മുംബൈ ഡബ്ബാവാലാസ്….നഗരത്തിന്റെ അന്നദാതാക്കള്‍

Posted by & filed under മുംബൈ ജാലകം.

മുംബൈ ഡബ്ബാവാലാസ് ……….   നഗരത്തിന്റെ അന്നദാതാക്കള്‍

 

 

 

 

     ഇതാ ഈ ഫോട്ടോ കണ്ടില്ലേ? മരം കൊണ്ടു നീളത്തിലുണ്ടാക്കിയ കാരിയറില്‍ ഒതുക്കി വച്ചതും കൈയ്യിലും തോളിലുമൊക്കെ തൂക്കിയതുമായ ഡബ്ബ്ബകള്‍ കണ്ടോ? അതില്‍ ഉച്ചഭക്ഷണമാണു. സ്നേഹപൂര്‍വം പ്രിയപ്പെട്ടവര്‍ക്കായി വീടുകളില്‍ തയ്യാറാക്കപ്പെട്ടവ. ഇവര്‍ അതിന്റെ വാഹകരാണു. മുംബൈയില്‍ ഇതൊരൊറ്റപ്പെട്ട കാഴ്ചയല്ല. ഇതു വളരെ സുപരിചിതമായ ഒരു കാഴ്ച മാത്രം. ഓ…ഇതിലിത്ര പറയാനെന്തിരിയ്ക്കുന്നുവെന്നു തോന്നുന്നുണ്ടാവും, ഇല്ലെ? കയ്യില്‍ പിടിച്ചു കൊണ്ടുപോവാന്‍ പറ്റാത്തവര്‍ ഡബ്ബാവാല വഴി ഭക്ഷണം വീട്ടില്‍ നിന്നും ഓഫീസിലേയ്ക്കെത്തിക്കുന്നു. അത്ര തന്നെ. ശരി,  താഴെ ചില കണക്കുകള്‍ തരാം. അതു കൂടിയൊന്നുവായിയ്ക്കൂ …അപ്പോള്‍ മനസ്സിലാകും ഇത്രയൊക്കെ പറയാനുള്ള കാരണം.

 

 

      ഇതു നിറ്റി,മുംബൈ,  (NITIE, MUMBAI), ശേഖരിച്ച ചില സ്റ്റാറ്റിസ്റ്റിക്സ് ആണു, മുംബൈയിലെ ഡബ്ബാവാലകളുടെ തുടക്കം, പ്രവര്‍ത്തനശൈലി, സാന്ദ്രത, വൈപുല്യം,മൊത്തം വരവ് ഒക്കെക്കാണിയ്ക്കുന്ന ഒരു ചിത്രം.

 

       തുടക്കം                   :1880

       സാമാന്യവിദ്യാഭാസയോഗ്യത ; 8- ക്ലാസ്സ്(മിനിമം)

       സഞ്ചരിയ്ക്കുന്ന ദൂരം      : 60 കി.മി (ഓരോ ഡബ്ബയ്ക്കു)

       തൊഴിലാളികള്‍             : 5000

       ഡബ്ബകളുടെ എണ്ണം          : 2,00,000 (ഒരു ദിവസം) അങ്ങോട്ടുമിങ്ങോട്ടുമായാല്‍

                                  4,00,000 വിതരണം

      

       സമയം                    :രാവിലെ 9 മുതല്‍ 12 വരെ തിരിച്ചു

                                 :വൈകീട്ടു 2 മുതല്‍ 5 വരെ

                                 (അതായതു 3 മണിക്കൂറ്)

       സേവനച്ചിലവു              :ഒരുമാസം 200 രൂപ

       ഒരുമാസത്തെ മൊത്തം വരവു: 50 കോടി രൂപ

 

 

        എന്താ കണ്ണു തള്ളിപ്പോകുന്നുണ്ടാവും, ഇല്ലെ? എന്നാലിതാ ഇതു കൂടി കേട്ടോളൂ. ഫൊര്‍ബെസ് മാഗസിന്‍ (Forbes Magazine) ഇവര്‍ക്കു കാര്യക്ഷമതയ്ക്കു കൊടുത്തിരിക്കുന്നതു ‘സിക്സ് സിഗ്മ’ റേറ്റിംഗ് ആണു. കൃത്യ നിഷ്ഠ, പാകപ്പിഴവു, വിശ്വാസയോഗ്യത, സേവനക്ഷമത…ഒക്കെ കണക്കിലെടുത്തു തന്നെ. ഒരുദിവസത്തില്‍ 4 ലക്ഷത്തോളം ഡബ്ബകള്‍ ശേഖരിച്ചു വിതരണം ചെയ്യപ്പെടുമ്പോള്‍ അതില്‍ തെറ്റുകള്‍ പ്രതീക്ഷിയ്ക്കാം, തീര്‍ച്ച. പക്ഷെ, കൃത്യ സമയത്തു ശേഖരീയ്ക്കപ്പെടുന്ന, വിദ്ഗ്ധമായി  കോഡു ചെയ്യപ്പെട്ട, ഡബ്ബകള്‍  കൃത്യസമയത്തു അതാതിടങ്ങളില്‍ എത്തിയ്ക്കപ്പെടുമ്പോള്‍ വരുന്ന തെറ്റുകള്‍ 60 ലക്ഷത്തിനു ഒന്നു മാത്രമാണു.ഏതാണ്ടു 100% കൃത്യത.(99.999999) ആഗോളവല്‍ക്കരണണത്തിന്റേയും   മള്‍ട്ടിലെവെല്‍ മാര്‍ക്കട്ടിംഗിന്റേയും ഗുരുക്കന്മാര്‍ ‘പോര്‍ട്ടേര്‍സ് ഫൈവ് ഫോര്‍സ് തിയറി’(Porter’s Five Force Theory) യുടെ ഉദാഹരണമായി ഇതിനെ ചൂണ്ടിക്കാട്ടിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.

 

 

      ചാള്‍സ് രാജകുമാരനെ വളരെയധികം ആകര്‍ഷിച്ച ഒരു വസ്തുതയായിരുന്നു, മുംബയിലെ ഈ ഡബ്ബാവാലകള്‍. അദ്ദേഹം ഇന്ത്യയില്‍ വന്നപ്പോള്‍ ഇവരുടെ പ്രതിനിധികളെക്കാണുകയും വളരെ വിശദമായി ഇതിനെക്കുറിച്ചു ചോദിച്ചറിയുകയും ചെയ്തിരുന്നു. അദ്ദേഹത്തിനെ ഇവര്‍ എത്രയധികം സ്വാധീനിച്ചെന്നറിയണമെങ്കില്‍ ഇതു കേള്‍ക്കൂ… ചാള്‍സ്-കാമില വിവാഹവിരുന്നിനു മുംബൈയിലെ രണ്ടുപേര്‍ക്കേ ക്ഷണം ഉണ്ടായിരുന്നുള്ളൂ.…അതു ഇവിടത്തെ മിന്നിത്തിളങ്ങുന്ന, ലോകപ്രശസ്ത്തരായ, ബോളിവുഡ് താരങ്ങള്‍ക്കോ, മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കോ ആയിരുന്നില്ല, .പിന്നെയോ? മുംബൈ ഡബ്ബാവാലാസിന്റെ പ്രതിനിധികള്‍ക്കായിരുന്നു. എത്രയും അഭിമാനം അവര്‍ക്കു തോന്നിക്കാണും?  തനിച്ചും മഹാരാഷ്ട്രീയന്‍ രീതിയിലുള്ള ഒരു സമ്മാനമാണവര്‍ കൊണ്ടുപോയതു. വരനു ഒരു അലംകൃതമായ തലപ്പാവും (ഡബ്ബാവാലയുടെ തൊപ്പി പോലെ തന്നെ. ഡബ്ബാവാലകളുടെ തൊപ്പി അവരുടെ ഒരു മുഖമുദ്രയായി കണക്കാക്കപ്പെടുന്നു.) വധുവിനു 9 മുഴം നീളമുള്ള സാരിയും. മധുരത്തിനു എള്ളുണ്ടയും, കൂടെ പൂച്ചെണ്ടുകളും.!

 

 

         ഇതൊക്കെ ഇവിടെ പറയാന്‍ കാരണമെന്താണെന്നോ? ഇക്കഴിഞ്ഞ ദിവസം വര്‍ഷങ്ങളായി ഇവരുടെ സേവനം കൈക്കൊണ്ടിരുന്ന പലര്‍ക്കും ആദ്യമായി ഒരല്പം വൈകിയാണു ഡബ്ബ ഓഫീസുകളില്‍ കിട്ടിയതു. ‘കസ്റ്റമര്‍ ഈസ് ദ കിംഗ്” എന്ന സിദ്ധാന്തം മുറുകെപ്പിടിയ്ക്കുന്ന ഇവര്‍ക്കു ഒട്ടും ക്ഷന്തവ്യമല്ലാത്തതും നിലനില്‍പ്പിനെ ഏറെ ബാധിയ്ക്കുന്നതുമാണ് വൈകിയുള്ള വിതരണം. (സിക്സ് സിഗ്മ റേറ്റിംഗും നഷ്ടപ്പെടും.,) ഒരല്പമേ വൈകിയുള്ളൂവെങ്കിലും കാരണമാരാഞ്ഞപ്പോള്‍ കിട്ടിയ മറുപടി കേട്ടപ്പോള്‍ ഒന്നു മനസ്സിലായി, ഇതത്ര വേഗം ശരിയാവുന്ന പ്രശ്നമല്ലെന്നു. അടുത്തിടയുണ്ടായ ബോംബുബ്ലാസ്റ്റിനോടു ബന്ധപ്പെട്ടതാണു കാര്യം. സിറ്റിയുടെ വിവിധഭാഗങ്ങളില്‍നിന്നുമായി ശേഖരിക്കപ്പെടുന്ന ഡബ്ബകള്‍ കോഡു നോക്കി തരം തിരിയ്ക്കുന്ന പ്രധാന സ്ഥലങ്ങളാണു സെന്റ്രല്‍ റെയില്‍ വേയിലെ ഛത്രപതി ശിവജി ടെര്‍മിനസ്സും വെസ്റ്റേര്‍ണ്‍ റെയില്‍ വേയിലെ ചര്‍ച്ചുഗേറ്റ് സ്റ്റേഷനും. ഇവിടെയെല്ലാം കനത്ത പോലീസ് നിരീക്ഷണമാണു. പ്രധാനമായും വിതരണം റെയില്‍ വെ വഴിയാണു താനും. ദിവസവും ലക്ഷക്കണണക്കിനുപേര്‍ യാത്ര ചെയ്യു

ന്നുണ്ടു.  പോലീസിനെന്തെങ്കിലും സംശയം തോന്നിയാല്‍ പലപ്പോഴും ഡബ്ബകള്‍ തുറന്നു കാട്ടേണ്ടി വരും.. അറിയാമോ., അഹമ്മദാബാദില്‍ പൊട്ടിയ 17 ബോംബുകളില്‍ 2 എണ്ണവും, ജയ്പൂരില്‍ പൊട്ടിയവയില്‍ ചിലതും ഇങ്ങനെ ടിഫ്ഫിന്‍ ബോക്സുകളിലായിരുന്നു മരണം വിതയ്ക്കാനെത്തിയതു. പോലീസിനെയെങ്ങിനെ കുറ്റം പറയും? അതേ സമയം രണ്ടോ  മൂന്നോ സ്ഥലത്തു ഇങ്ങനെ ചെക്കിംഗില്‍ പെടുകയാണെങ്കില്‍പ്പിന്നെ പാവം ഡബ്ബാവാല എങ്ങിനെ സമയത്തിനു വിതരണം ചെയ്യാന്‍? അവരുടെ കയ്യില്‍ക്കിട്ടുന്ന പ്രത്യേകം കോഡ് ചെയ്തിട്ടുള്ള ഡബ്ബകള്‍ക്കിടയില്‍ മറ്റേതെങ്കിലും ഡബ്ബ വന്നുപെടാനുള്ള ചാന്‍സ് തീരെയില്ലെന്നു ഇതിന്റെ വക്താക്കള്‍ പ്രത്യേകം പറഞ്ഞിട്ടും പോലീസ് ഉന്നതന്മാര്‍ക്കു അതു സ്വീകാര്യമല്ല. എന്തു പറയാനാണു? രണ്ടുപേരും കഴിയുന്നത്ര പരസ്പരം സഹകരിയ്ക്കുക തന്നെയേ ഗതിയുള്ളൂ, കാരണം, രണ്ടും..…. ജനലക്ഷങ്ങളെ ബാധിയ്ക്കുന്നവയാണല്ലോ?

7 Responses to “മുംബൈ ഡബ്ബാവാലാസ്….നഗരത്തിന്റെ അന്നദാതാക്കള്‍”

 1. santhosh janardhanan

  Good subject, well said. Once, I was also a consumer of this service… in bhubaneswar and calcutta.

 2. hareesh

  ഹൊ!!!!!! ഇതൊരു പുതിയ അറിവായിരുന്നു എനിക്ക്, ആ ഡബ്ബാവാലാസ് തികച്ചും സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നത്…. പോസ്റ്റിനു നന്ദി….

 3. തമനു

  വളരെ നല്ല പോസ്റ്റ് . ഡബ്ബാവാലകളെപ്പറ്റി അറിയാവുന്നവര്‍ക്കു എത്ര പറഞ്ഞാലും തീരില്ല അവരുടെ കൃത്യനിഷ്ടയും, ആ നെറ്റ്വര്‍ക്കിംഗ് മാനേജ്മെന്റും.

  ഒരിക്കല്‍ കുമാര്‍ ഇവരെപ്പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇവിടെ.

 4. ഇടിവാള്‍

  ഡബ്ബാവാലകലെക്കുറിച്ച് ആധികാരികമായ മികച്ച ഒരു ലേഖനം
  ദാ ഇവിടെ

 5. ചാണക്യന്‍

  ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് ആദ്യമായാണു വായിക്കുന്നത്, കൊള്ളാം നല്ല പോസ്റ്റ്….

 6. Sapna George

  എത്ര ശരി’ ‘കസ്റ്റമര്‍ ഈസ് ദ കിംഗ്” അവര്‍ മാത്രമല്ല… ഇന്നത്തെക്കാലത്ത് നമ്മുടെ അച്ചുമാമ പോലും ‘കിംങ്ങ്’ പിന്നല്ലെ ഡബ്ബാ വാല… ഇവിടെ കൂട്ടിമുട്ടിയതില്‍ സന്തോഷം, ഞാന്‍ കുഞ്ഞിന്റെ ഓര്‍ക്കുട്ട് പേജില്‍ നിന്നാണ്‍് ഇവിടെ എത്തിയത്.

 7. Bindhu

  ഡബ്ബാവാലകള്‍ തികച്ചും സ്തുത്യര്‍ഹമായ സേവനമാണ് ചെയ്യുന്നത്. പക്ഷെ എന്റെ വ്യക്തിപരമായ അനുഭവം കുറച്ച് മടുപ്പിക്കുന്നവയാണ്. എന്റെ ഭര്‍ത്താവിന് ഞാന്‍ ഇവര്‍ വഴി ഡബ്ബ കൊടുത്തുവിട്ടു, മൂന്നുമാസം. പുതിയ 2 ഡബ്ബകള്‍ തിരിച്ചുവരാതാവുകയും, പലപ്രാവശ്യം സമയത്തിന് ഭക്ഷണം ഓഫീസില്‍ എത്താതാവുകയും ചെയ്തതോടെ ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു, ഇനി വേണേല്‍ തന്നെ ഭക്ഷണം ചുമന്നോളാന്‍. 60 ലക്ഷത്തില്‍ ഒന്നുമാത്രം വരുന്ന തെറ്റ് എനിക്ക് തന്നെ വരാന്‍ എത്ര ഭാഗ്യം വേണം ല്ലേ :-). ഡബ്ബാവാലയോട് ഓഫീസില്‍ കാന്റീന്‍ തുടങ്ങിയത് കാരണം നിര്‍ത്തുന്നു എന്നാണ് പറഞ്ഞത്. കാരണം അയാളുടെ കഷ്ടപ്പാട് പ്രതിഫലിക്കുന്ന മുഖത്ത് നോക്കി സേവനം മോശമാണെന്ന് പറയാന്‍ തോന്നിയില്ല. പിന്നെ ഞാന്‍ പുറത്തൂന്ന് ഭക്ഷണം വരുത്തിയിരുന്ന സമയത്ത് എന്റെ ഡബ്ബ 11-)ം നിലയ്ക്ക് പകരം വേറെ നിലകളില്‍ വച്ചിട്ട് പോയിട്ടുണ്ട് പലപ്രാവശ്യം. വെന്‍ഡിങ് മെഷീനിലെ സാന്ഡ്‌വിച്ച് കഴിച്ച് ഇരിക്കേണ്ടി വന്നു അന്നൊക്കെ. എങ്കിലും ഇവരെ എനിക്ക് ബഹുമാനമാണ്.
  കമന്റിന്‍ ദൈര്‍ഘ്യമേറി. സോറി. 🙂

Leave a Reply

Your email address will not be published. Required fields are marked *