ഹേയ് ടാക്സി….ഏയ് ഓട്ടോ…

Posted by & filed under മുംബൈ ജാലകം.

 ഹേയ് ടാക്സി…….ഏയ്… ഓട്ടോ……

 

 

http://pictures.nicolas.delerue.org/india/200603_mumbai/Mumbai_8672.htmlhttp://www.mumbai77.com/City_Info_Guide/Auto_Fares_Mumbai.html

 

      ‘‘ടാക്സി/ഓട്ടോ വിളിയ്ക്കുമ്പോള്‍ ഡ്രൈവറെ ഒന്നു ശ്രദ്ധിച്ചിട്ടാവണേ…‘

 

        പലപ്പോഴും പുറത്തിറങ്ങാന്‍നേരം കിട്ടുന്ന ഉപദേശം. കാരണമുണ്ടു. ഇവിടെ ഇവരുടെ പറ്റിക്കപ്പെടലിനു ഇരയാവാത്തവര്‍ കുറവു. ഒരുപക്ഷേ എല്ലാസ്ഥലങ്ങളിലും ഇതു സംഭവിയ്ക്കുന്നുണ്ടാവാം. പക്ഷേ ചിലപ്പോള്‍ ഇവിടെ ഇതൊരല്പം കൂടുതലാണെന്നു തോന്നിപ്പോകാറുണ്ടു, ചില അനുഭവങ്ങള്‍ നോക്കുമ്പോള്‍.

 

       പലപ്പോഴും മീറ്റര്‍ റീഡിംഗ് ടാമ്പെറീംഗ് ചെയ്യുന്നതു മനസ്സിലാകാറുണ്ടു. വിട്ടുകൊടുക്കാറില്ല. 10 രൂപ കൂടുതല്‍ കൊടുക്കുന്നതിലല്ല, പറ്റിക്കപ്പെടുന്നതിലെ പ്രതിഷേധം കാണിക്കാനായിട്ടു  ആര്‍.ടി.ഓ. ഓഫീസിലെ ഇല്ലാത്ത ഭായിയുടെ പേരു പറഞ്ഞും വണ്ടിയുടെ നമ്പര്‍ നോട്ടുചെയ്തുമൊക്കെ വിരട്ടാറുണ്ടു. ചില്ലറ ഇല്ലെന്നു പറഞ്ഞു ബാക്കി തരാതെ ടാക്സിയുമായി പോകാനൊരുങ്ങിയ ഡ്രൈവറെ തടുത്തു നിര്‍ത്തി ബാക്കി വാങ്ങിച്ചിട്ടുണ്ടു. വിളിച്ചസ്ഥലത്തേയ്ക്കു വരാന്‍ പറ്റില്ലെന്നു പറഞ്ഞ ഡ്രൈവരെ പിഴയിടീക്കാന്‍ ട്രാഫിക് പോലീസിനെ സഹായിച്ചിട്ടുണ്ടു. പക്ഷെ അവരുടെയൊക്കെ കുറ്റങ്ങള്‍ വളരെ നിസ്സാരമെന്നു തോന്നുന്ന തരത്തിലുള്ള ചില അനുഭവങ്ങള്‍ ഇവിടെ പങ്കു വക്കാം.

 

 

        നാട്ടില്‍ പോയി വരുന്ന സമയം. വണ്ടിയിറങ്ങി കുറച്ചധികം ലഗ്ഗേജുള്ളതിനാല്‍ ടാക്സി വിളിച്ചു. അല്പം മര്യാദക്കാരനെന്നു തോന്നിച്ച സര്‍ദാര്‍ജി ഡ്രൈവര്‍. താരതമ്യേന തിരക്കു കുറഞ്ഞ എളുപ്പ വഴി പറഞ്ഞുകൊടുത്തതനുസരിച്ചു തന്നെ വണ്ടിയോടിച്ചു. വളരെ മധുരമായി വര്‍ത്തമാനമെല്ലാം പറഞ്ഞു വീട്ടിലെത്തിയപ്പോള്‍ മീറ്റര്‍  ഇരട്ടി കാണിയ്ക്കുന്നു. ഞങ്ങള്‍ മീറ്റര്‍ പ്രത്യേകം  ശ്രദ്ധിയ്ച്ചിരുന്നതായിരുന്നു.. എപ്പോഴാണു മാറ്റിയതെന്നറിഞ്ഞില്ല. കുറെ വാക്കു തറ്ക്കങ്ങള്‍ക്കു ശേഷം പൈസ കൊടുത്തുവിട്ടു. പക്ഷെ ‍ആ മനോവിഷമം ഒട്ടേറെക്കാലം വേണ്ടിവന്നു, മാറിക്കിട്ടാന്‍. പക്ഷെ ഒരു പാഠമായി ഇന്നും മനസ്സിനുള്ളിലെവിടെയോ മൂടിക്കിടക്കുന്നു. അതില്‍പ്പിന്നീടു സ്റ്റേഷനില്‍ നിന്നോ എയര്‍ പോര്‍ട്ടില്‍ നിന്നോ ടാക്സി വിളിയ്ക്കുന്നതു നിര്‍ത്തി, മുന്‍ കൂട്ടിത്തന്നെ ഏര്‍പ്പാടുചെയ്തു വക്കാന്‍ തുടങ്ങി.. വിദേശത്തുനിന്നു വരുന്നവരെ ഹൈവേയില്‍ തടഞ്ഞുവെച്ചു ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്നതിനു കൂട്ടുനില്‍ക്കുന്ന ടാക്സിക്കാരെപ്പറ്റിയും കേട്ടിട്ടുണ്ടു.

 

 

       കഴിഞ്ഞയാഴ്ച്ച, ഒപ്പം ജോലി ചെയ്യുന്ന ഒരു സുഹൃത്തിനാണു ഒരു വല്ലാത്ത നൂലാമാല വന്നുപെട്ടതു. സന്ധ്യാ‍സമയം. താഴെ ഉറക്കെയുറക്കെ  സംസാരം കേട്ടാണു ജനലിലൂടെ നോക്കിയതു. ഇപ്പറഞ്ഞ സുഹൃത്തു എവിടെയോ ഓഫീസു ടൂര്‍ കഴിഞ്ഞു വരികയാണു.. ബ്രീഫ്കെയ്സും  ബാഗുമൊക്കെയുണ്ട്.

ഓട്ടോയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും വന്നതാണു. ഡ്രൈവറ് കൂടുതല്‍ ചാര്‍ജു ചോദിച്ചതാവും പ്രശ്നമെന്നു തോന്നി. രണ്ടുപേരും ബീഹാറികള്‍. ഒട്ടേറെ നേരം  ഉറക്കെയുറക്കെയുള്ള വാക്കുതര്‍ക്കങ്ങള്‍ കേട്ടുകൊണ്ടിരുന്നു. ഇതു കേട്ടു മറ്റുചില സുഹൃത്തുക്കളും താഴെയെത്തി. അവരാണു പിന്നീടു ഉണ്ടായ  കാര്യങ്ങള്‍ പറഞ്ഞതു.

 4 ബാഗിനു 40 രൂപ അധികം ചോദിച്ചപ്പോള്‍ കൊടുക്കാതെ ഇറങ്ങിയപ്പോള്‍ ഡ്രൈവര്‍ ഒരു ബാഗ് വിട്ടുകൊടുക്കാതെ കൈവശം വച്ചു. ഓട്ടോയുടെ എതിര്‍വശത്തുനിന്നും നമ്മുടെ ആജാനബാഹുവായ സുഹൃത്തു ബാഗു പിടിച്ചു വാങ്ങീയപ്പോള്‍ കൃശഗാത്രനായ ഡ്രൈവര്‍ കൈകുത്തി നിലത്തു. വീഴ്ച്ചയില്‍ വലതു കൈ ഒടിഞ്ഞു. പ്രശ്നം പോലീസ് സ്റ്റേഷനിലെത്തി. ഡ്രൈവറുടെ ആവലാതി. അവസാനം രണ്ടുപേരുടെയും സമ്മതപ്രകാരം  5000 രൂപ കൊടുത്തു പ്രശ്നം ഒത്തുതീര്‍പ്പിലെത്തിച്ചെന്നല്ലാതെ എന്തു പറയാന്‍!  അതു കഴിഞ്ഞും വല്ലതും തടയുമോഎന്നറിയാന്‍ ഡ്രൈവര്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്നു .മനസ്സമാധാനം നഷ്ടപ്പെട്ടെന്നു പറഞ്ഞാല്‍ മതിയല്ലോ?

 

 

        ഇതാ മറ്റൊന്നു,  ഇനിയൊരു സുഹൃത്തിനു പറ്റിയ പറ്റു. എയര്‍പോര്‍ട്ടില്‍ നിന്നു വീടു നില്‍ക്കുന്നസ്ഥലം  വരെ ടാക്സി വിളിയ്ക്കുമ്പോള്‍ പ്രശ്നമുണ്ടാകാതിരിയ്ക്കാനായി ആദ്യമേ തന്നെ തുക പറഞ്ഞുറപ്പിച്ചിരുന്നു ഈ കക്ഷി.. 100 രൂപ. വീട്ടിനടുത്തെത്തി, പൈസ കൊടുത്തു. ബാഗെല്ലാം ഇറക്കി ഗേറ്റിനടുത്തേക്കു നടക്കുമ്പോള്‍,

 

‘സാബ്, പൈസ ദേക്കേ ജായിയേ?:“

 

‘ദിയാ ഥാ ന?”

 

ഇല്ല തന്നിട്ടില്ലെന്നു സ്ഥാപിക്കാനായി പോക്കറ്റു കാണിച്ചു കൊടുത്തു.അതില്‍ 10 രൂപ മാത്രം. .

 

‘സാബ്…മേരെ പാസ് ഖാലി ദസ് രുപ്യ ഹി ഹൈ”

 

 

ആകെ കണ്‍ഫ്യുഷന്‍…കൊടുത്തതാണല്ലൊ? പിന്നെന്താണിങ്ങനെ? ഒടുവില്‍ രണ്ടാമതും കൊടുക്കേണ്ടി വന്നെന്നു പറഞ്ഞാല്‍ മതിയല്ലൊ?

 

        ഒരു സുഹൃത്തു നാട്ടില്‍നിന്നും കുറച്ചധികം അരി കൊണ്ടുവന്നു. മറ്റു ലഗ്ഗേജുകളോടൊപ്പം ടാക്സിയില്‍ വെച്ച അരിയുടെ ബാഗ് ഇറങ്ങുമ്പോള്‍ എടുക്കാന്‍ മറന്നു. രാത്രിയിലെപ്പോഴൊ ഡ്രൈവര്‍ ബാഗു തിരിച്ചെത്തിച്ചെങ്കിലും കണക്കുപറഞ്ഞു അതിനായി വന്നതിനുള്ള ചാര്‍ജ് ചോദിച്ചു വാങ്ങിച്ചപ്പോള്‍ അതു അരിയുടെ വിലയേക്കാള്‍ എത്രയോ അധികമായിരുന്നു.

 

 

      എന്റെ അടുത്ത ഒരു  സുഹൃത്തു ഒരു ദിവസം കുട്ടികളെ ഓട്ടോയില്‍ അവരുടെ വീട്ടില്‍ നിന്നും എന്റെ വീട്ടിലേയ്ക്കു കയറ്റി വിട്ട ശേഷം എന്നെ വിളിച്ചു പറഞ്ഞു. അവരെ കാത്തു ഞാന്‍ ഗേറ്റിനരികിലുണ്ടായിരുന്നു, സധാരണ 18 രൂപയുടെ ദൂരം. 28 രൂപ പറഞ്ഞ അയാളോടു ഞാന്‍ തട്ടിക്കയറി. .ദിവസവും പോകുന്ന വഴിയാണെന്നും 18രൂപയാണു ശരിയായ ചാര്‍ജ്ജെന്നും പറഞ്ഞതു കേള്‍ക്കാതെ വന്നപ്പോള്‍ ഓട്ടോ നമ്പറെഴുതിയെടുത്തു……അയാള്‍ പെട്ടെന്നു തന്നെ .സ്ഥലം വിട്ടു. എന്റെ ഒരു കസിന്റെ മകന്‍ ആദ്യമായി  മുംബയില്‍ വന്നു, ബാംഗളൂര്‍ നിന്നു.ബസ്സുവഴി വന്നു സയണില്‍ ഇറങ്ങി റെയില്‍ വേ സ്റ്റേഷനിലേയ്ക്കു ടാക്സി വിളിച്ചു. കുറച്ചുനേരം കഴിഞ്ഞു 35 രൂപയും കൊടുത്തു ടാക്സിയില്‍ നിന്നുമിറങ്ങി സ്റ്റേഷനിലേയ്ക്കു കയറുമ്പോള്‍ ഒന്നു തിരിഞ്ഞുനോക്കിയപ്പോഴാണു മനസ്സിലായതു ടാക്സിയില്‍ കയറിയ സ്ഥലം അവിടെനിന്നാല്‍ കാണാനാവുന്ന ദൂരത്താണെന്നു.

 

 

 

       എന്നിട്ടും…….ഇവരെക്കുറിച്ചു ഞാന്‍ വളരെ നല്ല അഭിപ്രായങ്ങളേ മനസ്സില്‍ സൂക്ഷിയ്ക്കാറുള്ളൂ..വണ്ടിയില്‍നിന്നുമിറങ്ങുന്ന സമയത്തു താങ്ക്യൂ പറയാറുണ്ടു.…. വേഗം എത്തേണ്ട സ്ഥലത്തു കൃത്യമായി എത്തിച്ചു തരുമ്പോഴും എളുപ്പവും തിരക്കു കുറഞ്ഞതുമായ വഴിയിലൂടെ എത്തിയ്ക്കുമ്പോഴും നന്ദി പറയാറുണ്ടു..

 

 

    ഇതാ ചില നല്ല വശങ്ങളും…..സ്വന്തം അനുഭവം തന്നെയാകട്ടേ! ലോവറ് പരേലില്‍ ക്ലിയറിംഗ് ഹൌസില്‍നിന്നും വരുന്ന സമയം. പുറത്തു കടന്നാണറിഞ്ഞതു മഴയുടെ ശക്തി. ട്രാക്കെല്ലാം വെള്ളം നിറഞ്ഞു ട്രെയിന്‍ സര്‍വീസു  നിര്‍ത്തിവച്ചു. ബസ്സുകള്‍ നിര്‍ത്തുന്നതേയില്ല, തിരക്കു അത്രമാത്രം..എന്നിട്ടും ആള്‍ക്കാര്‍ പിന്നാലെ.. ടാക്സിക്കാര്‍ അവര്‍ക്കു പോകേണ്ട സ്ഥലത്തേയ്ക്കുമാത്രം ആളെ കേറ്റുന്നു. ആകെ പരിഭ്രമമായി. ഒട്ടേറെ നേരത്തിനു ശേഷമാണു എനിയ്ക്കു പോകേണ്ട ഭാഗത്തേയ്ക്കു ഒരു ടാക്സി കിട്ടിയതു. പകുതി വരേയേ പോകൂ. അവിടെയെത്തി പിന്നീടാലോചിക്കാം എങ്ങനെ പോകലെന്നു കരുതി കയറി. പല റോഡുകളും വെള്ളം കാരണം ബ്ലോക് ആണു. 40 മിനിറ്റിന്റെ ദൂരം പിന്നിടാന്‍ 4 മണിക്കൂറിലേറെയെടുത്തു. നല്ലവനായ ഡ്രൈവര്‍ എന്റെ അവസ്ഥ മനസ്സിലാക്കി എന്നെ വീടു വരെ കൊണ്ടുവിട്ടു. പക്ഷേ അനസ്യൂതം പെയ്യുന്ന കനത്തമഴ ഹൈവേയിലെ പല സ്ഥലങ്ങളേയും വെള്ളത്തിലാഴ്ത്തിയതിനാല്‍ അയാള്‍ തിരിച്ചുപോകാനാകാതെ കുഴങ്ങിക്കാണും.

     ഒരു ഓട്ടോക്കാരനുണ്ടു, ആസ്പത്രിയില്‍ പോകുന്നവരോടു അയാള്‍ കാശു മേടിയ്ക്കില്ല. കുറേ വയസ്സായ, ഒറ്റക്കുയാത്രചെയ്യുന്നവര്‍,  കണ്ണു കാണാത്തവര്‍, അംഗഭംഗംവന്നവര്‍ എന്നിവര്‍ക്കു ഫ്രീ യാത്ര . ഓട്ടോയില്‍ മറന്നു വെച്ചുപോയ സാധനം തിരികെ കൊണ്ടുവന്നു കൊടുക്കുന്ന ഡ്രൈവര്‍മാരുണ്ടു. .ലക്ഷ്ക്കണക്കിനുരൂപയുടെ സാധനം പോയെന്നു തന്നെ തീരുമാനിച്ചിരിയ്ക്കുമ്പോള്‍ തിരികെ കൊടുത്തു സ്തുത്യര്‍ഹമായ സേവനം ചെയ്തവരുണ്ടു. വളരെ വിലയേറിയ ഉപദേശം തരുന്നവര്‍, തത്ത്വജ്ഞാനികള്‍, ലോകഗതിയെക്കുറിച്ചുള്ള വീക്ഷണം പങ്കുവെക്കുന്നവര്‍, രാഷ്ട്രീയചിന്തകര്‍, ഒക്കെ ഉണ്ടു ഇവര്‍ക്കിടയില്‍. എന്തിനേറെ പറയുന്നു,  45 മിനിറ്റിന്റെ യാത്രക്കിടയില്‍ എനിയ്ക്കു രാമായണത്തിലെ ഒരുപാടു  ഉപകഥകള്‍ കേള്‍പ്പിച്ച  ഒരു ഡ്രൈവര്‍,എനിക്കിറങ്ങേണ്ട സ്ഥലമെത്തിയിട്ടും  ഓട്ടോ നിര്‍ത്തിയിട്ടു കഥ മുഴുവന്‍ പറഞ്ഞുതന്ന ഒരു അനുഭവം കൂടി എനിയ്ക്കുണ്ടായിട്ടുണ്ടു.! ഇതു മുംബയിലല്ലാതെ വേറെവിടെക്കാണാന്‍! നല്ലൊരു ഡ്രൈവറാണെങ്കില്‍ യാത്രയുടെ ദൈര്‍ഘ്യം അറിയുകയേയില്ല. മറിച്ചാണെങ്കിലോ പറയേണ്ടതില്ലല്ലോ. മീറ്റര്‍ നോക്കിത്തന്നെയിരിക്കേണ്ടി വരും.

 

 

     ഒരു കസിന്റെ മകള്‍ പറഞ്ഞ കഥ രസകരമാണു. കോളേജിലെ ഫെയര്‍വെല്‍ പാര്‍ട്ടി കഴിഞ്ഞു തിരിച്ചുവരുന്ന സമയം. രാത്രിയാണു. ഇടയ്ക്കു വെച്ചു അവര്‍ സഞ്ചരിച്ചിരുന്ന സുഹൃത്തിന്റെ വണ്ടി കേടു വന്നു, ടാക്സി വിളിയ്ക്കേണ്ടിവന്നു. ടാക്സി കുറെദൂരം പോയ ശേഷമാണു മനസ്സിലായതു , കയ്യില്‍ കാശു കുറവാകുമെന്നു. എല്ലാവരുടെയും കൂടി കയ്യിലുള്ളതു എടുത്തു പകുതി വഴിയില്‍ വെച്ചു ടാക്സി നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വിവരം മനസ്സിലായ ഡ്രൈവര്‍ സന്തോഷപുരസ്സരം അവരെ കയ്യിലുള്ളതു വാങ്ങി വീട്ടിലെത്തിച്ചുകൊടുത്തു.

     

 

       ചുരുക്കിപ്പറഞ്ഞാല്‍ മഹാനഗരത്തിന്റെ തുടിപ്പുകളായി അനസ്യൂതമൊഴുകിക്കൊണ്ടിരിയ്ക്കുന്ന ഇവിടത്തെ ടാക്സികളും ഓട്ടോകളും അതിന്റെ ഒരു അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. കുറ്റങ്ങളും കുറവുകളുമുണ്ടായേക്കാം, പക്ഷേ ഇവരൊന്നു പണിമുടക്കിയാല്‍ കാണാം, നഗരവും ഉറങ്ങുന്നതു .ഉറങ്ങാത്ത നഗരമെന്നു പറയപ്പെടുന്ന മുംബൈയുടെ ഉണര്‍ന്നിരിയ്ക്കലിന്റെ യഥാര്‍ത്ഥ കാരണങ്ങളിലൊന്നു ഇവരായിരിയ്ക്കാം .ഹേയ്…ടാക്സി…..ഏയ്….ഓട്ടോ………….

 

6 Responses to “ഹേയ് ടാക്സി….ഏയ് ഓട്ടോ…”

 1. akberbooks

  കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
  കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
  http://www.akberbooks.blogspot.com
  or
  kunjukathakal-akberbooks.blogspot.com

 2. SOORAJ ROSHAN

  hey jyothi oppol hr keralamthil undu keeto ithu polea thattipukar pakshey namllavarum undu keetow Kozhikode town auto pple…..

 3. Abid

  ഇവന്മാരുമായി തര്‍ക്കിക്കാന്‍ വയ്യാത്തതുകൊണ്ട്‌ ഞാന്‍ നടക്കാവുന്ന ദൂരം നടന്നു തന്നേ പോകൂ.എന്നാലും പറഞ്ഞതുപോലെ അവരില്‍ ചില നല്ല മനസ്സുകള്‍ മനസ്സില്‍ തെളിഞ്ഞു തന്നെ നില്‍ക്കുന്നു.

 4. മരിയ

  ഞാന്‍ ബ്ലോഗുകള്‍ വായിച്ച് തുടങ്ങിയിട്ടെ ഉള്ളു. ഇതു പോലെ രസ മുള്ള സൈറ്റികള്‍ പറഞ്ഞു തരുമോ? സങ്കടങ്ങള്‍ ,വേണ്ട്. ചിരിക്കാന്‍ വകയുള്ള സൈ്റ്റുകള്‍ മതി. ഓട്ടൊയില്‍ ഒരുപാട് യാ‍ത്ര ചെയ്തിട്ടുണ്ട്. ചെറിയ ശതമാനമെ മോശമായി പെരുമാറുന്നുള്ളു. വായിക്കാന്‍ ന്‍ല്ല രസമുണ്ടായിരുന്നു കേട്ടൊ. മരിയ

 5. Balu

  വായിച്ചു, ജ്യോതി. നന്നായി എഴുതി.

 6. Balu

  നേരത്തെ എഴുതാൻ വിട്ടുപോയത്. ഈ ബ്ലോഗിലെ ഫോണ്ട് ഒന്ന് പരിഷ്കരിച്ചുകൂടേ ? I mean at least change the size. വായിയ്ക്കാൻ കൂടുതൽ സുഖം കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *