സലാം മുംബൈ…

Posted by & filed under മുംബൈ ജാലകം.

 

സലാം  ഇന്ത്യാ………….

 

 http://www.shaarique.com/happy-independence-day/

        ഒരു സ്വാതന്ത്ര്യദിനവും കൂടി……..അറുപത്തൊന്നാം സ്വാതന്ത്ര്യദിനം. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞവര്‍ഷമായിരുന്നല്ലോ? നേട്ടങ്ങളുടെ കണക്കു നിരത്തിവച്ചു പറയാനേറെക്കാണും, നേതാക്കള്‍ക്കു. നേട്ടം ഉണ്ടായിട്ടില്ലെന്നുമില്ല. ആഗോളവല്‍ക്കരണത്തിന്റെ ദൃശ്യങ്ങളേ എവിടെയും കാണാനുള്ളൂ. മുംബൈയുടെ മുഖമുദ്ര മാറ്റിക്കൊണ്ടിരിയ്ക്കുന്ന പടുകൂറ്റന്‍ ഫ്ലൈ ഓവറുകള്‍, വര്‍ദ്ധിച്ചുകൊണ്ടേയിരിയ്ക്കുന്ന അനസ്യൂതമായ വാഹനങ്ങളുടെ ഒഴുക്കു, ദൈനംദിനം പുതിയതായി വന്നുകൊണ്ടിരിയ്ക്കുന്ന് പടുകൂറ്റന്‍ കെട്ടിടങ്ങള്‍, മാളുകള്‍, മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികള്‍, ശിഥിലമായിക്കൊണ്ടേയിരിയ്ക്കുന്ന കുടുംബബന്ധങ്ങള്‍….മാറ്റങ്ങളുടെ ഈ ലോകത്തു ഒട്ടേറെക്കാണും പറയാന്‍. മുംബൈ വളരുന്നു… ഇന്ത്യ വളരുന്നു.

 

 

 

        മാറ്റം വരുത്തേണ്ട ഒരു പാടു മേഖലകള്‍ ഇനിയും കിടക്കുന്നു…ഈ ചിത്രമൊന്നു നോക്കൂ.! ആ മുഖമൊന്നു നോക്കൂ…!എന്തു ഭാവമാണു ആ മുഖത്തു? ഇവളെ ഞാന്‍ ബേബി ഇന്ത്യ എന്നു വിളിച്ചോട്ടേ? എന്താണവള്‍ ചെയ്യുന്നതു? ആരെയാണു സല്യൂട് ചെയ്യുന്നതു? കയ്യിലുള്ള ത്രിവര്‍ണ്ണ പതാകയുടെ മഹത്വം അവള്‍ക്കറിയാമോ? സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം അവള്‍ക്കറിയാമോ? കയ്യില്‍ പിടിച്ചിരിയ്ക്കുന്ന നാണയത്തുട്ടിന്റെ മാത്രമേ വില അവള്‍ക്കറിയാവൂ? കാറിലിരിയ്ക്കുന്നവര്‍ ആരായാലും, ഒരുപക്ഷേ അവളുടെ പ്രായത്തില്‍തന്നെയുള്ള സ്കൂളിലേക്കു പതാകാവന്ദനത്തിന്നായി പോകുന്ന കുട്ടികളുമുണ്ടായേക്കാം, അവളുടെ കയ്യില്‍നിന്നും പതാക വാങ്ങിയതിന്റെ സന്തോഷമാണോ ആ മുഖത്തു? അവള്‍ക്കായി, പൈസയോടൊപ്പം സമുദായത്തിലെ മേലേക്കിടക്കാര്‍  തമ്മില്‍തമ്മിലെന്നപോലെ, ഒര്‍ ജയ്ഹിന്ദ് അവരും പറഞ്ഞു കാണുമോ? അതാണോ അവള്‍ തിരികെക്കൊടുക്കുന്നതും? അതോ, ഏതൊരു സാധാരണ ദിവസവും പോലെത്തന്നെ, കാറുകള്‍ക്കു പിന്നാലെ നീട്ടിയ കൈകളില്‍ വീണ നാണയത്തുട്ടുകളാണോ അവളെ സന്തുഷ്ടയാക്കിയതു? ആ നന്ദിയാണോ സല്യൂട്ടിനെ രൂപത്തില്‍ തിരികെക്കൊടുക്കുന്നതു? അറിയില്ല, ഒന്നു മാത്രമറിയാം…ആ ചിരിയ്ക്കുന്ന , ജീവസ്സുള്ള കണ്ണുകള്‍ക്കുപിറകില്‍ ഒരൊത്തിരി കൊച്ചുസ്വപ്നങ്ങള്‍ ഒളിച്ചിരിയ്ക്കുന്നുണ്ടായിരിക്കാം.. ഒരൊത്തിരി വേദനകളും കടിച്ചമര്‍ത്തുന്നുണ്ടാകാം, ഈ ബേബി ഇന്ത്യ.

   

 

 

    മുംബയിലെ ഒരുവിധം എല്ലാ സിഗ്നലുകളിലും കാണുന്ന ഒരു കാഴ്ച മാത്രം ഇതു. സ്വാതന്ത്ര്യദിനത്തിന്റെ വെളിച്ചത്തില്‍ ഒന്നു നോക്കിയതുകൊണ്ടു ശ്രദ്ധയാകര്‍ഷിക്കപ്പെട്ടെന്നു മാത്രം! ഈ രണ്ടു ദിവസ്ണ്ങ്ങളില്‍ അവരുടെ കയ്യില്‍ കൊച്ചു ഫ്ലാഗുകള്‍ കാണാം. മറ്റു ദിവസങ്ങളില്‍ വേറെയെതെങ്കിലുമാകാം. ചിലപ്പോള്‍ കളിക്കോപ്പുകള്‍, പൂക്കള്‍, ന്യൂസ് പേപ്പര്‍,പലതരം പഴവര്‍ഗ്ഗങ്ങള്‍,കാര്‍ തുടയ്ക്കാനുള്ള ടവലുകള്‍ സണ്‍സ്ക്രീന്‍സ്,തുടങ്ങിയവ.. സിഗ്നലുകളില്‍ വാഹനങ്ങള്‍ നില്‍ക്കുമ്പോള്‍ വ്യാപാരം തുടങ്ങുന്നു. നിരന്തരമായ, ശബ്ദായമാനമായ വാഹനങ്ങളുടെ ഒഴുക്കിനിടയിലൂടെ വിദഗ്ദ്ധമായി തെന്നിമാറി കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനുള്ള ഈ തത്രപ്പാടു വളരെ അപകടമേറിയതാണെന്നു ചിന്തിക്കാനേ അവര്‍ക്കു നേരമില്ല. ചിലപ്പോള്‍ അതിനു ബലിയാടാകാറുമുണ്ടു. സങ്കടം തോന്നാറുണ്ടു ഇത്തരം കുട്ടികളെക്കാണുമ്പോള്‍. യാതൊരുചിന്തയുമില്ലാതെ കളിച്ചുചിരിച്ചു സ്കൂള്‍ ജീവിതവുമാസ്വദിച്ചു കഴിയേണ്ടകാലം. ഇങ്ങനെ ട്രാഫിക് സിഗ്നലുകളെ ചുറ്റിപ്പറ്റി കഴിയുഞ്ഞുകൂടുന്ന ഒട്ടേറെ ആളുകളുണ്ടു ഇവിടെ. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ‘ട്രാഫിക് സിഗ്നല്‍” എന്ന സിനിമ ഇവരുടെ ജീവിതങ്ങളെപ്പറ്റിയും അതിന്റെ സങ്കീര്‍ണ്ണതയെപ്പറ്റിയും വളരെ നന്നായി ചിത്രീകരിച്ചിരിയ്ക്കുന്നു. മുംബൈയുടെ ഇരുണ്ടവശങ്ങളുടെ  കാതലായ ആസൂത്രണകേന്ദ്രങ്ങളാണീ സിഗ്നലുകള്‍. കൊള്ള, കൊല, പിടിച്ചുപറി, മയക്കുമരുന്നു, വേശ്യാവൃത്തി, മോഷണം, യാചനാമാഫിയ ഒക്കെ സിഗ്നലുകളെ മുതലെടുക്കുന്നു.ഇവിടെ കിരീടം വെയ്ക്കാത്ത രാജാക്കന്മാരും പ്രതിഷേധം കാണിയ്ക്കാനറിയാത്ത പ്രജകളുമാണുള്ളതു.. അവരുടെയൊക്കെ സ്വാതന്ത്ര്യചിന്തകള്‍ എന്തായിരിയ്ക്കും?

 

           ഈ ബേബി ഇന്ത്യയെക്കുറിച്ചു തന്നെ ആലോചിയ്ക്കൂ…എന്തായിരിയ്ക്കും അവളുടെ ഭാവി? ഈ ചിരി ഒരു ദൈന്യതയുടെ ആമുഖം മാത്രമാവാന്‍ അധികം സമയം വേണ്ട. ആരുണ്ടു ഇവരെ സ്വാന്തനിപ്പിക്കാന്‍? ഈ ചൂഷണങ്ങളില്‍ നിന്നു ഇവര്‍ക്കൊരു മോചനമുണ്ടോ? പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ള പലപദ്ധതികളും പല സോഷ്യല്‍ സര്‍വീസു സംഘടനകളും സര്‍ക്കാരും നിലവില്‍ കൊണ്ടുവന്നിട്ടുണ്ടു. ഒരുപക്ഷേ ആഗോളതലത്തില്‍ തന്നെ വളരെയേറെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുന്ന ഒര്‍ വിഷയമാവാമിതു, പെണ്‍കുട്ടികള്‍ക്കു അംഗീകാരം, ആരോഗ്യം, സുരക്ഷ, വിദ്യാഭ്യാസം, എന്നിവക്കായി.. ഇതൊക്കെ സാധരണക്കാരനിലേക്കെത്തിക്കാനും ഇത്തരം ദൈന്യമായ ചിത്രങ്ങള്‍ ഇനിയും കാണാതിരിക്കാനും ഇന്ത്യക്കു ഇനിയും എത്രയെത്ര സ്വാതന്ത്ര്യദിനങ്ങള്‍ കൂടി പിന്നിടണം? അതോ, അതും അസ്ഥാനത്തായ അതിമോഹമായ്ത്തന്നെ മാറുമോ? എണ്ണിയാലൊടുങ്ങാത്തത്ര സംഘടനകള്‍ കാണാം, സ്ത്രീകളുടേയും കുട്ടികളുടെയും അഭ്യുദയത്തിനായി..ഒന്നും ചെയ്യാനാവില്ലേ, അവര്‍ക്കു?.

    

 

 

       ചില വെള്ളിരേഖകള്‍ ശരിയ്ക്കും സ്വാഗതാര്‍ഹം തന്നെ. ടൈംസ് ഓഫ് ഇന്ത്യയുടെ “ടീച് ഇന്ത്യാ” സ്തുത്യര്‍ഹമായ സേവനമാണു ചെയ്യുന്നതു. ഇവരുടെ കാതലായ ഉദ്ദേശം താഴേക്കിടയില്‍പ്പെട്ട, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികള്‍ക്കു ശിക്ഷണം നല്‍കലെന്നതാണു.ഒരല്പം സമയം സമൂഹത്തിനുവേണ്ടി ആര്‍ക്കും ചിലവഴിയ്ക്കാനാവുന്ന ഈ സംരഭത്തിനു കിട്ടിയ പ്രതികരണം വിശ്വസിക്കാനാവാത്തവിധം വലുതായിരുന്നു, അഭ്യസ്തവിദ്യരായവര്‍ അല്ലാത്തവര്‍ക്കായി ചെയ്യുന്ന ഉദാത്തമായ സേവനം. വിദ്യവേണമെന്നുള്ളവരെയും കൊടുക്കാന്‍ തയ്യാറുള്ളവരേയും കൂട്ടിയിണക്കുന്ന ടൈംസിന്റെ ഈ പദ്ധതി ഇന്ത്യ വളരുന്നുവെന്നതിനെ പ്രധാനലക്ഷണമായി കണക്കാക്കാം.

 

 

 

 

 

      ‘കൊണ്ടുപോകില്ല ചോരന്മാര്‍

      കൊടുക്കുംതോറുമേറിടും

      മേന്മ നല്‍കും മരിച്ചാലും

      വിദ്യ തന്നെ മഹാധനം’

 

   

 

എല്ലാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ ! ജയ്ഹിന്ദ്!  

  

2 Responses to “സലാം മുംബൈ…”

  1. Ramesh Menon

    Excellent thoughts. Keep writing.

  2. Aneesh

    This is y they say “Pictures speak a million words…”.
    Who took the picture?
    Needless to say nice article.

Leave a Reply

Your email address will not be published. Required fields are marked *