവിച്ചുകൊണ്ടിരിയ്ക്കുന്നതു? ഇതാകുമോ കലികാലം? മനുഷ്യന്‍ മനുഷ്യനെ കുരുതി കൊടുക്കുന്നു. കാരണം എന്തുമാകാം? .രാഷ്ട്രീയം, മതഭ്രാന്തു, എന്നിവയുടെയൊക്കെ മറവില്‍ കുട്ടിക്കുരങ്ങനെക്കൊണ്ടു ചുടുചോറു വാരിപ്പിയ്ക്കുന്നവരാരാണു? എന്താണിതിന്റെ പിന്നിലെ ലക്ഷ്യം. ഒരല്പം ഇതിന്റെ ഫലം അനുഭവിച്ചിരിയ്ക്കുന്നവര്‍ക്കറിയാം, ഇതുകൊണ്ടു നഷ്ട്ടപ്പെടാനേയുളൂ, നേടാനൊന്നുമില്ലെന്നു.അഥവാ നേടിയാല്‍ത്തന്നെ കൊടുക്കുന്ന വില അത്ര കനത്തതാകാം….

 

 

        ജൂലൈ 26 മുംബൈ ജനതയുടെ മനസ്സില്‍ കൊത്തിവയ്ക്കപ്പെട്ട മറക്കാനാവാത്ത ദിവസം. 2005 ലെ പ്രളയത്തെ അനുസ്മരിയ്ക്കാനെന്നോണം കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന തോരാത്ത മഴയ്ക്കിടയില്‍ വീട്ടില്‍നിന്നും ഓഫീസിലേയ്ക്കും തിരിച്ചു ഓഫീസില്‍ നിന്നു വീട്ടിലേയ്ക്കുമെത്താന്‍ തത്രപ്പെടുന്ന മുംബൈവാസികള്‍ അയല്‍ സംസ്ഥാനങ്ങളിലെ ഈ സങ്കടാവസ്ഥയില്‍ പ്രതികരിയ്ക്കാന്‍ തന്നെ മറന്നുപോകുന്നതായി തോന്നി. മുംബൈയുടെ മുഖം വികൃതമായിക്കൊണ്ടേയിരിയ്ക്കുന്നു……

One Response to “പൊട്ടിയ ബോംബുകളും തകര്‍ന്ന ജീവിതങ്ങളും…..”

  1. Bhagavathy

    good work.keep it up

Leave a Reply

Your email address will not be published. Required fields are marked *